വിശുദ്ധി കാത്തുസൂക്ഷിക്കാനുള്ള നിയമങ്ങളും നിര്‍ദേശങ്ങളും നല്‍കി അനുഗ്രഹിച്ച ദാതാവിനെ അറിയാന്‍ ശ്രമിക്കാതിരിക്കുമ്പോഴാണ് ആത്മാവിന് അഴുക്കു പറ്റുന്നത്. നല്ല വചനമാണ് അവനിലേക്ക് കയറിപ്പോവുക. നല്ല കര്‍മമാണ് അവനിലേക്ക് ഉയര്‍ത്തപ്പെടുക.
ആദരിക്കപ്പെട്ട സുന്ദര സൃഷ്ടിപ്പാണ് മനുഷ്യരുടേത്. ആ വൈശിഷ്ട്യവും മനോഹാരിതയും നിലനിര്‍ത്താനുള്ളതെല്ലാം സൃഷ്ടികര്‍ത്താവ് നമുക്ക് കനിഞ്ഞേകിയിരിക്കുന്നു. ശരീരത്തിന്റെ പോഷണത്തിനെല്ലാം ഒരുക്കിവെച്ചതു പോലെ ആത്മാവിന്റെ പോഷണത്തിനുള്ളതും അവന്‍ ഒരുക്കിവെച്ചിട്ടുണ്ട്. വിലപ്പെട്ട മനുഷ്യജന്മം അഴുക്കു പറ്റാതിരിക്കാനും അധഃപതിക്കാതിരിക്കാനുമായി.
വിശുദ്ധി കാത്തുസൂക്ഷിക്കാനുള്ള നിയമങ്ങളും നിര്‍ദേശങ്ങളും നല്‍കി അനുഗ്രഹിച്ച ദാതാവിനെ അറിയാന്‍ ശ്രമിക്കാതിരിക്കുമ്പോഴാണ് ആത്മാവിന് അഴുക്കു പറ്റുന്നത്. ഓരോ ദിവസവും വൃത്തിയും വിശുദ്ധിയുമുള്ളവരായിത്തീരാനുള്ള കര്‍മങ്ങള്‍ നമുക്കായി ഒരുക്കിയിരിക്കുന്ന പരമകാരുണികനായ റബ്ബ് എത്ര പരിശുദ്ധനാണ്!
തന്റെ ഉത്കൃഷ്ടനായ അടിമയെ അഴുക്കിലേക്ക് പതിക്കാതെ കാത്തുസൂക്ഷിക്കാനായി അഞ്ചു നേരം കുളിച്ചുകയറുന്നതുപോലെയാണ് അഞ്ചു നേരത്തെ നമസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്. നിശ്ചിത സമയം ഇടവിട്ട് ക്ലീന്‍ ചെയ്തുകൊണ്ടിരിക്കാന്‍ അവസരമേകുന്നത്, തന്റെ അടിമകളെ നന്നായി അറിയുന്ന പരിപാലകനാണ്.
ഓരോ നിമിഷവും തെറ്റിലേക്കും ധാര്‍ഷ്ട്യത്തിലേക്കും നന്ദികേടിലേക്കും പോകാന്‍ അതീവ സാധ്യതയുള്ള ദുന്‍യാവിന്റെ പരിസരത്തില്‍, മലിനപ്പെടാതിരിക്കാന്‍ അവസരമേകുന്ന സ്‌നേഹക്കടലാണ് അല്ലാഹു. ദിനേന ഒരു പ്രാവശ്യമല്ല അഞ്ചു നേരമാണ് കഴുകിത്തുടക്കാനും തിരിച്ചു നടക്കാനും അവന്‍ അവസരം നല്‍കുന്നതും കാത്തുവെക്കുന്നതും.
