അതിരുകളില്ലാത്ത ആകാശം ഒരു നദിയെന്ന പോലെ പക്ഷികളെ ഒഴുക്കിയൊഴുക്കി അന്നവും അഭയവുമുള്ള ദേശങ്ങളിലെത്തിച്ച് വിരുന്നൂട്ടി.
പക്ഷിയെപ്പോലെ പാടാം, പറക്കാം, ഒഴുകിപ്പറക്കാം...
2021ലെ ദേശാടനപ്പക്ഷി ദിനത്തിന്റെ പ്രമേയമായിരുന്നു ഇത്. ഒഴുകിപ്പറക്കുക എന്ന വാക്കിലുണ്ട് ദേശാടനപ്പക്ഷിയുടെ ജീവിതം. കോവിഡ് കാലത്ത് മനുഷ്യരെല്ലാം കൂടുകള്‍ അടച്ച് ഒറ്റയ്ക്ക് ഇരുന്നപ്പോഴായിരുന്നു ഈ പ്രമേയത്തിലുള്ള ദേശാടനപ്പക്ഷി ദിനം.
വിമാനങ്ങള്‍ പോലും പറക്കാന്‍ മടിച്ച സമയം. മനുഷ്യരെ കൂട്ടിലടച്ച കാലം. അപ്പോഴും പക്ഷികള്‍ പറന്നുകൊണ്ടിരുന്നു. അതിരുകളില്ലാത്ത ആകാശം ഒരു നദിയെന്ന പോലെ പക്ഷികളെ ഒഴുക്കിയൊഴുക്കി അന്നവും അഭയവുമുള്ള ദേശങ്ങളിലേക്കെത്തിച്ച് വിരുന്നൂട്ടി. പക്ഷികളോ, യാതൊരു മടിയും കൂടെ പറന്നുകൊണ്ടേയിരുന്നു.
ഒറ്റ ദേശാടനത്തില്‍ മാത്രം 35,000 കിലോമീറ്ററിലധികം സഞ്ചരിക്കുന്ന പക്ഷികളുണ്ടെന്നാണ് കണക്ക്. നമുക്ക് സങ്കല്പിക്കാന്‍ കഴിയാത്ത ദൂരം. വഴിയടഞ്ഞുപോകുന്ന വെല്ലുവിളികള്‍ ജീവിതത്തെ വന്നു പൊതിയുമ്പോള്‍ ദേശാടനക്കിളികളെ ഓര്‍ക്കണം. പറന്നുപറന്ന് പുതിയ ദേശങ്ങളിലൂടെ സഞ്ചരിച്ചാണ് അവ വെല്ലുവിളികളെ അതിജീവിക്കുന്നത്.
മനുഷ്യന് പറക്കാന്‍ കഴിയുമോ എന്നായിരിക്കും ചിന്ത. തീര്‍ച്ചയായും സാധിക്കും. പറക്കാന്‍ ചിറകുകള്‍ വേണമെന്നില്ല. സ്വദേശവും ഇപ്പോഴുള്ള ഉപജീവന മാര്‍ഗവും മാത്രമാണ് ജീവിക്കാനുള്ള ഏക വഴിയെന്ന വിചാരം മാറ്റിവെച്ച് മനസ്സു കൊണ്ട് പുതിയ ദിശകളിലേക്ക് പറക്കാനുള്ള ആത്മവിശ്വാസം കൈവരുമ്പോള്‍ നമുക്ക് ചിറകുകളുണ്ടാകുന്നു. അപ്പോള്‍ വിശാലവും സുന്ദരവുമായ ഈ ലോകത്തെ അറിഞ്ഞും ആസ്വദിച്ചും നമ്മളങ്ങനെ ഒഴുകിപ്പറക്കുന്നു.
മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു, എന്നാല്‍ എല്ലായിടത്തും അവന്‍ ചങ്ങലയിലാണ് എന്ന് പറഞ്ഞത് വിഖ്യാത ഫ്രഞ്ച് തത്വചിന്തകന്‍ ജീന്‍ ജാക്വിസ് റൂസ്സോ ആണ്. 1762ല്‍ അദ്ദേഹം എഴുതിയ സോഷ്യല്‍ കോണ്‍ട്രാക്ട് എന്ന പുസ്തകത്തിലെ ആദ്യ വാചകമാണിത്.
സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യനെ അറിവില്ലായ്മയും ദാരിദ്ര്യവും വര്‍ഗീയതയും അടിമത്തവുമെല്ലാം ചങ്ങലകളില്‍ ബന്ധിപ്പിക്കുന്നു എന്നാണ് റൂസ്സോ വിശദീകരിക്കുന്നത്. ഫ്രഞ്ച് പ്രൊട്ടസ്റ്റന്റ് അഭയാര്‍ഥി കുടുംബത്തില്‍ ജനിച്ച റൂസ്സോ ചങ്ങലക്കെട്ടുകളുടെ ദുരനുഭവം അറിഞ്ഞവനായിരുന്നു.
