സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷികാഘോഷ പരിപാടികള്‍ നടത്തുമ്പോള്‍, നൂറാണ്ടിലെത്തിയ നാള്‍വഴികളിലെ നേട്ടങ്ങളും കോട്ടങ്ങളും പരിശോധിക്കുന്നു.
കേരളീയ സമൂഹത്തില്‍ ഇസ്‌ലാം മതത്തിന് വേരോട്ടം ഉണ്ടായതിന്റെ ചരിത്രം ചികയുമ്പോള്‍ സ്മരിക്കപ്പെടുന്ന ദേശമാണ് കൊടുങ്ങല്ലൂര്‍. ഈ പ്രദേശവാസികളില്‍ അന്ന് മഹാ ഭൂരിപക്ഷവും ഹിന്ദു മതക്കാരായിരുന്നു. ഹിന്ദു സമൂഹത്തില്‍ ജാതിയുടെ അടിസ്ഥാനത്തില്‍ ഉച്ചനീചത്വം കൊടികുത്തി വാണിരുന്ന കാലമായിരുന്നു അത്. സവര്‍ണരും അവര്‍ണരും തമ്മിലുള്ള കടുത്ത വിവേചനത്തിന്റെ ആഴം ഈ വരികള്‍ സൂചിപ്പിക്കുന്നുണ്ട്:
'തൊട്ടുകൂടാത്തവര്‍, തീണ്ടിക്കൂടാത്തവര്‍, ദൃഷ്ടിയില്‍ പെട്ടാല്‍ ദോഷമുള്ളോര്‍...' ഹിന്ദു മതത്തില്‍ പെട്ട താഴ്ന്ന ജാതിക്കാര്‍ക്ക് ഉന്നതകുല ജാതരുടെ വീടിനകത്തേക്ക് പ്രവേശിക്കാനുള്ള അനുമതി ഉണ്ടായിരുന്നില്ല. വല്ല വിധേനയും അവര്‍ വീടിനകത്ത് കയറിയാല്‍ അവരുടെ സ്പര്‍ശനമേറ്റ സ്ഥലം ശുദ്ധികലശം ചെയ്യുന്ന കാലഘട്ടമായിരുന്നു അത്.
കച്ചവട ആവശ്യാര്‍ഥം വ്യാപാരികളായ അറബികള്‍ കേരളത്തില്‍ എത്തിയപ്പോള്‍ അവര്‍ ഉള്‍ക്കൊള്ളുന്ന ഇസ്‌ലാം മതത്തിന്റെ ആദര്‍ശ സംസ്‌കാര മൂല്യങ്ങള്‍ ഹൈന്ദവ സഹോദരങ്ങളില്‍ വലിയ സ്വാധീനം ചെലുത്തി. ഹി. 11-ാം വര്‍ഷം തന്നെ വ്യാപാരികളായ അറബികള്‍ ഇവിടെ എത്തിയെന്ന് ഹൈന്ദവ ചരിത്ര കൃതികളില്‍ സൂചനയുണ്ട്.
മനുഷ്യര്‍ അഖിലം ഒരേ മാതാവിന്റെയും പിതാവിന്റെയും സന്തതികളെന്ന നിലയ്ക്ക് ഇസ്‌ലാം മുന്നോട്ടുവെക്കുന്ന മാനവിക സാഹോദര്യം ഹിന്ദു മതസ്ഥരെ സ്വാധീനിച്ചു. പ്രപഞ്ച സ്രഷ്ടാവായ ഏകദൈവത്തെ മാത്രമേ എല്ലാവരും ആരാധിക്കാവൂ എന്ന് നിഷ്‌കര്‍ഷിക്കുന്ന മതമാണ് ഇസ്‌ലാം എന്ന് അവര്‍ മനസ്സിലാക്കി.
ദൈവം തിരഞ്ഞെടുത്ത് അയച്ച ദൂതന്മാരില്‍ അവസാനത്തെ പ്രവാചകനായ മുഹമ്മദ് നബി(സ)ക്ക് അവതീര്‍ണമായ അന്തിമ വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍ എന്നിങ്ങനെയുള്ള ഇസ്‌ലാമിന്റെ അടിസ്ഥാന കാര്യങ്ങളെല്ലാം ഹൈന്ദവരില്‍ വലിയ തോതില്‍ സ്വാധീനമുണ്ടാക്കി. ഇസ്‌ലാമിന്റെ വിശ്വാസാദര്‍ശങ്ങള്‍ മനുഷ്യനെ മുഴുവന്‍ യാതൊരു വിവേചനവുമില്ലാതെ ഒന്നായി കാണുന്നു.
