പിറന്നുവീഴുന്നതു മുതല്‍ അവസാന ശ്വാസം വരെയുള്ള വിശ്വാസിയുടെ ആഹാരം അല്ലാഹു ഉറപ്പു നല്‍കിയിട്ടുണ്ട്. മനുഷ്യന്റേത് മാത്രമല്ല, ഭൂമിയിലെ സര്‍വ ജീവികളുടെയും ഭക്ഷണബാധ്യത അവന്‍ ഏറ്റിട്ടുണ്ട്.
2013ല്‍ നമ്മുടെ സര്‍ക്കാര്‍ അംഗീകരിച്ച ഭക്ഷ്യസുരക്ഷാ നിയമം ഇന്നാട്ടിലെ കുറേ അതിദരിദ്രര്‍ക്ക് ഈ നിയമം കുറച്ചൊന്നുമല്ല ആശ്വാസമേകിയത്. എന്നാല്‍ യഥാര്‍ഥ വിശ്വാസിക്ക്, അവന്‍ ഏതു നാട്ടിലെ പൗരനായാലും ഭക്ഷണക്കാര്യത്തില്‍ ആശങ്ക ഉണ്ടാവില്ല.
കാരണം അവന്‍ പിറന്നുവീഴുന്നതു മുതല്‍ അവസാന ശ്വാസം വരെയുള്ള അവന്റെ ആഹാരം അല്ലാഹു ഉറപ്പു നല്‍കിയിട്ടുണ്ട്. മനുഷ്യന്റേത് മാത്രമല്ല, ആഹാരം ആവശ്യമുള്ള ഭൂമിയിലെ സര്‍വ ജീവികളുടെയും ഭക്ഷണബാധ്യത അല്ലാഹു ഏറ്റെടുത്തിട്ടുണ്ട്.
ഇക്കാര്യം ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെ: ''ഭൂമുഖത്ത് ഒരു ജീവിയുമില്ല, അതിന്റെ ഭക്ഷണം അല്ലാഹുവിന്റെ ഉത്തരവാദിത്തത്തിലായിട്ടല്ലാതെ'' (ഹൂദ് 6). സൂറ അല്‍ അന്‍കബൂത്തില്‍ ഇങ്ങനെ കൂടി പറയുന്നുണ്ട്: ''എത്രയെത്ര ജീവികള്‍! അവയൊന്നും പക്ഷേ അവയുടെ ഭക്ഷണം ചുമന്നു നടക്കുന്നില്ല. അല്ലാഹുവാണ് അവയ്ക്ക് അന്നം നല്‍കുന്നത്. നിങ്ങളുടെ ഭക്ഷണദാതാവും അല്ലാഹു തന്നെ.''
വൃക്ഷപ്പൊത്തിലെ പക്ഷിയോ വനാന്തരങ്ങളിലെ ഹിംസ്രജീവിയോ കടലാഴങ്ങളിലെ മീനുകളോ മാളങ്ങളിലെ പാമ്പുകളോ അന്നം കിട്ടാതെ ചത്തുപോയിട്ടില്ല. വിശക്കുമ്പോള്‍ അവയെ ഭക്ഷണമുള്ളിടത്ത് അല്ലാഹു കൃത്യമായി എത്തിക്കുന്നു. അതേസമയം തനിക്കായി കരുതിവെച്ച ഭക്ഷണം കണ്ടെത്താന്‍ കഴിയാതിരിക്കുമ്പോഴാണ് മനുഷ്യന്‍ പലപ്പോഴും പട്ടിണി കിടക്കേണ്ടിവരുന്നത്.
