കുട്ടികളെ വാര്‍ത്തെടുക്കുന്നത് അധ്യാപകരാണെന്ന പോലെ മികച്ച അധ്യാപകരെ രൂപപ്പെടുത്തുന്നത് കുട്ടികളാണെന്നതും നമുക്കു ചുറ്റും കാണുന്നുണ്ട്.
ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്തും അറിവുമാണ് അധ്യാപകര്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്. നല്ല കുട്ടികളെ വാര്‍ത്തെടുക്കുന്നത് അധ്യാപകരാണെന്ന പോലെ മികച്ച അധ്യാപകരെ രൂപപ്പെടുത്തുന്നത് കുട്ടികളാണെന്നതും നാം കാണുന്നുണ്ട്.
കലാലയാനുഭവങ്ങളാണ് പലരെയും റോള്‍ മോഡലുകളായ വ്യക്തകളാക്കിത്തീര്‍ക്കുന്നത്. പുതിയ കാലത്തെ മാറ്റത്തോടൊപ്പം വളരാനാകാത്തതും അധ്യാപനം നേരിടുന്ന വെല്ലുവിളികളാണ്. നിരവധി കുട്ടികളുടെ ജീവിതത്തില്‍ വെളിച്ചം പകര്‍ന്ന, കാലിടറാതെ നടക്കാന്‍ പഠിപ്പിച്ച, പലരുടെയും ജീവിത ഗതി മാറ്റിയ അധ്യാപികമാര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു.
റൂബി ഫൈസല്‍
 എല്ലാവരെയും നന്നാക്കിയെടുക്കുക എന്ന മൂഢലക്ഷ്യത്തോടുകൂടി അധ്യാപന ജീവിതത്തിലേക്ക് കടന്ന എന്നെ ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ എനിക്ക് ലജ്ജ തോന്നും. പാഠപുസ്തകങ്ങളിലെ തിയറിയും സ്‌കൂളിലെ പ്രവൃത്തിപരിചയവും തമ്മില്‍ അജഗജാന്തരമുണ്ടെന്ന് തിരിച്ചറിഞ്ഞ നാളുകള്‍.
പഠിപ്പിക്കുന്ന വിഷയത്തില്‍ അഗാധമായ അറിവോടുകൂടി കുട്ടികളെ സമീപിക്കുക, അവരെ സ്‌നേഹത്തോടുകൂടി അനുസരിപ്പിക്കുക തുടങ്ങിയ ചില മായാജാലങ്ങള്‍ അറിയാതെ തന്നെ ജീവിതത്തില്‍ വന്നുചേര്‍ന്നു. ഇഷ്ടപ്പെട്ട അധ്യാപകര്‍ പഠിപ്പിക്കുന്ന വിഷയം ഇഷ്ടപ്പെടുക എന്ന സൈക്കോളജിക്കല്‍ അപ്രോച്ച് എന്തായാലും വിജയിച്ചു.
ആദ്യം കുട്ടികളെ സ്‌നേഹിക്കാന്‍ പഠിച്ചു. സ്‌നേഹവും ആത്മാര്‍ഥതയും സത്യമാണെന്ന് ബോധ്യം വരുന്ന സമയം തൊട്ട് അവര്‍ നമ്മളെ സ്‌നേഹിക്കാന്‍ തുടങ്ങും. പിന്നെ നമ്മള്‍ എടുക്കുന്നത് എത്ര ബുദ്ധിമുട്ടുള്ള വിഷയമാണെങ്കിലും അവര്‍ പഠിച്ചുകൊള്ളും.
ഭയപ്പെടുത്തിയോ നിര്‍ബന്ധിച്ചോ ഇപ്പോഴത്തെ കുട്ടികളെ ഒന്നും പഠിപ്പിക്കാന്‍ സാധിക്കില്ല എന്ന തിരിച്ചറിവും, എല്ലാ കുട്ടികള്‍ക്കും ഒരേപോലെ പഠിക്കാനാവില്ല എന്നതും ഓരോ കുട്ടിയും ഇപ്പോള്‍ നില്‍ക്കുന്ന പൊസിഷനില്‍ നിന്നു മുന്നോട്ട് ഉയര്‍ത്തിക്കൊണ്ടുവരുന്നതാണ് ശരിയായ ഒരു ടീച്ചറുടെ വിജയം എന്നും കരുതുന്നു.
ക്ലാസിലെ മുഴുവന്‍ കുട്ടികളും എ പ്ലസ് വാങ്ങണം എന്ന് കരുതി പഠിപ്പിക്കാന്‍ നിന്നാല്‍ കുട്ടികള്‍ക്ക് അധ്യാപകരെ വെറുപ്പാകും.
