കൊണ്ടോട്ടി ശൈഖിന്റെ ത്വരീഖത്ത് വ്യാജമാണെന്ന് കാണിക്കാന്‍ മഖ്ദൂം ബാവ മുസ്‌ലിയാര്‍ ധാരാളം കിതാബുകളുടെ ഇബാറത്തുകള്‍ നല്‍കിയതായി കാണാം. ശൈഖ് ജിഫ്‌രി, മമ്പുറം സയ്യിദ് അലവി തങ്ങള്‍ തുടങ്ങി നിരവധി പേരുടെ നിലപാടുകള്‍ ഉദ്ധരിക്കുന്നുണ്ട്.
കൊണ്ടോട്ടി- പൊന്നാനി കൈത്തര്‍ക്കം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടയില്‍ കൊണ്ടോട്ടി ഫഖീറിന്റെ ശിഷ്യന്‍ മൂര്‍ക്കനാട് എടത്തൊടുകയില്‍ കുഞ്ഞിദു പൊന്നാനി ഭാഗം ഉലമാക്കളെ വെല്ലുവിളിച്ചു. അദ്ദേഹം പുതിയകത്ത് കമ്മുക്കുട്ടി മുസ്‌ലിയാര്‍ക്ക് (മരണം 1860) 19 ചോദ്യങ്ങള്‍ എഴുതി അയച്ചു.
കമ്മുക്കുട്ടി മുസ്‌ലിയാര്‍ അവയ്ക്ക് വിശദമായ മറുപടി നല്‍കി. വീണ്ടും ചോദ്യമുയര്‍ന്നപ്പോള്‍ സഹോദരന്‍ പുതിയകത്ത് അഹമ്മദ് ബാവ മുസ്‌ലിയാര്‍ (മരണം 1883) മറുപടി കൊടുത്തു. ഏറെ പ്രാചീനമായ ഒരു കൈയെഴുത്ത് ഫത്‌വയാണത്. പൊന്നാനി-കൊണ്ടോട്ടി കൈത്തര്‍ക്കത്തില്‍ ലഭ്യമായ കൈയെഴുത്ത് ഫത്‌വകളില്‍ ഏറ്റവും പ്രാചീനം എന്നുതന്നെ അതിനെ വിശേഷിപ്പിക്കാം. 498 പുറങ്ങളാണ് പ്രസ്തുത കൈയെഴുത്ത് ഫത്‌വയ്ക്കുള്ളത്.
കൊണ്ടോട്ടി ശൈഖിന്റെ ത്വരീഖത്ത് വ്യാജമാണെന്ന് കാണിക്കാന്‍ മഖ്ദൂം ബാവ മുസ്‌ലിയാര്‍ ധാരാളം കിതാബുകളുടെ ഇബാറത്തുകള്‍ അതില്‍ നല്‍കിയതായി കാണാം. അക്കൂട്ടത്തില്‍ കേരളീയരായ ശൈഖ് ജിഫ്‌രി, മമ്പുറം സയ്യിദ് അലവി തങ്ങള്‍ തുടങ്ങി നിരവധി പേരുടെ കൈത്തര്‍ക്ക വിഷയകമായ നിലപാടുകളും ഉദ്ധരിക്കുന്നുണ്ട്.
