വിവാദങ്ങള്‍ കത്തിപ്പടര്‍ന്ന കൊണ്ടോട്ടി-പൊന്നാനി കൈത്തര്‍ക്കത്തിന്റെ നാള്‍വഴികള്‍


ശാഫിഈ സരണിക്കാരായ പൊന്നാനി മഖ്ദൂമുമാരെ അംഗീകരിക്കുന്നവര്‍ പൊന്നാനി കൈക്കാരെന്നും, കൊണ്ടോട്ടി ഫഖീര്‍ എന്നറിയപ്പെട്ട ശൈഖ് മുഹമ്മദ് ഷായെ അംഗീകരിക്കുന്നവര്‍ കൊണ്ടോട്ടി കൈക്കാരെന്നും അറിയപ്പെട്ടു.

രുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിനു ശേഷമാണല്ലോ കേരളത്തില്‍ മതസംഘടനകള്‍ രൂപം കൊള്ളുന്നത്. എന്നാല്‍ അതിനും ഒരു നൂറ്റാണ്ട് മുമ്പുതന്നെ മലബാര്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഏറെ വിവാദങ്ങള്‍ കൊണ്ട് കത്തിപ്പടര്‍ന്ന പ്രമാദമായ കക്ഷിത്വവഴക്കായിരുന്നു പൊന്നാനി-കൊണ്ടോട്ടി കൈത്തര്‍ക്കം.

എന്താണ് ഈ കൈത്തര്‍ക്കം? പുതുതലമുറയിലെ മതപ്രബോധനരംഗത്തെ പണ്ഡിതന്മാര്‍ അറിയേണ്ടതും മനസ്സിലാക്കിയിരിക്കേണ്ടതുമായ ആ ചരിത്രമാണ് ഇവിടെ അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നത്.

ശാഫിഈ സരണിക്കാരായ പൊന്നാനി മഖ്ദൂമുമാരെ അംഗീകരിക്കുന്നവര്‍ പൊന്നാനി കൈക്കാരെന്നും, കൊണ്ടോട്ടി ഫഖീര്‍ എന്നറിയപ്പെട്ട ശൈഖ് മുഹമ്മദ് ഷായെ അംഗീകരിക്കുന്നവര്‍ കൊണ്ടോട്ടി കൈക്കാരെന്നും അറിയപ്പെട്ടു.

ഏകദേശം ഒരു നൂറ്റാണ്ട് കാലത്തോളം ആരോപണ-പ്രത്യാരോപണ സംവാദങ്ങള്‍ക്ക് വഴിതെളിച്ച പ്രസ്തുത വിവാദത്തില്‍ അക്കാലത്തെ മലബാറിലെ തലയെടുപ്പുള്ള മതപണ്ഡിതന്മാരെല്ലാം ഇരുപക്ഷത്തും നിലയുറപ്പിച്ച് നിലപാട് എടുത്തവരാണ്. ഇന്നത്തെപ്പോലെ മതസംഘടനകള്‍ നിലപാട് വ്യക്തമാക്കുന്നതിനു പകരമായി അക്കാലത്ത് മതപണ്ഡിതന്മാരില്‍ നിന്നു ഫത്‌വകള്‍ എഴുതി ചോദിക്കുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്.

അത്തരത്തിലുള്ള ധാരാളം ഫത്‌വകള്‍ കൈയെഴുത്തുകളായും അച്ചടിച്ചും പുരാതനമായ അറബിമലയാള സാഹിത്യത്തില്‍ ധാരാളമുണ്ട്. എന്തിനേറെ, പഴയകാല അറബിമലയാള പ്രസിദ്ധീകരണങ്ങളായിരുന്ന അല്‍മുര്‍ശിദിലും അല്‍ഇര്‍ശാദിലുമെല്ലാം ഇത്തരം ഫത്‌വകള്‍ എഴുതി ചോദിക്കുന്ന രീതി കാണാം.

കൈത്തര്‍ക്കത്തിന്റെ ആരംഭം

കൊണ്ടോട്ടി തങ്ങള്‍ എന്ന പേരില്‍ പ്രസിദ്ധനായ ശൈഖ് മുഹമ്മദ് ഷാ 18ാം നൂറ്റാണ്ടില്‍ (1773) ബോംബെയിലെ കര്‍ദാനില്‍ നിന്നാണ് മലബാറില്‍ എത്തിയത്.(1) അദ്ദേഹത്തിന്റെ പിതൃപരമ്പര ഖലീഫ അബൂബക്കര്‍ സിദ്ദീഖില്‍ ചെന്നെത്തുന്നു എന്നാണ് പറയപ്പെടുന്നത്. അക്കാലത്ത് കൊണ്ടോട്ടിയിലെ പ്രധാന ധനാഢ്യനായിരുന്ന കീടക്കാട് പുത്തന്‍പീടിയേക്കല്‍ കുഞ്ഞറമുട്ടിയാണ് അദ്ദേഹത്തിന് തക്യാവും (ആരാധനാ മന്ദിരം) മഖാമും (ശ്മശാന കെട്ടിടം) പണിയാനും വീട് നിര്‍മിക്കാനുമുള്ള ഭൂമി സൗജന്യമായി നല്‍കിയത്.

