ഓരോ കാലഘട്ടത്തിലും വൈവിധ്യമാര്‍ന്ന വൈജ്ഞാനിക വികാസത്തിനനുസരിച്ച് ഖുര്‍ആനിന്റെ ദൈവികത സുവ്യക്തമായി ബോധ്യപ്പെട്ടുകൊണ്ടേയിരിക്കും. പ്രഥമ അഭിസംബോധിതര്‍ക്ക് ബോധ്യപ്പെടാത്ത അമാനുഷിക കാര്യങ്ങള്‍ ഖുര്‍ആനില്‍ ദര്‍ശിക്കാം.
മാനവസമൂഹത്തിന്റെ സന്‍മാര്‍ഗ ഗ്രന്ഥമാണ് ഖുര്‍ആന്‍ (2:185). സന്‍മാര്‍ഗ പാതയെക്കുറിച്ചുള്ള സുവ്യക്തമായ വിശദീകരണവും സത്യാസത്യ വിവേചനവും ഖുര്‍ആന്‍ നിര്‍വഹിക്കുന്നു. ലോകാന്ത്യം വരെയുള്ള മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുന്ന ദൈവിക ഗ്രന്ഥമെന്ന നിലയ്ക്ക്, ഖുര്‍ആന്‍ അവതരണകാലത്ത് ജീവിച്ചിട്ടുള്ള പ്രഥമ അഭിസംബോധിതര്‍ക്ക് ബോധ്യപ്പെടാത്ത അമാനുഷിക കാര്യങ്ങളും ഖുര്‍ആനില്‍ ദര്‍ശിക്കാവുന്നതാണ്.
കാലാന്തരേണ കൂടുതല്‍ തിളക്കത്തോടെയും വൈജ്ഞാനിക തികവോടെയും പില്‍ക്കാലക്കാര്‍ക്ക് ബോധ്യപ്പെടാനാവും എന്നു മാത്രം. പ്രത്യുത ഖുര്‍ആന്‍ ഉള്ളടക്കം കാലം മുന്നോട്ടുപോകുന്നതനുസരിച്ചേ ബോധ്യപ്പെടുകയുള്ളൂ എന്നര്‍ഥമില്ല. ഓരോ കാലഘട്ടത്തിലും വൈവിധ്യമാര്‍ന്ന വൈജ്ഞാനിക വികാസത്തിനനുസരിച്ച് ഖുര്‍ആനിന്റെ ദൈവികത സുവ്യക്തമായി മാനവസമൂഹത്തിന് ബോധ്യപ്പെട്ടുകൊണ്ടേയിരിക്കും എന്നു സാരം (ഫുസ്വിലത്ത് 53).
വിശുദ്ധ ഖുര്‍ആന്‍ ഒരു ദൈവിക ഗ്രന്ഥമെന്ന നിലയില്‍ അത്യാശ്ചര്യജനകമായ വാക്കുകളുടെയും പ്രയോഗങ്ങളുടെയും ശൈലികളുടെയും ശേഖരമാണ്. വൈവിധ്യപൂര്‍ണമായ ശൈലികള്‍ വിധിപ്രഖ്യാപനങ്ങളില്‍ ധാരാളം കാണാം. സന്ദര്‍ഭാനുസാരിയായി ഒരേ വിഷയത്തില്‍ തന്നെ വൈവിധ്യപൂര്‍ണമായ പ്രയോഗങ്ങളും കാണാം. ഒരു പദം തന്നെ ഭാഷാസൗന്ദര്യം കൊണ്ട് സമ്പന്നമായ രീതിയിലും മറ്റൊരര്‍ഥത്തിലും ഉപയോഗിച്ചത് കാണാവുന്നതാണ്.
ഉദാഹരണമായി, ഖുര്‍ആന്‍ അധ്യായം ആലുഇംറാന്‍ 96-ാം വചനത്തില്‍ 'വുളിഅ ലിന്നാസ്' എന്ന പ്രയോഗത്തിന്റെ താല്‍പര്യം 'മനുഷ്യര്‍ക്കു വേണ്ടി സ്ഥാപിക്കപ്പെട്ട' ഒന്നാമത്തെ ആരാധനാമന്ദിരം എന്നാണ്. ഈ വചനത്തില്‍ ഉപയോഗിച്ച 'വുളിഅ' എന്ന പദം അധ്യായം അല്‍കഹ്ഫ് 49-ാം വചനത്തില്‍ വന്നിട്ടുണ്ട്.
