നമ്മളില്ലെങ്കില്‍ ഈ ലോകം കുഴഞ്ഞുമറിഞ്ഞുപോകുമെന്ന് വിചാരിച്ച് വര്‍ധിച്ച ഭാരങ്ങളും ഭാരവാഹിത്വങ്ങളും ചുമലിലേറ്റുന്നവരാണ് പലരും. പക്ഷേ, സത്യത്തില്‍ എന്താകും സംഭവിക്കുക?
ഭാര്യയുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവള്‍ ഉന്നയിച്ച ചോദ്യം പല ചിന്തകളിലേക്കും മനസ്സിനെ നീട്ടുകയും വലിക്കുകയും ചെയ്തു. ചോദ്യം ഇതാണ്: ''നാളെ ഞാനോ നിങ്ങളോ മരിച്ചാല്‍ ഈ ലോകത്തിന് എന്തു സംഭവിക്കും? എല്ലാം പതിവ് പോലെത്തന്നെ നടന്നുപോകില്ലേ?''
പല ആവശ്യങ്ങള്‍ക്കുമായി ആളുകള്‍ വിളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ ചോദ്യം ഉയര്‍ന്നുവന്നത്. ''മരിച്ച നമ്മള്‍ ആറടി മണ്ണിലേക്ക് പോകും. ജീവിച്ചിരിക്കുന്നവര്‍ ജീവന്‍ നിലനിര്‍ത്താനുള്ള ഓട്ടം തുടരും'' എന്നായിരുന്നു എന്റെ മറുപടി.
നമ്മളില്ലെങ്കില്‍ ഈ ലോകമാകെ കുഴഞ്ഞുമറിഞ്ഞുപോകുമെന്ന് വിചാരിച്ച് വര്‍ധിച്ച ഭാരങ്ങളും ഭാരവാഹിത്വങ്ങളും ചുമലിലേറ്റുന്നവരാണ് പലരും. പക്ഷേ, സത്യത്തില്‍ സംഭവിക്കുക എന്തായിരിക്കും? നമ്മളില്ലെങ്കില്‍ മറ്റൊരാള്‍ നമ്മുടെ കസേര ഏറ്റെടുക്കും. അയാള്‍ ഇറങ്ങിപ്പോകുമ്പോള്‍ വേറൊരാള്‍. അതായത്, നമ്മള്‍ ഇല്ലാതാകുന്നതുകൊണ്ട് ഈ ലോകത്തിന് യാതൊന്നും സംഭവിക്കുന്നില്ല.
എല്ലാം പതിവു പോലെയോ പതിവിനേക്കാള്‍ ഭംഗിയായോ നടക്കുന്നു. കുടുംബത്തിനും അടുത്ത ബന്ധുക്കള്‍ക്കും സംഭവിക്കുന്ന താല്‍ക്കാലിക ആഘാതം പോലും ഏതാനും ദിവസങ്ങള്‍ക്കു ശേഷം സുഖപ്പെടുന്നു. അവര്‍ പിന്നെയും പതിവുപോലെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നു.
താമസിക്കുന്ന പുരയിടത്തില്‍ 50 വര്‍ഷം മുമ്പ് താമസിച്ചിരുന്ന ആളുകളുടെ പേരറിയാത്തവരാണ് നമ്മിലേറെയും, അത് സ്വന്തം തറവാടാണെങ്കില്‍ പോലും. അതായത് അടുത്ത 50 വര്‍ഷത്തിനു ശേഷം നമ്മള്‍ താമസിക്കുന്ന ഇടത്തെ പകരക്കാരന്‍ ആരാണെന്ന് നമുക്ക് അറിയില്ല. നമ്മളായിരുന്നു ഇവിടെ താമസിച്ചിരുന്നതെന്ന് ആ പകരക്കാരനും അറിയില്ല. ആ നമ്മളാണ് ഈ സ്ഥലത്തിന്റെ അതിരില്‍ നിന്ന് അരയിഞ്ച് അയല്‍വാസി കൈയേറിയെന്നു പറഞ്ഞ് കത്തിക്കുത്തിനു പോകുന്നത്.