അനാഥനായിരുന്ന റൂസ്സോ വര്‍ഷങ്ങളോളം സഞ്ചാരിയായി ജീവിച്ചു. കൊത്തുപണിക്കാരനായും ഗുമസ്തനായും അധ്യാപകനായും ജോലികള്‍ ചെയ്തു. അസമത്വത്തിനും അനീതിക്കുമെതിരെ അദ്ദേഹം എഴുതിയതെല്ലാം അക്കാലത്ത് വിമര്‍ശിക്കപ്പെട്ടു. യൂറോപ്പില്‍ ഉടനീളം സ്വാതന്ത്ര്യത്തെക്കുറിച്ച് പറഞ്ഞുനടന്ന കുറ്റത്തിന് പാരീസിനു പുറത്തേക്ക് താമസം മാറ്റേണ്ടിവന്നു.
അനാഥനായി ജനിച്ച അദ്ദേഹം ഒറ്റപ്പെട്ടു തന്നെയാണ് മരിച്ചതും. സ്വാതന്ത്ര്യം മനുഷ്യന് ജന്മസിദ്ധമായി ലഭിച്ച അവകാശമാണെന്ന് റൂസ്സോ വിശ്വസിച്ചു. പരിഷ്‌കൃത ലോകം പില്‍ക്കാലത്ത് സ്വീകരിച്ച മനുഷ്യാവകാശ നയങ്ങളിലും ജനാധിപത്യ മൂല്യങ്ങളിലുമെല്ലാം റൂസ്സോയുടെ സ്വാധീനമുണ്ട്.
പറക്കാനുള്ള ജന്മസിദ്ധമായ ശേഷി തിരിച്ചറിയാതെ പോകുന്നതുകൊണ്ടാണ് മനുഷ്യരില്‍ പലര്‍ക്കും അവരുടേതായ പൊട്ടക്കിണറുകളില്‍ തവളകളെ പോലെ കഴിയേണ്ടിവരുന്നത്. ചിറകുകളുണ്ടെന്ന് തിരിച്ചറിയുന്നവര്‍ കിണറിനു മീതെ പറക്കുന്നു, ആകാശം തൊടുന്നു.
കൈകള്‍ കൊണ്ട് തപ്പിനോക്കിയാല്‍ ആ ചിറകുകള്‍ കാണണമെന്നില്ല. മനസ്സു കൊണ്ട് മുളപ്പിച്ചെടുക്കേണ്ട ഒന്നാണത്. മനസ്സു കൊണ്ട് വളര്‍ത്തിയെടുക്കേണ്ട ഒന്നാണത്. ആത്മവിശ്വാസമെന്നോ അഭിമാനമെന്നോ എന്തു പേരിട്ടും അതിനെ വിളിക്കാം. നമുക്ക് ആ ചിറകുകളുണ്ടോ എന്ന് ഇടയ്ക്കിടെ ഹൃദയത്തിനകത്ത് തപ്പിനോക്കണം. അതില്ലാതാകുന്ന അന്ന് നമ്മുടെ പറക്കല്‍ ശേഷി നഷ്ടപ്പെടുന്നു.
ദേശാടനക്കിളി കരയാറില്ല എന്നത് ഒരു മലയാള സിനിമയുടെ പേരാണ്. 1986ല്‍ പുറത്തിറങ്ങിയ പത്മരാജന്റെ മികച്ച സിനിമകളിലൊന്ന്. ജീവിതത്തിലെ കടുത്ത വ്യവസ്ഥകളെ ഇഷ്ടപ്പെടാതെ ബോര്‍ഡിങില്‍ നിന്ന് ഒളിച്ചോടിപ്പോകുന്ന പെണ്‍കുട്ടികളാണ് ഈ കഥയുടെ പ്രമേയം. തിരികെ പഴയ ജീവിതത്തിലേക്ക് വിളിക്കാനായി ആളുകള്‍ വരുമ്പോഴേക്കും ജീവിതം തന്നെ അവസാനിപ്പിച്ച് മറ്റൊരു ലോകത്തേക്ക് പറന്നുപോകുന്ന കുട്ടികളുടെ കഥ ദുരന്തപര്യവസായിയാണ്.