ഭക്ഷണം തടഞ്ഞ് മനുഷ്യനെ വരുതിയിലാക്കാന്‍ ആരെങ്കിലും മനഃപൂര്‍വം ശ്രമിക്കുമ്പോഴും പട്ടിണി മരണം സംഭവിച്ചേക്കാം. ഇസ്ലാമിലെ ഉത്തമമായ കര്‍മങ്ങള്‍ ഏതാണെന്ന ചോദ്യത്തിന് തിരുനബിയുടെ മറുപടി 'മറ്റുള്ളവരെ ഭക്ഷണമൂട്ടലാണ്' എന്നായിരുന്നു. സമ്മാനമായി കിട്ടാറുള്ള ഈത്തപ്പഴം വീട്ടില്‍ പട്ടിണിയാണെങ്കില്‍ പോലും പാവങ്ങള്‍ക്ക് ദാനം ചെയ്യാറുണ്ടായിരുന്നു പ്രിയ നബി.
വിശ്വാസിയുടെ ഭക്ഷണം
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച പ്രസിദ്ധമായ ഒരു ഹദീസിന്റെ സാരാംശം ഇങ്ങനെ: ഒരിക്കല്‍ ഒരാള്‍ തിരുനബിയെ കാണാന്‍ വീട്ടിലെത്തി. ഇസ്ലാമിനെക്കുറിച്ച് കേട്ടറിവ് മാത്രമുണ്ടായിരുന്ന ആ ഗ്രാമീണന്‍ കൂടുതല്‍ പഠിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് എത്തിയത്. വിരുന്നുകാരനെ മര്യാദയോടെ സ്വീകരിച്ച തിരുനബി ഒരാടിനെ കറന്ന് പാല്‍ മുഴുവന്‍ അയാള്‍ക്ക് കൊടുത്തു. അത് ആര്‍ത്തിയോടെ കുടിച്ചു തീര്‍ത്ത് പാത്രം തിരികെ നല്‍കുമ്പോള്‍ അതിഥിയുടെ മുഖത്ത് വേണ്ടത്ര സംതൃപ്തി ദൂതര്‍ക്ക് കാണാനായില്ല.
മറ്റൊരു ആടിനെ കൂടി കറക്കാന്‍ നിര്‍ദേശിച്ച നബി ആ പാലും അദ്ദേഹത്തിന് നല്‍കി. ആര്‍ത്തിയോടെ ആ പാവം അതും കുടിച്ചു. പക്ഷേ ആ മുഖം പൂര്‍ണമായും തെളിഞ്ഞില്ല. മൂന്നാമതൊരു ആടിന്റെ അകിട് കൂടി ചുരത്താന്‍ ആവശ്യപ്പെട്ട നബി ആ പാലും അയാള്‍ക്കു നേരെ നീട്ടി. സങ്കോചം ഒട്ടുമില്ലാതെ ഗ്രാമീണന്‍ അതും കുടിച്ചു. തീര്‍ന്നില്ല, പാല്‍ കറക്കലും കുടിക്കലും പിന്നെയും തുടര്‍ന്നു. ഏഴാമത്തെ ആടിനെയും കറന്നെടുത്ത പാല്‍ കൂടി വലിച്ചുകുടിച്ചതോടെയാണ് ആ മനുഷ്യന്റെ ദാഹം പൂര്‍ണമായും ശമിച്ചത്. അയാളില്‍ നിന്നുണ്ടായ ഏമ്പക്കം അത് വിളിച്ചുപറഞ്ഞു.
 അന്ന് അവിടെ താമസിച്ചു ആ ഗ്രാമീണന്‍. ദൂതരുടെ സാമീപ്യവും പെരുമാറ്റവും അയാളെ ഹഠാദാകര്‍ഷിച്ചു. ഇസ്ലാമിന്റെ മഹിമ അനുഭവിച്ചറിഞ്ഞ അദ്ദേഹം അടുത്ത ദിവസം തന്നെ മുസ്ലിമായി. അന്നും അതിഥിക്ക് ആട്ടിന്‍പാല്‍ നല്‍കാന്‍ തിരുനബി ആവശ്യപ്പെട്ടു. അയാളത് കുടിക്കുകയും ചെയ്തു. രണ്ടാമതും പാല്‍ നല്‍കപ്പെട്ടു. അത് വാങ്ങിയെങ്കിലും കുടിക്കാന്‍ അയാള്‍ പാടുപെടുകയായിരുന്നു.
