ഇസ്‌ലാമിലെ ശിക്ഷാവിധികള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് സാമൂഹിക നന്മയാണ്. ശിക്ഷ നടപ്പാക്കുന്നേടത്ത് സത്യവിശ്വാസികള്‍ സാക്ഷികളായി നിലകൊള്ളല്‍ നിര്‍ബന്ധവുമാണ്.
ഇസ്‌ലാമിലെ ശിക്ഷാവിധികള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് സാമൂഹിക നന്മയാണ്. അതുകൊണ്ടുതന്നെ ശിക്ഷാവിധി നടപ്പാക്കുന്നേടത്ത് ഒരു വിഭാഗം സത്യവിശ്വാസികള്‍ സാക്ഷികളായി നിലകൊള്ളല്‍ നിര്‍ബന്ധവുമാണ്. അല്ലാഹു അരുളി: ''വ്യഭിചരിക്കുന്ന സ്ത്രീപുരുഷന്മാരില്‍ ഓരോരുത്തരെയും നിങ്ങള്‍ നൂറ് അടി അടിക്കുക. നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നവരാണെങ്കില്‍ അല്ലാഹുവിന്റെ മതനിയമത്തില്‍ (അത് നടപ്പാക്കുന്ന വിഷയത്തില്‍) അവരോടുള്ള ദയയൊന്നും നിങ്ങളെ ബാധിക്കാതിരിക്കട്ടെ. അവരുടെ ശിക്ഷ നടക്കുന്നേടത്ത് സത്യവിശ്വാസികളില്‍ നിന്നുള്ള ഒരു സംഘം സന്നിഹിതരാവുകയും ചെയ്യട്ടെ'' (നൂര്‍ 2).
ഇവിടെ അല്ലാഹു ശിക്ഷ നടപ്പാക്കുന്നേടത്ത് ഒരു സംഘം ഹാജരാകാന്‍ പറഞ്ഞതിന്റെ താല്‍പര്യം ശിക്ഷ മറ്റുള്ള ആളുകള്‍ക്കും കൂടി ഒരു പാഠമായിരിക്കാന്‍ വേണ്ടിയാണ്. വിവാഹിതന്‍ വ്യഭിചരിച്ചാല്‍ എറിഞ്ഞുകൊല്ലുക, കട്ടവന്റെ കൈ മുറിക്കുക പോലുള്ള കുറ്റകൃത്യങ്ങള്‍ക്ക് പറയപ്പെടുന്ന പേര് 'ഹുദൂദ്' എന്നാണ്. അത്തരക്കാരെ ശിക്ഷിക്കല്‍ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പാടില്ല. ഒന്നുകില്‍ അവര്‍ കുറ്റം സമ്മതിക്കണം, അല്ലെങ്കില്‍ അനിഷേധ്യമായ തെളിവ് ഉണ്ടാവണം.
താഴെ വരുന്ന ഹദീസുകള്‍ അക്കാര്യം ബോധ്യപ്പെടുത്തുന്നു: അബൂഹുറയ്‌റ പ്രസ്താവിച്ചു: ''നബി (സ) പള്ളിയിലായിരിക്കെ ഒരാള്‍ ഇപ്രകാരം വിളിച്ചുപറഞ്ഞു: ഞാന്‍ വ്യഭിചരിച്ചിരിക്കുന്നു. നബി അദ്ദേഹത്തിന്റെ ഭാഗത്തു നിന്നു മുഖം തിരിച്ചു. അങ്ങനെ നാലു പ്രാവശ്യം അദ്ദേഹം വ്യഭിചരിച്ചതായി സ്വയം സാക്ഷ്യം വഹിക്കുകയും നബി അപ്പോഴെല്ലാം അദ്ദേഹത്തില്‍ നിന്നു മുഖം തിരിക്കുകയും ചെയ്തു.
നാലാം വട്ടം അദ്ദേഹം അപ്രകാരം സാക്ഷ്യം വഹിച്ചപ്പോള്‍ നബി ചോദിച്ചു: നിനക്ക് ഭ്രാന്തുണ്ടോ? അദ്ദേഹം പറഞ്ഞു: ഇല്ല റസൂലേ. നബി വീണ്ടും ചോദിച്ചു: നീ വിവാഹിതനാണോ? അദ്ദേഹം പറഞ്ഞു: അതെ. അപ്പോള്‍ നബി അനുചരന്മാരോട് പറഞ്ഞു: ഇദ്ദേഹത്തെ കൊണ്ടുപോയി എറിഞ്ഞുകൊല്ലുക'' (ബുഖാരി, കിതാബുല്‍ ഫിഖ്ഹി അലല്‍ മദാഹിബിന്‍ അര്‍ബഅ 5:78). ഈ ഹദീസ് മറ്റു പല രൂപത്തിലും വന്നിട്ടുണ്ട്.
