ആതിഥ്യ സംസ്‌കാരത്തിന്റെ രൂപവും ഭാവവും മാറി. വിഭവങ്ങള്‍ കുറഞ്ഞാലും സ്നേഹം പകരുന്ന ആതിഥ്യമാണ് മാന്യന്മാര്‍ കൊതിക്കുന്നത്.
ആള്‍ത്തിരക്കുള്ള നഗരം. റോഡില്‍ വലിയ ബ്ലോക്കുണ്ട്. കല്യാണത്തിനു വന്ന വാഹനങ്ങള്‍ റോഡില്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്തതുകൊണ്ടാണ് ബ്ലോക്കെന്ന് സഹയാത്രികര്‍ പറയുന്നുണ്ട്. ഫുലാനും ആ കല്യാണത്തിനാണ് പോകുന്നത്.
വിശാലമായ ഹാള്‍. ജനനിബിഡമായ സദസ്സ്. പൂമുഖത്ത് പെണ്ണിന്റെ ഉപ്പയെ തിരഞ്ഞു. കാണാനില്ല. അവരെല്ലാം സ്റ്റേജില്‍ ഫോട്ടോ എടുത്തുകൊണ്ടിരിക്കുകയാണ്. വന്നവര്‍ വന്നവര്‍ ക്ഷണിച്ചവരെയാരെയും കാണാതെ പരുങ്ങുന്നുണ്ട്. അവസാനം എല്ലാവരും ഭക്ഷണശാലയിലേക്ക് പോകുന്നു.
പ്രായം ചെന്ന ഫുലാനും അതുതന്നെ ചെയ്തു. ഹാളിലുള്ളതിനേക്കാള്‍ ഇരട്ടി ആളുകളുണ്ട് ഭക്ഷണത്തിന്. എല്ലാ കസേരയുടെയും പിറകില്‍ ആളുകള്‍ നില്‍ക്കുന്നുണ്ട്. കഴിച്ചുകൊണ്ടിരിക്കുന്നവര്‍ എഴുന്നേല്‍ക്കാന്‍ ഒരുങ്ങുമ്പോഴേക്കും ചാടിയിരിക്കുകയാണ്. തീന്‍മേശയിലെ വേസ്റ്റുകളൊന്നും പ്രശ്നമേയല്ല.
ഫുലാന്‍ കുറേ ശ്രമിച്ചു. ഒരു പോംവഴിയുമില്ല. 'ബുഫെ അവിടെയുണ്ട്. അവിടേക്ക് പോയിക്കോളൂ'- ഒരാള്‍ പറഞ്ഞു. കുറച്ചപ്പുറത്ത് നീളത്തിലുള്ള മൂന്നു വരികള്‍. ചെറുതും വലുതും പ്ലേറ്റും പിടിച്ചുനില്‍ക്കുന്നു. ഉമ്മമാരുടെ കാര്യമാണ് കഷ്ടം. ഒരു കൈയില്‍ കുട്ടി. മറുകൈയില്‍ പാത്രം. വസ്ത്രത്തില്‍ പിടിച്ചു മറ്റൊരു കുട്ടിയും.
ഫുലാനും ഒരു പ്ലേറ്റ് കിട്ടി. നന്നെ പാടുപെട്ട് ഭക്ഷണത്തളികയുടെ അടുത്തെത്തി. പത്തോളം ഇനങ്ങളുണ്ട്. എല്ലാം വാങ്ങല്‍ നിര്‍ബന്ധമാണെന്ന് കരുതി ഫുലാന്‍ എല്ലാറ്റില്‍ നിന്നും വാങ്ങിച്ചു. അവസാനം ചോറ് ഇടാന്‍ പാത്രത്തില്‍ സ്ഥലമില്ലാതായി. ഉച്ചയ്ക്ക് ചോറ് മാത്രം കഴിച്ചു പരിചയമുള്ള ഫുലാന്‍ ആദ്യമായി വിവിധ തരം ഇറച്ചിയിനങ്ങളും കടികളും അകത്താക്കേണ്ടിവന്നു. ഇരിക്കാന്‍ ഇടമില്ലാത്തതുകൊണ്ട് ഒരുവിധം നിന്നുകൊണ്ട് കഴിക്കാന്‍ തുടങ്ങി.
