സത്ത നിലനില്‍ക്കുകയും അതില്‍ നിന്നുള്ള ഉപകാരം ദാനം ചെയ്യുവാന്‍ സാധിക്കുന്നതുമാകണം വഖ്ഫ്.
വഖ്ഫ് എന്നാല്‍ സാങ്കേതികമായി പിടിച്ചു വെക്കുക, മാറ്റി വെക്കുക എന്നൊക്കെയാണ് ഉദ്ദേശിക്കുന്നത്. എന്നെന്നും നിലനില്‍ക്കുന്ന ദാനധര്‍മമാണത്. വഖ്ഫിന് ഇസ്‌ലാമില്‍ വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. പ്രവാചകന്റെ സ്ഥിരപ്പെട്ട സുന്നത്താണ് ഇതിന്റെ പ്രാമാണിക പിന്‍ബലം.
ഉമര്‍(റ)നോട് ഖൈബറിലെ ഭൂമി ദാനം ചെയ്യാന്‍ പ്രവാചകന്‍ (സ) നിര്‍ദ്ദേശിക്കുന്ന ഹദീസില്‍ നിന്ന് വഖ്ഫിന്റെ നിബന്ധനകള്‍ വ്യക്തമാണ്. ഖൈബറിലെ ഭൂമി നിലനിര്‍ത്തുകയും അതില്‍ നിന്നുള്ള ഉപകാരങ്ങള്‍ പാവപ്പെട്ടവര്‍ക്കായി നല്‍കുകയും ചെയ്യുക എന്നാണ് പ്രവാചകന്‍ നല്‍കിയ ഉപദേശം.
ഇതിന്റെ അടിസ്ഥാനത്തില്‍ വഖ്ഫിന് പണ്ഡിതന്മാര്‍ നല്‍കിയ നിര്‍വചനം ഇങ്ങനെയാണ്; സത്ത നിലനില്‍ക്കുകയും അതില്‍ നിന്നുള്ള ഉപകാരം ദാനം ചെയ്യുവാന്‍ സാധിക്കുന്നതുമാകണം. ഭക്ഷണം പോലെയുള്ളവ വഖ്ഫ് ചെയ്യാന്‍ സാധിക്കില്ല. കാരണം, അത് ഉപയോഗിക്കുന്നതോടെ തീര്‍ന്നുപോകുമല്ലോ.
ചരിത്രത്തിലുടനീളം വഖ്ഫ് എന്ന പ്രക്രിയ ഒരു സാമൂഹിക- സാമ്പത്തിക മൂലധനമായി പ്രവര്‍ത്തിച്ചതായി കാണാന്‍ സാധിക്കും. വിവിധ രൂപത്തില്‍ ദാനധര്‍മങ്ങള്‍ ചെയ്യാനും വഖ്ഫ് ചെയ്യാവുന്നവ ആ രൂപത്തില്‍ എന്നെന്നും നിലനില്‍ക്കുന്ന ദാനമായി ചെയ്യാനും സ്വഹാബിമാര്‍ മത്സരിച്ചിരുന്നു.
ഇബ്‌നു ഖുദാമ അല്‍മുഗ്‌നിയില്‍ രേഖപ്പെടുത്തുന്നു; ജാബിര്‍(റ) പറഞ്ഞു: പ്രവാചകന്റെ സ്വഹാബിമാരില്‍ കഴിവുണ്ടായിട്ടും വഖ്ഫ് ചെയ്യാത്ത ആരുമുണ്ടായിരുന്നില്ല (അല്‍മുഗ്‌നി 6:4). വഖ്ഫ് എന്ന സുന്നത്തിന് മുസ്‌ലിം സമൂഹം നല്‍കിയ പ്രാധാന്യമാണ് നാം തിരിച്ചറിയേണ്ടത്.
ഉസ്മാനിയ ഖിലാഫത്ത് ആറ് നൂറ്റാണ്ട് കാലം ദാരിദ്ര്യ നിര്‍മാര്‍ജന രംഗത്ത് വിജയകരമായി പ്രവര്‍ത്തിച്ചതിന്റെ ഏറ്റവും പ്രധാനപ്പെട്ട അവലംബം വഖ്ഫ് ആയിരുന്നുവെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കര്‍മശാസ്ത്രപണ്ഡിതര്‍ വഖ്ഫിന് ചില നിബന്ധനകള്‍ വെച്ചിട്ടുണ്ട്.
(1). വഖ്ഫ് ചെയ്യപ്പെടുന്നവ വ്യക്തമായിരിക്കണം. വഖ്ഫിന്റെ സത്ത കേടുകൂടാതെ തന്നെ അതില്‍ നിന്ന് ഉപകാരമെടുക്കാന്‍ സാധിക്കണം.