വര്‍ധിച്ച സോഷ്യല്‍ മീഡിയ ഉപയോഗവും ഇപ്പോഴത്തെ കുട്ടികളെ വലിയ തോതില്‍ ദോഷകരമായി ബാധിച്ചിട്ടുണ്ട്. പ്രധാനമായും ചില യൂട്യൂബ് ഇന്‍ഫ്‌ളുവന്‍സേഴ്സ് കുട്ടികളില്‍ പ്രത്യേകിച്ച് ചെറിയ കുട്ടികളില്‍ തെറ്റായ സന്ദേശങ്ങള്‍ കുത്തിവെക്കുന്നുണ്ട്.
നല്ല വായനയിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത്
ഒരു പരിധി വരെ അവരുടെ സ്വഭാവരൂപീകരണത്തിന് സഹായിക്കും. ഒരു അധ്യാപകന്‍ കുട്ടികള്‍ക്കു മുന്നിലോ പിന്നിലോ അല്ല നടക്കേണ്ടത്, അവരുടെ കൂടെ നിന്ന് ശരിയായ ദിശയിലേക്ക് അവരെ നയിക്കുന്ന ഒരു സ്‌കാഫ് ഹോള്‍ഡര്‍ ആവണം, ഗൈഡ് ആവണം.
സ്വന്തം ജീവിതം മാതൃകയാക്കി അവര്‍ക്കു മുമ്പില്‍ സമര്‍പ്പിക്കണം. അങ്ങനെയുള്ള ഒരു അധ്യാപകന്‍ വളര്‍ത്തുന്ന കുട്ടികള്‍ നാളെ സമൂഹത്തിനും അവന്റെ കുടുംബത്തിനും ഉതകുമെന്നതില്‍ യാതൊരു സംശയവുമില്ല.
ആതിര
 ജീവിതത്തിന്റെ വലിയ പ്രതിസന്ധി ഘട്ടങ്ങളില്‍ വീണുപോവാതെ അതിജീവിച്ചത് എന്റെ കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടാണ്. അധ്യാപികയായിരുന്നില്ലെങ്കില്‍, ചുറ്റും അവരില്ലായിരുന്നുവെങ്കില്‍ എന്നെല്ലാം ഒരു ഉള്‍ഭയത്തോടെ അല്ലാതെ എനിക്ക് ചിന്തിക്കാനാവില്ല. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി ആയിരിക്കുമ്പോഴാണ് അധ്യാപികയാവണം എന്ന മോഹം ഉള്ളില്‍ കയറിക്കൂടിയത്.
പല അധ്യാപകരും ചെലുത്തിയ സ്വാധീനം കൊണ്ടുകൂടിയാവണം പിന്നീടങ്ങോട്ട് ആ ലക്ഷ്യത്തിലേക്കുള്ള യാത്രയായിരുന്നു. ബിഎഡ് കോഴ്സിന്റെ ടീച്ചിങ് പ്രാക്ടീസ് കാലയളവിലാണ് ഇതത്ര എളുപ്പമുള്ള ജോലിയല്ല എന്ന തിരിച്ചറിവുണ്ടാകുന്നത്.
ജീവിതത്തെയും കാഴ്ചപ്പാടുകളെയും മാറ്റിമറിച്ച ഒരു കാലം തന്നെ ആയിരുന്നു അത്. തലശ്ശേരിയിലെ ഒരു വിദ്യാലയത്തിലായിരുന്നു പ്രാക്ടീസ്. കുട്ടികളെ പഠിപ്പിച്ച് മിടുക്കരാക്കിക്കളയാം എന്ന ആത്മവിശ്വാസത്തോടെയാണ് ക്ലാസിലേക്ക് കയറിയത്. പക്ഷേ, ഭൂരിപക്ഷം പേര്‍ക്കും പഠിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. അവരെന്നെ കൗതുകത്തോടെ നോക്കി, അടുത്ത് വന്നു, തൊട്ടുനോക്കി, കൂടുതല്‍ കൂടുതല്‍ ചേര്‍ന്നുനിന്നു.
അവരില്‍ ഓരോരുത്തരുടെയും ജീവിത ചുറ്റുപാടുകള്‍ അറിഞ്ഞപ്പോള്‍ പാഠപുസ്തകം അടച്ചുവെച്ച് കൂടുതല്‍ അവരിലേക്കിറങ്ങിച്ചെന്നു. അവര്‍ ആഗ്രഹിക്കുന്ന ഒന്നാം പാഠം സ്‌നേഹവും രണ്ടാം പാഠം പരിഗണനയുമായിരുന്നു. ഒരു അധ്യാപിക എന്ന നിലയില്‍ ഞാനും ആദ്യം ഉറപ്പുവരുത്തേണ്ടത് അതാണെന്ന് പഠിച്ചു.