സവര്‍ണ-അവര്‍ണ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരേ ആരാധനാലയത്തില്‍ ഒരേ സ്വഫ്ഫില്‍ അണിനിരന്ന് പ്രാര്‍ഥിക്കാനുള്ള സ്വാതന്ത്ര്യം വകവെച്ചുകൊടുക്കുമെന്ന കാര്യം ഹൈന്ദവരില്‍ വലിയ മതപരിവര്‍ത്തനമുണ്ടാക്കി. അക്കാലത്ത് സവര്‍ണ പുരോഹിത നിയമപ്രകാരം സ്ത്രീകള്‍ക്ക് മാറു മറയ്ക്കാന്‍ പോലും സ്വാതന്ത്ര്യമുണ്ടായിരുന്നില്ല.
എന്നാല്‍ ഇസ്‌ലാം സ്ത്രീകള്‍ക്ക് മാറു മറയ്ക്കല്‍ നിര്‍ബന്ധമാക്കി. സ്ത്രീ-പുരുഷ വ്യത്യാസമോ സവര്‍ണര്‍, അവര്‍ണര്‍ എന്ന ഭേദചിന്തയോ ഒട്ടും ഇല്ലാതെ എല്ലാവര്‍ക്കും ആരാധന നിര്‍വഹിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്ന് പഠിപ്പിക്കുന്നു. അധ്യാപനങ്ങള്‍ അവരെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചു.
ഏകദൈവ ദര്‍ശനവും മാനവികതയില്‍ ഊന്നി മാത്രം പഠിപ്പിക്കുന്ന സാഹോദര്യവും ആരാധനാ സ്വാതന്ത്ര്യവുമെല്ലാം ഇസ്‌ലാമിനെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള പ്രേരണയാണ് അവര്‍ക്ക് നല്‍കിയത്. അറബികളുടെ ആഗമനം ഇസ്‌ലാമിനെ അടുത്തറിയാനുള്ള അവസരം ഇതര മതസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെങ്കിലും അവര്‍ക്കിടയില്‍ നടപ്പുണ്ടായിരുന്ന പഴയ ആചാരങ്ങളും വികലമായ വിശ്വാസങ്ങളും പൂര്‍ണമായും അവര്‍ കൈയൊഴിച്ചിരുന്നില്ല.
സ്ത്രീധനമെന്ന ദുരാചാരവും ഖബ്‌റാരാധനയും അവരില്‍ ഒരു വിഭാഗത്തില്‍ നിന്നു കുറ്റിയറ്റുപോയിരുന്നില്ല. കൊടുങ്ങല്ലൂര്‍ ദേശത്ത് ധാരാളം മുസ്‌ലിം താമസക്കാരുണ്ടായിരുന്നു. കുടുംബതര്‍ക്കങ്ങളും അനൈക്യവും അവര്‍ക്കിടയില്‍ നീറിനിന്നിരുന്നു. ഈ കുടുംബതര്‍ക്കങ്ങള്‍ക്ക് അറുതി വരുത്തി അനൈക്യം അവസാനിപ്പിച്ച് അന്ധവിശ്വാസ-അനാചാരങ്ങളില്‍ നിന്ന് പൂര്‍ണമായും മുക്തമാവുന്ന ഒരു സമൂഹമുണ്ടാവണമെന്ന ലക്ഷ്യത്തോടെ 1921ല്‍ ഏറിയാട് വെച്ച് 'നിഷ്പക്ഷസംഘം' പിറവിയെടുത്തു.
പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടന എന്ന നിലയ്ക്ക് ഈ സംഘടന ചുരുങ്ങിയ വൃത്തത്തില്‍ പരിമിതപ്പെട്ടുപോകരുതെന്ന നിര്‍ബന്ധം അവര്‍ക്കുണ്ടായിരുന്നു. അഖിലകേരളാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായി അതിനെ വിപുലപ്പെടുത്തണമെന്ന തീരുമാനവുമായി അവര്‍ മുന്നോട്ടുപോയി. 1922ല്‍ ഏറിയാട് വെച്ച് നടന്ന നിഷ്പക്ഷ സംഘത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ 'കേരള മുസ്‌ലിം ഐക്യസംഘം' രൂപീകരിക്കപ്പെട്ടതോടെ വിപുലമായ കര്‍മപദ്ധതികളുമായി സംഘടന മുന്നോട്ടുപോയി.
