സാമൂഹികനീതി; ഇടതുപക്ഷം കണ്ണുപൊത്തിക്കളി നിര്‍ത്താന്‍ നേരം വൈകി


സാമൂഹിക നീതിയെ ഏറ്റവുമധികം വെല്ലുവിളിക്കുന്ന സാമ്പത്തിക- സവര്‍ണ സംവരണം നടപ്പാക്കിയ ഭരണകൂടം സാമൂഹിക നീതി തങ്ങളുടെ തലവേദനയല്ലെന്ന് പ്രത്യക്ഷമായി തന്നെ പ്രഖ്യാപിക്കുകയായിരുന്നു. വ്യക്തിഗത പരിഹാരങ്ങളിലേക്ക് നീങ്ങുന്ന അരാഷ്ട്രീയതയാണ് 2019ല്‍ ഇടതുപക്ഷം കാണിച്ചത്.

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഒന്നാം കേരള പഠന റിപ്പോര്‍ട്ടിന്റെ 15-ാം പേജില്‍ കേരള വികസന മാതൃക നേരിടുന്ന വെല്ലുവിളിയെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: ''കേരള മാതൃക ആന്തരികമായിത്തന്നെ വികലവും നിലനില്പില്ലാത്തതുമാണെന്ന വാദമാണ് വലതുപക്ഷം മുന്നോട്ടുവെക്കുന്നത്. സ്വതന്ത്ര വിപണിയെ ആശ്രയിച്ചുള്ള വികസനമാണ് അവരുടെ മന്ത്രം.

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ രണ്ടാം കേരള പഠന റിപ്പോര്‍ട്ട്

സാമൂഹിക നീതി സര്‍ക്കാരിന്റെ തലവേദനയല്ല എന്നാണ് അവരുടെ പക്ഷം. തത്വത്തിലല്ലെങ്കിലും പ്രയോഗത്തില്‍ സാമൂഹിക നീതിയില്‍ ഊന്നുന്ന രാഷ്ട്രീയ സമീപനങ്ങള്‍ക്കു പകരം വ്യക്തിഗത പരിഹാരങ്ങളിലേക്ക് നീങ്ങുന്ന അരാഷ്ട്രീയതയ്ക്ക് മാന്യത കൈവന്നിരിക്കുന്നു.''

കേരള വികസന മാതൃകയെ എതിര്‍ക്കുന്ന നവ ലിബറല്‍ അജണ്ടകളെക്കുറിച്ചാണ് ഈ പറയുന്നത്. ഇടതുപക്ഷത്തിന്റെ തന്നെ രാഷ്ട്രീയത്തെ റദ്ദു ചെയ്യുന്ന അരാഷ്ട്രീയതയാണ് സാമൂഹിക നീതിക്കു നേരെയുള്ള കടന്നാക്രമണം. ഈ കാര്യം പരിഷത്ത് 2006ലാണ് പ്രഖ്യാപിക്കുന്നതെങ്കില്‍ 2019ല്‍ ഇന്ത്യയില്‍ ആദ്യമായി സാമ്പത്തിക സംവരണം നടപ്പാക്കിക്കൊണ്ട് സാമൂഹിക നീതിയെ അട്ടിമറിക്കാന്‍ തുടക്കമിട്ടത് ഇതേ ഇടതുപക്ഷം തന്നെയാണ്.

വ്യക്തിഗത പരിഹാരങ്ങളിലേക്ക് നീങ്ങുന്ന അരാഷ്ട്രീയതയാണ് അന്ന് കാണിച്ചത്. പിന്നീട് ഭരണഘടനാ ഭേദഗതിയോടെ ഇന്ത്യയില്‍ ആകമാനം 10 ശതമാനം സവര്‍ണ സംവരണത്തിന് കളമൊരുക്കുന്നതില്‍ സവര്‍ണ ഫാസിസ്റ്റുകള്‍ക്ക് മുന്‍ മാതൃക നല്‍കിയത് കേരളത്തിലെ ഇടതുപക്ഷമാണ് എന്നത് ഒട്ടും അതിശയകരമല്ല.

സാമൂഹിക നീതിയെ ഏറ്റവുമധികം വെല്ലുവിളിക്കുന്ന സാമ്പത്തിക- സവര്‍ണ സംവരണം നടപ്പാക്കിയവര്‍ സാമൂഹിക നീതി തങ്ങളുടെ തലവേദനയല്ല എന്ന് വളരെ പ്രത്യക്ഷമായി തന്നെ പ്രഖ്യാപിക്കുകയായിരുന്നു. അപ്പോള്‍, മുമ്പ് പരിഷത്തുകാര്‍ വലതുപക്ഷത്തിനു നേരെ ഉന്നയിച്ച ഈ ആരോപണം ഇപ്പോള്‍ ആര്‍ക്കൊക്കെയാണ് ബാധകമാകുന്നത്?

