ആഹാരം ഔഷധമാകുമ്പോള്‍ ആരോഗ്യമുള്ള ജീവിതം ഉണ്ടാകും


തെറ്റായ ഭക്ഷണരീതി മൂലം നിരവധി രോഗങ്ങളാണ് ഓരോ മനുഷ്യരിലും ഉടലെടുത്തുകൊണ്ടിരിക്കുന്നത്.

ക്ഷണം നമ്മുടെ ജീവന്റെ നിലനില്‍പിനുള്ള അവിഭാജ്യഘടകമാണല്ലോ. ആരോഗ്യം നിലനിര്‍ത്താന്‍ നല്ല ഭക്ഷണരീതി അനിവാര്യമാണ്. തെറ്റായ ഭക്ഷണരീതി മൂലം നിരവധി രോഗങ്ങളാണ് ഓരോ മനുഷ്യരിലും ഉടലെടുത്തുകൊണ്ടിരിക്കുന്നത്. രോഗശമനത്തിന് മരുന്ന് കഴിക്കുന്നതിന്റെ കൂടെത്തന്നെ ആഹാരം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില രീതികളുണ്ട്.

ആരോഗ്യം എന്നത് രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, മറിച്ച്, പൂര്‍ണമായ ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമാവസ്ഥയാണ് എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇതില്‍ മനുഷ്യന്റെ ബാല്യ-കൗമാരം മുതലുള്ള ശരീരത്തിന്റെ വളര്‍ച്ചയും ബുദ്ധിവികാസവും ശരിയായ രീതിയില്‍ നടന്നിട്ടുണ്ടാവണം. ശരീരത്തിന്റെ ഘടനയും പ്രവര്‍ത്തനവും നിലനിര്‍ത്തുകയും രോഗപ്രതിരോധശേഷിയും കൈവരിക്കുകയും വേണം.

സമീകൃത ആഹാരം

നമ്മുടെ ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ പോഷകങ്ങളും ശരിയായ രീതിയിലും അളവിലും ലഭിക്കുന്ന ഭക്ഷണരീതിയാവണം പിന്തുടരേണ്ടത്. ഇതിനെയാണ് സമീകൃത ആഹാരം (balanced diet)എന്നു പറയുന്നത്. ഭക്ഷണത്തില്‍ കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, കൊഴുപ്പ്, വിറ്റാമിന്‍, ധാതുക്കള്‍, ഫൈബര്‍, ജലം എന്നിവ കൃത്യമായ അളവില്‍ ഉണ്ടാവണം.

പോഷണത്തിന്റെ ആവശ്യകത ഓരോ വ്യക്തികളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രായം കൂടുംതോറും പോഷകാഹാരത്തിന്റെ അളവ് കുറഞ്ഞുവരുന്നു. അതുപോലെ സ്ത്രീകള്‍ക്ക് പുരുഷന്‍മാരേക്കാള്‍ കുറവ് പോഷണം മതി. പക്ഷേ, ഇരുമ്പ് (iron) ധാതുക്കള്‍ കൂടുതല്‍ വേണം.

പുരുഷന്മാര്‍ക്ക് കൂടുതല്‍ അളവ് വേണമെന്നു പറയുന്നത് അവര്‍ക്ക് പേശികള്‍ കൂടുതലാണ്, വലിയ ശരീരവുമാണ് എന്നതിനാലാണ്. ശരീരത്തിന് എത്ര ആവശ്യമുണ്ടെന്ന് മനസ്സിലാക്കി അതിനു പറ്റിയ അളവില്‍ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കണം.

സമീകൃത ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ട ഘടകങ്ങള്‍:

• കാര്‍ബോേൈഹഡ്രറ്റ്‌സ്, പ്രോട്ടീന്‍, കൊഴുപ്പ്, ജലം, വിറ്റാമിന്‍, നാര് ഭക്ഷണം, ഫൈറ്റോകെമിക്കലുകള്‍ (സസ്യങ്ങളില്‍ നിന്നു ലഭിക്കുന്ന രാസവസ്തുക്കള്‍), ഓക്സീകരണം തടയുന്ന പദാര്‍ഥങ്ങള്‍ (antioxidants).