'വിളിച്ചിട്ടാണ് ഞങ്ങള്‍ കല്യാണത്തിന് വന്നത്. ഇങ്ങനെ മനുഷ്യനെ ബുദ്ധിമുട്ടിക്കാന്‍ പാടുണ്ടോ? കുറേ തിന്നാന്‍ ഉണ്ടാക്കിയതുകൊണ്ട് കാര്യമില്ല. മാന്യമായി സ്വീകരിക്കാന്‍ പോലും ആളില്ല. ഇതാണോ ആതിഥ്യ മര്യാദ? എന്ത് കല്യാണമാണിത് ?' ഒരാള്‍ ദേഷ്യത്തോടെ ഉറക്കെ ചോദിക്കുന്നുണ്ടായിരുന്നു.
ഭക്ഷണം കഴിക്കുന്നതിനിടയില്‍ സമപ്രായക്കാരനായ ഒരാള്‍ ഫുലാനോട് പറഞ്ഞു: 'എന്ത് രസമായിരുന്നുവല്ലേ നമ്മുടെ കാലത്തെ കല്യാണങ്ങള്‍. ആഴ്ചകളോളം കുടുംബക്കാരും അയല്‍വാസികളും കൂട്ടുകാരും ഒക്കെ കല്യാണവീട്ടിലുണ്ടാകും. ആണുങ്ങളൊക്കെ കവുങ്ങ് മുറിക്കലും ഓല മെടയലും പന്തല്‍ കെട്ടലും ജഗപൊകയായിരുന്നു.
പെണ്ണുങ്ങള്‍ അരിയിടിക്കലും പാത്രങ്ങള്‍ വൃത്തിയാക്കലും മുറ്റവും റോഡും അടിച്ചുവാരലും... എന്തൊരു രസമായിരുന്നു! ഭക്ഷണം വിളമ്പുന്നത് ബന്ധുക്കള്‍, വെള്ളം കൊടുക്കുന്നത് കൊച്ചുകുട്ടികള്‍, പാത്രം കഴുകാന്‍ ഒരു ടീം, വെള്ളം എത്തിക്കാന്‍ വേറൊരു ടീം. തിന്നാനുള്ളത് കുറവായിരുന്നുവെങ്കിലും അന്ന് സ്നേഹമായിരുന്നു വിളമ്പിയത്.
കല്യാണത്തിനു വന്നവരെ സ്വീകരിക്കാനും ആദരിക്കാനും വര്‍ത്തമാനം പറയാനും ഒട്ടും പിശുക്കില്ലായിരുന്നു. ഇന്ന് ഭക്ഷണം ഒത്തിരിയുണ്ട്. എന്നാല്‍ ഇത്തിരി സ്നേഹം പോലും വിളമ്പുന്നില്ല.' ആതിഥ്യ സംസ്‌കാരത്തിന്റെ രണ്ടു മുഖങ്ങളാണിത്. വിഭവം കുറഞ്ഞാലും സ്നേഹം പകരുന്ന ആതിഥ്യമാണ് മാന്യന്മാര്‍ കൊതിക്കുന്നത്.
ആതിഥ്യം ഇസ്ലാമില്‍
അതിഥികള്‍ക്ക് ആതിഥ്യം അരുളുന്നതിന് വളരെയധികം പ്രാധാന്യമാണ് ഇസ്ലാം കല്‍പിക്കുന്നത്. പ്രവാചകന്‍ (സ) പറഞ്ഞു: ''ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ തന്റെ അതിഥിയെ ആദരിക്കട്ടെ'' (ബുഖാരി).
