ആ വിരുന്നോര്‍മകള്‍ക്കു പോലും വല്ലാത്ത മധുരമാണ്


ഒന്നിച്ചു കളിച്ച കളികളും പറഞ്ഞ കഥകളും ഒരുമിച്ചുണ്ട ഭക്ഷണരുചികളും അടുത്ത വിരുന്നു വരെ ഓര്‍ത്തുവെക്കാന്‍ മാത്രം മധുരമുള്ളതായിരുന്നു.

ളരെ ചെറിയ സ്വപ്നങ്ങള്‍ മാത്രമുള്ള ബാല്യകാല കിനാവുകളില്‍ ഏറ്റവും മുന്തിയ ഒന്നായിരുന്നു ഞങ്ങള്‍ക്ക് ഉമ്മാന്റെ 'കുടി'യിലേക്കുള്ള വിരുന്നു പോകല്‍. വിരുന്നുപോക്കുകളുടെ രീതി സ്‌കൂള്‍ അവധിയുടെ ദൈര്‍ഘ്യമനുസരിച്ച് മാറിക്കൊണ്ടിരിക്കും.

ഓണം, ക്രിസ്മസ് പോലുള്ള പത്തു ദിവസാവധിക്ക് എളേമയുടെയും മൂത്തമ്മയുടെയും അമ്മായിമാരുടെയുമൊക്കെ വീടുകളിലേക്കാണ് വിരുന്നു പോകല്‍. പരീക്ഷക്കാലം ഒരു പരീക്ഷണകാലമായിരുന്നു കുട്ടികള്‍ക്കന്ന്. സ്‌കൂള്‍ പൂട്ടിയിട്ട് വേണമല്ലോ വിരുന്നു പോകാന്‍.

സ്‌കൂള്‍ പൂട്ടിയ വൈകുന്നേരം തന്നെ മൂത്തോരും എളയോരുമെല്ലാരും പോകാനൊരുങ്ങും. ഉമ്മ പെട്ടിയില്‍ പാത്തുവെച്ച പാവാടയും ബ്ലൗസും അത്തര്‍ മണമുള്ള പുള്ളിത്തട്ടവുമിട്ട് താഴെയുള്ളോരുടെ കയ്യും പിടിച്ച് മൂത്തോര്‍ക്കൊപ്പം ജോറിലൊരു നടത്തമുണ്ട് ബസ് സ്റ്റോപ്പിലേക്ക്. ബസ്സുകള്‍ കയറിയിറങ്ങി എളേമയുടെ വീട്ടിലെത്തുമ്പോഴേക്ക് നേരം ഇരുട്ടി ഇശാ ബാങ്കിലെത്തും. മനസ്സു നിറയെ സന്തോഷപ്പൂത്തിരി കത്തും, പള്ളേലാണേലോ വിശപ്പും!

വരവും കാത്ത് തിണ്ണയില്‍ തന്നെ കാത്തിരിപ്പുണ്ടാവും എളേമക്കുട്ടികള്‍. കുടുക്ക കാലിയാകും വരെ കഞ്ഞി മുക്കിക്കുടിക്കും ഞങ്ങളെല്ലാരും. ഒറ്റ പാത്രത്തില്‍ വിളമ്പിയ കഞ്ഞിയും ചക്കപ്പുഴുക്കും ചമ്മന്തിയും ഒന്നിച്ച് കൈയിട്ട് വാരിത്തിന്ന് പാത്രം കാലിയാകും വരെ സൊറ പറഞ്ഞിരിക്കുന്ന കുട്ടികളെ മേലു കഴുകി ഒറങ്ങിക്കോളീന്ന് സ്നേഹത്തോടെ ഓര്‍മിപ്പിക്കും ആ വീട്ടിലെ വല്ലിമ്മ.

വിരുന്നുപോക്കിലെ ഏറ്റവും രസകരമായ നേരമാണ് ഉറക്കിടം. വീടിനു നടുക്കുള്ള കുണ്ടം മുറിയിലാണ് ഞങ്ങള്‍ ഉറങ്ങാന്‍ കിടക്കാറ്. ഒന്നിച്ചു വിരിച്ചുവെച്ച പുല്‍പ്പായയില്‍ വരിവരിയായി കുട്ടികള്‍ കിടക്കും, വലുപ്പച്ചെറുപ്പമില്ലാതെ.

കഥ പറയാനുള്ള റോള്‍ എന്നും എനിക്കാണ്. ആലിബാബയും നാല്‍പത്തൊന്ന് കള്ളന്‍മാരും ഭാവാത്മകമായി പറഞ്ഞുതീരുമ്പോഴേക്കും ഓരോരുത്തരും ഉറങ്ങിക്കഴിഞ്ഞിരിക്കും. ഉമ്മ കൂടെപ്പോരാത്തതിനാല്‍ പാതിര വരെ എനിക്കുറക്കം വരില്ലല്ലോ.

നേരം പുലരുമ്പോഴേ ചാടിയെണീറ്റ് നിസ്‌കാരം കഴിച്ച് തൊടിയിലെ പഞ്ചാരമാവിന്‍ ചോട്ടില്‍ പാഞ്ഞെത്തും, ഞാനോ നീയോ മുന്നിലെന്നപോലെ. തേനൂറും മാമ്പഴച്ചാറാണ് വെറുംവയറിലെ ആദ്യത്തെ അന്നം. പള്ള നെറച്ചും മാങ്ങയും തിന്ന് തൊടീലെ കുളക്കടവില്‍ ഓരോരുത്തരായി കുളിക്കാനിറങ്ങും.

നീന്തലറിയാത്ത എനിക്കും അനിയനും കുളി പേടിസ്വപ്നമായിരുന്നു. കുളി കഴിഞ്ഞെത്തിയാല്‍ ചൂടുള്ള ഓട്ടടയും തലേന്നത്തെ മീന്‍ മുളകിട്ടതും കൂട്ടിയൊരു ബ്രേക്ക്ഫാസ്റ്റ്. പാത്രം കഴുകാനും അടിക്കാനും തുടക്കാനും അരിയില്‍ കല്ല് നോക്കാനും മീന്‍ കഴുകാനും കറുമൂസ ചെത്താനും മത്തനില നുള്ളാനുമൊക്കെ ഞങ്ങള്‍ എളേമക്ക് കൂട്ടായുണ്ടാകും ഉച്ച വരെ.

ദുഹ്റ് കഴിഞ്ഞാലുള്ള ഉച്ചച്ചോറും കഴിഞ്ഞ് കോലായിലെ ബടാപ്പുറത്തിരുന്ന് പാട്ടും കഥയും ചൊല്ലി നേരംപോക്കും അസര്‍ വരെ. അടുക്കളേന്ന് പൊങ്ങി വരുന്ന അരി വറുത്ത് ശര്‍ക്കര ചേര്‍ത്തുരുട്ടുന്ന രുചിമണം. കട്ടന്‍ചായയും അരിയുണ്ടയുമാണ് അസര്‍ ചായക്കുള്ള വിഭവങ്ങള്‍. പിന്നെ കളി നേരമാണ്. സാറ്റുകളി, വള്ളിച്ചാട്ടം, കോട്ടികളി അങ്ങനെ നീളുന്നു കളികള്‍, മഗ്രിബ് വരെ.

അവധി തീര്‍ന്ന് വീട്ടിലേക്ക് മടങ്ങാനായാല്‍ സങ്കടക്കണ്ണീരാണ് കുട്ടിക്കൂട്ടത്തിന്. ഒന്നിച്ചു കളിച്ച കളികളും പറഞ്ഞുവെച്ച കഥകളും ഒരുമിച്ചുണ്ട ഭക്ഷണരുചികളും അടുത്ത അവധിക്കാലം വരെ ഓര്‍ത്തുവെക്കാന്‍ മാത്രം മധുരമുള്ളതാക്കി ഞങ്ങള്‍ മടങ്ങും.

അവരൂട്ടിയ സ്നേഹത്തിന്റെ ഉരുളകള്‍ക്ക് പകരം വെക്കാന്‍ ഈ ദുനിയാവിലൊന്നും ബാക്കിയില്ലല്ലോ റബ്ബേ!

അടുത്ത ഊഴം ഞങ്ങളുടെ വീട്ടിലേക്കാണ്. എളേമ, മൂത്തമ്മ, അമ്മായി മക്കള്‍ ഇങ്ങനെ ഊഴം മാറ്റി പരസ്പരം വിരുന്നെത്തുന്നു. ഇല്ലായ്മയിലും വല്ലായ്മയിലും പരസ്പരമൂട്ടുന്നു, സ്നേഹം പങ്കുവെക്കുന്നു.

വലിയ അവധിക്കാലം ഉമ്മ വീട്ടിലേക്കുള്ളതാണ്. അങ്ങോട്ടേക്ക് ഉമ്മയും കൂടെപ്പോരും. വല്ലിമ്മയുടെ പത്തായത്തിലെ കടുമാങ്ങയും നെല്ലിക്ക അച്ചാറും നടുമുറിയിലെ പഴക്കുലയും ഉണക്കസ്രാവും ഈന്തുംപിടിയും പത്തിരിപ്പൊടിയും വിരുന്നുകാര്‍ക്കുള്ള ഒജീനങ്ങളാണ്.

പത്തിരുപത് പേരമക്കളെ ഊട്ടാന്‍ പുലരും മുമ്പേ അടുക്കള കയറുന്ന വല്ലിമ്മ! അവരൂട്ടിയ സ്നേഹത്തിന്റെ ഉരുളകള്‍ക്ക് പകരം വെക്കാന്‍ ഈ ദുനിയാവിലൊന്നും ബാക്കിയില്ലല്ലോ റബ്ബേയെന്ന് ഇപ്പോഴും ഓര്‍ത്തു തേങ്ങാറുണ്ട്.

പാടവരമ്പത്തെ തോട്ടിന്‍ കരയില്‍ ഞണ്ടിനെ പിടിച്ചും മാമന്‍മാരുടെ പുസ്തകക്കൂട്ടത്തിലെ കുട്ടിക്കഥകള്‍ വായിച്ചും അയലോക്കത്തെ വള്ളിയും ചാത്തനും പാടുന്ന നാടന്‍ പാട്ടിന്‍ ശീലിലലിഞ്ഞും കണ്‍ചിമ്മിത്തുറന്ന പോല്‍ അവധിക്കാലം തീര്‍ന്നതറിയാതെ തേങ്ങിക്കരഞ്ഞ് വീട്ടില്‍ തിരിച്ചെത്തുന്ന ബാല്യകാലം!

വിരുന്നുപോക്കുകള്‍ കുടുംബക്കാരില്‍ മാത്രമൊതുങ്ങിയിരുന്നില്ല അന്ന്. ആഴ്ചയുടെ അന്ത്യദിനങ്ങളില്‍ കൂട്ടുകാരികളുടെ വീടുകളില്‍ മാറിമാറി വിരുന്നു പാര്‍ക്കും ഞങ്ങളന്ന്.

കൂട്ടുകാരി ചെറിയുടെ വീട്ടില്‍ നിന്ന് അവളുടെ ഉമ്മ വിളമ്പിയ മുതിരക്കൂട്ടാനും കഞ്ഞിയും, അവളുടെ വീടിന്റെ തട്ടിന്‍പുറത്തെ പായ വിരിച്ചുള്ള ഉറക്കവും ഓര്‍മകളില്‍ തിളങ്ങിത്തിളങ്ങിയങ്ങനെ!

കാലം മാറി! പുതിയ കാലത്തിന്റെ മാസ്മരികതയില്‍ വിരുന്നുപോക്കിന്റെ മനോഹാരിതയ്ക്കും മാറ്റം വന്നു. കൈയിലൊരു ഫോണും ചൂടാക്കി കഴിക്കാന്‍ ഫ്രിഡ്ജിലല്‍പം മന്തിയുമുണ്ടെങ്കില്‍ എത്ര നാളും വിരസതയറിയാതെ വീട്ടിലൊതുങ്ങിയിരിക്കാന്‍ മാത്രം താല്‍പര്യപ്പെടുന്ന കുട്ടികളെ അത്ഭുതത്തോടെയും ആശങ്കയോടെയുമാണ് കാണാറ്.

പ്രപഞ്ചം മുഴുവന്‍ സ്‌ക്രീനിലായതോടെ എല്ലാ ബന്ധങ്ങളും കസിന്‍ വിളിയിലൊതുങ്ങിപ്പോയി. ആഗ്രഹിക്കുന്നതും അല്ലാത്തതുമൊക്കെ ഫോണില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയപ്പോള്‍ കുടുംബബന്ധങ്ങളുടെ ഊഷ്മളത എങ്ങോ നഷ്ടപ്പെട്ടുതുടങ്ങി.

പുറത്തിറങ്ങുന്നതു തന്നെ റീല്‍സ് ചിത്രീകരിക്കാനും പരസ്പരം സ്റ്റാറ്റസുകളില്‍ പോരടിക്കാനുമെന്നവണ്ണം ആണ്‍-പെണ്‍ യുവത്വങ്ങളും മാതാപിതാക്കളും മാറിപ്പോയെന്ന് തോന്നിത്തുടങ്ങിയിരിക്കുന്നു.

മനോഹരമായ പ്രകൃതിയാത്രകള്‍ പോലും ആസ്വാദനത്തിനപ്പുറത്ത് റീല്‍സ് ചിത്രീകരണത്തിനും അതിനുള്ള ഒരുക്കങ്ങള്‍ക്കുമായി മാറ്റിവെക്കപ്പെടുന്നു. കൊണ്ടും കൊടുത്തും പരസ്പരമറിഞ്ഞും ഇല്ലായ്മയിലും വല്ലായ്മയിലും ഒന്നായും ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കപ്പെടാന്‍ പഴയകാല വിരുന്നുപോക്കുകള്‍ ഏറെ സഹായിച്ചിരുന്നു.

കുടുംബ സുഹൃദ് ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിന്റെ പ്രാധാന്യവും ആവശ്യകതയും ബന്ധങ്ങള്‍ മുറിച്ചുകളയുന്നവനുള്ള ശിക്ഷയും ഇസ്ലാം ഏറെ പ്രാധാന്യത്തില്‍ ചൂണ്ടിക്കാണിച്ച കാര്യമാണെന്ന് നമുക്കറിയാമല്ലോ.

ശിഥിലമാകാത്ത കുടുംബ ബന്ധങ്ങളിലേക്ക് മക്കളെ എത്തിക്കേണ്ടതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് നമുക്ക് ഒഴിഞ്ഞുനില്‍ക്കാനാവില്ല.