മമ്പുറം തങ്ങള്‍ ഈ വിഷയകമായി സ്വീകരിച്ച നിലപാട് പ്രസ്തുത ഫത്‌വയിലും ഉദ്ധരിക്കപ്പെടുന്നുണ്ട്. അത് ഇങ്ങനെ: ''ബലുതായിട്ടുള്ള വലിയ്യ് ആയ ഞമ്മളെ മമ്പുറത്ത് സയ്യിദ് അലവി ഇബ്‌നു സഹല്‍ ഖോജ റഹ്മത്തുള്ള തങ്ങളുടെ ഈ ഫക്കീറിന്റെ സുജൂദ് കൊണ്ടും നടപ്പ് ഇരിപ്പ് കൊണ്ടും മറ്റും ബൈത്താന്‍ മൊയ്‌ല്യാരെ മക്കളും മറ്റു ചിലരും പറഞ്ഞാരെ തങ്ങള്‍ മേല്‍പറഞ്ഞ ശൈഖ് എന്ന് പറയുന്ന ഫക്കീറിനെ കൊണ്ട് എത്തിരയും തെറ്റും കുഫ്‌റ് തരവും ഉള്ള ബോംബായി എന്ന രാജ്യത്തിന്റെ ഭാഗത്തുള്ള ബോറാ മാരായ റാഫിളികളെ കൂട്ടത്തില്‍ ഉള്ളവനാകുന്നു യെന്നും അവന്റെ ബൈഅത്തിനെ സമ്മതിച്ചു നില്‍ക്കുന്ന മുരീതമ്മാരും നരകത്തില്‍ ആകുന്നു എന്നും പറഞ്ഞിട്ടുള്ളതും.''(10)
മമ്പുറം തങ്ങളുടെ സമകാലികനും മലബാര്‍ മുസ്‌ലിംകളില്‍ ഏറെ സ്വാധീനവുമുണ്ടായിരുന്ന വെളിയങ്കോട് ഉമര്‍ ഖാദി കൊണ്ടോട്ടി ഭാഗത്തെ വിമര്‍ശിച്ചുകൊണ്ട് അറബിയില്‍ കവിത എഴുതിയിരുന്നു. അതില്‍ കൊണ്ടോട്ടി ഫഖീറിന് സുജൂദ് ചെയ്യുന്നതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുന്നു: ''സൃഷ്ടികള്‍ക്ക്, അഖില സൃഷ്ടികള്‍ക്കും വസ്തുക്കള്‍ക്കും സുജൂദ് (സാഷ്ടാംഗം) ചെയ്യല്‍ ഹറാമത്രേ. അത് നിമിത്തം അവന്‍ മതഭ്രഷ്ടനും സത്യനിഷേധിയുമായിത്തീരും. അത് ഗുരുതരമായ പാപമാകുന്നു.''(11)

സൃഷ്ടികള്‍ക്ക് സുജൂദ് ചെയ്യുന്നു എന്ന ഗുരുതരമായ പ്രശ്‌നത്തിനു പുറമേ മറ്റു ചില ആരോപണങ്ങളും കൊണ്ടോട്ടി കൈക്കാര്‍ക്കെതിരെ നിലനിന്നിരുന്നു. സ്ത്രീ-പുരുഷ സങ്കലനം, പ്രാര്‍ഥനകളില്‍ നിന്ന് വിട്ടുനില്‍ക്കല്‍, ലഹരി ഉപയോഗിക്കല്‍ എന്നിവ അവയില്‍ പെടുന്നു. വിധവാ വിവാഹത്തെ ഫഖീര്‍ എതിര്‍ത്തിരുന്നുവത്രേ.
പ്രതിജ്ഞാ (ബൈഅത്ത്) സമയത്ത് ശിഷ്യന്മാര്‍ തലമുണ്ഡനം ചെയ്യുന്ന സമ്പ്രദായം അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. സകാത്തും ഹജ്ജും നിര്‍ബന്ധമില്ലെന്ന് ഫഖീര്‍ പറഞ്ഞിരുന്നു. സ്ത്രീകള്‍ക്ക് സ്വകാര്യ മുറിയില്‍ വെച്ച് ബൈഅത്ത് നല്‍കുന്ന പരിപാടിയും വിമര്‍ശനത്തിന് ഇടയാക്കി.
സൃഷ്ടികള്‍ക്ക് സുജൂദ് ചെയ്യുന്നു എന്ന ഗുരുതരമായ പ്രശ്‌നത്തിനു പുറമേ സ്ത്രീ-പുരുഷ സങ്കലനം, പ്രാര്‍ഥനകളില്‍ നിന്ന് വിട്ടുനില്‍ക്കല്‍, ലഹരി ഉപയോഗിക്കല്‍ തുടങ്ങിയ ആരോപണങ്ങളും കൊണ്ടോട്ടി കൈക്കാര്‍ക്കെതിരെ നിലനിന്നിരുന്നു.
''അതേസമയം മുഹര്‍റം ആഘോഷവേളയിലും മറ്റും തഖിയയില്‍ ആചരിച്ചിരുന്ന ആഘോഷ പരിപാടികള്‍ തികച്ചും ശിയാക്കളെപ്പോലെ തന്നെയായിരുന്നു. അന്നേ ദിവസം ശിയാക്കള്‍ ചെയ്യാറുള്ളതുപോലെ താബൂത്തുകളും കൊടികളും ഉപയോഗിക്കുകയും ചില പ്രത്യേക ആരാധനാ കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തിരുന്നു. ജാഫൂസ് എന്ന പേരില്‍ ഒരു അഗ്‌നികുണ്ഡം പണിത് അതിലേക്കു ചാടുകയും ചെയ്തു.