എത്ര ശ്രമിച്ചിട്ടും പാത്രം കാലിയാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഇതു കണ്ട തിരുനബി പുഞ്ചിരിയോടെ മൊഴിഞ്ഞു: ''സത്യവിശ്വാസി ഒരു വയറ് നിറയ്ക്കാനാണ് കുടിക്കുക, അവിശ്വാസിയാകട്ടെ ഏഴു വയറ് നിറക്കാനും.'' എന്താണ് ഈ ഗ്രാമീണന്റെ കാര്യത്തില്‍ സംഭവിച്ചത്?
മണിക്കൂര്‍ വ്യത്യാസത്തില്‍ അയാളില്‍ ഉണ്ടായ മാറ്റം എത്ര വലുതാണ്. തലേ ദിവസം അയാളുടെ ആമാശയം നിറയാന്‍ ഏഴ് ആടുകളുടെ പാല്‍ വേണ്ടിവന്നു. അയാളില്‍ ഉണ്ടായ മാറ്റമായിരുന്നു അതിനു കാരണം. തലേ ദിവസം അയാള്‍ അവിശ്വാസിയായിരുന്നു, പിറ്റേന്ന് സത്യവിശ്വാസിയും.
വിശ്വാസവും വിധേയത്വവും അല്ലാഹുവിനോട് മാത്രമാകുമ്പോള്‍ വിശപ്പും ദാഹവും അയാളെ അലോസരപ്പെടുത്തുകയേയില്ല. വിശന്നുവലയുമ്പോള്‍ മുന്നില്‍ എത്തുന്ന എന്തും അയാള്‍ വാരിവലിച്ചു ഭക്ഷിക്കില്ല. അവിശ്വാസി തിന്നാനും കുടിക്കാനും വേണ്ടി മാത്രം ജീവിക്കുമ്പോള്‍ ദൈവവിശ്വാസി ജീവിക്കാനും ആരോഗ്യപോഷണത്തിനും വേണ്ടി മാത്രം ഭക്ഷണം കഴിക്കുന്നു എന്ന് ചുരുക്കം.
അനുവദനീയം, വിശിഷ്ടം
ഇസ്ലാം പ്രകൃതിമതമാണെന്ന് നാം പറയുകയും വിശ്വസിക്കുകയും ചെയ്യുന്നു. ആത്മാവിന് വിശ്വാസം പോലെ ആമാശയത്തിനു ഭക്ഷണവും അനിവാര്യമാണ്. ഭക്ഷണമില്ലെങ്കില്‍ ആരോഗ്യമില്ല. ആരോഗ്യമില്ലെങ്കില്‍ ആരാധനയില്ല. ആരാധനയില്ലെങ്കില്‍ വിശ്വാസിക്ക് ജീവിതവുമില്ല.
അതുകൊണ്ടാണ് ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായി ഇസ്ലാം ഭക്ഷണത്തെ ഗണിക്കുന്നത്. ഭക്ഷണം അനുവദിച്ച ഖുര്‍ആന്‍ മൂന്നു നിബന്ധനകളാണ് വിശ്വാസിയുടെ മുന്നില്‍ വെക്കുന്നത്. അതില്‍ രണ്ടെണ്ണം ഇതാണ്:
''അല്ലാഹു നല്‍കിയതില്‍ നിന്ന് അനുവദനീയവും വിശിഷ്ടവുമായത് നിങ്ങള്‍ ഭക്ഷിക്കൂ. നിങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്ന അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യൂ'' (അല്‍മാഇദ 88).
