ഇമാമുമാരുടെ ശിഷ്യന്മാര്‍ അവരുടെ എല്ലാ അഭിപ്രായങ്ങളും സ്വീകരിച്ചിരുന്നില്ല. സുന്നത്തിന് എതിരാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ അവരുടെ ഒട്ടേറെ അഭിപ്രായങ്ങള്‍ ശിഷ്യര്‍ ഉപേക്ഷിച്ചു.
മദ്ഹബുകളുടെ ഇമാമുമാര്‍ ഓരോരുത്തരും തഖ്‌ലീദിനെതിരെ നിലപാട് സ്വീകരിച്ചവരാണ്. അവര്‍ ഖുര്‍ആനും സുന്നത്തും പിന്‍പറ്റി ജീവിക്കാനും അവരുടെ അഭിപ്രായങ്ങള്‍ ഖുര്‍ആനിനും സുന്നത്തിനും എതിരായി വന്നാല്‍ ആ അഭിപ്രായങ്ങള്‍ മാറ്റിവെച്ച് ഖുര്‍ആനും സുന്നത്തുമനുസരിച്ചു കാര്യങ്ങള്‍ തീരുമാനിക്കണമെന്നും അവരുടെ ശിഷ്യന്മാരെയും നാട്ടുകാരെയും ഉപദേശിച്ചു.
ഇതല്ലാതെ ഹിജ്‌റ നാലാം നൂറ്റാണ്ടു വരെയുള്ള ഒരു പണ്ഡിതനും തന്റെ അഭിപ്രായങ്ങളെ തഖ്‌ലീദ് ചെയ്യണമെന്ന് പറഞ്ഞതായി തെളിയിക്കാന്‍ ആര്‍ക്കും കഴിയില്ല. ഈ വിഷയകമായി ഇമാമുമാര്‍ പറഞ്ഞ വാക്കുകള്‍ നമുക്ക് പരിശോധിക്കാം:
ഇമാം അബൂഹനീഫ പറഞ്ഞു: നാം എവിടെ നിന്നാണ് ഈ അഭിപ്രായം സ്വീകരിച്ചത് എന്ന് മനസ്സിലാക്കാതെ ആര്‍ക്കും നമ്മുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കാവതല്ല (സിഫതു സലാത്തിന്നബിയ്യ്, 24, അല്‍ബാനി). എന്റെ തെളിവുകള്‍ മനസ്സിലാക്കാത്തവര്‍ എന്റെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഫത്‌വ കൊടുക്കല്‍ ഹറാമാണ് (മീസാനുല്‍ കുബ്‌റാ, ശുഅറാനി 1:58).
അബൂഹനീഫ തന്റെ പ്രധാന ശിഷ്യന്‍ അബൂയൂസഫ് യഅ്ഖൂബിനോട് പറഞ്ഞു: നിനക്ക് നാശം. എന്നില്‍ നിന്ന് കേള്‍ക്കുന്നതെല്ലാം നീ എഴുതിവെക്കരുത്. ഇന്ന് ഞാന്‍ ഒരഭിപ്രായം പറയും. നാളെ ഞാനത് ഉപേക്ഷിക്കും. നാളെ ഒരഭിപ്രായം പറയും. മറ്റന്നാള്‍ ഞാനത് ഉപേക്ഷിക്കും (മീസാനുല്‍ കുബ്‌റാ 1:58).
അബൂഹനീഫ ഒരു ഫത്‌വ കൊടുത്താല്‍ ഉടനെ പറയുമായിരുന്നു: ഇത് നുഅ്മാനുബ്‌നു സാബിതിന്റെ (അബൂഹനീഫയുടെ) അഭിപ്രായമാണ്. ഞാന്‍ ഗ്രഹിച്ചതില്‍ ഏറ്റവും നല്ല അഭിപ്രായം. ഇതിനേക്കള്‍ മെച്ചപ്പെട്ട അഭിപ്രായം ആരെങ്കിലും കൊണ്ടുവന്നാല്‍ അതാണ് ഏറ്റവും നല്ല സത്യം (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ 1:157, ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി).
