പരിശീലനം പൂര്‍ത്തിയാക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് വേണ്ടത്ര അവസരങ്ങള്‍ ലഭിക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ വെല്ലുവിളി.
ഭിന്നശേഷിക്കാരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് ഒരുപാട് സ്ഥാപനങ്ങള്‍ നമുക്കു ചുറ്റിലുമുണ്ട്. അവരവരുടെ വ്യത്യസ്തമായ കഴിവുകള്‍ കണ്ടെത്തി തൊഴില്‍ പരിശീലനങ്ങള്‍ നല്‍കി അവരെ സ്വയംപര്യാപ്തരാക്കുക എന്നതാണ് ഇത്തരം സ്ഥാപനങ്ങള്‍ ലക്ഷ്യമിടുന്നത്.
ഇങ്ങനെ പരിശീലനം പൂര്‍ത്തിയാക്കി പുറത്തുവരുന്നവര്‍ക്ക് വേണ്ടത്ര അവസരങ്ങള്‍ ലഭിക്കുന്നില്ല എന്നതാണ് ഇപ്പോള്‍ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളി. സര്‍ക്കാര്‍ ജോലികളില്‍ ഭിന്നശേഷിക്കര്‍ക്ക് 4% സംവരണം നിലവിലുണ്ടെങ്കിലും അവരുടെ എണ്ണം വെച്ച് നോക്കുമ്പോള്‍ ഇത് വളരെ ചെറുതാണ്.
കാഴ്ചാ പരിമിതര്‍, കേള്‍വി പരിമിതര്‍, മറ്റു ശാരീരിക പ്രയാസങ്ങള്‍ ഉള്ളവര്‍, മറ്റു വിഭാഗക്കാര്‍ എന്നിവര്‍ക്കെല്ലാം കൂടിയാണ് ഈ 4% സംവരണം. ഇത് തന്നെ പലപ്പോഴും പൂര്‍ത്തീകരിക്കാന്‍ പിഎസ്സി പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സാധിക്കുന്നില്ല എന്നതാണ് വസ്തുത.
ചെറുതും വലുതുമായ സ്വകാര്യ കമ്പനികള്‍ക്ക് ഈ വിഷയത്തില്‍ വളരെ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. സ്വകാര്യ കമ്പനികള്‍ സംവരണം പോലെ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികളെ പരിഗണിച്ചാല്‍ അവര്‍ക്ക് അത് വലിയ സഹായകമാവും.
പക്ഷേ ഇവരെ എങ്ങനെ ഉള്‍ക്കൊള്ളും, അവര്‍ക്കതിന് സാധിക്കുമോ തുടങ്ങിയ ആശങ്കകളാണ് ഇതിനൊക്കെ തടസ്സമായി നില്‍ക്കുന്നത്. കാഴ്ചാ പരിമിതരായ ആളുകളെ സംബന്ധിച്ച് 80%ല്‍ അധികം പരിമിതി ഉള്ളവരെ സര്‍ക്കാര്‍ ക്ലറിക്കല്‍ ജോലിയിലേക്ക് എടുക്കുന്നില്ല.
എന്നാല്‍ പ്രത്യേക കമ്പ്യൂട്ടര്‍ പരിശീലനം ലഭിച്ച ഇവര്‍ക്ക് ഒരു പക്ഷേ കാഴ്ചയുള്ളവരെക്കാള്‍ വേഗത്തില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ കഴിയും എന്നതാണ് സത്യാവസ്ഥ. പല സ്വകാര്യ ആശുപത്രികളിലും ബാങ്കുകളിലും മറ്റും ഫ്രണ്ട് ഓഫീസ് വളരെ ഭംഗിയായി കൈകാര്യം ചെയ്യുന്ന നൂറു ശതമാനം കാഴ്ചയില്ലാത്തവരെ കാണാം.
കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള സൗണ്ട് എഡിറ്റിംഗ്, ലിഫ്റ്റ് ഓപറേറ്റര്‍ തുടങ്ങി ഇവര്‍ക്ക് ഒരു പ്രയാസവും കൂടാതെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഒരുപാട് മേഖലകള്‍ നമ്മുടെ മുമ്പിലുണ്ട്.