ഇത് വായിക്കുന്നവര്‍ കുറച്ച് നേരത്തേക്ക് രണ്ടു കണ്ണുകളും അടച്ചുപിടിച്ച് മനസ്സിലേക്ക് നട്ടുച്ച നേരത്തെ ഒരു നാട്ടുപാത കൊണ്ടുവരണം. ഈ കുറിപ്പ് വായിച്ചുതീര്‍ന്നിട്ട് കണ്ണടച്ചാലും മതി. നാട്ടുപാത എന്നുവെച്ചാല്‍ ടാറിടാത്ത ഒരു ചെമ്മണ്‍പാതയായിക്കോട്ടെ. ഇരുവശവും നെല്‍പ്പാടങ്ങള്‍ മാത്രമുള്ള ആ പാതയിലൂടെ വെയിലിന്റെ ചൂട് സഹിക്കാനാവാതെ, ഒരു തണല്‍ കിട്ടിയെങ്കിലെന്ന് കരുതിയാണ് നിങ്ങള്‍ നടക്കുന്നത്.
കുറച്ച് ദൂരം നടന്നപ്പോള്‍ പാടം കഴിഞ്ഞ് പറമ്പായി. പാതയുടെ സ്വഭാവത്തില്‍ മാറ്റമില്ല. അല്പം ദൂരെ പാതയോരത്ത് തണല്‍വൃക്ഷം കണ്ടു. നല്ലൊരു മാവാണ്. ആശ്വാസത്തോടെ ആ മരത്തിന്റെ ചുവട്ടിലെ പുല്‍ത്തകിടിയില്‍ ഇരുന്ന് ചുറ്റും നോക്കി. അടുത്തൊന്നും വീടുകളില്ല. പക്ഷികള്‍ കൊത്തിയ മാങ്ങകള്‍ നിലത്ത് വീണുകിടപ്പുണ്ട്. മാവിനു മുകളില്‍നിന്ന് കിളികളുടെ ചിലപ്പ് കേള്‍ക്കുന്നുണ്ട്.
പാതയോരത്തേക്ക് ചാഞ്ഞ് മരച്ചില്ലയുടെ നിഴല്‍. പാടത്ത് കള പറിക്കുന്ന പണിക്കാരെ ഇവിടെ ഇരുന്നാലും കാണാം. പാതയിലൂടെ ഒന്നുരണ്ട് മോട്ടോര്‍ ബൈക്കുകള്‍ പോയി. ഇടയ്ക്കൊരു സൈക്കിളുകാരനും. കാറ്റില്ലാത്തതുകൊണ്ട് ഇലകളൊന്നും ഇളകുന്നില്ല. ശാന്തഗംഭീരമായ അന്തരീക്ഷം. എത്ര സ്വാഭാവികതയോടെയാണ് പ്രപഞ്ചം അതിന്റെ അച്ചുതണ്ടില്‍ കറങ്ങുന്നത്!
 ഇനി കണ്ണടച്ച് ഈ അന്തരീക്ഷമോ നിങ്ങളുടെ നാട്ടിടവഴികളോ സങ്കല്പിക്കാം. നാളെ നമ്മള്‍ മരിച്ചെന്നു കരുതുക. ഇതൊക്കെയങ്ങ് കീഴ്മേല്‍ മറിഞ്ഞുപോകുമോ? ഇല്ല. നമ്മള്‍ ജനിക്കുന്നതിനു മുമ്പ് ഇതെല്ലാം ഇവിടെ ഉണ്ടായിരുന്നു. മരണശേഷവും ഇതൊക്കെ ഇതുപോലെയുണ്ടാകും.
മരിപ്പിന് കൂടിയവര്‍ ഇടയ്ക്കിടെ വാച്ചില്‍ നോക്കും. അവര്‍ക്ക് കല്യാണത്തിനോ കളിയാട്ടത്തിനോ പോകാനുണ്ടാവും. പണിക്കിടയില്‍ ഓടിവന്നതാകും. മനുഷ്യര്‍ ജീവിക്കാനായി പരക്കം പായുമ്പോള്‍ തന്നെയാണ് മരണങ്ങളും സംഭവിക്കുന്നത്. മരിച്ചവനെ തിടുക്കപ്പെട്ട് യാത്രയാക്കിയ ശേഷം മറ്റുള്ളവര്‍ അവരുടെ ജീവിതത്തിന്റെ തിടുക്കങ്ങളിലേക്ക് മടങ്ങുന്നു.
