ഫിസിക്സില്‍ സ്വന്തമായ ആശയം രൂപപ്പെടുത്തി 13ാം വയസില്‍ വിദേശയൂനിവേഴ്സിറ്റിയില്‍ നിന്ന് 10 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് നേടി വിസ്മയമായ ഹാബെല്‍ സ്വന്തമായാണ് പഠിക്കുന്നത്.
വെള്ളം കുടിക്കുമ്പോള്‍ തൊണ്ടയില്‍ ഐസ് കുടുങ്ങി. അതില്‍ നിന്ന് ഒരു ചിന്ത വന്നു. അങ്ങനെ പതിമൂന്നുകാരന്‍ ഹാബെല്‍ നടത്തിയ പഠന ഗവേഷണങ്ങള്‍ ഇന്ന് ആഗോള ശ്രദ്ധനേടി. ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണപോലെ ഈ ഐസും ഒരു നിമിത്തമാവുകയാണ്.
ഹാബെലിന് എല്ലാം ഇഷ്ടമായിരുന്നില്ല. എന്നാല്‍ ഇഷ്പ്പെട്ടതൊക്കെ അവന് സ്വന്തം ലോകമായി. അങ്ങനെ അവന്‍ അവന്റെ ആഗ്രഹത്തിനൊപ്പം നേട്ടങ്ങള്‍ സ്വന്തമാക്കി. അപ്പോള്‍ മാത്രമാണ് ആ പ്രതിഭയെ ലോകം തിരിച്ചറിഞ്ഞത്.
വിദേശ യൂനിവേഴ്സിറ്റിയില്‍ നിന്ന് ഫിസിക്സില്‍ 10 ലക്ഷം രൂപയുടെ ഗവേഷണ സ്‌കോളര്‍ഷിപ്പ് നേടിയ കോഴിക്കോട് കൊടുവള്ളി വാവാട് സ്വദേശിയായ ഹാബെല്‍ അന്‍വര്‍ ഇതിനകം വാര്‍ത്തകളില്‍ നിറഞ്ഞത് ചെറു പ്രായം കൊണ്ടു മാത്രമല്ല. സ്വന്തമായി പഠിച്ച് ആ അറിവുപയോഗിച്ച് 13ാം വയസില്‍ ആഗോള അംഗീകാരമെന്ന വിസ്മയകരമായ നേട്ടം സ്വന്തമാക്കിയതിലൂടെയാണ്. അതും ഉന്നത പഠനം നേടിയവര്‍ മാത്രം കൈകാര്യം ചെയ്യുന്ന ഗ്രാവിറ്റേഷന്‍ ഫിസിക്സിന്റെ ലോകത്ത്.
 ഹാബെല്‍ ചെറുപ്പം മുതലേ പഠനത്തില്‍ പിന്നിലായിരുന്നു. അതിനാല്‍ തന്നെ രണ്ടാം ക്ലാസുവരെയാണ് സ്‌കൂളില്‍ പോയത്. പഠന വൈകല്യമാണ് എന്നൊക്കെ പറഞ്ഞ് മാതാപിതാക്കളായ അന്‍വറും സഹീദയും സ്പെഷല്‍ എജുക്കേറ്റര്‍മാരെയും കൗണ്‍സിലര്‍മാരെയും സമീപിച്ചെങ്കിലും ഹാബെലിന് മാറ്റമൊന്നുമുണ്ടായില്ല. അങ്ങനെയാണ് പഠനം വീട്ടില്‍ നിന്നാക്കുന്നത്.
അതിന് കൂട്ടായി കംപ്യൂട്ടറും ഇന്റര്‍നെറ്റും. ആ ലോകമായിരുന്നു ഹാബെലിന് പഠന ലോകം. ആരോടും കൂട്ടുകൂടാതെയും സംസാരിക്കാതെയും കംപ്യൂട്ടറിനു മുന്നില്‍ മണിക്കൂറുകള്‍ ചെലവഴിച്ചു. ഗെയിം കളിക്കുകയാണെന്നാണ് ഉമ്മ വിചാരിച്ചത്. എന്നാല്‍ ഹാബെല്‍ തന്റെ അറിവിന്‍ലോകം തിരഞ്ഞ് കംപ്യൂട്ടറില്‍ പ്രയാണം നടത്തുകയായിരുന്നു.