പിന്നീട് സര്‍വീസില്‍ കയറുമ്പോള്‍ എന്റെ ഏറ്റവും വലിയ ബലവും ഈ അനുഭവങ്ങള്‍ തന്നെയായിരുന്നു. പുതിയ കാലത്തെ കുട്ടികള്‍ പ്രശ്‌നക്കാരാണ് എന്ന അഭിപ്രായത്തോട് എനിക്ക് വിയോജിപ്പുണ്ട്.
കാലാനുസൃതമായ മാറ്റം പാഠപുസ്തകങ്ങളിലും പഠനരീതിയിലുമെന്നപോലെ കുട്ടികളിലുമുണ്ട്. ആ മാറ്റത്തോടൊപ്പം അവരോളം ഉയരാന്‍ സാധിക്കാത്തതാണ് പലപ്പോഴും അധ്യാപകര്‍ നേരിടുന്ന വെല്ലുവിളി.
പുതിയ കാലത്ത് കുട്ടികളുടെ രീതിയില്‍ വലിയ വ്യത്യാസമുണ്ട്. പലപ്പോഴും നമ്മള്‍ പ്രയാസമെന്ന് കരുതുന്ന പലതും അവര്‍ക്ക് എളുപ്പമാണ്. നിസ്സാരം എന്ന് തോന്നുന്നതാകട്ടെ പ്രശ്‌നവുമാണ്. മുതിര്‍ന്നവര്‍ പകച്ചുപോവുന്ന സമയത്ത് ഔചിത്യബോധത്തോടെ ഇടപെടാനും തെറ്റ് കണ്ടാല്‍ തൊട്ടടുത്ത നിമിഷം പ്രതികരിക്കാനും അവര്‍ക്ക് സാധിക്കുന്നുണ്ട്.
എതിര്‍സ്ഥാനത്ത് നില്‍ക്കുന്നത് അധ്യാപകരായാലും ചില ചോദ്യങ്ങള്‍ ഉറച്ച ശബ്ദത്തോടെ മുഴങ്ങിനില്‍ക്കും. അധ്യാപകരെന്നാല്‍ വിദ്യാഭ്യാസത്തിന്റെ കേന്ദ്ര ബിന്ദു എന്ന കാഴ്ചപ്പാടുകളെ കുട്ടികളും തിരുത്താന്‍ തുടങ്ങിയിട്ടുണ്ട്.
കൗമാരക്കാരുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയെ തിരിച്ചറിയുന്ന, അവരുടെ വൈകാരികതകളെ മാനിക്കുന്ന, അവരെ കേള്‍ക്കുന്ന അധ്യാപകരെയാണ് കുട്ടികള്‍ പ്രതീക്ഷിക്കുന്നത്.
കുട്ടികളെ സ്‌നേഹിക്കാനും തിരുത്താനും ബഹുമാനിക്കാനും ശ്രമിക്കുന്ന അധ്യാപകര്‍ക്ക് കുട്ടികള്‍ തിരിച്ചും ഇതൊക്കെ നല്‍കും എന്നാണ് എന്റെ അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചത്. നമ്മുടെ വിദ്യാര്‍ഥിയായിരിക്കുമ്പോഴും ആ കുട്ടി ഒരു വ്യക്തിയാണെന്ന ബോധം നമ്മില്‍ ഉണ്ടാവേണ്ടതാണ്.
നീന കുര്യന്‍
 ശിശുസൗഹൃദ വിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ നേട്ടം കുട്ടികളും അധ്യാപകരും തമ്മിലുള്ള അധികാര കേന്ദ്രീകൃതമായ വിടവുകള്‍ തീര്‍ത്തും തുടച്ചുനീക്കപ്പെട്ടു എന്നതാണ്. ഏറ്റവും സൗഹൃദത്തോടെ പരസ്പരം ഇടപെടുന്ന രണ്ടു കൂട്ടരായി വിദ്യാര്‍ഥികളും അധ്യാപകരും മാറിയിരിക്കുന്നു.
