സമുദായ ഐക്യത്തിന് അനിവാര്യമായി കാത്തൂസൂക്ഷിക്കേണ്ട സൗഹാര്‍ദ സമീപനത്തിനാണ് സമസ്തയുടെ രംഗപ്രവേശത്തോടെ കോട്ടം തട്ടിയത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകരിക്കപ്പെട്ട് അതിന്റെ പ്രവര്‍ത്തനങ്ങളുടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ മുസ്‌ലിം സമുദായത്തിനകത്ത് വിദ്വേഷ പ്രചാരണത്തിന് കളമൊരുങ്ങിയെന്നത് അത്യന്തം ഖേദകരമാണ്. ആദര്‍ശപരമായി എതിര്‍ചേരിയിലുള്ളവരെ മുസ്‌ലിംകളായി പോലും പരിഗണിക്കാതെ അവരോട് ശത്രുതാ മനോഭാവത്തോടുകൂടി പെരുമാറുന്നത് മുസ്‌ലിംകള്‍ക്കിടയില്‍ തന്നെ ഭിന്നിപ്പിനു വഴിയൊരുക്കി.
ആദര്‍ശപരമായ വിയോജിപ്പുകളും അഭിപ്രായ ഭിന്നതകളുമെല്ലാമുണ്ടെങ്കിലും മുസ്‌ലിംകളായ എല്ലാവരെയും ഒരു സമുദായം (ഉമ്മത്ത്) ആയി പരിഗണിച്ച് പരസ്പര സൗഹാര്‍ദവും ആരോഗ്യകരമായ ബന്ധവും കാത്തുസൂക്ഷിച്ച് ജീവിക്കാനാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. സമുദായ കെട്ടുറപ്പിനും ഐക്യത്തിനും അനിവാര്യമായി നാം കാത്തൂസൂക്ഷിക്കേണ്ട സൗഹാര്‍ദ സമീപനത്തിനാണ് സമസ്തയുടെ രംഗപ്രവേശത്തോടെ കോട്ടം തട്ടിയത്.
ആദര്‍ശപരമായി എതിര്‍ചേരിയിലുള്ളവരോട് സലാം പറയാന്‍ പോലും പാടില്ലെന്നും, ഇനി പറഞ്ഞാല്‍ തന്നെ പ്രത്യഭിവാദ്യം ചെയ്യേണ്ടതില്ലെന്നും സാമാന്യ മുസ്‌ലിംകള്‍ സമസ്ത പണ്ഡിതന്മാരില്‍ നിന്ന് മനസ്സിലാക്കി. മുസ്‌ലിംകള്‍ക്കിടയിലുള്ള സൗഹാര്‍ദാന്തരീക്ഷത്തിന് പോറലേല്‍ക്കാന്‍ ഇതു കാരണമായതോടെ മുസ്‌ലിംകള്‍ക്കിടയില്‍ വിഭാഗീയതയ്ക്ക് ആക്കം കൂടുകയും ചെയ്തു.
മുസ്‌ലിംകള്‍ തമ്മിലുള്ള ബാധ്യതകള്‍ നബി(സ) വിശദീകരിച്ചപ്പോള്‍ ഒന്നാമതായി എണ്ണിയത് 'അവര്‍ പരസ്പരം കാണുമ്പോള്‍ സലാം (അഭിവാദ്യം) പറയുക' എന്നതാണ്. സലാം പറയുക എന്നത് കേവലം അഭിവാദ്യത്തിന്റെ ഉപചാര വാക്കല്ല. സ്‌നേഹവും സൗഹൃദവും പങ്കിടുന്ന പ്രാര്‍ഥനയോടുകൂടിയ അഭിവാദ്യമാണ്.