ഭക്ഷണമായി പലതും നമ്മുടെ തീന്‍മേശയില്‍ നിരത്തിയിട്ടുണ്ടാവാം. അവയില്‍ വിശിഷ്ടവും അനുവദനീയവുമായവ മാത്രമേ വിശ്വാസി തന്റെ പാത്രത്തിലേക്ക് വിളമ്പാന്‍ പാടുള്ളൂ. ഈ രണ്ട് നിബന്ധനകള്‍ ലംഘിച്ച് ഇഷ്ടമുള്ളതെല്ലാം വിളമ്പിത്തിന്നുന്നവരോടാണ് സൂക്തത്തിലെ അവസാന വാചകം: ''എന്നെ നിങ്ങള്‍ സൂക്ഷിക്കുക.'' ഇത് അല്ലാഹുവിന്റെ മുന്നറിയിപ്പാണെന്ന് വിശ്വാസി തിരിച്ചറിയണം.
''ഹേ വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് നാം നല്‍കിയതില്‍ നിന്ന് ഉത്തമമായത് നിങ്ങള്‍ ആഹരിക്കുക. അല്ലാഹുവോട് നിങ്ങള്‍ നന്ദി കാണിക്കുകയും ചെയ്യുക'' (അല്‍ബഖറ 172). അല്‍ബഖറ 168, അന്നഹ്ല്‍ 114, അല്‍ അന്‍ഫാല്‍ 69 തുടങ്ങിയ അധ്യായങ്ങളിലും ആഹാരക്കാര്യത്തില്‍ വിശ്വാസി പാലിക്കേണ്ട ഈ നിബന്ധനകള്‍ അല്ലാഹു ഓര്‍മപ്പെടുത്തുന്നുണ്ട്.
വിലക്കിയ വസ്തുക്കള്‍ ഭുജിക്കുന്നത് ദൈവനിന്ദയാണെന്ന് ഈ വചനം വ്യക്തമാക്കുന്നു. ഹലാല്‍ ഭക്ഷണം കഴിക്കണമെന്ന് നിഷ്‌കര്‍ഷിച്ച അല്ലാഹു അതിന്റെ കൃത്യമായ നിര്‍വചനം പറഞ്ഞിട്ടുണ്ട്. നിഷിദ്ധമാക്കിയ വസ്തുക്കള്‍ ഓരോന്നും എണ്ണിപ്പറയുകയും അതിര്‍വരമ്പുകളും നിബന്ധനകളും വ്യക്തമാക്കുകയും ചെയ്തു. നിഷിദ്ധവഴികളിലൂടെ സമ്പാദിച്ച ഭക്ഷണവും നിഷിദ്ധമാണെന്ന് ഖുര്‍ആന്‍ അടിവരയിട്ടു.
വിലക്കപ്പെട്ട ഭക്ഷണം കഴിക്കുന്നവന്റെ പ്രാര്‍ഥനയ്ക്ക് അല്ലാഹു ഉത്തരം നല്‍കില്ലെന്ന് തിരുനബിയും ഓര്‍മിപ്പിച്ചു. ഹലാലാണെങ്കില്‍ അവ ഉത്തമവുമായിരിക്കും. ആടുമാംസം ഹലാലാക്കിയ അല്ലാഹു പക്ഷേ പന്നിമാംസം വിലക്കി. പഴങ്ങളും അവയുടെ നീരും അനുവദിച്ചപ്പോള്‍ ലഹരി ഉണ്ടാക്കുന്ന മദ്യം അരുതെന്ന് പറഞ്ഞു.
മിതഭക്ഷണം മതി
ഭക്ഷണക്കാര്യത്തിലെ മൂന്നാമത്തെ നിബന്ധന അമിതവ്യയം അരുത് എന്നതാണ്. ആരാധനകള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും മറ്റു ജീവിതവ്യവഹാരങ്ങള്‍ക്കും സജ്ജമാകാനുള്ള ഊര്‍ജം ഭക്ഷണം വഴിയാണ് ലഭിക്കേണ്ടത്. എന്നാല്‍ ആമാശയം മുഴുവന്‍ നിറയ്ക്കാന്‍ പാടില്ലെന്ന് തിരുനബി വിലക്കി. ''ആമാശയത്തെക്കാള്‍ മോശമായ ഒരു പാത്രവും മനുഷ്യന്‍ നിറച്ചിട്ടില്ല'' എന്നാണ് തിരുവചനം.
