വീടകങ്ങളില്‍ ജീവനുണ്ടോ; അവിടെ നമ്മുടെ സാന്നിധ്യം സന്തോഷമാകുന്നുണ്ടോ


വീടും കുടുംബവും കംപാര്‍ട്ട്‌മെന്റുകളായി മാറിയ കാലത്താണു നാം. കുടുംബത്തിലെ ഓരോരുത്തരും സമയം ചെലവിടുന്നത് സ്മാര്‍ട്ട് ഫോണുകളോടൊപ്പമാണ്. സംസാരിക്കുന്നത് വാട്‌സാപ്പിനോടും ഇന്‍സ്റ്റയോടുമായിരിക്കുന്നു.

പിതൃസഹോദരന്‍ അബ്ബാസിന്റെ വീട്ടില്‍ എത്തിയതാണ് നബി. അബ്ബാസിന്റെ മക്കളായ അബ്ദുല്ലയും ഉബൈദുല്ലയും കസീറും കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലേക്കാണ് ദൂതര്‍ കയറിച്ചെന്നത്. നബിയെ കണ്ടതും അവര്‍ ഓടിവന്ന് നബിയുടെ കൈകള്‍ കവര്‍ന്നു.

അവയില്‍ തൂങ്ങിപ്പിടിക്കാന്‍ തിടുക്കം കൂട്ടി. തങ്ങളോടൊപ്പം കളിക്കണമെന്ന് വാശിപിടിക്കുകയും ചെയ്തു ആ കുഞ്ഞുങ്ങള്‍. കളങ്കമില്ലാത്ത ആ മക്കളെ നിരാശപ്പെടുത്താന്‍ നബിക്ക് സാധിച്ചില്ല. തിരുനബി അവരോടൊപ്പം കളിക്കാനിറങ്ങി.

ദൂതര്‍ അവരെ മൂന്നു പേരെയും അല്‍പം അകലെ നിരയായി നിര്‍ത്തി. താന്‍ ശബ്ദമുണ്ടാക്കുമ്പോള്‍ ഓടിവരാന്‍ പറഞ്ഞു. ആദ്യം എത്തുന്നവര്‍ക്ക് സമ്മാനവും വാഗ്ദാനം ചെയ്തു. മല്‍സരബുദ്ധിയോടെ ഓടിയെത്തിയ അവര്‍ മൂന്നു പേരും തിരുദൂതരുടെ ചുമലിലേക്കും കൈകളിലേക്കും വന്നുവീണു. അവരെ മൂവരെയും ചേര്‍ത്തുപിടിച്ച് ഉമ്മവെച്ച സ്‌നേഹദൂതര്‍ അവര്‍ക്ക് സമ്മാനങ്ങളും നല്‍കി (അബൂദാവൂദ് ഉദ്ധരിച്ച ഹദീസിന്റെ സാരം).

. . . . . .

ശ്മശാനം സന്ദര്‍ശിക്കാന്‍ പോയ തിരുനബി (സ) മടങ്ങുമ്പോള്‍ പനിയുടെ ചെറിയ ലക്ഷണം അനുഭവപ്പെട്ടിരുന്നു. ആയിശയുടെ വീടണയവെ തലവേദനയും തുടങ്ങി. അല്‍പനേരം കിടന്നപ്പോള്‍ നേരിയ ആശ്വാസം തോന്നി.

വീട്ടിലെത്തി സമയം ഏറെയായിട്ടും ആയിശയെ കാണുന്നില്ല. നബി കണ്ണുകള്‍ കൊണ്ട് പ്രിയതമയെ പരതി. പതിഞ്ഞ ശബ്ദത്തില്‍ വിളിച്ചു. ആയിശയുടെ മറുപടി വന്നില്ല.

ശക്തമായ തലവേദനയുടെ പിടിയിലായിരുന്നു അപ്പോള്‍ ആയിശയും. അവര്‍ അസഹ്യത പ്രകടിപ്പിക്കുകയും പിറുപിറുക്കുകയും ചെയ്തുകൊണ്ടിരുന്നു.