1923ല്‍ ഏറിയാട്ടാണ് കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ പ്രഥമ വാര്‍ഷിക സമ്മേളനം നടന്നത്. വക്കം അബ്ദുല്‍ഖാദര്‍ മൗലവിയുടെ അധ്യക്ഷതയിലാണ് ഈ സമ്മേളനം നടന്നത്. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും മുറുകെപ്പിടിച്ച് ജീവിക്കാനും ശിര്‍ക്ക്-ബിദ്അത്തുകള്‍ക്കെതിരെ ശക്തമായ പ്രബോധന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനായിരുന്നു കേരള മുസ്‌ലിം ഐക്യസംഘം ലക്ഷ്യമിട്ടത്.
ഇസ്‌ലാമിലെ പ്രമാണങ്ങള്‍ പഠിപ്പിക്കുന്ന വിശ്വാസാദര്‍ശങ്ങളെക്കുറിച്ച് ആ സമൂഹം തികഞ്ഞ അജ്ഞതയിലായിരുന്നു. ഓത്തുപള്ളികളില്‍ ഓത്തുപലകകള്‍ ഉപയോഗിച്ചുകൊണ്ടുള്ള മതപഠന രീതിയായിരുന്നു അവിടെ നടന്നിരുന്നത്. കുറേയധികം കുട്ടികള്‍ക്ക് ഒരു മൊല്ലാക്ക (ഉസ്താദ്) എന്ന രീതിയിലാണ് അവിടങ്ങളില്‍ ക്ലാസുകള്‍ മുന്നോട്ടുപോയത്.
കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ ഊര്‍ജിതമായി നടന്നിരുന്നു. ഐക്യസംഘത്തിന്റെ വാര്‍ഷിക സമ്മേളനങ്ങള്‍ മുന്നോട്ടുള്ള സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം കൂട്ടി. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള പ്രധാന ജില്ലകളിലെല്ലാം ഐക്യസംഘത്തിന്റെ സമ്മേളനങ്ങള്‍ നടന്നു.
ഐക്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൊടുങ്ങല്ലൂരിലുള്ള 'ഐക്യവിലാസം' എന്ന സ്ഥലം കേന്ദ്രീകരിച്ചായിരുന്നു നടന്നിരുന്നത്. എം ഇ എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിന്റെ കുടുംബം ഐക്യസംഘത്തിന്റെ പ്രവര്‍ത്തകരായിരുന്നു. അവരുടെ തറവാട് 'ഐക്യവിലാസം' എന്ന പേരിലാണ് അറിയപ്പെട്ടത്.
കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകരണം
1924ലാണ് ഐക്യസംഘത്തിന്റെ സുപ്രധാന യോഗം ആലുവയില്‍ ചേര്‍ന്നത്. കേരള മുസ്‌ലിംകള്‍ക്കിടയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഐക്യസംഘത്തിനു കീഴില്‍ മാത്രം പരിമിതപ്പെട്ടുപോകാതെ ശക്തമായ ഒരു പണ്ഡിതനിരയുടെ കീഴില്‍ ഏകോപിപ്പിക്കേണ്ടതെങ്ങനെ എന്ന കാര്യം പ്രസ്തുത യോഗത്തില്‍ ചര്‍ച്ചയായി. ഭാവിപ്രവര്‍ത്തനങ്ങള്‍ക്കായി പണ്ഡിതരുടെ യോഗം വിളിച്ച് കാര്യങ്ങള്‍ അവരെ ഏല്‍പിക്കാമെന്നും ധാരണയായി.
അക്കാലത്ത് കേരളത്തിലെ പള്ളിദര്‍സുകളില്‍ പഠിച്ച് ഉപരിപഠനത്തിനായി തമിഴ്‌നാട്ടിലെ വെല്ലൂരിലുള്ള 'ബാഖിയാത്തു സ്വാലിഹാത്ത്' എന്ന സ്ഥാപനത്തെയായിരുന്നു അധിക പേരും ആശ്രയിച്ചിരുന്നത്. അവിടെ നിന്ന് ഉപരിപഠനം പൂര്‍ത്തിയാക്കിയവര്‍ 'ബാഖവികള്‍' അഥവാ മൗലവി ഫാദില്‍ ബാഖവി (എംഎഫ്ബി) എന്ന പേരില്‍ ബിരുദധാരികളായ പണ്ഡിതന്മാരായി സമൂഹത്തില്‍ അറിയപ്പെട്ടു.