(2). വഖ്ഫ് ചെയ്യപ്പെടുന്നവ ഉപകാരമുള്ളതായിരിക്കണം.
(3). പ്രത്യേകമോ അറിയപ്പെടുന്നതോ ആയ ഉദ്ദേശ്യത്തിനായിരിക്കണം.
(4). എന്താവശ്യത്തിനാണോ വഖ്ഫ് ചെയ്യുന്നത് പ്രസ്തുത ആവശ്യം സ്ഥിരമായിരിക്കണം. ഒരു പ്രത്യേക കാലയളവില്‍ മാത്രമായി പരിമിതപ്പെടാത്തതും ഒരു പ്രത്യേക സംഭവത്തെ ആശ്രയിച്ച് മാത്രമുള്ളതോ ആകാനും പാടില്ല. വാഖിഫിന്റെ മരണം വരെ എന്ന കാലയളവിന് ഇവിടെ ഇളവ് നല്‍കുന്നുണ്ട്.
(5). വാഖിഫ് അഥവാ ദാതാവ് തന്റെ ദാനം വിനിയോഗിക്കാന്‍ അധികാരമുള്ള ഒരാളായിരിക്കണം. തന്റെ ഉടമസ്ഥതയിലുള്ളത് മാത്രമേ വഖ്ഫ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. (മൗസൂഉല്‍ ഫിഖ്ഹിയ്യ, വാള്യം 2).
ഇസ്‌ലാമിക നിയമമനുസരിച്ച്, വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും വഖ്ഫ് സാധുവാണ്. ഞാന്‍ വഖ്ഫ് ചെയ്തു എന്നു വ്യക്തമാകുന്ന വാക്കുകളും വഖ്ഫ് ആണെന്ന് ഉദ്ദേശ്യം നല്‍കുന്ന പ്രവര്‍ത്തനങ്ങളിലൂടെയും ഒരു വസ്തുവിനെ വഖ്ഫ് ചെയ്യാവുന്നതാണ്. ഒരു പള്ളി നിര്‍മിച്ച് ആളുകളെ നമസ്‌കാരത്തിലേക്ക് ക്ഷണിക്കുന്നതും ഒരു ആശുപത്രി നിര്‍മിച്ച് ആളുകളെ സൗജന്യ ചികിത്സക്ക് ക്ഷണിക്കുന്നതും വഴി പ്രവര്‍ത്തനത്തിലൂടെ വഖ്ഫാക്കി മാറ്റാം.
ക്യാഷ് വഖ്ഫ്
വഖ്ഫിന്റെ എല്ലാ നിബന്ധനകളും സാധൂകരിക്കുന്ന വിധത്തില്‍ നാണയങ്ങളും കറന്‍സികളും വഖ്ഫായി നല്‍കാമെന്ന് വിവിധ പണ്ഡിതന്മാരും പണ്ഡിത സഭകളും അഭിപ്രായപ്പെട്ടിട്ടുണ്ട്. പണം വഖ്ഫായി നല്‍കുന്നത് സംബന്ധിച്ച് പൗരാണികവും ആധുനികവുമായ പണ്ഡിതന്മാര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.
സാധാരണ ഗതിയില്‍ സ്ഥാവര വസ്തുക്കള്‍ (immovable) മാത്രമേ വഖ്ഫായി നല്‍കാവൂ എന്നൊരു ധാരണ പലര്‍ക്കുമുണ്ട്. എന്നാല്‍, ജംഗമ (movable) വസ്തുക്കളും വഖ്ഫായി നല്‍കാവുന്നതാണ്. പക്ഷെ, വഖ്ഫിന്റെ പൊതുവായ നിബന്ധനകള്‍ പാലിക്കുന്നതാകണം. ഭൂമിയോട് ബന്ധിപ്പിക്കപ്പെട്ടിട്ടുള്ള മരവും കെട്ടിടങ്ങളും രൂപമാറ്റം കൂടാതെ ഒരു സ്ഥലത്ത് നിന്ന് നീക്കാനാവില്ല എന്നത് കൊണ്ട് സ്ഥാവരമായാണ് പരിഗണിക്കുന്നത്.
