ചരിത്രം പറയുന്നു; ക്യാഷ് വഖ്ഫ് സാധ്യമാണ്


ഉസ്മാനിയ ഖിലാഫത്തിന്റെ കാലത്ത് ക്യാഷ് വഖ്ഫ് ധാരാളമായി വര്‍ധിച്ചുവന്നു. ഇതിന്റെ സാധുത സംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങള്‍ പണ്ഡിതന്മാര്‍ക്കിടയിലുണ്ടായി.

സ്മാനിയ ഖിലാഫത്തിന്റെ കാലത്താണ് ക്യാഷ് വഖ്ഫ് ധാരാളമായി വര്‍ധിച്ചുവന്നത്. സമൂഹത്തില്‍ ചാരിറ്റി ചെയ്യാന്‍ ഉദ്ദേശിക്കുന്നവരെല്ലാം പണം വഖ്ഫായി നല്‍കാന്‍ സന്നദ്ധരായി. കാലക്രമേണ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സ്ഥിര വരുമാനം ഉറപ്പാക്കാനുള്ള പുതിയൊരു ആശയമായി ക്യാഷ് വഖ്ഫ് മാറി.

വലിയ തോതിലുള്ള പണം വഖ്ഫ് ആയി മാറ്റി നിക്ഷേപിക്കുകയും അങ്ങനെ ആ നിക്ഷേപങ്ങളില്‍ നിന്നുള്ള സ്ഥിരമായ വരുമാനത്തിലൂടെ ഈ ധര്‍മ സ്ഥാപനങ്ങളുടെ ചെലവുകളും ആവശ്യങ്ങളും നിറവേറ്റാന്‍ ഉപയോഗിക്കുകയും ചെയ്തു.

ഡോ. മുഹമ്മദ് അര്‍നാഊത് പറയുന്നു: 'ഇത്തരത്തിലുള്ള വഖ്ഫ് ഒരു ചെറുകിട സാമ്പത്തിക സ്ഥാപനമായി രൂപാന്തരപ്പെട്ടു. അത് സാമ്പത്തിക ജീവിതത്തെ വേറിട്ട രീതിയില്‍ സജീവമാക്കി. ഇത് വ്യാപാരികള്‍ക്കും കരകൗശല വിദഗ്ധര്‍ക്കും അവരുടെ വ്യാപാരങ്ങളിലോ കൈത്തൊഴില്‍ പദ്ധതികളിലോ നിക്ഷേപിക്കാനായി വലിയ തോതിലുള്ള മൂലധനം നല്‍കി. വര്‍ഷാവസാനത്തോടെ ഈ വ്യാപാരികള്‍ മൂലധനത്തോടൊപ്പം ലാഭത്തിന്റെ ഒരു ഭാഗവും തിരിച്ചുനല്‍കി' (ദൗറുല്‍ വഖ്ഫ് ഫില്‍ മുജ്തമആത്തുല്‍ ഇസ്‌ലാമിയ്യ).

ഇതൊരു ശൃംഖലയായി തുടരാന്‍ സാധിച്ചുവെന്നതാണ് ഓട്ടോമന്‍ കാലത്തെ ക്യാഷ് വഖ്ഫിന്റെ വിജയചരിത്രം പറയുന്നത്. സ്വാഭാവികമായും ഇതിന്റെ നിയമസാധുത സംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങള്‍ പണ്ഡിതന്മാര്‍ക്കിടയിലുണ്ടായി. ക്യാഷ് വഖ്ഫിനെ അനുകൂലിച്ചും പ്രതികൂലിച്ചും രചനകള്‍ പ്രത്യക്ഷപ്പെട്ടു.