പണ്ഡിതന്മാരുടെ യോഗം വിളിച്ചുചേര്‍ത്തപ്പോള്‍ അതില്‍ അധികവും പങ്കെടുത്തിരുന്നത് ബാഖവിമാര്‍ തന്നെയായിരുന്നു. കേരളത്തിലെ പ്രസിദ്ധരായ പല പണ്ഡിതരുടെയും ഗുരുനാഥനും വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്ത് അറബിക് കോളജ് പ്രിന്‍സിപ്പലുമായ അബ്ദുല്‍ജബ്ബാര്‍ ഹസ്‌റത്തിനെയാണ് ആ യോഗത്തിലേക്ക് അധ്യക്ഷനായി ക്ഷണിച്ചത്.
ആ യോഗത്തില്‍ വെച്ച് പണ്ഡിതന്മാര്‍ സംഘടിക്കേണ്ടതിന്റെ ആവശ്യകതയും അതുകൊണ്ട് പണ്ഡിതന്മാര്‍ക്കു വേണ്ടി മാത്രം സംഘടന രൂപീകരിക്കേണ്ടതിന്റെ അനിവാര്യതയും ബോധ്യപ്പെടുത്തുന്ന പ്രമേയം ഇ കെ മൗലവിയാണ് അവതരിപ്പിച്ചത്. ഈ ഒരു ആശയം പണ്ഡിതസഭയ്ക്കു മുന്നില്‍ വെച്ചപ്പോള്‍ ''ഇങ്ങനെ ഒരു സംഘടന രൂപീകരിക്കുന്നതില്‍ ദീനില്‍ എന്താണ് ദലീല്‍'' എന്ന് ഒരു പണ്ഡിതന്‍ ചോദിച്ചു.
ഇതിന് മറുപടിയായി സൂറ ആലുഇംറാനിലെ 104-ാമത്തെ സൂക്തം (3:104) ഉദ്ധരിച്ചുകൊണ്ട് ഇ കെ മൗലവി സമര്‍ഥിച്ചു: ''അല്ലാഹു പറയുന്നു: നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രേ വിജയികള്‍.'' ഇതു കേട്ട ചോദ്യകര്‍ത്താവ് ആവര്‍ത്തിച്ചു: ''ഞാന്‍ ഖുര്‍ആന്‍ ആയത്ത് അല്ല ചോദിച്ചത്, ദലീല്‍ ആണ്.'' ആവര്‍ത്തിച്ചുള്ള ചോദ്യം കേട്ടപ്പോള്‍ അധ്യക്ഷന്‍ അദ്ദേഹത്തോട് മിണ്ടാതിരിക്കാന്‍ പറയുകയായിരുന്നു.
ഖുര്‍ആന്‍ സൂക്തങ്ങള്‍ തെളിവിന് ആധാരമല്ല എന്നും ഏതെങ്കിലും ഇമാമോ ഖോജയോ പറഞ്ഞ കാര്യങ്ങളാണ് പ്രമാണമെന്നും ധരിച്ചുവശായ ആളുകളായിരുന്നു പണ്ഡിതന്മാര്‍ എന്ന പേരില്‍ അക്കാലത്ത് അറിയപ്പെട്ടിരുന്നവര്‍ പോലും. അക്കാലത്തെ മതപാഠശാലകളായി പള്ളി ദര്‍സുകളില്‍ പത്തു കിതാബ് എന്ന പേരിലുള്ള കിതാബുകളായിരുന്നു പ്രാഥമികമായി പഠിപ്പിക്കപ്പെട്ടിരുന്നത്.
ഈ കിതാബുകളില്‍ ഈമാന്‍ കാര്യങ്ങളും ഇസ്‌ലാം കാര്യങ്ങളും ഖുര്‍ആനില്‍ നിന്നോ ഹദീസില്‍ നിന്നോ തെളിവ് ഉദ്ധരിച്ച് പഠിപ്പിക്കുന്നതിനു പകരം 'ഖാല മുസ്തഅ്ഫിരിയ്യു' (മുസ്തഅ്ഫിരി എന്ന ഖോജ പറഞ്ഞു), 'ഖാലല്‍ മുലൈഹിമിയ്യു' (മുലൈഹിമി എന്ന ഇമാം പറഞ്ഞു) എന്നീ പ്രസ്താവനകളോടുകൂടി പഠിപ്പിക്കപ്പെട്ടിരുന്ന രീതിയാണ് കാണാന്‍ കഴിയുക.
