അവര്‍ വ്യക്തമാക്കട്ടെ; മുസ്‌ലിംകള്‍ എന്തൊക്കെയാണ് അനര്‍ഹമായി കൈയടക്കിയത്?


മുസ്‌ലിംകള്‍ അനര്‍ഹമായി പലതും നേടുന്നുവെന്നും എല്ലാം കൈയടക്കുന്നുവെന്നുമാണ് ചിലരുടെ കൊണ്ടുപിടിച്ച പ്രചാരണം. ഈ വിഷപ്രചാരണത്തിന് ഏതെങ്കിലും തരത്തിലുള്ള ഡാറ്റയുടെ പിന്‍ബലമോ വസ്തുതകളോ ഇല്ല.

താനും വര്‍ഷങ്ങളായി സംഘപരിവാരവും കാസയും വിഷം വമിപ്പിക്കുന്ന രൂപത്തില്‍ നടത്തുന്ന പ്രചാരണങ്ങളിലൊന്ന്, മുസ്‌ലിംകള്‍ എല്ലാം കൈയടക്കുന്നുവെന്നതാണ്. ഇതിന് ഏതെങ്കിലും തരത്തിലുള്ള ഡാറ്റയുടെ പിന്‍ബലമോ വസ്തുതകളോ ഇല്ല എന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും.

മാത്രമല്ല, ഈ വിഷപ്രചാരണത്തിന് ഡാറ്റ വെച്ച് മറുപടി നല്‍കുന്നതുകൊണ്ട് കാര്യവുമില്ല എന്നതാണ് യാഥാര്‍ഥ്യം. എങ്കിലും ടി ജി മോഹന്‍ദാസ് മുതല്‍ വെള്ളാപ്പള്ളി വഴി കരിമ്പിന്‍കാല വരെ പ്രചരിപ്പിക്കുന്ന ഈ വ്യാജങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല എന്ന് കേരള പഠനം ചൂണ്ടിക്കാണിക്കുന്നു.

ഉദ്യോഗരംഗം, തൊഴില്‍, ഭൂമി, വിദ്യാഭ്യാസം, വരുമാനം തുടങ്ങിയ മിക്ക മേഖലകളിലും മുസ്‌ലിംകള്‍ ബഹുദൂരം പിന്നിലാണ്. ആളോഹരി വാര്‍ഷിക വരുമാനത്തില്‍ കേരളത്തില്‍ 13-ാം സ്ഥാനമാണ് മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറം ജില്ലയ്ക്കുള്ളത്. ആളോഹരി വരുമാനത്തിന്റെ സാമുദായിക കണക്ക് അതിലും ഭീകരമാണ്.

മുന്നാക്ക ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ വരുമാനം എഴുപതിനായിരത്തിനു മുകളിലാണ്. അതേസമയം, മുസ്‌ലിംകളുടേത് 45,000ഉം പട്ടികജാതിക്കാര്‍ക്ക് 48,294 രൂപയുമാണ്.

മുന്നാക്ക ക്രിസ്ത്യന്‍ കുടുംബത്തിന് ശരാശരി 132 സെന്റ് ഭൂമിയുണ്ട്. മുന്നാക്ക ഹിന്ദുവിന് 69.8 സെന്റ് ഭൂമിയുമുണ്ട്. മുസ്‌ലിംകള്‍ക്കാകട്ടെ ശരാശരി 32.5 സെന്റ് ഭൂമിയാണുള്ളത്. ഭൂവുടമസ്ഥാവകാശത്തിലും ഏറെ പിറകിലാണ് മുസ്‌ലിം സമുദായം എന്ന് കണക്കുകള്‍.

തൊഴിലില്ലായ്മയിലും മുന്നില്‍ നില്‍ക്കുന്നത് മുസ്‌ലിംകളാണ്. മുസ്‌ലിംകളിലെ തൊഴിലില്ലായ്മ 18.2 ശതമാനമാണ്. ഒന്നാം കേരള പഠന റിപ്പോര്‍ട്ടിനെ അപേക്ഷിച്ച് മറ്റു പല സമുദായങ്ങളിലും തൊഴിലില്ലായ്മ കുറഞ്ഞപ്പോള്‍ മുസ്‌ലിംകള്‍ക്കിടയിലും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കിടയിലും തൊഴിലില്ലായ്മ വര്‍ധിക്കുകയാണ് ചെയ്തത്.