'ആയിശാ, എന്റെ തലവേദന നിന്റെ തലവേദനയെക്കാള്‍ കടുത്തതാണ്'- നബി പുഞ്ചിരിയോടെ പറഞ്ഞു. പക്ഷേ, ആയിശ അത് ശ്രദ്ധിച്ചതേയില്ല. അവരില്‍ നിന്ന് പ്രതികരണവുമുണ്ടായില്ല.

അല്‍പസമയം കാത്തിരുന്ന തിരുനബി ആയിശയെ ശുണ്ഠി പിടിപ്പിക്കാനെന്നോണം പറഞ്ഞു: 'നീ എനിക്കു മുമ്പ് മരിച്ചിരുന്നെങ്കില്‍ നിന്നെ കുളിപ്പിക്കാനും നിനക്കു വേണ്ടി നമസ്‌കരിക്കാനും നിന്നെ സംസ്‌കരിക്കാനും എനിക്ക് അവസരം കിട്ടുമായിരുന്നു.'

നബിയുടെ ഈ സംസാരം ആയിശയെ ദേഷ്യം പിടിപ്പിച്ചു. പരിഭവത്തോടെ അല്‍പം കനത്ത സ്വരത്തില്‍ ഭര്‍ത്താവിനോടായി അവര്‍ പറഞ്ഞു: 'ആ അവസരം മറ്റാര്‍ക്കെങ്കിലും ലഭിച്ചോട്ടെ. ഞാന്‍ മരിച്ച ശേഷം എന്റെ ഈ വീട്ടില്‍ മറ്റു ഭാര്യമാരോടൊപ്പം കഴിയാമെന്നല്ലേ അങ്ങയുടെ ആഗ്രഹം?'

നബി (സ) കാത്തിരുന്നത് ഇത്തരമൊരു മറുപടിക്കാണ്. ശ്രമം വിജയിച്ചു എന്ന ഭാവത്തില്‍ പ്രിയതമയുടെ വാക്കുകള്‍ നബി പുഞ്ചിരിയോടെ ആസ്വദിച്ചു.
ആയിശ അങ്ങനെയാണ്. കൗമാരത്തിന്റെ ചൂടും ശുഷ്‌കാന്തിയും ഭര്‍ത്താവിനോട് കാണിക്കും. തന്നോടുള്ള സ്‌നേഹത്തില്‍ നിന്നു വരുന്ന ഇത്തരം വാക്കുകള്‍ നബിക്കും ഇഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ ആയിശയോട് സംസാരിക്കാന്‍ നബി പലപ്പോഴും സമയം കണ്ടെത്തി.

തന്നോട് പരിഭവിക്കാനും ദേഷ്യപ്പെടാനും അവള്‍ക്ക് സ്വാതന്ത്ര്യവും നല്‍കി. പറഞ്ഞുപോയ വാക്കുകളില്‍ സങ്കടപ്പെട്ട് വൈകാതെ ആയിശ തന്റെ മുന്നിലെത്തുമെന്നും നബിക്കറിയാം. ആ സന്ദര്‍ഭവും ഇണജീവിതത്തില്‍ ഒരുതരം ആനന്ദം നല്‍കുന്നതാണല്ലോ.

ഇവിടെയും അതുതന്നെ സംഭവിച്ചു. താന്‍ പറഞ്ഞത് നബിയെ വേദനിപ്പിച്ചോ എന്ന് ആയിശക്ക് വേവലാതിയായി.

നബി പരിഭവത്തിലാണോ എന്നറിയാന്‍ ഇടയ്ക്കിടെ അവര്‍ ഒളികണ്ണിട്ട് നോക്കിക്കൊണ്ടിരുന്നു. എന്നാല്‍ നബി അപ്പോഴും പുഞ്ചിരിക്കുകയാണ്. അതോടെ ആയിശക്ക് സമാധാനമായി. ആയിശയും അറിയാതെ പുഞ്ചിരിച്ചു. വൈകാതെ ഇരുവരുടെയും പുഞ്ചിരി ചിരിയായി മാറി.