ഒരു നിയന്ത്രണവുമില്ലാതെ പറക്കാന്‍ ആഗ്രഹിക്കുന്ന ദേശാടനക്കിളികളെ ഉദ്ദേശിച്ചല്ല ഈ കുറിപ്പ്. മറിച്ച്, സാമൂഹികമായ ചിട്ടവട്ടങ്ങള്‍ അംഗീകരിച്ചുകൊണ്ടുതന്നെ പറക്കാനുള്ള സാഹചര്യങ്ങളെ ഉപയോഗിക്കുന്നവരെക്കുറിച്ചാണ്. ചിട്ടവട്ടങ്ങളും നിയന്ത്രണങ്ങളും അവരെ കരയാന്‍ പ്രേരിപ്പിച്ചേക്കാം.
ആഗ്രഹിച്ചത് നടക്കാതെപോയേക്കാം. എങ്കിലും അവര്‍ കരയാറില്ല. കഴിഞ്ഞതെല്ലാം മറന്ന്, ജീവിതത്തിന്റെ പച്ചപ്പും പരിമളവുമുള്ള ദേശങ്ങളെ അന്വേഷിച്ച് അവര്‍ പറന്നുകൊണ്ടിരിക്കും. ആ ദേശങ്ങളില്‍ സുരക്ഷിതരല്ലാതെ വരുമ്പോള്‍, ആ ദേശങ്ങളിലെ പച്ചപ്പ് വരണ്ടുപോകുമ്പോള്‍, പരിമളങ്ങള്‍ മാഞ്ഞുപോകുമ്പോള്‍ മറ്റൊരു ദേശത്തിന്റെ ഹരിതാഭ തേടി അവര്‍ പറക്കുന്നു.
ആ യാത്രയില്‍ എത്ര കിലോമീറ്റര്‍ പിന്നിട്ടാലും അവര്‍ക്ക് അതൊരു പ്രശ്‌നമല്ല, ലക്ഷ്യം മാത്രമാണ് പ്രധാനം. ദൂരത്തിന്റെയും ദുര്‍ഘട പാതകളുടെയും പേര് പറഞ്ഞ് അവര്‍ ദേശാടനം വേണ്ടെന്നുവെക്കില്ല. ദേശാടനക്കിളികളുടെ ജീവിതം പോലെയാണ് മനുഷ്യന്റെ പ്രവാസം. മനുഷ്യ ജന്മം തന്നെ നമുക്ക് നല്‍കുന്നത് പ്രവാസത്തിന്റെ നിയോഗമാണ്.
ജനനമരണങ്ങള്‍ക്കിടയില്‍ ആത്മാക്കള്‍ക്ക് പാര്‍ക്കാനുള്ള പ്രവാസമാണ് മനുഷ്യ ശരീരങ്ങളെന്നു പറഞ്ഞാല്‍ തെറ്റാവില്ല. പ്രവാസത്തിനുള്ള പ്രചോദനങ്ങള്‍ ആദിമ കാലം മുതലേ മനുഷ്യ രക്തത്തില്‍ അലിഞ്ഞിട്ടുണ്ട്. വെള്ളമില്ലാത്തിടത്തുനിന്ന് വെള്ളമുള്ള സ്ഥലം തേടിയാണ് ആദിമ മനുഷ്യന്‍ പലായനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പല കാലങ്ങളില്‍ പല ദേശങ്ങളിലായി പ്രവാസത്തിന്റെ ഭിന്നമുഖങ്ങള്‍ ഉണ്ടായി.
സമ്മര്‍ദങ്ങള്‍ ചെലുത്തി മാങ്ങയില്‍ നിന്ന് അതിന്റെ വിത്തിനെ തെറിപ്പിക്കുന്നതു പോലെ സമൂഹം യുവാക്കളെ ഞെരിച്ചു ഞെരിച്ച് പ്രവാസത്തിലേക്ക് തെറിപ്പിക്കുകയാണെന്ന് എം എന്‍ വിജയന്‍ മാഷ് നിരീക്ഷിക്കുന്നുണ്ട്. ആ വിത്ത് വീണിടത്തുതന്നെ ചിലപ്പോള്‍ നശിച്ചുപോകുന്നു. ചിലത് മുള പൊട്ടി വളരുന്നു, ചിലത് വളര്‍ന്നു പന്തലിക്കുന്നു.
പ്രവാസത്തില്‍ എത്തിപ്പെടുന്ന ചിലര്‍ക്ക് വളരെ പെട്ടെന്നാണ് പി.എസ്.സി കിട്ടുന്നത്. കേള്‍ക്കുമ്പോള്‍ അതിശയിക്കേണ്ട, പി.എസ്.സി എന്നാല്‍ പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ എന്നതിന്റെ ചുരുക്കമാണ്. പ്രവാസം മതിയാക്കിയവരില്‍ 80 ശതമാനവും പി.എച്ച്.ഡി എടുത്തവരാണെന്ന് പറയാറുണ്ട്. പ്രഷര്‍, ഹൈപര്‍ ടെന്‍ഷന്‍, ഡയബറ്റിസ് എന്നതാണ് ഈ പി.എച്ച്.ഡി.