ഈ വിഷയത്തില്‍ രചിക്കപ്പെട്ട പ്രശസ്ത ഗ്രന്ഥങ്ങളില്‍ ഒന്നാണ് മുഫ്തി അബൂ സഊദ് രചിച്ച രിസാലത്തുന്‍ ഫീ സിഹ്ഹത്തി വഖ്ഫു ദറാഹിം വ ദനാനീര്‍. ഇതില്‍ അദ്ദേഹം പണം വഖ്ഫ് ചെയ്യുന്നത് സാധുവാണെന്ന് ഫത്‌വ നല്‍കി. ചില പണ്ഡിതര്‍ അതിനെ എതിര്‍ത്തു; അവരില്‍ ഒരാളാണ് ആലിം മുഹമ്മദ് അല്‍ബര്‍ഖവി. അദ്ദേഹം ഇതിനെ ഖണ്ഡിച്ച് കൊണ്ട് സൈഫുസ്വാരിം ഫീ അദ്മി വഖ്ഫുന്നുഖൂദ് വ ദറാഹിം എന്ന ഗ്രന്ഥം രചിച്ചു. ഇതില്‍ പണം വഖ്ഫ് ചെയ്യുന്നത് അസാധുവാണെന്ന് വാദിച്ചു.

പ്രാമാണിക വിശകലനം

ദിനാര്‍, ദിര്‍ഹം, ഭക്ഷണപാനീയങ്ങള്‍, മെഴുക് തുടങ്ങിയ സത്ത നിലനില്‍ക്കുമ്പോള്‍ പ്രയോജനം ലഭിക്കാത്തവയെ വഖ്ഫ് ആക്കാന്‍ കഴിയില്ല എന്നാണ് ഇബ്‌നുഖുദാമ അഭിപ്രായപ്പെട്ടിരിക്കുന്നത് (അല്‍മുഗന്നി, 6:34, 1968). അതുപോലെ, ഇമാം അബൂഹനീഫ ജംഗമ വസ്തുക്കളില്‍ വഖ്ഫ് സാധൂകരിക്കുന്നില്ല.

എന്നാല്‍, അദ്ദേഹത്തിന്റെ മദ്ഹബില്‍ ഉള്‍പ്പെട്ട ഖാദി അബൂയൂസുഫ് ആയുധങ്ങള്‍ പോലുള്ളവ വഖ്ഫ് നല്‍കാമെന്ന് വ്യക്തമാക്കുകയുണ്ടായി. ഹനഫി, മാലികി, ഹന്‍ബലി മദ്ഹബിലെ ചില പണ്ഡിതന്മാരും ഇമാം ഇബ്‌നുതൈമിയ പോലുള്ളവരും ക്യാഷ് വഖ്ഫിനെ അംഗീകരിച്ചിട്ടുണ്ട്.

ഹനഫി പണ്ഡിതനായ മുഹമ്മദ് ബിന്‍ ഹസന്‍ ശൈബാനി (ഹിജ്‌റ 131-189) ജംഗമ വസ്തുക്കളിലെ വഖ്ഫിനെ അംഗീകരിച്ചിട്ടുണ്ടെങ്കിലും ക്യാഷ് വഖ്ഫ് സംബന്ധിച്ച് പ്രത്യേക പരാമര്‍ശങ്ങളൊന്നും നടത്തിയിട്ടില്ല. അക്കാലത്ത് ക്യാഷ് വഖ്ഫ് പരിചിതമായ ഒരു വിഷയമാകാത്തത് കൊണ്ടായിരിക്കാം സൂചനകളൊന്നും കാണാത്തതെന്ന് ഉമ്മുല്‍ഖുറാ യൂണിവേഴ്‌സിറ്റിയിലെ ഡോ. അബ്ദുല്ല ബിന്‍ മുസ്‌ലിഹ് അഭിപ്രായപ്പെടുന്നുണ്ട് (വഖ്ഫുന്നുഖൂദ്, ജാമിഅ ഉമ്മുല്‍ ഖുറാ).

