ഈമാന്‍ പരീക്ഷണമാകുന്നത് എപ്പോഴാണ്?


കണ്‍തുറക്കെ കണ്ടവര്‍ വിശ്വസിക്കുന്നത് അനിവാര്യമായല്ലോ. അതിന് അനുസരണം എന്ന് പറയുമോ! അനുസരണത്തിനാണ് സ്വര്‍ഗം; അനുസരണക്കേടിന് നരകവും. പരാജിതനല്ല, ജേതാവാണ് എന്നു വരണമെങ്കില്‍ പരീക്ഷണത്തിന് വിധേയനാക്കപ്പെട്ട് തരണം ചെയ്യുക തന്നെ വേണം.

കാണാനുള്ളതൊക്കെ കണ്ട ശേഷമുള്ളതല്ല വിശ്വാസം. എല്ലാം മറനീക്കി കണ്ടാല്‍ പിന്നെ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള തെരഞ്ഞെടുപ്പ് അപ്രസക്തമായി. കണ്‍തുറക്കെ കണ്ടവരൊക്കെ വിശ്വസിക്കുക എന്നത് അനിവാര്യമായല്ലോ. അപ്പോള്‍ പിന്നെ മനുഷ്യന്‍ യന്ത്രമനുഷ്യനായി തരംതാണു.

അവന്റെ പ്രവര്‍ത്തനം വെള്ളത്തിലിട്ട കല്ല് മുങ്ങുന്നത് പോലെയായി. ഇട്ട് കഴിഞ്ഞാല്‍ പിന്നെ എങ്ങനെ മുങ്ങാതിരിക്കും. ആരെങ്കിലും അതിന് അനുസരണം എന്ന് പറയുമോ! അനുസരണത്തിനാണ് സ്വര്‍ഗം, അനുസരണക്കേടിന് നരകവും. അപ്പോള്‍, അത് രണ്ടിനുമുള്ള തെരഞ്ഞെടുപ്പ് സാധ്യതയും സ്വാതന്ത്ര്യവും നിലനില്‍ക്കല്‍ അനിവാര്യമാണ്.

ഈ രണ്ടിനുമുള്ള കഴിവും തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യവും ഉണ്ടായിരിക്കെ തന്നെ ഖണ്ഡിതമായ തെളിവുകളിലുള്ള ശരിയായ പഠനത്തിലൂടെയും അന്വേഷണത്തിലൂടെയും (നഗ്‌നനേത്രങ്ങള്‍ കൊണ്ട് കണ്ടു കൊണ്ടല്ല) സത്യം കണ്ടെത്തി, അതില്‍ വിശ്വസിക്കാന്‍ തീരുമാനിക്കുകയും, അവിശ്വസിക്കാനുള്ള പ്രകോപനപരവും പ്രലോഭനപരവുമായ എല്ലാ പ്രേരണകളുമുണ്ടായിട്ടും അവയെ തള്ളിക്കളയുക എന്നതുമാണ് ഇബ്തിലാഅ്, അഥവാ പരീക്ഷണം. പരാജിതനല്ല, ജേതാവാണ് എന്ന് വരണമെങ്കില്‍ പരിശോധനക്ക് വിധേയനാക്കപ്പെട്ട് അതിനെ തരണം ചെയ്യുക തന്നെ വേണം.

അഥവാ, ഒരു ഭാഗത്ത്, സത്യാദര്‍ശത്തിന് വിവേകികള്‍ക്ക് ബോധ്യപ്പെടാനുതകുമാറുള്ള കൃത്യവും വ്യക്തവുമായ തെളിവുകളുണ്ടാവണം. അതില്‍ സംശയമില്ല. തെളിവില്ലാത്തതില്‍ വിശ്വസിക്കാന്‍ പാടില്ല, അത് അന്ധവിശ്വാസമാണ്. അന്ധവിശ്വാസം ശിര്‍ക്ക്, ബിദ്അത്ത് തുടങ്ങിയ അബദ്ധവിശ്വാസങ്ങളിലേക്ക് നയിക്കും. അബദ്ധവിശ്വാസം പരലോക പരാജയത്തിലെത്തിക്കും. ഒരു വിശ്വാസം അബദ്ധമല്ല എന്നതിന് ഗ്യാരണ്ടി വേണം. ആ ഗ്യാരണ്ടിയാണ് ശരിയായ തെളിവിന്റെ സാന്നിധ്യം.

എന്നാല്‍ മറുഭാഗത്ത്, സത്യാദര്‍ശത്തെ ചുറ്റിപ്പറ്റി നേരിയ പുകപടലങ്ങള്‍ വേണം. വിവേകികള്‍ക്കത് ചിലന്തിവലയെക്കാള്‍ ദുര്‍ബലമാണെന്നറിയാമെങ്കി ലും, ഭേദിക്കാനും ചാടിക്കടക്കാനും സാധിക്കാത്ത വന്‍മതിലുകളാണതെന്ന് വക്ര ബുദ്ധികള്‍ക്ക് തോന്നുന്ന വിധത്തിലുള്ളതാവണം.

എന്തുകൊണ്ടെന്നാല്‍, പ്രകോപന- പ്രലോഭനങ്ങളുടെ കൊടുങ്കാറ്റില്‍ കിടന്നുഴലുന്ന മനസ്സിന് സുവ്യക്തമായ തെളിവുകളുടെ താല്പര്യങ്ങളെ നിഷ്‌കരുണം അവഗണിച്ച് സത്യനിഷേധത്തെ ഒരു 'ന്യായീകരണവു'മില്ലാതെ വെറുതെയങ്ങ് പുല്‍കാന്‍ സാധിക്കാതെ വരും.

അന്നേരമാണ് സംശയങ്ങളും ആശയക്കുഴപ്പങ്ങളുമാകുന്ന ചിലന്തിവലകളുണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം. പരാജിതരെ -പരാജിതരെ മാത്രം- വീഴ്ത്തിക്കളയുന്ന ഇത്തരം വലകള്‍ സ്ഥാപിക്കല്‍ നീതിമാനും യുക്തിജ്ഞനുമായ അല്ലാഹുവിന്റെ രീതിയും നടപടിക്രമവുമാണ്.

പകല്‍വെട്ടം പോലെ തെളിഞ്ഞ ഒരു യാഥാര്‍ഥ്യത്തിന് മുമ്പിലും ഒരു കറുത്ത പുള്ളിക്ക് ചില കുത്തിത്തിരുപ്പുകള്‍ നടത്താന്‍ സാധിച്ചേക്കും. നേരത്തെ തന്നെ പകലാണെന്ന് സമ്മതിക്കാന്‍ മനസ്സില്ലാതെ മുന്‍ധാരണയുമായി ഇരിക്കുന്ന ഒരു കുരുട്ട്ബുദ്ധിക്ക് ഈ കറുത്തപുള്ളി സൂര്യനെക്കാളും തെളിമയുള്ള യാഥാര്‍ഥ്യമായിരിക്കും. സൂര്യന് പിന്നാലെ പോകുന്നതിന് പകരം അവനീ പുള്ളിക്ക് പിന്നാലെ പോകും. എന്നാല്‍, അത് പുള്ളിയുടെ ഗുണമല്ല, പോകുന്നവന്റെ മനസ്സിന്റെ തകരാറാണ്.

നീണ്ട നാല്പത് വര്‍ഷക്കാലത്തെ പ്രവാചകതിരുമേനിയിലെ സത്യസന്ധനെയും പരിശുദ്ധനെയും തിരിച്ചറിഞ്ഞവരും, അല്‍അമീന്‍ എന്ന വിളിയിലൂടെ അത് സമ്മതിച്ചവരുമായിരുന്നിട്ടും നാല്പതാമത്തെ വയസ്സില്‍ തിരുമേനി കൊണ്ടുവന്ന ആദര്‍ശം സ്വീകരിക്കാത്ത എത്ര പേര്‍ കൂട്ടുകുടുംബത്തിലുണ്ടായി.

ജീവനില്ലാത്ത, കാഴ്ചയും കേള്‍വിയുമില്ലാത്ത ലാത്ത, ഉസ്സ തുടങ്ങിയ മരിച്ചുപോയ ഔലിയാക്കളുടെ കുരുത്തക്കേട് പറ്റിപ്പോകുമോ എന്ന ഭയമായിരുന്നു അവരുടെ കണ്‍മുമ്പിലുയര്‍ന്ന പുകപടലം. മുഹമ്മദ്‌നബി എന്നത് പകല്‍വെട്ടമല്ലാത്തതു കൊണ്ടല്ല, പ്രത്യുത, അത് കാണേണ്ടതില്ല എന്ന് അവര്‍ നേരത്തെ തീരുമാനിച്ചത് കൊണ്ടാണ്.

എല്ലാം മറ നീക്കി കണ്ടാല്‍ പിന്നെ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള, അനുസരിക്കാനും അനുസരിക്കാതിരിക്കാനുമുള്ള തെരഞ്ഞെടു പ്പും പരീക്ഷയും അപ്രസക്തമായി എന്ന് വിശുദ്ധഖുര്‍ആന്‍ പലയിടങ്ങളില്‍ പറഞ്ഞതായി കാണാം. സൂറ: അല്‍അന്‍ആം 158ല്‍ പറയുന്നു:

هَلْ يَنظُرُونَ إِلَّا أَن تَأْتِيَهُمُ الْمَلَائِكَةُ أَوْ يَأْتِيَ رَبُّكَ أَوْ يَأْتِيَ بَعْضُ آيَاتِ رَبِّكَ ۗ يَوْمَ يَأْتِي بَعْضُ آيَاتِ رَبِّكَ لَا يَنفَعُ نَفْسًا إِيمَانُهَا لَمْ تَكُنْ آمَنَتْ مِن قَبْلُ أَوْ كَسَبَتْ فِي إِيمَانِهَا خَيْرًا ۗ قُلِ انتَظِرُوا إِنَّا مُنتَظِرُونَ (158)

''ഇപ്പോള്‍ ജനം പ്രതീക്ഷിക്കുന്നുണ്ടോ, അവരുടെ മുമ്പില്‍ മാലാഖമാര്‍ വന്നുനില്‍ക്കണമെന്ന്, അല്ലെങ്കില്‍ താങ്കളുടെ റബ്ബ് നേരിട്ടെഴുന്നള്ളണമെന്ന്, അതുമല്ലെങ്കില്‍ താങ്കളുടെ റബ്ബിന്റെ ചില സ്പഷ്ടമായ ദൃഷ്ടാന്തങ്ങള്‍ പ്രത്യക്ഷമാകണമെന്ന്?

എന്നാല്‍, താങ്കളുടെ റബ്ബിന്റെ ചില സവിശേഷ ദൃഷ്ടാന്തങ്ങള്‍ പ്രത്യക്ഷമാകുന്ന നാളില്‍, നേരത്തെ വിശ്വസിച്ചിട്ടില്ലാത്തവനോ അല്ലെങ്കില്‍ തന്റെ വിശ്വാസത്തില്‍ ഒരു പുണ്യവും നേടിയിട്ടില്ലാത്തവനോ ആയ ഒരാള്‍ക്കും അയാളുടെ വിശ്വാസം ഒരു പ്രയോജനവും ചെയ്യുന്നതല്ല. പ്രവാചകന്‍ അവരോട് പറയുക: ശരി, നിങ്ങള്‍ കാത്തിരിക്കുക, ഞങ്ങളും കാത്തിരിക്കുന്നവരാകുന്നു.''

എല്ലാ ദൃഷ്ടാന്തങ്ങളും കണ്ടുകഴിഞ്ഞശേഷം ഒരവിശ്വാസി അവിശ്വാസത്തില്‍ നിന്നും ധിക്കാരി ധിക്കാരത്തില്‍ നിന്നും പശ്ചാത്തപിക്കുന്നത് കൊണ്ട് പ്രയോജനമൊന്നുമില്ല. യാഥാര്‍ഥ്യം മറയ്ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന അവസരത്തിലേ വിശ്വാസത്തിനും അനുസരണത്തിനും അര്‍ഥവും പ്രസക്തിയുമുള്ളൂ.

എല്ലാ ദൃഷ്ടാന്തങ്ങളും കണ്ടുകഴിഞ്ഞശേഷം ഒരവിശ്വാസി തന്റെ അവിശ്വാസത്തില്‍ നിന്നും ധിക്കാരി തന്റെ ധിക്കാരത്തില്‍ നിന്നും പശ്ചാത്തപിക്കുന്നത് കൊണ്ട് പ്രയോജനമൊന്നുമില്ല. യാഥാര്‍ഥ്യം മറയ്ക്കുള്ളില്‍ സ്ഥിതി ചെയ്യുകയും ശിക്ഷാവധി നീണ്ടുനീണ്ടു കാണുകയും ചെയ്യുന്ന അവസരത്തിലേ വിശ്വാസത്തിനും അനുസരണത്തിനും അര്‍ഥവും പ്രസക്തിയുമുള്ളൂ.

