ദൈവനിഷേധികള്‍ക്ക് എന്തിനാണ് ശാശ്വതമായ നരകശിക്ഷ?


മരണം കണ്‍മുമ്പില്‍ കാണുമ്പോള്‍, ഞങ്ങളെ ഒരല്പം കൂടി ജീവിക്കാനനുവദിക്കണം, ഞങ്ങള്‍ നന്നായിക്കൊള്ളാം എന്ന് നിഷേധികള്‍ കേണപേക്ഷിക്കുമെന്നും, അന്നേരം അല്ലാഹു അവരുടെ ആവശ്യം പരിഗണിക്കുകയേ ഇല്ലെന്നും ഖുര്‍ആന്‍ പറഞ്ഞിരിക്കുന്നു.

ഹലോകത്ത് മനുഷ്യനെ സംബന്ധിച്ച പ്രധാന പരീക്ഷണം തന്നെ, ദൃഷ്ടിഗോചരമല്ലാത്ത യാഥാര്‍ഥ്യങ്ങളില്‍ അവന്‍ വിശ്വസിക്കുന്നുണ്ടോ എന്നതും വിശ്വസിച്ചതിനു ശേഷം, നിയമലംഘനത്തിന് സ്വാതന്ത്ര്യമുണ്ടായിട്ടും തെറ്റായ മാര്‍ഗത്തിലേക്ക് പോകാതിരിക്കാനുള്ള ധാര്‍മികശക്തി അവനുണ്ടോ എന്നതുമാണ്.

പല അവസരങ്ങളിലും വിശുദ്ധഖുര്‍ആന്‍ ഈ യാഥാര്‍ഥ്യത്തിലേക്ക് സൂചന നല്‍കിയിട്ടുണ്ട്. മര്‍ക്കടമുഷ്ടിക്കാരായ സത്യനിഷേധികള്‍, എന്നാണ് നിങ്ങളീ പറഞ്ഞ് പേടിപ്പെടുത്തുന്ന അന്ത്യനാള്‍ സംഭവിക്കുകയെന്ന കൃത്യമായ തീയതി ചോദിച്ചപ്പോള്‍ അല്ലാഹു അവര്‍ക്കത് അറിയിച്ച് കൊടുത്തില്ല.

അതുപോലെ മരണം കണ്‍മുമ്പില്‍ കാണുമ്പോള്‍, എല്ലാ മറയും നീങ്ങിപ്പോവുമ്പോള്‍ ഞങ്ങളെ ഒരല്പം കൂടി ജീവിക്കാനനുവദിക്കണം, ഞങ്ങള്‍ നന്നായിക്കൊള്ളാം എന്ന് കാഫിറുകള്‍ കെഞ്ചി പറയുമെന്നും കേണപേക്ഷിക്കുമെന്നും, അന്നേരം അല്ലാഹു അവരുടെ ആവശ്യം പരിഗണിക്കുകയേ ഇല്ലെന്നും ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. അതിന്റെയൊക്കെ പിന്നിലെ യുക്തിയും മേല്‍പറഞ്ഞത് തന്നെയാണ്.

ഉദാഹരണത്തിന് സൂറഃ അല്‍മുഅ്മിനൂന്‍ (99, 100) ല്‍ കാണാം: (ഈ ജനം അവരുടെ ചെയ്തികളില്‍നിന്ന് വിരമിക്കുന്നതല്ല.) അവരിലൊരുവന് മരണം ആസന്നമാകുന്നതുവരെ. അപ്പോഴതാ അവന്‍ കേണുതുടങ്ങും: നാഥാ! ഞാന്‍ വിട്ടുപോന്ന ഇഹലോകത്തേക്കു തന്നെ നീ എന്നെ തിരിച്ചയക്കേണമേ! ഞാന്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്തുകൊള്ളാം; ഒരിക്കലുമില്ല. ഇതോ, അവര്‍ പറയുന്ന ഒരു വായ്ത്താരി മാത്രമാകുന്നു.