ഈ പ്രപഞ്ചത്തില്‍ അത്രമേല്‍ വിലപ്പെട്ട തന്റെ അടിമകളെ, സകല കാര്യങ്ങളിലും തന്റെ മൂല്യം കാത്തുസൂക്ഷിക്കണമെന്ന നിര്‍ബന്ധ ബുദ്ധ്യാ സൃഷ്ടിച്ചുണ്ടാക്കിയതാണ്. അവന്‍ സൃഷ്ടിക്കുകയും ശരിയായി സംവിധാനിക്കുകയും നിശ്ചയിക്കുകയും വഴികാണിക്കുകയും ചെയ്തിരിക്കുന്നു. നല്ലതും ചീത്തയും ഇവിടെ വ്യക്തമാണ്. അവ രണ്ടും ഒരിക്കലും സമമാവില്ല.
നല്ല വചനമാണ് അവനിലേക്ക് കയറിപ്പോവുക. നല്ല കര്‍മമാണ് അവനിലേക്ക് ഉയര്‍ത്തപ്പെടുക. നല്ലതിന് മാത്രമാണ് അവന്റെ അടുക്കല്‍ സ്വീകാര്യതയുണ്ടാകുന്നതും കനമേറുന്നതും. നല്ലതല്ലാത്തത് അവനിലേക്ക് ഉയര്‍ത്തപ്പെടുന്നില്ല. അവയെല്ലാം കനമില്ലാത്ത വെറും ധൂളികളെപ്പോലെയായി മാറും.
ഈ ഭൂമിയില്‍ ഖലീഫയായി മനുഷ്യനെ അവന്‍ അവരോധിക്കുമ്പോള്‍ അവര്‍ക്ക് എത്രമാത്രം ഗുണവിശേഷണങ്ങള്‍ ആവശ്യമാണെന്ന് അവന്‍ വ്യക്തമാക്കുന്നുണ്ട്. എല്ലാ മേഖലകളിലും വിശുദ്ധി സൂക്ഷിച്ചുകൊണ്ടാണ് താന്‍ ജീവിക്കുകയും ഇടപെടുകയും ചെയ്യുന്ന ഇടങ്ങളില്‍ അവന്‍ അടയാളപ്പെടുത്തി കടന്നുപോകുന്നത് എന്നത് അവന്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്.
വലിയ കാര്യങ്ങളിലുള്ള, സമൂഹത്തിനു മുന്നിലുള്ള സൂക്ഷ്മതയും ഭയഭക്തിയും മാത്രമല്ല അവന്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. മറിച്ച്, ഏതു നേരവും അവന്‍ നിരീക്ഷണസ്ഥാനത്തുണ്ട് എന്ന് ഖുര്‍ആന്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു. അവന്റെ ദൃഷ്ടിയില്‍ നിന്ന് ഒന്നും മറഞ്ഞുപോകുന്നില്ല. കണ്ണുകള്‍ അവനെ പ്രാപിക്കുന്നില്ല. എന്നാല്‍ അവന്‍ എല്ലാ കണ്ണുകളെയും അറിയുന്നു.
ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലുമുള്ള സൂക്ഷ്മതയാണ്, വിശുദ്ധിയാണ് അവന്‍ അടിമകളില്‍ നിന്ന് കാംക്ഷിക്കുന്നത്. അവന്റെ പ്രിയം അതിന്റെ അടിസ്ഥാനത്തിലാണ്. ജീവിതത്തെ എന്നും നീചവൃത്തികളില്‍ നിന്നും വെറുപ്പുളവാക്കുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്താനുള്ള പരിചയാണ് നമസ്‌കാരം.
വാക്കിലും നോക്കിലും ചിന്തയിലും കര്‍മത്തിലും അന്നപാനീയങ്ങളിലും രഹസ്യ ജീവിതത്തിലും ഒന്നിച്ചാവുമ്പോഴും ഇടപെടലുകളിലും എല്ലാം മികച്ചതായി നില്‍ക്കാനുള്ള അറിവുകള്‍ അവന്‍ ഏകിയിട്ടുണ്ട്. കൃത്യമായ ഉദ്‌ബോധനം, മാര്‍ഗദര്‍ശനം. നല്ലതേ പറയാവൂ, അല്ലെങ്കില്‍ മൗനം പാലിച്ചു കൊള്ളുക എന്നത് നാവിന്റെ വിശുദ്ധിക്കുള്ള ഉപദേശമാണ്.