ഇമാം മാലിക് പറഞ്ഞു: ഞാന്‍ ഒരു മനുഷ്യനാണ്. എനിക്ക് തെറ്റ് പറ്റും. ചിലപ്പോള്‍ ഞാന്‍ പറഞ്ഞത് ശരിയാവും. അതുകൊണ്ട് എന്റെ അഭിപ്രായത്തെപ്പറ്റി നിങ്ങള്‍ ചിന്തിക്കണം. എന്നിട്ട് കിതാബിനോടും സുന്നത്തിനോടും യോജിക്കുന്നത് സ്വീകരിക്കണം. യോജിക്കാത്തത് ഉപേക്ഷിക്കണം (അല്‍ഖൗലുല്‍ മുഫീദ്, 21, ഇമാം ശൗകാനി).
ശുഅറാനി ഇമാം മാലികില്‍ നിന്നുദ്ധരിക്കുന്നു: അദ്ദേഹം ഒരു വിധി നിരീക്ഷിച്ചെടുത്താല്‍ അനുയായികളോട് പറയും: ഇത് ദീനാണ്. അതുകൊണ്ട് ഈ വിഷയത്തില്‍ നിങ്ങള്‍ ചിന്തിക്കണം. ആരുടെ വാക്കുകളിലും തള്ളേണ്ടതും കൊള്ളേണ്ടതുമുണ്ടാവും. ഈ ആരാമത്തിന്റെ ഉടമസ്ഥനായ മുഹമ്മദ് നബിയുടെ വാക്കുകള്‍ ഒഴികെ (അത് മുഴുവനും സ്വീകരിക്കേണ്ടതാണ്).
എന്റെ അഭിപ്രായമനുസരിച്ചു ഞാന്‍ പറഞ്ഞ ഓരോ വിഷയത്തിലും എന്നെ ചാട്ടവാര്‍ കൊണ്ട് അടിക്കപ്പെട്ടിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നബി(സ) കൊണ്ടുവന്ന ശരീഅത്തില്‍ ഞാന്‍ എന്തെങ്കിലും വര്‍ധിപ്പിക്കുകയോ പ്രത്യക്ഷാര്‍ഥത്തിന്ന് എതിരായി അഭിപ്രായം പറയുകയോ ചെയ്ത നിലയില്‍ നബിയെ കണ്ടുമുട്ടാതിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു (മീസാനുല്‍ കുബ്‌റാ 1:59).
ഇമാം മാലികിനു മുന്നില്‍ ഖലീഫ മന്‍സൂര്‍ ഒരു വിഷയം അവതരിപ്പിച്ചു: എല്ലാ പട്ടണങ്ങളിലേയും ജനങ്ങള്‍ താങ്കള്‍ മുവത്വയില്‍ ക്രോഡീകരിച്ച താങ്കളുടെ മദ്ഹബനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് ഉത്തരവ് ഇറക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ മാലിക് പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍ ഒരിക്കലും അങ്ങനെ ചെയ്യരുത്. ജനങ്ങളിലേക്ക് പല അഭിപ്രായങ്ങളും പല ഹദീസുകളും റിപ്പോര്‍ട്ടുകളും വളരെ മുമ്പുതന്നെ എത്തിയിട്ടുണ്ട്.
നബിയുടെ സഹാബിമാരും മറ്റു പണ്ഡിതരും വ്യത്യസ്ത അഭിപ്രായക്കാരായതിനാല്‍ അവരില്‍ നിന്ന് ജനങ്ങള്‍ക്ക് കിട്ടിയ അഭിപ്രായങ്ങള്‍ അനുസരിച്ചു അവര്‍ പ്രവര്‍ത്തിച്ചു ശീലിച്ചുവന്നു. അതിനാല്‍ ജനങ്ങളുടെ ആ വിശ്വാസത്തില്‍ നിന്ന് അവരെ തടയുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. അതിനാല്‍ ജനങ്ങളെ അവരുടെ പാട്ടിന് വിട്ടേക്കുക. ഓരോ നാട്ടുകാരും അവരവര്‍ തിരഞ്ഞെടുത്തതനുസരിച്ച് പ്രവര്‍ത്തിക്കട്ടെ (അല്‍ഇന്‍തിഖാഅ് ഫീ ഫളാഇലി അഇമ്മത്തി സലാസതില്‍ ഫുഖഹാഅ്, 41, ഇബ്‌നു അബ്ദില്‍ബര്‍റ്).