മരണമുഖത്ത് നിന്ന് വീണ്ടുമൊരു ഭൗതികജീവിതത്തിലേക്ക് അവരെ തിരിച്ചയക്കുകയില്ലെന്ന് സാരം. പുതുതായി കര്‍മമനുഷ്ഠിക്കേണ്ടതിനായി ഒരവസര വും ഇനിയവര്‍ക്ക് ലഭിക്കുക സാധ്യമല്ല. അതിനു കാരണമിതാണ്: ഈ ലോകത്ത് മനുഷ്യരെ രണ്ടാംവട്ട പരീക്ഷണത്തിനയക്കുകയാണെങ്കില്‍ അനിവാര്യമായും അത് രണ്ടിലൊരു രൂപത്തിലായിരിക്കും.

ഒന്നുകില്‍, അവന്റെ മനസ്സിലും ബോധമണ്ഡലത്തിലും മരണാനന്തരമുണ്ടായ എല്ലാ അനുഭവങ്ങളും സുരക്ഷിതമായി സൂക്ഷിക്കപ്പെട്ടുകൊണ്ട്. അല്ലെങ്കില്‍ അതെല്ലാം അവനില്‍ നിന്ന് മായ്ച്ചുകളഞ്ഞ് പ്രഥമ ജീവിതത്തില്‍ അവന്‍ എങ്ങനെയായിരുന്നുവോ അതുപോലെ ഒഴിഞ്ഞ മനസ്സോടും ബോധമണ്ഡലത്തോടും കൂടി.

ആദ്യം പറഞ്ഞ രൂപത്തില്‍ പരീക്ഷണോദ്ദേശ്യം അര്‍ഥശൂന്യമാണ്. എന്തുകൊണ്ടെന്നാല്‍, യാഥാര്‍ഥ്യം ഇന്ദ്രിയഗോചരമാക്കപ്പെടാതെ തന്നെ തന്റെ ശരിയായ ബുദ്ധിയിലൂടെ യാഥാര്‍ഥ്യത്തിലെത്തിച്ചേര്‍ന്നു, വിശ്വസിക്കുന്നുവോ നിഷേധിക്കുന്നുവോ എന്നും അനുസരിക്കാനും ധിക്കരിക്കാനുമുള്ള സ്വാതന്ത്ര്യം ഉള്ളതോടൊപ്പം അതില്‍ ഏതു മാര്‍ഗം തെരഞ്ഞെടുക്കുന്നു എന്നുമാണ് ഈ ലോകത്ത് മനുഷ്യന്‍ പരിശോധിക്കപ്പെടുന്നതും പരീക്ഷിക്കപ്പെടുന്നതും.

എന്നിരിക്കെ യാഥാര്‍ഥ്യത്തെ ഇന്ദ്രിയഗോചരമാക്കിക്കൊടുക്കുകയും ധിക്കാരത്തിന്റെ പരിണിതഫലം നേരിട്ടു കാണിച്ചുകൊടുക്കുകയും ചെയ്താല്‍ അതോടുകൂടി സത്യനിഷേധവും പാപവും തെരഞ്ഞെടുക്കാനുള്ള സാധ്യത അവന്റെ മുമ്പില്‍ നിഷേധിക്കപ്പെടുന്നു. അവന്‍ ഒരു സ്വിച്ച് ഓണ്‍ ചെയ്യപ്പെട്ട യന്ത്രത്തിനോ വെള്ളത്തിലിട്ട കല്ലിനോ തുല്യനാവുന്നു.

ഇനിയും അവനെ പരീക്ഷണവേദിയിലേക്ക് അയക്കുന്നത് തികച്ചും അനാവശ്യമാണ്. ഇതെല്ലാം അനുഭവിച്ചറിഞ്ഞ ആര്‍ക്കാണ് സത്യവിശ്വാസത്തില്‍ നിന്നും അനുസരണത്തില്‍ നിന്നും മുഖംതിരിക്കാന്‍ കഴിയുക? പക്ഷേ, അത്തരം ഒന്നിന് വിശ്വാസമെന്നും അനുസരണമെന്നും പറയില്ല.