എന്നാല്‍, ശൈബാനിയുടെ ശിഷ്യനായ സഫര്‍ ബിന്‍ ഹുദൈല്‍ ബസ്വരിയും അദ്ദേഹത്തിന്റെ ശിഷ്യനായ അബൂഅബ്ദില്ല അന്‍സ്വാരിയും ക്യാഷ് വഖ്ഫ് അനുവദിച്ചുകൊണ്ടുള്ള നിലപാടാണ് സ്വീകരിച്ചത്. ക്യാഷ് വഖ്ഫിനെ നിരസിച്ച പണ്ഡിതന്മാരെല്ലാം തന്നെ അതിന്റെ സ്ഥായിയായ സ്വഭാവം നിലനിര്‍ത്താനുള്ള കഴിവില്ലായ്മായാണ് ആധാരമാക്കിയത്.

ക്യാഷ് വഖ്ഫിനെ നിരുത്സാഹപ്പെടുത്തുന്നതോ നിരോധിക്കുന്നതോ ആയ യാതൊരു പ്രാമാണിക രേഖയും ഇല്ല. വഖ്ഫിന് അനിവാര്യമായും ഉണ്ടാവേണ്ട തഅ്ബീദ് (സ്ഥിരഭാവം) എന്ന നിബന്ധന പൂര്‍ത്തീകരിക്കാന്‍ ക്യാഷ് വഖ്ഫിന് കഴിയുമോ എന്ന വിശകലനമാണ് എതിര്‍ക്കുന്ന പണ്ഡിതന്മാര്‍ നടത്തിയത്.

അതുകൊണ്ട് തന്നെ സ്ഥിരഭാവം എന്ന നിബന്ധന പാലിക്കുന്ന ക്യാഷ് വഖ്ഫ് ഇസ്‌ലാമിക പ്രമാണമനുസരിച്ച് സാധുവാണ്. പണത്തിന് തുല്യമായ മൂല്യമുള്ള വസ്തു സ്വീകരിച്ച് കടം കൊടുക്കുകയോ ലാഭമുണ്ടാക്കുന്ന വിധത്തില്‍ കച്ചവടത്തിലേക്ക് നല്‍കുകയോ ചെയ്യുകയാണെങ്കില്‍ ക്യാഷ് വഖ്ഫിന്റെ സ്ഥിരഭാവം നിലനില്‍ക്കുകയും പ്രയോജനം ലഭിക്കുകയും ചെയ്യും.

എന്തുകൊണ്ട് സാധുവാണ്?

ക്യാഷ് വഖ്ഫ് സംബന്ധമായി വന്ന ഏതാനും പണ്ഡിതാഭിപ്രായങ്ങള്‍ ഇങ്ങനെ: അതിന്റെ വഖ്ഫ് പ്രയോജനം കടം കൊടുക്കുന്നതിലൂടെയാണ്. വായ്പക്ക് പകരമായി നല്‍കിയ സ്വത്തിലൂടെ സ്ഥിരഭാവം നിലനില്‍ക്കുന്നത് പോലെ കണക്കാക്കുന്നു (താജുല്‍ ഇക്‌ലീല്‍, 6:21). ജംഗമ സ്വത്ത് വഖ്ഫായി നല്‍കുന്നതിന് സാധുത നല്‍കുന്നതാണ് മുഹമ്മദ് ഇബ്‌നുല്‍ ഹസന്റെ അഭിപ്രായം.

അതിന്റെ വഖ്ഫ് പ്രയോജനം അത് കടം കൊടുക്കുന്നതിലൂടെയോ അല്ലെങ്കില്‍ കച്ചവടം ചെയ്യുന്ന ഒരാള്‍ക്ക് മുദാറബയായി നല്‍കുന്നതിലൂടെയോ ആണ്. അതില്‍ നിന്ന് ലഭിക്കുന്ന ലാഭം വഖ്ഫ് ആവശ്യത്തിന് നല്‍കപ്പെടുന്നു (ഹാശിയത്തു ഇബ്‌നു ആബിദീന്‍ 4:363).

