നബി സ്നേഹം ആ ചര്യ പിന്‍തുടരലല്ലാതെ മറ്റെന്താണ്!


നബി (സ) അന്ത്യപ്രവാചകനും രിസാലത്തില്‍ സത്യസന്ധത പുലര്‍ത്തിയ, ലോകര്‍ക്ക് കാരുണ്യവും മാതൃകയുമായി നിയോഗിതനായതാണെന്ന് അംഗീകരിക്കല്‍ വിശ്വാസത്തിന്റെ ഭാഗമാണ്.

ബിയെ സംശയലേശമെന്യെ അനുസരിക്കുകയും ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യല്‍ വിശ്വാസത്തിന്റെ ഭാഗമാണ്. അദ്ദേഹം അന്ത്യപ്രവാചകനും രിസാലത്തില്‍ സത്യസന്ധത പുലര്‍ത്തിയ, ലോകര്‍ക്ക് കാരുണ്യവും മാതൃകയുമായി നിയോഗിതനായതാണെന്ന് അംഗീകരിക്കല്‍ വിശ്വാസത്തിന്റെ ഭാഗമാണ്.

''(അല്ലാഹുവിന്റെ) ദൂതനെ ആര്‍ അനുസരിക്കുന്നുവോ തീര്‍ച്ചയായും അവന്‍ അല്ലാഹുവെ അനുസരിച്ചു. ആര്‍ പിന്തിരിഞ്ഞുവോ അവരുടെ മേല്‍ കാവല്‍ക്കാരനായി നിന്നെ നാം നിയോഗിച്ചിട്ടില്ല.'' (വി.ഖു 4:80).

''നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക. (നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.'' (ആലു ഇംറാന്‍ 31)

മേല്‍ വചനങ്ങളില്‍ നിന്നു നബിയെ അനുസരിക്കല്‍ അല്ലാഹുവിനെ അനുസരിക്കുകയാണ്, അദ്ദേഹത്തിന്റെ തീരുമാനത്തില്‍ സന്ദേഹിക്കാനോ അനിഷ്ടം തോന്നാനോ പാടില്ല, അവരോട് ഉള്ള സ്‌നേഹം അവരുടെ കല്പന പിന്‍പറ്റി ജീവിക്കലാണെന്നും മനസ്സിലാക്കാം. നബിയോടുള്ള സത്യസന്ധമായ സ്‌നേഹമെന്നത് അല്ലാഹുവിന്റെ ദീനില്‍ ബിദ്അത്തായ പുത്തനാചാരങ്ങള്‍ കടത്തിക്കൂട്ടിക്കൊണ്ടല്ല പ്രകടിപ്പിക്കേണ്ടത്, മറിച്ച്, അവിടുത്തെ പിന്‍പറ്റുന്നതിലൂടെ മാത്രമാണ് യഥാര്‍ഥ സ്‌നേഹം പ്രകടിപ്പിക്കേണ്ടത്.

''തന്റെ സന്താനങ്ങളേക്കാളും മാതാപിതാക്കളേക്കാളും മുഴുവന്‍ ജനങ്ങളേക്കാളും ഞാന്‍ പ്രിയപ്പെട്ടവനാകുന്നതുവരെ നിങ്ങളിലൊരാളും വിശ്വാസിയാകുന്നതല്ല.'' (മുസ്ലിം). അനസ്(റ) പറയുന്നു: നബി എന്നോട് പറഞ്ഞു: എന്റെ മോനേ, നിനക്ക് സാധിക്കുമെങ്കില്‍, പ്രഭാതമായാലും പ്രദോഷമായാലും ആരോടും നീ വിദ്വേഷം വെക്കരുത്. അതാണ് എന്റെ ചര്യ. എന്റെ ചര്യയെ ആരെങ്കിലും സജീവമാക്കിയാല്‍ അവന്‍ എന്നെ ഇഷ്ടപ്പെട്ടു. ആര് എന്നെ ഇഷ്ടപ്പെട്ടുവോ അവന്‍ എന്റെ കൂടെ സ്വര്‍ഗത്തിലാണ്.

