വംശവും ഭാഷയും നിറവും ശാസ്ത്ര ശാഖകളുമായി കെട്ടുപിണഞ്ഞ സമസ്യയാണ്

ടി പി എം റാഫി

വംശവും ഭാഷയും നിറവുമൊക്കെ ജനിതക ശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം, ഭാഷാ ശാസ്ത്രം, നരവംശ ശാസ്ത്രം, ചരിത്രം തുടങ്ങിയ വൈജ്ഞാനിക മേഖലകളുമായി കെട്ടുപിണഞ്ഞുകിടക്കുന്ന സമസ്യയാണ്.

നിതക ശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം, ഭാഷാ ശാസ്ത്രം, നരവംശ ശാസ്ത്രം, ചരിത്രം തുടങ്ങിയ വൈജ്ഞാനിക മേഖലകളുമായി കെട്ടുപിണഞ്ഞുകിടക്കുന്ന സമസ്യയാണ് വംശവും ഭാഷയും തൊലിനിറവുമൊക്കെ. ആയിരക്കണക്കിനു വര്‍ഷങ്ങളിലൂടെയുള്ള മനുഷ്യവംശത്തിന്റെ പ്രയാണത്തിലൂടെ പരിണമിച്ചുണ്ടായതാണത്.

തൊലിനിറവും അക്ഷാംശവും

തൊലിനിറവും ഭൂമിയുടെ അക്ഷാംശവും (Latitude) തമ്മിലുള്ള ബന്ധം ശാസ്ത്രം തെളിയിച്ചതാണ്. ഇതിന്റെ കേന്ദ്രബിന്ദു കോശങ്ങളില്‍ കാണുന്ന മെലാനിന്‍ എന്ന വര്‍ണകമാണ്. ഭൂമധ്യരേഖയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ സ്വാഭാവികമായും കൂടുതല്‍ സൂര്യപ്രകാശം ഏല്‍ക്കേണ്ടിവരുമല്ലോ.

ഇവ വൈറ്റമിന്‍-ഡി ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുമെങ്കിലും തൊലിയിലെ ഫോളിക് ആസിഡ് (ജനനവൈകല്യങ്ങള്‍ തടയുന്നതിന് അത്യാവശ്യമായ ഘടകം) നശിപ്പിക്കുകയും ചര്‍മാര്‍ബുദത്തിന് ഹേതുവാകുകയും ചെയ്യും. ഇതിനു പരിഹാരമായി, ജൈവപരിണാമപ്രക്രിയ വഴി, കൂടുതല്‍ മെലാനിനുള്ള ഇരുണ്ട തൊലിയുള്ളവര്‍ ഈ ഭാഗത്ത് കാണപ്പെടുന്നു.

മെലാനിന്‍ പ്രകൃതിദത്തമായ സ്വാഭാവിക സണ്‍സ്‌ക്രീനാണ്. അത് അള്‍ട്രാവയലറ്റ് കിരണങ്ങളെ ആഗിരണം ചെയ്ത് തൊലിയെ കാര്‍സിനോമയില്‍ നിന്നു രക്ഷിക്കുന്നു. സബ്-സഹാറന്‍ ആഫ്രിക്ക, ദക്ഷിണേഷ്യ, മെലനേഷ്യ എന്നിവിടങ്ങളിലെ മനുഷ്യര്‍ ഉദാഹരണം.

ഭൂമിയുടെ ധ്രുവപ്രദേശങ്ങളിലേക്ക് അടുക്കുമ്പോള്‍ അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തീവ്രത കുറഞ്ഞുകുറഞ്ഞുവരുന്നു. വൈറ്റമിന്‍-ഡിയുടെ ഉല്‍പാദനം അവിടങ്ങളില്‍ പ്രയാസകരമാണ്. എല്ലുകളുടെ വൈകല്യങ്ങള്‍ക്ക് (റിക്കറ്റ്‌സ്) ഇതു നിമിത്തമാവും. മെലാനിന്റെ അളവ് കുറഞ്ഞ ചര്‍മമുള്ളവരായി ഇവിടത്തെ മനുഷ്യര്‍ പരിണമിച്ചതിനു പിറകിലും 'സര്‍വൈവലി'ന്റെ ആസൂത്രണം തന്നെ.

ഇളംതൊലി, ചരിഞ്ഞുപതിക്കുന്ന സൂര്യപ്രകാശത്തില്‍ നിന്ന് പരമാവധി വൈറ്റമിന്‍-ഡി ഉല്‍പാദിപ്പിക്കാന്‍ പ്രയോജനപ്പെടുത്തുന്നു. വടക്കന്‍ യൂറോപ്പ്, സ്‌കാന്‍ഡിനേവിയ പോലുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ ഉദാഹരണം. ഭൂമധ്യരേഖയ്ക്കും ധ്രുവങ്ങള്‍ക്കുമിടയിലുള്ള ഇടനില അക്ഷാംശങ്ങളില്‍ വസിക്കുന്നവര്‍ക്ക് കറുപ്പിന്റെയും വെളുപ്പിന്റെയും ഇടയ്ക്കുള്ള ഒരായിരം ഷേഡുകള്‍ ചര്‍മത്തിന് കൈവരുന്നു.

ഉദാഹരണത്തിന്, മെഡിറ്ററേനിയന്‍ പ്രദേശങ്ങളില്‍ ഇരുണ്ട തൊലിയാണ്. പക്ഷേ, വടക്കന്‍ യൂറോപ്യന്‍ ജനതയേക്കാള്‍ ഇളംതൊലിയാണിവര്‍ക്ക്. സൂര്യപ്രകാശത്തിനും വൈറ്റമിന്‍-ഡിയുടെ ഉല്‍പാദനത്തിനുമിടയിലുള്ള സന്തുലിതാവസ്ഥയുടെ പരിണാമപരമായ പ്രതികരണമാണ് തൊലിനിറം.

ഭാഷയും പാരമ്പര്യവും

ഭാഷയും അക്ഷാംശവും തമ്മില്‍ നേരിട്ടുള്ള ജൈവബന്ധമില്ലെന്നു കണ്ടെത്താമെങ്കിലും ഇവ തമ്മിലുള്ള പാരസ്പര്യത്തെ പുതിയ പഠനങ്ങള്‍ തള്ളിക്കളയുന്നില്ല. നമ്മുടെ പൂര്‍വികരായ ആധുനിക മനുഷ്യര്‍ (ഹോമോസാപിയന്‍സ്) ഏതാണ്ട് 70,000 വര്‍ഷം മുമ്പ് ജന്മഗേഹമായ ആഫ്രിക്കയില്‍ നിന്ന് ലോകമെമ്പാടും വ്യാപിച്ചുതുടങ്ങി. (നരവംശത്തിലെ അത്യാധുനികരായ നമ്മള്‍ 'ഹോമോസാപിയന്‍സ് സാപ്പിയന്‍സ്' എന്നാണ് അറിയപ്പെടുന്നത്).

ഈ ഘട്ടത്തില്‍ ജനതതികള്‍ വ്യത്യസ്ത ഭൂപ്രദേശങ്ങളിലായി വിഭജിക്കപ്പെട്ടു, ഉയര്‍ന്ന പര്‍വതങ്ങള്‍, കടലുകള്‍, മരുപ്പച്ചകള്‍ എന്നിവയാല്‍ ചുറ്റപ്പെട്ട മേഖലകളില്‍. ഈ വിഭജിത ജനവിഭാഗങ്ങള്‍ ശതകങ്ങളോളം വേര്‍പെട്ടു ജീവിച്ചപ്പോള്‍ ആദിമ മനുഷ്യരുടെ ഏകതാനമായ ഭാഷയുടെ പ്രാഗ്‌രൂപം സ്വതന്ത്രമായി വികസിച്ചു.

പുതിയ വാക്കുകള്‍, ലിപികള്‍, വ്യാകരണ ഘടനകള്‍, ഉച്ചാരണ വൈവിധ്യങ്ങള്‍ എന്നിവ രൂപപ്പെട്ടു. ഒരു പൂര്‍വിക ഭാഷയില്‍ നിന്ന് ഉരുവംകൊണ്ട ഭാഷകള്‍ ഓരോരോ 'ഭാഷാകുടുംബ'മായി. ഉദാഹരണത്തിന് ഹിന്ദി, ബംഗാളി, സ്പാനിഷ്, റഷ്യന്‍ എന്നിവയെല്ലാം ഇന്‍ഡോ-യുറേഷ്യന്‍ ഭാഷാകുടുംബത്തില്‍ പെട്ടവയാണ്.

ഇന്‍ഡോ-യൂറോപ്യന്‍ ഭാഷാകുടുംബം യുറേഷ്യയിലൂടെ ചേക്കേറി ഐസ്‌ലാന്‍ഡ് മുതല്‍ ഇന്ത്യ വരെ വ്യാപിച്ചു. ആസ്‌ട്രോനേഷ്യന്‍ കുടുംബമാകട്ടെ, കനാക്കകളുടെ സമുദ്രയാത്രകള്‍ വഴി മഡഗാസ്‌കര്‍ മുതല്‍ ഹവായി വരെ സാന്നിധ്യമുറപ്പിച്ചു. അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഭാഷകള്‍ ബെയ്‌റിങ് കടലിടുക്ക് വഴി അവിടേക്ക് ഒഴുകിയെത്തുകയും പിന്നീട് ആയിരക്കണക്കിന് വര്‍ഷങ്ങളിലൂടെ വികസിക്കുകയും ചെയ്തു.

ഒരു നിശ്ചിത അക്ഷാംശത്തില്‍ കാണുന്ന ഭാഷ, അവിടെ ചരിത്രപരമായി ആദ്യം താമസമുറപ്പിച്ച ജനങ്ങളുടെ സാംസ്‌കാരികവും ചരിത്രപരവുമായ പാരമ്പര്യത്തിന്റെ പരിച്ഛേദം കൂടിയാണ്.

വര്‍ണങ്ങളുടെ മിശ്രണം

ദക്ഷിണേന്ത്യയില്‍ ഇരുണ്ട തൊലിയുള്ള ആളുകള്‍ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ വ്യത്യസ്ത ഭാഷാകുടുംബത്തില്‍ പെട്ട ഭാഷകള്‍ സംസാരിക്കാറുണ്ട്. ലാറ്റിനമേരിക്കയിലാണെങ്കില്‍ സ്പാനിഷ് സംസാരിക്കുന്ന ആളുകള്‍ക്കിടയില്‍ വളരെ വ്യത്യസ്തമായ തൊലിനിറമുള്ളവരെ കാണാം. അമേരിക്കന്‍ ഐക്യനാടുകളില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന എല്ലാ വര്‍ണങ്ങളിലും പെട്ട ജനങ്ങളുണ്ട്. എന്താണിതിനു കാരണം?

കുടിയേറ്റം, കോളനിവത്കരണം, സാമൂഹിക വിഭജനം എന്നിവയുടെ പരിണതിയാണത്. ഉദാഹരണത്തിന്, യൂറോപ്യന്‍ കോളനിവാഴ്ചയുടെ പശ്ചാത്തലത്തില്‍ നിശ്ചിത ഭാഷ (ഇംഗ്ലീഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്) ഒരു പ്രത്യേക പ്രദേശത്ത് പ്രബലമാവുകയും ആ പ്രദേശത്ത് പിന്നീട് വിവിധ തൊലിനിറമുള്ളവര്‍ ആ ഭാഷ സംസാരിക്കാന്‍ തുടങ്ങുകയും ചെയ്തു.

തൊലിനിറം, ഭാഷ, അക്ഷാംശം എന്നിവ ചേര്‍ത്തു പഠിക്കുമ്പോള്‍ മനുഷ്യ ജനിതക വൈവിധ്യത്തിന്റെ സങ്കീര്‍ണമായ ചിത്രം നമുക്ക് മനസ്സിലാക്കാനാവും. തൊലിനിറം പരിസ്ഥിതിയോടുള്ള ജൈവികമായ ഇണക്കമാണെങ്കില്‍, ഭാഷ മനുഷ്യസമൂഹത്തിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ ജീവിതസപര്യയുടെ അടയാളപ്പെടുത്തലാണ്. അക്ഷാംശം മാനവ ചരിത്രത്തിന്റെ ഒഴിച്ചുകൂടാനാവാത്ത രംഗഭൂമിയുമാണ്.

തൊലിനിറത്തിനു പരിണാമം സംഭവിക്കാന്‍ ആയിരക്കണക്കിനു വര്‍ഷം വേണം. എന്നാല്‍ മനുഷ്യര്‍ ദേശാടനം നടത്താന്‍ കുറച്ചു കാലം മതി. കുടിയേറ്റമാണ് തൊലിനിറം സമ്മിശ്രമാകാന്‍ ഒരു കാരണം. ചരിത്രാതീത കാലം തൊട്ടേ മനുഷ്യര്‍ യുദ്ധം, വ്യാപാരം, പട്ടിണി തുടങ്ങിയവ നിമിത്തം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പറിച്ചുനടപ്പെട്ടിട്ടുണ്ട്.

ഏകദേശം 15,000- 20,000 വര്‍ഷങ്ങള്‍ക്കു മുമ്പ് വടക്കുകിഴക്കന്‍ ഏഷ്യയിലെ മനുഷ്യര്‍ (ഇന്നത്തെ സൈബീരിയ) ബെയ്‌റിങ് കടലിടുക്കു വഴി അമേരിക്കയിലെത്തി. അവരുടെ തൊലിനിറം ഏഷ്യന്‍ പൂര്‍വികരുമായി ബന്ധപ്പെട്ടതാണ്. അമേരിക്കയിലെ ഇന്ത്യന്‍ ഗോത്രങ്ങള്‍ ഉദാഹരണം.

1492നു ശേഷം യൂറോപ്പില്‍ നിന്ന് ലക്ഷക്കണക്കിനു മനുഷ്യര്‍ അമേരിക്കയിലേക്ക് കൂടുമാറി. ഇരുണ്ട തൊലിയുള്ള ആളുകളെ ആഫ്രിക്കയില്‍ നിന്ന് വ്യത്യസ്ത ഭൂപ്രദേശങ്ങളിലേക്ക് അടിമകളാക്കി കൊണ്ടുപോയി. അതുകൊണ്ടാണ് ഇന്ന് ബ്രസീല്‍ യുഎസ് പോലുള്ള രാജ്യങ്ങളില്‍ വ്യത്യസ്ത തൊലിനിറമുള്ളവര്‍ ഉണ്ടായത്.

'മനുഷ്യവംശത്തിന്റെ സംഗ്രഹാലയം' (Hum-an Population Museum) എന്നാണ് ഇന്ത്യയെ വിശേഷിപ്പിക്കുന്നത്. പുരാതന ആര്യന്‍, ഗ്രീക്ക്, മംഗോളിയന്‍, പേര്‍ഷ്യന്‍ തുടങ്ങിയവരുടെ കടന്നുകയറ്റം ഇന്ത്യയുടെ ജനിതക വൈവിധ്യത്തിനു കാരണമായി. യൂറോപ്യന്‍ ശക്തികള്‍ ലോകമെമ്പാടും കോളനികള്‍ സ്ഥാപിച്ചപ്പോള്‍ ഉയര്‍ന്ന അക്ഷാംശത്തില്‍ നിന്നുള്ള സവര്‍ണര്‍ (ഇളംതൊലി) താഴ്ന്ന അക്ഷാംശങ്ങളിലെ (ഇരുണ്ട തൊലി) പ്രദേശങ്ങളിലെത്തി അവിടെ താമസമാരംഭിച്ചു.

തൊലിനിറം നിര്‍ണയിക്കുന്നത് കുറച്ച് ജീനുകള്‍ മാത്രമല്ല, നൂറുകണക്കിന് ജീനുകളുടെ സങ്കീര്‍ണമായ സംയോജനമാണ്. മനുഷ്യവംശത്തെ തിരിച്ചറിയാനുള്ള വ്യക്തമായ മേല്‍വിലാസമാണ് ജനിതക ഡാറ്റ. തൊലിനിറം സത്യത്തില്‍ ചരിത്രപരവും ജനിതകവുമായ ജീവിതയാത്രാചരിത്രമാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്. ഒരു സ്ഥിരമായ ഭൂമിശാസ്ത്രപരമായ ലേബല്‍ ഇന്ന് അതിനു നല്‍കാനാവില്ല.

തൊലിനിറം പരിസ്ഥിതിയോടുള്ള ജൈവിക ഇണക്കമാണെങ്കില്‍, ഭാഷ മനുഷ്യസമൂഹത്തിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ ജീവിതസപര്യയുടെ അടയാളപ്പെടുത്തലാണ്.

ഭൂമിശാസ്ത്രം (അക്ഷാംശം ഉള്‍പ്പെടെ) ഭാഷകളുടെ ശബ്ദവിന്യാസങ്ങളെയും വ്യവസ്ഥകളെയും പദസമ്പത്തിനെയും രൂപപ്പെടുത്തുന്നുണ്ട്. ഉയര്‍ന്ന അക്ഷാംശങ്ങളില്‍ ഭാഷകള്‍ക്ക് 'എജക്ടീവ്' പോലുള്ള പ്രത്യേക ശബ്ദങ്ങള്‍ ഉണ്ടാക്കാനുള്ള പ്രവണത കൂടുതലാണ്. താരതമ്യേന കനം കുറഞ്ഞ വരണ്ട വായുവിന് അനുയോജ്യമായ ഒരു ഇണക്കമായിരിക്കാമത്.

അന്തരീക്ഷ താപനില, ആര്‍ദ്രത, പരിസ്ഥിതി ഘടകങ്ങള്‍ തുടങ്ങിയ കാരണങ്ങള്‍ ഭാഷാരൂപങ്ങളുടെ പരിണാമത്തെ സ്വാധീനിക്കുന്നു. കണ്ഠനാളത്തില്‍ നിന്നു പുറപ്പെടുന്ന ശബ്ദഘോഷങ്ങള്‍ക്ക് അറബി പോലുള്ള ഉഷ്ണമേഖലാ ഭാഷകള്‍ പ്രാധാന്യം നല്‍കുമ്പോള്‍, ശൈത്യരാജ്യ ഭാഷകള്‍ കുറേക്കൂടി മധ്യമ സ്വരസ്ഥായിയാകുന്നു. ശബ്ദമാധുര്യം, ശബ്ദഗാംഭീര്യം, പദസങ്കലനം, പദസമ്പത്ത് എന്നിവ പിറവിയെടുക്കുന്നത് ഭൂമിശാസ്ത്രപരമായി ഇങ്ങനെയാണ്.

ജനിതക ഡാറ്റ അനാവരണം ചെയ്യുന്നത്

മെലാനിന്‍ പോലുള്ള തൊലിനിറം നിയന്ത്രിക്കുന്ന ജീനുകള്‍ (MC1R, SLC24A5, SLC45A2) ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഉയര്‍ന്ന അക്ഷാംശങ്ങളില്‍ (ഉദാ: സ്‌കാന്‍ഡിനേവിയ) ജീവിക്കുന്ന ജനങ്ങളില്‍ ഇളംതൊലിക്ക് കാരണമാകുന്ന ജനിതക വ്യതിയാനങ്ങളുടെ ആവൃത്തി വളരെ കൂടുതലാണ്. ഇത് സൂര്യപ്രകാശത്തിന് അനുസൃതമായ പ്രകൃതിനിര്‍ധാരണത്തിന്റെ നിദര്‍ശനമാണ്. ഒരു പ്രത്യേക അക്ഷാംശത്തിന് അനുയോജ്യമായ തൊലിനിറം ജനിതകമായി കോഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഗവേഷകര്‍ വെളിപ്പെടുത്തുന്നു.

ഭാഷയ്ക്കും ജനിതക ചരിത്രമുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. ഒരേ ഭാഷാകുടുംബത്തില്‍ പെട്ട ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങള്‍ (ഉദാ: ഇന്തോ-യൂറോപ്യന്‍ ഭാഷ സംസാരിക്കുന്നവര്‍) ജനിതകമായി പരസ്പരം സാദൃശ്യം പ്രദര്‍ശിപ്പിക്കുന്നു എന്നതാണ് കൗതുകമുണര്‍ത്തുന്ന വസ്തുത. ഇതു സൂചിപ്പിക്കുന്നത്, ഒരുകാലത്ത് അവര്‍ക്ക് ഒരു പൊതുപൂര്‍വികമായ ഭാഷാകുടുംബമുണ്ടെന്നാണ്. ആ പൂര്‍വിക കുടുംബം ഒരു 'പ്രോട്ടോ ഭാഷ' സംസാരിച്ചിരുന്നിരിക്കാം. അതു പിന്നീട് വിവിധ ഭാഷാ കൈവഴികളായി ഒഴുകിയിട്ടുണ്ടാവണം.

ജനിതക വ്യത്യാസത്തിന്റെ അളവ് അടിസ്ഥാനമാക്കി ഇന്നു ശാസ്ത്രജ്ഞര്‍ക്ക് ജനവിഭാഗങ്ങള്‍ പരസ്പരം വിഭജിക്കപ്പെട്ട് വ്യത്യസ്ത വര്‍ഗങ്ങളും ഗോത്രങ്ങളുമായി പരിണമിച്ച ഏകദേശ കാലഘട്ടം ഗണിച്ചെടുക്കാം. ഇതു പലപ്പോഴും ഭാഷാവിഭജനത്തിന്റെ കാലയളവുമായി വിസ്മയമുണര്‍ത്തുംവിധം യോജിച്ചുനില്‍ക്കുന്നു. ജനിതക വിശകലന സങ്കേതങ്ങള്‍ വഴി ഒരു വ്യക്തിയുടെ ജീനോമില്‍ വിവിധ പൂര്‍വിക ജനവിഭാഗങ്ങളുടെ (ഉദാ: യൂറോപ്യന്‍, ആഫ്രിക്കന്‍, നേറ്റീവ് അമേരിക്കന്‍) എത്ര ശതമാനം സാന്നിധ്യമുണ്ടെന്നു കണക്കാക്കാന്‍ കഴിയും.

ഉദാഹരണത്തിന്, ലാറ്റിനമേരിക്കയില്‍ നിന്നുള്ള ആളുകളുടെ ജനിതക ഡാറ്റ പരിശോധിച്ചാല്‍ ഡിഎന്‍എയില്‍ യൂറോപ്യന്‍, ആഫ്രിക്കന്‍, നേറ്റീവ് അമേരിക്കന്‍ എന്നീ മൂന്നു പൂര്‍വിക ജനവിഭാഗങ്ങളില്‍ നിന്നുള്ള ഘടകങ്ങള്‍ വ്യത്യസ്ത തോതില്‍ കലര്‍ന്നതായി കാണാം. ഈ ജനിതക മിശ്രണമാണ് ഒരേ പ്രദേശത്തുതന്നെ വ്യത്യസ്ത തൊലിനിറങ്ങള്‍ക്ക് കാരണം.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ജനതയുടെ ജനിതക പഠനങ്ങള്‍, ANI (Ancestral North India), ASI (Ancestral South India) എന്നീ രണ്ടു പ്രധാന പൂര്‍വിക സമൂഹങ്ങളുടെ മിശ്രണം വെളിപ്പെടുത്തുന്നു. ഉത്തരേന്ത്യക്കാര്‍ എഎന്‍ഐയുമായി കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നു. അതിന്റെ വേരുകള്‍ മധ്യേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് നീണ്ടുപോകുന്നു. ദക്ഷിണേന്ത്യക്കാര്‍ക്കാകട്ടെ, എഎസ്‌ഐയുമായാണ് കൂടുതല്‍ അടുപ്പം. പ്രാദേശികമായ അടിവേരുകള്‍ അതു വ്യക്തമാക്കുന്നു.

ചുരുക്കിപ്പറഞ്ഞാല്‍, മനുഷ്യര്‍ വ്യത്യസ്ത വംശങ്ങളും ഗോത്രങ്ങളും ഭാഷക്കാരും വര്‍ണക്കാരുമായത് ചരിത്രപരവും ജനിതകവുമായി വലിയ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്; ജനതതികളെ ശാസ്ത്രീയമായി വേര്‍തിരിച്ചു മനസ്സിലാക്കാനുള്ള ശക്തമായ ഉപാധിയും. വിശുദ്ധ ഖുര്‍ആന്‍ മനുഷ്യനെ നരവംശ ശാസ്ത്രത്തിലെ ഈ നിരുപമ വൈജ്ഞാനിക മേഖലയെ നേരത്തെ പരിചയപ്പെടുത്തിയത് കാണുക:

''ആകാശഭൂമികളുടെ സൃഷ്ടിപ്പിലും നിങ്ങളുടെ ഭാഷകളുടെയും വര്‍ണങ്ങളുടെയും വൈവിധ്യത്തിലും സൂക്ഷ്മജ്ഞാനമുള്ളവര്‍ക്ക് ഒട്ടേറെ ദൃഷ്ടാന്തങ്ങളുണ്ട്'' (30:22). ''മനുഷ്യരേ, നിങ്ങളെ ഒരു പുരുഷനില്‍ നിന്നും ഒരു സ്ത്രീയില്‍ നിന്നുമാണ് നാം സൃഷ്ടിച്ചിരിക്കുന്നത്. നിങ്ങള്‍ പരസ്പരം തിരിച്ചറിയാന്‍ വേണ്ടി നിങ്ങളെ നാം വ്യത്യസ്ത വംശങ്ങളും ഗോത്രങ്ങളുമാക്കി. അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാണ്''(49:13).


ടി പി എം റാഫി വർഷങ്ങളായി ശബാബ് വാരികയിൽ എഴുതുന്നു. ഖുർആൻ വൈജ്ഞാനിക മേഖലയാണ് ഇഷ്ടവിഷയം. ആനുകാലികങ്ങളിൽ ശാസ്ത്ര മേഖലയിലെ വിവിധ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു. അഞ്ചു പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.