ആര്‍ക്കും ആരെയും പഠിപ്പിക്കാനാവില്ല എന്നത് തിരിച്ചറിഞ്ഞ് സ്വയം പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് തങ്ങളുടെ ഉത്തരവാദിത്തം എന്ന ബോധ്യം അധ്യാപകരില്‍ ഉണ്ടായത് ഇന്നത്തെ ക്ലാസ് മുറികളെ ജനാധിപത്യപരമാക്കിത്തീര്‍ത്തിരിക്കുന്നു.
ചിലപ്പോഴൊക്കെ എല്ലാ അറിവുകളുടെയും ഉറവിടം അധ്യാപകരാണ് എന്ന ചിന്ത ഏറ്റവും ചെറിയ ക്ലാസിലെ കുട്ടികള്‍ക്ക് ഉണ്ടാകാറുണ്ട്. വീട് കഴിഞ്ഞാല്‍ സ്‌കൂള്‍, അമ്മ കഴിഞ്ഞാല്‍ ടീച്ചര്‍ എന്നുള്ള ലോകത്ത് അവര്‍ക്ക് എന്തിനും എളുപ്പം പ്രാപ്യമായ വിവരസ്രോതസ്സ് അധ്യാപകരാണ്.
ചെറിയ ക്ലാസുകളിലെ കുട്ടികള്‍ അവരുടെ അധ്യാപകരോട് കാണിക്കുന്ന നിഷ്‌കളങ്കമായ സ്‌നേഹം എടുത്തുപറയേണ്ടതാണ്. ചില സമയങ്ങളില്‍ നിറം പോയതും കല്ലുകള്‍ നഷ്ടപ്പെട്ടതുമൊക്കെയായി വീട്ടില്‍ നിന്ന് ഉപേക്ഷിക്കുന്ന സാധനങ്ങള്‍- ഒരുപക്ഷേ അവരുടെ കളിപ്പാട്ട ശേഖരത്തിലെ ഏറ്റവും വിലപിടിച്ചവ- അത്രയും സ്‌നേഹം തോന്നുന്ന നിമിഷത്തില്‍ അവരത് നമുക്ക് സമ്മാനിക്കും. അതില്‍ നിറഞ്ഞിരിക്കുന്ന നമ്മളോടുള്ള പരിഗണന മാത്രം മതിയല്ലോ നമുക്കും അതൊരു അമൂല്യ വസ്തുവായി മാറാന്‍!
കുട്ടികള്‍ അനന്യമായ കൗതുകത്തിന്റെ നിറകുടമാണ്. ജീവിതത്തെ അവര്‍ നോക്കിക്കാണുന്നത് നമ്മളെപ്പോലെ വലിയ ചിന്തയിലല്ല. അവരുടെ ലോകത്തെ ചെറിയ ചെറിയ അനുഭവങ്ങളിലൂടെയുള്ള ആ നോട്ടം തികച്ചും നിഷ്‌കളങ്കമാവും.
കേള്‍ക്കുമ്പോള്‍ നമുക്ക് ചിരി വരികയോ മണ്ടത്തരമെന്ന് തോന്നുകയോ ചെയ്യുന്ന പല ചോദ്യങ്ങളും അവര്‍ക്ക് പക്ഷേ അങ്ങനെയായിരിക്കില്ല.
അവര്‍ക്കു മുന്നില്‍ നമ്മള്‍ എത്രയോ നവീകരിക്കപ്പെടേണ്ടതുണ്ടെന്ന് മനസ്സിലാക്കുന്ന വിധം എല്ലാ കാലവും കുട്ടികളുടെ നിഷ്‌കളങ്കമായ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ശ്രമിക്കാറുണ്ട്.
മറ്റേതൊരു തൊഴില്‍ പോലെയും തന്നെയാണ് അധ്യാപനമെങ്കിലും, ഇത്തരം ചില വൈകാരിക നിമിഷങ്ങള്‍ നല്‍കുന്ന മനോഹാരിത അതിനെ കുറച്ചുകൂടി മാനവികമാക്കുന്നു.
നസീമ സലാഹുദ്ദീന്‍
 പന്ത്രണ്ട് വര്‍ഷം നീണ്ട അധ്യാപന ജീവിതം പകരം വെക്കാനില്ലാത്ത ഒരുപാട് തീവ്രാനുഭവങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. എത്രയെത്ര മുഖങ്ങളെ നേരിട്ടു! എന്തെന്ത് മാനസികാവസ്ഥകള്‍ പരിചയപ്പെട്ടു! കടന്നുപോയ ഓരോ ക്ലാസ്മുറിയും എനിക്ക് ഓരോ ജീവിതമായിരുന്നു. ഒന്നും മറക്കാവതല്ല.