പ്രവാചകന്‍ മുഹമ്മദ് നബിയുടെ വീട്ടില്‍ അതിഥികള്‍ നിത്യസന്ദര്‍ശകരായിരുന്നു. വിഭവങ്ങള്‍ നിരത്തി അതിഥികളെ സല്‍ക്കരിക്കാന്‍ മാത്രം കെല്‍പ് അദ്ദേഹത്തിനില്ല. മിക്ക ദിവസങ്ങളിലും വിശപ്പിനോട് മല്ലടിക്കുന്ന ആളായിരുന്നു പ്രവാചകന്‍.
ഒരിക്കല്‍ മദീന പള്ളിയില്‍ ഒരു മനുഷ്യനെത്തി. അദ്ദേഹത്തിന് ആതിഥേയത്വം നല്‍കാന്‍ പ്രവാചകന് ആഗ്രഹമുണ്ട്. പക്ഷേ, അദ്ദേഹത്തിന്റെ വീട്ടില്‍ വിശപ്പടക്കാന്‍ ഒന്നുമില്ല. പ്രവാചകന്‍ അനുചരന്മാരോട് അതിഥിയുടെ കാര്യം പങ്കുവെച്ചു. അന്‍സാരിയായ അബൂത്വല്‍ഹ (റ) ആ മനുഷ്യനെ അതിഥിയായി സ്വീകരിച്ചു.
അദ്ദേഹത്തെയും കൂട്ടി രാത്രിയില്‍ വീട്ടിലേക്ക് തിരിച്ചു. വീട്ടിലെത്തിയപ്പോള്‍ കുട്ടികളുടെ കരച്ചില്‍ കേള്‍ക്കുന്നുണ്ട്. അവര്‍ വിശന്നു കരയുകയാണ്. ഭാര്യ ഒരു പിടി ഗോതമ്പുമണികള്‍ തിളപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതേ അവിടെയുള്ളൂ. അബൂത്വല്‍ഹ അവളെ അതിഥിയുടെ കാര്യങ്ങള്‍ ധരിപ്പിച്ചു.
അതിഥി അറിയാതിരിക്കാന്‍ വേണ്ടി കുഞ്ഞുങ്ങളെ ഉറക്കാന്‍ ആവശ്യപ്പെട്ടു. വേവുന്ന ഗോതമ്പ് ഒരു വയറിന് തികയുകയില്ല. അബൂത്വല്‍ഹ ഭാര്യയോട് പറഞ്ഞു: ''നീ കുറച്ചു കഴിഞ്ഞ് ഭക്ഷണം കൊണ്ടുവരിക. ഞങ്ങള്‍ രണ്ടുപേരും കഴിക്കാനിരിക്കാം. രണ്ടുപേര്‍ക്കും തികയില്ല എന്നെനിക്കറിയാം.
നീ ഭക്ഷണം വെച്ച് തിരിച്ചു പോകുമ്പോള്‍ നിന്റെ വസ്ത്രം കൊണ്ട് വിളക്കണയ്ക്കണം. ഇരുട്ടില്‍ അദ്ദേഹത്തോട് കഴിക്കാന്‍ പറയും. ഞാനും പാത്രത്തിലേക്ക് കൈകള്‍ ഇടും. അദ്ദേഹത്തിന്റെ കൈയില്‍ എന്റെ കൈകള്‍ തട്ടുമ്പോള്‍ അദ്ദേഹം സംശയിക്കില്ല.''
വിശന്നൊട്ടിയ വയറും വെച്ച് ആ വിശ്വാസിനി പറഞ്ഞതുപോലെ ചെയ്തു. സുബ്ഹി നമസ്‌കാരത്തിനു വേണ്ടി പള്ളിയിലേക്ക് എത്തുമ്പോള്‍ പ്രവാചകന്‍ അബൂത്വല്‍ഹയെ കാത്തുനില്‍ക്കുകയായിരുന്നു. കണ്ട ഉടനെ അദ്ദേഹത്തെ കെട്ടിപ്പുണര്‍ന്ന പ്രവാചകന്‍ പറഞ്ഞു: ''അല്ലാഹു പോലും നിങ്ങളുടെ ഇരുവരുടെയും ആതിഥ്യം കണ്ട് ചിരിച്ചുപോയി!''
