ജീവിതാനുഭവങ്ങള്‍ വര്‍ണശലഭങ്ങളായി പറന്നുയരുമ്പോള്‍


ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പുസ്തകത്തിന്റെ ഇംഗ്ലീഷ്, അറബി പതിപ്പുകള്‍ കൂടി പുറത്തിറക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

ഴുത്ത് എപ്പോഴും ഒരാളുടെ ആത്മാവിഷ്‌കാരമാണ്. ആത്മഭാഷണം പോലെ സ്വകാര്യവുമാണത്. ഏകാന്തതയും സ്വച്ഛതയും അവിടെ എഴുതുന്ന വ്യക്തിക്ക് ആവോളം ആവശ്യമുണ്ട്. തീരെ ചെറുതായ ഒരു സ്വരം പോലും അയാളുടെ ചിന്തകളെ അപഹരിച്ചേക്കാം.

ബാഹ്യമായ ഇടപെടലുകള്‍ എഴുത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തിയേക്കാം. എഴുത്തിനെ അസ്വസ്ഥപ്പെടുത്തിയേക്കാം. പങ്കുകച്ചവടം പോലെയൊന്നല്ല എഴുത്ത്. ഏറെ സങ്കീര്‍ണമായ ഒരു യാത്ര എഴുത്തിന് ആവശ്യമാണ്.

''എന്റെ ജീവിതത്തിലെ പരമപ്രധാനമായ നിമിഷം രചനയുടേതാണ്. എഴുതാനിരിക്കുമ്പോള്‍ ഞാന്‍ തീര്‍ത്തും ഏകാകിയാണ്'' എന്നു പറഞ്ഞത് ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍കേസ് എന്ന ലോകപ്രശസ്ത സ്പാനിഷ് എഴുത്തുകാരനാണ്. എത്ര വാസ്തവം! വാക്കുകള്‍ ആദ്യം പിറന്നുവീഴുക മനസ്സിന്റെ ഭൂമികയിലാണ്. തുടര്‍ന്ന് ഹൃത്തടത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ചിന്തകളെ സ്വാംശീകരിച്ചുകൊണ്ട് ശൂന്യമായ താളിന്മേല്‍ ജലപാതം കണക്കെ അവ വന്നു പതിക്കുന്നു.

എന്നാല്‍ ഏകാന്തതയുടെ പരിസരത്തു നിന്നല്ല ഇവിടെ ഒരു വീട്ടമ്മ തൂലിക ചലിപ്പിക്കുന്നത്! ചുറ്റിലും പ്രതികൂലമായ ഒരുപാട് സാഹചര്യങ്ങള്‍ കൂടുകൂട്ടിയിട്ടും അതെല്ലാം മറികടന്ന് എഴുത്തില്‍ ശ്രദ്ധേയമായ സാന്നിധ്യം അറിയിക്കുകയാണ് മലപ്പുറം ജില്ലയിലെ ഐക്കരപ്പടി പുതിയകളത്തില്‍ അമീഖാസിലെ കെ സി നജീബ.

രണ്ടാമത്തെ മകള്‍ അനീക്ക ജനിച്ച നാള്‍ മുതല്‍ ശരീരം അനക്കാനാകാതെ കിടപ്പിലായതു മുതല്‍ നജീബയുടെയും കുടുംബത്തിന്റെയും ജീവിതവും പരീക്ഷണങ്ങളുടെ വേലിയേറ്റത്തില്‍ ഇളകിമറിയുകയായിരുന്നു. ജന്മനാ സെറിബ്രല്‍ പാള്‍സിയെന്ന രോഗം ബാധിച്ചവളാണ് അനീക്ക. നേരിയ ചലനം പോലും അസഹ്യമായ വേദനയ്ക്കു കാരണമാകുന്ന എല്ല് പൊടിയുന്ന രോഗാവസ്ഥയിലൂടെയുമാണ് ഈ 14കാരി കടന്നുപോകുന്നത്.

ശരീരത്തിന്റെ 95%വും രോഗം ബാധിച്ച് അവശയായ, ഉറക്കമോ മയക്കമോ പോലും ഇല്ലാത്ത മകളെ ഇമ വെട്ടാതെ ശ്രദ്ധിച്ചുകൊണ്ടും ശുശ്രൂഷിച്ചുകൊണ്ടുമാണ് ഇവിടെയൊരു എഴുത്തുകാരി പിറന്നിരിക്കുന്നത്. മകളെ പരിചരിക്കാന്‍ വേണ്ടി സ്‌കൂള്‍ അധ്യാപികയായിരുന്ന നജീബ ജോലി പോലും ഉപേക്ഷിക്കുകയായിരുന്നു.