എന്നാല്‍ ഹനഫീ മദ്ഹബിലെ പണ്ഡിതന്മാര്‍ ഭൂമിയല്ലാത്ത എല്ലാ വസ്തുക്കളും ജംഗമമായാണ് പരിഗണിക്കുന്നത്. കെട്ടിടം, മരങ്ങള്‍ എന്നിവയുള്ള ഒരു ഭൂമി വില്‍ക്കുകയാണെങ്കില്‍, സ്ഥാവര വസ്തുക്കളുടെ വ്യവസ്ഥകള്‍ ഭൂമിയുടെ ഭാഗമായ കെട്ടിടങ്ങള്‍ മുതലായവയ്ക്ക് ബാധകമാണ്.
ജംഗമ വസ്തുക്കളെ വഖ്ഫ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പണ്ഡിതന്മാര്‍ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചത്.
എന്നിരുന്നാലും, ഭൂമി ഒഴികെയുള്ള കെട്ടിടമോ മരങ്ങളോ മാത്രം വില്‍ക്കുകയാണെങ്കില്‍, സ്ഥാവര വ്യവസ്ഥകള്‍ അവയ്ക്ക് ബാധകമല്ല. മറിച്ച് അവ ജംഗമ സ്വത്തിലാണ് ഉള്‍പ്പെടുന്നത് (അല്‍ ഫിഖ്ഹുല്‍ ഇസ്‌ലാമി വ അദില്ലത്തുഹു, വഹ്ബ സുഹൈലി, 4:2882).
ജംഗമ വസ്തുക്കളെ വഖ്ഫ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പണ്ഡിതന്മാര്‍ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചത്. ഇത്തരം വസ്തുക്കളെ പൊതുവെ രണ്ടായി തിരിക്കാം. ഒന്ന്, സത്ത നിലനില്‍ക്കെ തന്നെ ഉപകാരമെടുക്കാന്‍ കഴിയുന്ന ജംഗമ വസ്തുക്കള്‍.
മൃഗം, ആയുധം, ഉപകരണങ്ങള്‍ തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു. മാലികി മദ്ഹബും ഹനഫി മദ്ഹബിലെ ഖാദി അബൂയൂസുഫ്, മുഹമ്മദ് ബിന്‍ ഹസന്‍ ശൈബാനി തുടങ്ങിയ പൗരാണിക പണ്ഡിതന്മാര്‍ ജംഗമ വസ്തുക്കളുടെ വഖ്ഫിനെ അനുകൂലിക്കുന്നവരാണ് (ഫത്ഹുല്‍ ഖദീര്‍, 5:49).
രണ്ട്, ഉപഭോഗത്തിലൂടെ സത്ത തീര്‍ന്നുപോകുന്ന ജംഗമ വസ്തുക്കള്‍. ഭക്ഷണം, പാനീയം തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു. ഇത്തരം വസ്തുക്കള്‍ വഖ്ഫിന്റെ പ്രധാന നിബന്ധനയായ സത്ത അവശേഷിക്കുക എന്ന മാനദണ്ഡം പാലിക്കുന്നില്ല. ഈ രണ്ട് വിഭാഗങ്ങളില്‍ പണം ഏതിലുള്‍പ്പെടുന്നു എന്നതാണ് വഖ്ഫ് സാധ്യമാകുമോ എന്ന ചോദ്യത്തിന്റെ അടിസ്ഥാനം.
പണത്തിന്റെ ഉപകാരമെടുക്കുക വഴി അത് ഉപഭോഗത്തിലൂടെ തീര്‍ന്നുപോകുമെന്ന് മനസ്സിലാക്കുന്നവര്‍ അതിനെ ഈ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത്. എന്നാല്‍, വിവിധ രൂപത്തില്‍ പണത്തെ ഉപയോഗിക്കുവാനും സത്ത അവശേഷിപ്പിക്കുവാനും സാധിക്കുമെന്ന് മനസ്സിലാക്കിയവര്‍ പണത്തെ ആദ്യ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയും ക്യാഷ് വഖ്ഫ് സാധുവാണെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു.
പണത്തിന്റെ മൂല്യത്തിന് തുല്യമായ ഒരു വസ്തുവിന് പകരമായി കടം നല്‍കുക, ലാഭമെടുക്കാവുന്ന തരത്തില്‍ കച്ചവടം ചെയ്യുന്നതിന് പണം നല്‍കുക തുടങ്ങിയ രൂപത്തില്‍ പണം കൊണ്ട് ഉപകാരമെടുക്കുവാനും സത്ത നിലനിര്‍ത്തുവാനും സാധിക്കും. ഈ രൂപത്തിലുള്ള ക്യാഷ് വഖ്ഫ് സംബന്ധിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകള്‍ പണ്ഡിതന്മാര്‍ സ്വീകരിച്ചിട്ടുണ്ട്.
(അവസാനിക്കുന്നില്ല)
