തനിമ ചോരാത്ത പൂര്‍വ വേദങ്ങളേതൊക്കെയുണ്ട്?

കെ എം ജാബിർ

പൂര്‍വ വേദങ്ങള്‍ ഇപ്പോഴും അവതരിച്ച തനതു രൂപത്തില്‍ തന്നെ നിലകൊള്ളുന്നുണ്ട് എന്നാണ് സര്‍വവേദ സത്യവാദക്കാര്‍ വാദിച്ചുകൊണ്ടിരിക്കുന്നത്.

ര്‍വവേദ സത്യവാദക്കാര്‍ പൂര്‍വ വേദങ്ങളില്‍ പ്രക്ഷിപ്തങ്ങള്‍ വന്നിട്ടുള്ളതായി അംഗീകരിക്കുന്നില്ല. അവ ഇപ്പോഴും അവതരിച്ച തനതു രൂപത്തില്‍ തന്നെ നിലകൊള്ളുന്നുണ്ട് എന്നാണ് അവര്‍ വാദിച്ചുകൊണ്ടിരിക്കുന്നത്. ദൈവിക വചനങ്ങള്‍ തിരുത്തപ്പെടാവതല്ലെന്നതത്രേ അതിന് ന്യായമായി പറയുന്നത്!

പൂര്‍വ വേദങ്ങളിലുള്ള വിശ്വാസം എന്നതിന്റെ വിവക്ഷ ഇവ്വിധമാണെന്നാണ് അവരുടെ വാദം. ഈ വാദം യഥാര്‍ഥത്തില്‍ ഖുര്‍ആന്‍ വിരുദ്ധമായ വാദം തന്നെയാണ്. നമുക്ക് ചില വചനങ്ങള്‍ വായിക്കാം:

''എന്നാല്‍, സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവിന്റെ പക്കല്‍ നിന്നു ലഭിച്ചതാണെന്നു പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം. അതു മുഖേന തുച്ഛമായ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വേണ്ടിയാണ് അവരിത് ചെയ്യുന്നത്. അങ്ങനെ അവരുടെ കൈകള്‍ കൊണ്ട് അവര്‍ എഴുതിയത് നിമിത്തം അവര്‍ക്ക് നാശം! അവര്‍ സമ്പാദിക്കുന്നത് നിമിത്തവും അവര്‍ക്ക് നാശം!'' (2:79).

''നിനക്കു മുമ്പും നാം നിരവധി ദൂതന്മാരെ നിയോഗിച്ചയച്ചിട്ടുണ്ട്. അവരെയും നാം ഭാര്യമാരും സന്താനങ്ങളും ഉള്ളവരുമാക്കിയിട്ടുമുണ്ട്. അല്ലാഹുവിന്റെ അനുമതിയില്ലാതെ ഒരു ദൃഷ്ടാന്തവും വെളിപ്പെടുത്താന്‍ അവര്‍ക്കാര്‍ക്കും കഴിവുണ്ടായിരുന്നില്ല. ഓരോ കാലാവധിക്കും ഓരോ കിതാബുണ്ട്. അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നത് മായ്ച്ചുകളയുന്നു. അവന്‍ ഉദ്ദേശിക്കുന്നത് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. മൂലഗ്രന്ഥം അവന്റെ പക്കലാണുള്ളത്'' (13:38,39).

സര്‍വ വേദങ്ങളും ആദിമ തനിമയോടെ നിലനില്‍ക്കുമെന്നും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നുമുള്ള വാദത്തിന് വ്യക്തമായ ഖണ്ഡനമാണ് ഈ രണ്ടു സൂക്തങ്ങളും. കാരണം, മുഹമ്മദ് നബി(സ) തന്റെ ജീവിതകാലത്ത് വേദക്കാരില്‍ നിന്ന്, അവര്‍ വേദമായി അവകാശപ്പെട്ടുകൊണ്ട്, നേരിട്ടു കേള്‍പ്പിക്കുന്ന ചില വാക്യങ്ങളെങ്കിലും അവര്‍ എഴുതിയുണ്ടാക്കിയതായിരുന്നുവെന്ന് അല്‍ബഖറ 79-ാം സൂക്തം ഖണ്ഡിതമായി പറയുന്നുണ്ട്.

സൂറഃ റഅ്ദിലെ 38, 39 സൂക്തങ്ങള്‍ പഠിപ്പിക്കുന്നതാകട്ടെ, വേദങ്ങള്‍ അവതരിപ്പിക്കുന്നതും സ്ഥിരപ്പെടുത്തുന്നതും മായ്ക്കുന്നതും അല്ലാഹുവിന്റെ മാത്രം തീരുമാനമാണെന്നും വ്യക്തമാക്കുന്നു. അതായത്, കാലാവധി നിശ്ചയിച്ച് വേദഗ്രന്ഥങ്ങള്‍ അവതരിപ്പിക്കുന്നതും കാലാനുസൃതമായി നിയമങ്ങള്‍ മാറ്റുകയോ സ്ഥിരപ്പെടുത്തുകയോ ചെയ്യുന്നതും അവന്റെ പൂര്‍ണമായ അധികാരത്തിന്റെയും യുക്തിയുടെയും ഭാഗമായി നടക്കുന്ന കാര്യങ്ങളാണെന്ന്.

എന്നാല്‍, വേദങ്ങള്‍ പരിരക്ഷിക്കേണ്ടതിനു പകരം, ജനങ്ങള്‍ക്കത് പഠിപ്പിച്ചുകൊടുക്കേണ്ടതിനു പകരം, പുരോഹിതന്‍മാരുടെ സ്വാര്‍ഥത നിമിത്തം അവര്‍ അതില്‍ കൂട്ടിച്ചേര്‍ക്കുന്നതും ഒഴിവാക്കുന്നതും മറച്ചുവെക്കുന്നതും സത്യവും അസത്യവും കൂട്ടിക്കലര്‍ത്തി ആശയക്കുഴപ്പമുണ്ടാക്കുന്നതും ദുര്‍വ്യാഖ്യാനിക്കുന്നതുമെല്ലാം ഖുര്‍ആന്‍ ആക്ഷേപിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തതുമാണ്. അതിനാല്‍, വേദങ്ങളൊന്നും അലങ്കോലമാക്കപ്പെടില്ല എന്ന വാദവും ഖുര്‍ആന്‍ വിരുദ്ധമാണ്. എന്നാല്‍ ഖുര്‍ആന്‍ ഇതിന് അപവാദമാണ്.

ഖുര്‍ആന്‍ വ്യത്യസ്തം

അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും ഈ ഉദ്‌ബോധനം തങ്ങള്‍ക്ക് വന്നുകിട്ടിയപ്പോള്‍ അതില്‍ അവിശ്വസിച്ചവര്‍ (നഷ്ടം പറ്റിയവര്‍ തന്നെ). തീര്‍ച്ചയായും അത് പ്രതാപമുള്ള ഒരു ഗ്രന്ഥം തന്നെയാകുന്നു. അതിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ അതില്‍ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യര്‍ഹനുമായിട്ടുള്ളവന്റെ പക്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രേ അത്'' (41: 41,42). ''തീര്‍ച്ചയായും നാമാണ് ആ ഉദ്‌ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാമതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്'' (15:09).

''അവരുടെ പക്കലുള്ള വേദത്തെ സത്യപ്പെടുത്തുന്ന ഒരു ഗ്രന്ഥം (ഖുര്‍ആന്‍) അല്ലാഹുവിങ്കല്‍ നിന്ന് അവര്‍ക്ക് വന്നുകിട്ടിയപ്പോള്‍ (അവരത് തള്ളിക്കളയുകയാണുണ്ടായത്). അവരാകട്ടെ (അത്തരം ഒരു വേദഗ്രന്ഥവുമായി വരുന്ന ഒരു പ്രവാചകന്‍ മുഖേന) അവിശ്വാസികള്‍ക്കെതിരെ വിജയം നേടിക്കൊടുക്കാന്‍ വേണ്ടി (അല്ലാഹുവോട്) മുമ്പ് പ്രാര്‍ഥിക്കാറുണ്ടായിരുന്നു. അവര്‍ക്ക് അറിവുണ്ടായിരുന്ന ആ വേദഗ്രന്ഥം വന്നെത്തിയപ്പോള്‍ അവരത് നിഷേധിച്ചുകളഞ്ഞു. അതിനാല്‍ ആ നിഷേധികള്‍ക്കത്രേ അല്ലാഹുവിന്റെശാപം''(2:89).

വേദക്കാരെപ്പറ്റിയാണ് ഈ പരാമര്‍ശങ്ങള്‍. അവരുടെ പക്കല്‍ ഉണ്ടായിരുന്ന വേദങ്ങളെ സത്യപ്പെടുത്തിക്കൊണ്ടും അതിലെ മൗലികാദര്‍ശങ്ങളെയും മൂല്യങ്ങളെയും സംരക്ഷിച്ചുകൊണ്ടുമാണ് ഖുര്‍ആന്‍ അവതീര്‍ണമായിട്ടുള്ളത്. ആ ഖുര്‍ആനിനെയും അതുമായി നിയോഗിക്കപ്പെട്ട ദൂതനെയും കളവാക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ കഠിനമായ കോപവും ശാപവും ഉണ്ടാകുമെന്ന് ഖുര്‍ആന്‍ ഖണ്ഡിതമായിപറയുകയാണിവിടെ.

'ഇന്നുള്ള വേദക്കാര്‍ അവരുടെ വേദങ്ങളനുസരിച്ച് വിശ്വസിച്ചും ആരാധിച്ചും അനുഷ്ഠിച്ചും ജീവിക്കട്ടെ, മുഹമ്മദ് നബി(സ)യുടെ അണികള്‍ ഖുര്‍ആന്‍ അനുസരിച്ചും ജീവിക്കട്ടെ' എന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞുപോകുന്ന സര്‍വമത-വേദ സത്യവാദക്കാര്‍ 'ഖുര്‍ആനിനെ നിഷേധിക്കുന്നു', 'മുഹമ്മദ് നബി(സ)യെ നിഷേധിക്കുന്നു' എന്നെല്ലാമുള്ള അല്ലാഹുവിന്റെ ആക്ഷേപം എന്താണെന്നും എന്തിനാണെന്നും വ്യക്തമാക്കേണ്ടതുണ്ട്.

അതിനു തയ്യാറാകുന്നില്ല എന്നു മാത്രമല്ല, അതു പറയേണ്ട സന്ദര്‍ഭങ്ങളില്‍ ദുര്‍വ്യാഖ്യാനിക്കുകയോ ഒന്നും പറയാതെ ഒഴിഞ്ഞുമാറുകയോചെയ്യുകയാണ്. ഉദാഹരണത്തിന്, ഈ ആയത്തു തന്നെ (2:89) 'അകംപൊരുളി'ന്റെ കര്‍ത്താവ് പരിഭാഷപ്പെടുത്തുന്നത്കാണുക:

''അവരോടൊപ്പമുള്ള വേദത്തെ സത്യപ്പെടുത്തുന്ന ഒരു വേദം ദൈവത്തില്‍ നിന്ന് വന്നപ്പോള്‍ അതിനെ അവര്‍ നിഷേധിച്ചു. അവരാകട്ടെ നിഷേധികളായ ആളുകളോട് മുമ്പ് ഇതേക്കുറിച്ച് പ്രതീക്ഷാപൂര്‍വം പറയാറുണ്ടായിരുന്നു. എന്നാല്‍ അവര്‍ പരിചിതമായ ആ കാര്യം വന്നപ്പോള്‍ നിഷേധിച്ചുകളഞ്ഞു. നന്ദികെട്ടവര്‍ക്ക് ദൈവശാപം ഉണ്ടാവട്ടെ''(2:89).

ആരാണീ അവര്‍? നേരത്തേ അവരുടെ പക്കലുള്ള ഗ്രന്ഥങ്ങള്‍ ഏതാണ്? അവരിലേക്ക് ഒടുവിലേക്ക് വന്ന ഗ്രന്ഥമേതാണ്? അവര്‍ 'പ്രതീക്ഷാപൂര്‍വം പറഞ്ഞ'ത് (യസ്തഫ്തിഹൂന) എന്താണ്? പരിചിതമായ കാര്യം എന്താണ്? തന്റെ വിതണ്ഡവാദത്തിന് ഈ ആയത്ത് എതിരാണെന്ന്കണ്ടതിനാല്‍ ഒന്നും വ്യക്തമാക്കാതെ ഈ വ്യാഖ്യാതാവ് ഒഴിഞ്ഞുമാറിക്കളഞ്ഞു.

മറ്റു ചില ആയത്തുകള്‍ കാണാം: ''തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്‌ലാമാകുന്നു. വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ തങ്ങള്‍ക്ക് മതപരമായ അറിവ് വന്നുകിട്ടിയ ശേഷം തന്നെയാണ് ഭിന്നിച്ചത്. അവര്‍ തമ്മിലുള്ള കക്ഷിമാത്സര്യം നിമിത്തമത്രേ അത്. വല്ലവരും അല്ലാഹുവിന്റെ തെളിവുകള്‍ നിഷേധിക്കുന്നുവെങ്കില്‍ അല്ലാഹു അതിവേഗം കണക്ക് ചോദിക്കുന്നവനാകുന്നു.

സൂറതുല്‍ ബയ്യിനഃ ആരംഭിക്കുന്നതു തന്നെ വേദക്കാരുടെയും ബഹുദൈവ വിശ്വാസികളുടെയും കുഫ്ര്‍ (സത്യനിഷേധം) തുറന്നുകാട്ടിക്കൊണ്ടാണ്.

ഇനി നിന്നോട് അവര്‍ തര്‍ക്കിക്കുകയാണെങ്കില്‍ നീ പറഞ്ഞേക്കുക: ഞാന്‍ എന്നെത്തന്നെ പൂര്‍ണമായി അല്ലാഹുവിന് കീഴ്‌പ്പെടുത്തിയിരിക്കുന്നു. എന്നെ പിന്‍പറ്റിയവരും (അങ്ങനെത്തന്നെ). വേദഗ്രന്ഥം നല്‍കപ്പെട്ടവരോടും അക്ഷരജ്ഞാനം ഇല്ലാത്തവരോടും (ബഹുദൈവാരാധകരായ അറബികളോട്) നീ ചോദിക്കുക: നിങ്ങള്‍ അല്ലാഹുവിന് കീഴ്‌പ്പെട്ടുവോ? അങ്ങനെ അവര്‍ കീഴ്‌പ്പെട്ടു കഴിഞ്ഞാല്‍ അവര്‍ നേര്‍വഴിയിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞുകളഞ്ഞാലോ അവര്‍ക്ക് (ദിവ്യസന്ദേശം) എത്തിക്കേണ്ട ബാധ്യത മാത്രമേ നിനക്കുള്ളൂ. അല്ലാഹു തന്റെ ദാസന്മാരുടെ കാര്യങ്ങള്‍ കണ്ടറിയുന്നവനാകുന്നു'' (3: 19,20).

ഖുര്‍ആനില്‍ നിന്നുള്ള വേദക്കാരുടെ ഭിന്നിപ്പിനെക്കുറിച്ച് അല്ലാഹു പറയുന്നതിന്റെയും ആക്ഷേപിക്കുന്നതിന്റെയും പ്രസക്തിയെന്താണ്? വേദക്കാര്‍ തങ്ങളുടെ വേദമനുസരിച്ച് എന്ന് വിശ്വസിച്ചു കൊണ്ട് തങ്ങള്‍ മനസ്സിലാക്കിയ അനുഷ്ഠാനങ്ങളും സല്‍കര്‍മങ്ങളുമായി മുന്നോട്ടു പോവുകയാണ് വേണ്ടതെങ്കില്‍, അങ്ങനെയാണ് ദൈവിക കല്പനയുള്ളതെങ്കില്‍, അങ്ങനെ മുന്നോട്ടു പോകുന്നവരുടെ കുഫ്‌റിനെക്കുറിച്ച് ആക്ഷേപിക്കുന്നതിന്റെ പ്രസക്തിയെന്താണ്?

സൂറതുല്‍ ബയ്യിനഃ ആരംഭിക്കുന്നതു തന്നെ വേദക്കാരുടെയും ബഹുദൈവ വിശ്വാസികളുടെയും കുഫ്ര്‍ (സത്യനിഷേധം) തുറന്നുകാട്ടിക്കൊണ്ടാണ്. 3ാം അധ്യായം 19ാം വാക്യത്തില്‍ ആരംഭ വാചകം: 'ഇന്നദ്ദീന ഇന്‍ദല്ലാഹി അല്‍ ഇസ്ലാം' എന്നത്, 'തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം ഇസ്ലാമാകുന്നു' എന്നു വിവര്‍ത്തനം ചെയ്യുന്നത് ശ്രേഷ്ഠതാവാദികള്‍ കാലങ്ങളായി ചെയ്തു പോരുന്ന ദുര്‍വ്യാഖ്യാനമാണെന്ന് സര്‍വവേദ സത്യവാദികള്‍ ജല്‍പിക്കുന്നു!

ഇവിടെ ഇസ്ലാം എന്നത് സംജ്ഞാ നാമമാക്കി പറയരുതായിരുന്നത്രെ! ഇസ്ലാം എന്നത് ക്രിയാ നാമമാണ്. സമര്‍പ്പിക്കല്‍, കീഴൊതുങ്ങല്‍, വഴിപ്പെടല്‍ എന്നെല്ലാമുള്ള അര്‍ഥകല്‍പന തന്നെ നടത്തുന്നതിനു പകരം ഇസ്ലാം എന്നു സംജ്ഞാ നാമമാക്കി ഇസ്ലാം എന്നു തന്നെ ലിപ്യന്തരണം നടത്തിയത് ഗുരുതരമായ തെറ്റായിപ്പോയത്രെ!

രസകരമായ വൈരുധ്യം എന്താണെന്നോ! ഈ സര്‍വമത സത്യവാദക്കാരന്റെ ഒരു ഗ്രന്ഥത്തിന്റെ പേര് 'ഇസ്ലാമിലെ മോക്ഷസിദ്ധാന്തം' എന്നാണ്! 'ഇസ്ലാം' എന്നു തന്നെ പേരുള്ള ഒരു ദീനിനെ വാഗ് കസര്‍ത്തുകള്‍ കൊണ്ട് എങ്ങനെയൊക്കെ തള്ളിയിട്ടും മനസ്സില്‍ രൂഢമൂലമായിക്കിടക്കുന്ന ആ വിശുദ്ധ സത്യ നാമം അദ്ദേഹത്തിന് ഡിലീറ്റ് ചെയ്യാനാവുന്നില്ല!


കെ എം ജാബിർ പണ്ഡിതൻ, എഴുത്തുകാരൻ. എറണാകുളം സ്വദേശി