പ്രവാസി വരുമാനത്തിന്റെ കാര്യത്തില്‍ മുസ്‌ലിംകള്‍ മുന്നിലാണെന്നാണ് പലരും കരുതുന്നത്. എന്നാല്‍ അക്കാര്യത്തിലും സമുദായം പിറകിലാണ്. മുസ്‌ലിംകള്‍ക്കിടയിലെ പ്രവാസി കുടുംബ വരുമാനം 7337 രൂപയാണ്. മുന്നാക്ക ഹിന്ദു കുടുംബങ്ങളിലെ പ്രവാസി വരുമാനം 9580 രൂപയും. മലപ്പുറം ജില്ലയുടെ ആളോഹരി പ്രവാസി വരുമാനം 7487 രൂപയാണ്. അതാകട്ടെ സംസ്ഥാന ശരാശരിയേക്കാള്‍ താഴെയും.

ഉദ്യോഗരംഗം, തൊഴില്‍, ഭൂമി, വിദ്യാഭ്യാസം, വരുമാനം തുടങ്ങിയ മിക്ക മേഖലകളിലും മുസ്‌ലിംകള്‍ ബഹുദൂരം പിന്നിലാണ്. ആളോഹരി വാര്‍ഷിക വരുമാനത്തില്‍ കേരളത്തില്‍ 13-ാം സ്ഥാനമാണ് മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറം ജില്ലയ്ക്കുള്ളത്.

ജനസംഖ്യാ വളര്‍ച്ചാനിരക്കിന്റെ കാര്യത്തിലും 2004നെ അപേക്ഷിച്ച് മുസ്‌ലിം സമുദായം പിറകോട്ട് തന്നെയാണ്. മുസ്‌ലിം ജനസംഖ്യ സംബന്ധിച്ച് പ്രചരിപ്പിക്കപ്പെടുന്ന വംശീയ നിറമുള്ള പ്രസ്താവനകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല എന്നാണ് സര്‍വേ റിപ്പോര്‍ട്ട് കാണിക്കുന്നത്.

ഏതെങ്കിലും മുസ്‌ലിം കല്യാണത്തിന്റെ റീല്‍സോ ആഢംബര വീടുകളോ കണ്ട് സമുദായത്തെ വിലയിരുത്തുന്നതും യാഥാര്‍ഥ്യവും തമ്മില്‍ വിദൂര ബന്ധം മാത്രമേ ഉള്ളൂ. സോഷ്യല്‍ മീഡിയയിലെ അത്തരം വീഡിയോകള്‍ക്കു താഴെ ചൊരിയുന്ന വംശീയ വിദ്വേഷ കമന്റുകളുടെ പശ്ചാത്തലം ഏതെങ്കിലും വസ്തുതകളോ കണക്കോ അല്ല എന്നത് നഗ്‌ന യാഥാര്‍ഥ്യമാണ്. മറിച്ച്, അത്തരം പ്രസ്താവനകളുടെയും പ്രചാരണങ്ങളുടെയും ചോദന ശുദ്ധമായ വംശീയതയും ഇസ്‌ലാം ഭീതിയും മാത്രമാണ്.

എന്തിനാണ് സംവരണം?

ഇവിടെ ഏറ്റവും പ്രധാനമായ ചോദ്യം, യാതൊരു ഡാറ്റയുടെയും പിന്‍ബലമില്ലാതെ സാമ്പത്തിക സംവരണത്തിലൂടെ മുന്നാക്ക വിഭാഗത്തിന് അധിക പ്രാതിനിധ്യം വാരിക്കോരി കൊടുക്കുന്ന സര്‍ക്കാര്‍, യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള അതിപിന്നാക്ക വിഭാഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കാന്‍ സന്നദ്ധമാകുമോ എന്നതാണ്. പരിഷത്തിന്റെ പഠന റിപ്പോര്‍ട്ടിനെ തള്ളിക്കളയാന്‍ ഇടതുപക്ഷത്തിന് സാധിക്കുമോ?

സംവരണം എന്നത് ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയോ ക്ഷേമ പദ്ധതിയോ അല്ല. അത് അധികാര പങ്കാളിത്തത്തില്‍ നിന്ന് ചരിത്രപരമായി തുടച്ചുനീക്കപ്പെട്ടവര്‍ക്ക് നല്‍കുന്ന ഭരണഘടനാപരമായ പരിഹാരമാണ്. സംവരണം ഉണ്ടായിട്ടും ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം നേടാന്‍ മുസ്‌ലിംകള്‍ക്ക് സാധിച്ചിട്ടില്ല എന്നതാണ് നിലവിലെ ചിത്രം.

ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ പിന്നാക്കമായിപ്പോവുകയും അധികാരത്തില്‍ നിന്ന് പിന്തള്ളപ്പെടുകയും ചെയ്ത വിവിധ സമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈഴവ, മുസ്‌ലിം, ലത്തീന്‍, നാടാര്‍, ധീവര, വിശ്വകര്‍മ, എസ്.ഐ.യു.സി നാടാര്‍, ഹിന്ദു നാടാര്‍, മറ്റു ക്രൈസ്തവര്‍, മറ്റു പിന്നാക്ക ഹിന്ദു വിഭാഗങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗം എന്നീ വിഭാഗങ്ങള്‍ക്കാണ് നിലവില്‍ സംവരണമുള്ളത്.

എന്നാല്‍ ഈ സമുദായങ്ങളില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നത് മുസ്‌ലിം സമുദായമാണ് എന്നത് ഏറെ ഗൗരവമേറിയ വിഷയമാണ്. സംവരണത്തിനെതിരെ എക്കാലത്തും പല കോണുകളില്‍ നിന്നും ശബ്ദം ഉയര്‍ന്നിട്ടുണ്ട്. ഒലിഗാര്‍ക്കി സമുദായങ്ങളും വരേണ്യവര്‍ഗങ്ങളും സംവരണത്തിന് എതിരാണ്. സംവരണം വര്‍ഗീയത വളര്‍ത്തുന്നു എന്ന പ്രചാരണമാണ് അവരുടെ ആയുധം.

അതിന് സഹായകരമായ വിധത്തില്‍ പാഠപുസ്തകങ്ങളില്‍ പരാമര്‍ശങ്ങളും ഉണ്ടായിട്ടുണ്ട്. സാമുദായിക സംവരണം വര്‍ഗീയത സൃഷ്ടിക്കുമെന്നത് സവര്‍ണ ലോബിയുടെ വാദമാണ്. സാമ്പത്തിക സംവരണത്തിന്റെ വക്താക്കളായ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇങ്ങനെ അഭിപ്രായമുണ്ട്.

കമ്യൂണിസ്റ്റ് താത്വികാചാര്യന്‍ ഇ എം എസ് അക്കാലത്ത് സാമ്പത്തിക സംവരണത്തിനു വേണ്ടി വാദിച്ചിരുന്നു. അതുകൊണ്ടുതന്നെ 'ബ്രാഹ്മിണ്‍ ബോയ്‌സ്' എന്നാണ് അന്നത്തെ കമ്യൂണിസ്റ്റ് നേതാക്കളെ അംബേദ്കര്‍ വിശേഷിപ്പിച്ചത്. രാജ്യത്തെ ഭരണഘടനാ വിദഗ്ധരും സാമൂഹിക പ്രവര്‍ത്തകരും ഒട്ടേറെ ചര്‍ച്ച നടത്തിയാണ് സാമുദായിക സംവരണം ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നത്.

ഇന്ത്യയിലെ അടിസ്ഥാന യൂണിറ്റ് വ്യക്തികളല്ല, സമുദായമാണ്. ഗ്രാമങ്ങളാണ് എന്നായിരുന്നു ഗാന്ധിയുടെ വാദം. എന്നാല്‍, ഇന്ത്യ അനുഭവിക്കുന്ന മുഴുവന്‍ പ്രശ്‌നങ്ങളും എടുത്തു പരിശോധിച്ചാല്‍, അതില്‍ ജാതിവിവേചനം ഒരു അടിസ്ഥാന കാരണമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. അതുകൊണ്ടാണ് സമുദായങ്ങളെ അടിസ്ഥാന യൂണിറ്റായി മനസ്സിലാക്കുന്ന വ്യവസ്ഥകള്‍ നമ്മുടെ ഭരണഘടനയില്‍ ഉണ്ടായത്.

സമുദായങ്ങളെ അടിസ്ഥാന യൂണിറ്റായി മനസ്സിലാക്കുന്ന ഭരണഘടനയുടെ മൗലിക ഭാവത്തെ അട്ടിമറിക്കുന്നതായിരുന്നു 103-ാം ഭരണഘടനാ ഭേദഗതിയിലൂടെ 2019ല്‍ കൊണ്ടുവന്ന മുന്നാക്ക സംവരണം. സാമ്പത്തിക സംവരണമെന്ന പേരിലാണ് അത് നടപ്പാക്കിയതെങ്കിലും ഫലത്തില്‍ അത് മുന്നാക്ക ജാതിയില്‍ പെട്ടവര്‍ക്ക് മാത്രമുള്ള സംവരണമാണ്.