തുടര്‍ന്ന് അവര്‍ ഇരുവരും തങ്ങളുടെ വല്ലായ്മകളെപ്പറ്റി പരസ്പരം പറഞ്ഞു. ഈ സംഭവത്തിന്റെ നാലാം നാളിലാണ് ആയിശയെ ദുഃഖത്തിലാഴ്ത്തി തിരുനബിയുടെ വേര്‍പാട് ഉണ്ടായത്.

. . . . . .

പിതാവില്‍ നിന്ന് വാത്സല്യം അനുഭവിച്ചറിയാനുള്ള വിധി നബിക്ക് ഉണ്ടായിട്ടില്ല. മാതാവില്‍ നിന്നുള്ള സ്‌നേഹം ബാല്യത്തില്‍ തന്നെ നിലച്ചുപോവുകയും ചെയ്തു. എന്നിട്ടും ഇപ്പറഞ്ഞതിനൊന്നും ഒരു കുറവും അല്‍അമീന് അനുഭവപ്പെട്ടില്ല. തന്റെ ദൂതനാകാനിരിക്കുന്ന മുഹമ്മദിന് ആവോളം വാത്സല്യം ചൊരിയാന്‍ അല്ലാഹു തന്നെ ആളുകളെ ഒരുക്കി.

പിതാമഹന്‍ അബ്ദുല്‍ മുത്തലിബും പിതൃസഹോദരന്‍മാരായ അബൂത്വാലിബും അബ്ബാസും ഹംസയുമൊക്കെ സ്വന്തം മകനെപ്പോലെയാണ് മുഹമ്മദിനെ ലാളിച്ചത്.ഇവരുടെ ഭാര്യമാരും അവനെ ചേര്‍ത്തുപിടിച്ചു. ഈ കനിവിന്റെയും കരുതലിന്റെയും അടയാളങ്ങളാണ് നബിയുടെ ജീവിതത്തില്‍ പിന്നീട് നാം കാണുന്നത്.

തന്റെ ഭാര്യമാര്‍ക്ക്, മക്കള്‍ക്ക്, പേരമക്കള്‍ക്ക്, ബന്ധുക്കള്‍ക്ക്, സഹാബിമാര്‍ക്ക് അങ്ങനെ സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ക്കെല്ലാം തിരുനബി തന്റെ സ്‌നേഹകാരുണ്യം നിര്‍ലോഭം നല്‍കി.അവര്‍ക്കായി തന്റെ സമയം നീക്കിവെച്ചു.

പ്രവാചക ജീവിതം തിരക്കുപിടിച്ചതും പ്രശ്‌നസങ്കീര്‍ണവുമായിരുന്നു. പ്രത്യേകിച്ച് മദീനാ ജീവിതം. എന്നാല്‍ ഈ തിരക്കിന്റെ പിരിമുറുക്കങ്ങള്‍ അത്യപൂര്‍വമായി മാത്രമേ നബി വീട്ടില്‍ കാണിച്ചിട്ടുള്ളൂ.

വീട്ടിലെത്തിയാല്‍ ദൂതര്‍ കുടുംബനാഥനാകും. ഭര്‍ത്താവും പിതാവും പിതാമഹനുമൊക്കെയായ പച്ചമനുഷ്യന്‍!

ഭാര്യമാരായ ഖദീജയോടും സൗദയോടും ഉമ്മുസലമയോടും വീട്ടുകാര്യങ്ങള്‍ക്കൊപ്പം ഗൗരവതരമായ മറ്റു കാര്യങ്ങളും സംസാരിച്ചു. ഇവര്‍ മുതിര്‍ന്ന പ്രായക്കാരായിരുന്നു. എന്നാല്‍ കൗമാരക്കാരിയായ ആയിശ, യുവതികളായ സൈനബ്, സഫിയ എന്നിവരുമായി നബി കൂടുതല്‍ സമയം സല്ലാപങ്ങളില്‍ ഏര്‍പ്പെട്ടതായാണ് ഹദീസില്‍ കാണുക.