ഇമാം മാലികിന് കിട്ടിയ ഈ ഉന്നത സ്ഥാനം എന്തിനാണ് അദ്ദേഹം തട്ടിക്കളഞ്ഞത്? ഖലീഫ തന്റെ അധികാരമുപയോഗിച്ച് ഇമാം മാലികിന്റെ മദ്ഹബിനെ തന്റെ രാഷ്ട്രത്തിന്റെ ഔദ്യോഗിക മദ്ഹബാക്കാന്‍ തുനിയുന്നു. പക്ഷേ, ഇമാം മാലിക് തന്റെ അഭിപ്രായങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പിക്കുന്നത് ഒരിക്കലും ഇഷ്ടപ്പെട്ടില്ല. കാരണം തന്റെ അഭിപ്രായങ്ങള്‍ തെറ്റായിരിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹത്തിന് നന്നായറിയാം.
അതിനാല്‍ ആ അഭിപ്രായങ്ങള്‍ ആരെങ്കിലും തഖ്‌ലീദ് ചെയ്യുന്നത് അദ്ദേഹത്തിന് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല, അദ്ദേഹം ഇജ്തിഹാദിലൂടെ പ്രകടിപ്പിച്ച ഓരോ അഭിപ്രായങ്ങളെപ്പറ്റിയും അദ്ദേഹത്തിന്റെ അന്ത്യനിമിഷത്തില്‍ അതില്‍ വല്ല വീഴ്ചകളും പറ്റിയിട്ടുണ്ടോ എന്ന് ഭയപ്പെട്ടിരുന്നുവെന്ന് അദ്ദേഹത്തിന്റെ പ്രധാന ശിഷ്യന്‍ ഖഅ്‌നബി ഉദ്ധരിക്കുന്നു.
അബ്ദുല്ലാഹിബ്‌നു മസ്‌ലമത്തുല്‍ ഖഅനബി റിപ്പോര്‍ട്ട് ചെയ്യുന്നു: ഞാനും മറ്റൊരാളും കൂടി ഇമാം മാലികിനെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം കരയുന്നതായി ഞങ്ങള്‍ കണ്ടു. അങ്ങനെ ഞാന്‍ സലാം പറഞ്ഞു. അദ്ദേഹം സലാം മടക്കി, എന്നോട് ഒന്നും സംസാരിക്കാതെ വീണ്ടും കരഞ്ഞുതുടങ്ങി. അപ്പോള്‍ എന്തിനാണ് താങ്കള്‍ കരയുന്നത് എന്ന് ഞാന്‍ ചോദിച്ചു.
അദ്ദേഹം എന്നോട് പറഞ്ഞു: ഖഅനബിന്റെ മകനേ, എന്നില്‍ വന്നുപോയ വീഴ്ചകളെപ്പറ്റി ആലോചിച്ചുകൊണ്ടാണ് ഞാന്‍ കരയുന്നത്. ഈ ദീന്‍കാര്യത്തില്‍ ഞാന്‍ പറഞ്ഞ ഓരോ വാക്കുകളുടെ പേരിലും ചാട്ടവാര്‍ കൊണ്ടെന്നെ അടിച്ചിരുന്നെങ്കില്‍ ഞാന്‍ ഭാഗ്യവാനായേനേ. അപ്പോള്‍ ഖഅനബി പറഞ്ഞു: അങ്ങ് പറഞ്ഞ അഭിപ്രായങ്ങളില്‍ നിന്ന് പിന്‍മാറുക.
ഇമാം മാലിക് എനിക്ക് എങ്ങനെയാണതിന് കഴിയുക? പല യാത്രാസംഘങ്ങളും എന്റെ അഭിപ്രായങ്ങള്‍ കേട്ട് അവരവരുടെ നാടുകളിലേക്ക് തിരിച്ചുപോയി. അതനുസരിച്ചു പ്രവര്‍ത്തിച്ചു. ഞാനാണെങ്കില്‍ താങ്കള്‍ കാണുന്നപോലെ (അവശനും). അങ്ങനെ അദ്ദേഹം കണ്ണടച്ച ശേഷമാണ് ഞങ്ങള്‍ പുറത്തു വന്നത് (മജല്ലത്തുല്‍ മനാര്‍ 4:573).
ഖുര്‍ആനും സുന്നത്തുമനുസരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സലഫീ പ്രസ്ഥാനം ഈ നിലപാട് തന്നെയാണ് സ്വീകരിച്ചുവരുന്നത്.
ഇതാണ് സൂക്ഷ്മതയുള്ള പണ്ഡിതന്മാരുടെ നിലപാട്. ഇന്നത്തെ പണ്ഡിതന്മാര്‍ക്ക് ഖുര്‍ആനും നബിചര്യക്കും എതിരായ അഭിപ്രായങ്ങള്‍ പറയാനും അത് ജനങ്ങളില്‍ അടിച്ചേല്‍പിക്കാന്‍ എന്തു കളവ് പറയാനും യാതൊരു മടിയുമില്ല. പരലോക ജീവിതത്തെപ്പറ്റി ശരിയായ ബോധമില്ലാത്തതാണ് അതിനു കാരണം. ഇമാം ശാഫിഈ പറയുന്നു:
പണ്ഡിതനോ പണ്ഡിതനെന്ന് അവകാശപ്പെടുന്നവനോ പണ്ഡിതനെന്ന് ജനങ്ങള്‍ പറയുന്നവനോ ആയ ഒരാളും നബി(സ)യുടെ കല്‍പനകളും വിധികളും സ്വീകരിക്കല്‍ അല്ലാഹു നിര്‍ബന്ധമാക്കിയിരിക്കുന്നു എന്ന തത്വത്തിന് എതിരു പറഞ്ഞതായി ഞാന്‍ കേട്ടിട്ടില്ല. കാരണം മുഹമ്മദ് നബിക്കു ശേഷം വന്ന ഒരാള്‍ക്കും അദ്ദേഹത്തെ പിന്‍പറ്റലല്ലാതെ അല്ലാഹു നിശ്ചയിച്ചിട്ടില്ല.
ഏതൊരാളുടെ വാക്കും കിതാബിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിലല്ലാതെ സ്വീകരിക്കാവതല്ല. കിതാബും സുന്നത്തുമല്ലാത്തതെല്ലാം അതിനെ തുടര്‍ന്നു വരികയേയുള്ളൂ. അല്ലാഹു നമുക്കും നമ്മുടെ ശേഷം വരുന്നവര്‍ക്കും നബിയുടെ ഹദീസ് സ്വീകരിക്കലാണ് നിര്‍ബന്ധമാക്കിയിട്ടുള്ളത് (ഈഖാദുല്‍ ഹിമം, മുഹമ്മദ് ഫുല്ലാനി 99).
ബൈഹഖിയും ഹാകിമും ശാഫിഇയില്‍ നിന്നുദ്ധരിക്കുന്നു: ശാഫിഈ പറയാറുണ്ട് ഹദീസ് സഹീഹായാല്‍ അതാണെന്റെ മദ്ഹബ് എന്ന്. മറ്റൊരു റിപ്പോര്‍ട്ടില്‍ ശാഫിഇ പറഞ്ഞു: എന്റെ വാക്കുകള്‍ ഹദീസിനെതിരായി കണ്ടാല്‍ ഹദീസിന് അനുസരിച്ച് നിങ്ങള്‍ പ്രവര്‍ത്തിക്കുകയും എന്റെ വാക്ക് വലിച്ചെറിയുകയും ചെയ്യണം.
ഒരു ദിവസം ശാഫിഈ ശിഷ്യന്‍ മുസ്‌നിയോട് പറഞ്ഞു: ഇബ്‌റാഹീമേ, ഞാന്‍ പറയുന്നതെല്ലാം നീ അന്ധമായി അനുകരിക്കരുത്. നിന്റെ രക്ഷക്കു വേണ്ടി എന്റെ വാക്കുകളെപ്പറ്റി നീ ചിന്തിക്കണം. റസൂലിന്റെ വാക്കുകളല്ലാതെ മറ്റാരുടെ വാക്കും പ്രമാണമല്ല (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ 2:126).
ശാഫിഈ പറഞ്ഞു: നബിയുടെ സുന്നത്ത് ഒരാള്‍ക്ക് വ്യക്തമായി ബോധ്യപ്പെട്ടാല്‍ ഒരാളുടെയും അഭിപ്രായത്തിനു വേണ്ടി ആ സുന്നത്ത് ഉപേക്ഷിക്കാന്‍ പാടില്ലെന്ന കാര്യത്തില്‍ മുസ്‌ലിംകള്‍ ഒന്നടങ്കം യോജിച്ചിരിക്കുന്നു (സിഫത് സലാത് 30). മറ്റൊരിടത്ത് ഇമാം ശാഫിഇ: നബിയുടെ സുന്നത്തിെനതിരായി എന്റെ ഗ്രന്ഥത്തില്‍ വല്ലതും നിങ്ങള്‍ കണ്ടാല്‍ ഞാന്‍ പറഞ്ഞത് നിങ്ങള്‍ ഉപേക്ഷിച്ച് നബിയുടെ സുന്നത്തനുസരിച്ച് കാര്യങ്ങള്‍ പറയണം (അല്‍ മജ്മൂഅ്, ഇമാം നവവി 1:63).
അദ്ദേഹം തന്റെ ഗ്രന്ഥങ്ങളില്‍ പറഞ്ഞതും ശിഷ്യന്മാരെ ഉപദേശിച്ചതുമാണിതെല്ലാം. എന്നിട്ടും ശാഫിഇ മദ്ഹബിന്റെ കുത്തക അവകാശപ്പെടുന്നവര്‍ അന്ധമായി അനുകരിക്കുകയും അതിന് മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ഇമാമുസ്സുന്ന എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പ്രസിദ്ധനായ മഹാ പണ്ഡിതനാണ് അഹ്മദുബ്‌നു ഹമ്പല്‍. നബി(സ)യുടെ സുന്നത്തായിരുന്നു അദ്ദേഹത്തിന്റെ മദ്ഹബ്. കിതാബിന്റെയും സുന്നത്തിന്റെയും പിന്തുണയല്ലാത്ത ഒരഭിപ്രായവും അദ്ദേഹം സ്വീകരിക്കുമായിരുന്നില്ല.
തന്റെ ശിഷ്യന്‍മാരോട് തന്റെ അഭിപ്രായങ്ങള്‍ എഴുതിവെക്കരുതെന്നും എന്നില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന ഹദീസുകള്‍ മാത്രമേ എഴുതിവെക്കാവൂ എന്നും അദ്ദേഹം ഉപദേശിച്ചിരുന്നു. ഇമാം അഹ്മദ് ഇബ്‌നു ഹമ്പല്‍ പറഞ്ഞു: എന്നെയോ മാലികിനെയോ ശാഫിഇയെയോ ഔസാഇയെയോ സൗരിയെയോ നിങ്ങള്‍ തഖ്‌ലീദ് ചെയ്യരുത്. അവര്‍ അവരുടെ അഭിപ്രായങ്ങള്‍ എടുത്തിടത്തു നിന്ന് നിങ്ങള്‍ എടുക്കുക (അഅ്‌ലാമുല്‍ മുവഖിഈന്‍, ഇബ്‌നുല്‍ ഖയ്യിം 2:302).
ഇമാം അഹ്മദ് പറഞ്ഞു: ഔസാഇയുടെ അഭിപ്രായവും മാലികിന്റെ അഭിപ്രായവും അബൂഹനീഫയുടെ അഭിപ്രായവും അഭിപ്രായങ്ങള്‍ മാത്രമാണ്. എല്ലാ അഭിപ്രായങ്ങളും എന്റെ അടുക്കല്‍ തുല്യമാണ്. പ്രമാണം ഹദീസുകളില്‍ മാത്രം (ജാമിഉ ബയാനില്‍ ഇല്‍മ്, ഇബ്‌നു അബ്ദില്‍ ബര്‍റ് 2:149).
മേല്‍ പറഞ്ഞ കാരണത്താല്‍ ഇമാമുമാരുടെ ശിഷ്യന്മാര്‍ അവരുടെ എല്ലാ അഭിപ്രായങ്ങളും സ്വീകരിക്കുമായിരുന്നില്ല. സുന്നത്തിന് എതിരാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ ഇമാമുമാരുടെ ധാരാളം അഭിപ്രായങ്ങള്‍ അവര്‍ ഉപേക്ഷിച്ചു. എത്രത്തോളമെന്നാല്‍ അബൂഹനീഫയുടെ ശിഷ്യന്മാരായ മുഹമ്മദുബ്‌നുല്‍ ഹസനും അബൂയൂസുഫും അബൂഹനീഫയുടെ മദ്ഹബിലെ മൂന്നിലൊന്ന് അഭിപ്രായങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും അവയ്‌ക്കെതിരായി അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.
അവരുടെ ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ അതിനു സാക്ഷിയാണ്. അതുപോലെ ഇമാം ശാഫിഇയുടെ ശിഷ്യന്‍ മുസ്‌നിയും മറ്റു പലരും ശാഫിഇയുടെ അഭിപ്രായങ്ങള്‍ക്കെതിരെ അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട് (സിഫതു സലാത്തിന്നബിയ്യി 37). ഇമാം ശാഫിഇ പറഞ്ഞു: നബി(സ)യെ അല്ലാതെ മറ്റാരെയും തഖ്‌ലീദ് ചെയ്യാന്‍ പാടില്ല (അല്‍മുസ്തസ്ഫ, ഇമാം ഗസ്സാലി 2:387).
ബുഖാരി, തിര്‍മിദി, നസാഇ പോലുള്ള ഹദീസ് പണ്ഡിതരെ ശാഫിഈ മദ്ഹബിലേക്ക് ചേര്‍ത്തി പറയുന്നത് ഇമാം ശാഫിഈയുടെ ഉസൂലിന്റെ അടിസ്ഥാനത്തില്‍ അവര്‍ ഇജ്തിഹാദ് ചെയ്തതുകൊണ്ട് മാത്രമാണെന്ന് മേല്‍ ഉദ്ധരിച്ച പ്രസ്താവനകളില്‍ നിന്ന് വ്യക്തമായി മനസ്സിലാക്കാം. എന്നിട്ടും ചില പണ്ഡിതര്‍ ഇവരെല്ലാം ശാഫിഈ മദ്ഹബിനെ തഖ്‌ലീദ് ചെയ്യുന്നവരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വൃഥാശ്രമം നടത്തുകയാണ്.
ഖുര്‍ആനും സുന്നത്തുമനുസരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സലഫീ പ്രസ്ഥാനം ഈ നിലപാട് തന്നെയാണ് സ്വീകരിച്ചുവരുന്നത്. ഏത് ഇമാമിന്റെ അഭിപ്രായമാണോ ഖുര്‍ആനിനോടും സുന്നത്തിനോടും സ്വഹാബത്തിന്റെ മാതൃകയോടും കൂടുതല്‍ അടുത്തുനില്‍ക്കുന്നത് ആ മാര്‍ഗമാണ് സലഫികള്‍ സ്വീകരിച്ചുവരുന്നത്. അല്ലാത്തത് ആരു പറഞ്ഞാലും തള്ളിക്കളയും.
ഈ രീതി മദ്ഹബിന്റെ ഇമാമുമാരെ തള്ളിക്കളയലല്ല, മറിച്ച് അവരുടെ ഉപദേശവും രീതിയും അംഗീകരിക്കലാണ്. സലഫികള്‍ ഒരു മദ്ഹബിനോടും പ്രത്യേകം വിവേചനം കാണിക്കുന്നില്ല. ഖുര്‍ആനിനോടും സുന്നത്തിനോടും സഹാബത്തിന്റെ മാതൃകയോടും യോജിക്കുന്ന അഭിപ്രായം ആര് പറഞ്ഞാലും സ്വീകരിക്കുകയാണവര്‍ ചെയ്യുന്നത്.