ഭൂമിയിലുള്ളതില്‍ നിന്ന് അനുവദനീയമായതും വിശിഷ്ടമായതും ഭക്ഷിക്കുക. അമിതമാകരുത് എന്നത് ഹലാലായ ജീവിതക്രമം വരച്ചുകാട്ടലാണ്. ഗുണകരമായത് മാത്രം കേള്‍ക്കാന്‍ ആവശ്യപ്പെടുന്നതും നന്മയുള്ളത് കാണാന്‍ ആവശ്യപ്പെടുന്നതും കേള്‍വിയും കാഴ്ചയും പവിത്രമായി സൂക്ഷിക്കാനാണ്. ചിന്തകള്‍ പോലും നല്ലതാകാനാണ്, അവന്‍ നോക്കുന്നത് നിങ്ങളുടെ രൂപങ്ങളിലേക്കല്ല മനസ്സിനകത്തേക്കാണ് എന്നു പഠിപ്പിക്കുന്നത്.
മഹത്വത്തിലേക്ക് കടന്നുപോകാനുള്ളതെല്ലാം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമാണ് വര്‍ഷത്തിലൊരിക്കലുള്ള വലിയ കഴുകലിനു നിന്നുകൊടുക്കാന്‍ അവന്‍ ആഹ്വാനം ചെയ്യുന്നത്. ആമാശയം ഒഴിച്ചിട്ടുകൊണ്ട് സൂക്ഷ്മതയിലേക്കുള്ള അതിതീവ്ര പരിശീലനത്താല്‍ സംശുദ്ധനായി നില്‍ക്കാനുള്ള കെല്‍പ് അതിലൂടെ നേടുന്നു.
തെറ്റിന്റെ ചുഴിയില്‍ പെടാതെ കാത്തു സൂക്ഷിക്കാനുള്ള കരുത്ത് അതവനു പകരുന്നുണ്ട്. നല്ലതു മാത്രം പെറുക്കിയെടുത്ത് ഉന്നതിയിലേക്ക് കയറിപ്പോകാന്‍ അവന്‍ ശീലിക്കുന്നു. താഴേക്കു പതിക്കുകയെന്നാല്‍ തീയിലേക്ക് പതിക്കലാണെന്ന് അവനും തിരിച്ചറിവുണ്ടാകുന്നു.
അധ്വാനിച്ചും സമയം ചെലവഴിച്ചും വന്നുചേരുന്ന സമ്പത്ത്, അതു നേടാന്‍ അവസരം കിട്ടാതെ പ്രയാസപ്പെടുന്നവനും കൂടി അവകാശപ്പെട്ടതാണെന്ന് ഉള്‍ക്കൊള്ളുന്നതിലൂടെ അവശവര്‍ഗത്തെ ചേര്‍ത്തുപിടിക്കാനുള്ള വിശാല മനസ്സും സൃഷ്ടിപ്പിനോടുള്ള നന്ദിബോധവും അവനില്‍ നിറയ്ക്കുന്നു. ആവശ്യക്കാരനെ ഉള്‍ക്കൊള്ളാനുള്ള മനോവിശാലതയിലേക്ക് കനിഞ്ഞേകിയവര്‍ തന്നെ കൈപിടിക്കുന്നു.
ജീവിതാനുഭവങ്ങളും പ്രാപഞ്ചിക സത്യങ്ങളും ചരിത്രങ്ങളും വേദവാക്യങ്ങളും അഴുക്കില്‍ നിന്നും അഹങ്കാരത്തില്‍ നിന്നും നമ്മെ കൈപിടിക്കാനുള്ളതാണ്. വിജയിക്കാനുള്ള വിവേകവും വിവേചനശേഷിയും നമ്മില്‍ നിക്ഷേപിച്ചിരിക്കുന്നു. എന്നും ശുദ്ധി നിലനിര്‍ത്തി ജീവിക്കാനുള്ള എല്ലാ അവസരങ്ങളും അന്തരീക്ഷവും നമ്മുടെ മുന്നില്‍ തുറന്നുകിടക്കുമ്പോഴും അടുക്കും ചിട്ടയുമില്ലാത്ത, ക്രമമല്ലാത്ത, ഒരു ജീവിതത്തെയാണ് അധികപേരും തിരഞ്ഞെടുക്കുന്നത്.
സമാധാനത്തിനും ശാന്തിക്കും വേണ്ടിയുള്ളതെല്ലാം തന്നിലും ചുറ്റിലും ഉണ്ടെങ്കിലും, അതു കാണുന്നതില്‍ അന്ധത അവനെ തടയുന്നു. ഒന്നു മനസ്സ് സ്വസ്ഥമാകാന്‍ മനസ്സടുപ്പത്തോടെ അവനെയൊന്നു വിളിക്കാനും അവനില്‍ സുജൂദില്‍ വീഴാനും അവന്റെ തൃപ്തിക്കായി വയറു വിശക്കാനും അവന്റെ പ്രയാസപ്പെടുന്ന ദാസന്മാരെ അലിവോടെ നോക്കാനും ശ്രമിച്ചാല്‍ തന്നെ പതിന്മടങ്ങായി ശാന്തിയും സ്വസ്ഥതയും നിറയും.
ചിന്താശേഷി മാറ്റിവെച്ച് കണ്ണടച്ചിരുട്ടാക്കുന്നവര്‍ക്ക് സ്വസ്ഥതയെന്നത് ഭൗതിക നേട്ടങ്ങളില്‍ നിന്നു മാത്രം ഉരുത്തിരിയുന്ന ഒന്നാണ്. ആ നേട്ടങ്ങളൊന്നും അവനു സ്ഥായിയായ ആനന്ദവും ശാന്തിയും പകരുന്നില്ല എന്ന് പതിയെ അവന്‍ അറിയുന്നുണ്ട്. നേടിയതെല്ലാം കൂടെയുണ്ടെങ്കിലും ആനന്ദിക്കാനായി വീണ്ടും പുതുവഴികള്‍ തേടിയങ്ങനെ അവന്‍ അലയുന്നു.
തിരിച്ചറിവ് നഷ്ടപ്പെട്ടവരെ സംബന്ധിച്ച് ശുദ്ധിയാക്കാനായി സ്രഷ്ടാവ് വെച്ചുതന്നിരിക്കുന്ന കര്‍മങ്ങളെല്ലാം പരിഹാസരൂപേണയാണ് കാണുക. കേവലം നമസ്‌കാരവും വ്രതവും സകാത്തും ഹജ്ജും ദയയും അനുകമ്പയും സേവനവും അതിനൊക്കെ എന്തു മാറ്റമാണ്, വിപ്ലവമാണ് ജീവിതത്തില്‍ വരുത്തിത്തീര്‍ക്കാനാവുക എന്ന് അവര്‍ നിസ്സാരമായി തള്ളുന്നു.
എല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന, സകലതും സംവിധാനിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഏകനില്‍ ഭരമേല്‍പിക്കുമ്പോള്‍ കിട്ടുന്ന ശാന്തിയും നിര്‍ഭയത്വവും അവനെ അറിയാത്തവര്‍ക്ക് എത്ര ചെലവഴിച്ചാലും കറങ്ങിനടന്നാലും കിട്ടാക്കനിയാണ്.
മനസ്സില്‍ തോന്നുന്നത് നിയമവും ജീവിതരീതിയുമാക്കുന്നവരെ ഭരിക്കുന്നത് അഹംഭാവമാണ്. ഒന്നും വെറുതെ ഉണ്ടാവുകയോ സംഭവിക്കുകയോ ഇല്ലയെന്നു ബോധ്യമുള്ളവര്‍ക്കു മുന്നില്‍ ഈ പ്രപഞ്ചവും നമ്മുടെ ജനനവും നാഥനില്ലാതെ സംഭവിച്ചതോ?
ചിന്തിക്കണം. നമ്മുടെ വരവിനും തിരിച്ചുപോക്കിനും എവിടെ എങ്ങനെ എപ്പോള്‍ എന്നു നിശ്ചയിക്കാന്‍ പോലും കഴിവില്ലാത്ത, കൈകടത്തലുകള്‍ നടത്താനാകാത്ത നിസ്സാരത എത്ര ഗര്‍വോടെ കടന്നുപോകുമ്പോഴും നമ്മിലുണ്ട്. എന്നിട്ടും സ്വയം വലിയവന്‍ ചമഞ്ഞ് തനിയെ വന്ന് തനിയെ തീരുന്ന ഒരു ജന്മമായി മാത്രം അവന്‍ അവനെ വിലയിരുത്തുന്നു.
ആശിച്ച പോലെ ജീവിക്കുകയും എവിടെയും കണക്കു പറയേണ്ടിവരാതിരിക്കുകയും ചെയ്യുന്നവര്‍ക്കു മുന്നില്‍ ഈ ദുന്‍യാവ് അവരെ കൊതിപ്പിക്കുകയും ഭ്രമിപ്പിക്കുകയും ചെയ്തു കൊണ്ടേയിരിക്കും. അവര്‍ക്ക് ആരുടെയും വേദനയും നോവും പ്രശ്‌നമല്ല.
ആരുടെ അവകാശങ്ങളും ആവശ്യങ്ങളും അവരുടെ ഉറക്കം കെടുത്തുന്നില്ല. കണ്‍മുന്നിലുള്ള സഹജീവികളുടെ രോദനം കാണാനാകാത്തവനു സൃഷ്ടികര്‍ത്താവിനെ കാണാനാകുന്നില്ല.
ഈ ഭൂമിയില്‍ യോജിച്ച ഒരു ജീവിതം ചിട്ടപ്പെടുത്താന്‍ നമുക്കാകണം. വിനയവും ലാളിത്യവും കൊണ്ടേ അതിനു സാധിക്കുകയുള്ളൂ. നന്ദിബോധമുള്ള മനസ്സു കൊണ്ടേ മഹത്വത്തിലേക്ക് ഉയരാനാകൂ. മനുഷ്യത്വം നിറഞ്ഞ നീക്കത്താല്‍ നാം മനസ്സുകളില്‍ ജീവിക്കും. സൃഷ്ടികര്‍ത്താവിനെ തൃപ്തിപ്പെട്ടു നീങ്ങുമ്പോള്‍ അവന്റെയുള്ളിലും നാം സ്ഥാനം നേടുന്നു. മഹത്വമുള്ളവരുടെ, അലിവുള്ളവരുടെ പാദസ്പര്‍ശത്തിനായി ഭൂമിയെന്നും കൊതിക്കുന്നു.
അഹങ്കാരികളുടെ ചവിട്ടേറ്റു പിടയുന്ന ഭൂമി പരമകാരുണികന്റെ പ്രിയപ്പെട്ട അടിമകളുടെ സൂക്ഷ്മതയുള്ള പാദസ്പര്‍ശത്താല്‍ ആനന്ദിക്കും. ഫറോവയുടെയും കൂട്ടുകാരുടെയും നാശത്തിനു ശേഷം ഖുര്‍ആന്‍ വ്യക്തമാക്കുന്ന വചനങ്ങള്‍ നമ്മെ ഉണര്‍ത്തണം:
''അവരെത്ര തോട്ടങ്ങളും അരുവികളും കൃഷിയിടങ്ങളും മാന്യമായ വാസസ്ഥലവും അനുഗ്രഹങ്ങളും വിട്ടേച്ചു പോയി! അവരതില്‍ രസിക്കുന്നവരായിരുന്നു. അപ്രകാരം നാം അതിനെ മറ്റൊരു ജനതയ്ക്ക് അനന്തരമായി നല്‍കുന്നു. അപ്പോള്‍ ആകാശവും ഭൂമിയും അവരുടെ മേല്‍ കരഞ്ഞില്ല. അവര്‍ക്ക് കാലതാമസം നല്‍കപ്പെട്ടതുമില്ല.''
അഹങ്കാരം മൂത്ത് താന്‍ തന്നെയാണ് സ്രഷ്ടാവും സംഹാരകനുമെന്ന് പ്രഖ്യാപിച്ചവരുടെ ഒടുക്കം എങ്ങനെയാണെന്ന് ചരിത്രം ഓര്‍മിപ്പിക്കുന്നു. കരിമ്പാറകള്‍ തുരന്ന് അതിശയിപ്പിക്കുന്ന കോട്ടകളും കൊട്ടാരങ്ങളും തീര്‍ക്കാന്‍ കൈയൂക്കും മെയ്യൂക്കുമുള്ളവര്‍ക്കും, അവരുടെ ഗര്‍വു കൊണ്ട് അവരെ തേടിയെത്തിയ ശിക്ഷയെ തടുക്കാന്‍ കരുത്ത് പോരായിരുന്നു.