യാ അലീ, യാ ഹസന്‍, യാ ഹുസൈന്‍ എന്നിങ്ങനെ അട്ടഹസിക്കുകയും ചെയ്തിരുന്നു. അതുപോലെ പുലിക്കളി, കോഴിപ്പോര് തുടങ്ങിയ വിനോദങ്ങളും സംഘടിപ്പിച്ചിരുന്നു. 'ജൂകിയ' എന്ന പേരില്‍ മറ്റൊരു ആചാരവും ഇവര്‍ക്കുണ്ടായിരുന്നു. ചന്ദനക്കുടമെടുക്കുകയും ചന്ദനക്കുഴമ്പ് നെറ്റിയിലും കാലിലും പുരട്ടലുമായിരുന്നു ഈ ആചാരത്തിലെ മുഖ്യഭാഗം.''(12)
തങ്ങള്‍ ശിയാ വിഭാഗമെന്ന പൊന്നാനിക്കാരുടെ ആരോപണത്തെ കൊണ്ടോട്ടിക്കാര്‍ എതിര്‍ത്തുപോന്നു. അതേസമയം അത്തരം ആചാരങ്ങള്‍ അവര്‍ നിലനിര്‍ത്തുകയും ചെയ്തു. തഖിയക്കല്‍ കീടക്കാട്ട് കുഞ്ഞറമുട്ടിയും കാര്യസ്ഥന്‍ കൊയപ്പത്തൊടിക മമ്മദ്കുട്ടി, മദിരക്കരിയന്‍ ബീരാന്‍കുട്ടി തുടങ്ങി മൂന്നു പേര്‍ കൊണ്ടോട്ടിക്ക് അനുകൂലമായി പുറത്തിറക്കിയ അറബിമലയാള ഫത്‌വയില്‍ ഇങ്ങനെ പറയുന്നു:
''അറിവില്ലാതെ ജാഹിലായെ അവരെ (പൊന്നാനി ഭാഗക്കാര്‍) പക്കല്‍ ഞമ്മള്‍ (ഫഖീറിന്റെ അനുയായികള്‍) റാഫികള്‍ ആയിരിക്കും. അലിയാരെ ഫോരിശ ആക്കുന്നത് റാഫിളിന്റെ അലാമത്ത് (അടയാളം) യെന്ന് ഫറഞ്ഞതിന്റെ ഫൊരുള്‍ തിരിയാതെ അലിയാര്‍ ഫോരിശ ആക്കുന്നവരെ റാഫിളിയെന്ന് അറിവില്ലാതെ പറയുന്നതിനാല്‍ അവര്‍ തന്നെ റാഫിളി ആക്കുകയും ചെയ്യും. ഇമാം അലിയാരെ ഫിരിശം വെക്കുന്നതും ഫോരിശ ആക്കുന്നതും മുഅ്മിനായവരുടെ അലാമത്ത് ആകുന്നു എന്ന് ഹദീസ് സ്വഹീഹായി വന്നിരിക്കുന്നു.''(13)
അതേസമയം ഫഖീറിന്റെ പേരിലുള്ള ശിയാ ആചാരങ്ങളെ തീര്‍ത്തും കൊണ്ടോട്ടിക്കാര്‍ ന്യായീകരിച്ചും പോന്നു, പ്രത്യേകിച്ച് ഫഖീറിനു മുമ്പില്‍ സുജൂദ് ചെയ്യുന്നതിനെ. പ്രസ്തുത സുജൂദിനെ പലവിധ വാദങ്ങള്‍ കൊണ്ടാണ് കൊണ്ടോട്ടി ഭാഗക്കാര്‍ ന്യായീകരിച്ചത്.
