നമ്മുടെ ജീവിതത്തിലെ ഓരോ സംഭവങ്ങളുമായും ഈ ചോദ്യം ചേര്‍ത്തുവെക്കാം എന്നതുകൊണ്ട് ഈ വിമര്‍ശനത്തിന്റെ ആഴവും സങ്കീര്‍ണതയും അല്‍പം കൂടുതലായിരിക്കും.
'നല്ലവനായ സര്‍വശക്തനായ ദൈവമുണ്ടെങ്കില്‍ ഈ ലോകത്ത് നന്മകള്‍ മാത്രമല്ലേ സംഭവിക്കൂ? ഈ ലോകത്ത് തിന്മകള്‍ സംഭവിക്കുന്നു എന്നതിന് അര്‍ഥം അങ്ങനെ ഒരു ദൈവമില്ല എന്നല്ലേ?' - ദൈവ വിമര്‍ശനം നടത്തുന്ന ഭൂരിഭാഗം ആളുകളും ഉന്നയിക്കുന്ന ചോദ്യമാണിത്. ഈ ചോദ്യത്തിന്റെ വൈകാരികമായ തലമാണ് യുക്തിപരമായ തലത്തേക്കാള്‍ ആളുകളെ സ്വാധീനിക്കുക. അതു പിന്നീട് സൂചിപ്പിക്കാം.
ഈ ചോദ്യത്തിന്റെ യുക്തിപരമായ വശം ഇങ്ങനെയാണ്: ദൈവം സകല നന്മകളും ഉള്ളവനായതുകൊണ്ട് ഈ ലോകത്ത് നന്മകള്‍ മാത്രം നടക്കലായിരിക്കുമല്ലോ ദൈവത്തിന്റെ ആഗ്രഹവും ആവശ്യവും. ദൈവം സര്‍വശക്തനായതുകൊണ്ട് ദൈവത്തിന് എല്ലാത്തിനും സാധിക്കുകയും ചെയ്യും.
ഈ രണ്ടു ഗുണങ്ങളുമുള്ള (സര്‍വശക്തന്‍, സകല നന്മകളുമുള്ളവന്‍) ദൈവം നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഈ ലോകത്ത് നന്മകള്‍ മാത്രമേ കാണാന്‍ പാടുള്ളൂ. ഈ ലോകത്ത് തിന്മകള്‍ കാണുന്നുണ്ടെങ്കില്‍ അത് ഇങ്ങനെയൊരു ദൈവമില്ല എന്നതിന്റെ തെളിവാണ്. ഈ ലോകത്ത് ധാരാളം തിന്മകള്‍ പ്രത്യക്ഷമായതുകൊണ്ട് ഇത്തരമൊരു ദൈവമില്ല എന്ന തീര്‍പ്പിലേക്ക് നമുക്കെത്താം.
വിമര്‍ശനത്തെപ്പറ്റി
വിമര്‍ശനം ഉന്നയിക്കുന്ന ആളുകള്‍ വിമര്‍ശനത്തിന്റെ അടിസ്ഥാനങ്ങള്‍ എടുക്കുന്നത് ദൈവരഹിതമായ ഭൗതികവാദത്തില്‍ കേന്ദ്രീകൃതമായ ആശയത്തില്‍ നിന്നാണ്. പക്ഷേ, വിമര്‍ശനവിധേയമായ ദൈവവും ദൈവത്തിന്റെ പ്രവര്‍ത്തനങ്ങളും പ്രകൃതങ്ങളും അടക്കം സകലതും ദൈവത്തെ കേന്ദ്രീകരിച്ചും ആശ്രയിച്ചും നില്‍ക്കുന്ന ഭൗതികാതീതമായ ലോകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആശയത്തിലാണ് നിലനില്‍ക്കുന്നത്.
മറ്റ് അനേകം വിമര്‍ശനങ്ങളിലെന്നപോലെ ഈ വിമര്‍ശനത്തിലും ഇത്തരത്തില്‍ ചോദ്യവും ഉത്തരവും വരുന്ന പ്രതലങ്ങള്‍ തമ്മിലുള്ള സംഘട്ടനം നിലനില്‍ക്കുന്നുണ്ട്. ചോദ്യം ചോദിക്കുന്നവരും ഉത്തരം പറയുന്നവരും അവ രണ്ടിനെയും രൂപപ്പെടുത്തുന്നത് നേര്‍വിപരീതമായ പ്രതലങ്ങളില്‍ നിന്നാണ്.