ദിര്‍ഹം വഖ്ഫ് ചെയ്യുന്നത് അനുവദനീയമാണ്, അങ്ങനെ അത് വായ്പകള്‍ക്കും മറ്റും ഉപയോഗിക്കാം. ശൈഖ് തഖിയുദ്ദീന്റെ വീക്ഷണമിതാണ് (കിതാബുല്‍ ഇന്‍സാഫ്, അലാഉദ്ദീന്‍ അല്‍ മര്‍ദാവി). ഇബ്‌നു തീമിയ്യയുടെ അഭിപ്രായം ഇങ്ങനെ: 'ഈ ദിര്‍ഹമുകള്‍ ദരിദ്രര്‍ക്ക് കടം കൊടുക്കാനാണ് ഞാന്‍ വഖ്ഫ് ചെയ്തത് എന്ന് വാഖിഫ് പറഞ്ഞിട്ടുണ്ടെങ്കില്‍, അതിന് അനുവാദം നല്‍കാവുന്നതാണ്.

എന്നിരുന്നാലും, അദ്ദേഹം രണ്ട് കറന്‍സികള്‍ക്കോ അല്ലെങ്കില്‍ സമാനമായ മറ്റെന്തെങ്കിലുമോ പകരമായി പ്രയോജനപ്പെടുത്താവുന്നത് പ്രഖ്യാപിച്ചാല്‍, അത്തരം വഖ്ഫിന്റെ സാധുത നിഷേധിക്കുന്നത് സംശയാസ്പദമാണ്; പ്രത്യേകിച്ച് നാം പുലര്‍ത്തുന്ന തത്വമനുസരിച്ച്.

പ്രയോജനം നഷ്ടപ്പെട്ടാല്‍ ഒരു വഖ്ഫ് വില്‍ക്കുന്നത് അനുവദനീയമാണ് (പകരം അതേ പോലുള്ളവ വഖ്ഫായി സ്വീകരിക്കണം) എന്നതാണ് നമ്മുടെ തത്വം. വിലക്കപ്പെട്ട ആഭരണങ്ങള്‍ ധരിച്ച ഒരു കുതിരയെ വഖ്ഫ് നല്‍കിയ ആളെക്കുറിച്ച് അഹ്മദ് പ്രസ്താവിച്ചു: ആഭരണങ്ങള്‍ വിറ്റ് അതിനുള്ള ചെലവുകള്‍ നല്‍കുക. ഇത്തരമൊരു വഖ്ഫിന്റെ അനുവാദത്തെ ഇത് വ്യക്തമായി സൂചിപ്പിക്കുന്നു.' (ഫതാവല്‍ കുബ്‌റാ, 5:425-426).

ഇന്ന് ഏറെ ജനപ്രിയമായിരിക്കുന്ന ഹലാല്‍ മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തിക്കൊണ്ടും ക്യാഷ് വഖ്ഫിനെ ഉപയോഗപ്പെടുത്താം.

വഖ്ഫ് നിക്ഷേപത്തെയും അവയുടെ വരുമാനത്തെയും ലാഭത്തെയും കുറിച്ചുള്ള മജ്മഉല്‍ ഫിഖ്ഹില്‍ ഇസ്‌ലാമിയുടെ 140-ാമത് തീരുമാനം (6/15) ഇങ്ങനെയാണ്: ഇസ്‌ലാമിക നിയമമനുസരിച്ച് പണം വഖ്ഫ് ചെയ്യുന്നത് അനുവദനീയമാണ്. കാരണം വഖ്ഫിന്റെ നിയമപരമായ ലക്ഷ്യം -മൂലധനം നിലനിര്‍ത്തുകയും പ്രയോജനം എടുക്കുകയും ചെയ്യുക- ഇതിലൂടെ നേടിയെടുക്കുന്നു.

അതുപോലെ, പണം നിശ്ചിത രൂപത്തിലുള്ളതല്ല എന്നതിനാല്‍ അതിന്റെ പകരക്കാര്‍ വഴിയും സ്ഥാനം നികത്തപ്പെടുന്നു. വായ്പയ്ക്കും നിക്ഷേപത്തിനുമായി പണം വഖ്ഫ് ചെയ്യുന്നത് അനുവദനീയമാണ്; നേരിട്ട് പൂര്‍ണമായോ, അല്ലെങ്കില്‍ നിരവധി വാഖിഫുമാരുടെ പങ്കാളിത്തത്തിലൂടെയോ ഇത് സാധ്യമാണ്.