''പലായനം ചെയ്ത് തങ്ങളിലേക്കെത്തുന്നവരെ അവര്‍ സ്‌നേഹിക്കുന്നു. അവര്‍ക്കു നല്‍കിയ സമ്പത്തിനോട് ഇവരുടെയും മനസ്സുകളില്‍ ഒട്ടും മോഹമില്ല. തങ്ങള്‍ക്കുതന്നെ അത്യാവശ്യമുണ്ടെങ്കില്‍ പോലും അവര്‍ സ്വന്തത്തെക്കാള്‍ മറ്റുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നു. സ്വമനസ്സിന്റെ പിശുക്കില്‍ നിന്ന് മോചിതരായവര്‍ ആരോ, അവര്‍ തന്നെയാണ് വിജയം വരിച്ചവര്‍'' (ഖുര്‍ആന്‍ 59:9) എന്ന വചനം സന്തോഷപൂര്‍വം അദ്ദേഹം ത്വല്‍ഹയെ ഓതിക്കേള്‍പ്പിക്കുകയും ചെയ്തു. അകത്തെ അല്ലലുകള്‍ അടക്കിപ്പിടിച്ച് അതിഥിയെ ആസ്വദിപ്പിച്ചതുകൊണ്ടാണ് പ്രവാചകന്‍ അഭിനന്ദിച്ചത്.
മുസ്ലിം സമൂഹത്തില്‍ നിലനിന്നിരുന്ന ഒരു ആതിഥ്യ രീതിയുണ്ടായിരുന്നു. അതിഥിക്ക് സ്വന്തം പുരയിടം പോലെ ആതിഥേയന്റെ വീട് അനുഭവിക്കാനും ആസ്വദിക്കാനും കഴിയുന്ന ആതിഥ്യ മര്യാദയാണത്. ഇസ്ലാം പഠിപ്പിക്കുന്നതും അതുതന്നെയാണ്.
ആതിഥ്യമരുളാന്‍ വീട്ടിലൊരു കരുതലുണ്ടാവണമെന്നു പോലും പ്രവാചക പാഠങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും. റസൂല്‍ പറഞ്ഞു: ''ഒരാള്‍ക്ക് ഒരു വിരിപ്പ്. അവന്റെ ഭാര്യക്കും ഒരു വിരിപ്പ്. മൂന്നാമതൊന്ന് അതിഥിക്കും. നാലാമത്തേത് പിശാചിനുള്ളതാണ്'' (മുസ്ലിം). ധൂര്‍ത്ത് അരുതെന്ന് പഠിപ്പിക്കുന്നതിനിടയിലാണ് അതിഥിക്കു വേണ്ടി മുന്നൊരുക്കമാവാമെന്നും അത് ദുര്‍വ്യയത്തില്‍ പെടില്ലെന്നും പ്രവാചകന്‍ അറിയിക്കുന്നത്.
വിരുന്നു പാര്‍ക്കാം
കേരളീയ സമൂഹത്തില്‍ ആതിഥ്യത്തിന് മഹനീയ മാതൃകയുണ്ടായിരുന്നു. സ്‌കൂള്‍ അവധി ദിവസങ്ങളില്‍ കുട്ടികള്‍ സ്വന്തം വീട്ടില്‍ ഉണ്ടാവില്ല. ബന്ധുവിന്റെ വീട്ടിലും അയല്‍വാസിയുടെ വീട്ടിലുമായിരിക്കും അവരിലധികവും ഉണ്ടാവുക. വിരുന്നു പാര്‍ക്കാന്‍ പോവുക എന്നാണ് പറയാറുള്ളത്.