ഈ ചോദ്യത്തില്‍ രണ്ടു പ്രധാന ഭാഗങ്ങളാണുള്ളത്: (1) ദൈവം: പാടേ നിഷേധിക്കുന്നു. ഈ ഭൗതിക ലോകം മാത്രമേ നിലനില്‍ക്കുന്നുള്ളൂ എന്നു വിശ്വസിക്കുന്ന ദൈവരഹിതമായ ലോകവീക്ഷണം. (2) ജീവിതം: യാദൃച്ഛികമായി വീണുകിട്ടിയ ജീവിതം മറ്റു മൃഗങ്ങളെ പോലെത്തന്നെ മനുഷ്യനും ജീവിച്ചുതീര്‍ക്കുന്നു. ഈ ലോകത്തെ ജനനത്തിനും മരണത്തിനുമിടയ്ക്ക് ജീവിതം പൂര്‍ണമാവുന്നു.
ജീവിതാനുഭവങ്ങളും കേവല യുക്തിയും ഉപയോഗിച്ച് ജീവിതത്തിലെ നന്മതിന്മകളെ മനസ്സിലാക്കുന്നു.
ഉത്തരം ലഭിക്കേണ്ട ആശയം ഈ രണ്ടു കാര്യങ്ങളെയും മനസ്സിലാക്കുന്നത്: ദൈവം പ്രത്യേക ഉദ്ദേശ്യത്തില്‍ പടച്ചുവിട്ട മനുഷ്യന്‍ ആ ദൈവം ഒരുക്കിയ ഈ ലോകത്തെ പരീക്ഷണങ്ങള്‍ നേരിട്ടുകൊണ്ട് ജീവിക്കുന്നു എന്നും, പരീക്ഷണങ്ങളില്‍ കേന്ദ്രീകരിച്ച ഈ ജീവിതത്തിനു ശേഷം അറ്റമില്ലാത്ത, ശാശ്വതമായ പരലോകം ദൈവം കാത്തുവെച്ചിട്ടുണ്ടെന്നും മനസ്സിലാക്കുന്ന ആദര്‍ശത്തിലെ ആശയങ്ങളും; ദൈവമില്ല എന്നു വിശ്വസിക്കുന്നവര്‍, അവരുടെ ലോകവീക്ഷണത്തില്‍ ഇല്ലാത്ത ദൈവത്തെപ്പറ്റി ഒരു വിമര്‍ശനം ഉന്നയിക്കുമ്പോള്‍ (ഇവര്‍ അംഗീകരിക്കാത്ത ഒരു ആശയത്തിനുള്ളില്‍ മാത്രം വിശദീകരിക്കപ്പെടുന്ന 'ദൈവ'ത്തെപ്പറ്റിയാണ് ഇവര്‍ക്ക് ചോദ്യം ഉന്നയിക്കാനുള്ളത്) സാധാരണഗതിയില്‍ വരുന്ന പ്രശ്‌നമാണിത്.
മറ്റു വിമര്‍ശനങ്ങളുടെ മറുപടിയില്‍ നാം പക്ഷേ ഇങ്ങനെ ഒരു കാര്യം സൂചിപ്പിച്ചിരുന്നില്ല. കാരണം അവ കേവലം ആശയപരമായ ഒന്നോ രണ്ടോ കാര്യങ്ങള്‍ അടങ്ങിയ ലളിത വിമര്‍ശനങ്ങളും ചോദ്യങ്ങളുമാണ്. അവയ്ക്ക് യുക്തിപരമായ തലം മാത്രമേയുള്ളൂ. പക്ഷേ, ഈ ചോദ്യം ഒത്തിരി മാനങ്ങളും ഭാഗങ്ങളും അടങ്ങിയതും ജീവിതബന്ധിതമായതുമാണ് എന്നതുകൊണ്ട് സങ്കീര്‍ണത അല്‍പം കൂടുതലാണ്.