മകളെ പരിചരിക്കുന്നതിനിടയില്‍ ലഭിക്കുന്ന ചെറിയ ഇടവേളകളില്‍ പതിയെ വായനയിലേക്കും എഴുത്തിലേക്കും പ്രവേശിച്ച് വിജയവഴി വെട്ടിത്തുറന്ന കൗതുകകരമായ കഥയാണ് നജീബയുടേത്. ലവ് ദ ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബ് സംഘടിപ്പിച്ച 'എന്നെ സ്വാധീനിച്ച ഖുര്‍ആന്‍ വചനം' എന്ന ഓണ്‍ലൈന്‍ പരിപാടിയില്‍ പങ്കെടുത്തത് നജീബയുടെ ജീവിതത്തിലെ വഴിത്തിരിവായി മാറി. ഇതു വഴി നജീബയുടെയും അസുഖബാധിതയായ മകളുടെയും വിശേഷങ്ങള്‍ പൊതുസമൂഹം അറിഞ്ഞു.

ക്ലബ്ബ് പ്രസിദ്ധീകരിച്ച മാഗസിനില്‍ നജീബ എഴുതിയ 'മൗനനൊമ്പരങ്ങള്‍' എന്ന കവിത എഴുത്തുകാരിയുടെ രചനാ വൈഭവം തിരിച്ചറിയുന്നതിനും 'വര്‍ണശലഭങ്ങള്‍' എന്ന പുസ്തകത്തിന്റെ പിറവിക്കും നിമിത്തമായി. പുളിക്കല്‍ എഎംഎം സ്‌കൂള്‍ മാനേജ്‌മെന്റും അധ്യാപകരും ചേര്‍ന്ന് ഈ സ്ഥാപനത്തിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയായ നജീബയുടെ കവിതകള്‍ 'വര്‍ണശലഭങ്ങള്‍' എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചു.

ഏതു പ്രായത്തിലുള്ള കുട്ടികള്‍ക്കും വളരെ എളുപ്പത്തില്‍ ഗ്രഹിക്കാവുന്ന 101 കുട്ടിക്കവിതകളാണ് പുസ്തകത്തില്‍ ഇതള്‍ വിരിയുന്നത്.

വിശുദ്ധ വാക്യങ്ങള്‍ സമ്മാനിച്ച കരുത്ത്

നിശ്ചയമായും അല്ലാഹു ക്ഷമാശീലരുടെ കൂടെയാണ്, നിശ്ചയമായും പ്രയാസത്തോടൊപ്പം എളുപ്പമുണ്ട്- വിശുദ്ധ ഖുര്‍ആനിലെ ഈ രണ്ടു വാക്യങ്ങളാണ് നജീബയ്ക്ക് ജീവിതം ക്ഷമയോടുകൂടി മുന്നോട്ടുകൊണ്ടുപോകാന്‍ കരുത്തുപകരുന്നത്. ദൈവം ഏറ്റവുമധികം ഇഷ്ടപ്പെടുന്നവരെ കൂടുതല്‍ പരീക്ഷിക്കുമെന്ന ജീവിത യാഥാര്‍ഥ്യവും നജീബയെ സദാ കര്‍മനിരതയാക്കുന്നു.

പൂക്കളെപ്പോലെ മനോഹരമാണ് നമ്മുടെ കുട്ടികള്‍. അവരുടെ മനസ്സും ശരീരവും പട്ടു പോലെ മൃദുലമാണ്. അവരുടെ ഹൃദയം കളങ്കരഹിതമാണ്. കുട്ടികളെ നന്മയുടെ പൂങ്കാവനത്തിലേക്ക് നയിക്കുന്ന കവിതകളാണ് നജീബയുടെ കവിതാ സമാഹാരത്തില്‍ ഉള്ളത്.

തെളിനീരൊഴുകുന്നതു പോലെയുള്ള ഭാഷയിലും ചിത്രങ്ങള്‍ പോലെ മനസ്സില്‍ തെളിഞ്ഞുവരുന്ന ശൈലിയിലും അയത്നലളിതമായി നജീബ എഴുതുന്നു. ഉപയോഗിക്കുന്ന വാക്കുകളും പ്രയോഗങ്ങളും ഓരോ വായനക്കാരനും ഹൃദ്യമാണ്. കവിതകളിലെ രൂപകങ്ങളെല്ലാം അത്യാകര്‍ഷകം.