മുഹമ്മദ് ഷാ കൊണ്ടോട്ടിയില്‍ താമസിച്ചുകൊണ്ട് നാടിന്റെ നാനാദിക്കിലും ഒരു പുതിയ ത്വരീഖത്ത് പ്രചരിപ്പിച്ചു. വള്ളുവനാട്, പാലക്കാട്, ഏറനാട്, വയനാട് താലൂക്കുകളില്‍ മുഹമ്മദ് ഷാ കൊണ്ടുവന്ന പുതിയ ത്വരീഖത്തിന് നല്ല വേരോട്ടം ലഭിച്ചു.

അക്കാലം വരെ കോഴിക്കോട് കേന്ദ്രമായി ശൈഖ് ജിഫ്‌രിയും പൊന്നാനി കേന്ദ്രമായി മഖ്ദൂമുമാരുമായിരുന്നു മലബാറില്‍ മുസ്‌ലിംകള്‍ക്ക് മതപരമായി നേതൃത്വം നല്‍കിയിരുന്നത്. ശൈഖ് ജിഫ്‌രിയും മുഹമ്മദ് ഷായും സമകാലികരും ആദര്‍ശത്തില്‍ വ്യത്യസ്ത ചേരികളിലുമായിരുന്നു.

ശൈഖ് ജിഫ്‌രി, മുഹമ്മദ് ഷായെയും മുരീദുമാരെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് അറബി കവിതകളും ഗ്രന്ഥങ്ങളും രചിച്ചു. ഇതു കൂടാതെ പൊന്നാനിയിലെ പണ്ഡിതന്മാരും കൊണ്ടോട്ടി ത്വരീഖത്തുകാരെ രൂക്ഷമായി എതിര്‍ത്തുകൊണ്ടിരുന്നു. അതോടെ നാട്ടിലാകമാനം പൊന്നാനി-കൊണ്ടോട്ടി കൈത്തര്‍ക്കം രൂക്ഷമായി. അതിനിടെ ഹി. 1219 (1804)ല്‍ മുഹമ്മദ് ഷാ അന്തരിച്ചു.(2) കൊണ്ടോട്ടി ഖുബ്ബയിലും അതിനു സമീപത്തുമായി അദ്ദേഹത്തിന്റെയും പിന്‍ഗാമികളുടെയും ഖബറുകള്‍ സ്ഥിതി ചെയ്യുന്നു.

പൊന്നാനി മഖ്ദൂം പുതിയകത്ത് അഹമ്മദ്ബാവ മുസ്‌ലിയാര്‍ കൊണ്ടോട്ടി ഫഖീറിനെതിരെ നല്‍കിയ കയ്യെഴുത്ത് ഫത്‌വ

ടിപ്പു സുല്‍ത്താന്‍ അദ്ദേഹത്തിന് നല്‍കിയിരുന്ന ഇനാംദാര്‍ സ്ഥാനം പിന്നീട് ബ്രിട്ടീഷുകാര്‍ അംഗീകരിച്ചു. അതിലൂടെ കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ മുഹമ്മദ് ഷായുടെ പിന്‍ഗാമികള്‍ ഉന്നത ജന്മിമാരായി വളര്‍ന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമികളില്‍ ഒരാളായിരുന്ന ഇശ്തിയാഖ് ഷായുടെ കാലത്ത് മുരീദുമാര്‍ ശൈഖിനു മുമ്പില്‍ സുജൂദ് ചെയ്യുന്ന സമ്പ്രദായം നടപ്പില്‍ വരുത്തി. അങ്ങനെ മുഹമ്മദ് ഷായെക്കാളും, ശേഷം സ്ഥാനീയനായി വന്ന അഫ്താബ് ഷായെക്കാളും കനത്ത എതിര്‍പ്പുകള്‍ക്കും കുഫ്ര്‍ ഫത്‌വകള്‍ക്കും ഇശ്തിയാഖ് ഷായും അനുയായികളും പാത്രീഭൂതരായി.

