പാഠം ഒന്ന്; സ്‌നേഹം പാഠം രണ്ട്; പരിഗണന

ഷഹനാസ് ബാനു

ഗുരു എന്ന വാക്കിനുള്ളില്‍ ജീവിതത്തിന്റെ പൂര്‍ണത ഒളിഞ്ഞിരിക്കുന്നു. അറിവിന്റെയും മൂല്യങ്ങളുടെയും വഴികാട്ടിയായ അധ്യാപകര്‍, വ്യക്തിത്വവും ഭാവിയും രൂപപ്പെടുത്തുന്ന ശില്‍പികളാണ്.

ഗുരു എന്ന വാക്കിനുള്ളില്‍ ജീവിതത്തിന്റെ തന്നെ പൂര്‍ണത ഒളിഞ്ഞിരിക്കുന്നു. വിദ്യാഭ്യാസമെന്ന പ്രകാശം പകരുന്ന, അറിവിന്റെയും മൂല്യങ്ങളുടെയും വഴികാട്ടിയായ അധ്യാപകര്‍, മനുഷ്യന്റെ വ്യക്തിത്വവും ഭാവിയും രൂപപ്പെടുത്തുന്ന ശില്‍പികളാണ്.

വിദ്യാര്‍ഥിയുടെ ജീവിതത്തിലെ വിജ്ഞാനവാതിലുകള്‍ തുറക്കുന്ന മാര്‍ഗദര്‍ശകനാണ് അധ്യാപകന്‍. അറിവ് കൈമാറുന്നതും സ്വായത്തമാക്കുന്നതും തമ്മിലുള്ള ബന്ധം മാത്രമല്ല, വ്യക്തിത്വവികസനത്തിനും സാമൂഹിക പുരോഗതിക്കും കാരണമാകുന്ന ആത്മീയബന്ധവുമാണ് അധ്യാപക-വിദ്യാര്‍ഥി ബന്ധം. ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിക്കാനുള്ള പാഠങ്ങള്‍ കൂടിയാണ് അധ്യാപകര്‍ കുട്ടികള്‍ക്ക് നല്‍കുന്നത്.

സപ്തംബര്‍ 5 അധ്യാപക ദിനമാണ്. അധ്യാപികമാര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു.

പ്രിയ സുനില്‍

ഏത് പ്രായത്തിലുള്ള കുട്ടികളുമായി ഇടപെടണമെങ്കിലും ആദ്യം നമ്മള്‍ അവരിലേക്ക് ഇറങ്ങിച്ചെല്ലണം. അവരെന്താണ്, ഇഷ്ടങ്ങളെന്താണ്, കാഴ്ചപ്പാടുകളെന്താണ് എന്ന് മനസ്സിലാക്കാതെ നമ്മള്‍ നില്‍ക്കുന്നിടത്തേക്ക് ആരെയും വലിച്ചുകൊണ്ടുവരാന്‍ ശ്രമിക്കരുത് എന്നാണ് ഇത്രയും വര്‍ഷം കൊണ്ട് ഞാന്‍ പഠിച്ച പാഠം.

അവര്‍ക്കൊപ്പം നിന്ന് നമ്മള്‍ ഉദ്ദേശിക്കുന്നയിടത്തേക്ക് തന്ത്രപൂര്‍വം ചലിപ്പിക്കുക. കാലത്തിനനുസരിച്ച് തലമുറകളില്‍ വന്ന മാറ്റം മനസ്സിലാക്കി അപ്‌ഡേറ്റ് ചെയ്യുകയും വേണം.

അഞ്ച്, ആറ് ക്ലാസിലൊക്കെ എത്തുമ്പോള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ ഭയങ്കര തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്. പരസ്പരം കുറ്റപ്പെടുത്തി വഴക്ക് പറയിപ്പിക്കാനുള്ള ഒരു പ്രവണത. ഒരിക്കല്‍ സഹികെട്ട് ഞാനൊരു സൂത്രം പ്രയോഗിച്ചു.