യാഥാര്‍ഥ്യത്തെ ഇന്ദ്രിയഗോചരമാക്കി കൊടുക്കുകയും ധിക്കാരത്തിന്റെ പരിണിതഫലം നേരിട്ടു കാണിച്ചുകൊടുക്കുകയും ചെയ്താല്‍ അതോടുകൂടി സത്യനിഷേധവും പാപവും തെരഞ്ഞെടുക്കാനുള്ള സാധ്യത മനുഷ്യരുടെ മുമ്പില്‍ നിഷേധിക്കപ്പെടുന്നു.

രണ്ടാമതു പറഞ്ഞ രൂപത്തിലാണ് അവരെ ഈ ലോകത്തേക്ക് മടക്കുന്നതെങ്കില്‍ ഈ പരീക്ഷയും ആ പരീക്ഷയും തുല്യം തന്നെ. ഒരിക്കല്‍ ഒരു പരീക്ഷയില്‍ പരാജിതനായ ഒരാളെ അതേ നിലയില്‍ത്തന്നെ വീണ്ടും അതേ പരീക്ഷക്ക് വിധേയനാക്കുന്നത് നിഷ്ഫലമാകുന്നു.

എന്തുകൊണ്ടെന്നാല്‍, അവന്‍ വീണ്ടും പ്രവര്‍ത്തി ക്കുന്നത് ആദ്യം പ്രവര്‍ത്തിച്ചതെന്തോ അത് തന്നെയായിരിക്കും. ഈ രണ്ടാമത് പറഞ്ഞ അവസ്ഥയായിരിക്കും അവിശ്വാസികളായി മരിച്ചുപോയവരുടേതെന്ന് വിശുദ്ധഖുര്‍ആന്‍ പറയുന്നുണ്ട്. പരീക്ഷണാവസ്ഥയെ അപ്രസക്തമാക്കുന്ന ഒരു രീതിയും നടപടിക്രമവും യുക്തിസഹമല്ല, അതുകൊണ്ട് തന്നെ അത് അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല.

സൂറഃ അല്‍അന്‍ആം(27, 28)ല്‍ കാണാം:

وَلَوْ تَرَىٰٓ إِذْ وُقِفُوا۟ عَلَى ٱلنَّارِ فَقَالُوا۟ يَـٰلَيْتَنَا نُرَدُّ وَلَا نُكَذِّبَ بِـَٔايَـٰتِ رَبِّنَا وَنَكُونَ مِنَ ٱلْمُؤْمِنِينَ. بَلْ بَدَا لَهُم مَّا كَانُوا۟ يُخْفُونَ مِن قَبْلُ ۖ وَلَوْ رُدُّوا۟ لَعَادُوا۟ لِمَا نُهُوا۟ عَنْهُ وَإِنَّهُمْ لَكَـٰذِبُونَ.

''അവര്‍ നരകതീരത്തു നിര്‍ത്തപ്പെടുമ്പോഴുള്ള അവസ്ഥ താങ്കള്‍ക്ക് കാണാന്‍ സാധിച്ചെങ്കില്‍! ആ സന്ദര്‍ഭത്തില്‍ അവര്‍ വിലപിച്ചുകൊണ്ടിരിക്കും: 'ഹാ, കഷ്ടം! ഞങ്ങള്‍ ഇഹലോകത്തേക്കു തിരിച്ചയക്കപ്പടുന്നതിനും റബ്ബിന്റെ ദൃഷ്ടാന്തങ്ങളെ തള്ളിപ്പറയാതിരിക്കുന്നതിനും സത്യവിശ്വാസികളില്‍ ഉള്‍പ്പെടുന്നതിനും വല്ല നിവൃത്തിയുമുണ്ടായിരുന്നെങ്കില്‍! ഏതൊരു യാഥാര്‍ഥ്യത്തിനുന്മേല്‍ അവര്‍ തിരശ്ശീലയിട്ടിരുന്നുവോ ആ യാഥാര്‍ഥ്യം മറനീക്കി മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത് നിമിത്തം തന്നെയാകുന്നു അവര്‍ ഇവ്വിധം കേഴുന്നത്.