ക്യാഷ് വഖ്ഫിനെ പ്രോത്സാഹിപ്പിക്കുന്നതിനും അവയില്‍ കൂട്ടായ പങ്കാളിത്തം നേടുന്നതിനും ഇത് സഹായിക്കും. പണമായ വഖ്ഫ് ഒരു സ്വത്തില്‍ നിക്ഷേപിച്ചാല്‍ -ഉദാഹരണത്തിന്, വഖ്ഫിന് മേല്‍നോട്ടം വഹിക്കുന്ന വ്യക്തി അതുപയോഗിച്ച് ഭൂമി വാങ്ങുകയോ വസ്തുക്കള്‍ നിര്‍മ്മിക്കുകയോ ചെയ്താല്‍- ആ സ്വത്തുക്കള്‍ സ്വതന്ത്രമായി വഖ്ഫ് ആകുന്നില്ല, പണത്തിന്റെ പകരം അവ വഖ്ഫ് സ്ഥാനത്ത് എത്തുന്നതുമല്ല.

മറിച്ച്, ആ സ്വത്തുക്കള്‍ വീണ്ടും നിക്ഷേപം തുടരുന്നതിനായി വിറ്റഴിക്കാം; അപ്പോഴും വഖ്ഫ് ആയി നിലനില്‍ക്കുന്നത് ആ ആദിമ പണത്തുകയാണ് (ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്).

ശൈഖ് ഇബ്‌നു ഉസൈമീന്‍ പറഞ്ഞു: 'ഒരു വ്യക്തി ദരിദ്രര്‍ക്കു വായ്പ നല്‍കാനായി പണം (ദിര്‍ഹം) വഖ്ഫ് ആയി നിശ്ചയിക്കുകയും, 'ഇത് ആവശ്യമുള്ളവര്‍ക്ക് വായ്പ നല്‍കുന്നതിനായി വഖ്ഫ് ആണെന്ന്' പറയുകയും ചെയ്താല്‍ അത് ശരിയായ വഖ്ഫ് ആകുമോ, ഇല്ലെയോ?

മദ്ഹബ് വീക്ഷണ (ഹന്‍ബലി) പ്രകാരം ഇത് ശരിയാവുകയില്ല; കാരണം, പണം പ്രയോജനപ്പെടുത്തുന്നത് അതിനെ ചെലവഴിച്ചുകൊണ്ടാണ്. വായ്പയെടുത്തയാള്‍ അത് ഉപയോഗിച്ച് ആവശ്യങ്ങള്‍ നിറവേറ്റുകയും, അതുവഴി പണം ചെലവായി പോവുകയും ചെയ്യും.

എന്നാല്‍ ഈ വിഷയത്തിലുള്ള ശരിയായ അഭിപ്രായം ഇങ്ങനെയാണ്: ഇത് അനുവദനീയമാണ്. കാരണം, നശിച്ചുപോകുന്ന വസ്തുക്കളെ (ഉപയോഗത്തിലൂടെ കാലക്രമേണ നശിക്കുന്നവയെ) വഖ്ഫ് ചെയ്യുന്നത് അനുവദനീയമാണെങ്കില്‍, ഇത്തരത്തിലുള്ള പണം വഖ്ഫ് ചെയ്യുന്നതു അതിനേക്കാള്‍ മുന്‍ഗണനാ യോഗ്യമാണ്. വായ്പയെടുത്തയാള്‍ പണം തിരികെ നല്‍കുന്നതിനാല്‍ അത് സ്ഥിരമായി നിലനില്‍ക്കും.

അതിനാല്‍, ആവശ്യമുള്ളവര്‍ക്ക് വായ്പ നല്‍കുന്നതിനായി പണം വഖ്ഫ് ചെയ്യുന്നത് ശരിയാണ്. ഇതില്‍ യാതൊരു തടസ്സവുമില്ല, നിരോധനത്തിന് തെളിവുമില്ല. അതിന്റെ ഉദ്ദേശ്യമാകട്ടെ മറ്റുള്ളവര്‍ക്കു നന്മ ചെയ്യലുമാണ്.' (ശര്‍ഹുല്‍ മുംതിഅ്, ഭാഗം 11, പേജ് 18).