ഒരു മുസ്‌ലിം പ്രവര്‍ത്തിക്കുന്ന നന്മകളിലെല്ലാം ഇഹത്തിലും പരത്തിലും അതിന്റ ഗുണഫലങ്ങള്‍ ദര്‍ശിക്കാനാവും. വിശുദ്ധ ഖുര്‍ആനിലും തിരുനബിയുടെ വചനങ്ങളിലും ഇത്തരം നന്മകളുടെ സദ്ഫലങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. മുസ്‌ലിംകള്‍ പരസ്പരമുള്ള ബാധ്യതാ നിര്‍വഹണ വിഷയത്തിലും ഇത്തരം നന്മകളുടെ മാഹാത്മ്യം നമുക്ക് ബോധ്യപ്പെടുന്നു.
അബ്ദുല്ലാഹിബ്‌നു അംറ്(റ) പറയുന്നു: ''ഒരാള്‍ നബി(സ)യോട് ചോദിച്ചു: ഇസ്‌ലാമിലെ ഉത്തമമായ നന്മ ഏതാണ്? നബി പറഞ്ഞു: ''ആളുകളെ ഭക്ഷിപ്പിക്കുക, പരിചിതമായവരോടും അല്ലാത്തവരോടും സലാം പറയുക'' (മുത്തഫഖുന്‍ അലൈഹി). സംഘടനയും ആദര്‍ശവുമൊക്കെ വ്യത്യാസപ്പെട്ടാലും സലാം പറയുന്ന വിഷയത്തില്‍ വിമുഖത കാണിക്കാന്‍ മുസ്‌ലിംകള്‍ എന്ന നിലയ്ക്ക് ആര്‍ക്കും സാധിക്കില്ല.
ഒരു മുസ്‌ലിം എപ്പോഴും ആഗ്രഹിക്കേണ്ടത് അവന്‍ ഭൂമിയില്‍ വെച്ച് ചെയ്യുന്ന സത്കര്‍മങ്ങളിലൂടെ അല്ലാഹുവിന്റെ പ്രതിഫലമാണ്. അത്രമേല്‍ ശ്രേഷ്ഠകരമായ ഒരു നന്മയെ നാം ഒഴിവാക്കുന്നതിലൂടെ മുസ്‌ലിംകള്‍ക്കിടയില്‍ പരസ്പര വിരോധവും അകല്‍ച്ചയും മാത്രമാണ് ഉണ്ടായിത്തീരുന്നത്.
വിശ്വാസികള്‍ തമ്മിലുള്ള ഐക്യത്തിനും സൗഹാര്‍ദത്തിനും സ്‌നേഹത്തിനും ഇസ്‌ലാം ഏറെ പ്രാധാന്യം കല്‍പിക്കുന്നതുകൊണ്ടാണ് സലാം പറയുന്ന വിഷയത്തെ ഗൗരവപൂര്‍വം പഠിപ്പിച്ചത്. അബൂഹുറയ്‌റ(റ) പറഞ്ഞു: ''നിങ്ങള്‍ വിശ്വാസികളാകുന്നതുവരെ സ്വര്‍ഗത്തില്‍ പ്രവേശിക്കില്ല. നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുന്നതുവരെ വിശ്വാസികളാവുകയില്ല. നിങ്ങള്‍ പരസ്പരം സ്‌നേഹിക്കപ്പെടുന്നവരാകാന്‍ ഒരു കാര്യം ചെയ്താല്‍ മതി. ആ കാര്യം ഞാന്‍ നിങ്ങളെ അറിയിക്കട്ടെയോ? നിങ്ങള്‍ക്കിടയില്‍ സലാം പ്രചരിപ്പിക്കുക'' (ബുഖാരി).
ഒരു മുസ്‌ലിം മറ്റൊരാളെ കാണുമ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹുവിന്റെ രക്ഷയും സമാധാനവും ഉണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുകയാണ് ആ അഭിവാദനത്തിലൂടെ ചെയ്യുന്നത്. ഇത് കേട്ട വ്യക്തി പ്രത്യഭിവാദ്യമായി സലാം ആദ്യം പറഞ്ഞയാള്‍ക്ക് കൂടുതല്‍ മെച്ചപ്പെടുത്തി പ്രാര്‍ഥിക്കുന്നു.
ഇസ്‌ലാമിലെ ഈ സ്‌നേഹാഭിവാദ്യത്തില്‍ പ്രാര്‍ഥന കൂടി ഉള്‍പ്പെട്ടതിനാല്‍ ഇതിന്റെ നിര്‍വഹണരീതി ഖുര്‍ആന്‍ (4:86) പഠിപ്പിക്കുന്നു: ''നിങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കപ്പെട്ടാല്‍ അതിനേക്കാള്‍ മെച്ചമായി (തിരിച്ച്) അഭിവാദ്യം അര്‍പ്പിക്കുക. അല്ലെങ്കില്‍ അതുതന്നെ തിരിച്ചുനല്‍കുക. തീര്‍ച്ചയായും അല്ലാഹു ഏതൊരു കാര്യത്തിന്റെയും കണക്കു നോക്കുന്നവനാകുന്നു.''
അല്ലാഹുവിലും അവന്റെ പ്രവാചകനിലും വിശ്വസിക്കുന്ന മുസ്‌ലിംകള്‍ പരസ്പര പ്രാര്‍ഥനയിലൂടെ സ്‌നേഹാഭിവാദ്യം നേരുമ്പോള്‍ ആ ബന്ധത്തിന് എപ്പോഴും ഊഷ്മളതയുണ്ടാവും. വിദ്വേഷമോ വിരോധമോ ഇല്ലാതെ പരസ്പരം നന്മ ആഗ്രഹിക്കുന്നവരും സ്‌നേഹബന്ധം നിലനിര്‍ത്തുന്നവരുമായി ജീവിക്കാനുള്ള സാമൂഹിക പരിസരം ഒരുങ്ങുകയും ചെയ്യുന്നു.
ഐക്യത്തിന് ശ്രമിച്ച ഒരു വിഭാഗം വഹാബികളായതിനാല്‍ അവരോട് സലാം പറയാനും സൗഹൃദം പങ്കിടാനും പാടില്ലെന്ന നിലപാടായിരുന്നു ഭിന്നിച്ച കക്ഷികള്‍ക്ക്.
ഇസ്‌ലാം അഭിവാദന മര്യാദയിലൂടെ ലക്ഷ്യം വെച്ചതും വ്യക്തിപരവും സാമൂഹികവുമായ ഈ നന്മയാണ്. എന്നാല്‍ മുസ്‌ലിംകള്‍ക്കിടയില്‍ പരസ്പര സ്‌നേഹാഭിവാദ്യത്തിന്റെ ഉപചാരരീതിക്ക് പകരം പരിഹാസവും ആക്ഷേപപ്രയോഗങ്ങളുമാണ് സംസാരത്തില്‍ കടന്നുവരുന്നത്. എങ്കില്‍ അത് കൊടിയ പാപമായി തന്നെയാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.
വിശുദ്ധ ഖുര്‍ആനില്‍ 'വിശ്വാസികളേ' എന്ന അഭിസംബോധനയോടുകൂടി അല്ലാഹു ഇക്കാര്യം ഉണര്‍ത്തുന്നുണ്ട്: ''സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരേക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍) മറ്റവരേക്കാള്‍ നല്ലവരായിരുന്നേക്കാം.
നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്. നിങ്ങള്‍ പരിഹാസപ്പേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത്. സത്യവിശ്വാസം കൈക്കൊണ്ട ശേഷം അധാര്‍മികമായ പേര് (വിളിക്കുന്നത്) എത്ര ചീത്ത. വല്ലവനും പശ്ചാത്തപിക്കാത്തപക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍'' (49:11).