കവിയുടെ നിസ്സഹായതയും ആത്മദുഃഖങ്ങളുമാണ് നജീബയുടെ കവിതകളെ വൈയക്തികമായി ഓരോരുത്തരിലേക്കും അടുപ്പിക്കുന്നത്. ഇതിലെ കഥാപാത്രങ്ങളുടെ വിചാരങ്ങളോടും വികാരങ്ങളോടും അറിയാതെ ഒരു ഐക്യദാര്‍ഢ്യം വായനക്കാരന്റെ മനസ്സില്‍ ഉയരും. കവിയുടെ സ്വകാര്യ ദുഃഖങ്ങളിലൂടെയും നൊമ്പരങ്ങളിലൂടെയും സഞ്ചരിച്ച് നമ്മുടെ മനസ്സിലും സങ്കടം പതയും.

വ്യത്യസ്തമായ, തീര്‍ത്തും പുതുമയുള്ള അവതരണത്താലും വേറിട്ട വഴികളിലൂടെ സഞ്ചരിപ്പിച്ചും ലളിതമായ വാചകങ്ങളിലൂടെ വിസ്മയ ലോകങ്ങള്‍ പണിതുയര്‍ത്താന്‍ ഇത്രയേറെ പ്രതികൂല സാഹചര്യത്തിലും നജീബക്ക് കഴിയുന്നു എന്നത് നമ്മെ അദ്ഭുതപ്പെടുത്തും.

ലാളിത്യമൂറുന്ന കവിതകള്‍

വ്യത്യസ്ത ഋതുഭേദങ്ങളില്‍ മനസ്സില്‍ ഉയര്‍ന്നുവരുന്ന കവിതകള്‍ കടലാസിലേക്ക് പകര്‍ത്തുമ്പോള്‍ നജീബയുടെ ഉള്ളം ശാന്തമായിരുന്നില്ല. എഴുത്തുപുരയിലെ ആ ആളിക്കത്തലിനെ നമുക്ക് ഇങ്ങനെ വിശേഷിപ്പിക്കാം: 'തോരാതെ പെയ്യുന്ന ഒരു പെരുമഴയില്‍ നജീബയുടെ മനസ്സിലെ പച്ചക്കാടുകള്‍ കത്തിക്കൊണ്ടിരുന്നു...'

പ്രകൃതിയും കരുണയും സ്‌നേഹവും കുറുമ്പും കുസൃതിയും ദൈവികമായ ആശയങ്ങളുമെല്ലാം വ്യത്യസ്ത വിഷയങ്ങളില്‍ നാലു വരി കവിതകളായാണ് നജീബ എഴുതുന്നത്. ജീവിത പ്രതിസന്ധികളോട് നേര്‍ക്കുനേര്‍ പ്രതികരിക്കുന്ന മൂല്യവിചാരങ്ങള്‍ക്ക് സാഹിത്യത്തില്‍ എന്നും ഇടമുണ്ടാകും.
'മുയലച്ചന്‍' എന്ന കവിത ഇങ്ങനെ വായിക്കാം:

''ചാടിച്ചാടി നടക്കുന്നുണ്ട്
കുസൃതിക്കുട്ടന്‍ മുയലച്ചന്‍
കണ്ടാല്‍ ആരും കൊഞ്ചിക്കും
വെളുത്ത ചൊങ്കന്‍ മുയലച്ചന്‍.''
'ആകാശം' എന്ന കവിത ഇങ്ങനെ:
''നീണ്ടു പരന്നുകിടപ്പൂ മേലെ താരമനോഹരമാകാശം
തൂണില്ലാത്തൊരു പന്തല്‍പോലെ താരകള്‍ മിന്നും ആകാശം.''
'പരുന്ത്' എന്ന കവിത ഇങ്ങനെ:
''പറന്നുയര്‍ന്നു കറങ്ങീടും
ഇരയേറാന്‍ നോക്കീടും
തക്കം നോക്കി താഴ്ന്നീടും
തട്ടിയെടുത്തു പറന്നീടും.''
'കൊതുക്' എന്ന കവിത:
'പാട്ടും പാടി വരുന്നുണ്ട്
കുഞ്ഞിച്ചിറകാല്‍ കൊതുകേമന്‍
കട്ടുകുടിക്കും ചുടുചോര
കുത്തിനിറക്കും രോഗങ്ങള്‍.''