ഇത്രയും ലളിതമായ ജീവിതയാഥാര്‍ഥ്യങ്ങളെക്കുറിച്ച് അധികപേരും അത്രയങ്ങ് ആലോചിക്കാത്തതുകൊണ്ടാണ് ആര്‍ത്തിയും ദുരഭിമാനവും അഹന്തയും ആര്‍ഭാടങ്ങളുമൊക്കെയായി ഉള്ള ജീവിതം നശിച്ചുപോകുന്നത്.
ഒരു ഹാസ്യ ടെലിവിഷന്‍ പരിപാടിയില്‍ രണ്ടു നടന്മാര്‍ തമ്മിലുള്ള സംഭാഷണം ഈയിടെ ശ്രദ്ധിച്ചു. ഒരാള്‍ സ്വന്തമായി വീടുണ്ടാക്കാന്‍ ജീവിതം പണയപ്പെടുത്തി കഷ്ടപ്പെടുന്നവനും മറ്റേയാള്‍ സ്ഥിരമായി വാടകവീട്ടില്‍ താമസിക്കുന്നവനുമാണ്.
സ്വന്തമായി വീടുണ്ടാക്കാത്തതിന് ശാസിക്കുന്ന സുഹൃത്തിനോട് വാടകക്കാരന്റെ മറുചോദ്യം: ''നിങ്ങള്‍ മരിച്ചാല്‍ ഈ വീട് ആരെടുക്കും?''
''ഞാന്‍ മരിച്ചാല്‍ വീട് എന്റെ ഒരേയൊരു മോള്‍ക്കുള്ളതാണ്.''
''നിങ്ങള്‍ മരിച്ചാല്‍ വീട് മകള്‍ കൊണ്ടുപോകും. ഞാന്‍ മരിച്ചാല്‍ വീടിന്റെ മുതലാളി കുമാരേട്ടന്‍ കൊണ്ടുപോകും. രണ്ടായാലും ഇത് മറ്റാര്‍ക്കോ ഉള്ളതാണ്. ഇത് രണ്ടും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ലല്ലോ.'' ഇതാണ് വാടകക്കാരന്റെ ന്യായം.
സ്വന്തമായി വീടും സമ്പാദ്യവും ഉള്ളവരുടെ മാതാപിതാക്കള്‍ ഇങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ പുതിയ തലമുറയില്‍പ്പെട്ട പലരും തെരുവിലായിപ്പോയേനെ. സ്വസ്ഥജീവിതത്തിന് സ്വന്തം വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. പക്ഷേ, സ്വന്തം വീട് ജീവിതത്തെ തന്നെ നശിപ്പിക്കുന്ന സാമ്പത്തിക ബാധ്യത തരുന്നതാണെങ്കില്‍ അത് അസ്വസ്ഥ ഭവനമാണ്. ആ വീട് കൊണ്ട് ഉദ്ദേശിച്ച നേട്ടം കിട്ടിയില്ല എന്നര്‍ഥം.
ഒരു നദി പോലെ സ്വച്ഛന്ദമായി ഒഴുകുന്ന ജീവിതമാണ് ആഗ്രഹിക്കേണ്ടത്. ഒഴുക്കുള്ള ആ നദിയിലേക്ക് എന്തൊക്കെ മാലിന്യങ്ങള്‍ നിക്ഷേപിച്ചാലും അതങ്ങ് ഒലിച്ചുപോകും.
സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍, അതായത് സ്വീഡന്‍, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, നോര്‍വേ എന്നിവിടങ്ങളിലെ വീടുകള്‍ എത്ര ധനികന്റേതായാലും വളരെ ചെറുതും അത്യാവശ്യം സൗകര്യങ്ങള്‍ മാത്രമുള്ളതുമാണ്. ഡെന്മാര്‍ക്കിലെ കോടീശ്വരന്മാര്‍ പാര്‍ക്കുന്നത് നമ്മുടെ നാട്ടില്‍ കുടിലുകളെ പോലെ തോന്നിപ്പിക്കുന്ന ചെറിയ ഹട്ടുകളിലാണ്.