അന്നുവരെ ജീവിച്ച ഇടങ്ങളോട് അനാവശ്യമായ അടുപ്പമില്ല, അന്നുവരെ കുടിച്ച നദിയിലെ വെള്ളം വറ്റിപ്പോകുമ്പോള്‍ ആ കിളി ജീവിതം അവസാനിപ്പിക്കുന്നില്ല.
ദേശാടനക്കിളികള്‍ അവരുടെ ആരോഗ്യം നോക്കിയിട്ടേ എന്തും കഴിക്കുകയുള്ളൂ. എന്നാല്‍ നമ്മള്‍ അങ്ങനെയല്ല. കിട്ടുന്നതെന്തും കിട്ടുന്ന സ്ഥലത്തു നിന്ന് വാരിവലിച്ചു തിന്നുന്നതാണ് ചിലരുടെ ശീലം. ആ ശീലമാണ് അവരെ രോഗികളാക്കുന്നത്. ആ രോഗം ചിലപ്പോള്‍ തിരിച്ചു പറക്കാനുള്ള ശേഷി വരെ നഷ്ടപ്പെടുത്തുന്നു. നേടിയതെല്ലാം ചിലപ്പോള്‍ ആ രോഗം കൊണ്ടുപോകുന്നു. എത്ര ദേശാടനം നടത്തിയാലും ആരോഗ്യം ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടുമെന്ന് സാരം.
അനുഭൂതികളുടെ ലോകമെന്ന നോവലില്‍ നന്തനാര്‍ ഇങ്ങനെ എഴുതുന്നുണ്ട്: ''ബാംഗ്ലൂര്‍ സ്വപ്നങ്ങളുടെ നഗരമാണ്. ഭംഗിയുള്ള കെട്ടിടങ്ങളുടെയും നഗരമാണ്. സുഖകരമായ കാലാവസ്ഥയുള്ള നഗരമാണ്.
ബാംഗ്ലൂര്‍ എന്തുതന്നെയല്ല, ബാംഗ്ലൂര്‍ എല്ലാമാണ്.
ഒരു ഏഴു ലക്ഷം ഉറുപ്പിക ഉണ്ടായിരുന്നെങ്കില്‍ പട്ടാള ജീവിതത്തിനു ശേഷം ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കാമായിരുന്നു.''
ഇതേ നോവലില്‍ ഇതേ കഥാപാത്രം തന്റെ മറുനാടന്‍ ജീവിതത്തില്‍ നിന്ന് മടങ്ങുമ്പോള്‍ ഇങ്ങനെയും നിരീക്ഷിക്കുന്നു: ''വണ്ടി മലനാട്ടില്‍ എത്തിയതോടെ ഭൂപ്രകൃതി ആകെയൊന്ന് മാറിയ പോലെ തോന്നി. ശരിയാണ്, കാലവര്‍ഷവും ആരംഭിച്ചിരിക്കുന്നു. എങ്ങു നോക്കിയാലും മനോഹരമായ പച്ചനിറമാണ്.''
ദേശാടനം തീരുമാനിച്ച ഒരാള്‍ക്ക് എത്തിപ്പെട്ട ദേശവും തിരിച്ചിറങ്ങുന്ന ദേശവുമെല്ലാം മനോഹരമാണ്. ദേശാടനക്കിളി കരയാറില്ല. അതിജീവനത്തിനു വേണ്ടി തിരഞ്ഞെടുക്കുന്ന ഏതു ദേശത്തെയും ആ കിളി സ്നേഹിക്കുന്നു. ആ ദേശത്തോട് ഇഴുകിച്ചേര്‍ന്ന് സന്തോഷത്തോടെ ജീവിക്കുന്നു. അവിടെയുള്ള ഉപജീവന സാധ്യതകള്‍ അസ്തമിക്കുമ്പോള്‍ മറുദേശങ്ങള്‍ തേടി പറക്കുന്നു.
നിരാശയില്ല, അന്നുവരെ ജീവിച്ച ഇടങ്ങളോട് അനാവശ്യമായ അടുപ്പമില്ല, അന്നുവരെ കുടിച്ച നദിയിലെ വെള്ളം വറ്റിപ്പോകുമ്പോള്‍ ആ കിളി ജീവിതം അവസാനിപ്പിക്കുന്നില്ല. പറന്നുകൊണ്ടേയിരിക്കുന്നു, കഴിഞ്ഞതെല്ലാം നല്ല ഓര്‍മകളായി ഹൃദയത്തോട് ചേര്‍ത്തുവെച്ച്, പുതിയ അനുഭവങ്ങള്‍ക്കായി ഒഴുകിയൊഴുകി പറക്കുന്നു.