അലീഖയുടെ ചിത്രങ്ങള്‍

നജീബയുടെ കവിതകളിലെ സര്‍ഗാത്മകത ഒട്ടും ചോര്‍ന്നുപോകാതെ ആശയങ്ങള്‍ കൃത്യമായി ആവിഷ്‌കരിക്കുന്ന രസതന്ത്രത്തിലൂടെ നമ്മെ വിസ്മയിപ്പിക്കുകയാണ് പുസ്തകത്തിലെ ചിത്രങ്ങള്‍. നജീബയുടെ മൂത്ത മകള്‍ അലീഖയാണ് കവിതകള്‍ക്ക് മനോഹരമായ ചിത്രങ്ങള്‍ വരച്ചത്. പെന്‍സില്‍ ആര്‍ട്ട്, പെന്‍സില്‍ ഡ്രോയിങ്, ബോട്ടില്‍ ആര്‍ട്ട് എന്നിവയടക്കം ഈ കലാകാരിയുടെ കരവിരുതില്‍ വിടരുന്നത് അപൂര്‍വ ചിത്രങ്ങളാണ്.

''കുട്ടികള്‍ക്കായി എഴുതുക ശ്രമകരമാണ്. അതൊരു കടുത്ത വെല്ലുവിളിയാണ്. അത് ഏറ്റെടുക്കാന്‍ സ്വമേധയാ ധൈര്യപ്പെട്ടിരിക്കുകയാണ് കെ സി നജീബ. അവരതില്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു. പ്രഥമ ശ്രമമായിട്ടും പഴക്കം ചെന്ന ഒരു ബാലകവി പ്രതിഭയെ പോലെ അവര്‍ക്ക് വിജയിക്കാനായത് അവര്‍ കവിതക്കൊപ്പം മറ്റു സര്‍ഗാത്മകവൃത്തികളില്‍ വ്യാപൃതയും, കൊച്ചുകുട്ടികളുമായി നിരന്തരം ബന്ധപ്പെടുന്നവരും കൂടിയായതിനാലത്രേ. തന്റെ ഭിന്നശേഷിക്കാരിയായ മകളുമായുള്ള ഹൃദയബന്ധവും ഇതിനു കാരണമായിരിക്കാം'' എന്ന് പുസ്തകത്തിന്റെ അവതാരികയില്‍ പ്രമുഖ ഗ്രന്ഥകാരനും കവിയുമായ ചെറിയമുണ്ടം അബ്ദുര്‍റസാഖ് എഴുതുന്നു.

ഗോപിനാഥ് മുതുകാടിന്റെയും പി അബ്ദുല്‍ ഹമീദ് എംഎല്‍എയുടെയും സാന്നിധ്യത്തില്‍ പ്രകാശിതമായ പുസ്തകം ഇപ്പോള്‍ രണ്ട് എഡിഷന്‍ പിന്നിടുകയാണ്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ്, അറബി പതിപ്പുകള്‍ കൂടി പുറത്തിറക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്.

പ്രമുഖ മതപണ്ഡിതനും പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജ് പ്രിന്‍സിപ്പലും ആയിരുന്ന കെ സി അലവി മൗലവിയുടെയും ഖദീജയുടെയും മകളാണ് 49കാരിയായ നജീബ. ഇനിയും എഴുതാനുള്ള ഒരുപാട് കാര്യങ്ങള്‍ കവിയുടെ നിര്‍മലമായ മനസ്സിലുണ്ടെന്ന് നജീബയോട് സംസാരിച്ചപ്പോള്‍ ബോധ്യമായി. ഭര്‍ത്താവ് പി വി ജലാലുദ്ദീന്‍ സര്‍വ പിന്തുണയുമായി നജീബക്ക് കൂട്ടായുള്ളത് വലിയ സൗഭാഗ്യമാണ്.

'വര്‍ണശലഭങ്ങള്‍' എന്ന കവിതാ സമാഹാരം നിങ്ങളെ വായനയുടെ മനോഹരമായ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും. കുട്ടികള്‍ക്ക് തികച്ചും വ്യത്യസ്തമായൊരു വായനാനുഭവം ഈ കൃതി നല്‍കും. 102 പേജുള്ള പുസ്തകത്തിന് 150 രൂപയാണ് വില. 9847 306 297 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടാല്‍ 'വര്‍ണശലഭങ്ങളു'ടെ കോപ്പികള്‍ ലഭിക്കും.