മാത്രമല്ല, നമ്മുടെ ജീവിതത്തിലെ ഓരോ സംഭവങ്ങളുമായും ഈ ചോദ്യം ചേര്‍ത്തുവെക്കാം എന്നതുകൊണ്ട് ഈ വിമര്‍ശനത്തിന്റെ ആഴവും അല്‍പം അധികമായിരിക്കും. അതുകൊണ്ടാണ് ആമുഖമായി വിമര്‍ശനത്തിന്റെ പ്രകൃതത്തെപ്പറ്റി ഇത്രയും സൂചിപ്പിച്ചത്. മതത്തിലുള്ള ഒരു കാര്യത്തെയാണ് വിമര്‍ശിക്കുന്നത് എന്നതുകൊണ്ട് നന്മ, തിന്മ, മനുഷ്യന്‍, ജീവിതം, ജീവിതലക്ഷ്യം തുടങ്ങിയ കാര്യങ്ങളെപ്പറ്റി മതം പറയുന്ന ആശയങ്ങളിലൂടെ ചിന്തിച്ചാലേ ഈ ഉത്തരം ബോധ്യപ്പെടൂ.
മറുപടി
ഈ ചോദ്യത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം 'തിന്മ'യെ വ്യാഖ്യാനിക്കുന്നിടത്താണ്. ബുദ്ധിമുട്ടുകള്‍, പ്രയാസങ്ങള്‍ എന്നിവയെയെല്ലാം ചൂണ്ടിക്കാണിച്ച് തിന്മ എന്നു വിളിക്കുകയാണ് വിമര്‍ശകര്‍ ചെയ്യുന്നത്. മറ്റു വിമര്‍ശനങ്ങളിലെ പോലെ അത് ഒരു തട്ടിപ്പോ മറ്റോ അല്ല, മറിച്ച് ധാരണക്കുറവാണ്. നമുക്ക് വേദനയുണ്ടാക്കുന്നവയാണ് എന്നതുകൊണ്ട് സമയത്തിന്റെ പരിധിക്കുള്ളില്‍ നിന്ന് ചിന്തിച്ചാല്‍ നമുക്ക് ഇവയെ തിന്മയായി തോന്നിയേക്കാം. പക്ഷേ വിശാലമായി, നിമിഷങ്ങള്‍ക്കപ്പുറം മണിക്കൂറുകളും, മണിക്കൂറുകള്‍ക്കപ്പുറം ദിവസങ്ങളും, ശേഷം വര്‍ഷങ്ങളും യുഗങ്ങളും നാം പരിഗണിക്കുകയാണെങ്കില്‍ നാം തിന്മയായി മനസ്സിലാക്കിയ ഒത്തിരി പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ചെറിയ വേദനകള്‍ നല്‍കി വലിയ നന്മകള്‍ സമ്മാനിച്ചവയാണ് എന്ന് ബോധ്യപ്പെടും.
അതില്‍ പല തരത്തിലുള്ള നന്മകളുണ്ടാവും: (1) പ്രയാസം അനുഭവിക്കുന്ന സമയത്ത് അതിനൊരു നന്മയുടെ പര്യവസാനം ഉണ്ടാവുമെന്ന് നമുക്ക് അറിവുണ്ടാവില്ല. പക്ഷേ, ശേഷം നന്മ അനുഭവിക്കുമ്പോള്‍ പ്രയാസം സഹിച്ചതില്‍ ഖേദമില്ലാത്ത വിധം നാം സന്തുഷ്ടരായിരിക്കും.
ഉദാ: ഒരാള്‍ക്ക് ഒരു ജോലി നഷ്ടപ്പെട്ടു. സ്വാഭാവികമായും ആ സാഹചര്യത്തില്‍ കുടുംബത്തെ പോറ്റാനും ജീവിക്കാനും അയാള്‍ ഒത്തിരി പ്രയാസപ്പെടുന്നു. ഈ ജോലിനഷ്ടം മറ്റൊരാളുടെ വഞ്ചനയാലോ തന്റേതല്ലാത്ത കാരണങ്ങളാലോ ആണെങ്കിലും, ഈ ജോലിയും അതിലൂടെയുള്ള വരുമാനവും സൗകര്യങ്ങളും അത്രമേല്‍ ഈ വ്യക്തിക്ക് പ്രിയപ്പെട്ടതാണെങ്കിലുമെല്ലാം ഈ പ്രയാസത്തിന്റെ ആഴം കൂടും.
ശേഷം, ജോലി ചെയ്യുന്ന വേളയില്‍ ഒരു നിലയ്ക്കും ഈ വ്യക്തി ചിന്തിക്കാന്‍ സാധ്യതയില്ലാത്ത തരം ഒരു ബിസിനസിലേക്ക് കാലെടുത്തുവെക്കുകയും അത് വളരെ വലിയ വിജയമാവുകയും ജോലിയിലൂടെ ഈ വ്യക്തിക്ക് ലഭിച്ചിരുന്ന എല്ലാ സൗക്യങ്ങളുടെയും പതിന്മടങ്ങ് അതിലൂടെ ലഭിക്കുകയും ചെയ്യുന്നു. ജോലിനഷ്ടത്തിലെ പ്രയാസം സഹിക്കാതെ ഈ വ്യക്തിക്ക് ഈ നേട്ടം കൈവരിക്കാന്‍ സാധിക്കുമായിരുന്നില്ല.