മുന്നാക്ക ജാതി സംവരണത്തിന് അര്‍ഹതയുള്ളവരാണ് ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തെ എതിര്‍ക്കുന്നത് എന്ന വിരോധാഭാസം കൂടി ഇതിനു പിന്നിലുണ്ട്. 'മുന്നാക്ക ജാതിയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമാണ് സംവരണം' എന്നതാണ് ഉന്നത വര്‍ഗങ്ങളുടെ ന്യായീകരണം.

യഥാര്‍ഥത്തില്‍ സംവരണം എന്നതുതന്നെ ജനസംഖ്യാനുപാതികമായി പ്രാതിനിധ്യമില്ലാത്ത സമുദായങ്ങള്‍ക്കുള്ള 'പോസിറ്റീവ് ഡിസ്‌ക്രിമിനേഷനാ'ണ്. അതിനെ അട്ടിമറിച്ചുകൊണ്ടാണ് സാമ്പത്തിക സംവരണം ഇവിടെ നടപ്പായിട്ടുള്ളത്. സാമുദായിക സംവരണത്തെ വര്‍ഗീയതയുടെ കാരണമായി അവതരിപ്പിക്കുന്നതിലൂടെ, പ്രാതിനിധ്യം നേടാന്‍ ശ്രമിക്കുന്ന പിന്നാക്ക സമുദായങ്ങളോടുള്ള കെറുവാണ് പ്രകടമാകുന്നത്.

സാമുദായിക സംവരണത്തെ വര്‍ഗീയതയുടെ കാരണമായി അവതരിപ്പിക്കുന്നതിലൂടെ, പ്രാതിനിധ്യം നേടാന്‍ ശ്രമിക്കുന്ന പിന്നാക്ക സമുദായങ്ങളോടുള്ള വിദ്വേഷമാണ് പ്രകടമാകുന്നത്.

ജാതി വിവേചനവും സവര്‍ണ അധീശത്വവുമാണ് ഇന്ത്യയിലെ രാഷ്ട്രീയ-സാമൂഹിക പ്രശ്‌നങ്ങളുടെ അടിവേര്. ഈ യാഥാര്‍ഥ്യം മറച്ചുവെക്കാനാണ് ഇരകളായ സമുദായങ്ങളെ തന്നെ കുറ്റക്കാരാക്കി മാറ്റുന്ന സംവരണവിരുദ്ധ വാദങ്ങള്‍ പ്രചരിപ്പിക്കുന്നത്.

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കേരള പഠനം സമ്പൂര്‍ണമോ സമഗ്രമോ അല്ല. അതിന് പരിമിതികളുണ്ട് എന്നു തിരിച്ചറിയുന്നു. സാംപ്ള്‍ സര്‍വേ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഹെഡ് കൗണ്ട് അടിസ്ഥാനമാക്കി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സര്‍ക്കാരിന് മാത്രമേ സാധിക്കൂ. അതുകൊണ്ടാണ് ജാതി സെന്‍സസ് കൂടി നടത്തണമെന്ന് ആവശ്യപ്പെടുന്നത്. താത്ക്കാലികമെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അതിന് തയ്യാറായത് സ്വാഗതാര്‍ഹമാണ്.

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഈ റിപ്പോര്‍ട്ട് കേരള സര്‍ക്കാറിന്റെ കണ്ണു തുറപ്പിക്കേണ്ടതുണ്ട്. സാമ്പത്തിക സംവരണം വഴി മുന്നാക്ക വിഭാഗത്തിന് അധിക പ്രാതിനിധ്യം ഉറപ്പുവരുത്തിയ ഈ സര്‍ക്കാര്‍, യഥാര്‍ഥത്തില്‍ അര്‍ഹമായതുപോലും നിഷേധിക്കപ്പെടുന്ന മുസ്‌ലിം-പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളോട് നീതി കാണിക്കുമോ?

അതിനു തയ്യാറല്ലെങ്കില്‍, കേരള വികസന മാതൃകയെക്കുറിച്ചും സാമൂഹിക നീതിയെക്കുറിച്ചുമുള്ള 'ബിജിഎം ഇട്ടുള്ള' പ്രചാരണം ഓഫാക്കുകയെങ്കിലും വേണം.

ആദ്യഭാഗം വായിക്കാന്‍:

സാമൂഹികനീതി; ഇടതുപക്ഷം കണ്ണുപൊത്തിക്കളി നിര്‍ത്താന്‍ നേരം വൈകി


ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍ അധ്യാപകൻ, എഴുത്തുകാരൻ. ശബാബ് വാരികയുടെ എക്സിക്യൂട്ടീവ് (ഹോണററി) എഡിറ്ററും ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. മലയാളത്തിലും അറബിയിലുമായി ആറ് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.