എതിര്‍പ്പുകളുടെ തുടക്കം

യമനില്‍ നിന്നു മതപ്രചാരണാര്‍ഥം എ.ഡി 1746ലാണ് ശൈഖ് ജിഫ്‌രി കോഴിക്കോട്ട് എത്തുന്നത്. ശാഫിഈ മദ്ഹബുകാരനും ഖാദിരീ ത്വരീഖത്തുകാരനുമായിരുന്ന ശൈഖ് ജിഫ്‌രിക്ക് കൊണ്ടോട്ടി ശൈഖിന്റെ പുതിയ ത്വരീഖത്ത് അത്ര പിടിച്ചില്ല. അദ്ദേഹം എഴുതിയ 'ഖന്‍സുല്‍ ബറാഹീന്‍' (ലക്ഷ്യങ്ങളുടെ വിധി) എന്ന ഗ്രന്ഥത്തില്‍ കൊണ്ടോട്ടി ശൈഖിനെ രൂക്ഷമായി വിമര്‍ശിച്ചു.

1784ലാണ് ഈ കൃതി രചിക്കപ്പെട്ടത്. കൃതിയുടെ അവസാനത്തില്‍ ഗ്രന്ഥകാരന്‍ തന്നെ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.(3) ഈ കൃതിയുടെ കൈയെഴുത്ത് 1805ല്‍ അന്നത്തെ കോഴിക്കോട് ഖാദി മുഹിയുദ്ദീന്‍ ബിന്‍ അബ്ദുസ്സലാം (കുഞ്ഞിദീന്‍കുട്ടി ഖാദി) ആണ് പകര്‍ത്തി എഴുതിയത്.(4) മുദ്രിത ഗ്രന്ഥമാണെങ്കിലും ഇതിന്റെ കൈയെഴുത്തു പകര്‍പ്പുകള്‍ കേരളത്തിലെ പല ഗ്രന്ഥാലയങ്ങളിലും ലഭ്യമായിരുന്നു.

ശൈഖ് ജിഫ്‌രിയാണ് കൊണ്ടോട്ടി തങ്ങന്മാര്‍ക്കെതിരെ എതിര്‍പ്പുമായി ആദ്യം രംഗത്തുവന്നത്. കൊണ്ടോട്ടി ഫഖീര്‍ ഒരു കപട സൂഫിയാണെന്നും ജനങ്ങളെ വഴിതെറ്റിക്കുകയാണെന്നും സ്ത്രീ-പുരുഷ സങ്കലനത്തിന് ഇടവരുത്തുന്നുണ്ടെന്നും അദ്ദേഹം ഖന്‍സുല്‍ ബറാഹീനില്‍ പറയുന്നു. ''കൊണ്ടോട്ടിയിലേതു പോലുള്ള ഫഖീറുമാരെ നോക്കുക. അവര്‍ നന്നേ പിഴച്ചിരിക്കുന്നു. അവര്‍ ഹശീഷ് (കഞ്ചാവ്) പുകച്ച് മദോന്മത്തരായിരിക്കുന്നു. ലഹരി പിടിച്ചവരായല്ലാതെ അവരെ കാണാനാകില്ല. നഗ്‌നത പ്രദര്‍ശിപ്പിച്ചാല്‍ അല്ലാഹുവിലേക്ക് എത്താമെന്നാണത്രേ അവര്‍ പ്രചരിപ്പിക്കുന്നത്.''(5)

ശൈഖ് ജിഫ്‌രിയുടെ വിമര്‍ശനം വന്നതോടെ വിഷയം മതപണ്ഡിതന്മാര്‍ക്കിടയില്‍ ചര്‍ച്ചയായി. പൊന്നാനി മഖ്ദൂമുമാരും കൊണ്ടോട്ടി ഫഖീറിനെതിരെ രംഗത്തുവന്നു. ജനങ്ങള്‍ യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ മതപണ്ഡിതന്മാര്‍ ഫത്‌വകളിറക്കി. കൊണ്ടോട്ടി ഭാഗക്കാരും അടങ്ങിനിന്നില്ല.

ശൈഖ് ജിഫ്‌രിയുടെ വിമര്‍ശനം വന്നതോടെ വിഷയം മതപണ്ഡിതന്മാര്‍ക്കിടയില്‍ ചര്‍ച്ചയായി. പൊന്നാനി മഖ്ദൂമുമാരും അതോടെ കൊണ്ടോട്ടി ഫഖീറിനെതിരെ രംഗത്തുവന്നു. ജനങ്ങള്‍ യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ മതപണ്ഡിതന്മാര്‍ ഫത്‌വകളിറക്കി. കൊണ്ടോട്ടി ഭാഗക്കാരും അടങ്ങിനിന്നില്ല. അവര്‍ തങ്ങളുടെ നേര്‍ക്കു വരുന്ന വിമര്‍ശനശരങ്ങള്‍ക്ക് അതേ നാണയത്തില്‍ ഫത്‌വകള്‍ ഇറക്കി.

ഹി. 1301ന് (എ.ഡി 1883) പൊന്നാനി മഖ്ദൂം പുതിയകത്ത് വലിയ ബാവ മുസ്ലിയാര്‍ക്ക് മറുപടിയായി കൊണ്ടോട്ടി ഭാഗക്കാരനായ പുല്ലിത്തൊടികയില്‍ അലി മുസ്‌ലിയാര്‍ കൊടുത്ത ഫത്‌വ. (ചരിത്രരേഖക്ക് കടപ്പാട്: അബ്ദുറഹ്മാന്‍ മങ്ങാട്)

ഇത്തരത്തിലുള്ള ഫത്‌വകളെല്ലാം തന്നെ അറബിയിലും അറബിമലയാള ലിപിയിലുമാണ് അച്ചടിച്ചത്. അക്കാലത്തെ മാപ്പിളമാര്‍ക്ക് സ്ത്രീപുരുഷഭേദമെന്യേ വായിക്കാന്‍ അറിയുമായിരുന്ന അറബിമലയാള ലിപിയെത്തന്നെ തങ്ങള്‍ നല്‍കുന്ന ഫത്‌വകള്‍ക്ക് മതപണ്ഡിതന്മാര്‍ മാധ്യമമായി തിരഞ്ഞെടുത്തത് സാധാരണക്കാരായ ജനങ്ങള്‍ വിഷയം ഉള്‍ക്കൊള്ളണമെന്ന നിര്‍ബന്ധബുദ്ധി ഒന്നുകൊണ്ട് മാത്രമാണ്.

ഫത്‌വകളുടെ ചരിത്രം

ശൈഖ് ജിഫ്‌രിയുടെ 'ഖന്‍സുല്‍ ബറാഹീന്‍' പുറത്തുവന്നതോടെ കൊണ്ടോട്ടി ഫഖീറിനെതിരെ എതിര്‍പ്പ് രൂക്ഷമായി. കൊണ്ടോട്ടി ഫഖീറിന്റെ ശിഷ്യനായിരുന്ന കൊടുവാക്കല്‍ കുഞ്ഞാലന്‍കുട്ടിയുടെ മകന്റെ ഭാര്യ (മരുമകള്‍) കൊണ്ടോട്ടി ഫഖീറിനെ കൈ പിടിച്ചു വണങ്ങി സുജൂദ് ചെയ്തു. ഇതിനെതിരെ പയ്യനാട് ഖാദിയായിരുന്ന ബൈത്താന്‍ മുസ്‌ലിയാരുടെ മക്കള്‍ അഹ്മദ് മുസ്‌ലിയാരും അബ്ദുല്ല മുസ്‌ലിയാരും രംഗത്തുവന്നു.

രിദ്ദത്തിന്റെ കലിമ ചൊല്ലി മടങ്ങി നിക്കാഹ് പുതുക്കിയാലേ ഭര്‍ത്താവുമായി ആ സ്ത്രീക്ക് മതനിയമപ്രകാരം ഒരുമിച്ച് ജീവിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് അവര്‍ ഉപദേശിച്ചു. എന്നാല്‍ കുഞ്ഞാലന്‍ ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് മക്ക, മദീന തുടങ്ങിയ പ്രദേശങ്ങളിലെ മുഫ്തിമാരില്‍ നിന്ന് കുഞ്ഞാലന്റെ നിലപാടിന് എതിരായി അവര്‍ ഫത്‌വകള്‍ സംഘടിപ്പിച്ചു.(6)

കൊണ്ടോട്ടി കൈക്കാര്‍ക്കെതിരെ പട നയിച്ചവരില്‍ പ്രമുഖരാണ് രണ്ടു പേരും. മമ്പുറം സയ്യിദ് അലവി തങ്ങളില്‍ നിന്നു ഫത്‌വ സംഘടിപ്പിച്ചതും ഇവരാണ്. മമ്പുറം തങ്ങളുടെ പ്രസ്തുത ഫത്‌വ 'മജ്മൂഅതുല്‍ ഫതാവാ' എന്ന സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചരിത്രപണ്ഡിതനായിരുന്ന കെ കെ മുഹമ്മദ് അബ്ദുല്‍ കരീമിന്റെ സ്വകാര്യ ലൈബ്രറിയില്‍ അതിന്റെ കോപ്പി ഇന്നും സൂക്ഷിക്കുന്നുണ്ട്.