ഒരു മുസ്‌ലിം വിശ്വാസകാര്യങ്ങളും അനുഷ്ഠാനകാര്യങ്ങളും പഠിക്കുകയും പകര്‍ത്തുകയും ചെയ്യേണ്ടത് മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനിലെയും ഹദീസുകളിലെയും അധ്യാപനങ്ങള്‍ക്ക് അനുസരിച്ചായിരിക്കണമെന്ന കാര്യത്തില്‍ പോലും തികഞ്ഞ അജ്ഞതയാണ് അക്കാലത്തെ പണ്ഡിതരെന്ന് കരുതുന്നവര്‍ക്കു പോലും ഉണ്ടായിരുന്നത്.
പ്രമാണബദ്ധമായ നിലപാടുതറയില്‍ നിന്നുകൊണ്ട് ഐക്യത്തോടെ പ്രവര്‍ത്തിക്കുകയും പണ്ഡിതോചിതമായി നേതൃത്വം നല്‍കുകയും ചെയ്യേണ്ട കൂട്ടായ്മയായിരുന്നു പണ്ഡിതസഭ.
പണ്ഡിതന്മാര്‍ സമ്മേളിച്ച യോഗത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കു ശേഷം കേരളത്തില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ ഒരു പണ്ഡിത സംഘടന രൂപീകരിക്കാന്‍ തീരുമാനമായി. 'കേരള ജംഇയ്യത്തുല്‍ ഉലമ അഹ്‌ലുസ്സുന്നത്ത് വല്‍ ജമാഅത്ത്' എന്നായിരുന്നു ആ സംഘടനയ്ക്ക് പേരിട്ടത്.
അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും മുസ്‌ലിം സമൂഹം പൊതുവില്‍ മുഴുകി ജീവിച്ച ആ സാമൂഹിക പരിസരത്ത് പൊന്നാനി കൈക്കാര്‍, കൊണ്ടോട്ടി കൈക്കാര്‍, സുന്നികള്‍, ശിയാക്കള്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങള്‍ ശക്തമായി വേരുപിടിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് രൂപീകരിച്ച പണ്ഡിത സംഘടന അഹ്‌ലുസ്സുന്നത്ത് വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ക്ക് അനുസൃതമായിട്ടാണ് പ്രവര്‍ത്തിക്കേണ്ടത് എന്ന നിലയ്ക്ക് കേരള ജംഇയ്യത്തുല്‍ ഉലമ അഹ്‌ലുസ്സുന്നത്ത് വല്‍ ജമാഅത്ത് എന്ന പേരിലാണ് രജിസ്റ്റര്‍ ചെയ്തത്.
കേരള മുസ്‌ലിംകളിലെ പണ്ഡിതരുടെ കൂട്ടായ്മയാണ് കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകരണം കൊണ്ട് ലക്ഷ്യമിട്ടത്. എങ്കിലും ഈ കൂട്ടായ്മയിലെ ഐക്യം അധികനാള്‍ നീണ്ടുനിന്നില്ല. രണ്ടു വര്‍ഷത്തിനകം പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകള്‍ ഉടലെടുത്തു. ത്വരീഖത്തുകളുടെ മുരീദുകളായിത്തീരുകയും മദ്ഹബുകളെ അന്ധമായി തഖ്‌ലീദ് നടത്തുകയും ചെയ്ത വിഭാഗം പണ്ഡിതസഭയില്‍ ഭിന്നിപ്പുകളുണ്ടാക്കി പുറത്തുപോയി.
നിലവിലുള്ള പണ്ഡിതസഭയുമായി യോജിച്ചുപോകാന്‍ ഒരു നിലയ്ക്കും സാധ്യമല്ലെന്ന് തീര്‍ച്ചപ്പെടുത്തിയ ഇക്കൂട്ടര്‍ 'കേരള ജംഇയ്യത്തുല്‍ ഉലമ' എന്ന പേര് സ്വീകരിച്ച് മറ്റൊരു സമിതിക്ക് രൂപം നല്‍കാനായിരുന്നു നീക്കം. എന്നാല്‍ 'കേരള ജംഇയ്യത്തുല്‍ ഉലമ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്ത്' എന്ന പേരില്‍ പണ്ഡിത സംഘടന നേരത്തേ രജിസ്റ്റര്‍ ചെയ്തിരുന്നു. അതിനാല്‍ കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പേരിനു മുമ്പില്‍ സമസ്ത എന്ന പേര് കൂട്ടിച്ചേര്‍ത്ത് സംഘടന രൂപീകരിക്കുക മാത്രമാണ് അവരുടെ മുമ്പില്‍ ഉണ്ടായിരുന്ന വഴി.