ദുന്‍യാവ് അതിന്റെ സകല പിത്തലാട്ടങ്ങളോടുകൂടി മനുഷ്യനെ വഞ്ചിക്കാന്‍ മുമ്പില്‍നിന്നുകൊണ്ട് 'എന്ത് ദൈവം, എവിടെ പരലോകം, തിന്നുക, കുടിക്കുക, മദിക്കുക!' എന്നു പറയുമ്പോള്‍ മാത്രമേ സത്യവിശ്വാസത്തിനും സത്കര്‍മത്തിനും സ്ഥാനമുള്ളൂ.

സൂറഃ അല്‍ബഖറ(210)യില്‍ കാണാം:

هَلْ يَنظُرُونَ إِلَّا أَن يَأْتِيَهُمُ اللَّهُ فِي ظُلَلٍ مِّنَ الْغَمَامِ وَالْمَلَائِكَةُ وَقُضِيَ الْأَمْرُ ۚ وَإِلَى اللَّهِ تُرْجَعُ الْأُمُورُ

''(ഈ ഉപദേശനിര്‍ദേശങ്ങളെല്ലാം ലഭിച്ചുകഴിഞ്ഞിട്ടും ജനം നേര്‍വഴി സ്വീകരിക്കുന്നില്ലെങ്കില്‍ പിന്നെ) ഇനി അല്ലാഹു തന്നെ മേഘക്കുടയും ചൂടി മലക്കുകളുടെ അകമ്പടിയോടെ കണ്‍മുമ്പില്‍ ഇറങ്ങിവരുകയും കാര്യം തീരുമാനിക്കുകയും ചെയ്യണമെന്നാണോ ഇവര്‍ പ്രതീക്ഷിക്കുന്നത്?! ഒടുവില്‍ സകല സംഗതികളും സമര്‍പ്പിക്കപ്പെടുന്നത് അല്ലാഹുവിന്റെ തന്നെ സമക്ഷത്തിലാണല്ലൊ''.

ഈ സൂക്തത്തിന് പണ്ഡിതന്മാര്‍ നല്‍കിയ വ്യാഖ്യാനത്തിന്റെ സംഗ്രഹം ഇങ്ങനെയാണ്: ഇഹലോകത്ത് മനുഷ്യനെ സംബന്ധിച്ച പരീക്ഷ തന്നെ, ദൃഷ്ടിഗോചരമല്ലാത്ത യാഥാര്‍ഥ്യങ്ങളില്‍ അവന്‍ വിശ്വസിക്കുന്നുണ്ടോ എന്നതും വിശ്വസിച്ചതിനു ശേഷം, നിയമലംഘനത്തിന് സ്വാതന്ത്ര്യമുണ്ടായിട്ടും നിയമനിഷ്ഠയുടെ മാര്‍ഗം അവലംബിക്കാന്‍ മാത്രം ധാര്‍മികശക്തി അവനുണ്ടോ എന്നതുമാണ്.

സമ്മതിക്കയല്ലാതെ ഗത്യന്തരമില്ലാത്ത വിധം യാഥാര്‍ഥ്യത്തെ തികച്ചും നഗ്‌നമായി മനുഷ്യന്റെ മുമ്പില്‍ ഒരിക്കലും തുറന്നുവെച്ചിട്ടില്ല. കാരണം, അങ്ങനെയാവുമ്പോള്‍ പരീക്ഷണം തീരെ നിഷ്ഫലമായിത്തീരുകയും, പരീക്ഷയില്‍ ജയാപജയങ്ങള്‍ക്ക് ഒരര്‍ഥവും ഇല്ലാതെ വരികയും ചെയ്യുന്നതാണ് (തഫ്ഹീമുല്‍ ഖുര്‍ആന്‍).


ഡോ. അബ്ദുന്നസ്വീര്‍ അല്‍മലൈബാരി ആറ് വര്‍ഷം കേരളത്തിലെ പള്ളി ദര്‍സിലും രണ്ട് വര്‍ഷം കാരന്തൂര്‍ മര്‍കസിലും പഠിച്ച ശേഷം ഈജിപ്തിലെ കെയ്‌റോ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് ഡിഗ്രിയും പിജിയും എം.ഫിലും പി.എച്.ഡി.യും കരസ്ഥമാക്കി. 2014 മുതല്‍ 2019 വരെ ഇന്തോനേഷ്യയിലെ ചിയാഞ്ചൂര്‍ ഇമാം ശാഫിഈ യൂണിവേഴ്‌സിറ്റിയില്‍ ലക്ചറര്‍. നിലവില്‍ ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ്യയില്‍ ഗസ്റ്റ് ലക്ചറര്‍. ആറ് രാജ്യങ്ങളില്‍ നിന്നായി അമ്പതോളം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു.