വംശത്തിന്റെ വേരറുക്കുന്ന കൊടും ക്രൂരത തുടരുമ്പോള്‍


വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും, തലമുറകളെ ഒന്നാകെ ഭൂമൂഖത്തുനിന്നു തുടച്ചുനീക്കി ഒരു വംശത്തിന്റെ വേരുപോലും ഇല്ലാതാക്കാനുള്ള കൊടും ക്രൂരതയാണ് ഇസ്രായേല്‍ നടത്തുന്നത്.

സ്സയില്‍ ഇസ്രായേല്‍ ആരംഭിച്ച നരമേധം രണ്ടു വര്‍ഷം പിന്നിട്ടു. പേരിനൊരു സമാധാനക്കരാറും വെടിനിര്‍ത്തലും സൈനിക പിന്മാറ്റവും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ സ്ത്രീകളും കുട്ടികളും വയോധികരുമടക്കം ഗസ്സ എന്ന തുരുത്തിലെ 20 ലക്ഷത്തിലധികം വരുന്ന ജനതയെ സ്വന്തം കൂരകളില്‍ നിന്ന് ആട്ടിയോടിച്ച് കൊന്നൊടുക്കുന്ന നിഷ്ഠുര കാഴ്ച ലോകം നോക്കിനില്‍ക്കുകയാണ്. 21-ാം നൂറ്റാണ്ടിലെ ഏറ്റവും രക്തരൂഷിതമായ ആക്രമണങ്ങള്‍ക്കാണ് ഗസ്സ സാക്ഷിയാകുന്നത്.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും, തലമുറകളെ ഒന്നാകെ ഭൂമൂഖത്തുനിന്നു തുടച്ചുനീക്കി ഒരു നാടിനെ പൂര്‍ണമായും ഇല്ലാതാക്കാനുള്ള കൊടും ക്രൂരതയാണ് ഇസ്രായേല്‍ എന്ന സയണിസ്റ്റ് രാജ്യം നടത്തുന്നത്. സ്വപ്നങ്ങള്‍ക്കു മേല്‍ തീമഴ പെയ്യുന്ന ജനത സര്‍വവും നഷ്ടപ്പെട്ട് ദിനേന ഒരിടത്തു നിന്നു മറ്റൊരിടത്തേക്ക് സുരക്ഷ തേടി അലയുകയാണ്. ആധുനികലോകത്ത് ഇത്രമേല്‍ ക്രൂരത മറ്റൊരു ജനതയ്ക്കു മേല്‍ ഏതെങ്കിലുമൊരു രാജ്യം പ്രയോഗിച്ചിട്ടുണ്ടോ എന്നു സംശയമാണ്.

ഗസ്സയില്‍ പിറന്നുവീഴുന്ന ഓരോ കുഞ്ഞിനും ജീവന്‍ നിലനിര്‍ത്താനുള്ള പോഷകാഹാരവും ഭക്ഷ്യധാന്യങ്ങളും തടഞ്ഞ് പട്ടിണിയെ യുദ്ധത്തിനുള്ള ആയുധമാക്കിയാണ് ഇസ്രായേല്‍ ഗസ്സയില്‍ കടന്നുകയറുന്നത്. ആധുനിക കാലത്ത് ഇത്രമേല്‍ പട്ടിണി അനുഭവിച്ച മറ്റൊരു ജനത ഇനി ഒരുപക്ഷേ ഉണ്ടാവില്ല. കൊടും പട്ടിണിയില്‍ മാസങ്ങളോളം തുടരുന്ന ഗസ്സയിലെ ജനതയ്ക്ക് ആശ്വാസം ആര് നല്‍കുമെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഇനിയും സാധിച്ചിട്ടില്ല.

150ലധികം രാജ്യങ്ങള്‍ ഫലസ്തീന്‍ രാജ്യത്തെ അംഗീകരിച്ചുവെന്നത് മാത്രമാണ് 66,000ലധികം പേരുടെ ജീവന്‍ നഷ്ടമായ ഗസ്സാ യുദ്ധത്തില്‍ എടുത്തുപറയാവുന്ന ഏക നേട്ടം. ഗസ്സയില്‍ നിന്ന് ഇപ്പോഴും ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍ ഹൃദയം നുറുങ്ങുന്നതാണ്. കുടുംബങ്ങള്‍ കൂട്ടത്തോടെ ഇല്ലാതാകുന്നു. കുഞ്ഞുങ്ങളെ നഷ്ടമായ അമ്മമാരുടെ ആര്‍ത്തനാദം. പിതാവിനെയും മാതാവിനെയും നഷ്ടമായ കുഞ്ഞുങ്ങളുടെ രോദനം അവസാനിക്കുന്നില്ല.

യുദ്ധം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് ഗസ്സയിലെ അമ്മമാരെയും സ്ത്രീകളെയുമാണ്. കണ്‍മുന്നില്‍ പ്രിയപ്പെട്ടവര്‍ ഇല്ലാതാകുന്ന കാഴ്ച കണ്ട് നെഞ്ച് പൊട്ടിക്കരയാന്‍ വിധിക്കപ്പെട്ടവര്‍. പത്ത് മാസം ഉദരത്തില്‍ കൊണ്ടുനടന്ന കുഞ്ഞിനെ ഒരുനോക്ക് കാണാന്‍ പോലുമാകാതെ ഗര്‍ഭത്തിലേ കുഞ്ഞ് മരിച്ചവര്‍... ഇസ്രായേലിന്റെ ക്രൂരതയുടെ ആഴം ഏറ്റവും കൂടുതല്‍ വ്യക്തമാകുന്നത് ഗസ്സയിലെ അമ്മമാരുടെ പ്രതീക്ഷയറ്റ മുഖങ്ങളിലാണ്.

ട്രംപിന്റെ പരിപൂര്‍ണ പിന്തുണയാണ് ഇസ്രായേലിന്റെ ധിക്കാരങ്ങള്‍ക്കെല്ലാം ആധാരം. ലോകം മുഴുവന്‍ എതിര്‍ക്കുമ്പോഴും അമേരിക്ക പിന്തുണക്കുന്നു എന്നതിനാലാണ്, സമാധാനത്തിനായി അഹോരാത്രം മുന്നില്‍ നിന്ന ഖത്തറിനു നേരെ പോലും ഇസ്രായേല്‍ ആക്രമണം നടത്താന്‍ ധൈര്യം കാട്ടിയത്.

ഇസ്രായേലിന്റെ ആക്രമണത്തില്‍ ഗസ്സയിലെ ഒരിടവും സുരക്ഷിതമല്ലാതായിത്തീര്‍ന്നിരിക്കുന്നു. അഭയാര്‍ഥി ക്യാമ്പുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, ജനവാസ മേഖലകള്‍ എന്നിവയെല്ലാം ഇസ്രായേല്‍ ഒന്നിനു പിറകെ ഒന്നായി തകര്‍ത്തെറിയുകയാണ്. ഗസ്സയിലെ 38 ആശുപത്രികളാണ് ഇസ്രായേല്‍ തകര്‍ത്തത്.

ഇതുവരെ 1783 ആരോഗ്യ പ്രവര്‍ത്തകര്‍ ഇസ്രായേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഗസ്സയിലെ മരണത്തിന്റെയും നാശത്തിന്റെയും തോത് പുറത്തുവന്നതിനേക്കാള്‍ എത്രയോ മടങ്ങാണ്. 66,000ല്‍ അധികം പേര്‍ കൊല്ലപ്പെട്ടുവെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുമ്പോഴും ആയിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും കാണാതായിട്ടുണ്ട്. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ ഇവരിലാരും തന്നെ ഇനി തിരിച്ചുവരുമെന്ന് ഒരു പ്രതീക്ഷയുമില്ല.

പരിക്കേറ്റവരുടെ എണ്ണം 1.68 ലക്ഷം കവിഞ്ഞു. ആക്രമണത്തില്‍ ആശുപത്രികള്‍ തന്നെ ഇല്ലാതാകുന്നു. പരിക്കേറ്റവരെക്കൊണ്ട് ഉള്ള ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. ഇസ്രായേലിന്റെ ഉപരോധം കാരണം ഇന്ധനം കിട്ടാക്കനിയായതോടെ അവശേഷിക്കുന്ന ആശുപത്രികള്‍ പോലും ഏതു നിമിഷവും പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന സ്ഥിതിയിലാണ്.

ലക്ഷക്കണക്കിന് ഫലസ്തീനികളാണ് ആക്രമണം ആരംഭിച്ച ശേഷം ഗസ്സയില്‍ നിന്നു പലായനം ചെയ്തത്. സ്വന്തം നാടും വീടും വിട്ട് ജീവനും കൊണ്ടോടുന്ന സാധാരണക്കാര്‍ പോലും ഇസ്രായേലിന്റെ ചോരക്കൊതിക്ക് ഇരയാവുകയാണ്.

യു.എന്നിന്റെ നേതൃത്വത്തിലുള്ള ഭക്ഷ്യവിതരണം പൂര്‍ണമായും അവസാനിപ്പിച്ച് അമേരിക്കയുടെയും ഇസ്രായേലിന്റെയും പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ജിഎച്ച്എഫ് എന്ന സംഘടനയാണ് ഗസ്സയില്‍ ഭക്ഷ്യവിതരണം നടത്തുന്നത്. ഇവിടേക്ക് ഭക്ഷ്യധാന്യം തേടി എത്തുന്നവരെ നിര്‍ബാധം വെടിവെച്ചുകൊന്നാണ് ഇസ്രായേലി പട്ടാളക്കാര്‍ തങ്ങളുടെ ആത്മനിര്‍വൃതി കൊള്ളുന്നത്.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ലോകത്തൊരിടത്തും ഇത്രയധികം സ്ത്രീകളും കുട്ടികളും ഒരു യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടില്ല. ഗസ്സയിലെ 92 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളും തകര്‍ന്ന് തരിപ്പണമായി. 2023 ഒക്ടോബര്‍ 7ന് ഇസ്രായേല്‍ ഗസ്സയില്‍ വംശഹത്യ ആരംഭിച്ചതു മുതല്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഒരു തലമുറയാണ് ഗസ്സയിലുള്ളത്.

1948ല്‍ അംഗീകരിച്ച വംശഹത്യാ കണ്‍വെന്‍ഷനു ശേഷം ശിക്ഷിക്കാന്‍ മാത്രമല്ല, കുറ്റകൃത്യം നടക്കുമ്പോള്‍ തടയാനും ബാധ്യതയുണ്ട്.

ഒരു തലമുറയെ യുദ്ധക്കെടുതികളില്‍ തളച്ചിട്ട് അവര്‍ക്ക് വിദ്യാഭ്യാസ അവകാശം നിഷേധിക്കുക വഴി ഭാവി നശിപ്പിക്കുക എന്ന കൃത്യമായ ആസൂത്രണം കൂടിയാണ് വംശഹത്യയുടെ ഭാഗമായി ഇസ്രായേല്‍ ഗസ്സയില്‍ പ്രയോഗിക്കുന്നത്. ഒരു രാജ്യത്തിനെതിരെ ഉന്നയിക്കാന്‍ കഴിയുന്ന ഏറ്റവും ഗുരുതരമായ കുറ്റമാണ് ഇസ്രായേലിനെതിരെ ഉയരുന്നത്.

എന്നാല്‍ നടപടികള്‍ വാക്കുകളില്‍ മാത്രം ഒതുങ്ങുമ്പോള്‍ റിസല്‍ട്ട് വിഫലമാകും. ഇസ്രായേലിന്റെ വംശഹത്യാ നടപടി നിര്‍ത്താന്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ? അല്ലെങ്കില്‍ അനന്തര ഫലങ്ങളില്ലാത്ത കുറ്റകൃത്യത്തിന്റെ പേര് യഥാര്‍ഥത്തില്‍ എന്താണ്? ലോകം കാണുകയും അപലപിക്കുകയും ചെയ്യുന്നതിലുപരി മറ്റൊന്നും ചെയ്യാതിരിക്കുന്നതിനെ നാം വംശഹത്യ എന്ന വെറുമൊരു വാക്കില്‍ ഒതുക്കിയിടാമോ?

വംശഹത്യ നടത്തുന്ന കുറ്റവാളികള്‍ക്കു ദയ തോന്നി ആക്രമണം അവസാനിപ്പിച്ചിട്ടില്ലെന്ന് ചരിത്രം പഠിപ്പിക്കുന്നു. 1994ല്‍ റുവാണ്ടയില്‍ നടന്ന കൂട്ടക്കൊലകള്‍ ആഴ്ചകള്‍ക്കുള്ളില്‍ വംശഹത്യയായി മാറിയെങ്കിലും റുവാണ്ടന്‍ പാട്രിയോട്ടിക് ഫ്രണ്ട് കശാപ്പ് അവസാനിപ്പിക്കാന്‍ സൈനികമായി മുന്നോട്ടുവരുന്നതുവരെ ഒരു ഇടപെടലും ഉണ്ടായില്ല.

ബോസ്നിയയിലും ഹെര്‍സഗോവിനയിലും വംശശുദ്ധീകരണവും കൂട്ടക്കൊലകളും 1992ഓടെ വംശഹത്യയായി വിശേഷിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ 1995ല്‍ സെബ്രെനിച്ചയില്‍ നടന്ന കൂട്ടക്കൊല ഓര്‍ക്കുക. അവിടെ ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപിത 'സുരക്ഷിത പ്രദേശത്ത്' 8,000ലധികം പുരുഷന്മാരും ആണ്‍കുട്ടികളുമാണ് കൂട്ടക്കൊല ചെയ്യപ്പെട്ടത്. ദര്‍ഫുറില്‍ അമേരിക്കയും അന്താരാഷ്ട്ര സംഘടനകളും 2004ല്‍ തന്നെ വംശഹത്യ പരസ്യമായി പ്രഖ്യാപിച്ചു.

1995ൽ സെബ്രെനിച്ചയിൽ നടന്ന കൂട്ടക്കൊലയിൽ കുഴിച്ചു മൂടിയ മൃദശരീരങ്ങൾ

എന്നാല്‍ ദുര്‍ബലമായ ഉപരോധങ്ങള്‍ക്കും പിന്നീട് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) കുറ്റാരോപണങ്ങള്‍ക്കും അതീതമായി, ലക്ഷക്കണക്കിന് പേര്‍ കൊല്ലപ്പെടുകയോ കുടിയൊഴിപ്പിക്കപ്പെടുകയോ ചെയ്യുമ്പോള്‍ കാര്യമായ നടപടികളൊന്നും സ്വീകരിച്ചില്ല. അടുത്തിടെ, മ്യാന്‍മറിലെ രോഹിംഗ്യകള്‍ക്കെതിരായ അതിക്രമത്തെ ഐക്യരാഷ്ട്രസഭയും പ്രധാന മനുഷ്യാവകാശ സംഘടനകളും വംശഹത്യ എന്നു വിശേഷിപ്പിച്ചു.

എന്നിട്ടും അന്താരാഷ്ട്ര പ്രതികരണം, റിപ്പോര്‍ട്ടുകള്‍, മറ്റു പ്രതീകാത്മക നടപടികള്‍ എന്നിവയില്‍ മാത്രം ഒതുങ്ങി. നിര്‍ണായക നടപടികള്‍ ഒന്നും ഉണ്ടായില്ല. എല്ലാ സാഹചര്യങ്ങളിലും, പ്രാദേശികമോ അന്തര്‍ദേശീയമോ ആയ സമ്മര്‍ദം മൂലം മാത്രമേ വംശഹത്യ മന്ദഗതിയിലാകുകയോ അവസാനിക്കുകയോ ചെയ്യുകയുള്ളൂ. എന്തുകൊണ്ടാണ് ഗസ്സയില്‍ ഇതൊന്നും ഉണ്ടാവാത്തത്?

ഇസ്രായേല്‍ സുഡാന്‍ അല്ലെങ്കില്‍ മ്യാന്‍മര്‍ പോലുള്ള ഒരു രാജ്യമല്ല എന്നതുതന്നെയാണ് ഇതിനു കാരണം. പാശ്ചാത്യ ശക്തികളുടെ പിന്തുണയാണ് ഇസ്രായേലിന്റെ കരുത്ത്. സാമ്പത്തികമായും ആയുധം നല്‍കിയും തന്ത്രപരമായും അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ഇസ്രായേലിനെ പ്രോത്സാഹിപ്പിക്കുന്നു. ഗസ്സയില്‍ വംശഹത്യ നടന്നുവെന്ന് യുഎന്‍ അന്വേഷണ ഏജന്‍സി തന്നെ സാക്ഷ്യപ്പെടുത്തുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ലെന്ന് ഇസ്രായേലിന് അറിയാം.

ലോകത്തെ ഏറ്റവും വലിയ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലേക്ക് കടന്ന ഗസ്സാ വംശഹത്യയുമായി കൂടുതല്‍ മുന്നോട്ടുപോകാന്‍ ഇസ്രായേല്‍ നേതാക്കളെ പ്രേരിപ്പിക്കുന്നത് എന്താണ്? ഗസ്സയിലെ ജനങ്ങളെ പൂര്‍ണമായും കൊന്നൊടുക്കി ആ ഭൂമി പിടിച്ചെടുക്കുന്നതുവരെ ലോകം അപലപിച്ച് കണ്ടുനില്‍ക്കുമോ?

റിപ്പോര്‍ട്ടുകള്‍ എഴുതി, പ്രമേയങ്ങള്‍ പാസാക്കി, വിദഗ്ധര്‍ പഠനം നടത്തി, വംശഹത്യയെന്ന് മാധ്യമങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നു. തീര്‍ന്നോ ലോകത്തിന്റെ കടമ? ഐക്യരാഷ്ട്രസഭയും ലോകത്തെ പ്രമുഖ വംശഹത്യാ വിദഗ്ധരും വംശഹത്യ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഇപ്പോഴും നിര്‍ണായക നടപടികളൊന്നും പിന്തുടരുന്നില്ലെങ്കില്‍, അത് ഇസ്രായേലിനും ശേഷിക്കുന്ന ലോകത്തിനും എന്ത് സന്ദേശമാണ് നല്‍കുന്നത്?

വാക്കുകള്‍ വെറും വാക്കുകളാണെന്നും അന്താരാഷ്ട്ര നിയമത്തിലെ ഏറ്റവും വലിയ കുറ്റകൃത്യങ്ങള്‍ പോലും തുടരുന്നതിന് തടസ്സമില്ലെന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രകോപനം പ്രസ്താവനകളില്‍ തീരുമെന്നും, സാമ്പത്തിക ഉപരോധമോ മറ്റ് ഇടപെടലോ ഉണ്ടാവില്ലെന്നും ഇസ്രായേലിന് നന്നായി അറിയാം. കാരണം ഏതു പ്രമേയവും ഇസ്രായേലിന് അനുകൂലമായി യുഎസ് വീറ്റോ ചെയ്യും.

നാസി ഹോളോകോസ്റ്റിനെ തുടര്‍ന്ന് 1948ല്‍ അംഗീകരിച്ച വംശഹത്യാ കണ്‍വെന്‍ഷനു ശേഷം ശിക്ഷിക്കാന്‍ മാത്രമല്ല, കുറ്റകൃത്യം നടക്കുമ്പോള്‍ തടയാനും ബാധ്യതയുണ്ട്. വംശഹത്യ തിരിച്ചറിയുന്നതും തടയുന്നതും തമ്മിലുള്ള വിടവ് കാപട്യം മാത്രമല്ല, അത് സങ്കീര്‍ണമാണ്. ലോകരാജ്യങ്ങള്‍ കടമകള്‍ നിര്‍വഹിക്കാന്‍ തയ്യാറായില്ലെങ്കില്‍ അത് വരും തലമുറ വായിച്ചെടുക്കുക കൊടും ക്രൂരതയ്ക്ക് മൗനാനുവാദം നല്‍കിയവരെന്ന ലേബലിലായിരിക്കും.