അവിടെ 'വവുളിഅല്‍ കിതാബ്' എന്ന വചനത്തിന്റെ താല്‍പര്യം '(കര്‍മങ്ങളുടെ) രേഖ പ്രദര്‍ശിപ്പിക്കപ്പെടുക, ബോധ്യപ്പെടുത്തുക, ഹാജരാക്കപ്പെടുക' എന്നീ അര്‍ഥങ്ങളാണ് (അല്‍മുഫ്‌റദാത്ത്, അര്‍റാഇബുല്‍ ഇസ്ഫഹാനി, പേജ് 525). ആദ്യ വചനത്തില്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് വന്ന വാക്ക് മറ്റൊരു വചനത്തില്‍ 'പ്രദര്‍ശിപ്പിക്കുക'യെന്ന ആശയത്തിലാണ് വന്നത്.
ഭാഷാപരമായ ഈ വൈവിധ്യം ലോകത്തെ ഒട്ടുമിക്ക ഭാഷകളിലും കാണാവുന്നതാണ്. അറബിഭാഷയില്‍ ഭാഷാസൗന്ദര്യത്തിന്റെ മികവാര്‍ന്ന ഉദാഹരണമായി ഇത്തരം മേഖലകള്‍ ധാരാളം കാണാം. വൈവിധ്യവും വ്യത്യസ്തവുമായ ആശയാര്‍ഥങ്ങളില്‍ ഉപയോഗിക്കുന്ന ഇത്തരം സമാന വാക്കുകളോ വാചകങ്ങളോ ഖുര്‍ആനില്‍ ധാരാളം കാണാം.
പ്രസ്തുത സന്ദര്‍ഭങ്ങളില്‍ ഖുര്‍ആനിലെ വചനങ്ങളുടെ ഉദ്ദേശ്യാര്‍ഥം ഗ്രഹിക്കുന്നതിന് ഭാഷാജ്ഞാനവും ഖുര്‍ആന്‍ വ്യാഖ്യാനങ്ങളും തിരിച്ചറിയേണ്ടത് അനിവാര്യമാണ്. സാഹിത്യ സമ്പുഷ്ടമായൊരു ഗ്രന്ഥം ഈ ശൈലികളും പ്രയോഗങ്ങളും സ്വീകരിക്കുന്നത് സ്വാഭാവികമായ ഒരു രീതിയാണ്. ഖുര്‍ആന്‍ മനുഷ്യരാശിക്ക് മാര്‍ഗദര്‍ശനം നല്‍കുന്ന ഒരു സന്മാര്‍ഗ ഗ്രന്ഥം എന്നതോടൊപ്പം ദൈവികമായ ഒരു സാഹിത്യ സൃഷ്ടി (ഗ്രന്ഥം) കൂടിയാണല്ലോ.
വൈവിധ്യപൂര്‍ണമായ അര്‍ഥതലങ്ങളുള്ള വാക്കുകളുടെ പ്രയോഗം പോലെത്തന്നെ ഖണ്ഡിതമായ അര്‍ഥതലങ്ങള്‍ അനിവാര്യമായും സ്വീകരിക്കേണ്ട വചനങ്ങളും ധാരാളമായി ഖുര്‍ആനില്‍ കാണാം. മറ്റൊരു ആശയമോ വിധിയോ നിര്‍ദേശിച്ചെടുക്കാന്‍ പ്രത്യക്ഷത്തിലോ പരോക്ഷമായോ സാധ്യതയില്ലാത്ത വചനങ്ങളാണ് ഖുര്‍ആനില്‍ ഭൂരിഭാഗവും.

'ഖുല്‍, ഹുവല്ലാഹു അഹദ്.' 'നബിയേ, പ്രഖ്യാപിക്കുക, അവന്‍ അല്ലാഹു, ഏകനാണ്' (112:01). ഈ വചനത്തിലെ 'അഹദ്' എന്ന വാക്കിന്റെ അര്‍ഥത്തില്‍ മറ്റൊരു ആശയത്തിനോ പലവിധ വിശകലനങ്ങള്‍ക്കോ പഴുതില്ല. തികച്ചും ഖണ്ഡിതമായ പ്രയോഗം. ഖുര്‍ആനില്‍ പൊതുവായ സന്ദര്‍ഭങ്ങളിലും മനുഷ്യര്‍ പാലിക്കേണ്ട വ്യത്യസ്തങ്ങളായ മതവിധികള്‍ സൂചിപ്പിക്കുന്നിടത്തും ഖണ്ഡിതാര്‍ഥമുള്ള പ്രസ്തുത പ്രയോഗങ്ങളാണ് കൂടുതല്‍ കാണാന്‍ കഴിയുക. ഹദീസുകളിലും ഇപ്രകാരം നമുക്ക് കണ്ടെത്താന്‍ സാധ്യമാണ്.