കാര്‍ബോഹൈഡ്രേറ്റ്

ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുന്നത് കാര്‍ബോ ഹൈഡ്രേറ്റ്‌സാണ്. ഒരു ഗ്രാം കാര്‍ബോഹൈഡ്രേറ്റില്‍ നിന്ന് 4 കിലോകലോറി ഊര്‍ജം ലഭിക്കും. ശരീരത്തിന് 55-60% കാര്‍ബോഹൈഡ്രേറ്റാണ് ആവശ്യം.

• കാര്‍ബോഹൈഡ്രേറ്റ് മൂന്ന് രീതിയിലുണ്ട്. ലഘു കാര്‍ബോഹൈഡ്രേറ്റ് (simple carbohydrate): തേന്‍, പഞ്ചസാര, മിഠായി, കേക്ക്, പഴച്ചാര്‍, മാങ്ങ, വാഴപ്പഴം, കൂള്‍ ഡ്രിങ്ക്‌സ്.

ഇത് കൂടുതലായി കഴിക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പക്ഷേ, പെട്ടെന്ന് ഊര്‍ജം കിട്ടാന്‍ കുറഞ്ഞ അളവില്‍ ഇത് കഴിക്കുന്നത് നല്ലതാണ്. ഒരു ദിവസത്തെ മൊത്തംഊര്‍ജത്തിന്റെ 5-10% മാത്രമേ കഴിക്കാന്‍ പാടുള്ളൂ.

• സങ്കീര്‍ണ കാര്‍ബോഹൈഡ്രേറ്റ് (complex carbohydrate). പയറുവര്‍ഗങ്ങള്‍: പരിപ്പ്, കടല, പയര്‍.

• ധാന്യങ്ങള്‍: അരി, ഓട്‌സ്, ഗോതമ്പ്, റാഗി, ജോവര്‍, ബജറ

കിഴങ്ങുവര്‍ഗങ്ങള്‍: കപ്പ, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്,ചേന.

ഒരു ദിവസം 200-250 ഗ്രാമാണ് ആവശ്യമുള്ളത്.

• മുഴു ധാന്യങ്ങള്‍: ഗോതമ്പ് കഞ്ഞി, മക്ക ചോളം, ബ്രൗണ്‍ അരി, ഓട്‌സ്. 90-160 ഗ്രാമാണ് ഒരു ദിവസം ആവശ്യം.

കാര്‍ബോഹൈഡ്രേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍: ഊര്‍ജം നല്‍കുന്നു, പ്രോട്ടീന്‍ സംരക്ഷിക്കുന്നു, കൊഴുപ്പിന്റെ മെറ്റബോളിസത്തിനു സഹായിക്കുന്നു, തലച്ചോറിന്റെ പ്രവര്‍ത്തന്നത്തിനു സഹായിക്കുന്നു, ജീര്‍ണാരോഗ്യത്തിന് (digestion) സഹായിക്കുന്നു.

പ്രോട്ടീന്‍ (protein)

ശരീരത്തില്‍ കോശങ്ങള്‍ ഉണ്ടാക്കാനും ശരീരത്തിന്റെ വളര്‍ച്ചക്കും സഹായിക്കുന്നു. ഒരു ഗ്രാം പ്രോട്ടീനില്‍ 4 കിലോ കലോറി ഊര്‍ജമുണ്ട്.

പ്രോട്ടീനിന്റെ പ്രവര്‍ത്തനങ്ങള്‍: കോശങ്ങള്‍ നിര്‍മിക്കാന്‍, ഹോര്‍മോണ്‍, എന്‍സൈം ഉണ്ടാകാന്‍, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍. 48-60 ഗ്രാം ദിവസവും എടുക്കാം.