2006ലെ കേരള പഠന റിപ്പോര്‍ട്ടും സാമൂഹിക നീതിയെക്കുറിച്ചുള്ള ചര്‍ച്ചയും വീണ്ടും കടന്നുവരാനുണ്ടായ സാഹചര്യം രണ്ടാം കേരള പഠന റിപ്പോര്‍ട്ടാണ്. 2004നും 2019നും ഇടയിലുള്ള കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലത്തെ കേരള ജീവിതത്തില്‍ ഉണ്ടായ മാറ്റങ്ങളെക്കുറിച്ചുള്ള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 'കേരള പഠനം 2.0' പുറത്തിറങ്ങിയിട്ടുണ്ട്.

സാംപിള്‍ സര്‍വേ അടിസ്ഥാനമാക്കിയുള്ള വിവരശേഖരണവും ലഭ്യമായ സര്‍ക്കാര്‍ ഡാറ്റകളും മറ്റു ശാസ്ത്രീയ വിശകലന ഉപാധികളും ഉപയോഗിച്ചുള്ള ഈ പഠനം പരിമിതികള്‍ ഉണ്ടെങ്കിലും കനപ്പെട്ട സംഭാവനയാണ്.

മുന്നാക്ക ആധിപത്യം

സര്‍ക്കാര്‍ സര്‍വീസുകളില്‍ മുന്നാക്കവിഭാഗത്തിന്റെ മൃഗീയമായ ആധിപത്യമാണ് സര്‍വേ റിപ്പോര്‍ട്ടില്‍ തെളിഞ്ഞുകാണുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജോലികളില്‍ മുന്നാക്ക ഹിന്ദു വിഭാഗത്തിന്റെ അധിക പ്രാതിനിധ്യം ജനസംഖ്യയേക്കാള്‍ രണ്ടിരട്ടിയാണ്.

അഥവാ 111 ശതമാനം അധിക പ്രാതിനിധ്യം കേന്ദ്ര സര്‍ക്കാര്‍ ജോലികളിലും 83 ശതമാനം അധിക പ്രാതിനിധ്യം സംസ്ഥാന സര്‍ക്കാര്‍ ജോലികളിലുമുണ്ട്. സാമ്പത്തിക സംവരണത്തിന്റെ 10 ശതമാനം കൂടി ചേരുമ്പോള്‍ വിവേചനത്തിന്റെ തോത് ഭീകരമാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

അധികാര പങ്കാളിത്തം ലഭ്യമാകാതെ പോയ സാമുദായിക-സാമൂഹിക വിഭാഗങ്ങള്‍ക്കു വേണ്ടി അനുവദിച്ച സംവരണം എന്ന ഭരണഘടനാധിഷ്ഠിത പരിഹാര മാര്‍ഗത്തെ കൊഞ്ഞനം കുത്തുകയാണ് ഇവിടെ ചെയ്യുന്നത്. അതേ സംവരണത്തിന്റെ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് മുന്നാക്ക സമുദായങ്ങള്‍ സര്‍ക്കാര്‍ സര്‍വീസുകളില്‍ അനര്‍ഹമായ പ്രാതിനിധ്യം നേടിയെടുക്കുകയാണ്.

ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം എന്നതാണ് സാമൂഹിക നീതി. ഒരു സാമൂഹിക വിഭാഗം ജനസംഖ്യയില്‍ എത്ര ശതമാനമാണോ ഉള്ളത് അത്രതന്നെ സര്‍ക്കാര്‍ സര്‍വീസുകളിലും ഉണ്ടായിരിക്കുക എന്നതാണല്ലോ നീതി. അതായത്, കേരള ജനസംഖ്യയില്‍ 10 ശതമാനമാണ് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗമെങ്കില്‍ മൊത്തം സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ അത്രതന്നെ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ ഉണ്ടായിരിക്കണം.

ഇതേ നിയമമാണ് മുന്നാക്ക ഹിന്ദു, മുന്നാക്ക ക്രിസ്ത്യന്‍, പിന്നാക്ക ഹിന്ദു, പിന്നാക്ക ക്രിസ്ത്യന്‍, മുസ്‌ലിം ജനവിഭാഗങ്ങളുടെ കാര്യത്തിലും ഉണ്ടാകേണ്ടത്. ഓരോ ജനവിഭാഗത്തിന്റെയും ജനസംഖ്യയിലെ തോത് അനുസരിച്ച് സര്‍ക്കാര്‍ സര്‍വീസുകളിലും ഉണ്ടാവണം.

മുസ്‌ലിം പ്രാതിനിധ്യം

കേരള സംസ്ഥാന പിന്നാക്ക വികസന കമ്മിഷന്റെ കീഴിലുള്ള എംപ്ലോയീസ് ഡാറ്റാബേസ് വെബ്‌പോര്‍ട്ടല്‍ നേരത്തേ സര്‍ക്കാര്‍ സര്‍വീസിലെ സാമുദായിക പ്രാതിനിധ്യത്തിന്റെ കണക്ക് പുറത്തുവിട്ടിരുന്നു. പി ഉബൈദുല്ല എംഎല്‍എയുടെ ചോദ്യത്തിന് ഉത്തരമായി മുന്‍ മന്ത്രി കെ രാധാകൃഷ്ണന്‍ നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് ഈ കാര്യങ്ങള്‍ ഉണ്ടായിരുന്നത്.

