നബിദിനം എന്ന ഒരാഘോഷം ഇസ്‌ലാമിലില്ല. റബീഉല്‍ അവ്വല്‍ മാസത്തെയോ നബി ജനിച്ച ദിവസത്തെയോ പ്രകീര്‍ത്തിച്ച് വിശുദ്ധ ഖുര്‍ആനിലോ തിരുസുന്നത്തിലോ യാതൊരു പരാമര്‍ശവുമില്ല.
റബീഉല്‍അവ്വല്‍ മാസം പിറന്നു. ലോക മുസ്‌ലിംകളില്‍ വലിയൊരു വിഭാഗം നബിദിനം ആചരിച്ചുകൊണ്ടിരിക്കുന്നു. ഖിയാമത്ത് നാള്‍ വരുന്നതിനു മുമ്പായി എന്റെ സമുദായം മുമ്പുള്ള സമുദായങ്ങളെ ചാണോടു ചാണായും മുഴത്തോടു മുഴമായും പിന്തുടര്‍ന്നുകൊണ്ടേയിരിക്കും എന്ന പ്രവാചകന്റെ പ്രവചനം പുലരുന്നതാണ് നമ്മള്‍ കാണുന്നത്. നബിയോട് ചോദിക്കപ്പെട്ടു: ''പേര്‍ഷ്യക്കാരെയും റോമക്കാരെയുമാണോ അല്ലാഹുവിന്റെ റസൂലേ പിന്തുടരുന്നത്? അവിടുന്ന് പറഞ്ഞു: അവരല്ലാതെ പിന്നെയേതാണ് ആ മനുഷ്യന്മാര്‍?'' (ബുഖാരി 7319)
ഒരു റിപ്പോര്‍ട്ടില്‍ ഇങ്ങനെയാണ്: ''നിങ്ങള്‍ പൂര്‍വിക സമുദായത്തെ ചാണോടു ചാണായും മുഴത്തോടു മുഴമായും പിന്തുടര്‍ന്നുകൊണ്ടിരിക്കും. അവര്‍ ഒരു ഉടുമ്പിന്റെ മാളത്തില്‍ പ്രവേശിച്ചാല്‍ നിങ്ങളും അതേ മാളത്തില്‍ പ്രവേശിക്കും. നബിയോട് ചോദിക്കപ്പെട്ടു: ജൂതരെയും ക്രിസ്ത്യാനികളെയുമാണോ പിന്തുടരുന്നത്? നബി പറഞ്ഞു: പിന്നല്ലാതെ ആരെയാണ്?'' (ബുഖാരി 7320)
ഇതൊക്കെ ഈ സമുദായത്തില്‍ കടന്നുവരുന്ന അനാചാരങ്ങളെപ്പറ്റിയുള്ള അല്ലാഹുവിന്റെ ദൂതന്റെ പ്രവചനമാണ്. ഈ പ്രവചനങ്ങള്‍ ഓരോന്നും പുലര്‍ന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ട് നബി(സ) അല്ലാഹുവിന്റെ ദൂതനാണെന്ന് വിശ്വാസികള്‍ക്ക് ദൃഢമായിക്കൊണ്ടിരിക്കുന്നു.
നബിദിനം എന്ന ഒരാഘോഷം ഇസ്‌ലാമിലില്ല. റബീഉല്‍ അവ്വല്‍ മാസത്തെയോ നബി ജനിച്ച ദിവസത്തെയോ പ്രകീര്‍ത്തിച്ചുകൊണ്ട് വിശുദ്ധ ഖുര്‍ആനിലോ തിരുസുന്നത്തിലോ യാതൊരു പരാമര്‍ശവുമില്ല. അറബി മാസങ്ങളിലെ മൂന്നാമത്തെ മാസമാണ് റബീഉല്‍ അവ്വല്‍. അറബികള്‍ക്കിടയില്‍ റബീഉല്‍ അവ്വല്‍, റബീഉല്‍ ആഖിര്‍ എന്നിങ്ങനെ രണ്ടു വസന്തകാലങ്ങളാണ്. ഈ രണ്ടു മാസങ്ങളിലും ഇസ്‌ലാമില്‍ എന്തെങ്കിലും ആഘോഷമുള്ളതായി ഖുര്‍ആനിലോ നബിവചനങ്ങളിലോ വന്നിട്ടില്ല.
നാലു ഖലീഫമാരുടെ കാലത്തും ഇങ്ങനെയാരു ആഘോഷം ഉണ്ടായിട്ടില്ല. 'എന്റെ നൂറ്റാണ്ടാണ് ഏറ്റവും ഉത്തമമായ നൂറ്റാണ്ട്. പിന്നീട് അതിനോട് അടുത്ത് വരുന്ന രണ്ട് നൂറ്റാണ്ടുകളാണ് ഉത്തമമായത്' എന്നും നബി പ്രവചിച്ചിട്ടുണ്ട്. ഈ മൂന്നു നൂറ്റാണ്ടുകളിലും നബിദിനം എന്ന പേരിലൊരു ആഘോഷം മുസ്‌ലിംകള്‍ക്കിടയില്‍ ഉണ്ടായിട്ടില്ല.
ഇപ്പോള്‍ അറബി വര്‍ഷം 1447 ആണ്. ഹിജ്റ 363ല്‍ ഫാത്തിമികളാണ് മൗലിദ് ആഘോഷം തുടങ്ങിവെച്ചത്. നബിയുടെ ഗുണങ്ങള്‍ വാഴ്ത്തുകയും ചരിത്രം പാരായണം ചെയ്യുകയും വലിയ സദ്യകള്‍ നടത്തുകയും ചെയ്തുകൊണ്ടാണ് ആരംഭം. മൗലിദ് എന്ന പേരിലാണ് അവര്‍ ഇത് ആഘോഷിച്ചുവരുന്നത്. ആ പദത്തിന് രണ്ടു വിവക്ഷയാണുള്ളത്: ഒന്ന് ജനിച്ച സമയം, മറ്റൊന്ന് ജനിച്ച സ്ഥലം.

നബി ജനിച്ച മാസം റബീഉല്‍ അവ്വല്‍ ആണെന്നതിലും ജനിച്ച സ്ഥലം മക്കയാണ് എന്നതിലും അഭിപ്രായവ്യത്യാസമില്ല. എന്നാല്‍ ഏത് ദിവസമാണ് നബി ജനിച്ചതെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. റബീഉല്‍ അവ്വല്‍ 12നാണ് എന്നാണ് ഭൂരിപക്ഷ അഭിപ്രായം.
ഇസ്‌ലാമില്‍ രണ്ട് ആഘോഷങ്ങളാണുള്ളത്. ഒന്ന് ഈദുല്‍ ഫിത്വ്ര്‍, മറ്റൊന്ന് ഈദുല്‍ അദ്ഹ. ഇത് രണ്ടും എന്നാണ് ആഘോഷിക്കുന്നത്, എങ്ങനെയാണ് ആഘോഷിക്കേണ്ടത് എന്നതില്‍ മുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല. പ്രവാചകന്റെ ജന്മം സംബന്ധിച്ച് വിശുദ്ധ ഖുര്‍ആനില്‍ യാതൊരു പരാമര്‍ശവുമില്ല. കാരണം അതില്‍ യാതൊരു അസാധാരണത്വവും ഇല്ലാത്തതുകൊണ്ടായിരിക്കണം.
നബിയുടെ ജന്മത്തിന് വഹ്‌യുമായി യാതൊരു ബന്ധവുമില്ലെങ്കിലും മരണത്തോടുകൂടി വഹ്‌യ് അവസാനിച്ചു എന്നൊരു ദുഃഖമുണ്ട്. അത് പലപ്പോഴും സഹാബികള്‍ക്കുണ്ടായിരുന്നു.
ഒരു പ്രവാചകന്റെ ജന്മം സംബന്ധിച്ച് വിശുദ്ധ ഖുര്‍ആന്‍ വിശദമായി പറഞ്ഞത് ഈസാ നബിയുടെ ജന്മത്തെ സംബന്ധിച്ചാണ്. അതൊരു അസാധാരണ ജന്മമായിരുന്നു. മാതാവും പിതാവുമില്ലാതെയാണ് അല്ലാഹു ആദ്യ മനുഷ്യന്‍ ആദമിനെ സൃഷ്ടിച്ചത്. പിന്നീട് സ്ത്രീയെ സൃഷ്ടിച്ചു. സ്ത്രീപുരുഷ സമ്പര്‍ക്കത്തിലൂടെ തലമുറകള്‍ രൂപപ്പെട്ടു.
ആദ്യം ഒരു പുരുഷനില്‍ നിന്ന് സ്ത്രീയെയാണ് അല്ലാഹു സൃഷ്ടിച്ചത്. ആയിരക്കണക്കിന് നൂറ്റാണ്ട് കഴിഞ്ഞതിനു ശേഷം ഒരു സ്ത്രീയില്‍ നിന്ന് ഒരു പുരുഷനെയും അല്ലാഹു സൃഷ്ടിച്ചു. അതൊരു ദൃഷ്ടാന്തവും ഒരു അദ്ഭുത ജന്മവുമായിരുന്നു. ആ ജന്മം അടിസ്ഥാനമാക്കിയാണ് ക്രിസ്തുവര്‍ഷം കണക്കാക്കിവരുന്നത്.
മുഹമ്മദ് നബി(സ) ജനിച്ചതില്‍ അത്തരം ദൃഷ്ടാന്തങ്ങളൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ട് നബിയുടെ ജന്മം മുതല്‍ ആരും വര്‍ഷം കണക്കാക്കിയിട്ടില്ല. ക്രിസ്ത്യാനികളെ പിന്തുടരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവര്‍ നബി ജനിച്ച വര്‍ഷം മുതല്‍ എണ്ണിവരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ 1500 വര്‍ഷമായെന്ന് കണക്കുകൂട്ടിക്കൊണ്ടാണ് ഈ കൊല്ലം അവര്‍ നബിദിനം ആഘോഷിച്ചുകൊണ്ടിരിക്കുന്നത്.
ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ നിലവില്‍ വന്നതിനു ശേഷം രണ്ടാം ഖലീഫ ഉമറിന്റെ കാലത്ത് എന്തിനെ അടിസ്ഥാനമാക്കിയാണ് വര്‍ഷം എണ്ണിവരേണ്ടതെന്ന ചര്‍ച്ച നടക്കുകയുണ്ടായി. പലതും ചര്‍ച്ചയില്‍ വന്നു. നബി ജനിച്ച ദിവസം, നബി മരണപ്പെട്ട ദിവസം, ഇസ്‌ലാമിക രാഷ്ട്രത്തിന് വലിയ വിജയമുണ്ടായ ദിവസം, നബിയുടെ ജന്മനാട്ടില്‍ അല്ലാഹുവിനെ മാത്രം ആരാധിക്കാന്‍ സ്വാതന്ത്ര്യമില്ലാത്തതുകൊണ്ട് മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്‌റ പോയ ദിവസം എന്നിവയെല്ലാം പരിഗണനയില്‍ വന്നു. അവസാനം ഹിജ്‌റക്കാണ് അവര്‍ പ്രാധാന്യം കൊടുത്തത്. അതുകൊണ്ടാണ് മുസ്‌ലിംകള്‍ ഹിജ്‌റ വര്‍ഷം എണ്ണിവരുന്നത്.
നബി ജനിക്കുമ്പോള്‍ തന്നെ പ്രവാചകനായിരുന്നില്ല. എന്നാല്‍ ഈസാ നബിക്ക് ജനിച്ചയുടനെ അല്ലാഹുവിന്റെ സന്ദേശം ലഭിക്കുകയും തൊട്ടിലില്‍ കിടന്ന് സംസാരിക്കുകയും ചെയ്തത് അല്ലാഹുവിന്റെ ദൃഷ്ടാന്തമായി വിശുദ്ധ ഖുര്‍ആന്‍ എടുത്തുപറയുന്നുണ്ട്. അങ്ങനെ എന്തെങ്കിലും ദൃഷ്ടാന്തങ്ങളോ പ്രാധാന്യങ്ങളോ നബിയുടെ ജന്മത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ഖുര്‍ആന്‍ അത് പറയുമായിരുന്നു. നബി അത് ആഘോഷിക്കുകയും ചെയ്യുമായിരുന്നു.
നബിയുടെ പ്രാധാന്യം ജന്മം കൊണ്ടല്ല, നബിക്ക് ദിവ്യസന്ദേശം ലഭിച്ചതുകൊണ്ടാണ്. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസത്തിന്റെയും ദിവസത്തിന്റെയും പ്രാധാന്യം ഖുര്‍ആന്‍ തന്നെ വിവരിച്ചിട്ടുണ്ട്. അതാണ് റമദാന്‍ മാസത്തിന്റെയും ലൈലത്തുല്‍ ഖദ്‌റിന്റെയും പ്രാധാന്യം. നബി ജനിച്ചത് ഒരു തിങ്കളാഴ്ച ആയിരുന്നു. നബിക്ക് വഹ്‌യ് കിട്ടിയതും തിങ്കളാഴ്ച തന്നെയായിരുന്നു.
അതുകൊണ്ട് തിങ്കളാഴ്ചയുടെ പ്രാധാന്യം വെച്ചുകൊണ്ട് അന്ന് നോമ്പ് അനുഷ്ഠിക്കല്‍ സുന്നത്താണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇന്ന് നബിദിനം ആഘോഷിക്കുന്നവര്‍ നോമ്പ് അനുഷ്ഠിക്കുന്നതിനു പകരം ക്രിസ്ത്യാനികള്‍ ക്രിസ്മസ് ആഘോഷിക്കുന്നതുപോലെ ആഘോഷിക്കുകയാണ് ചെയ്യുന്നത്.
ലോകത്തിന്റെ പല ഭാഗത്തുള്ള മുസ്‌ലിംകളും വിവിധ രൂപത്തില്‍ നബിദിനം ആഘോഷിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇസ്‌ലാമിന്റെ ആദര്‍ശം മുറുകെപ്പിടിക്കുന്നവര്‍ ഒരു ന്യൂനപക്ഷമായിരിക്കും എന്ന് ചില ഹദീസുകളില്‍ കാണാം. അതുകൊണ്ട് അവസാന കാലം ഇസ്‌ലാമിക ആചാരങ്ങള്‍ തനിമയോടുകൂടി നിലനില്‍ക്കുക മക്ക-മദീന അടങ്ങിയ ഹിജാസിലായിരിക്കും. മക്കയിലും മദീനയിലും നബിദിനാഘോഷം നടക്കുന്നില്ല.
നബിയുടെ പ്രവചനത്തില്‍ ഇങ്ങനെ കാണാം: ''ഇസ്‌ലാമും അതുപോലെ ഈമാനും അവസാനം മദീനയിലേക്ക് മടങ്ങിയെത്തും, പാമ്പ് അതിന്റെ മാളത്തില്‍ നിന്ന് പുറപ്പെട്ട് അതേ മാളത്തിലേക്കു തന്നെ മടങ്ങിയെത്തുന്നതുപോലെ'' (മുസ്‌ലിം 147). നബിയുടെ പ്രവചനങ്ങളെ സാക്ഷാത്കരിക്കുന്ന പോലെയാണ് നബിദിനാഘോഷവും നമുക്ക് കാണാന്‍ സാധിക്കുന്നത്.
ക്രിസ്തുമസ് ആഘോഷിക്കുന്നതുപോലെ തന്നെ നബിദിനാഘോഷത്തിനും പുതിയ ആചാരങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. പള്ളികള്‍ വര്‍ണശബളമായി അലങ്കരിക്കുന്നു. വിവിധ കളികളും കലകളും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. സന്തോഷത്തോടെ തുള്ളിച്ചാടി ആഘോഷിക്കുന്നവര്‍ക്ക് നബി(സ) മരണപ്പെട്ടത് ഈ ദിനത്തില്‍ തന്നെയായിരുന്നു എന്നൊരു ഓര്‍മ പോലുമില്ല. എന്നാല്‍ നബിയുടെ ജന്മത്തിന് വഹ്‌യുമായി യാതൊരു ബന്ധവുമില്ലെങ്കിലും മരണത്തോടുകൂടി വഹ്‌യ് അവസാനിച്ചു എന്നൊരു ദുഃഖമുണ്ട്. അത് പലപ്പോഴും സഹാബികള്‍ക്കുണ്ടായിരുന്നു.
നബി(സ)യുടെ ജീവിതകാലത്ത് നബി മാതാവിനെപ്പോലെ ആദരിച്ചിരുന്ന ഒരു മഹതിയായിരുന്നു ഉമ്മു അയ്മന്‍(റ). നബിയുടെ മരണശേഷം അബൂബക്കര്‍ സിദ്ദീഖ്(റ), ഉമര്‍(റ) പോലുള്ള സഹാബികള്‍, നബി സന്ദര്‍ശിച്ചിരുന്നതുപോലെ ഉമ്മു അയ്മനെ ഒരിക്കല്‍ സന്ദര്‍ശിച്ചു. അവരെ കണ്ടപ്പോള്‍ ഉമ്മു അയ്മന്‍ പൊട്ടിക്കരഞ്ഞു. അവര്‍ മഹതിയോട് പറഞ്ഞു: 'എന്തിനാണ് നിങ്ങള്‍ കരയുന്നത്, നബിക്ക് അല്ലാഹുവിന്റെ അടുക്കല്‍ ഈ ലോകത്ത് ഉണ്ടായിരുന്നതിനേക്കാള്‍ സുഖമായിരിക്കും എന്ന് നിങ്ങള്‍ക്കറിയില്ലേ'. 'അത് എനിക്കറിയാം. ഞാന്‍ അതുകൊണ്ടല്ല ദുഃഖിക്കുന്നത്. വഹ്‌യ് നിന്നുപോയല്ലോ, ഇനി വഹ്‌യ് ഉണ്ടാവില്ലല്ലോ എന്ന കാര്യത്തിലാണ് എനിക്ക് ദുഃഖം' - മഹതി പറഞ്ഞു.
എല്ലാവരും കരഞ്ഞുപോയി. നബിയുടെ മഹത്വം ജന്മസിദ്ധമല്ല, അത് വഹ്‌യ് കൊണ്ടാണെന്ന പ്രത്യേകതയില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനും ജയന്തി ആഘോഷിക്കുന്ന മറ്റു മഹാന്മാരെപ്പോലെയാണ് മുഹമ്മദ് നബിയും എന്ന് വരുത്തിത്തീര്‍ക്കാനുമുള്ള പൈശാചിക പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് നബിദിനാഘോഷം.
നബിയുടെ ചരിത്രം പറയുകയും മദ്ഹ് ഉദ്‌ഘോഷിക്കുകയും ചെയ്യുന്നത് നല്ല ബിദ്അത്താണ് എന്നു പറഞ്ഞ് ഇതിനെ ന്യായീകരിക്കുന്നവരാണ് ആഘോഷിക്കുന്നവര്‍. നബിയുടെ ചരിത്രം പഠിക്കാനും പ്രചരിപ്പിക്കാനും ഒരു പ്രത്യേക ദിനമോ മാസമോ തിരഞ്ഞെടുക്കേണ്ടതില്ല. 'വിശുദ്ധ ഖുര്‍ആന്‍ നബിയുടെ സ്വഭാവമാണ്' എന്ന് നബിയുടെ പ്രിയ പത്‌നി ആയിശ(റ) പറഞ്ഞിട്ടുണ്ട്.
ആ ഖുര്‍ആനില്‍ തന്നെ നബിയുടെ മദ്ഹ് എത്രയോ കാണാന്‍ സാധിക്കും. എന്നാല്‍ നബിദിനം ആഘോഷിക്കുന്നവര്‍ നബിയെ പുകഴ്ത്തുക എന്ന പേരില്‍ ധാരാളം കള്ള ഹദീസുകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇന്നത്തെ മൗലിദുകള്‍ എന്നു പറയുന്ന ഗ്രന്ഥങ്ങളിലെല്ലാം കാണുന്നത് അത്തരം വ്യാജ ഹദീസുകളും നബിയെ അമിതമായി പുകഴ്ത്തുകയും അല്ലാഹുവോട് പങ്കുചേര്‍ക്കുകയും ചെയ്യുന്ന മഹാ പാപവുമാണ്. നബി(സ) ഒരിക്കല്‍ പറഞ്ഞു: 'ക്രിസ്ത്യാനികള്‍ യേശുവിനെ പുകഴ്ത്തുന്നപോലെ നിങ്ങള്‍ അമിതമായി എന്നെ പുകഴ്ത്തരുത്.'

മനുഷ്യവര്‍ഗത്തിനു മോക്ഷം നല്‍കുന്നത് യേശുവാണെന്ന് ക്രിസ്ത്യാനികള്‍ പറയുമ്പോള്‍, മുഹമ്മദ് നബിയാണ് മോക്ഷം നല്‍കുന്ന രക്ഷകന്‍ എന്നാണ് നബിദിനാഘോഷക്കാര്‍ വിശേഷിപ്പിക്കുന്നത്. യേശുവിനോട് ക്രിസ്ത്യാനികള്‍ പാപമോചനത്തിന് അപേക്ഷിക്കുന്നപോലെ തന്നെ നബിദിനാഘോഷക്കാര്‍ നബിയോട് പാപമോചനത്തിന് അപേക്ഷിക്കുന്നു.
ക്രിസ്ത്യാനികളുടെ പ്രാര്‍ഥനകള്‍ പലതും ഗാനരൂപത്തിലാണ്. അതുപോലെ തന്നെയാണ് ചിലര്‍ ഗാനരൂപത്തില്‍ നബിയോട് പ്രാര്‍ഥിക്കുന്നത്. 'കണക്കും കൈയുമില്ലാതെ ഞാന്‍ പാപങ്ങള്‍ ചെയ്തുകൂട്ടിയിട്ടുണ്ട്. അതുകൊണ്ട് എന്റെ പാപങ്ങള്‍ പൊറുക്കാന്‍ അങ്ങയോട് മാത്രം സങ്കടപ്പെട്ടുകൊണ്ടിരിക്കുന്നു...'- ഇതെല്ലാം നബിയോടുള്ള പ്രാര്‍ഥനകള്‍ അടങ്ങിയ ഗാനങ്ങളാണ്.
ഖുര്‍ആന്‍ നബിയെപ്പറ്റി പുകഴ്ത്തി പറഞ്ഞ സൂക്തങ്ങള്‍ നബിദിനത്തിന് തെളിവായി ഇവര്‍ ഉദ്ധരിക്കാറുണ്ട്. എന്നാല്‍ ഖുര്‍ആന്‍ അതെല്ലാം പറയുന്നത് നബിയുടെ ജന്മത്തെ സംബന്ധിച്ചല്ല, നബിക്ക് വഹ്‌യ് നല്‍കി അല്ലാഹുവിന്റെ ദൂതനായി നിശ്ചയിച്ചതിനെ സംബന്ധിച്ചാണ്. നബിദിനാഘോഷത്തിനു തെളിവായി ഉദ്ധരിക്കാറുള്ളത് സൂറഃ യൂനുസിലെ 57, 58 ആയത്തുകളാണ്.
എന്നാല്‍ ആ ആയത്തില്‍ പറയുന്നത് നബിയുടെ ജന്മത്തെപ്പറ്റിയല്ല. നബിക്ക് ഖുര്‍ആന്‍ ഇറക്കിയതിനെ സംബന്ധിച്ചും അതിന്റെ മഹത്വത്തെ സംബന്ധിച്ചുമാണ്. ആ ആയത്തിന്റെ ആശയം ഇങ്ങനെയാണ്: 'ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും നിങ്ങളുടെ മനസ്സുകളിലുള്ള രോഗങ്ങള്‍ക്കുള്ള ശമനവും സത്യവിശ്വാസികള്‍ക്കുള്ള മാര്‍ഗദര്‍ശനവും ഇതാ വന്നുകിട്ടിയിരിക്കുന്നു. അതുകൊണ്ട് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടും അതിനാല്‍ നിങ്ങള്‍ സന്തോഷിക്കുക.'
വിശുദ്ധ ഖുര്‍ആനിനെ സംബന്ധിച്ചും അതുെകാണ്ടുള്ള അനുഗ്രഹങ്ങളെക്കൊണ്ടും സന്തോഷിക്കാനാണ് ഖുര്‍ആന്‍ പറയുന്നത്. നബിയുടെ ജന്മവുമായി ആ സൂക്തത്തിനു യാതൊരു ബന്ധവുമില്ല. ലോകര്‍ക്കാകമാനം കാരുണ്യമായിട്ടാണ് നിങ്ങളെ ഞാന്‍ നിയോഗിച്ചത് എന്ന് വിശുദ്ധ ഖുര്‍ആന്‍ 21:107ല്‍ പറയുന്നു. അതും നബിയെ നിയോഗിച്ചതിനെപ്പറ്റിയാണ്, നബിക്ക് ജന്മം നല്‍കിയതിനെപ്പറ്റിയല്ല.
ഇത് ബിദ്അത്താണെന്ന് സമ്മതിച്ചുകൊണ്ട്, എന്നാലും ഇത് നല്ലതാണെന്നു പറയുന്നവര്‍ എന്തു നന്മയാണ് ഉദ്ദേശിക്കുന്നത്? പരലോകത്ത് നന്മയാകുമെങ്കില്‍ അത് നബിയും സഹാബത്തും ചെയ്യേണ്ടതായിരുന്നു.
വിശുദ്ധ ഖുര്‍ആനിനെ സംബന്ധിച്ചും അതുെകാണ്ടുള്ള അനുഗ്രഹങ്ങളെക്കൊണ്ടും സന്തോഷിക്കാനാണ് ഖുര്‍ആന്‍ പറയുന്നത്. നബിയുടെ ജന്മവുമായി ആ സൂക്തത്തിനു യാതൊരു ബന്ധവുമില്ല.
നബിയുടെ കാലത്ത് ഇല്ലാത്ത പുതിയ രീതിയില്‍ ഒരുകൂട്ടം നാമം ജപിക്കുന്നതു സംബന്ധിച്ച് ഇബ്‌നു മസ്ഊദ് (റ) ഇങ്ങനെ പറയുകയുണ്ടായി: ''കൂട്ടരേ, നിങ്ങള്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? ഇപ്പോള്‍ തന്നെ ഈ ജാതി അനാചാരങ്ങള്‍ തുടങ്ങുകയാണോ? അന്യായമായ ഒരു ആചാരം നിങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു. അതല്ല മുഹമ്മദ് നബിയേക്കാളും സ്വഹാബത്തിനേക്കാളും വിവരമുള്ളവരാണോ നിങ്ങള്‍?'' (ദാരിമി).
ഒരു ആചാരത്തിന് പരലോകത്ത് നന്മ കിട്ടുമെന്ന്, വഹ്‌യ് കിട്ടാതെ ആര്‍ക്കും പറയാന്‍ സാധ്യമല്ല. എന്നാല്‍ ഭൗതികമായ ചില കാര്യങ്ങള്‍ക്ക് ഇഹലോകത്ത് നല്ല ഫലം അനുഭവിക്കാന്‍ സാധിക്കുന്നുവെങ്കില്‍ അത് നബിയുടെ കാലത്ത് ഇല്ലാത്തതുമാണെങ്കില്‍ അതിനെ നല്ല ബിദ്അത്തെന്ന് ഭാഷാപരമായി പറയാറുണ്ട്. ഇന്നത്തെ പുതിയ കണ്ടുപിടിത്തങ്ങളായ ഉപകരണങ്ങളും വാഹനങ്ങളും ഉപയോഗിക്കുന്നതെല്ലാം ആ കൂട്ടത്തില്‍ പെടുന്നു.
എന്നാല്‍ നബിദിനാഘോഷവും മൗലിദ് ആഘോഷവും കൊണ്ട് മതപുരോഹിതന്മാര്‍ക്ക് ഭൗതികനേട്ടമുണ്ടാകുന്നു എന്നല്ലാതെ സത്യവിശ്വാസികള്‍ക്ക് യാതൊരു നേട്ടവും ഉണ്ടാകുന്നില്ല. മാത്രമല്ല, അവരുടെ സാധാരണ ആരാധനാ കര്‍മങ്ങള്‍ പോലും നിഷ്ഫലമായിത്തീരുന്ന ശിര്‍ക്കുകള്‍ ഉള്‍ക്കൊണ്ട പ്രാര്‍ഥനകള്‍ അടങ്ങിയ ഗാനങ്ങളാണ് അവര്‍ ആലപിച്ചുകൊണ്ടിരിക്കുന്നത്. ഇത് എല്ലാ നിലയ്ക്കും വഴികേടാവും എന്നതില്‍സംശയമില്ല.