കൊണ്ടോട്ടി പക്ഷക്കാരനായ പുല്ലിത്തൊടികയില്‍ അലി മുസ്‌ലിയാര്‍ വിവാദ സുജൂദിനെ ന്യായീകരിച്ച് എഡി 1883ല്‍ കൊടുത്ത ഫത്‌വയില്‍ നിന്ന് ഉദ്ധരിക്കാം: ''മജാസിയായ സുജൂദ് യെന്നു ഫറഞ്ഞാല്‍ തലതാത്തല്‍ ഫിടിച്ചു നെറ്റി ഭൂമിയില്‍ ബെക്കുന്നതിന്റെ ഇടയിലുള്ള താഴ്ചകള്‍ക്കു വൊക്കയും ഫറയുന്നത് ആകുന്നു യെന്നു കല്‍പ്പിച്ചിരിക്കുന്നു. ഇപ്പറഞ്ഞെ താഴ്ച്ചകള്‍ മാര്‍ക്കത്തില്‍ ശറഫുടയവര്‍ക്ക് ചെയ്യുന്നത് സുന്നത്താകുന്നു യെന്നും ദുന്‍യാ കാര്യത്തിന്നു ബേണ്ടിയും മറ്റും ചെയ്തുകൂടായെന്നും ഫതഹുല്‍ മുഈന്‍ യെന്നെ കിതാബിലും മറ്റും കല്‍ഫിച്ചിരിക്കുന്നു.''(14)

സുജൂദ് രണ്ട് വിധമുണ്ട് എന്നാണ് ഗ്രന്ഥകര്‍ത്താവ് സമര്‍ഥിക്കുന്നത്. ഒന്ന്, ഹഖീഖിയായ സുജൂദ്. അംഗശുദ്ധിയോടെ പ്രാര്‍ഥനാ മനസ്സോടെ നെറ്റിത്തടം ഭൂമിയില്‍ വെക്കുന്നതിനെയാണ് ഹഖീഖി കൊണ്ട് ഗ്രന്ഥകര്‍ത്താവ് വിവക്ഷിക്കുന്നത്. രണ്ടാമത്തേത് മജാസിയായ സുജൂദാണ്. അതാണ് ശൈഖിനു മുമ്പില്‍ നടത്തുന്നതെന്നും അത് അനുവദിക്കപ്പെട്ടതാണെന്നും കൊണ്ടോട്ടി ഭാഗം ന്യായീകരിച്ചു.
ഈ ന്യായകരണം ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് നിരക്കുന്നതല്ല എന്ന് പൊന്നാനി ഭാഗം വ്യക്തമാക്കി. അതോടെ കൊണ്ടോട്ടി ഭാഗത്തുനിന്നു പലവിധ വാദമുഖങ്ങളും സുജൂദ് വിവാദത്തില്‍ ഉണ്ടായി. മറ്റൊരു ഫത്‌വയില്‍ ഇങ്ങനെ: ''സുജൂദ് രണ്ട് പ്രകാരമുണ്ട് എന്നും അതില്‍ തഹിയ്യത്തിന്റെ സുജൂദ് ശൈഖന്മാര്‍ക്കും മറ്റും വന്ദനരൂപത്തില്‍ ചെയ്യുന്നതാകുന്നു.''(15)
''ഔലിയാക്കന്മാരുടെ പ്രവര്‍ത്തികളില്‍ ഫുഖഹാക്കന്മാരുടെ (കര്‍മശാസ്ത്ര പണ്ഡിതര്‍) ഫത്‌വകള്‍ അനുസരിച്ച് നടക്കുവാന്‍ പാടില്ലെന്ന് തീര്‍ച്ചപ്പെട്ടിരിക്കുന്നു''(16) എന്ന് കൊണ്ടോട്ടി പക്ഷം വാദിച്ചു. അവരുടെ ഇത്തരം വാദമുഖങ്ങളെ പൊന്നാനി ഭാഗം വിവിധ ഫത്‌വകളിലൂടെ അതിനിശിതമായി വിമര്‍ശിക്കുന്നുണ്ട്. അവയെ കുറിച്ചെല്ലാം വഴിയെ പരിചയപ്പെടുത്തുന്നുണ്ട്.
ശൈഖ് ജിഫ്‌രിയുടെ കാലത്ത് മുഹമ്മദ് ഷായുടെ ത്വരീഖത്തിനെ 'ഖന്‍സുല്‍ ബറാഹീനി'ല്‍ വിമര്‍ശിച്ചിരുന്നുവെങ്കിലും ആ കൃതിയില്‍ ശൈഖ് ജിഫ്‌രി കൊണ്ടോട്ടി ഫഖീറിനെതിരെ ഉന്നയിച്ച കാര്യങ്ങളെ സജീവ ചര്‍ച്ചയ്ക്ക് വിധേയമാകുന്നത് ഇശ്തിയാഖ് ഷാ (ഒന്നാമന്‍) സ്ഥാനത്തിരിക്കുന്ന കാലത്താണ് (മരണം 1868).