വീടിന്റെ നിര്‍മാണത്തിനും മോടി കൂട്ടുന്നതിനും മാത്രമായി ആയുസ്സിന്റെ വലിയൊരു ഭാഗം ചെലവഴിച്ച് ജീവിതത്തിലെ മറ്റു സൗഭാഗ്യങ്ങളൊന്നും അനുഭവിക്കാന്‍ അവസരം ലഭിക്കാതെ പോകുന്നവനാണ് ഇപ്പോഴത്തെ ശരാശരി മലയാളി.
സത്യജിത് റേ സംവിധാനം ചെയ്ത വിഖ്യാത ചലച്ചിത്രമാണ് 'പഥേര്‍ പാഞ്ചാലി.' ഈ ചിത്രത്തിന്റെ കഥ ഇതേ പേരിലുള്ള ഒരു നോവലില്‍ നിന്നാണ് സ്വീകരിച്ചത്. ബിഭൂതി ഭൂഷണ്‍ ബന്ദോപാധ്യായയുടേതായിരുന്നു ആ നോവല്‍. ഹരിഹറിന്റെയും പത്‌നി സര്‍വജയയുടെയും പുത്രന്‍ അപുവിന്റെയും കഥ പറയുന്ന 'പഥേര്‍ പാഞ്ചാലി'ക്ക് തുടര്‍ച്ച വേണമെന്ന് വായനക്കാര്‍ ആവശ്യപ്പെട്ടു. അങ്ങനെ അതിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങി. ആ നോവലിന്റെ പേരാണ് 'അപരാജിതോ.' സത്യജിത് റായ് തന്നെ ഈ നോവലും ചലച്ചിത്രമാക്കിയിട്ടുണ്ട്.
പരാജയം അറിയാത്തവര്‍ എന്നാണ് ശീര്‍ഷകത്തിന്റെ അര്‍ഥം. നിശ്ചിന്ദപുരമെന്ന പ്രശാന്തമായ ഒരു ഗ്രാമത്തെയും ഗ്രാമീണ ജീവിതത്തെയും അവരുടെ സ്വാതന്ത്ര്യദാഹങ്ങളെയും അനുഭവിപ്പിക്കുകയാണ് 'അപരാജിതോ.' 'പഥേര്‍ പാഞ്ചാലി' അവസാനിക്കുന്നത് അപുവിന്റെ കൗമാരത്തിലാണ്. എന്നാല്‍ മധ്യവയസ്‌കനാകുന്ന അപുവിനെയാണ് അപരാജിതോ പരിചയപ്പെടുത്തുന്നത്.
അമ്മ സര്‍വജയയോടൊപ്പം അപു മനസാപോതയിലെത്തുന്നു. മകനെ പൂജാരിയാക്കാനാണ് അമ്മ ആഗ്രഹിച്ചത്. എന്നാല്‍ സര്‍വജയയുടെ സ്വപ്‌നങ്ങളെ അവഗണിച്ച് അവന്‍ പഠനം തുടരുന്നു. കല്‍ക്കത്തയിലെ കോളജില്‍ ചേരുന്നതോടെ അപുവിന്റെ ജീവിതം മറ്റൊന്നാകുന്നു. ലൈബ്രറിയിലെ പുസ്തകങ്ങളും പുതിയ സുഹൃത്തുക്കളും അപുവിന്റെ മനോഭാവങ്ങളെ മാറ്റിമറിക്കുന്നു.