അങ്ങനെയിരിക്കെയാണ് ഗ്രാവിറ്റേഷന്‍ ഫിസിക്സില്‍ നടത്തിയ ഒരു ഗവേഷണ പ്രബന്ധത്തിന് അമേരിക്കയിലെ ജോര്‍ജ് മെയ്സണ്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് പത്തു ലക്ഷം രൂപയോളം വരുന്ന സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. യൂനിവേഴ്സിറ്റിയിലെ മാര്‍ക്കറ്റസ് സെന്ററിന്റെ എമര്‍ജെന്റ് വെന്‍ച്വര്‍ ഗ്രാന്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് ശാസ്ത്രകുതുകികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ലഭിച്ചത്.
ക്വാണ്ടം ക്രിയേറ്റിവിറ്റി, ആബേലിയന്‍ ബൗണ്ടറി, സൂപ്പര്‍ സ്ട്രിങ് തിയറി, മാറ്റര്‍ തിയറി എന്നീ പ്രബന്ധങ്ങളാണ് ഹേബല്‍ തയ്യാറാക്കിയത്. ഇതില്‍ മാറ്റര്‍ തിയറി എന്ന പ്രബന്ധമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഫിസിക്സില്‍ ഗുരുക്കന്‍മാരില്ലാതെയാണ് ഈ അസുലഭനേട്ടം ഹാബെല്‍ സ്വന്തമാക്കിയത്. ഓണ്‍ലൈനായി ഇന്റര്‍വ്യൂവില്‍ പങ്കെടുത്താണ് തന്റെ ആശയം ഹാബെല്‍ വിശദീകരിച്ചത്. അഞ്ചാഴ്ച കൊണ്ടാണ് പ്രബന്ധം തയ്യാറാക്കിയത്.
 എങ്ങനെയാണ് ഫിസിക്സിന്റെ ലോകത്ത് എത്തിപ്പെട്ടത് എന്ന ചോദ്യത്തിന് അബി എന്ന ഹാബെലിന് കൃത്യമായ ഉത്തരമുണ്ട്. നേരത്തെ താല്‍പര്യമുള്ള ശാസ്ത്ര വിഭാഗങ്ങളില്‍ കൂടുതല്‍ പഠനം നടത്തിയത് സ്വന്തമായി രൂപകല്‍പ്പന ചെയ്ത കംപ്യൂട്ടറിലൂടെയാണ്. ആഴത്തിലുള്ള പഠനവും വിശകലനവുമാണ് ഹാബെല്‍ നടത്തിയതെന്ന് പ്രബന്ധങ്ങള്‍ തെളിയിക്കുന്നു. ഇന്റര്‍നെറ്റ് പ്രയോജനപ്പെടുത്തി അറിവിന്റെ ആഴങ്ങളിലേക്ക് ഊര്‍ന്നിറങ്ങിയായിരുന്നു പഠനം. വീട്ടിലുള്ളവരോടോ സ്വന്തം സഹോദരിയോടു പോലുമോ കൂട്ടുകൂടാത്ത ഹേബല്‍ തന്റെ ലോകത്ത് സന്തുഷ്ടനായിരുന്നു.
ഹാബെലിന് ക്യൂരിയോസിറ്റി (അറിയാനുള്ള അതിയായ ആഗ്രഹം) ഇത്തിരി കൂടുതലാണെന്ന് അവന്റെ വര്‍ത്തമാനം നമ്മെ ബോധ്യപ്പെടുത്തും. ബുദ്ധിയില്ലെന്നും അതിനാല്‍ രണ്ടുവരെ മാത്രമേ സ്‌കൂളില്‍ പോയുള്ളൂവെന്നും പറയുമ്പോഴും തന്റെ ലോകം എന്താവണമെന്ന് ഹാബെലിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു.
സ്‌കൂളില്‍ പോകുമ്പോള്‍ എല്ലാം പഠിക്കണം. അതിന്റെ ആവശ്യമില്ലല്ലോ.. താല്‍പര്യമുള്ള മേഖല തെരഞ്ഞടുത്തുപഠിച്ചാല്‍ പോരേ? എല്ലാം കൂടിയാവുമ്പോഴും ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയില്ല. ഞാന്‍ തന്നെ ഇപ്പോള്‍ തന്റെ സൗകര്യത്തിനാണ് പഠിക്കുന്നത്. ബാക്കി സമയം സംഗീതം കേള്‍ക്കാനും ഇഷ്ടമുള്ളത് ചെയ്യാനും ചെലവഴിക്കുന്നു. അതിനാല്‍തന്നെ മടുപ്പില്ല.