സൃഷ്ടികര്‍ത്താവിനെ തൃപ്തിപ്പെട്ടു നീങ്ങുമ്പോള്‍ അവന്റെയുള്ളിലും നാം സ്ഥാനം നേടുന്നു. മഹത്വമുള്ളവരുടെ, അലിവുള്ളവരുടെ പാദസ്പര്‍ശത്തിനായി ഭൂമിയെന്നും കൊതിക്കുന്നു.
അതിമനോഹരമാകേണ്ടിയിരുന്ന വിലയേറിയ ജീവിതമാണ് അതിന്റെ മൂല്യമറിയാതെ മൃഗസമാനമായും പൈശാചികമായും പലരും ജീവിച്ചുതീര്‍ക്കുന്നത്. സംഘര്‍ഷം നിറഞ്ഞ സാഹചര്യത്തെ അയവുള്ളതാക്കാന്‍ അഴകും ഗുണവുമുള്ള ഇടപെടല്‍ നടത്താന്‍ കഴിവുള്ള ഭൂമിയിലെ ഭരണാധിപനാണ് ഓരോ മനുഷ്യനും.
തനിക്കെതിരെ വരുന്ന ഉപദ്രവങ്ങളെ നീക്കാനും മെരുക്കിയെടുക്കാനും കഴിവുള്ളവന്‍ ഭൂമിയിലുള്ളവയെ ഏറ്റവും ഗുണപരമായി ഉപയോഗിക്കുന്നു. അദ്ഭുതപരമായ കണ്ടുപിടിത്തങ്ങള്‍ നടത്തുന്നവന്‍, ഭൂമിയിലെ സമാധാനത്തിനും ശാന്തിക്കുമായി വിനയമുള്ളൊരു ജീവിതം നയിക്കണമെന്ന് സര്‍വശക്തന്‍ നിഷ്‌കര്‍ഷിക്കുന്നു.
സ്രഷ്ടാവിനെ തിരിച്ചറിയാനും നന്ദിയുള്ളവനായിത്തീരാനും അവനു മുന്നില്‍ ഏറെ അറിവും അനുഭവവുമുണ്ട്. പക്ഷേ, പലപ്പോഴും അത് നന്മയിലേക്കുള്ള തിരിച്ചറിവായി മാറാത്തതിനാല്‍ നാം ഇവിടെ വിട്ടുപിരിയുമ്പോള്‍ നമുക്കു വേണ്ടി ആര് കരയും? നടന്നുപോയ മണ്ണിനു പോലും വേര്‍പാട് താങ്ങാനാവാതെ പിടയുമോ?
നാം ഇവിടെ പരിശുദ്ധ ജന്മമായി അടയാളപ്പെടുത്തുന്നതില്‍ വിജയിച്ചാല്‍ നമ്മുടെ മരണം, തിരിച്ചുപോക്ക് ഈ പ്രപഞ്ചത്തിനുതന്നെ നോവായി മാറും. അത്രമേല്‍ പടച്ചവനും പടപ്പുകള്‍ക്കും പ്രിയമുള്ളൊരാളായി മാറുമ്പോള്‍ നമ്മുടെ വേര്‍പാട് ശോകം വിതറും. ഉപാധികളും നിബന്ധനകളുമില്ലാത്ത ഇഷ്ടം ഒരിക്കലും ചോര്‍ന്നുപോകാതെ നമുക്കുള്ള പ്രാര്‍ഥനയായി മാറും.
തൃപ്തിപ്പെട്ടും തൃപ്തി നേടിയും സ്വര്‍ഗാവകാശിയായി പോകാന്‍ നമുക്ക് സാധിക്കട്ടെ. ചിന്തിക്കൂ, നമുക്കു വേണ്ടി ആകാശവും ഭൂമിയും കരയുമോ?