 ചെറിയ പ്രായത്തില്‍ മലാല അത്തരം ഒരു പ്രയാസം നേരിട്ടില്ലായിരുന്നെങ്കില്‍ നൊബേല്‍ സമ്മാനം നേടാനും ലോകത്തെ സ്വാധീനിക്കാനും അവള്‍ക്ക് സാധിക്കില്ലായിരുന്നു. സമാനമായി ഹെലന്‍ കെല്ലറടക്കം ആയിരക്കണക്കിന് ഉദാഹരണങ്ങള്‍ നമുക്ക് കാണാം.
ഈ ഉദാഹരണങ്ങളിലുള്ളവരെല്ലാം ആ പ്രയാസം നേരിടുന്ന സമയത്ത് വലിയ രീതിയില്‍ വേദനിച്ചവരും ഇത്തരം ഒരു നന്മയുടെ പര്യവസാനം അതില്‍ കാണാത്തവരുമായിരിക്കാം. ഒരുവേള ആ പ്രയാസത്തിന്റെ സാഹചര്യത്തെ മാത്രമെടുത്ത് പരിശോധിച്ചാല്‍ ആ ഒരവസ്ഥയെ 'തിന്മ'യായി ചിലരെങ്കിലും വ്യാഖ്യാനിക്കുന്നതുമാണ്.
(2) ചില പ്രയാസങ്ങള്‍ അനുഭവിക്കുന്ന സമയത്ത് അവയ്ക്ക് നല്ലൊരു പര്യവസാനം ഉണ്ടാവുമെന്ന് നമുക്ക് അറിവുണ്ടാവും. പക്ഷേ, പ്രയാസം അനുഭവിക്കുന്ന സമയത്ത് ആ അറിവ് ഒരു ബോധ്യമായി നമ്മില്‍ പ്രവര്‍ത്തിക്കാത്തതുകൊണ്ട് അത് നമ്മെ തൃപ്തിപ്പെടുത്തില്ല. എന്നാല്‍ അവസാനം ആ നന്മ ലഭിക്കുന്ന സമയത്ത് മുമ്പ് അനുഭവിച്ച പ്രയാസത്തിന്റെ മൂല്യം നമുക്ക് ബോധ്യപ്പെടും.
ഉദാ: ചെറിയ പ്രായത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസം അടക്കമുള്ള ഘട്ടങ്ങളില്‍ നാം അനുഭവിക്കുന്ന പ്രയാസങ്ങള്‍ ഭാവിജീവിതത്തെ മികച്ചതാക്കാന്‍ സഹായിക്കുമെന്ന് നമുക്കറിയാം. എങ്കിലും ആ പ്രയാസങ്ങള്‍ ആസ്വദിച്ച് സഹിക്കാന്‍ മാത്രം ഭൂരിഭാഗം പേര്‍ക്കും ആ നന്മയുടെ പര്യവസാനങ്ങള്‍ അന്ന് പൂര്‍ണമായും ആത്മാര്‍ഥമായി ബോധ്യപ്പെട്ടിട്ടുണ്ടാവണമെന്നില്ല. പക്ഷേ, പിന്നീട് ഈ പ്രയാസങ്ങളുടെ ഫലമായി ലഭിക്കുന്ന നന്മകള്‍ അനുഭവിക്കുന്ന വേളകളിലായിരിക്കും അതിന്റെ മൂല്യം മനസ്സിലാവുന്നത്.
(3) ചില പ്രയാസങ്ങള്‍ അനുഭവിക്കുമ്പോള്‍ തന്നെ അതിന്റെ പര്യവസാനമായ നന്മയെപ്പറ്റി നമുക്ക് അറിവും ബോധ്യവും ഉണ്ടാവും. ആ നന്മയെപ്പറ്റിയുള്ള ബോധ്യത്തിന്റെ ആഴവും അത് നേടിയെടുക്കാനുള്ള ആത്മാര്‍ഥതയും അതിന്റെ വഴിയിലുള്ള ബുദ്ധിമുട്ടുകള്‍ സഹിക്കുന്നതിന്റെ വേദന കുറയ്ക്കുകയും കൂടുതല്‍ ഊര്‍ജത്തോടെ പ്രയത്‌നിക്കാന്‍ സഹായിക്കുകയും ചെയ്യും.