മറ്റൊരു ഹദീസ് ശ്രദ്ധിക്കുക: ഇംറാനുബ്‌നു ഹുസൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു: ''വ്യഭിചാരത്താല്‍ ഗര്‍ഭിണിയായ ഒരു സ്ത്രീ (ജുഹൈന ഗോത്രക്കാരി) നബി(സ)യുടെ അരികെ ചെന്ന് ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ ഇസ്‌ലാമിലെ ശിക്ഷാവിധിക്ക് അര്‍ഹയാണ്. അത് എന്റെ മേല്‍ നടപ്പില്‍ വരുത്തണം.
അപ്പോള്‍ അവളുടെ ഏറ്റവും അടുത്ത ബന്ധുവിനെ വിളിച്ച് നബി ഇപ്രകാരം പറഞ്ഞു: അവള്‍ക്ക് നീ നന്മ ചെയ്യണം. അവള്‍ പ്രസവിച്ചാല്‍ എന്റെ അരികെ കൊണ്ടുവരുകയും വേണം. അദ്ദേഹം അപ്രകാരം ചെയ്തു. അങ്ങനെ അവളുടെ വസ്ത്രങ്ങള്‍ (അഴിഞ്ഞുപോകാത്തവിധം) കെട്ടുകയും പിന്നീട് അവളെ എറിഞ്ഞുകൊല്ലുകയും ചെയ്തു'' (സിഹാഹുല്‍ ഖംസ, ബുഖാരിയൊഴിച്ച്, അല്‍മദാഹിബുല്‍ അര്‍ബഅ 5:60). ഈ ഹദീസും മറ്റു പല രൂപത്തിലും വന്നിട്ടുണ്ട്.
മേല്‍പറഞ്ഞ രണ്ടു ഹദീസുകളില്‍ നിന്നു നമുക്ക് ലഭിക്കുന്ന പാഠം നബി രണ്ടു പേര്‍ക്കും ശിക്ഷ വിധിച്ചത് അവര്‍ കുറ്റസമ്മതം നടത്തിയതിനു ശേഷമാണ് എന്നതാണ്. ഇസ്‌ലാമിലെ മറ്റൊരു ശിക്ഷാവിധിക്ക് പറയുന്ന പേര് 'ഖിസാസ്' (പ്രതികാര നടപടി) എന്നാണ്.
അല്ലാഹു അരുളി: ''സത്യവിശ്വാസികളേ, കൊല ചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യശിക്ഷ നടപ്പാക്കുക എന്നത് നിങ്ങള്‍ക്കു നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും അടിമക്കു പകരം അടിമയും സ്ത്രീക്കു പകരം സ്ത്രീയും കൊല ചെയ്യപ്പെടേണ്ടതാണ്. ഇനി അവന് (കൊലയാളിക്ക്) തന്റെ സഹോദരന്റെ പക്ഷത്തുനിന്ന് വല്ല ഇളവും ലഭിക്കുന്നപക്ഷം അവന്‍ മര്യാദ പുലര്‍ത്തുകയും നല്ല നിലയില്‍ (നഷ്ടപരിഹാരം) കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാണ്.
നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു വിട്ടുവീഴ്ചയും കാരുണ്യവുമാകുന്നു ഇത്. ഇനി അതിനു ശേഷവും ആരെങ്കിലും അതിക്രമം പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവന് വേദനാജനകമായ ശിക്ഷയുണ്ടായിരിക്കും'' (2:178). അല്ലാഹു വീണ്ടും അരുളി: ''ബുദ്ധിമാന്മാരേ, തുല്യ ശിക്ഷ നല്‍കുന്നതിലാണ് നിങ്ങളുടെ ജീവിതത്തില്‍ നിലനില്‍പ്'' (2:179).
മനഃപൂര്‍വം നടത്തുന്ന കൊലയേക്കാള്‍ ഫിദ്‌യക്ക് (ബ്ലഡ്മണി) അര്‍ഹത കൈപ്പിഴ മൂലം വധിക്കപ്പെട്ടവനാണ്. കൈപ്പിഴ മൂലം ഏത് തെറ്റു ചെയ്താലും അവന് ദീനില്‍ ഇളവുണ്ട്.
അപ്പോള്‍ മേല്‍ വചനങ്ങളില്‍ നിന്ന് ഒരു കാര്യം നമുക്ക് തീര്‍ത്തും മനസ്സിലാക്കാം. അഥവാ മനുഷ്യന്റെ നിലനില്‍പ് തുല്യശിക്ഷ നല്‍കുന്നതിലാണ്. രണ്ടാമത്, അപ്രകാരമാണ് നിയമവും നീതിയും. എന്നാല്‍ ഇസ്‌ലാമില്‍ കാരുണ്യത്തിന്റെ നീരുറവ് വറ്റിയിട്ടില്ല എന്ന് ലോകരെ ഗ്രഹിപ്പിക്കാനാണ് കൊല്ലപ്പെട്ടവന്റെ ഏറ്റവും അടുത്ത അവകാശിക്ക് ദിയാധനം (ബ്ലഡ്മണി) നിശ്ചയിച്ചത്.
മനഃപൂര്‍വമുള്ള മനുഷ്യഹത്യക്ക് പരിഹാരം കൊല തന്നെയാണ്. പക്ഷേ, അവിടെയും അല്ലാഹുവിന്റെ കാരുണ്യം കണ്ടെത്താന്‍ നമുക്ക് സാധിക്കും. അല്ലാഹു അരുളി: ''അക്രമത്തിനു വിധേയനായി വല്ലവനും കൊല്ലപ്പെടുന്നപക്ഷം അവന്റെ അവകാശികള്‍ക്ക് (പ്രതികാരം) നല്‍കാന്‍ നാം അവകാശം വകവെച്ചുകൊടുത്തിട്ടുണ്ട്'' (ഇസ്‌റാഅ് 33). ഇവിടെയാണ് കൊലയാളിയുടെ ദിയാധനവും നിയമമാകുന്നത്.
കൊല രണ്ടു തരമുണ്ട്. ഒന്ന്: മനഃപൂര്‍വമുള്ള കൊല. അല്ലാഹു അരുളി: ''ആരെങ്കിലും ഒരു സത്യവിശ്വാസിയെ മനഃപൂര്‍വം കൊലപ്പെടുത്തുന്നപക്ഷം അവനുള്ള പ്രതിഫലം നരകമാകുന്നു. അവനതില്‍ ശാശ്വതനായിരിക്കും. അവന്റെ നേരെ അല്ലാഹു കോപിക്കുകയും അവനെ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു'' (നിസാഅ് 93). രണ്ട്: കൈപ്പിഴ മൂലമുള്ള കൊല.
അല്ലാഹു അരുളി: ''യാതൊരു വിശ്വാസിയും മറ്റൊരു വിശ്വാസിയെ കൊല്ലാന്‍ പാടുള്ളതല്ല, അബദ്ധത്തില്‍ വന്നുപോകുന്നതല്ലാതെ. എന്നാല്‍ വല്ലവനും ഒരു വിശ്വാസിയെ അബദ്ധത്തില്‍ കൊന്നുപോയാല്‍ (പ്രായശ്ചിത്തം എന്ന നിലയില്‍) വിശ്വാസിയായ ഒരടിമയെ മോചിപ്പിക്കുകയും അവന് നഷ്ടപരിഹാരം നല്‍കുകയുമാണ് വേണ്ടത്, അവര്‍ (അവകാശികള്‍) ഉദാരമായി വിട്ടുതന്നെങ്കില്‍ ഒഴികെ'' (നിസാഅ് 92).
ഇവിടെ ഖുര്‍ആന്‍ വ്യക്തമായും ദിയാധനം (ബ്ലഡ്മണി) നല്‍കാന്‍ കല്‍പിച്ചത് അബദ്ധത്തില്‍ കൊലപാതകം നടത്തിയവര്‍ക്ക് മാത്രമാണ്, മനഃപൂര്‍വം ശത്രുത മൂലം കൊലപ്പെടുത്തിയ ഘാതകരെക്കുറിച്ചല്ല. അവരെക്കുറിച്ച് ദിയാധനം എന്നു പറയാതെ ''അവന്റെ ബന്ധുവിന് നാം (പ്രതികാരം) ചെയ്യാന്‍ അധികാരം നല്‍കിയിരിക്കുന്നു'' (ഇസ്‌റാഅ് 33) എന്നു മാത്രമാണ് അതില്‍ നിന്നു നമുക്ക് മനസ്സിലാക്കാവുന്ന കാര്യം.