കൊണ്ടോട്ടി പഴയങ്ങാടി പള്ളി സംബന്ധിച്ച് കൊണ്ടോട്ടി-പൊന്നാനി വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ വിശദാംശങ്ങള്‍ നല്‍കുന്ന മലബാറിലെ അസിസ്റ്റന്റ് മജിസ്‌ട്രേറ്റായ എ ആര്‍ നാപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള പള്ളിതര്‍ക്കം തുടങ്ങുന്നത് 1863ലാണ്.(17)
ഇശ്തിയാഖ് ഷാ രണ്ടാമന്റെ (മരണം 1908) കാലത്തും കൈത്തര്‍ക്ക വിവാദങ്ങള്‍ക്ക് കാര്യമായ ശമനമുണ്ടായതായി കാണുന്നില്ല. ലഭ്യമായ ചരിത്രരേഖകള്‍ വെച്ച് പരിശോധിക്കുമ്പോള്‍ 1921ലെ മലബാര്‍ സമര കാലഘട്ടം വരെ കൊണ്ടോട്ടി-പൊന്നാനി കൈത്തര്‍ക്കം ഏറിയും കുറഞ്ഞും അളവില്‍ മലബാര്‍ മുസ്‌ലിംകളെ കാര്യമായി സ്വാധീനിച്ചതായി കാണുന്നുണ്ട്.
(അവസാനിക്കുന്നില്ല.)
റഫറന്‍സ്:
10. മഖ്ദൂം പുതിയകത്ത് അഹ്മദ് ബാവ മുസ്‌ലിയാര്‍ ഫത്‌വ, പേജ് 330.
11. ഉമര്‍ ഖാദിയുടെ അറബി കവിത കാണുക. വെളിയങ്കോട് ഹസ്റത്ത് ഉമര്‍ ഖാദിയുടെ ജീവചരിത്രവും കൃതികളും, കെ കെ മുഹമ്മദ് അബ്ദുല്‍ കരീം, പ്രസാധനം: വെളിയങ്കോട് മഹല്ല് ജമാഅത്ത് കമ്മിറ്റി, 2012, പേജ് 85.
12. മാപ്പിള മലബാര്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, പ്രസാ: ഐപിബി കോഴിക്കോട്, 2005, പേജ് 136, 137.
13. കൊണ്ടോട്ടി അനുകൂല അറബിമലയാള ഫത്‌വ സമാഹാരം, പേജ് 5, 6. 1891 ജൂണ്‍ 12ന് ഞായറാഴ്ച കൊണ്ടോട്ടി നഗരത്തില്‍ കൊയപ്പത്തൊടി മൊയ്തീന്‍കുട്ടി അധികാരിയുടെ 177ാം നമ്പര്‍ പാണ്ടികശാലയില്‍ വെച്ച് തലശ്ശേരിക്കാരന്‍ അരിയാല്‍പുറത്ത് കുഞ്ഞഹമ്മദ് മള്ഹറുല്‍ ഉലൂം അച്ചുകൂടത്തില്‍ അച്ചടിച്ചത്.
14. 1883ല്‍ പൊന്നാനി മഖ്ദൂം പുതിയകത്ത് വലിയ ബാവ മുസ്‌ലിയാര്‍ക്ക് മറുപടിയായി കൊണ്ടോട്ടി ഭാഗക്കാരനായ പുല്ലിത്തൊടികയില്‍ അലി മുസ്‌ലിയാരുടെ ഫത്‌വ, പേജ് 4.
15. 1866ല്‍ കൊണ്ടോട്ടി തക്കിയക്കല്‍ കീടക്കാട്ട് കുഞ്ഞറമുട്ടി, കാര്യസ്ഥന്‍ കൊയപ്പത്തൊടി മമ്മദ്കുട്ടിക്കും മതിരകന്‍ ബീരാനും കൂടി എഴുതിയത്, പേജ് 2.
16. കൊണ്ടോട്ടി ശൈഖിന്റെ മുരീദന്‍മാരായ അബ്ദുല്‍ അസീസ് മുസ്‌ലിയാരും കോയാമുട്ടി മുസ്‌ലിയാരും 1891ല്‍ കൊടുത്ത ഫത്‌വ, പേജ് 4.
17. Letter from A.R. Knapp, Assistant Magistrate of Malabar to the District Magistrate of Malabar dated 23 June 1863. ഉദ്ധരണം: കൊണ്ടോട്ടി: ചരിത്രം, സംസ്‌കാരം, പേജ് 79.
ഇവിടെ വായിക്കാം:
വിവാദങ്ങള്‍ കത്തിപ്പടര്‍ന്ന കൊണ്ടോട്ടി-പൊന്നാനി കൈത്തര്‍ക്കത്തിന്റെ നാള്‍വഴികള്‍