അതില്‍ നിന്ന് ഒരു ഭാഗം: ''പാട്ടാണി കൂട്ടക്കാരീന്ന് അഹ്‌ലിസുന്നിയാക്കളെ ബയ്യിന്റെ അകത്ത് നടക്കുന്നോര്‍ നാലു കൂട്ടം യെന്നും, ഒന്നാമത് ശൈഖ്, രണ്ടാമത് സയ്യിദ്, മൂന്നാമത് മുകില്, നാലാമത് പാട്ടാണിയെന്നും ഇങ്ങനെ നാലു കൂട്ടക്കാര്‍ ആയിരിക്കും യെന്നും ഈ കൊണ്ടുവെട്ടി ഫക്കീര്‍ യെന്നവന്‍ ഈ നാലു കൂട്ടക്കാരിലും ഉള്ളവന്‍ അല്ലായെന്നും അവന്റെ കൂട്ടത്തിന് ഉള്ള പേര്‍ ബോറായെന്നും തങ്ങള്‍ പറകയും ചെയ്തു.

ബോറക്കാര്‍ എന്ന കൂട്ടക്കാര്‍ തെറ്റി തനിച്ചെ റാഫിളുകള്‍ ആണെന്നും ബോംബായ് രാജ്യത്ത് ഉള്ള ആളുകള്‍ക്ക് തന്നെ നിശ്ചയമായി ഇരിക്കുന്നു.''(7)

ഇതേ ഫത്‌വയുടെ അറബിമലയാള ചിത്രമടക്കം ഡോ. ഹുസൈന്‍ രണ്ടത്താണി തന്റെ കൃതിയില്‍ കൊടുത്തിട്ടുണ്ട്.(8) കൂടാതെ ഡോ. കെ കെ മുഹമ്മദ് അബ്ദുല്‍ സത്താറും ഉദ്ധരിച്ചിട്ടുണ്ട്.(9)

(അവസാനിക്കുന്നില്ല)

റഫറന്‍സ്

  1. മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം, മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി 2023ല്‍ പുനഃപ്രസിദ്ധീകരിച്ചത്, പേജ് 195.
  2. കൊണ്ടോട്ടി: ചരിത്രം, സംസ്‌കാരം, ഡോ. കെ കെ അബ്ദുല്‍ സത്താര്‍, പ്രസാ: ചരിത്ര പ്രസിദ്ധീകരണ സമിതി, കൊണ്ടോട്ടി, 2021, പേജ് 72.
  3. അറബിസാഹിത്യത്തിന് കേരളത്തിന്റെ സംഭാവന, പ്രൊഫ. കെ എം മുഹമ്മദ്, പ്രസാ: അശ്‌റഫി ബുക് സെന്റര്‍ 2005, പേജ് 81, 82.
  4. കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം, പി പി മമ്മദ് കോയ പരപ്പില്‍. പ്രസാ: ഫോക്കസ് പബ്ലിക്കേഷന്‍സ് കോഴിക്കോട്, 2012, പേജ് 105.
  5. Shaikh Sayyid Jifri, Kanz al Barahin al Kasbiyya, (written in 1784), Publishad by Sayyid Fazal, lstanbul, 1864-65, p. 42.
  6. ഈ സംഭവം മഖ്ദൂം പുതിയകത്ത് അഹ്മദ് ബാവ മുസ്‌ലിയാര്‍ നല്‍കിയ വളരെ വിശദമായ പ്രാചീനമായ കൈയെഴുത്ത് ഫത്‌വയില്‍ ഉദ്ധരിക്കുന്നുണ്ട്, പേജ് 329. (വളരെ പഴക്കം ചെന്ന ഈ ഫത്‌വ ഫാറൂഖ് കോളജ് ലൈബ്രറിയിലുണ്ട്).
  7. അല്‍ഇര്‍ഫാദ് മാസിക, 2000 മാര്‍ച്ച്, കെ കെ മുഹമ്മദ് അബ്ദുല്‍ കരീം തന്റെ ശേഖരത്തില്‍ നിന്ന് പകര്‍ത്തി എഴുതിക്കൊടുത്തത്.
  8. Muslims of Malabar Society and Politics (1800-1921), By Dr. Hussain Randathani, Published By B R Publishing Corporation Delhi, The statement of Sayyid Alavi on Sunday 23th Ramzan 1256, December 1840, Manuscript written in 1860.
  9. കൊണ്ടോട്ടി: ചരിത്രം, സംസ്‌കാരം, ഡോ. കെ കെ അബ്ദുല്‍ സത്താര്‍, പേജ് 106.