കൊഴുപ്പ്

കൊഴുപ്പ് ശരീരകോശങ്ങളുടെ നിര്‍മാണത്തിനും ശരീരത്തില്‍ ചൂട് നിലനിര്‍ത്താനും സഹായിക്കുന്നു. 1 ഗ്രാം ഫാറ്റ് 9 കിലോ കലോറി ഊര്‍ജം തരുന്നു.

ഫാറ്റി ആസിഡുകള്‍:

സാച്വുറേറ്റഡ് (saturated): ഈ ഫാറ്റ് ചീത്ത കൊഴുപ്പു കൂട്ടും. ഇത് അമിതമായി എടുക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഉദാഹരണം: വെളിച്ചെണ്ണ, പനങ്കുരു എണ്ണ, വനസ്പതി

അണ്‍സാച്വുറേറ്റഡ് (unsaturated): ഇത് നല്ല കൊഴുപ്പിനെ കൂട്ടുന്നു. ഇത് രണ്ടു വിധത്തിലുണ്ട്. മോണോ അണ്‍സാച്വുറേറ്റഡ്, പോളി അണ്‍സാച്വുറേറ്റഡ്. മോണോ അണ്‍സാച്വുറേറ്റഡ്: ഒലീവ് ഓയില്‍, കാനോല ഓയില്‍, നിലക്കടല ഓയില്‍, എള്ളെണ്ണ, പാമൊലിന്‍. പോളി അണ്‍സാച്വുറേറ്റഡ്: ഇതും രണ്ടു രീതിയിലുണ്ട്.

•ഒമേഗ 3: കടുകെണ്ണ, കാനോല എണ്ണ, സോയാബീന്‍ എണ്ണ.

• ഒമേഗ 6: സേഫ് ഫ്‌ളവര്‍ ഓയില്‍, സണ്‍ഫ്‌ളവര്‍ ഓയില്‍, കോട്ടണ്‍ സീഡ് ഓയില്‍, എള്ളെണ്ണ.

നമ്മുടെ ഭക്ഷണത്തില്‍ അണ്‍സാചുറേറ്റഡ് കൊഴുപ്പുകള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. കാരണം ഇത് നല്ല കൊഴുപ്പുണ്ടാക്കുന്നു.

വിറ്റാമിന്‍

വിറ്റാമിനുകള്‍ ശരീരത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും ഒപ്പം കണ്ണിന്റെ കാഴ്ചശക്തി കൂട്ടാനും അസ്ഥികളുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു.

വിറ്റാമിനുകള്‍ രണ്ടു തരത്തിലുണ്ട്. വെള്ളത്തില്‍ അലിയുന്നത്: വിറ്റാമിന്‍-B, വിറ്റാമിന്‍-C.

കൊഴുപ്പില്‍ അലിയുന്നത്: വിറ്റാമിന്‍ A, D, E, K

ജലം

ജലം താപനില നിയന്ത്രിക്കാനും ദഹനത്തിനും ശരീരതത്തിലെ മാലിന്യം നീക്കം ചെയ്യാനും കോശസംരക്ഷണത്തിനും സഹായിക്കുന്നു.

ഒരു ദിവസം 8-10 ഗ്ലാസ് വെള്ളം കുടിക്കണം.

ധാതുക്കള്‍

കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, ഇരുമ്പ് (iron),കോപ്പര്‍ ഇങ്ങനെ നിരവധി ധാതുക്കളുണ്ട്. ഇവ രക്തം ഉണ്ടാകാനും അസ്ഥിയും പല്ലും ശക്തിപ്പെടുത്താനും രോഗപ്രതി രോധനത്തിനും സഹായിക്കുന്നു.

ഫൈറ്റോകെമിക്കലുകള്‍

ഫൈറ്റോകെമിക്കലുകള്‍ ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയുന്നു.