മറ്റു ശാരീരിക പ്രയാസങ്ങളൊന്നുമില്ലാത്ത കേള്‍വി പരിമിതരായ ആളുകളെ സംബന്ധിച്ച് ആശയവിനിമയം മാത്രമാണ് ഒരേയൊരു വെല്ലുവിളി. എന്നാല്‍ ആശയവിനിമയം ആവശ്യമില്ലാത്ത യഥേഷ്ടം ജോലികള്‍ നമ്മുടെ മുമ്പിലുണ്ടല്ലോ. ഓഫീസ് ക്ലാര്‍ക്ക്, അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് തുടങ്ങിയ ജോലികള്‍ ചെയ്യുന്നതിന് കേള്‍വി പരിമിതി തടസ്സമില്ല.
ഇപ്പോള്‍ വളര്‍ന്നു വരുന്ന ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ സ്റ്റോര്‍ കീപ്പര്‍, ബില്ലിംഗ്, ഫ്ളോര്‍ അസിസ്റ്റന്റ് തുടങ്ങിയ ജോലികളും ഇവര്‍ക്ക് മറ്റു തടസ്സങ്ങളൊന്നുമില്ലാതെ എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കും.
ഭിന്നശേഷിക്കാരെ നാം ചേര്‍ത്തുപിടിക്കുന്നു എന്ന് മനസ്സറിഞ്ഞ് പറയാന്‍ സാധിക്കുക അപ്പോഴാണ്.
ഭിന്നശേഷിക്കാരെ ജോലിക്ക് തിരഞ്ഞെടുത്താല്‍ അവര്‍ക്കോ കമ്പനിക്കോ എന്തെങ്കിലും പ്രയാസങ്ങള്‍ നേരിടുമോ എന്ന ഭയമാണ് പലപ്പോഴും ഇതില്‍ നിന്ന് ഉദ്യോഗദാതാവിനെ പിന്തിരിപ്പിക്കുന്നത്.
സാധാരണ ആളുകള്‍ ചെയ്യുന്ന ജോലികള്‍ ഭിന്നശേഷിക്കാര്‍ ചെയ്താല്‍ പൂര്‍ണതയില്‍ എത്തുമോ എന്നതാണ് മറ്റൊരു ആശങ്ക. ഇവരുടെ യാത്രാസംബന്ധമായ കാര്യങ്ങള്‍, വല്ല അപകടവും സംഭവിച്ചാല്‍ എന്ത് ചെയ്യും തുടങ്ങിയ ആശങ്കകളും പലപ്പോഴും തൊഴില്‍ ദാതാക്കളെ പിന്തിരിപ്പിക്കുന്നുണ്ട്.
സഹപ്രവര്‍ത്തകര്‍ക്കും മാനേജര്‍മാര്‍ക്കും ഭിന്നശേഷി ജീവനക്കാരുമായി എങ്ങനെ ഇടപഴകണം, എങ്ങനെ പിന്തുണയ്ക്കണം എന്നിവയെക്കുറിച്ച് അവബോധവും പരിശീലനവും നല്‍കിയാല്‍ എല്ലാ ജീവനക്കാരെയും പോലെ ഇവര്‍ക്കും ജോലിയില്‍ സംതൃപ്തിയോടെ മുന്നോട്ടുപോകാന്‍ സാധിക്കും.
മലപ്പുറം ജില്ലയിലെ പുളിക്കല്‍ സ്ഥിതി ചെയ്യുന്ന എബിലിറ്റി ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തില്‍ വയനാട്ടില്‍ നിന്നുള്ള കേള്‍വി പരിമിതിയും കാഴ്ചാ പരിമിതിയും ഒരുമിച്ചുള്ള ഒരു പഠിതാവുണ്ട്. മറ്റുള്ളവരേക്കാള്‍ വേഗതയിലാണ് അവന്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്നതും ജോലി ചെയ്യുന്നതും.
അവന്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങളുടെ ഗുണനിലവാരവും ഏറെ മുന്നിലാണ്. അങ്ങനെ പലവിധ കഴിവും പ്രാപ്തിയുമുള്ള അനേകം ആളുകള്‍ ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് പരിശീലനം നേടി പുറത്തിറങ്ങുന്നുണ്ട്. പക്ഷേ, അവര്‍ക്ക് ആവശ്യമായ പരിഗണനയും പിന്തുണയും സമൂഹത്തില്‍ നിന്ന് വേണ്ടവിധം കിട്ടുന്നില്ല.
കോഴിക്കോട് ഇഖ്‌റ, ആസ്റ്റര്‍ മിംസ് തുടങ്ങിയ ആശുപത്രികളില്‍ കേള്‍വി പരിമിതരായ ആളുകള്‍ വര്‍ഷങ്ങളായി ജോലി ചെയ്തുവരുന്നുണ്ട്. കോട്ടക്കല്‍ അല്‍മാസ് ഹോസ്പിറ്റലില്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍ ആയി കാഴ്ചാ പരിമിതി ഉള്ള ഒരാള്‍ ജോലി ചെയ്യുന്നുണ്ട്.
ഒരു വലിയ ഓണ്‍ലൈന്‍ ബിസിനസ് ടീമിന്റെ എറണാകുളത്തെ പായ്ക്കിംഗ് വിഭാഗത്തില്‍ ഇരുപതിലധികം കേള്‍വി പരിമിതര്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്നുണ്ട് എന്നും നമ്മള്‍ അറിയേണ്ടതാണ്.
സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാര്‍ക്ക് അവരുടെ ജോലി കാര്യക്ഷമമായി ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാഴ്ചയില്ലാത്ത ഒരാളാണെങ്കില്‍ അവര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാനും സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിലും ശ്രദ്ധ ഉണ്ടായിരിക്കണം.
കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ജോലിയാണെങ്കില്‍ കമ്പ്യൂട്ടറില്‍ എഴുതിയ വിവരങ്ങള്‍ ശബ്ദരൂപത്തില്‍ വായിച്ചുകൊടുക്കുന്ന സ്‌ക്രീന്‍ റീഡര്‍ പ്രോഗ്രാമുകള്‍, ബ്രെയില്‍ ലിപിയാല്‍ സ്പര്‍ശിച്ച് മനസ്സിലാക്കാന്‍ കഴിയുന്ന ഉപകരണങ്ങള്‍ തുടങ്ങിയവ ഒരുക്കാന്‍ ഇന്ന് എളുപ്പത്തില്‍ സാധിക്കും.
വീല്‍ചെയര്‍ ഉപയോഗിക്കുന്ന ആളുകള്‍ക്ക് ഇരിപ്പിടത്തിലേക്ക് സ്വയം എത്തിച്ചേരാന്‍ സാധിക്കുന്ന സാഹചര്യമുണ്ടാവണം. ടോയ് ലറ്റ് സംവിധാനങ്ങള്‍ അവര്‍ക്ക് ഉപയോഗിക്കാന്‍ തക്ക രീതിയിലുമാവണം.
സാധാരണ ആളുകള്‍ക്ക് ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ഭിന്നശേഷിക്കാര്‍ക്ക് ചെയ്യാന്‍ സാധിക്കില്ലെങ്കിലും അവര്‍ക്ക് കഴിയാവുന്ന മേഖലകള്‍ കണ്ടെത്തി അതിലൂടെ അവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ നമുക്ക് സാധിക്കണം. സ്വകാര്യ മേഖലയില്‍ കൂടുതല്‍ ഭിന്നശേഷിക്കാരെ ഉള്‍പ്പെടുത്താന്‍ സംരംഭകര്‍ വഴികള്‍ കണ്ടെത്തണം. ഭിന്നശേഷിക്കാരെ നാം ചേര്‍ത്തുപിടിക്കുന്നു എന്ന് മനസ്സറിഞ്ഞ് പറയാന്‍ സാധിക്കുക അപ്പോഴാണ്.