ഉദാ: മത്സരപ്പരീക്ഷകള്‍ക്കു വേണ്ടി തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളും, വലിയ പ്രാധാന്യമുള്ള മത്സരങ്ങളില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികളുമെല്ലാം അവര്‍ ലക്ഷ്യമിടുന്ന നേട്ടം കൈവരിക്കാന്‍ വലിയ പ്രയാസങ്ങളും ത്യാഗങ്ങളും സഹിക്കാറുണ്ട്. പക്ഷേ, ആ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ അവര്‍ അത്രമേല്‍ ആത്മാര്‍ഥതയുള്ളവരാണെങ്കില്‍ അതിനു വേണ്ടി പ്രയാസങ്ങള്‍ സഹിക്കുന്നതില്‍ അവര്‍ക്ക് വിഷമമോ മടുപ്പോ ഉണ്ടായിക്കൊള്ളണമെന്നില്ല. അതിനു ശേഷം ലഭിക്കാന്‍ പോകുന്ന നന്മയെപ്പറ്റിയുള്ള വ്യക്തമായ ബോധ്യമാണ് അതിന്റെ കാരണം.
(4) മറ്റു ചില പ്രയാസങ്ങള്‍ അനുഭവിക്കുമ്പോഴും ശേഷവും അതിലൂടെയുള്ള നന്മയെപ്പറ്റി നമുക്ക് യാതൊരു അറിവും ലഭിക്കില്ല. നമുക്ക് മനസ്സിലാക്കാനും തിരിച്ചറിയാനും പറ്റാത്ത വിധം അത് കടന്നുപോയിട്ടുണ്ടാവും.
ഉദാ: വലിയ പ്ലാനിംഗോടെ നമ്മള്‍ ഒരു സ്ഥലത്തേക്ക് പോകാന്‍ ട്രെയിന്‍ ബുക്ക് ചെയ്യുന്നു. പക്ഷേ, നമുക്ക് ആ ട്രെയിനില്‍ കയറാന്‍ പറ്റുന്നില്ല. അത് നഷ്ടപ്പെടുന്നു. ഈ യാത്രയുടെ ആവശ്യകതയും നമ്മുടെ പ്ലാനിംഗിന്റെ ആഴവുമെല്ലാം കൂടുംതോറും ഈ നഷ്ടം നമുക്ക് വളരെ വലിയതായി തോന്നാം. ശേഷം ഈ ട്രെയിന്‍ നഷ്ടത്തിലേക്ക് ചേര്‍ത്തു മനസ്സിലാക്കാവുന്ന അനേകം മറ്റു നഷ്ടങ്ങളും സംഭവിച്ചേക്കാം. ഇതെല്ലാം ഈ അവസ്ഥയിലെ പ്രയാസത്തെ വര്‍ധിപ്പിക്കുന്നു. ഇവിടെ നമുക്ക് അറിയാവുന്ന എന്തെങ്കിലും നന്മകള്‍ പര്യവസാനമായി ഇല്ലാത്തതുകൊണ്ട് ഭൂരിപക്ഷം ആളുകള്‍ക്കും സമാധാനിക്കാനുള്ള വകുപ്പുകളും ഉണ്ടായിക്കൊള്ളണമെന്നില്ല.
ചില പ്രയാസങ്ങള്‍ അനുഭവിക്കുമ്പോള്‍ അവയ്ക്ക് നല്ലൊരു പര്യവസാനം ഉണ്ടാവുമെന്ന് നമുക്ക് അറിവുണ്ടാവും. പക്ഷേ, ആ സമയത്ത് ആ അറിവ് ഒരു ബോധ്യമായി നമ്മില്‍ പ്രവര്‍ത്തിക്കാത്തതുകൊണ്ട് അത് നമ്മെ തൃപ്തിപ്പെടുത്തില്ല.
പക്ഷേ, ഇത്തരം സാഹചര്യങ്ങളില്‍ ഈ പ്രയാസങ്ങള്‍ വലിയ നന്മയ്ക്ക് കാരണമായിട്ടുണ്ടാവാം. ഉദാഹരണത്തിന് ആ ട്രെയിനില്‍ വെച്ച് നമുക്ക് ഈ യാത്രാനഷ്ടത്തേക്കാള്‍ ആഘാതമുണ്ടാക്കുന്ന വല്ല നഷ്ടങ്ങളും സംഭവിച്ചേക്കാം. അല്ലെങ്കില്‍ നാം എത്താന്‍ പോവുന്ന സ്ഥലത്തുനിന്ന് വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം. അവയെല്ലാം ഈ ട്രെയിന്‍ നഷ്ടം കൊണ്ട് നമുക്ക് മറികടക്കാനായിട്ടുണ്ടാവും. മുകളില്‍ പറഞ്ഞ ജോലിയുടെ ഉദാഹരണം പോലെ ഈ യാത്രാനഷ്ടം മറ്റേതെങ്കിലും മികച്ച വാതിലുകള്‍ തുറക്കാന്‍ കാരണമായേക്കാം. ഏറ്റവും കുറഞ്ഞത് ഈ സംഭവം ഭാവിയില്‍ ഇതിനേക്കാള്‍ പ്രധാനപ്പെട്ട വേളകളിലെ യാത്രാസമയങ്ങള്‍ കൃത്യമായി അവലോകനം ചെയ്യാനും ക്രമീകരിക്കാനുമെങ്കിലും സഹായിച്ചേക്കാം.
ഇത്തരം നന്മകള്‍ നമുക്ക് ലളിതമായ ചിന്തകളിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല എന്നതും, പല നന്മകളും സംഭവിച്ചാല്‍ പോലും അവയെപ്പറ്റിയുള്ള അറിവുകള്‍ നമുക്ക് ലഭിച്ചുകൊള്ളണമെന്നില്ല എന്നതും ഈ സാഹചര്യങ്ങളെ തിന്മയായി വ്യാഖ്യാനിക്കാനുള്ള സാധ്യതയെ വര്‍ധിപ്പിക്കുന്നു. ഇനി നമുക്ക് അവയെപ്പറ്റിയുള്ള അറിവ് ലഭിക്കുകയാണെങ്കില്‍ നേരെ തിരിച്ചുമായിരിക്കും അവസ്ഥ.
ഉദാഹരണത്തിന് ആ ട്രെയിനുമായി ബന്ധപ്പെട്ട വല്ല അപകടങ്ങളുടെ വാര്‍ത്തയോ, ആ ട്രെയിനിലുള്ള വല്ല അക്രമികളെപ്പറ്റിയുള്ള വാര്‍ത്തയോ, നമ്മള്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിച്ച സ്ഥലത്തുള്ള വല്ല അപകടങ്ങളോ പകര്‍ച്ചവ്യാധികളോ ഒക്കെ വാര്‍ത്തകളായി നമ്മുടെ മുന്നില്‍ വരുകയാണെങ്കില്‍ ആ യാത്ര മുടങ്ങിയതിനെ നന്മയായി നാം കാണും. എന്നാല്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ നമുക്ക് ആവശ്യമുള്ള ഇത്തരം അറിവുകള്‍ എപ്പോഴും നമ്മുടെ മുന്നിലേക്ക് എത്തിക്കൊള്ളണമെന്നില്ലല്ലോ.
സ്വാഭാവികമായും ഇവിടെ പറഞ്ഞ ഉദാഹരണങ്ങളിലേക്ക് ചേര്‍ത്ത് ഒരു മറുചോദ്യം വരാം: 'ഇവിടെ പ്രസ്താവിച്ചതുപോലെ അപകടങ്ങളില്‍ നിന്ന് ചിലയാളുകള്‍ രക്ഷപ്പെട്ടത് നന്മയായി പറയാം. എങ്കില്‍ ഒരുപാട് ആളുകളെ ആ അപകടങ്ങള്‍ ബാധിച്ചത് തിന്മയായും പറഞ്ഞുകൂടേ? അപ്പോള്‍ അവിടെ യഥാര്‍ഥത്തില്‍ തിന്മയല്ലേ സംഭവിച്ചത്?' അവിടെയാണ് ഇപ്പോള്‍ സൂചിപ്പിച്ച ആശയത്തിന്റെ അടിസ്ഥാനം പ്രവര്‍ത്തിക്കേണ്ടത്.
ഓരോരുത്തരുടെയും ജീവിതം വ്യത്യസ്തമായതുകൊണ്ട് ഒരേ രീതിയിലുള്ള സാഹചര്യങ്ങളും പ്രയാസങ്ങളും ആ ഓരോ ജീവിതങ്ങളിലും ഉണ്ടാക്കുന്ന ആഘാതവും സ്വാധീനവും മാറ്റവും സ്വാഭാവികമായും വ്യത്യസ്തമായിരിക്കും. എനിക്ക് ഒരു ഒരു നിശ്ചിത പ്രയാസം ഒഴിവാകുന്നതാണ് നന്മ എങ്കിലും മറ്റൊരു വ്യക്തിക്ക് എന്റെ ജീവിതത്തില്‍ വരാന്‍ സാധ്യതയില്ലാത്തതോ എനിക്ക് ഉപയോഗിക്കാന്‍ കഴിയാത്തതോ ആയ, ആ വ്യക്തിയുടെ ജീവിതത്തിലേക്ക് പ്രത്യേകമായി ചേര്‍ത്തുവെക്കാന്‍ പറ്റുന്ന ഒരു നന്മ ആ പ്രയാസം അനുഭവിക്കുന്നതിലൂടെ ലഭിച്ചേക്കാം.
(5) അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് അതിന്റെ ആഴത്തേക്കാള്‍ എത്രയോ ഇരട്ടി പ്രതിഫലം പരലോകത്തു നിന്നു ലഭിക്കും.
മുകളില്‍ സൂചിപ്പിച്ചവയെ കൂടാതെ വിശ്വാസികള്‍ക്ക് മാത്രം മനസ്സിലാക്കാന്‍ കഴിയുന്ന പ്രയാസങ്ങളുടെ പര്യവസാനമായുള്ള മറ്റൊരു നന്മയാണ് പരലോകത്ത് ലഭിക്കുന്ന പ്രതിഫലം. മറ്റു നാലു വഴികളിലൂടെ നന്മകള്‍ ലഭിച്ചവര്‍ക്കും ഈ വഴിയിലൂടെ നന്മ ലഭിക്കാം. വിശ്വാസികളുടെ മനസ്സിലാക്കലില്‍ ഈ ഭൗതിക ലോകം ഒരു വെള്ളത്തുള്ളിയാണെങ്കില്‍ പരലോകം ഒരു സമുദ്രമാണ്, അറ്റമില്ലാത്ത ലോകം.
ഈ ലോകത്ത് മനസ്സു കൊണ്ട് ചിന്തിച്ചാല്‍ പോലും ലഭിക്കാത്തത്ര സുഖലോലുപതകള്‍ ഒരുക്കിവെച്ച ലോകം. ഏറ്റവും ചെറിയ സുഖാനുഭവം പോലും ഈ ലോകത്തെ പരമാവധി ഫാന്റസികള്‍ക്കും മീതെ നില്‍ക്കും വിധമുള്ള ലോകം. ആ ലോകത്തെ പ്രതിഫലം ഈ ലോകത്ത് നമുക്ക് അനുഭവിക്കാവുന്ന എത്ര വലിയ പ്രയാസങ്ങള്‍ക്കും പകരമായി മതിയായതാണ്.
പരലോകത്തില്‍ വിശ്വസിക്കുന്ന, ശരിയായ വഴിയില്‍ അതിനു വേണ്ടി പ്രയത്‌നിക്കുന്ന ആളുകള്‍ക്ക് ഈ ലോകത്ത് സംഭവിക്കുന്ന സകലതും നന്മയാണ്. പ്രവാചകന്‍ പറയുന്നു: ''വിശ്വാസികളുടെ കാര്യം അദ്ഭുതമാണ്. അവര്‍ക്ക് സംഭവിക്കുന്ന കാര്യങ്ങളെല്ലാം നന്മയാണ്. അവന് ഒരു സുഖകരമായ അവസ്ഥ ലഭിച്ചാല്‍ അവന്‍ അതില്‍ സ്രഷ്ടാവിന് നന്ദി കാണിക്കും. അങ്ങനെ അത് അവന് നന്മയായി മാറുന്നു. അവനെ ഒരു ബുദ്ധിമുട്ട് ബാധിച്ചാല്‍ അവന്‍ അതില്‍ ക്ഷമിക്കുന്നു. അങ്ങനെ അത് അവന് നന്മയായി മാറുന്നു'' (മുസ്‌ലിം 2999).
ഇതിലെ പ്രയോഗങ്ങള്‍ ശ്രദ്ധിക്കുക. സുഖകരമായ ഒരവസ്ഥ പോലും സ്വയം നന്മയല്ല. അതിലൂടെ അവന്‍ സ്രഷ്ടാവിന് നന്ദി കാണിക്കുമ്പോള്‍ മാത്രമാണ് അതു നന്മയായിത്തീരുന്നത്. നമുക്ക് ഓരോരുത്തര്‍ക്കും അറിയുന്ന അനേകം ജീവിതകഥകളില്‍ സുഖകരമായ അവസ്ഥകള്‍ ആളുകളെ നല്ലതല്ലാത്തതായി അനുഭവപ്പെടുന്ന പര്യവസാനങ്ങളിലേക്ക് നയിച്ചതായി കാണാന്‍ കഴിയും. മതപരമായി പറയുമ്പോള്‍ ചില സുഖങ്ങള്‍ പരലോകത്തെ വലിയ നഷ്ടങ്ങളിലേക്കും നയിച്ചേക്കാം. സുഖകരമായ അവസ്ഥകള്‍ക്കും പ്രയാസങ്ങളെപ്പോലെ നാം അതിനെ കൈകാര്യം ചെയ്യുന്നതിന് അനുസരിച്ചാണ് പര്യവസാനമുള്ളതെന്ന് ചുരുക്കം.
ഇതില്‍ 5 പൂര്‍ണമായും 1, 4 എന്നിവ ഭാഗികമായും വിശ്വാസികള്‍ക്ക് മാത്രം ഉള്‍ക്കൊള്ളാവുന്ന നന്മകളാണ്. ഒന്നില്‍ പറഞ്ഞ നന്മ പൂര്‍ണമായി ലഭിച്ച് അത് ബോധ്യപ്പെടുന്ന സമയം വരെ ഒരു നിരീശ്വരവാദിക്ക് അത് തിന്മയായി തോന്നാം. നാലാമത് വിവരിച്ചതില്‍ തനിക്ക് അറിയാന്‍ കഴിയാത്ത എന്തോ ഒരു നന്മ ഈ പ്രയാസത്തിലുണ്ട് എന്ന് ഒരാള്‍ക്ക് സമാധാനിക്കണമെങ്കില്‍, എല്ലാത്തിലും നന്മകള്‍ ഉദ്ദേശിച്ച, സകലതിനെയും നിയന്ത്രിക്കുന്ന ഒരു സ്രഷ്ടാവും നിയന്ത്രകനും ഉണ്ടെന്ന ബോധ്യം അയാള്‍ക്ക് ഉണ്ടാവണം.
അടുത്ത നിമിഷത്തില്‍ സംഭവിക്കാന്‍ പോകുന്നത് എന്താണെന്ന് അറിയാത്തവര്‍ മാത്രം ജീവിക്കുന്ന ലോകത്തെപ്പറ്റിയും പരലോകരഹിതമായ ജീവിതത്തെപ്പറ്റിയും ദൈവമില്ലാത്ത വിശദീകരണങ്ങളെയും പറ്റി മനസ്സിലാക്കുന്ന നിരീശ്വരവാദികള്‍ക്ക് ഒറ്റ നോട്ടത്തില്‍ പ്രയാസങ്ങളെയും ബുദ്ധിമുട്ടുകളെയും തിന്മകളായി മാത്രമേ കാണാന്‍ കഴിയൂ. വിമര്‍ശനത്തിന്റെ പരിമിതിയായി സൂചിപ്പിച്ച ആ കാര്യം കൂടി ഇവിടെ നാം ചേര്‍ത്തു മനസ്സിലാക്കണം. വളരെ പെട്ടെന്ന് സുഖം നല്‍കുന്ന കാര്യങ്ങളോ 3, 4 പോയിന്റുകളായി മുകളില്‍ പറഞ്ഞ കാര്യങ്ങളോ മാത്രമേ അവര്‍ക്ക് നന്മയായി തോന്നൂ. പ്രയാസങ്ങളെ തിന്മയായി കാണുന്നതാണ് ഈ വിമര്‍ശനത്തിന്റെ പ്രശ്‌നം. പ്രയാസങ്ങളെല്ലാം അനുഭവിക്കുന്ന വേളയില്‍ മനുഷ്യന് ആസ്വാദ്യകരമല്ലാത്ത അനുഭവം നല്‍കുന്നതാണ് എന്നതുകൊണ്ട് നമുക്ക് ഈ വിമര്‍ശനം ശരിയായി തോന്നുകയും ചെയ്യും.