ബ്ലാക്ക് ഹോളിന്റെ തിയററ്റിക്കല്‍ എക്സ്പാന്‍ഷന്‍ ആയ വൈറ്റ് ഹോളിനെക്കുറിച്ചാണ് ഹാബെലിന്റെ ഗവേഷണം. ഒരിക്കല്‍ വെള്ളം കുടിക്കുമ്പോള്‍ അതിലുണ്ടായിരുന്ന ചെറിയൊരു ഐസ് കഷ്ണം തൊണ്ടയില്‍ കുരുങ്ങി. അപ്പോള്‍ ഒരു ചിന്ത വന്നു. ഒരു വാട്ടര്‍ ബോട്ടിലില്‍ ഐസ് ഇട്ട് വെള്ളം നിറച്ചു. എന്നിട്ട് അത് അടച്ചുവച്ചു.
ഈ ഐസ് ഉരുകുമ്പോള്‍ അതിലുണ്ടാവുന്ന അധികം വെള്ളത്തിന് എന്തു സംഭവിക്കും. ഈ ചിന്തയാണ് വൈറ്റ് ഹോളിലേക്ക് എത്തിച്ചത്. സിമട്രിക്കല്‍ ആയ എന്തിനെയും ഇഷ്ടമായതിനാലാണ് അതേ വിഭാഗത്തില്‍ പെടുന്ന വൈറ്റ് ഹോള്‍ തെരഞ്ഞെടുത്തത്. ഗ്രാവിറ്റേഷന്‍ ഫിസിക്സിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ടെന്‍സര്‍ എന്ന തന്റെ ഗണിത സങ്കേതമുപയോഗിച്ച് ഭൗതികശാസ്ത്ര സമസ്യകള്‍ക്ക് പരിഹാരം കണ്ടെത്താനാണ് ഹാബെലിന്റെ ശ്രമം.
സ്‌കൂളില്‍ പോകണ്ട എന്ന അഭിപ്രായമൊന്നും എനിക്കില്ല. സ്‌കൂളില്‍ പോകാന്‍ ഇഷ്ടമില്ലാത്തവരുണ്ടാവും. അവരുടെ കാര്യത്തില്‍ ശ്രദ്ധ വേണം.
ഓമശ്ശേരി പ്ലസന്റ് ഇംഗ്ലീഷ് സ്‌കൂളിലായിരുന്നു ആദ്യ പഠനം. ഇപ്പോള്‍ അല്‍ഹറമൈന്‍ സ്‌കൂളില്‍ ഔദ്യോഗിക വിദ്യാര്‍ഥിയാണ്. ഫിസിക്സില്‍ തന്റെ തിയറികള്‍ വികസിപ്പിച്ച് അറിയപ്പെടാനാണ് മോഹം. ശാസ്ത്രപ്രതിഭ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഒക്കെ പഠിപ്പിച്ച അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ യൂനിവേഴ്സിറ്റിയില്‍ ഹാബെലിന് പഠിക്കണം.
 ''സ്‌കൂളില്‍ പോകണ്ട എന്ന അഭിപ്രായമൊന്നും എനിക്കില്ല. സ്‌കൂളില്‍ പോകാന്‍ ഇഷ്ടമില്ലാത്തവരുണ്ടാവും. അവരുടെ കാര്യത്തില്‍ ശ്രദ്ധ വേണം. ഞാന്‍ ഇന്‍ട്രോവേര്‍ട്ട് ആയിരുന്നു. ഒപ്പം ഹൈപ്പര്‍ ആക്ടീവും. എനിക്ക് ചില കഴിവുകളുണ്ട്. ഞാനത് തിരിച്ചറിഞ്ഞതിനാലാണ് എനിക്ക് മുന്നോട്ടുപോകാനായത്.
ചിന്ത ഇഷ്ടമാണ്. ഓരോരുത്തര്‍ക്കും ഓരോ കഴിവുണ്ട്. ഏതിലാണോ താല്‍പര്യം അതില്‍ ശ്രദ്ധ കൊടുക്കുക. അത് ഒരിക്കലും ലൂസാക്കരുത്. എന്ത് പ്രതിസന്ധിയുണ്ടായാലും അതില്‍ മുന്നോട്ടു പോവുക. എന്തായാലും വിജയിക്കും''- ഹാബെല്‍ അനുഭവം വെച്ച് സാക്ഷ്യപ്പെടുത്തുന്നു.