വിരുന്ന് പാര്‍ക്കലിന്റെ ഓര്‍മ ആ തലമുറയ്ക്ക് ഇന്നും മധുരിക്കുന്നുണ്ട്. മറക്കാന്‍ കഴിയാത്ത നാളുകളാണവ. പഠിക്കണമെന്നു പറഞ്ഞ് രക്ഷിതാക്കള്‍ പുസ്തകവും കൂടെ കൊടുത്തുവിടും. പുസ്തകം തുറന്നുനോക്കാറില്ലെങ്കിലും താളുകളിലില്ലാത്ത ഒട്ടേറെ മൂല്യാധിഷ്ഠിത വിദ്യകള്‍ അഭ്യസിക്കാന്‍ അന്ന് കഴിഞ്ഞിരുന്നു.
വിരുന്നിലെ സഹവാസ മര്യാദകള്‍ പൂര്‍ണാര്‍ഥത്തില്‍ വിരുന്നുകാരനായ കുട്ടിയും വിരുന്നൂട്ടുന്ന വീട്ടിലെ കുട്ടികളും പ്രയോഗതലത്തില്‍ പരിശീലിച്ചിരുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ വിരുന്നുകാരനെ പരിഗണിക്കേണ്ടതും ഒരുമിച്ചു കിടന്നുറങ്ങുന്നതും ഒന്നിച്ചു കളിക്കുന്നതും അടിപിടിയുണ്ടാക്കുന്നതുമൊക്കെ അനുഭവിച്ചറിയാന്‍ അന്നത്തെ വിരുന്നു പാര്‍ക്കലുകള്‍ക്ക് സാധിച്ചിരുന്നു.
ഇന്നത്തെ മക്കള്‍ക്ക് വിരുന്നു പാര്‍ക്കല്‍ അന്യമായിത്തീര്‍ന്നു. അതുകൊണ്ടുതന്നെ മൂല്യങ്ങള്‍ പലതും അവര്‍ക്ക് അറിയാതെപോയി. വീട്ടില്‍ ഒരതിഥി വന്നാല്‍ അവര്‍ റൂമില്‍ നിന്ന് ഇറങ്ങിവരില്ല. മുന്തിയ ഭക്ഷണം കഴിക്കുന്നതിനിടയില്‍ അയല്‍പക്കത്തെ കുട്ടി കയറിവന്നാല്‍ അത് ഒളിപ്പിച്ചുവെക്കാന്‍ വെമ്പല്‍ കാണിക്കും.
അയല്‍വാസിയെ പോലും അന്യനായി കാണാനേ ഇപ്പോള്‍ കഴിയുന്നുള്ളൂ. പുലര്‍ന്ന് അന്തിമയങ്ങുന്നതുവരെ ഒരുമിച്ച് ആര്‍ത്തുല്ലസിക്കുന്നവനെ പോലും ഉറങ്ങാന്‍ നേരത്ത് വീട്ടിലേക്ക് പറഞ്ഞുവിടും.
വരാന്തകള്‍ തിരിച്ചുപിടിക്കണം
അതിഥികള്‍ക്ക് രാത്രി വീട്ടില്‍ സൗകര്യം ചെയ്തു കൊടുക്കുന്നത് വിശ്വാസിയുടെ ബാധ്യതയായാണ് മതം പഠിപ്പിക്കുന്നത്. തിരുമേനിയുടെ വാക്കുകള്‍ ഇങ്ങനെ വായിക്കാം: ''അതിഥിയുടെ രാത്രി മുസ്ലിമിന്റെ ബാധ്യതയാണ്. ആരെങ്കിലും തന്റെ മുറ്റത്താണ് നേരം വെളുപ്പിച്ചതെങ്കില്‍ അത് അയാള്‍ക്കൊരു കടമായി മാറി. ഉദ്ദേശിക്കുന്നവര്‍ ആ കടം വീട്ടട്ടെ, അല്ലെങ്കില്‍ ഉപേക്ഷിക്കട്ടെ'' (അബൂദാവൂദ്).