വിവിധ സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ വകുപ്പുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, എയ്ഡഡ് സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, ബോര്‍ഡ്, കോര്‍പ്പറേഷനുകള്‍ എന്നിങ്ങനെയുള്ള വിവിധ ഡിപാര്‍ട്ട്‌മെന്റുകളിലെ 316 ഓഫീസുകളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്.

ഈ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ആകെയുള്ളത് 5,45,423 സ്ഥിരം ജീവനക്കാരാണ്. അതില്‍ 36.09 ശതമാനം മുന്നാക്ക വിഭാഗത്തില്‍ നിന്നാണ്. സര്‍വിസിലെ ഒ.ബി.സി പ്രാതിനിധ്യം 2,85,335 ആണ്. ഇതു മൊത്തം സര്‍വീസില്‍ ഉള്ളവരുടെ 52.31 ശതമാനമാണ്. പട്ടികജാതി വിഭാഗം 9.49 ശതമാനവും പട്ടികവര്‍ഗം 1.45 ശതമാനവുമാണ്.

സര്‍ക്കാര്‍ സര്‍വിസില്‍ ഏറ്റവും വലിയ കുറവ് നേരിടുന്ന വിഭാഗം മുസ്‌ലിംകളാണ്. മുസ്‌ലിം ജനവിഭാഗത്തില്‍ നിന്ന് ആകെയുള്ള ജീവനക്കാരുടെ എണ്ണം 73,774 ആണ്. അതായത് എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളിലുമായി 13.51 ശതമാനം മാത്രമാണ് മുസ്‌ലിം പ്രാതിനിധ്യം. 2011ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ജനസംഖ്യയില്‍ 28.15 ശതമാനമാണ് മുസ്‌ലിം ജനവിഭാഗം.

ജനസംഖ്യാനുപാതികമായി പ്രാതിനിധ്യമുണ്ടാവുക എന്നതാണ് അടിസ്ഥാനപരമായി പൂര്‍ത്തീകരിക്കേണ്ട സാമൂഹിക നീതി. അങ്ങനെ നോക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ജോലികളില്‍ മുസ്‌ലിംകളുടെ പ്രാതിനിധ്യക്കുറവ് 1578 ശതമാനമാണ്!

ജനസംഖ്യാനുപാതികമായ അര്‍ഹത വെച്ച് വിലയിരുത്തുമ്പോള്‍ മുസ്‌ലിം സമുദായത്തിന് 102 ശതമാനത്തിന്റെ കുറവാണ് നിലവിലുള്ളത്. അന്നത്തെ ഈ കണക്കുകളെ സാധൂകരിക്കുന്ന വിധത്തില്‍ തന്നെയാണ് കേരള പഠനത്തിലെയും സര്‍വേ റിപോര്‍ട്ടുകള്‍.

ജനസംഖ്യാനുപാതികമായി പ്രാതിനിധ്യമുണ്ടാവുക എന്നതാണ് അടിസ്ഥാനപരമായി പൂര്‍ത്തീകരിക്കേണ്ട സാമൂഹിക നീതി. അങ്ങനെ നോക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ജോലികളില്‍ മുസ്‌ലിംകളുടെ പ്രാതിനിധ്യക്കുറവ് 1578 ശതമാനമാണ്. അതായത് ഇപ്പോഴുള്ള മുസ്‌ലിം ഉദ്യോഗസ്ഥരുടെ എണ്ണത്തിന്റെ 15 ഇരട്ടി കൂടി ഉണ്ടാകുമ്പോള്‍ മാത്രമാണ് മുസ്‌ലിംകള്‍ക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിക്കുക.

കേരള സര്‍ക്കാര്‍ ജോലികളിലെ പ്രാതിനിധ്യക്കുറവ് 98 ശതമാനമാണ്. അതായത് ഇപ്പോഴുള്ളതിന്റെ ഇരട്ടി ആളുകള്‍ കൂടി സര്‍വീസില്‍ എത്തുമ്പോള്‍ മാത്രമാണ് ആനുപാതിക പ്രാതിനിധ്യം പൂര്‍ത്തിയാവുക. ഞെട്ടിക്കുന്ന ഈ യാഥാര്‍ഥ്യത്തെ ഇനിയും മുഖവിലയ്‌ക്കെടുക്കാന്‍ ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറായിട്ടില്ല എന്നതാണ് സങ്കടകരം; പ്രതിഷേധാര്‍ഹവും.


ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍ അധ്യാപകൻ, എഴുത്തുകാരൻ. ശബാബ് വാരികയുടെ എക്സിക്യൂട്ടീവ് (ഹോണററി) എഡിറ്ററും ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. മലയാളത്തിലും അറബിയിലുമായി ആറ് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.