 ''നിങ്ങള്‍ തിന്നുക, കുടിക്കുക, ദുര്‍വ്യയമരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല'' (അല്‍അഅ്റാഫ്) എന്ന വചനത്തില്‍ ഇക്കാര്യം വ്യക്തമാണ്. ഒരു നേരം തിന്നുന്നവന്‍ യോഗി, രണ്ടു നേരം തിന്നുന്നവന്‍ ഭോഗി, മൂന്നു നേരം തിന്നുന്നവന്‍ രോഗി എന്നാണല്ലോ ചൊല്ല്.
ആമാശയത്തിന്റെ മൂന്നിലൊരു ഭാഗം ഭക്ഷണം കൊണ്ടും രണ്ടാം ഭാഗം വെള്ളം കൊണ്ടും നിറക്കുന്ന വിശ്വാസി മൂന്നാം ഭാഗം കാലിയാക്കിവെക്കണം എന്ന തിരുവചനമാണ് ഇസ്ലാമിന്റെ ആരോഗ്യവീക്ഷണം.
ഒരു തിരുവചനം ഇങ്ങനെയുണ്ട്: ''സ്വന്തം വീട്ടില്‍ സമാധാനത്തോടെ താമസിക്കുകയും ശരീരം രോഗമുക്തമാവുകയും അന്നന്നത്തെ ആഹാരം സൂക്ഷിപ്പുണ്ടാവുകയും ചെയ്താല്‍ അവന്‍ ഈ ലോകം മുഴുവന്‍ കീഴടക്കിയവനെ പോലെയാണ്.''
നബിയുടെ പതിവ് പ്രാര്‍ഥനകളിലൊന്ന് ഇപ്രകാരമാണെന്ന് കാണാം: ''അല്ലാഹുവേ, നീ മുഹമ്മദിന്റെ കുടുംബത്തിന് കഷ്ടിച്ച് ജീവിക്കാനുള്ള ആഹാരം നല്‍കേണമേ'' (ബുഖാരി, മുസ്ലിം).
യഥാര്‍ഥത്തില്‍ ഭക്ഷണം കൊണ്ട് ലക്ഷ്യമിടുന്നത് ശരീരത്തിന് ആവശ്യമായ പോഷകമൂല്യങ്ങളാണ്. അതുവഴി ആരാധനകള്‍ക്ക് ഉള്‍പ്പെടെ ഊര്‍ജം സമ്പാദിക്കലാണ്.
ഈസാ നബിയുടെ ഒരു വചനം പറയാം: ''രോമമാണെന്റെ വസ്ത്രം. ബാര്‍ലിയാണാഹാരം, ചന്ദ്രനാണെന്റെ വെളിച്ചം, കാലുകളാണെന്റെ വാഹനം, കണംകൈയാണ് തലയണ.'' അതെ, വിശ്വാസിയുടെ ജീവിതവീക്ഷണം ഇതാവണം. പ്രവാചകന്‍മാര്‍, സഹാബിമാര്‍, മറ്റു മഹാന്‍മാര്‍ എന്നിവരുടെ ജീവിതം പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്ന ഒരു സത്യം, അവര്‍ ഭക്ഷണക്കാര്യത്തില്‍ മിതത്വം പാലിച്ചിരുന്നു എന്നതാണ്.
പട്ടിണിയിലും വയറില്‍ കല്ലുവെച്ചു കെട്ടി ദൈവമാര്‍ഗത്തില്‍ അധ്വാനിക്കാന്‍ സന്നദ്ധരായവരാണ് പ്രവാചക ശിഷ്യന്‍മാര്‍. പട്ടിണി കിടക്കുന്ന അയല്‍വാസിയെ കൂടി ഊട്ടാന്‍ ഭക്ഷണത്തില്‍ കൂടുതല്‍ വെള്ളം ചേര്‍ക്കുന്നവര്‍, സല്‍ക്കാരത്തിനിടെ വിളക്കണച്ച് തങ്ങള്‍ ഭക്ഷണം കഴിക്കുന്നുവെന്ന് വരുത്തി വിരുന്നുകാരനെ ഊട്ടിയവര്‍- ഇതാണ് മുന്‍ഗാമികളുടെ മാതൃക. ഭക്ഷണം കഴിക്കുന്നതിനെക്കാള്‍ അവര്‍ക്ക് പ്രിയം വിശക്കുന്നവരെ കഴിപ്പിക്കലായിരുന്നു.