മക്കളോടുള്ള, വിശേഷിച്ച് ഫാത്തിമയോടുള്ള നബിയുടെ ഇടപഴകല്‍ ഏതൊരു പിതാവിനും മാതൃകയാണ്.യുദ്ധങ്ങള്‍ കഴിഞ്ഞ് മദീനയില്‍ മടങ്ങിയെത്തുന്ന നബി ഫാത്തിമയെ വീട്ടില്‍ പോയി കണ്ട ശേഷമേ തന്റെ വീട്ടിലേക്ക് പോയിരുന്നുള്ളൂ.

ഫാത്തിമയുടെ മക്കളായ ഹസന്‍, ഹുസൈന്‍ എന്നിവരോടൊപ്പമുള്ള ദൂതരുടെ കളിവിനോദം പ്രസിദ്ധമാണല്ലോ. നബിയുടെ തന്നെ ആവശ്യപ്രകാരം ഇവര്‍ നബിയെ ഉപ്പ എന്നാണ് വിളിച്ചിരുന്നത്.

കുഞ്ഞുങ്ങളുടെ ചിരികളികള്‍ പോലും നിലച്ച് വീടകങ്ങളില്‍ ശ്മശാനമൂകത തളംകെട്ടി നില്‍ക്കുകയാണ്. ഭീതിദമായ ഈ അവസ്ഥ മാറണം. വീടുകള്‍ പവിത്രബന്ധങ്ങളുടെ വിളനിലമാകണം. സമൂഹം മുളപൊട്ടുന്നത് വീടുകളില്‍ നിന്നാണ്.

തുടക്കത്തില്‍ പരാമര്‍ശിച്ച, അബ്ബാസിന്റെ മക്കളുമൊത്തുള്ള നബിയുടെ കളി എത്ര ആനന്ദകരമാണെന്ന് നോക്കൂ.നമ്മുടെ മനോഭാവമനുസരിച്ച് ദൈവദൂതന്‍ എന്ന 'ജാട'യോ അകലമോ തിരുനബി കാണിച്ചിട്ടില്ല. തന്റെ കുഞ്ഞനുജന്‍മാരായാണ് നബി ഈ കുട്ടികളെ കണ്ടത്. ഈ കളി കണ്ടുകൊണ്ടിരുന്ന അബ്ബാസ് മക്കളെ തടഞ്ഞതുമില്ല. കാരണം നബിയുടെ പതിവും സ്വഭാവവും അബ്ബാസിനറിയാം.

രോഗാവസ്ഥയില്‍ പോലും ഭാര്യ ആയിശയുമായി നബി സല്ലപിക്കുന്നു. ആയിശയുടെ പരിഭവവും പിണക്കവും ദൂതര്‍ പുഞ്ചിരിയോടെ ആസ്വദിക്കുന്നു. ഒടുവില്‍ പരിഭവം അലിഞ്ഞുപോയി ഇരുവരും ഇണങ്ങുന്നു. നബിയുടെ തന്നെ ഭാഷയില്‍, 'മുറുക്കിപ്പിരിച്ച കയറുപോലെ' ആകുന്നു.

തന്നെക്കാള്‍ 15 വയസ്സ് കൂടുതലുള്ള ഖദീജ മുതല്‍ കൗമാരത്തുടക്കക്കാരിയായ ആയിശ വരെയുള്ള ഒമ്പതു ഭാര്യമാരുമായി ജീവിതത്തില്‍ ഇടപഴകിയിട്ടുണ്ട് നബി. അവരെല്ലാം വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്ന് വന്നവരായിരുന്നു. പല സ്വഭാവക്കാരായിരുന്നു.