പുതിയ കാലം

ഈ കാലത്ത് ക്യാഷ് വഖ്ഫിന് വലിയ പ്രാധാന്യമുണ്ട്. മൈക്രോഫിനാന്‍സ് രംഗത്ത് സജീവമായി നിലയുറപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. അതുവഴി കച്ചവടക്കാര്‍ക്കും പണം ആവശ്യമുള്ളവര്‍ക്കും പലിശരഹിത സംവിധാനത്തിലൂടെ പണം കണ്ടെത്താന്‍ സാധിക്കും.

ബിസിനസ് സംരംഭങ്ങളിലെ ലിക്വിഡിറ്റി പ്രതിസന്ധി പരിഹരിക്കാനും ക്യാഷ് വഖ്ഫ് ഉപയോഗിക്കാവുന്നതാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ പ്രയോജനം ലഭിച്ചവര്‍ സ്വമേധയാ ക്യാഷ് വഖ്ഫിന് മേല്‍നോട്ടം വഹിക്കുന്നവര്‍ക്ക് ഇഷ്ടദാനമായി സംഭാവനകള്‍ കൂടി നല്‍കുകയാണെങ്കില്‍ മൂലധനത്തിന്മേല്‍ ലഭിക്കുന്ന മറ്റൊരു പ്രയോജനമായി അത് മാറും.

അതുപോലെ, ഇന്ന് ഏറെ ജനപ്രിയമായിരിക്കുന്ന ഹലാല്‍ മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തിക്കൊണ്ടും ക്യാഷ് വഖ്ഫിനെ ഉപയോഗപ്പെടുത്താവുന്നതാണ്. നിക്ഷേപത്തുക നിലനിര്‍ത്തുകയും ലാഭം മാത്രമെടുത്ത് വഖ്ഫിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റുകയും ചെയ്യാം. അങ്ങനെ വരുമ്പോള്‍ ചെറിയ സംഖ്യ മാത്രം കൈമുതലായുള്ളവര്‍ക്ക് പോലും വാഖിഫുമാരായി മാറാന്‍ സാധിക്കും.

ഓരോ മാസവും നിശ്ചിത തുക വഖ്ഫിലേക്ക് നീക്കിവെക്കാവുന്ന എസ്.ഐ.പി വഖ്ഫ് ആരംഭിക്കാനും ക്യാഷ് വഖ്ഫിലൂടെ സാധിക്കും. അതോടൊപ്പം, ഏതൊരു കാര്യത്തിന് വേണ്ടിയാണോ വഖ്ഫ് ചെയ്തത് അതിനായി ഇത്തരം നിക്ഷേപങ്ങളുടെ ലാഭം മാത്രം ഉപയോഗിക്കുകയാണ് വേണ്ടത്.

വഖ്ഫ് ഷെയര്‍ സ്‌കീം, കോര്‍പ്പറേറ്റ് വഖ്ഫ് സ്‌കീം, കോഓപ്പറേറ്റീവ് വഖ്ഫ് തുടങ്ങിയ പല രൂപങ്ങളില്‍ മലേഷ്യ, ഇന്തോനേഷ്യ, തുര്‍ക്കി, യു എ ഇ, ഖത്തര്‍, സുഊദി അറേബ്യ പോലുള്ള രാജ്യങ്ങളില്‍ വഖ്ഫ് ഫണ്ടുകള്‍ നിലവിലുണ്ട്. മുസ്‌ലിം സമുദായത്തിന് ഫൈനാന്‍ഷ്യല്‍ ഫ്രീഡം നേടാന്‍ ക്യാഷ് വഖ്ഫിലൂടെ സാധിക്കും.