'ദിയാധനം' നല്‍കുക എന്നത് ഏറ്റവും അവകാശപ്പെട്ടത് കൈപ്പിഴ മൂലം നടത്തിയ കൊലയാളികള്‍ക്കാണ്. മനഃപൂര്‍വം കൊല നടത്തിയവരെ അല്ലാഹു ശപിക്കുകയും അവരോട് കോപിക്കുകയും ചെയ്തിരിക്കുന്നു. എങ്കില്‍ പോലും മനഃപൂര്‍വം നടത്തിയ കൊലകള്‍ക്ക് പ്രായശ്ചിത്തമാവാം എന്നു മാത്രമാണ് ഖുര്‍ആന്‍ കൊണ്ട് മനസ്സിലാക്കാന്‍ സാധിക്കുക.
ദിയാധനം നല്‍കല്‍ കൊലയാളിയുടെ ബാധ്യതയാണ്. അത് സ്വീകരിക്കാനും തള്ളിക്കളയാനും കൊല്ലപ്പെട്ടവന്റെ അവകാശിക്ക് സ്വാതന്ത്ര്യമുണ്ട്. അക്കാര്യത്തില്‍ മറ്റുള്ളവരെ ദിയാധനം സ്വീകരിക്കുന്ന വിഷയത്തില്‍ നിര്‍ബന്ധം ചെലുത്താന്‍ ആര്‍ക്കും അവകാശമില്ല.
മൂന്നാമത്തെ ഇസ്‌ലാമിക ശിക്ഷാവിധി 'തഅ്‌സീര്‍' ആണ്. അഥവാ സന്ദര്‍ഭത്തിന്റെ ഗൗരവം അനുസരിച്ച് ശിക്ഷ കൂട്ടാനും കുറയ്ക്കാനും ഇല്ലായ്മ ചെയ്യാനും ഖാദിക്ക് (വിധികര്‍ത്താവിന്) അധികാരമുണ്ട്. ഉദാഹരണത്തിന് ''നബി(സ) കള്ളുകുടിയന്മാരെ ഈത്തപ്പന മട്ടല്‍ കൊണ്ടും ചെരിപ്പുകൊണ്ടും 40 അടിയായിരുന്നു അടിച്ചിരുന്നത്'' (മുസ്‌ലിം).
ഉമറിന്റെ ഭരണകാലത്ത് (കള്ളുകുടിച്ചാല്‍ പരദൂഷണം പറയും) എന്ന കാരണത്താല്‍ അത് 80 അടിയാക്കി'' (കിതാബുല്‍ ഫിഖ്ഹി അലല്‍ മദാഹിബില്‍ അര്‍ബഅ് 5:14). അതുപോലെ ഉമറിന്റെ ഭരണകാലത്ത് ചിലര്‍ മറ്റൊരാളുടെ ഒട്ടകത്തെ അറുത്തു ഭക്ഷിച്ചു. അതില്‍പെട്ട ഒരാള്‍ ഇപ്രകാരം പറഞ്ഞു: ''ഞാന്‍ ഭക്ഷിച്ചത് വിശപ്പുകൊണ്ടാണ്.'' ഉമര്‍ ശിക്ഷയില്‍ നിന്നും അയാളെ ഒഴിവാക്കി.
''നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ അല്ലാഹുവിന്റെ മതനിയമത്തില്‍ അവരോടുള്ള ദയയൊന്നും നിങ്ങളെ ബാധിക്കരുത്'' (നൂര്‍ 2) എന്ന താക്കീത് അവന്റെ ശിക്ഷാവിധിയിലും ദിയാധനത്തിലും ബാധകമാണ്. അല്ലാഹുവിന്റെ ഈ കല്‍പന ജാതി-മതഭേദമെന്യേ എല്ലാവര്‍ക്കും ബാധകമാണ്.
മനഃപൂര്‍വം നടത്തുന്ന കൊലയേക്കാള്‍ ഫിദ്‌യക്ക് (ബ്ലഡ്മണി) അര്‍ഹത കൈപ്പിഴ മൂലം വധിക്കപ്പെട്ടവനാണ്. കാരണം കൈപ്പിഴ മൂലം ഏത് തെറ്റുകള്‍ ചെയ്താലും അവന് ദീനില്‍ ഇളവുണ്ട്. അല്ലാഹു അരുളി: ''അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തുപോയതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. പക്ഷേ, നിങ്ങളുടെ മനസ്സുകള്‍ അറിഞ്ഞുകൊണ്ട് നിങ്ങള്‍ ചെയ്തത് കുറ്റകരമാകുന്നു''(അഹ്‌സാബ്55).