എന്നാല്‍, പൂര്‍വ ജീവിതത്തിലേക്ക് തിരിച്ചയക്കുകയാണെങ്കില്‍ വിലക്കപ്പെട്ട അതേ സംഗതികളിലേക്ക് തന്നെ അവര്‍ വീണ്ടും മടങ്ങുന്നതായിരിക്കും. അവരോ നുണയന്മാര്‍ മാത്രമാകുന്നു. (അതിനാല്‍, ഈ കേണപേക്ഷയിലും അവര്‍ നുണ തന്നെയാണ് പറയുന്നത്)''.

ബുദ്ധിപരമായ ശരിയായ തീരുമാനത്തിന്റെയോ യഥാര്‍ഥ ആശയ പരിവര്‍ത്തനത്തിന്റെയോ അടിസ്ഥാനത്തില്‍ രൂപം കൊണ്ടതായിരിക്കില്ല അവരുടെ ഈ വിലാപം. സത്യം അനുഭവവേദ്യമാകുന്നതിനാല്‍ പറഞ്ഞുപോകുന്ന ഒരു വാക്ക് മാത്രമായിരിക്കുമത്. ഇത്തരത്തിലുള്ള ഒരനുഭവമാകട്ടെ മുഴുത്ത സത്യനിഷേധിക്ക് പോലും നിരാകരിക്കാന്‍ ധൈര്യമുണ്ടാകില്ല.

പരിമിതമായ കാലത്ത് മാത്രം ദൈവധിക്കാരം നടത്തിയതിന് എന്തിനാണ് അവിശ്വാസികളെ അനന്തമായ കാലത്തേക്ക് നരകത്തിലിട്ട് ശിക്ഷിക്കുന്നത് എന്ന ചോദ്യത്തിന് ഇതില്‍ മറുപടിയുണ്ട് എന്ന് സാന്ദര്‍ഭികമായി ഉണര്‍ത്തുകയാണ്. അഥവാ, നരകശിക്ഷ കണ്‍മുമ്പില്‍ കണ്ടാലും. അത് നേരിട്ട് അനുഭവിച്ചാല്‍ പോ ലും വീണ്ടുമൊരു പുതുജീവിതത്തിനായി ഭൗതികലോകത്തേക്ക് അവരെ തിരിച്ചയച്ചു എന്ന് സങ്കല്പിക്കുക, എന്നാല്‍ പോലും ആ പുതിയ ജീവിതത്തിലും അവര്‍ തെരഞ്ഞെടുക്കുക അവിശ്വാസവും സത്യനിഷേധവും തന്നെയായിരിക്കും.

ദൈവധിക്കാരം എന്നത് അവരുടെ പ്രകൃതിയില്‍ ഊട്ടപ്പെട്ട ശാശ്വത ദുര്‍ഗുണമാണെന്നര്‍ത്ഥം. അതിനാല്‍ അവര്‍ ശാശ്വത നരകശിക്ഷയും അര്‍ഹിക്കുന്നു എന്നതില്‍ ഒട്ടും പന്തികേടില്ല; അത് തന്നെയാണ് യുക്തമായിട്ടുള്ളത്!

ലേഖനത്തിന്റെ ഒന്നാം ഭാഗം ഇവിടെ വായിക്കാം:


ഡോ. അബ്ദുന്നസ്വീര്‍ അല്‍മലൈബാരി ആറ് വര്‍ഷം കേരളത്തിലെ പള്ളി ദര്‍സിലും രണ്ട് വര്‍ഷം കാരന്തൂര്‍ മര്‍കസിലും പഠിച്ച ശേഷം ഈജിപ്തിലെ കെയ്‌റോ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് ഡിഗ്രിയും പിജിയും എം.ഫിലും പി.എച്.ഡി.യും കരസ്ഥമാക്കി. 2014 മുതല്‍ 2019 വരെ ഇന്തോനേഷ്യയിലെ ചിയാഞ്ചൂര്‍ ഇമാം ശാഫിഈ യൂണിവേഴ്‌സിറ്റിയില്‍ ലക്ചറര്‍. നിലവില്‍ ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ്യയില്‍ ഗസ്റ്റ് ലക്ചറര്‍. ആറ് രാജ്യങ്ങളില്‍ നിന്നായി അമ്പതോളം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു.