അന്ധമായ അനുകരണത്തില്‍ നിന്ന് കരകയറുകയും മുജ്തഹിദിന്റെ പദവിയിലേക്ക് എത്തിച്ചേരുകയും ചെയ്യാത്ത ധാരാളം ആളുകള്‍ എല്ലാ നാട്ടിലുമുണ്ടാവും. അവരെയെല്ലാം അന്ധമായ അനുകരണത്തിന്റെ ഇരുട്ടറയിലേക്ക് ചവിട്ടിത്താഴ്ത്തുന്നത് നീതീകരിക്കാനാവില്ല.
ഇത്തിബാഅ് എന്നാല്‍ അനുധാവനം എന്നാണര്‍ഥം. അത് പ്രമാണങ്ങളുടെ പിന്‍ബലമുള്ള അനുകരണത്തിനും പിന്‍ബലമില്ലാത്ത അനുകരണത്തിനും പറയാറുണ്ട്. ഈ രണ്ട് അര്‍ഥത്തിലും ഈ പ്രയോഗം ഖുര്‍ആനില്‍ വന്നിട്ടുണ്ട്.
''അല്ലാഹു അവതരിപ്പിച്ചത് നിങ്ങള്‍ പിന്തുടരുകയെന്ന് അവരോട് പറഞ്ഞാല്‍ 'അല്ല, ഞങ്ങളുടെ പിതാക്കള്‍ ചെയ്തു കണ്ടതാണ് ഞങ്ങള്‍ പിന്തുടരുന്നത്' എന്നായിരിക്കും അവര്‍ പറയുക. അവരുടെ പിതാക്കള്‍ യാതൊന്നും ചിന്തിച്ചു ഗ്രഹിക്കാത്തവരും നേര്‍വഴി പ്രാപിക്കാത്തവരുമാണെങ്കിലും നിങ്ങള്‍ അവരെ പിന്‍പറ്റുകയാണോ?'' (2:170).
എന്നാല്‍ ശരീഅത്തിന്റെ തെളിവുകള്‍ മനസ്സിലാക്കി മതവിധികള്‍ സ്വീകരിക്കുന്നതിന് ഇത്തിബാഅ് എന്നു പറയുന്നു. ഇത് അനുവദനീയവും അന്ധമായ അനുകരണം വിരോധിക്കപ്പെട്ടതുമാണ് (ജാരിഉ ബയാസില്‍ ഇല്‍മ്, ഇബ്‌നു അബ്ദില്‍ ബര്‍റ് (2:143).
മനുഷ്യന്‍ പ്രകൃത്യാ ശുദ്ധനാണ്. അവനില്‍ അവന്‍ വളര്‍ന്ന പരിസരവും ചുറ്റുപാടുകളും സ്വാധീനം ചെലുത്തുന്നു. ചെറുപ്പത്തില്‍ മാതാപിതാക്കളെയും പിന്നീട് ഗുരുനാഥന്മാരെയും അന്ധമായി അനുകരിക്കുന്നു. തുടര്‍ന്ന് കൗമാരപ്രായത്തില്‍ ബുദ്ധി വികസിക്കുമ്പോള്‍ കാര്യങ്ങള്‍ അവന്‍ വേര്‍തിരിച്ചു മനസ്സിലാക്കുന്നു. ക്രമേണ അന്ധമായ അനുകരണത്തില്‍ നിന്ന് കരകയറി പ്രമാണങ്ങളുടെയും ബുദ്ധിയുടെയും വെളിച്ചത്തില്‍ കാര്യങ്ങള്‍ വിലയിരുത്താന്‍ ശ്രമിക്കുന്നു.
ഈ അവസ്ഥയില്‍ അവന്റെ ഗുരുനാഥന്മാരെയും അവന്റെ വളര്‍ച്ചയില്‍ ആത്മാര്‍ഥമായി താല്പര്യം കാണിക്കുന്ന മാതാപിതാക്കളെയും മറ്റും അവന്‍ വഴികാട്ടികളായി സ്വീകരിക്കുന്നു. അവര്‍ എന്തു പറഞ്ഞാലും വിഴുങ്ങുന്ന അവസ്ഥയിലല്ല ഇപ്പോള്‍ അവന്‍ ഉള്ളത്. അവന് ശരിയും തെറ്റും തിരിച്ചറിയാനുള്ള കഴിവുണ്ട്. അതിനാല്‍ അവന്‍ അവന്റെ ഗുരുനാഥന്മാരെയും മറ്റും കാര്യങ്ങള്‍ മനസ്സിലാക്കി ഇത്തിബാഅ് ചെയ്യുന്നു.
അങ്ങനെ കാര്യങ്ങള്‍ മനസ്സിലാക്കി നല്ലത് സ്വീകരിക്കാന്‍ അല്ലാഹു മനുഷ്യരോട് കല്‍പിച്ചിട്ടുണ്ട്. ''എന്റെ ദാസന്മാര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക. അവര്‍ വചനങ്ങളെല്ലാം ശ്രദ്ധിച്ചു കേള്‍ക്കുകയും അതില്‍ ഏറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവര്‍. അക്കൂട്ടര്‍ക്കാണ് അല്ലാഹു മാര്‍ഗദര്‍ശനം നല്‍കിയത്. അവര്‍ തന്നെയാകുന്നു ബുദ്ധിമാന്മാര്‍'' (സുമര്‍ 18).
ഇതിന്റെ അടിസ്ഥാനത്തില്‍ ഇമാം ശാത്വിബി ജനങ്ങളെ മൂന്നു വിഭാഗമായി തരം തിരിച്ചതായി കാണാം: ''ശരീഅത്ത് നിയമങ്ങള്‍ പിന്‍പറ്റാന്‍ ബാധ്യതയുള്ളവര്‍ മൂന്ന് അവസ്ഥകളില്‍ നിന്ന് ഒഴിവല്ല. ഒന്ന്: മുജ്തഹിദ്. അയാള്‍ തന്റെ ഇജ്തിഹാദ് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനാണ്.
രണ്ട്: മുഖല്ലിദ്. അന്ധമായി അനുകരിക്കുന്നവന്‍. അയാളെ നയിക്കാന്‍ മറ്റൊരാള്‍ വേണം, കുരുടനെ നയിക്കുന്നതുപോലെ. മൂന്ന്: മുജ്തഹിദുകളുടെ പദവിയിലേക്ക് ഉയരാത്ത, എന്നാല്‍ പ്രമാണങ്ങള്‍ പറഞ്ഞു കൊടുത്താല്‍ മനസ്സിലാക്കുന്നവന്‍. ആ പ്രമാണങ്ങളില്‍ മുന്‍ഗണന അര്‍ഹിക്കുന്നത് തിരഞ്ഞെടുക്കാന്‍ അയാള്‍ക്ക് കഴിയും'' (അല്‍ ഇഅ്തിസാം 2:342).
അന്ധമായ അനുകരണത്തില്‍ നിന്ന് കരകയറുകയും മുജ്തഹിദിന്റെ പദവിയിലേക്ക് എത്തിച്ചേരുകയും ചെയ്യാത്ത ധാരാളം ആളുകള്‍ എല്ലാ നാട്ടിലുമുണ്ടാവും. അവരെയെല്ലാം അന്ധമായ അനുകരണത്തിന്റെ ഇരുട്ടറയിലേക്ക് ചവിട്ടിത്താഴ്ത്തുന്നത് നീതീകരിക്കാന്‍ ആര്‍ക്കും സാധ്യമല്ല. അതിനാല്‍ അല്ലാഹു നമുക്ക് നിശ്ചയിച്ചു തന്ന മാര്‍ഗം പിന്‍പറ്റേണ്ടത് നമ്മുടെ കടമയാണ്.
അല്ലാഹു പറയുന്നു: ''മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ടുവന്നവരും സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരുമാരോ അവരെപ്പറ്റി അല്ലാഹു തൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും തൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രേ മഹത്തായ വിജയം'' (തൗബ 100).
ഈ മഹത്തായ അനുഗ്രഹത്തിന് അര്‍ഹരായിത്തീരണമെങ്കില്‍ അല്ലാഹു കാണിച്ച മാര്‍ഗം സ്വീകരിച്ചേ പറ്റൂ. ആ മാര്‍ഗമാണ് പൂര്‍വികരായ മുസ്‌ലിംകള്‍ സ്വീകരിച്ചത്. അതായത് ആദ്യമേ ഇസ്‌ലാമിലേക്ക് വന്ന മുഹാജിറുകളെയും അന്‍സാറുകളെയും മറ്റു സഹാബിമാര്‍ ഇത്തിബാഅ് ചെയ്തു. അവരെ അവരുടെ ശിഷ്യന്മാരായ താബിഉകളും പിന്നെ താബിഉത്താബിഉകളും അവരെ മദ്ഹബിന്റെ ഇമാമുകളും ഇമാമുമാരെ അവരുടെ ശിഷ്യന്മാരും പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ പിന്‍പറ്റി. അവര്‍ക്കെല്ലാം സ്വര്‍ഗത്തോപ്പുകള്‍ അല്ലാഹു ഒരുക്കിവെച്ചിരിക്കുന്നു.
ഈ വചനം തഖ്‌ലീദിനെ ഖണ്ഡിക്കുകയും ഇത്തിബാഇനെ അംഗീകരിക്കുകയും ചെയ്യുന്നു. അപ്പോള്‍ നബിയെ ഊണിലും ഉറക്കത്തിലും പിന്‍പറ്റിയ സഹാബിമാര്‍, അവരെ അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു എന്ന് വിശുദ്ധ ഖുര്‍ആന്‍ സാക്ഷ്യം വഹിച്ച സഹാബിമാര്‍, അവരുടെ നന്മകളില്‍ അവരെ പിന്‍പറ്റിയ താബിഉകള്‍- ഇവരെ അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു എന്ന് അല്ലാഹുവിന്റെ വചനങ്ങള്‍ തന്നെ സാക്ഷ്യം വഹിക്കുമ്പോള്‍ ചില അതിബുദ്ധിമാന്മാര്‍ അഥവാ ശരീഅത്തിനെപ്പറ്റി അടിസ്ഥാനപരമായി ഒന്നും പഠിക്കാത്ത അവര്‍ സഹാബത്തിന്റെ മാതൃക തള്ളിക്കളഞ്ഞു.
സ്വന്തം ബുദ്ധിയില്‍ അഹങ്കരിക്കുന്നവരെപ്പറ്റി എന്തു പറയാനാണ്! ദീന്‍ കേവലം ബുദ്ധിയുടെ അടിസ്ഥാനത്തിലാണെങ്കില്‍ ഖുഫ്ഫയുടെ അടിഭാഗമായിരുന്നു തടവേണ്ടിയിരുന്നത് എന്ന നബിവചനം ഇവിടെ പ്രസക്തമാണ്. എന്നാല്‍ റസൂല്‍ ഖുഫ്ഫയുടെ മേല്‍ഭാഗമാണ് തടവിയത്.
എന്നാല്‍ ഇജ്തിഹാദിന്റെയും അന്ധമായ അനുകരണത്തിന്റെയും മധ്യേയുള്ള ഇത്തിബാഅ് എന്ന ഒരു പദവിയെപ്പറ്റി നമ്മുടെ പണ്ഡിതന്മാര്‍ ജനങ്ങള്‍ക്ക് പറഞ്ഞുകൊടുക്കാറില്ല. കാരണം അവര്‍ അധികവും തഖ്‌ലീദ് വാദികളാണ്. ഒരാള്‍ മുസ്‌ലിമാവണമെങ്കില്‍ നാലിലൊരു മദ്ഹബ് തഖ്‌ലീദ് ചെയ്യണമെന്ന് ഉറച്ചു വിശ്വസിക്കുകയും അത് പ്രചരിപ്പിക്കുകയും ചില സംഘടനകളുടെ ഭരണഘടനയില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
അവരുടെ മഹല്ലുകളില്‍ അംഗത്വം ലഭിക്കണമെങ്കില്‍ നാലിലൊരു മദ്ഹബ് തഖ്‌ലീദ് ചെയ്യുന്നു എന്ന സത്യപ്രസ്താവന നടത്തണം. അവരുടെ ദൃഷ്ടിയില്‍ ഇജ്തിഹാദിന് അര്‍ഹതയില്ലാത്തവരെല്ലാം മുഖല്ലിദുകളാണ്. ഇപ്രകാരം അവര്‍ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു. ഈ തെറ്റിദ്ധാരണയില്‍ വീണ് 'നാം മുജ്തഹിദുകള്‍ അല്ലാത്തതുകൊണ്ട് നാലിലൊരു മദ്ഹബിനെ തഖ്‌ലീദ് ചെയ്യുകയല്ലാതെ നമ്മുടെ മുന്നില്‍ മറ്റൊരു മാര്‍ഗവുമില്ല' എന്ന് അവര്‍ ധരിച്ചുവെച്ചു.
ഈ ധാരണ സമൂഹത്തില്‍ വേരുറയ്ക്കാന്‍ വേണ്ടി ഇജ്തിഹാദിന്റെയും തഖ്‌ലീദിന്റെയും മധ്യേയുള്ള 'ഇത്തിബാഅ്' ജനങ്ങളില്‍ നിന്നവര്‍ മറച്ചുവെച്ചു. അതുകൊണ്ടാണ് മുജ്തഹിദ് അല്ലാത്തവരെല്ലാം മുഖല്ലിദ് എന്ന ആശയം ജനങ്ങളില്‍ പ്രചരിച്ചത്.
ഇജ്തിഹാദിന്റെയും അന്ധമായ അനുകരണത്തിന്റെയും മധ്യേയുള്ള ഇത്തിബാഅ് എന്ന പദവിയെപ്പറ്റി പണ്ഡിതന്മാര്‍ ജനങ്ങള്‍ക്ക് പറഞ്ഞുകൊടുക്കാറില്ല. കാരണം അവര്‍ അധികവും തഖ്‌ലീദ് വാദികളാണ്.
അബദ്ധങ്ങള്‍ ആര്‍ക്കും സംഭവിക്കാം. അതാണല്ലോ അല്ലാഹു പറഞ്ഞത്, നിങ്ങള്‍ക്ക് അല്‍പം മാത്രമേ വിജ്ഞാനം നല്‍കിയിട്ടുള്ളൂ എന്ന്. എത്ര വലിയ പണ്ഡിതനായാലും അബദ്ധങ്ങളും തെറ്റുകളും ചിലപ്പോള്‍ സംഭവിക്കാം. അങ്ങനെ സംഭവിച്ചതായി ബോധ്യമായാല്‍ ആ തെറ്റില്‍ നിന്ന് ഉടനെ മടങ്ങണം.
പൂര്‍വികരായ മുജ്തഹിദുകളായ പണ്ഡിതന്മാര്‍ അവരുടെ അഭിപ്രായം തെറ്റാണെന്ന് ബോധ്യം വന്നപ്പോള്‍ അവരെല്ലാവരും അതില്‍ നിന്ന് മടങ്ങി. ഇമാം ശാഫിഇ ഈജിപ്തില്‍ വന്ന ശേഷം താന്‍ ആദ്യം പറഞ്ഞ പല അഭിപ്രായങ്ങളും മാറ്റിപ്പറഞ്ഞു. ഇമാം അബൂഹനീഫയുടെ പല അഭിപ്രായങ്ങളും ശിഷ്യന്‍ അബൂയൂസുഫ് തള്ളിക്കളഞ്ഞു. ഇത് അവരെ ഇകഴ്ത്തലല്ല, പുകഴ്ത്തലാണ്. കാരണം അവര്‍ അവരുടെ ശിഷ്യന്മാരെ പഠിപ്പിച്ചതും അതുതന്നെയാണ്.
ഇമാം അബൂഹനീഫ തന്റെ ശിഷ്യന്മാരെ ഇടക്കിടെ ഇങ്ങനെ ഓര്‍മപ്പെടുത്തുമായിരുന്നു: ''ഇത് നുഅ്മാനുബ്‌നു സാബിതിന്റെ (അബൂഹനീഫ) അഭിപ്രായമാണ്. ഇതിനേക്കാള്‍ നല്ല അഭിപ്രായം പ്രമാണബദ്ധമായി ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ അത് സ്വീകരിക്കണം.'' അതിനാല്‍ അവര്‍ക്ക് തെറ്റു പറ്റിയെങ്കില്‍ അവര്‍ ഉത്തരവാദികളല്ല.
ഇജ്തിഹാദില്‍ തെറ്റു പറ്റിയാലും അല്ലാഹു പ്രതിഫലം നല്‍കും. ആ തെറ്റു മനസ്സിലാക്കിയിട്ടും ആ തെറ്റ് ആവര്‍ത്തിക്കുന്നവന്‍ ശിക്ഷയ്ക്ക് അര്‍ഹരാണ്. ഇതിനാണ് 'സല്ലത്തുല്‍ ആലിം' അഥവാ പണ്ഡിതന്റെ അബദ്ധങ്ങള്‍ എന്നു പറയുന്നത്. മുഅ്തസിലികളാണ് കേവലം ബുദ്ധിയുടെ അടിസ്ഥാനത്തില്‍ ഖുര്‍ആന്‍ വ്യാഖ്യാനിക്കുകയും സത്യവിശ്വാസികള്‍ പരലോകത്ത് അല്ലാഹുവിനെ കാണുമെന്ന ഹദീസ് നിഷേധിക്കുകയും ചെയ്തത്. ചിലപ്പോള്‍ ബുദ്ധിപരമായ ചോദ്യങ്ങള്‍ക്കു തന്നെ അവര്‍ക്ക് ഉത്തരം പറയാന്‍ കഴിയാറില്ല.
ഒരിക്കല്‍ മുഅ്തസിലീ നേതാവ് ജബാഇയോട് ചോദിച്ചു: ''മൂന്നു പേര്‍. അതില്‍ ഒരാള്‍ അല്ലാഹുവിന്റെ കല്പന അനുസരിച്ചു ജീവിച്ചു. രണ്ടാമന്‍ അല്ലാഹുവിന്റെ കല്പനകള്‍ ധിക്കരിച്ചു. മൂന്നാമന്‍ ഒരു കുട്ടി. ഇവര്‍ മൂന്നു പേരും മരിച്ചു. ഇവരുടെ പരലോകം എങ്ങനെ?''
ജബാഇ: ''ഒന്നാമത്തെ വ്യക്തി സ്വര്‍ഗത്തില്‍. രണ്ടാമന്‍ നരകത്തിലും. കുട്ടി നരകത്തിലുമല്ല സ്വര്‍ഗത്തിലുമല്ല.'' അപ്പോള്‍ കുട്ടി അല്ലാഹുവിനോട് ''റബ്ബേ, ഞാന്‍ ചെറുതായിരുന്നപ്പോള്‍ നീ എന്നെ മരിപ്പിച്ചു. വലുതാവാന്‍ അനുവദിച്ചിരുന്നുവെങ്കില്‍ ഞാന്‍ സ്വര്‍ഗത്തില്‍ കടന്നേനെ.'' അല്ലാഹുവിന്റെ മറുപടി: ''നീ വലുതായാല്‍ എന്നെ അനുസരിക്കുകയില്ലെന്ന് എനിക്കറിയാം. നീ നരകത്തില്‍ പോകുമായിരുന്നു. അതിനിടവരാതിരിക്കാനാണ് നിന്നെ ഞാന്‍ നേരത്തെ മരിപ്പിച്ചത്.''