ഇവരില്‍ ചിലര്‍ നബിയോട് തര്‍ക്കിച്ചിട്ടുണ്ട്.ചിലര്‍ നബിയോട് കയര്‍ത്തു സംസാരിച്ചിട്ടുണ്ട്. സൗന്ദര്യപ്പിണക്കമുണ്ടായിട്ടുണ്ട്. രണ്ടു വിഭാഗമായി തിരിഞ്ഞ് നബിയോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. മകള്‍ ഫാത്തിമയെ വെച്ച് സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്നിട്ടും തിരുനബി ഇവരില്‍ ഒരാളെ പോലും കുറ്റപ്പെടുത്തിയില്ല, ആരോടും കയര്‍ത്തു സംസാരിച്ചില്ല.

എന്നാല്‍ എല്ലാവര്‍ക്കും വേണ്ടി സമയം ചെലവഴിച്ചു. ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുത്തു. അതുകൊണ്ടുതന്നെ ഭര്‍ത്താവ് എന്ന നിലയില്‍ ഭാര്യമാരില്‍ ഒരാള്‍ പോലും നബിയെ കുറ്റപ്പെടുത്തിയിട്ടില്ല. ഭാര്യാപദവിയില്‍ നിന്ന് പിരിഞ്ഞുപോകാന്‍ ഒരാളും താല്‍പര്യം കാണിച്ചതുമില്ല.

നല്ലപാതിയുടെ മാനസിക-ശാരീരിക ഉല്ലാസങ്ങള്‍ക്ക് ആവശ്യമായ സമയവും അധ്വാനവും നല്‍കാന്‍ കഴിയുക എന്നിടത്താണ് ഭര്‍ത്താവിന്റെ വിജയം. തിരുദൂതര്‍ മാതൃകയാകുന്നതും ഇവിടെയാണ്.

വീടും കുടുംബവും കംപാര്‍ട്ട്‌മെന്റുകളായി മാറിയ കാലമാണിത്. കുടുംബത്തിലെ ഓരോരുത്തരും സമയം ചെലവിടുന്നത് സ്മാര്‍ട്ട് ഫോണുകളോടൊപ്പമാണ്. സംസാരിക്കുന്നത് വാട്‌സാപ്പിനോടും ഇന്‍സ്റ്റയോടുമാണ്. പ്രണയിക്കുന്നത് റീല്‍സുകളെയും പോസ്റ്റുകളെയുമാണ്. സല്ലപിക്കുന്നത് ഇതിലെ ഫ്രന്റ്‌സുമായാണ്. ഇതൊന്നുമില്ലാത്ത ജീവിതം പലര്‍ക്കും ആത്മഹത്യക്ക് തുല്യവുമാണ്.

കുഞ്ഞുങ്ങളുടെ ചിരികളികള്‍ പോലും നിലച്ച് വീടകങ്ങളില്‍ ശ്മശാനമൂകത തളംകെട്ടി നില്‍ക്കുകയാണ്. ഭീതിദമായ ഈ അവസ്ഥ മാറണം. വീടുകള്‍ പവിത്രബന്ധങ്ങളുടെ വിളനിലമാകണം. സമൂഹം മുളപൊട്ടുന്നത് വീടുകളില്‍ നിന്നാണ്.

ഭാര്യയും ഭര്‍ത്താവും മക്കളും പേരമക്കളും സഹോദരീ സഹോദരന്മാരും ഒന്നിച്ചിരുന്നും, സ്‌നേഹവാല്‍സല്യങ്ങളും ഒപ്പം സങ്കടങ്ങളും പങ്കുവെച്ചും കഴിഞ്ഞുകൂടണം. ജീവനുള്ളവര്‍ വസിക്കുന്നിടങ്ങളാണ് വീടുകള്‍. അല്ലാത്തത് ഖബറിടങ്ങളാണ്. നമ്മുടെ വീടിനെ നാം ഖബറിടമാക്കരുത്.