പണമില്ലാത്തതിനാല്‍ പഠിത്തം നിര്‍ത്തിയ അപുവിന്റെ ജീവിതത്തിലേക്ക് അപര്‍ണ കടന്നുവരുന്നു. അമ്മ മരിക്കുന്നതിന്റെ ശൂന്യതയെ മറികടക്കാന്‍ അപു പ്രയാസപ്പെടുന്നു. അപര്‍ണ കൂടി മരിക്കുന്നതോടെ ജീവിതം നെരിപ്പോടിലാകുന്നു. കാജലെന്ന കുഞ്ഞ് മാത്രമാണ് പിന്നെ ആശ്വാസം. നിശ്ചിന്ദപുരത്ത് എത്തുന്നതോടെയാണ് അപുവിന്റെ ജീവിതത്തിന് പിന്നെയും മാറ്റമുണ്ടാകുന്നത്. കാജലിന് അപ്പോഴേക്കും ഒമ്പതു വയസ്സായിട്ടുണ്ട്.
നാട്ടുപാതയോരത്ത് ഒരു വെയില്‍ച്ചില്ലയുടെ നിഴല്‍ കിടക്കുന്നതുപോലെ സ്വാഭാവികമായ ഒരു ജീവിതത്തിന്റെ ഭാഗമാണ് നമ്മള്‍. പരാജയഭീതിയില്ലാതെ ഈ ജീവിതത്തെ നേരിടുകയാണ് വേണ്ടത്. ചിന്തകളിലും ജീവിതത്തിലും ഏകാകിയായ അപുവിനെ വായനക്കാരന്‍ സ്‌നേഹിച്ചുപോവുകയാണ്. അപു ഒരു ഘട്ടത്തിലും പരാജയത്തെ സംബന്ധിച്ച് ചിന്തിക്കുന്നില്ല.
എന്നാലോ, ജീവിതമെന്നാല്‍ വലിയ സമ്പത്ത് ഉണ്ടാക്കുന്നതാണെന്ന സന്ദേശം ഈ നോവല്‍ നല്‍കുന്നുമില്ല. ജീവിതത്തിലെ ഏതെങ്കിലുമൊരു തിക്താനുഭവത്തെ പരാജയമെന്ന് വിശേഷിപ്പിക്കാനാവില്ല. പ്രപഞ്ചം അതിന്റെ അച്ചുതണ്ടില്‍ കറങ്ങുന്നതുപോലുള്ള സ്വാഭാവികതയാണത്. എല്ലാവരുടെയും ജീവിതത്തില്‍ ഏറിയോ കുറഞ്ഞോ തിക്താനുഭവങ്ങളുണ്ട്. ദാരിദ്ര്യത്തിന്റെയും അതിജീവനത്തിന്റെയും നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും കഥയാണ് ജീവിതം.
ആ സ്വാഭാവിക ജീവിതത്തെ പരാജയഭീതി കൂടാതെ അനുഭവിക്കുകയാണ് വേണ്ടത്. പരീക്ഷയിലെ തോല്‍വി, ബിസിനസിലെ തകര്‍ച്ച തുടങ്ങി ജീവിതത്തിലെ ഏതൊരു വെല്ലുവിളിയും പരാജയമല്ല, ജീവിതചക്രത്തിന്റെ ഭാഗമാണ്. ഒരു നദി പോലെ സ്വച്ഛന്ദമായി ഒഴുകുന്ന ജീവിതമാണ് ആഗ്രഹിക്കേണ്ടത്. ഒഴുക്കുള്ള ആ നദിയിലേക്ക് എന്തൊക്കെ മാലിന്യങ്ങള്‍ നിക്ഷേപിച്ചാലും അതങ്ങ് ഒലിച്ചുപോകും. പ്രശ്നങ്ങളാകുന്ന മാലിന്യങ്ങളെ ഗൗനിക്കാതെ ഒഴുക്ക് തുടരുകയാണ് വേണ്ടത്.
ഇനി മൊബൈല്‍ ഫോണൊക്കെ മാറ്റിവെച്ച്, വെയിലത്ത് നാട്ടുപാതയോരത്ത്, ഒരു തണല്‍മരച്ചോട്ടിലിരുന്ന് ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ ഒന്നാലോചിച്ചുനോക്കൂ. എത്ര സുന്ദരമാണ് നമ്മുടെ നാടും വീടും ചുറ്റുപാടുമെന്ന് അനുഭവിച്ചുനോക്കൂ.