സലാം പറയുക എന്ന പ്രാര്‍ഥനാപൂര്‍വമായ സ്‌നേഹാഭിവാദ്യ രീതിയില്‍ നിന്ന് മുസ്‌ലിംകളെ പിന്തിരിഞ്ഞുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ സമസ്തക്കാര്‍ വിദ്വേഷപ്രചാരണം നടത്തിയപ്പോള്‍ സംഭവിച്ചത് സമുദായത്തിന്റെ ഐക്യത്തകര്‍ച്ചയാണ്. ഇസ്‌ലാമിന് അന്യമായ ഭിന്നതയുടെയും അകല്‍ച്ചയുടെയും ഒരു സംസ്‌കാരിക പരിസരം രൂപപ്പെടുന്ന ഖേദകരമായ കാഴ്ചയാണ്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പിറവിയിലേക്ക് എത്തിയ കാരണങ്ങള്‍ പരിശോധിക്കുമ്പോഴും നമുക്ക് ബോധ്യപ്പെടുന്ന ഒരു കാര്യമുണ്ട്. കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പേരില്‍ ഒന്നിച്ചുനിന്ന പണ്ഡിതരുടെ ഐക്യനിരയില്‍ ഒരു വിഭാഗം പണ്ഡിതന്മാര്‍ ഭിന്നിച്ചുപോയതാണ് സമസ്തയുടെ രൂപീകരണത്തിലേക്ക് എത്തിച്ചത്.
ഐക്യത്തിന് എപ്പോഴും ശ്രമിച്ച ഒരു വിഭാഗം ആളുകള്‍ വഹാബികളായതിനാല്‍ അവരോട് സലാം പറയാനും സൗഹൃദം പങ്കിടാനും പാടില്ലെന്ന നിലപാടായിരുന്നു ഭിന്നിച്ച കക്ഷികള്‍ക്ക് ഉണ്ടായിരുന്നത്. ആരാണ് വഹാബികള്‍ എന്നും എന്താണ് ആ പേരിന് നിദാനമായ ചരിത്രവസ്തുത എന്നും പരിശോധിക്കുമ്പോഴാണ് ചില കാര്യങ്ങള്‍ വ്യക്തമാകുന്നത്.
ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ഒക്കെ ചരിത്രത്തില്‍ ഭിന്നതയുടെ വിദ്വേഷ പ്രചാരണം നടത്തുകയും സഹവര്‍ത്തനത്തിന്റെയും സഹകരണത്തിന്റെയും വാതിലുകളെല്ലാം അടപ്പിക്കുകയും ചെയ്ത വിഭാഗങ്ങള്‍ ഉണ്ടായിരുന്നു. ശത്രുസമൂഹത്തിന്റെ ഗൂഢനീക്കങ്ങളെയെല്ലാം പരാജയപ്പെടുത്തി ഇസ്‌ലാമിന് സ്വാധീനവും വിജയവുമുണ്ടായതിന്റെ ചരിത്രം കൂടി നാം സാന്ദര്‍ഭികമായി പഠനവിധേയമാക്കേണ്ടതുണ്ട്.
'വഹാബികള്‍' എന്ന ആക്ഷേപവും പരിഹാസവും കലര്‍ന്ന ഭാഷയില്‍ സമസ്തക്കാര്‍ ആദര്‍ശത്തില്‍ എതിര്‍ചേരിയിലുള്ളവരെ വിളിക്കുകയും അവരോടുള്ള ബന്ധങ്ങളെല്ലാം വിച്ഛേദിക്കണമെന്ന വിദ്വേഷ പ്രചാരണം നടത്തുകയും ചെയ്തതിനാല്‍ ഇതിന്റെ വസ്തുതകളിലേക്ക് വിരല്‍ ചൂണ്ടുന്ന ചരിത്രപരമായ കാര്യങ്ങള്‍ തുടര്‍ന്നു പറയാം.
തയ്യാറാക്കിയത്: ഡോ. റജീഷ് നരിക്കുനി
(അവസാനിച്ചിട്ടില്ല)