• കരോട്ടിനോയ്ഡ്സ് (മാങ്ങ, കാരറ്റ്, മത്തന്‍, ചീര), ഫ്‌ലാവനോയ്ഡ്സ് (ഓറഞ്ച്, മുന്തിരി, ആപ്പിള്‍), അല്ലിസിന്‍ (വെളുത്തുള്ളി), ക്യാപ്സിസിന്‍ (മുളക്).

ആഹാരവും മനസ്സും

ഭക്ഷണവുമായി ബന്ധപ്പെട്ട മനോവൈകല്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ആളുകള്‍ ആരോഗ്യം നോക്കുന്നതിനു പകരം ശരീരഭാരം കുറക്കാനും അതിന്റെ രൂപഭംഗി നിലനിര്‍ത്താനും ശ്രമിക്കുന്നു. ഇത് രണ്ടും മനസ്സിന്റെ പ്രശ്‌നമാണ്.

• ബുലിമിയ നേര്‍വോസ, അനോറെക്സിയ നേര്‍വോസ, ബുലിമിയ നേര്‍വോസ.

• ബുലിമിയ നേര്‍വോസ എന്നാല്‍ ഒരു വ്യക്തി കഴിക്കാന്‍ പറ്റുന്നതിലുമധികം ഭക്ഷണം ഒറ്റയിരിപ്പില്‍ കഴിക്കുകയും, കുറച്ചു കഴിയുമ്പോള്‍ തന്നെ അത് ഛര്‍ദിച്ചു കളയുകയോ അല്ലെങ്കില്‍ വയര്‍ ഇളക്കാനുള്ള മരുന്ന് കഴിക്കുകയോ ചെയ്യും. കൂടാതെ കൂടുതല്‍ വ്യായാമം ചെയ്യും.

• അമിതമായി ഭക്ഷണം കഴിക്കലും കൂടെ മേല്‍ പറഞ്ഞ പോലെ കൃത്രിമമായി ഛര്‍ദിക്കലും മറ്റും കുറഞ്ഞത് ആഴ്ചയില്‍ രണ്ടു തവണ, മൂന്നു മാസം തുടര്‍ച്ചയായി ചെയ്യുന്നു.

• കാരണങ്ങള്‍: തലച്ചോറിലെ നാഡിസംവാഹക രാസവസ്തുക്കളില്‍ എന്തെങ്കിലും മാറ്റം.

• പാരമ്പര്യം: പൊതുവായി കാണപ്പെടുന്ന പ്രായക്കാര്‍ 13-20നും ഇടയ്ക്ക് ഉള്ളവരിലാണ്.

• ഈ അവസ്ഥ ഉള്ളവരില്‍ പോഷകാഹാരക്കുറവ് നല്ലപോലെ കാണപ്പെടുന്നു.

• ആര്‍ത്തവ ബുദ്ധിമുട്ടുകള്‍, പല്ലിന്റെ ഇനാമല്‍ നശിക്കും.

ഈ അവസ്ഥ പെട്ടെന്നു കണ്ടുപിടിച്ച് വേഗത്തില്‍ ചികിത്സ കൊടുത്താല്‍ നല്ല മാറ്റങ്ങള്‍ കാണാം. അതിനായി സൈക്കോളജിക്കല്‍ ചികിത്സ, മാനസിക സമ്മര്‍ദം കുറയ്ക്കുന്ന മരുന്നുകളുടെ ഉപയോഗം, പോഷണ കൗണ്‍സിലിംഗ് എന്നിവ നടത്തുക.

അനോറെക്‌സിയ നേര്‍വോസ

• ഭക്ഷണം കഴിച്ചാല്‍ ഭാരം കൂടുമോ എന്ന നിരന്തര ഭയം ഇത്തരക്കാരെ അലട്ടിക്കൊണ്ടേയിരിക്കും. ഇവര്‍ക്ക് മിനിമം ഭാരം പോലും നിലനിര്‍ത്താന്‍ സാധിക്കില്ല.അതിനായി ഇവര്‍ കുറച്ചു ഭക്ഷണം മാത്രമേ കഴിക്കൂ. പട്ടിണി കിടക്കും.