ആറാം ക്ലാസിലാണ് ആ കുട്ടികള്‍ അന്ന്. നമുക്കൊരു കളിയായാലോ എന്ന ചോദ്യത്തില്‍ തുടങ്ങി. ഒരാണ്‍കുട്ടിയോട് ഞാന്‍ നിര്‍ദേശിക്കുന്ന പെണ്‍കുട്ടിയുടെ പോസിറ്റീവ്‌സ് മാത്രം പറയാന്‍ പറഞ്ഞു.

ആദ്യമൊക്കെ അവന്‍ മടി കാണിച്ചു. പോയിന്റ് ഉണ്ടല്ലോ എന്നാലോചിച്ചപ്പോള്‍ ഓര്‍ത്തെടുത്ത് പറയാന്‍ തുടങ്ങി. ഇത് നേരെ തിരിച്ചും ആവര്‍ത്തിച്ചു. അങ്ങനെ ആ ക്ലാസിലെ എല്ലാ കുട്ടികളുടെയും പോസിറ്റീവ്സ് എതിര്‍ലിംഗത്തില്‍ പെട്ട ആള്‍ പറയുന്ന ഒരു കളി. സംഗതി കുട്ടികള്‍ക്ക് നന്നായി ഇഷ്ടപ്പെട്ടു.

അവര്‍ക്കിടയിലെ കാലുഷ്യത്തിന് ചെറിയ അയവ് വരുത്താന്‍ ഈ പ്രവര്‍ത്തനത്തിലൂടെ സാധിച്ചു. ഏഴാം ക്ലാസില്‍ നല്ല കൂട്ടുകാരായി കഴിഞ്ഞാണ് അവര്‍ പിരിഞ്ഞു പോയത്.

ഇത്രേയുള്ളൂ കുട്ടികള്‍. ഒന്നും അടിച്ചേല്‍പിക്കുന്നതോ ഉപദേശിക്കുന്നതോ അവരെ സ്വാധീനിക്കില്ല. അവര്‍ക്കൊപ്പം നില്‍ക്കുക, അവര്‍ക്കൊപ്പം ചലിച്ച് നമ്മള്‍ ഉദ്ദേശിച്ചിടത്തേക്ക് കൊണ്ടുപോവുക. പഠനമായാലും മറ്റെന്തായാലും ഈ തന്ത്രം പ്രയോഗിച്ചാല്‍ നൂറു ശതമാനം ഫലിക്കും.

ഡിജിന മഞ്ചേരി

പെരിന്തല്‍മണ്ണ D.El.Ed കോളജിലെ മറക്കാനാവാത്ത ചില അനുഭവങ്ങളുണ്ട്. എന്നെ ഏറെ അദ്ഭുതപ്പെടുത്തിയ കാര്യം വിദ്യാര്‍ഥികള്‍ എന്നെക്കാള്‍ പ്രായമുള്ളവരായിരുന്നു എന്നു മാത്രമല്ല അധികവും സ്ത്രീകളായിരുന്നു എന്നതാണ്.

ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളിലൂടെയും കടന്നുപോയിട്ടും പാതിവഴിയില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നിട്ടും വീണ്ടും പഴയ സ്വപ്‌നങ്ങള്‍ക്കു വേണ്ടി തിരികെ വന്നവര്‍. ഞാന്‍ അവിടെ സൈക്കോളജിയാണ് എടുത്തിരുന്നത്.

അതുകൊണ്ടുകൂടിയാവണം പലര്‍ക്കും അധ്യാപിക എന്നതിലുപരി ഒരു നല്ല സുഹൃത്തും ചേച്ചിയും അനിയത്തിയുമാവാന്‍ സാധിച്ചു. അവര്‍ക്കിടയിലെ ഒരാളെന്നപോലെ ഒന്നിച്ച് കളിച്ചും പഠിച്ചും ഭക്ഷണം കഴിച്ചും സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവെച്ചുമെല്ലാമായിരുന്നു ആ കാലം ഞാനും ചെലവഴിച്ചത്.