റിസോര്‍ട്ടുകളും ഹോട്ടല്‍ മുറികളും പെരുകിയ കാലത്ത് തനതു സംസ്‌കാരത്തിലേക്ക് തിരിഞ്ഞുനടക്കാനുള്ള ആഹ്വാനമാണ് പ്രവാചകന്‍ (സ) നടത്തുന്നത്. സൗകര്യങ്ങള്‍ അധികരിച്ചതുകൊണ്ടാവാം അതിഥികള്‍ ആതിഥേയന്റെ വീട്ടില്‍ ഉറങ്ങാന്‍ കിടക്കാറില്ല. ആതിഥേയന്‍ ഉറങ്ങാന്‍ നിര്‍ബന്ധിക്കാറുമില്ല. അതുകൊണ്ട് നഷ്ടമാവുന്നത് ബന്ധങ്ങളുടെ ഊഷ്മളതയാണ്.
മുന്‍കാലങ്ങളില്‍ ദീര്‍ഘയാത്രയ്ക്ക് ഒരുങ്ങുന്നവര്‍ക്ക് അത്താണിയായിരുന്നു സുഹൃത്തുക്കളുടെ വീടുകള്‍. ആദര്‍ശ പ്രബോധനരംഗത്ത് ഓടിനടന്നിരുന്ന എത്രയോ പണ്ഡിതന്മാരുടെ ആശ്രയകേന്ദ്രമായിരുന്നു ഓരോ ഗ്രാമങ്ങളിലെയും അത്തരം വീടുകള്‍. ആ വീടുകളില്‍ അവര്‍ക്ക് ഭക്ഷണം വിളമ്പിയ ഉമ്മമാരെ മരണം വരെ അവര്‍ ഓര്‍ത്തിരുന്നു. ആ വീടുകളിലെ ഓരോ അംഗവും അവര്‍ക്ക് പരിചിതമായിരുന്നു. ഇന്നതെല്ലാം പഴങ്കഥയായി.
പഴയ വീടുകള്‍ക്ക് വലിയ വരാന്തയും ചെറിയ അകങ്ങളുമായിരുന്നു. പുതിയ വീടുകള്‍ക്ക് വലിയ അകങ്ങളും ചെറിയ വരാന്തയുമായി മാറി. വരാന്ത ഉള്‍ക്കൊള്ളലിന്റെ ബഡാപുറമാണ്. അകങ്ങള്‍ ഉള്‍വലിയാനുള്ള ഇടവുമാണ്. അന്യനെ ഉള്‍ക്കൊള്ളാന്‍ അകത്തുനിന്നും ഇറങ്ങണം.
പുറത്തിരുന്ന് വര്‍ത്തമാനം പറയുന്നവര്‍ക്ക് പുറത്തുകൂടി നടക്കുന്നവരോടും വര്‍ത്തമാനം പറയാം. അതും അന്യനെ ഉള്‍ക്കൊള്ളുന്ന ആതിഥ്യം തന്നെയാണ്. അതുകൊണ്ട് വരാന്തകള്‍ തിരിച്ചുപിടിക്കണം. അടഞ്ഞ വാതിലുകള്‍ തുറന്നിടണം. അവര്‍ക്കാണ് ആതിഥേയത്വത്തിന്റെ മതം ഉള്‍ക്കൊള്ളാന്‍ കഴിയുക.
അതിഥിയെ കഷ്ടപ്പെടുത്തരുത്
സ്വാദിഷ്ടമായ ഭക്ഷണം ഒരുക്കുന്നത് അതിഥിയെ ആദരിക്കാന്‍ വേണ്ടിയാണ്. ഭക്ഷണം വിളമ്പിക്കൊടുക്കുന്നതും ആദരവു തന്നെ. എന്നാല്‍ ചിലപ്പോഴൊക്കെ ആദരവ് അതിരുകവിയുകയും കഷ്ടപ്പെടുത്തലുമാവാറുണ്ട്. ഭക്ഷണം കഴിച്ച് മതിയാക്കിയാലും വീണ്ടും വീണ്ടും വിളമ്പിക്കൊടുത്തുകൊണ്ട് വയറു കുത്തിനിറക്കുന്ന ആതിഥേയരെ കാണാം.