റബീഉല്‍ അവ്വലിന് മറ്റുള്ള മാസങ്ങളെക്കാള്‍ എന്തെങ്കിലും ശ്രേഷ്ഠതയുണ്ടെന്നതിന് വല്ല തെളിവുമുണ്ടോ? ഒരു പ്രത്യേകതയും ഈ മാസത്തിനില്ല. അല്ലാഹു ആദരിച്ച നാല് മാസങ്ങളില്‍ റബീഉല്‍ അവ്വലില്ല. റമദാന്‍ പോലെ ശ്രേഷ്ഠപ്പെടുത്തിയിട്ടുമില്ല. വര്‍ഷങ്ങളെ പരിഗണിക്കുന്നതിനായി ഉമര്‍(റ) ഹിജ്‌റയെ പരിഗണിച്ചിട്ടും, ഹിജ്‌റയുണ്ടായത് റബീഉല്‍ അവ്വല്‍ മാസത്തില്‍ ആയിട്ട് പോലും ഹിജ്‌റ വര്‍ഷത്തിലെ ആദ്യ മാസമായി അതിനെ എണ്ണിയില്ല.

മൗലിദ് ആഘോഷിക്കുന്നവര്‍ നിര്‍വഹിക്കുന്ന (നബാതി) ഖുതുബ ഗ്രന്ഥത്തില്‍ പോലും നബിയുടെ വഫാത്ത് സംബന്ധിച്ച് മാത്രം പ്രതിപാദിക്കുന്നു. ജനനത്തെ പറ്റിയല്ല. ജനനം സംബന്ധിച്ച് എട്ടിലധികം അഭിപ്രായങ്ങള്‍ ഉണ്ട്.

ഹദീസ് ഗ്രന്ഥങ്ങളില്‍ വിശേഷങ്ങള്‍ പറഞ്ഞേടത്തൊന്നും ഈ മാസം വിശേഷെപ്പടുത്തിയിട്ടില്ല. വര്‍ഷത്തില്‍ രണ്ട് ഈദുകളാണ് ഇസ്ലാമിലുള്ളത്. ഈദുല്‍ ഫിത്‌റും ഈദുല്‍ അദ്ഹായുമാണ് മുസ്ലിംകളുടെ മതാഘോഷങ്ങള്‍. അതു കൂടാതെ ആഴ്ചയിലെ ഈദായ വെള്ളിയാഴ്ചയുമുണ്ട്. ഇങ്ങനെ ദിവസങ്ങള്‍ക്കോ മാസങ്ങള്‍ക്കോ സ്ഥലങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ശ്രേഷ്ഠത നല്‍കാനുള്ള അധികാരം റബ്ബിനു മാത്രമാണ്.

അല്ലാഹു പറയുന്നു: 'നിന്റെ റബ്ബ് അവന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അവര്‍ക്ക് തെരഞ്ഞെടുക്കാന്‍ അവകാശമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് അല്ലാഹു എത്രയോ പരിശുദ്ധനും ഉന്നതനുമാകുന്നു.'

സൃഷ്ടിച്ച റബ്ബിന് മാത്രമേ അവന്റെ സൃഷ്ടികള്‍ക്ക് പ്രത്യേകതകള്‍ നിശ്ചയിക്കാന്‍ അര്‍ഹതയുള്ളൂ. എന്തിനൊക്കെയാണ് പ്രത്യേകതകള്‍ ഉള്ളതെന്ന് അല്ലാഹു അവന്റെ ഖുര്‍ആനിലൂടെയും നബി അവിടുത്തെ സുന്നത്തിലൂടെയും അറിയിച്ചിട്ടുണ്ട്. റബീഉല്‍ അവ്വല്‍ 12ന് മറ്റുള്ള ദിവസങ്ങളെക്കാള്‍ വല്ല പ്രത്യേകതയുമുണ്ടെന്നു തെളിയിക്കുന്ന ഖുര്‍ആനിലെ ഒരു ആയത്തോ ഒരു ഹദീസോ കൊണ്ടുവരാന്‍ സാധിക്കുകയില്ല.

നബി ജനിച്ച ദിവസമോ മാസമോ വര്‍ഷമോ ഖണ്ഡിതമല്ല. ഭിന്നാഭിപ്രായങ്ങളുണ്ട്. വര്‍ഷത്തില്‍ പോലും ഏകാഭിപ്രായമില്ലങ്കില്‍ പൂര്‍വ്വികര്‍ അതിന് ഒരു വിശേഷതയും നല്‍കിയില്ല എന്ന് വ്യക്തം. എന്നാല്‍ നബി വഫാത്തായ ദിവസം ആര്‍ക്കും അഭിപ്രായാന്തരമില്ല. അത് റബീഉല്‍ അവ്വല്‍ പന്ത്രണ്ട് ആകുന്നു.

അദ്ദേഹത്തിന്റെ വഫാത്ത് ആഘോഷ ദിനമാക്കുന്നവര്‍ ആരായിരിക്കും എന്ന് ആലോചിക്കുക. എന്റെ വഫാത്തിനേക്കാള്‍ വലിയ ദുരന്തം എനിക്ക് ശേഷം എന്റെ ഉമ്മത്തിന് വരാനില്ല എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. വിശ്വാസികളുടെ ഈ വിഷമ ദിനത്തെ ആഘോഷ ദിനമാക്കുന്നത് പ്രവാചക സ്‌നേഹമാണ് എന്ന് ജല്‍പിക്കുന്നത് വിരോധാഭാസമാണ്.

എന്തുകൊണ്ട് ആഘോഷിക്കുന്നില്ല!?

  1. നബി(സ) പ്രവാചകന്‍ എന്ന നിലയില്‍ 13 വര്‍ഷം മക്കയിലും 10 വര്‍ഷം മദീനയിലും ജീവിച്ചു. അതിനിടയില്‍ ഒരിക്കല്‍പോലും അദ്ദേഹം തന്റെ ജന്മദിനം ആഘോഷിക്കുകയോ അനുയായികളോട് ആഘോഷിക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ല.
  2. നബി(സ) തനിക്കു മുമ്പ് കഴിഞ്ഞുപോയ ഒരു പ്രവാചകന്റെയും ജന്മദിനമോ ചരമ ദിനമോ ആഘോഷിച്ചിട്ടില്ല.
  3. രണ്ടര വര്‍ഷം ഇസ്ലാമിക ഭരണം നടത്തിയ അബൂബക്കര്‍(റ), പത്തു വര്‍ഷം ഭരിച്ച ഉമര്‍(റ), 12 വര്‍ഷം ഭരിച്ച ഉസ്മാന്‍(റ), അഞ്ചു വര്‍ഷം ഭരിച്ച അലി(റ) എന്നീ ഖലീഫമാര്‍ പ്രവാചകന്റെ ജന്മദിനം ആഘോഷക്കുകയോ ചരമദിനം ആചരിക്കുകയോ ചെയ്തിട്ടില്ല.
  4. പ്രവാചകപത്‌നിമാരോ ബന്ധുക്കളോ സ്വഹാബികളോ നബി(സ)യുടെ ജന്മദിനം ആഘോഷിച്ചിട്ടില്ല.
  5. ഏറ്റവും നല്ല നൂറ്റാണ്ടുകള്‍ എന്ന് പ്രവാചകന്‍ പഠിപ്പിച്ച ആദ്യ നൂറ്റാണ്ടുകളില്‍ മുസ്ലിം ലോകത്തെവിടെയും നബിദിനാഘോഷ പരിപാടി നടന്നിരുന്നില്ല.
  6. മുസ്ലിം ലോകം മുഴുവന്‍ ആദരിക്കുന്ന ഇമാം ശാഫി, ഇമാം മാലിക്, ഇമാം അബുഹനീഫ, ഇമാം അഹ്മദ് ബ്നു ഹമ്പല്‍, ഇമാം ബുഖാരി, ഇമാം മുസ്ലിം തുടങ്ങിയ പണ്ഡിതന്മാരാരും നബിദിനം ആഘോഷിച്ചിട്ടില്ല.
  7. 'മൗലീദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാണെന്നും അത് ഹിജ്റ മുന്നൂറിനുശേഷം വന്നതാണെ'ന്നുമുള്ള തഴവ മുസ്ലിയാരുടെ പാട്ട് വളരെ പ്രസിദ്ധമാണ്. അദ്ദേഹമാവട്ടെ 'സുന്നി' പണ്ഡിതനുമാണ്.
  8. അല്ലാഹുവിനെ സ്നേഹിക്കുന്നവര്‍ നബി(സ)യെ പിന്‍പറ്റുകയാണ് ചെയ്യേണ്ടതെന്ന് ഖുര്‍ആന്‍ 3:31ല്‍ വ്യക്തമാക്കിയിരിക്കെ അല്ലാഹുവില്‍ വിശ്വസിക്കുകയും നബി(സ)യെ സ്നേഹിക്കുകയും ചെയ്യുന്നവര്‍ക്ക് എങ്ങനെ നബിദിനമാഘോഷിക്കാന്‍ കഴിയും?!
  9. സ്വര്‍ഗത്തിലേക്ക് അടുപ്പിക്കുകയും നരകത്തില്‍നിന്ന് അകറ്റുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളും ഞാന്‍ വിവരിച്ചു തന്നിട്ടുണ്ടെന്ന് നബി(സ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ നബിദിനാഘോഷം എന്ന ആചാരമില്ല.
  10. നബി(സ) പഠിപ്പിക്കാത്ത പുതിയ ആചാരങ്ങള്‍ (ബിദ്അത്ത്) മതത്തില്‍ ആരെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ അത് തള്ളിക്കളയണമെന്നാണ് നബി(സ) ഉദ്ബോധിപ്പിച്ചത്. മൗലിദാഘോഷം നന്മയായിരുന്നെങ്കില്‍ സ്വഹാബിമാര്‍ നമ്മെ ഈ കാര്യത്തില്‍ മുന്‍കടക്കുമായിരുന്നു.

കാരണം; അവരാണ് നന്മയില്‍ അങ്ങേയറ്റം മുന്നേറുന്ന ആളുകള്‍. ഇബ്‌നു മസ്ഊദ് പറഞ്ഞു: നബി(സ) പറഞ്ഞു: 'ഏറ്റവും ഉത്തമരായ ആളുകള്‍ എന്റെ കൂടെ ജീവിച്ചവരാണ് പിന്നെ അടുത്ത നൂറ്റാണ്ട് പിന്നെ അതിനടുത്ത നൂറ്റാണ്ട്.' ഉത്തമ നൂറ്റാണ്ടില്‍ ആരും ഇത് ആഘോഷിച്ചിട്ടില്ല.

അല്ലാഹു പറയുന്നു: 'ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു.' നബി(സ) പറഞ്ഞു: 'ഈ ദീനില്‍ എന്റെ കല്പന ഇല്ലാത്ത വല്ല കര്‍മ്മവും ആരെങ്കിലും പിന്നീട് ഉണ്ടാക്കിയാല്‍ അതു തള്ളേണ്ടതാണ്.'

'മൗലൂദ് സമ്പ്രദായത്തെ കുറിച്ച് ഖുര്‍ആനിലോ ഹദീസിലോ യാതൊന്നും ഞാന്‍ കണ്ടിട്ടില്ല. എന്നാലത് ദേഹേഛയെ പിന്‍പറ്റുന്ന, ശാപ്പാട് വീരന്‍മാര്‍ നിര്‍മ്മിച്ച അനാചാരമാണ്.'

നബി(സ) പറഞ്ഞു: 'ഞാന്‍ രണ്ട് കാര്യം നിങ്ങള്‍ക്ക് വിട്ടേച്ച് പോകുന്നു അതു രണ്ടും മുറുകെപിടിക്കുന്ന കാലത്തോളം നിങ്ങള്‍ വഴി പിഴക്കില്ല. അല്ലാഹുവിന്റെ ഖുര്‍ആനും അവന്റെ റസൂലിന്റെ ചര്യയും (ഹദീസ്) ആണത്' നബി(സ) പറഞ്ഞു: 'എല്ലാ പുതിയതും അനാചാരമാണ്, എല്ലാ അനാചാരവും വഴികേടാണ്, എല്ലാ വഴികേടും നരകത്തിലേക്കാണ്'.

ഇമാം മാലിക്(റ) പറഞ്ഞു: ആരെങ്കിലും ദീനില്‍ ഒരു ബിദ്അത്ത് ഉണ്ടാക്കി. എന്നിട്ട് അത് നല്ലതാണ് എന്ന് വാദിച്ചാല്‍ മുഹമ്മദ് നബി(സ) തന്റെ ദൗത്യത്തില്‍ വഞ്ചന കാണിച്ചു എന്നു ജല്‍പിക്കുന്നതിനു തുല്യമാണ്.'

അടിസ്ഥാനം ബിദ്അത്ത്

ഇമാം ഇബ്‌നു ഹജര്‍ ഹൈതമി പറയുന്നു: 'മൗലിദ് ആഘോഷത്തിന്റെ അടിസ്ഥാനം തന്നെ ബിദ്അത്താണ്. ആദ്യ മൂന്നു നൂറ്റാണ്ടുകളില്‍ ജീവിച്ച സലഫുസ്സ്വാലിഹീങ്ങളില്‍ നിന്ന് ഇങ്ങനെ ഒന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടേയില്ല.' ഇമാം സഹാവീ(റ) പറഞ്ഞു: 'മൗലൂദ് കഴിക്കുന്ന സമ്പ്രദായം മൂന്നു നൂറ്റാണ്ടുകള്‍ക്ക് ശേഷം ഉണ്ടായതാണ്' (ഈആനത്തു ത്താലിബീന്‍).

ഇമാം ഫാക്കിഹാനി(റ) പറയുന്നു: 'ഈ മൗലൂദ് സമ്പ്രദായത്തെ കുറിച്ച് ഖുര്‍ആനിലോ ഹദീസിലോ യാതൊന്നും ഞാന്‍ കണ്ടിട്ടില്ല. ദീനില്‍ അടിയുറച്ച് നിന്ന് പൂര്‍വീകരൂടെ ചര്യ പിന്‍പറ്റി ജീവിച്ച ഈ ഉമ്മത്തിലെ പണ്ഡിതരില്‍ നിന്ന് ഒരാളില്‍ നിന്ന് പോലും ഇങ്ങനെയൊന്ന് ഉദ്ധരിച്ചിട്ടില്ല. എന്നാലത് ദേഹേഛയെ പിന്‍പറ്റുന്ന, ശാപ്പാട് വീരന്‍മാര്‍ നിര്‍മ്മിച്ച അനാചാരമാണ്'.

മദ്ഹബിന്റെ ഇമാമുകള്‍ ആരും ചെയ്തിട്ടില്ല. മൗലിദ് ആഘോഷിക്കുന്നവര്‍ നിര്‍വഹിക്കുന്ന (നബാതി) ഖുതുബ ഗ്രന്ഥത്തില്‍ പോലും നബിയുടെ വഫാത്തിനെ സംബന്ധിച്ച് മാത്രം പ്രതിപാദിക്കുന്നു. ജനനത്തെ പറ്റിയല്ല. ജനനത്തെ സംബന്ധിച്ച് വിഭിന്നമായ എട്ടിലധികം അഭിപ്രായങ്ങള്‍ ഉണ്ട്.

നബി വഫാത്തായ ദിനമായ റബീഉല്‍ അവ്വല്‍ പന്ത്രണ്ട് ആഘോഷിക്കുന്നതിന്റെ അനൗചിത്യം ഓര്‍ക്കുക. അനാചാരങ്ങള്‍ നന്‍മയായി ധരിച്ച് വഴികേടിലാകുന്നതാണ് ഏറ്റവും വലിയ നഷ്ടം എന്ന് ഖുര്‍ആന്‍ താക്കീത് ചെയ്തിരിക്കുന്നു (വി ഖു:103,104).

നബി പറഞ്ഞു: 'ഞാന്‍ നിങ്ങള്‍ക്ക് മുന്‍പില്‍ തടാകത്തിങ്കലെത്തും. എന്റെ സമീപം പോകുന്നവരെല്ലാം അതില്‍ നിന്നു പാനം ചെയ്യും. അതില്‍നിന്ന് പാനം ചെയ്തവര്‍ക്ക് ഒരിക്കലും ദാഹിക്കില്ല. എന്റെയടുക്കല്‍ വരുന്ന ആളുകളെ എനിക്കും അവര്‍ക്ക് എന്നെയും മനസ്സിലാകും. പിന്നീട് എനിക്കും അവര്‍ക്കും ഇടയില്‍ മറയിടപ്പെടും. അപ്പോള്‍ ഞാന്‍ പറയും. അവര്‍ എന്നില്‍പ്പെട്ടവരാണ്.

അപ്പോള്‍ എന്നോട് പറയപ്പെടും, താങ്കള്‍ക്ക് ശേഷം അവര്‍ പുതുതായി കൊണ്ടുവന്നത് സംബന്ധിച്ച് താങ്കള്‍ക്ക് അറിയില്ല. അപ്പോള്‍ ഞാന്‍ പറയും. അകന്നു പോകൂ, അകന്നു പോകൂ. എനിക്ക് ശേഷം മതത്തില്‍ മാറ്റം വരുത്തിയവര്‍ ദൂരെ പോകൂ.'


പി മുസ്തഫ നിലമ്പൂര്‍ സൗദി അറേബ്യയിലെ ജാലിയാതിൽ മതവിഭാഗം പ്രബോധകനും പരിഭാഷകനുമായിരുന്നു. കെ.എൻ.എം വിദ്യാഭ്യാസ വകുപ്പിന്റെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.