തങ്ങളുടെ വ്യക്തിജീവിതത്തിലെ ഓരോന്നും എണ്ണിയെടുത്ത് എന്നോട് സംസാരിക്കാന്‍ സമയം കണ്ടെത്തുന്ന കൂട്ടത്തിലെ പലരെയും വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും ഓര്‍ക്കുന്നുണ്ട്.

ഒരിക്കല്‍ ഒരു പെണ്‍കുട്ടി വന്ന്, 'ടീച്ചറെ കാണുമ്പോള്‍ എനിക്കെന്റെ അമ്മയെ പോലെ തോന്നുന്നു' എന്നു പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞത് എന്നെ വല്ലാതെ സങ്കടത്തില്‍ ആഴ്ത്തിയിരുന്നു. വയ്യാതെ കിടക്കുന്ന അച്ഛന്റെയും അച്ഛമ്മയുടെയും കൂടെയുള്ള അവളുടെ ദുസ്സഹമായ ജീവിതം സങ്കടകരമായിരുന്നു.

നമ്മളൊന്ന് ചേര്‍ത്തുനിര്‍ത്തിയാല്‍ പലര്‍ക്കും ജീവിക്കാന്‍ അത് പ്രചോദനമാവും എന്ന് മനസ്സിലാക്കാന്‍ ഇങ്ങനെ പലരുടെയും കടന്നുവരവും കാരണമായിത്തീര്‍ന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ മറ്റൊരു പെണ്‍കുട്ടിയുടെ ജീവിതത്തിലും എനിക്ക് ഇടപെടേണ്ടിവന്നു.

അവര്‍ക്ക് നഷ്ടപ്പെട്ട സന്തോഷവും സമാധാനവും തിരികെ ലഭിക്കാനും അവള്‍ക്ക് ഭര്‍ത്താവിനൊത്ത് പുതിയൊരു ജീവിതം നയിക്കാനും ഇടപെടലുകള്‍ നിമിത്തമായി മാറിയത് ഞാന്‍ ഒരു അധ്യാപിക ആയതുകൊണ്ടാണ്.

ഇന്ന് ഹയര്‍ സെക്കന്‍ഡറിയില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴും വ്യത്യസ്തരായ കുട്ടികളിലൂടെയാണ് കടന്നുപോവുന്നത്. കൗമാരത്തിന്റെ അവസാന ഘട്ടമെന്നോ യുവത്വത്തിന്റെ ആദ്യഘട്ടമെന്നോ അവരെ വിശേഷിപ്പിക്കേണ്ടതെന്ന് അറിയില്ല.

അടുത്തിടെ ക്ലാസിലെ ഒരു കുട്ടി വല്ലാത്ത വിഷാദഭാവത്തില്‍ ഇരിക്കുന്നതു കണ്ട് അടുത്തേക്ക് വിളിപ്പിച്ചു. മറ്റാരുടെയോ കൂടെ ഒളിച്ചോടിപ്പോയ അമ്മയും ചേച്ചിയും മദ്യപനായ അച്ഛനും സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്ന ചേട്ടനും. ഇവരുടെ കൂടെ ജീവിക്കുന്ന ഈ കുട്ടിയുടെ സങ്കടങ്ങള്‍ സഹിക്കാനാവുന്നതായിരുന്നില്ല.

കൂടുതല്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും അവളുടെ ജീവിതത്തിനും ഒരു പുത്തന്‍ ഉണര്‍വ് നല്‍കാന്‍ എനിക്ക് സാധിച്ചു. എന്നും രാവിലെ എന്നെ വന്നൊന്ന് കെട്ടിപ്പിടിച്ചതിനു ശേഷമേ അവളിന്നും ക്ലാസില്‍ കയറാറുള്ളൂ.