ധൂര്‍ത്ത് വേണ്ട
ആഹാരക്കാര്യത്തിലെ ധൂര്‍ത്ത് പ്രവാചകന്റെ കാലത്ത് അപരിചിതമായിരുന്നു. പട്ടിണിയും വറുതിയുമായിരുന്നല്ലോ അന്നത്തെ സാഹചര്യം. ഒരേസമയം രണ്ട് ഇനം ഭക്ഷണം എന്ന രീതി തന്നെ അവര്‍ക്ക് അന്യമായിരുന്നു. ഒരിക്കല്‍ ഖലീഫ അബൂബക്കറി(റ)ന് പാലും തേനും ഒന്നിച്ച് നല്‍കപ്പെട്ടു. അതില്‍ നിന്ന് ഒന്നു മാത്രം എടുത്ത് മറ്റേത് നിരസിച്ചു അദ്ദേഹം. ഈ അവസ്ഥയിലും നബി ആഹാരത്തിലെ ധൂര്‍ത്ത് വിലക്കി.
 വരാനിരിക്കുന്ന ജനത പട്ടിണികൊണ്ടല്ല, അമിത ഭോജനം കൊണ്ടാവും വലയുക എന്ന് തിരുനബി ദീര്‍ഘദര്‍ശനം ചെയ്തു. എണ്ണമറ്റ വിഭവങ്ങളാല്‍ സമൃദ്ധമാണ് നമ്മുടെ തീന്‍മേശകള്‍. അവ ഒന്നൊഴിയാതെ രുചിക്കുക എന്നതാണ് നമ്മുടെ രീതി. നിരത്തിവെക്കുന്ന ഭക്ഷണയിനങ്ങള്‍ നോക്കിയാണ് സല്‍ക്കാര മാമാങ്കങ്ങളുടെ ഗ്രേഡ് നിര്‍ണയിക്കുന്നത്. ഇസ്ലാം വിലക്കിയ ധൂര്‍ത്ത് ഇതാണെന്ന് നാം തിരിച്ചറിയുക.
സ്വര്‍ഗത്തിലെ ഭക്ഷണം
ഭക്ഷണവൈവിധ്യങ്ങളുടെ വിസ്മയിപ്പിക്കുന്ന രുചിലോകം നമുക്കു മുന്നില്‍ തുറന്നുവെച്ച കാലമാണിത്. എത്ര വേഗമാണ് നമ്മുടെ രുചിസങ്കല്പം പാടേ മാറുന്നത്. കഞ്ഞിയും ചമ്മന്തിയും ചുട്ട പപ്പടവും ഉണക്കമീനും ചക്ക പോലുള്ള ഉപ്പേരികളും ഈ തലമുറക്ക് തീര്‍ത്തും അന്യമാണ്. എന്തിനേറെ, കേരളീയ ഭക്ഷണം പോലും നമ്മുടെ തീന്‍മേശയില്‍ നിന്ന് അപ്രത്യക്ഷമാവുകയാണ്. പകരം വിദേശികളാണ് നമ്മുടെ മെനുവില്‍ നിറയുന്നത്. ചോറിന് കറിയായി ചേര്‍ത്തു കഴിച്ചിരുന്ന മാംസവും മല്‍സ്യവും മുഖ്യ ആഹാരമായി നമ്മുടെ ആമാശയം നിറക്കുകയാണ്. ഒരു ആഗ്രഹത്തിനു വേണ്ടി മാത്രം കഴിച്ചിരുന്ന മാംസാഹാരം ഇപ്പോള്‍ സായാഹ്ന ചായയോടൊപ്പം പോലും അകത്താക്കുന്ന അവസ്ഥ വന്നിരിക്കുന്നു.