നിഷ്‌കളങ്കമായ സ്‌നേഹം കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. അതില്‍ മതപരമായി കുറ്റകരമാകുന്ന പ്രവണതകളുമുണ്ട്. അതിഥികളെ പ്രയാസപ്പെടുത്തല്‍, അമിത ഭക്ഷണം കഴിക്കല്‍, ഭക്ഷണം നശിപ്പിക്കല്‍ തുടങ്ങിയവയെല്ലാം ഇസ്ലാം വിലക്കിയ കാര്യങ്ങളാകുന്നു.
നോമ്പുതുറയും പെരുന്നാള്‍ ആഘോഷങ്ങളും വലീമത്തും ഹഖീഖയുമൊക്കെ ആരാധനകളാണല്ലോ.
ആതിഥേയ ധര്‍മം വലിയ ഉത്തരവാദിത്തമായി കണ്ട പ്രവാചകന്‍ അതിഥികളോട് വളരെ വിനയത്തോടെയായിരുന്നു പെരുമാറിയിരുന്നത്. അതിഥികള്‍ക്ക് അദ്ദേഹം തന്നെ ഭക്ഷണം വിളമ്പുമായിരുന്നു. അനുചരന്മാര്‍ സഹായിക്കാനുണ്ടെങ്കില്‍ പോലും അദ്ദേഹം തന്നെ അതിഥികളെ സേവിക്കുന്നതില്‍ മുഴുകിയിരുന്നു. ഭക്ഷണം വിളമ്പുമ്പോഴും വിനയം പ്രകടമായിരുന്നു.
ഒരിക്കല്‍ പ്രവാചകന്‍ അതിഥികള്‍ക്ക് പാല്‍ വിളമ്പാനൊരുങ്ങി. അദ്ദേഹത്തിന്റെ വലതുവശത്ത് ഒരു ബാലനും ഇടതുവശത്ത് പ്രായമുള്ള അനുചരന്മാരും ഉണ്ടായിരുന്നു. വലതുവശത്തിരുന്ന ബാലനോട് അനുവാദം ചോദിച്ച ശേഷം മാത്രമേ അദ്ദേഹം വയോധികര്‍ക്ക് കൊടുത്തുള്ളൂ.
വലതുവശത്തുനിന്നു തുടങ്ങുക എന്ന മര്യാദ പാലിക്കുന്നതോടൊപ്പം അതിഥികളെ പ്രായഭേദമെന്യേ ആദരിക്കണമെന്ന സന്ദേശം കൂടിയാണ് അദ്ദേഹം പങ്കുവെച്ചത്. എന്നു മാത്രമല്ല അതിഥികള്‍ക്കെല്ലാം ഭക്ഷണം ലഭിച്ചുവെന്ന് ഉറപ്പുവരുത്തിയിട്ടേ പ്രവാചകന്‍ ഭക്ഷണം കഴിക്കാറുള്ളൂ.
അദ്ദേഹം പറഞ്ഞു: ''ജനങ്ങള്‍ക്ക് പാനീയം വിളമ്പുന്നവരാണ് അവസാനം കുടിക്കേണ്ടത്''(തിര്‍മിദി). ബുഫെ സംസ്‌കാരവും കാറ്ററിംഗ് സംവിധാനവും വരണ്ട ആതിഥ്യമാണ് പ്രദാനം ചെയ്യുന്നതെങ്കില്‍ പ്രവാചക മാതൃക സ്നേഹം തുളുമ്പുന്ന ആതിഥ്യമാണ് പകര്‍ന്നുനല്‍കുന്നത്.