കേരള മുസ്‌ലിം പണ്ഡിതസഭയുടെ ഐക്യചേരിയില്‍ നിന്ന് അഭിപ്രായ ഭിന്നതയും വീക്ഷണവ്യത്യാസവും കാരണം പുറത്തു പോയി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പേരില്‍ സംഘടനയ്ക്ക് രൂപം നല്‍കിയവര്‍ ഇന്ന് കര്‍മപാതയില്‍ നൂറാണ്ട് തികയുന്നതിന്റെ വാര്‍ഷികം ആഘോഷിക്കുകയാണ്.
പിന്നിട്ട നൂറ് വര്‍ഷങ്ങളില്‍ ഈ സംഘടന ദീനീപ്രബോധനരംഗത്തും മുസ്‌ലിം സമുദായത്തിന്റെ ഉന്നമനത്തിനും വേണ്ടി ചെയ്തുവെച്ച കാര്യങ്ങളെന്ത് എന്ന് തുറന്ന മനസ്സോടെ ആലോചിക്കുന്നത് നന്നായിരിക്കും. വിമര്‍ശനങ്ങള്‍ക്കു വേണ്ടിയോ, വിവാദങ്ങളിലേക്ക് വലിച്ചിഴക്കാനോ അല്ല. യാഥാര്‍ഥ്യബോധത്തെ ഉള്‍ക്കൊള്ളാനും സമുദായത്തോടുള്ള ഗുണകാംക്ഷ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ വക്രീകരിക്കപ്പെടാതെ, ഭാവിയിലും അതിന്റെ സദ്ഫലങ്ങള്‍ക്ക് നല്ല തുടര്‍ച്ചകള്‍ ഉണ്ടാകട്ടെയെന്ന സദുദ്ദേശ്യത്തോടുകൂടി മാത്രമാണ് ഇതിനു മുതിരുന്നത്.
പ്രമാണബദ്ധമായ നിലപാടുതറയില്‍ നിന്നുകൊണ്ട് ഐക്യത്തോടെ പ്രവര്‍ത്തിക്കുകയും പണ്ഡിതോചിതമായി നേതൃത്വം നല്‍കുകയും ചെയ്യേണ്ട കൂട്ടായ്മയായിരുന്നു കേരള ജംഇയ്യത്തുല്‍ ഉലമ. എന്നാല്‍ പ്രമാണ പിന്‍ബലമില്ലാത്ത കാര്യങ്ങളെ അന്ധമായ അനുകരണത്തിന്റെ പേരില്‍ മതമായി ആചരിക്കാനും, അടിസ്ഥാന പ്രമാണങ്ങളെ അവഗണിച്ച് ഏതെങ്കിലും പണ്ഡിതരോ ഇമാമുമാരോ പറയുന്ന വാക്കുകള്‍ക്ക് പ്രമാണങ്ങളേക്കാള്‍ അപ്രമാദിത്വം കല്‍പിക്കാനും തുടങ്ങിയപ്പോള്‍ ഉണ്ടായ ഭവിഷ്യത്തുകള്‍ വലുതായിരുന്നുവെന്ന് പിന്നിട്ട നൂറ്റാണ്ടിന്റെ നാള്‍വഴികള്‍ പറയുന്നു.
ആധുനിക വിദ്യാഭ്യാസത്തോട് പുറം തിരിഞ്ഞു നിന്നവര്‍ ഇന്ന് നിരവധി സ്ഥാപനങ്ങള്‍ നടത്തുന്നുവെന്നത് ആശാവഹമാണ്. എന്നാല്‍ യഥാര്‍ത്ഥ തൗഹീദ് സമൂഹത്തെ പഠിപ്പിക്കുന്നതില്‍ സമസ്ത പരാജയമാണ്. അന്ധ വിശ്വാസങ്ങള്‍ പുതിയവ കണ്ടെത്താന്‍ വലിയ ഗവേഷണങ്ങള്‍ അവര്‍ നടത്തുന്നു. ആള്‍ ദൈവങ്ങള്‍ക്ക് പ്രചാരം നല്‍കുന്നതിലും അവര്‍ മല്‍സരിക്കുകയാണ്.
തയ്യാറാക്കിയത്: ഡോ. റജീഷ് നരിക്കുനി
(അവസാനിക്കുന്നില്ല)