ആശയ-അര്‍ഥതലങ്ങളില്‍ അവ്യക്തതകളോ സ്വതന്ത്രവ്യാഖ്യാനങ്ങള്‍ക്ക് സാധ്യതയൊരുക്കുകയോ ചെയ്യുകയെന്നതല്ല, മറിച്ച്, ഖുര്‍ആന്‍ വചനങ്ങളുടെ അവതരണ പശ്ചാത്തലം, മുഹമ്മദ് നബിയുടെ വ്യാഖ്യാനം, ഭാഷാപ്രയോഗ കൃത്യത, നന്മയിലേക്കും ഉത്തമമായതിലേക്കും ഒരു വ്യക്തിയെ വളര്‍ത്തിയെടുക്കുന്നതിന്റെ പരിശീലനങ്ങള്‍, കാലാന്തരേണ ഖുര്‍ആനിന്റെ ദൈവികതയും അജയ്യതയും കൂടുതല്‍ ശോഭയോടെ സമര്‍പ്പിക്കല്‍ തുടങ്ങിയ മൗലിക ലക്ഷ്യങ്ങളാണ് താല്‍പര്യപ്പെടുന്നത്. (ഇമാം സമഖ്ശരി, അബൂഹയ്യാന്‍ എന്നീ പണ്ഡിതരുടെ അഭിപ്രായങ്ങളെ വിശകലനം ചെയ്ത് ഖാസിം മുഹമ്മദ് സാലിഹ് അല്‍ഹംദ് രചിച്ച 'മസാഇല്‍ മിന്‍ ബഹ്‌റില്‍ മുഹീത്' എന്ന ഗ്രന്ഥത്തിന്റെ ആശയ സംഗ്രഹം).
പണ്ഡിതസമൂഹം ഇത്തരം പ്രമാണവാക്യങ്ങളെ സുവ്യക്ത വാക്യങ്ങള്‍, ഖണ്ഡിത നിയമങ്ങള്‍ (അല്‍അദില്ല അല്‍ഖത്ഇയ്യ) എന്നും വൈവിധ്യമുള്ള ആശയവാക്യങ്ങള്‍, നിയമങ്ങള്‍ (അല്‍ അദില്ല അല്‍ ളന്നിയ്യ) എന്നും വര്‍ഗീകരിച്ചതായി കാണാം.
ഇസ്‌ലാമിക വിശ്വാസത്തില്‍ അതിപ്രധാനമാണല്ലോ വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം. ഖുര്‍ആന്‍ ഒരു ദൈവിക-സാന്മാര്‍ഗിക ഗ്രന്ഥമാണെന്ന് വിശ്വസിക്കുന്ന ഒരാള്‍ക്ക് ഖുര്‍ആനിക ആശയങ്ങളെ സംശയത്തോടെ വീക്ഷിക്കാനാവില്ല. ''ഖുര്‍ആനിനെ ഇമാമായും അതിന്റെ വചനങ്ങളെ തനിക്ക് മാര്‍ഗദര്‍ശനം നല്‍കി മുന്നില്‍ നടക്കുന്ന അവലംബമായും അംഗീകരിക്കേണ്ടതുണ്ട്'' (അഹ്കാമുല്‍ ഖുര്‍ആന്‍ 3:307).
സംശയങ്ങള്‍ നിഷേധങ്ങളിലേക്കും നിഷേധം മതവിരുദ്ധതയിലേക്കും നയിക്കും. അതുകൊണ്ടുതന്നെ ഖണ്ഡിതം (ഖത്ഇയ്യ), സംശയാസ്പദം (ളന്നിയ്യ) എന്നിങ്ങനെയുള്ള വിവക്ഷയില്‍ സംശയാസ്പദം എന്നതിനേക്കാള്‍ വിവിധ ആശയങ്ങള്‍ക്ക് സാധ്യതയുള്ളത് എന്ന് ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്. ഖുര്‍ആന്‍ മൗലികമായി പ്രഖ്യാപിക്കുന്നതും ഇതാണല്ലോ: ''നിങ്ങള്‍ സത്യം അസത്യവുമായി കൂട്ടിക്കുഴക്കരുത്. അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കുകയും ചെയ്യരുത്'' (2:42).
ഇമാം സമഖ്ശരി രേഖപ്പെടുത്തിയ പോലെ, ഒരു വിഷയമോ വസ്തുതയോ ഗ്രഹിക്കുന്നതിന് പ്രധാനമായും മൂന്നു കാര്യങ്ങള്‍ അവലംബിക്കേണ്ടതുണ്ട് (കശ്ശാഫ് 1:135):
- സുവ്യക്ത തെളിവുകള്‍ അംഗീകരിക്കുക.
- വിഭാഗീയത, ദേഹേച്ഛയെ പിന്തുടരല്‍, സംശയങ്ങള്‍ എന്നിവ ഒഴിവാക്കുക.
- വൈവിധ്യങ്ങളെ സമന്വയിപ്പിക്കുക.
ഖുര്‍ആന്‍ വചനങ്ങള്‍ക്ക് ഒരു അര്‍ഥത്തിനപ്പുറത്ത് മറ്റൊരു അര്‍ഥമോ ആശയമോ നല്‍കാന്‍ കഴിയാത്ത വിധം ഖണ്ഡിതമായി വരുന്നതും ഇതരവും വ്യത്യസ്തവുമായ അര്‍ഥസാധ്യതകള്‍ വസ്തുതാപരമായി തന്നെ നിലനില്‍ക്കുന്നതുമുണ്ട്. ഉദാഹരണമായി, ഖുര്‍ആന്‍ സൂറഃ അന്നിസാഅ് 12-ാം വചനം അനന്തരാവകാശങ്ങള്‍ വിവരിക്കുന്നിടത്ത് ഉപയോഗിച്ച 'നിസ്ഫ്' (പകുതി) എന്ന വാക്കും അധ്യായം 24 അന്നൂര്‍ വചനം 2ല്‍ വ്യഭിചാരിയുടെ ശിക്ഷ പരാമര്‍ശിക്കുന്നിടത്തുമുള്ള 'മിഅതു ജല്‍ദ' (നൂറ് അടി) എന്ന വാചകവും എടുക്കാം.
ഇവിടെ നിസ്ഫ്, മിഅത്ത് എന്നീ പദങ്ങള്‍ക്ക് പകുതി, നൂറ് എന്ന അര്‍ഥം ഖണ്ഡിതമാണ്. ഈ അര്‍ഥപ്രകാരമുള്ള മതവിധിയല്ലാതെ പരിഗണിക്കുന്നത് ശിക്ഷാര്‍ഹമായ കാര്യവുമാണ്. മറ്റൊരു അര്‍ഥമോ ആശയമോ നല്‍കാന്‍ പ്രത്യക്ഷത്തില്‍ ഭാഷയിലും ഖുര്‍ആനിക നിയമങ്ങളിലും കഴിയുകയുമില്ല. ഖുര്‍ആന്‍ 2-ാം അധ്യായം സൂറഃ അല്‍ബഖറയില്‍ 228-ാം വചനം ശ്രദ്ധിക്കുക: ''വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ തങ്ങളുടെ സ്വന്തം കാര്യത്തില്‍ മൂന്ന് 'ഖുറൂഅ്' (കഴിയുന്നതുവരെ) കാത്തിരിക്കേണ്ടതാണ്...''
ഇവിടെ ഉപയോഗിച്ച 'ഖുറൂഅ്' എന്ന പദം ഭാഷാപരമായി തന്നെ രണ്ട് അര്‍ഥങ്ങള്‍ക്ക് ഉപയോഗിക്കാറുണ്ട്. ഒന്ന് 'ശുദ്ധി', മറ്റൊന്ന് 'ആര്‍ത്തവം' (ഇമാം റഇബ്). ആര്‍ത്തവമുണ്ടാകുന്ന സമയത്തിനും ശുദ്ധിയുണ്ടാകുന്ന സമയത്തിനും ഖുറൂഅ് എന്ന പദം അറബികള്‍ ഉപയോഗിക്കാറുണ്ട് എന്ന് ഇമാം ഇബ്‌നു ജരീര്‍ സൂചിപ്പിച്ചിട്ടുണ്ട്. മിക്ക ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളിലും ഈ രണ്ട് അര്‍ഥകല്‍പനകളും പരാമര്‍ശിക്കുന്നുണ്ട്.

വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകളുടെ ഇദ്ദ ആചരണവുമായി ബന്ധപ്പെട്ട ഒരു പരാമര്‍ശമാണ് ഉപര്യുക്ത വചനത്തിലുള്ളത്. ശുദ്ധികാലത്ത് വിവാഹമോചനം ചെയ്യപ്പെട്ട (ഖുല്‍അ്/ ത്വലാഖ്) ഒരു സ്ത്രീയുടെ ഇദ്ദ അതിനു ശേഷമുണ്ടാകുന്ന മൂന്നാമത്തെ ആര്‍ത്തവം തുടങ്ങുന്നതോടെ അവസാനിക്കുന്നു. വിവാഹമോചനം നടക്കുമ്പോഴുള്ള ശുദ്ധിയും ഒന്നാമത്തെയും രണ്ടാമത്തെയും ആര്‍ത്തവത്തിനു ശേഷമുണ്ടാകുന്ന ശുദ്ധിയും കൂടി ആകെ മൂന്ന് 'ഖുല്‍അ്' എന്നര്‍ഥം.
ഇനി ഖുര്‍ആനിന്റെ വിവക്ഷ ആര്‍ത്തവമാണെങ്കില്‍ മൂന്നാമത്തെ ആര്‍ത്തവം കഴിഞ്ഞ് അടുത്ത ശുദ്ധി ആരംഭിക്കുന്നതുവരെയെന്ന വിവക്ഷയാണ് ഖുറൂഅ് കൊണ്ടുള്ള താല്‍പര്യമായി വരുക (വിശുദ്ധ ഖുര്‍ആന്‍ വിവരണം, മുഹമ്മദ് അമാനി മൗലവി, പേജ് 361, വാള്യം 01, 2009).
മുകളില്‍ സൂചിപ്പിച്ച വ്യത്യസ്ത അര്‍ഥങ്ങളില്‍ ശുദ്ധികാലമാണ് ഖുറൂഇന്റെ വിവക്ഷയെന്നാണ് സഹാബികളുടെ അഭിപ്രായങ്ങളെ മുന്‍നിര്‍ത്തി ഭൂരിപക്ഷം പണ്ഡിതരും അഭിപ്രായപ്പെട്ടത്. ഏതായാലും ഒരു പദത്തിന് ഖണ്ഡിതമായ ഒരര്‍ഥത്തിനപ്പുറം ഉപയോഗിക്കാന്‍ സാധ്യതയുള്ള പ്രയോഗമാണ് 'ഖുറൂഅ്' എന്ന വചനം. അര്‍ഥം വ്യത്യാസപ്പെടാതെ ആശയവൈവിധ്യത്തിനു സാധ്യതയുള്ള വചനങ്ങളും കാണാം.
ഒരു പദത്തിന് ഖണ്ഡിതമായ ഒരര്‍ഥത്തിനപ്പുറം ഉപയോഗിക്കാന്‍ സാധ്യതയുള്ള പ്രയോഗമാണ് 'ഖുറൂഅ്' എന്ന വചനം. അര്‍ഥം വ്യത്യാസപ്പെടാതെ ആശയവൈവിധ്യത്തിനു സാധ്യതയുള്ള വചനങ്ങളും കാണാം.
അധ്യായം 5 അല്‍മാഇദ 3-ാം വചനം ഉദാഹരണമായി പരിശോധിക്കാം: ''നിങ്ങളുടെ മേല്‍ ശവം, രക്തം, പന്നിമാംസം എന്നിവ നിഷിദ്ധമാക്കിയിരിക്കുന്നു'' (5:3). ഈ വചനത്തിലെ ശവം (മയ്ത്തത്ത്), രക്തം (ദമ്) എന്നീ പദങ്ങള്‍ക്ക് ഖണ്ഡിതമായി ഒരര്‍ഥമാണെങ്കിലും ആശയതലത്തില്‍ വൈവിധ്യങ്ങള്‍ക്ക് സാധ്യതയുള്ളതാണ്.
ഏത് തരം ശവം? കടല്‍, കര എന്നിവിടങ്ങളിലെ 'ശവ'ത്തിന്റെ വിവക്ഷയില്‍ വ്യത്യാസമുണ്ടോ? ഏത് തരം രക്തം? മതപരമായും നിയമാനുസൃതമായും കൊല ചെയ്യപ്പെട്ട ജീവിയുടെ രക്തം പരിഗണിക്കുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് സാധ്യതയുണ്ട്.
മതം അനുശാസിക്കുന്ന നിബന്ധനകളോടെയല്ലാതെ മരിക്കുകയോ കൊല ചെയ്യപ്പെടുകയോ ചെയ്ത ജീവികളെയാണ് ഇവിടെ മയ്ത്തത്ത് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് ഭൂരിപക്ഷം പണ്ഡിതരും അഭിപ്രായപ്പെട്ടത്. ഖുര്‍ആന്‍ 2:228, 5:3 എന്നീ വചനങ്ങളെയും അര്‍ഥ-ആശയവൈവിധ്യം ഉള്‍ക്കൊള്ളുന്ന സമാന വചനങ്ങളെയും 'ളന്നിയ്യുദ്ദലാല' എന്ന പരിഗണനയിലാണ് വിവക്ഷിക്കുന്നത്.
ഒരേ വിഷയത്തില്‍ തന്നെ നാം കാണുന്ന ഖുര്‍ആനിലെ മറ്റു വചനങ്ങളെയും സഹീഹായ ഹദീസുകളെയും സഹാബികളും സച്ചരിതരും എങ്ങനെയാണ് പരിഗണിച്ചത് എന്ന വസ്തുതയും ഇസ്‌ലാമിന്റെ മൗലികമായ വിശ്വാസ-അനുഷ്ഠാന നിയമനിര്‍ദേശങ്ങളുടെ അന്തസ്സാരം മുഖവിലക്കെടുത്ത് എതിരും വിരുദ്ധവുമാവാത്ത അര്‍ഥവും ആശയവും മതവിധിയും സ്വീകരിക്കുക എന്നതാണ് ഈ രംഗത്ത് മുസ്‌ലിം പണ്ഡിതലോകം പിന്തുടര്‍ന്നുവരുന്ന രീതിശാസ്ത്രം.
പ്രസ്തുത രീതിശാസ്ത്രം അവലംബിക്കാനാണ് ഖുര്‍ആന്‍ നിയമവിജ്ഞാനീയങ്ങള്‍ (ഇല്‍മുല്‍ ഖുര്‍ആന്‍) നിര്‍ദേശിക്കുന്നതും. ഇജ്തിഹാദിന്റെ സാധ്യതകള്‍ 'ളന്നിയ്യായ' വചനങ്ങളിലാണ് ഉണ്ടാവുക എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. മതവിധികള്‍ പുനഃസ്ഥാപിക്കുന്ന വചനങ്ങളില്‍ ഒരേ ശൈലിയല്ല ഖുര്‍ആന്‍ സ്വീകരിക്കുന്നത്.
നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിരിക്കുന്നു (ഹുര്‍രിമത്ത് അലൈക്കും), സ്വീകാര-തിരസ്‌കാരങ്ങള്‍ നിര്‍ബന്ധമാണ് (ഫര്‍ള, കതബ പ്രയോഗങ്ങള്‍), നിങ്ങള്‍ അപ്രകാരം ചെയ്യാന്‍ പാടില്ല (വലാ തഫ്അലൂ, തഖ്തലൂ, തല്‍ബിസൂ), ആരെങ്കിലും അപ്രകാരം ചെയ്താല്‍ ശിക്ഷാര്‍ഹരാണ്/ അല്ല (ലൈസ അലൈകും, ഫലാ ജനാഹ അലൈക്കും) തുടങ്ങിയ ഖുര്‍ആനിക പ്രയോഗങ്ങള്‍ ഉദാഹരണമത്രേ.
ഇത്തരം സന്ദര്‍ഭങ്ങള്‍, സാഹചര്യാനുസാരിയായി അവതരണ പശ്ചാത്തലത്തെയും കാരണങ്ങളെയും (നുസൂലുല്‍ ഖുര്‍ആന്‍) മുന്‍നിര്‍ത്തി ഖുര്‍ആനിക വചനങ്ങളെ പരിശോധിച്ച് ഗ്രഹിക്കുകയാണ് ചെയ്യേണ്ടതെന്നു കാണാം.