സല്‍ക്കാരങ്ങള്‍ എന്തിന്?
ആതിഥ്യമര്യാദകള്‍ സൂക്ഷ്മതലത്തില്‍ പഠിപ്പിക്കുന്ന പ്രവാചകന്‍ ഒരു സല്‍ക്കാരപ്രിയന്‍ കൂടിയായിരുന്നു. പ്രവാചക മാതൃകകള്‍ പകര്‍ത്താന്‍ ആഗ്രഹിക്കുന്ന വിശ്വാസിയിലും ആ ഗുണമുണ്ടായിരിക്കണം. പൊങ്ങച്ചം നടിക്കാനും സ്ഥാനമാനങ്ങള്‍ ഉറപ്പിക്കാന്‍ വേണ്ടിയും സല്‍ക്കാരങ്ങള്‍ ഒരുക്കുന്നവരുണ്ട്. എന്നാല്‍ ഇസ്ലാം അത് അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല മാനുഷിക ബന്ധങ്ങളുടെ കെട്ടുറപ്പിനായിരിക്കണം അതെന്ന് മതത്തിനു നിര്‍ബന്ധവുമുണ്ട്.
വ്യക്തിബന്ധവും കുടുംബബന്ധവുമാണ് മാനുഷിക ബന്ധങ്ങളില്‍ പരമോന്നതമായത്. അവ ഊഷ്മളമായി നിലനില്‍ക്കുന്നതിനു വേണ്ടിയാണ് സല്‍ക്കാരങ്ങളെ മതം പ്രോത്സാഹിപ്പിക്കുന്നത്.
അണുകുടുംബത്തില്‍ പിറക്കുന്ന പുതുതലമുറയ്ക്ക് അടുത്ത ബന്ധുക്കള്‍ പോലും അന്യരാണ്. ഉപ്പയുടെ വേരുകളില്‍ പെട്ടവരെ അവര്‍ക്ക് അറിയില്ല. ഉമ്മയുടെ ബന്ധുക്കളെ അവര്‍ക്ക് അറിയില്ല. ഏതോ കല്യാണത്തിന് കണ്ടതാണ്. അന്ന് ഉപ്പയുടെ ഉമ്മയുടെ അനിയത്തിയുടെ മകനാണ്, മകളാണ് എന്നൊക്കെ പരിചയപ്പെടുത്തിയിരുന്നു.
പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം മരണവീട്ടില്‍ വെച്ചാണ് കാണുന്നത്. വീണ്ടും പരിചയപ്പെടുത്തേണ്ട ഗതികേട്. ഈ ദുരവസ്ഥയ്ക്കുള്ള പരിഹാരമാണ് വിരുന്നുപോക്കും സല്‍ക്കാരവും. കുടുംബബന്ധം ലൈവായി നിലനിര്‍ത്താന്‍ കഴിയുന്നതുകൊണ്ടാണ് സല്‍ക്കാരത്തിന് ഇസ്ലാം വളരെയധികം പ്രാധാന്യം നല്‍കുന്നത്.
ആരാധനകളില്‍ പോലും സല്‍ക്കാരവും വിരുന്നൊരുക്കലും ഉള്‍പ്പെടുത്തി ഇസ്ലാം. നോമ്പുതുറയും പെരുന്നാള്‍ ആഘോഷങ്ങളും വലീമത്തും ഹഖീഖയുമൊക്കെ ആരാധനകളാണല്ലോ. സദ്യയും സല്‍ക്കാരവും ഉള്‍പ്പെടുത്തി കൊണ്ടാണ് ഈ ആരാധനകള്‍ ക്രമീകരിച്ചിരിക്കുന്നത്. ദൈവത്തിനു സദ്യയുടെ ആവശ്യമുള്ളതുകൊണ്ടല്ല. മനുഷ്യബന്ധങ്ങളെ ഊഷ്മളമാക്കാന്‍ വേണ്ടി മാത്രമാണത്.