യഥാര്‍ഥത്തില്‍ വിശ്വാസികളോട് അല്ലാഹു പറയുന്ന ആഹാര ഇനങ്ങള്‍ എന്താണ്, തിരുനബിയുടെ ഭക്ഷണ മെനു ഏതാണ് എന്നീ ചോദ്യങ്ങള്‍ ഗഹനമായി പരിശോധിക്കുമ്പോള്‍ നമ്മുടെ ഭക്ഷണ സംസ്‌കാരം എത്രമാത്രം മതത്തോട് ചേര്‍ന്നുനില്‍ക്കുന്നു എന്ന് നമുക്ക് ബോധ്യപ്പെടും.
തിരുദൂതരുടെ ജീവിതത്തിലേക്കൊന്ന് നോക്കൂ. ആ തളികയില്‍ എത്ര തവണ മാംസം വിളമ്പിയതായി നമുക്ക് കാണാന്‍ കഴിയും? മല്‍സ്യം കഴിച്ച എത്ര സംഭവം തിരുജീവിതം നമ്മോട് പറയുന്നുണ്ട്? വിരലിലെണ്ണാവുന്നവ മാത്രം. ആട്ടിറച്ചിയും ഒട്ടകമാംസവും മത്സ്യവും ദൂതര്‍ക്ക് ലഭിക്കാത്തതുകൊണ്ടാണ് അവ അധികം കഴിക്കാതിരുന്നത് എന്ന് കരുതാന്‍ വയ്യല്ലോ. തിരുനബിയുടെ പ്രധാന ഭക്ഷണം ഗോതമ്പിന്റെയും ബാര്‍ലിയുടെയും റൊട്ടിയും ഈത്തപ്പഴവും പാലുമായിരുന്നു എന്നാണ് ഹദീസുകളില്‍ കാണുക.
അനുഗ്രഹങ്ങളുടെ പറുദീസയായ സ്വര്‍ഗത്തിലെ ഭക്ഷണപാനീയങ്ങളെ കുറിച്ച് നിരവധി സ്ഥലങ്ങളില്‍ ഖുര്‍ആന്‍ പറയുന്നുണ്ട്. ഈ സ്വര്‍ഗീയ മെനുവിലും കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഇവയില്‍ നിന്നുള്ള പാനീയങ്ങളുമാണ്.
''അവര്‍ക്ക് (സ്വര്‍ഗത്തില്‍) കലര്‍പ്പില്ലാത്ത തെളിനീര്‍ അരുവികളുണ്ട്. രുചിഭേദം ഒട്ടുമില്ലാത്ത പാലരുവികളുണ്ട്. കുടിക്കുന്നവര്‍ക്ക് ആനന്ദമേകുന്ന മദ്യപ്പുഴകളുണ്ട്. ശുദ്ധമായ തേനരുവികളുണ്ട്. എല്ലാ തരങ്ങളിലുമുള്ള പഴങ്ങളുമുണ്ട് (സൂറ മുഹമ്മദ് 15).
''ഇഷ്ടാനുസരണം തിരഞ്ഞെടുക്കാന്‍ അവര്‍ക്ക് (സ്വര്‍ഗത്തില്‍) പലയിനം പഴങ്ങളുണ്ട്'' (സൂറഃ അല്‍വാഖിഅ 20). കര്‍പ്പൂരമിശ്രിതം (അദ്ദഹ്ര്‍ 5,6), സല്‍സബീല്‍ എന്ന ഇഞ്ചി മിശ്രിതം (അദ്ദഹ്ര്‍ 17,18), കസ്തൂരി കൊണ്ട് മുദ്ര വെച്ച തസ്നീം മിശ്രിതം (മുത്വഫ്ഫിഫീന്‍ 25) എന്നിവയാണ് പാനീയങ്ങളായി സ്വര്‍ഗവാസികള്‍ക്ക് നല്‍കുന്നത് എന്നും ഖുര്‍ആന്‍ പറയുന്നു.