എങ്കിലും എന്റെ പ്രിയപ്പെട്ട ഫൈസല്‍. അവന്‍ ഈ നിമിഷം എന്റെ മുന്നില്‍ വന്നു നില്‍ക്കുന്നപോലെ. മറ്റുള്ളവരുടെ ഭാഷയില്‍ പറഞ്ഞാല്‍ മഹാ നിഷേധി. ആരെയും അനുസരിക്കാത്തവന്‍. ഉപദേശങ്ങള്‍ അവന് ഇഷ്ടമേയല്ലായിരുന്നു. വീട്ടിലും സ്‌കൂളിലും ഒരുപോലെ വഴക്കാളി.
ഉപ്പയുമായി എന്നും ഉരസല്‍. ഇതിനെല്ലാം പുറമേ ഭയാനകമായ ഒന്നിനെയും അവന്‍ കൂട്ടുപിടിച്ചു. ലഹരിയെന്ന വിപത്തിനെ. വളര്‍ന്ന് പന്തലിച്ച് തണല്‍മരമാവേണ്ടവന്‍ തളിരിടും മുമ്പേ കരിഞ്ഞുണങ്ങാന്‍ പോകുന്നു.
എന്താണ് എനിക്ക് ചെയ്യാനാവുക? ശാസനയും ഉപദേശവും താക്കീതും അവന്‍ കേട്ട് മടുത്തതാണ്. അവന്‍ കേള്‍ക്കാത്തതായി ഒന്നേയുള്ളൂ, സ്നേഹം. ഞാനത് പ്രയോഗിച്ചുനോക്കി. ആദ്യമാദ്യം അവന്‍ വഴങ്ങിയില്ല. ഞാന്‍ പിന്തിരിഞ്ഞില്ല.
ഒടുവിലവന് മനസ്സിലായി, താന്‍ ചെന്നുവീഴാന്‍ പോകുന്ന ദുരന്തത്തിന്റെ ആഴം എത്ര വലുതാണെന്ന്. പതിയെ പതിയെ അവനില്‍ ഉണ്ടാകുന്ന മാറ്റം ഞാന്‍ ആനന്ദത്തോടെ നോക്കിനിന്നു. അവന്‍ എന്നെയും ഞാന്‍ അവനെയും കേള്‍ക്കാന്‍ തുടങ്ങി.
അങ്ങനെയാണ് അവന്‍ കൂടെ പഠിക്കുന്ന പെണ്‍കുട്ടിയുമായി അടുപ്പത്തിലാണെന്ന് മനസ്സിലാക്കിയത്. അതും വലിയ കുഴപ്പത്തിലാണ് ചെന്നെത്തിയത്. കുട്ടിയുടെ രക്ഷിതാക്കള്‍ അവളുടെ പഠിത്തം നിര്‍ത്താന്‍ തീരുമാനിച്ചു. അവനത് വലിയ ആഘാതമായി.
എനിക്ക് തോന്നി, ഒന്നുകില്‍ അവന്‍ നാട് വിട്ടുപോകും, അല്ലെങ്കില്‍ എന്തെങ്കിലും കടും കൈ ചെയ്യും. ഞാന്‍ ഉടനടി പെണ്‍കുട്ടിയുടെ രക്ഷിതാക്കളുമായി ബന്ധപ്പെടുകയും മേലില്‍ കുട്ടിക്ക് ഇവന്റെ ഭാഗത്തുനിന്ന് യാതൊരു ശല്യവും ഉണ്ടാവില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.
അവന്‍ എന്നെ അനുസരിച്ചു. പഠനത്തില്‍ ശരാശരിയിലും താഴെയാണെങ്കിലും കബഡി കളിയില്‍ അവന്‍ പിന്നീട് തന്റെ കഴിവ് തെളിയിച്ചു. ക്രമേണ നല്ലൊരു കായികതാരമായി മാറുകയും ചെയ്തു.
എവിടെയോ വീണുപോകേണ്ടിയിരുന്ന ഒരു ജീവന്‍ ജീവിതത്തിലേക്ക് തിരിച്ചുനടക്കാന്‍ ഞാനൊരു നിമിത്തമായതില്‍ നിറഞ്ഞ സന്തോഷമുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറവും ഫൈസല്‍ ഇടയ്ക്കിടെ വിളിച്ച് സ്നേഹവും സന്തോഷവും അറിയിക്കുമ്പോള്‍ കണ്ണുകള്‍ ഈറനണിയും. സ്‌നേഹം കൊണ്ട് തിരുത്താനാവാത്ത കുട്ടികളില്ലെന്ന പാഠം എന്നെ തുടര്‍ജീവിതത്തില്‍ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്.