സാജിദ കെ സി

എന്റെ വിഷയം സോഷ്യല്‍ സയന്‍സ് ആയതിനാല്‍ ചുറ്റിലുമുള്ള എല്ലാ ജീവിതങ്ങളും എന്റെ ക്ലാസ് മുറിയില്‍ ചര്‍ച്ചാ വിഷയമായി മാറിയിരുന്നു. പല വില്ലന്മാരെയും നേര്‍വഴിയില്‍ കൊണ്ടുപോവാന്‍ ബുദ്ധിമുട്ടായിരുന്നെങ്കിലും എല്ലാത്തിനുമുള്ള മറുമരുന്ന് സ്‌നേഹമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞതും അവരിലൂടെ തന്നെയാണ്.

സോഷ്യല്‍ മീഡിയയുടെ കടന്നുകയറ്റം, പ്രത്യേകിച്ച് കൊറോണ കാലത്തിനുശേഷം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഇടയില്‍ വലിയ തോതില്‍ തന്നെ അകലമുണ്ടാക്കി. കുട്ടികള്‍ പഠനത്തേക്കാള്‍ ക്ലാസില്‍ സംസാരപ്രിയരായി മാറി. അധ്യാപകരെ അനുസരിക്കുന്നതിനു പകരം നമ്മള്‍ അവരെ അനുസരിക്കേണ്ട അവസ്ഥയുണ്ടായി എന്ന് പറയുന്നതാവും ശരി.

ഷോര്‍ട്‌സുകള്‍ക്കും റീല്‍സുകള്‍ക്കും ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും അടിമപ്പെട്ട് ജീവിതം ഒന്നുമല്ലാതായി പോവുന്നവര്‍ അതിനിടയില്‍ നിരവധിയാണ്.

മനോരോഗിയായ അമ്മയോടൊപ്പം താമസിക്കുന്ന ഒരു കുട്ടിയുണ്ടായിരുന്നു എന്റെ ക്ലാസില്‍. അത് അറിഞ്ഞതു മുതല്‍ ആ കുട്ടിയെ ഞാന്‍ പ്രത്യേകം പരിഗണിക്കുമായിരുന്നു. എന്റെ സംസാരവും ഇടപെടലും ആ കുട്ടിക്ക് സാന്ത്വനമാവുന്നുണ്ടെന്ന് ഞാന്‍ തിരിച്ചറിയുന്നുണ്ടായിരുന്നു.

അങ്ങനെ ചില വെളിച്ചങ്ങളാണ് അധ്യാപക ജീവിതത്തിലെ സന്തോഷം. സമാധാനിപ്പിക്കാന്‍ എന്നോണം ഞാന്‍ അയച്ച ചില കത്തുകള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ആ കുട്ടി എനിക്ക് നന്ദിവാക്കോടുകൂടി തിരിച്ചയച്ചു.

ഒരിക്കല്‍, പുറത്തെവിടെയും പോകാന്‍ സാധിച്ചിട്ടില്ലാത്ത ഒരു കുട്ടിയെ ടൂര്‍ പോകാന്‍ സാമ്പത്തികമായി സഹായിക്കാന്‍ അവസരം കിട്ടി. അപ്പോള്‍ പ്രിയപ്പെട്ട വിദ്യാര്‍ഥിയുടെ കണ്ണിലൂടെ ഞാന്‍ കണ്ടത് എന്നെത്തന്നെയായിരുന്നു.

ഇപ്പോള്‍ ഞാനൊരു കാലഹരണപ്പെട്ട അധ്യാപികയായിക്കൊണ്ടിരിക്കുന്നു. എങ്കിലും ഓര്‍മകള്‍ക്കും അനുഭവങ്ങള്‍ക്കും അന്ത്യമില്ലല്ലോ.

(അവസാനിച്ചിട്ടില്ല)