ഇതുപോലുള്ള വചനങ്ങള്‍ ആവര്‍ത്തിക്കുന്ന ഖുര്‍ആന്‍ പക്ഷേ, സ്വര്‍ഗത്തിലെ മാംസഭക്ഷണത്തെ കുറിച്ച് ഒന്നുരണ്ടിടങ്ങളില്‍ മാത്രമേ പറയുന്നുള്ളൂ. ''അവര്‍ ഇച്ഛിക്കുന്ന പക്ഷിമാംസവും (സ്വര്‍ഗത്തില്‍) ഉണ്ട്'' (അല്‍വാഖിഅ 21). മല്‍സ്യക്കരളും കാളമാംസവും സ്വര്‍ഗത്തില്‍ ലഭിക്കുമെന്ന് ചില ഹദീസുകളിലും പറയുന്നു. ഭൂമിയിലെ ഭക്ഷ്യവിഭവങ്ങളായി ഒലീവ്, മാതളം, അത്തിപ്പഴം, മുന്തിരി തുടങ്ങിയ പഴങ്ങളും ചുരങ്ങ, വെള്ളരി, ചീര, പയര്‍, ഉള്ളി ആദിയായ പച്ചക്കറികളും ഗോതമ്പ് പോലുള്ള ധാന്യങ്ങളും ഖുര്‍ആന്‍ പരാമര്‍ശിച്ചതായി കാണാം.
യഥാര്‍ഥത്തില്‍ ഭക്ഷണം കൊണ്ട് ലക്ഷ്യമിടുന്നത് ശരീരത്തിന് ആവശ്യമായ പോഷകമൂല്യങ്ങളാണ്. അതുവഴി ആരാധനകള്‍ക്ക് ഉള്‍പ്പെടെ ഊര്‍ജം സമ്പാദിക്കലാണ്. മാംസം, മല്‍സ്യം, മുട്ട എന്നിവയില്‍ പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ശരീര വളര്‍ച്ചയ്ക്ക് ആവശ്യമാണ്. മാംസം ഇസ് ലാം അനുവദിച്ചതും ഇതുകൊണ്ടാണ്.
എന്നാല്‍ ഇപ്പോള്‍ ഭൂരിഭാഗം പേരും വിവിധ തരം മാംസങ്ങളാണ് മുഖ്യഭക്ഷണമാക്കുന്നത് എന്ന് തോന്നിപ്പോകും. ദിവസത്തിലെ മൂന്നു പ്രധാന ഭക്ഷണത്തിനു പുറമെ ലഘുഭക്ഷണങ്ങളില്‍ പോലും മാംസത്തിന്റെയോ മല്‍സ്യത്തിന്റെയോ സാന്നിധ്യമുണ്ട്. അതാകട്ടെ, പലതരം കൂട്ടുകള്‍ ചേര്‍ത്ത് കരിച്ചും പൊരിച്ചും ആവിയില്‍ വേവിച്ചുമുള്ളതാണ്.
പച്ചക്കറിയും പഴങ്ങളും പയറുവര്‍ഗവും പുതിയ തലമുറക്ക് രണ്ടാം തരം ഭക്ഷണമായി മാറിയിരിക്കുന്നു. ശരീരത്തിന് ആവശ്യമായ ഭൂരിഭാഗം പോഷകമൂല്യങ്ങളും ഇവയിലാണുള്ളത്. ഇസ്ലാം മുന്നോട്ടുവെക്കുന്ന 'അനുവദനീയവും ഉത്തമവും' എന്ന നിലപാടിനോട് മാംസ മുഖ്യഭക്ഷണ സംസ്‌കാരം എത്രമാത്രം യോജിക്കുന്നു എന്ന ആലോചന വേണ്ടതല്ലേ?