• ഇതിന്റെ കാരണം പാരമ്പര്യം, വിഷാദം, ജോലി എന്നിവയാകാം. കൗമാരക്കാരിലും യുവതികളിലുമാണ് അനോറെക്സിയ കൂടുതലായി കണ്ടുവരുന്നത്.

• അനോറെക്സിയ ഉള്ളവരുടെ ഭാരം പെട്ടെന്നു കുറയും. വയറ് ഉറച്ചതാവും. തണുപ്പ് സഹിക്കാന്‍ കഴിയില്ല. ശരീരത്തില്‍ നീര് ഉണ്ടാവും, കൈയിന്റെ ഉള്‍ഭാഗം മഞ്ഞനിറത്തില്‍ കാണപ്പെടും. ആര്‍ത്തവ പ്രശ്‌നങ്ങള്‍ ഉണ്ടാവാം.

• ചികിത്സിച്ചാല്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും.

ഭക്ഷണത്തിലെ പിഴവും ആരോഗ്യപ്രശ്‌നങ്ങളും

ഭക്ഷണം മരുന്നാണ്. കൃത്യമായ അളവിലും രൂപത്തിലും കഴിച്ചില്ലെങ്കില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.

പോഷകാഹാരത്തിന്റെ /ഭക്ഷണം കഴിക്കുന്നതിലുള്ള കുറവ്: ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍, വിറ്റാമിന്‍, ഊര്‍ജം എന്നിവ അതിന്റെ അളവിലും രൂപത്തിലും കിട്ടിയില്ലെങ്കില്‍ അത് പല അസുഖങ്ങള്‍ക്കും കാരണമായേക്കാം.

പ്രോട്ടീന്‍ കുറവു മൂലം ഉണ്ടാകുന്ന അസുഖങ്ങള്‍

മാരസ്മസ്: ഇതിന്റെ പ്രധാന കാരണം പ്രോട്ടീനും കലോറിയും കുറയുന്നതാണ്.

• ശരീരഭാരം വല്ലാതെ കുറയും, തളര്‍ച്ച, അസ്ഥികള്‍ പുറത്തേക്ക് കാണാന്‍ പറ്റുക, വയസ്സായ ആളുകളെ പോലെയുള്ള മുഖം, വരണ്ട ചര്‍മം, പൊട്ടിപ്പോകുന്ന മുടി.

ക്വഷിഓര്‍ക്കോര്‍: ആവശ്യത്തിന് പ്രോട്ടീന്‍കിട്ടാത്ത അവസ്ഥയാണിത്.

• വയറിലും കാലിലും നീര് കെട്ടല്‍, ക്ഷീണം, വിശപ്പില്ലായ്മ. എങ്ങനെ നിയന്ത്രിക്കാം: പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണം കൊടുക്കുക, കൗണ്‍സലിംഗ് നടത്തുക.

കൊഴുപ്പ് കുറഞ്ഞാലുള്ള പ്രശ്‌നങ്ങള്‍

• ചര്‍മം വരണ്ടു പൊട്ടും, ശരീരത്തിന് ചൂട് കൊടുക്കാനുള്ള കഴിവ് കുറയും. ക്ഷീണം. കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുക.

വിറ്റാമിന്‍ കുറഞ്ഞാലുള്ള പ്രശ്‌നങ്ങള്‍

വിറ്റാമിന്‍ Aയുടെ കുറവ്: കണ്ണ് വരണ്ടുപോവും. രാത്രി കാഴ്ച കുറയും. കണ്ണില്‍ വെളുത്ത പാടുകള്‍. ചര്‍മത്തിലെ പ്രശ്‌നങ്ങള്‍. വിറ്റാമിന്‍ A ഉള്ള ഭക്ഷണം കഴിക്കുക (കാരറ്റ്, മാങ്ങ, ഇലക്കറികള്‍)

വിറ്റാമിന്‍ Dയുടെ കുറവ്: അസ്ഥികളുടെ ബലം കുറയും.മുമ്പോട്ടു തള്ളിയ നെഞ്ചിന്‍കൂട്, വളഞ്ഞ കാല്‍.