അതേസമയം, നിക്ഷേപിച്ച കമ്പനി നഷ്ടത്തിലാവുകയോ തകരുകയോ ചെയ്താല്‍ വഖ്ഫ് പണം അന്യാധീനപ്പെടുന്നു എന്ന എതിര്‍വാദവും ഈ വിഷയത്തിലുണ്ട്. ഏതായിരുന്നാലും, സ്ഥാവര സ്വത്ത് വഖ്ഫായി ലഭിക്കുന്നത് കുറഞ്ഞുവരുന്ന ഈ കാലത്ത് ഇത്തരം വിഷയങ്ങളില്‍ ഗവേഷണ പഠനങ്ങള്‍ പണ്ഡിതന്മാര്‍ക്കിടയില്‍ നടക്കേണ്ടതുണ്ട്.

അവലംബം

(1) വഖ്ഫുന്നുഖൂദ്, ഡോ. അബ്ദുല്ല ബിന്‍ മുസ്‌ലിഹ്, ജാമിഅ ഉമ്മുല്‍ ഖുറാ.

(2) വഖ്ഫുന്നുഖൂദ് ഫീ താരീഖില്‍ ഇസ്‌ലാമി, മുഹമ്മദ് കബീര്‍ മൂസ, മജല്ലത്തുല്‍ ഉലൂമില്‍ ഇന്‍സാനിയ്യ വത്വബീഇയ്യ, 2022

(3) അല്‍ മൗസൂഉത്തുല്‍ ഫിഖ്ഹിയ്യ, കിതാബുല്‍ വഖ്ഫ്

(4) അല്‍ ഇന്‍സാഫു ഫീ മഅ്‌രിഫത്തി അര്‍റാജിഹ്, വാള്യം 4, അലാഉദ്ദീന്‍ അല്‍മര്‍ദാവി, ദാറു ഇഹ്‌യാഉത്തുറാസ്, ബൈറൂത്ത്, 1955.

(5) അല്‍ ഫിഖ്ഹുല്‍ ഇസ്‌ലാമി വ അദില്ലത്തുഹു, വാള്യം 2, വഹ്ബ മുസ്തഫ സുഹൈലി, ദാറുല്‍ ഫിക്ര്‍, സിറിയ.

(6) അല്‍വഖ്ഫ് ഫില്‍ ആലമില്‍ ഇസ്‌ലാമി, ഡോ. മുഹമ്മദ് അര്‍നാഊത്, കുവൈത്ത്, 2011

(7) ഛേേീാമി ഇമവെ ണമൂള:െ അി അഹലേൃിമശേ്‌ല എശിമിരശമഹ ട്യേെലാ, ങലവാല േആൗഹൗ േമിറ ഇലാ ഗീൃസൗ,േ കിശെഴവ േഠൗൃസല്യ, ഖൗില 2019

(8) കിതാബു ഫതാവല്‍ കുബ്‌റ, വാള്യം 5, ഇബ്‌നു തൈമിയ, ദാറുല്‍ കുതുബുല്‍ ഇല്‍മിയ്യ, ബൈറൂത്ത്

(9) മജ്മഉല്‍ ഫിഖ്ഹില്‍ ഇസ്‌ലാമി, ഔദ്യോഗിക വെബ്‌സൈറ്റ്, സഊദി അറേബ്യ

(10) ശറഹുല്‍ മുംതിഅ്, വാള്യം 11, മുഹമ്മദ് സാലിഹ് ബിന്‍ ഉസൈമിന്‍, ദാറു ഇബ്‌നുല്‍ ജൗസി, സഊദിഅറേബ്യ,2008

ആദ്യഭാഗം വായിക്കാന്‍: സമുദായത്തിന്റെ ഫിനാന്‍ഷ്യല്‍ ഫ്രീഡം സാധ്യമാക്കുന്ന ക്യാഷ് വഖ്ഫ്


ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍ അധ്യാപകൻ, എഴുത്തുകാരൻ. ശബാബ് വാരികയുടെ എക്സിക്യൂട്ടീവ് (ഹോണററി) എഡിറ്ററും ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. മലയാളത്തിലും അറബിയിലുമായി ആറ് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.