വിറ്റാമിന്‍ അടങ്ങിയ ഭക്ഷണം കഴിക്കുക (കരള്‍, മുട്ട, ചീസ്).

ഇരുമ്പ് (iron) കുറയുമ്പോള്‍: വിളര്‍ച്ച ഉണ്ടാകുന്നു. ഇതുമൂലം ക്ഷീണവും ശ്രദ്ധക്കുറവുമുണ്ടാവും. ചിക്കന്‍, ചീര, പയറുവര്‍ഗങ്ങള്‍, മീന്‍, ലിവര്‍ എന്നിവ കഴിക്കുക.

കാത്സ്യത്തിന്റെ കുറവ്: പല്ലിന്റെയും എല്ലിന്റെയും വളര്‍ച്ചക്ക് തടസ്സം വരും. പാല്‍, മീന്‍, ഇലക്കറികള്‍, തൈര് കഴിക്കുക.

അമിത കൊഴുപ്പിന്റെ പ്രശ്‌നങ്ങള്‍

പൊണ്ണത്തടി (over weight): ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിയുന്നതാണ് പൊണ്ണത്തടിക്ക് കാരണം. വേറെയും കാരണങ്ങളുണ്ട്. ഒരു വ്യക്തിയുടെ ഭാരം-നീളത്തിന്റെ അനുപാതം 18.5-24.9 ന്റെ ഇടയിലാണെങ്കില്‍ അതു സാധാരണ ഭാരമാണ്. പക്ഷേ, ഇത് 25-29.9ഉം 30ന്റെ മുകളില്‍ പോവുകയാണെങ്കില്‍ അത് അമിതഭാരത്തിന്റെ അളവാണ്.

ഭക്ഷണത്തിലുള്ള മാറ്റം, ജീവിതരീതിയിലുള്ള മാറ്റം, വ്യായാമം എന്നിവയിലൂടെ സാധാരണ ഭാരത്തിലേക്ക് തിരിച്ചുവരാന്‍ പറ്റുന്നതാണ്. അമിതമായി കൊഴുപ്പുള്ള ആഹാരങ്ങള്‍ കഴിച്ചാല്‍ കരളിനെ ബാധിക്കും. അത് ഫാറ്റിലിവര്‍, ലിവര്‍ സിറോസിസ് എന്നിവ ഉണ്ടാവാന്‍ കാരണമാവും.

രോഗമുക്തമായ ജീവിതം എല്ലാവരുടെയും ആഗ്രഹമാണ്. അതിന് സമീകൃതവും പോഷകസമ്പന്നവുമായ ആഹാരം കഴിക്കുക. ആഹാരം നമുക്ക് മരുന്നാകട്ടെ.

ഫാറ്റിലിവര്‍: കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണിത്. അമിതമായി കൊഴുപ്പുള്ള ഭക്ഷണം, ജങ്ക് ഫുഡ്, കോള /പെപ്സി പോലുള്ള പാനീയങ്ങള്‍, കൂടിയ അളവില്‍ പഞ്ചസാര കഴിക്കുക, എണ്ണപ്പലഹാരങ്ങള്‍, ഇത് സ്ഥിരമായി കഴിക്കുന്നത് ഫാറ്റി ലിവറിനു കാരണമാകുന്നു.

ഫാറ്റിലിവര്‍ പോലെ തന്നെ മറ്റൊരു അസുഖമാണ് ലിവര്‍ സിറോസിസ്. ഉപ്പിന്റെ ഉയര്‍ന്ന അളവിലുള്ള ഉപയോഗവും ജങ്ക് ഫുഡ്, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം എല്ലാം കരളിന്റെ അനാരോഗ്യത്തിനു കാരണമാകുന്നു.

ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുക, ആഹാരം പാതിപാതിയായി കഴിക്കുക.

ഹൃദയരോഗങ്ങള്‍: ഭക്ഷണത്തില്‍ അധികമായി പഞ്ചസാര, ഉപ്പ്, ചുവന്ന മാംസം, കൊഴുപ്പ് കൂടിയ ഭക്ഷണം, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുടെ അളവ് കൂടുന്നതുകൊണ്ട് ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നു, ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നു, ഹൃദയത്തിന്റെ താളം തെറ്റുന്നു.

സമീകൃത ആഹാരരീതി പാലിക്കുക. പുകവലി നിര്‍ത്തുക. ജീവിതരീതിയില്‍ മാറ്റം വരുത്തുക. വ്യായാമം ചെയ്യുക.

പ്രമേഹം

അനാരോഗ്യ രീതിയിലുള്ള ഭക്ഷണരീതി മൂലം വ്യക്തികളില്‍ പൊണ്ണത്തടി ഉണ്ടാവുകയും അത് പ്രമേഹത്തിലേക്ക് നയിക്കുകയും ചെയ്യും. അതുപോലെ ജനിതക കാരണം കൊണ്ടും ഇന്‍സുലിന്റെ കുറവിനാലും പ്രമേഹം ഉണ്ടാകും.

ഭക്ഷണനിയന്ത്രണവും കൃത്യമായ വ്യായാമവും ഒരു പരിധി വരെ പ്രമേഹം നിയന്ത്രിക്കും.

ഉയര്‍ന്ന രക്തസമ്മര്‍ദം

രക്തം ധമനികളിലൂടെ ഒഴുക്കുമ്പോള്‍ അത് ധമനികളുടെ ഭിത്തിയില്‍ അമിതമായി സമ്മര്‍ദം ചെലുത്തുന്നു. ഭക്ഷണത്തില്‍ അമിതമായി ഉപ്പ് ഉപയോഗിക്കുന്നത്, പുകവലി, വ്യായാമക്കുറവ്, പ്രായം കൂടുന്നത്, ജനിതക ഘടകം എന്നിവയെല്ലാം കാരണങ്ങളാവാം. ഇതില്‍ ജനിതക ഘടകവും ജീവിതരീതിയിലുള്ള മാറ്റവും പ്രൈമറി ഹൈപര്‍ ടെന്‍ഷന്‍ എന്നു പറയുന്നു. എന്തെങ്കിലും അസുഖത്തിന്റെ ഭാഗമായി വരുന്നതിനെ സെക്കന്‍ഡറി ഹൈപര്‍ ടെന്‍ഷന്‍ എന്നു പറയുന്നു.

ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഭക്ഷണത്തില്‍ പച്ചക്കറികളും പഴങ്ങളും അധികമായി ഉള്‍പ്പെടുത്തുക. വ്യായാമം ചെയ്യുക. പുകവലി ഒഴിവാക്കുക.

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

• എണ്ണ ഭക്ഷണങ്ങള്‍. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഫാസ്റ്റ് ഫുഡ്, അമിത പഞ്ചസാര, മിഠായി, ഐസ്‌ക്രീം, ചോക്കലേറ്റ്, ചായ, കോഫി, അച്ചാര്‍, ചിപ്സ്, നൂഡില്‍സ്, സോഫ്റ്റ് ഡ്രിങ്ക്‌സ്. ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കല്‍.

രോഗമുക്തമായ ജീവിതം എല്ലാ മനുഷ്യരുടെയും ആഗ്രഹമാണ്. അതിനായി സമീകൃതവും പോഷകസമ്പന്നവുമായ ആഹാരം കഴിക്കുക. ആഹാരം നമുക്ക് ശത്രുവാകാതെ മരുന്നാകട്ടെ.

Dr. Basil's homeo hospital

Pandikkad