എല്ലാറ്റിനും സ്രഷ്ടാവ് വേണമെങ്കില്‍ ദൈവത്തിനും അതു വേണ്ടേ?


എല്ലാം സൃഷ്ടിച്ചത് ദൈവമെങ്കില്‍ ദൈവത്തെ സൃഷ്ടിച്ചത് ആരാണ് എന്നത്, എല്ലാത്തിനും ഒരു സ്രഷ്ടാവ് വേണമെങ്കില്‍ ദൈവത്തിനും ഒരു സ്രഷ്ടാവ് വേണ്ടേ എന്ന ചോദ്യത്തിന്റെ മറ്റൊരു രൂപമാണ്.

യുക്തിവാദികള്‍ ഇങ്ങനെ ഒരു ചോദ്യം ഉന്നയിക്കാറുണ്ട്: എല്ലാത്തിനും ഒരു സ്രഷ്ടാവ് വേണമെങ്കില്‍ ദൈവത്തിനും ഒരു സ്രഷ്ടാവ് വേണ്ടേ?

എല്ലാത്തിന്റെയും തുടക്കമായ, മറ്റൊന്നിനെയും ആശ്രയിക്കാതെ സ്വയം നിലനില്‍ക്കുന്ന, തുടക്കമോ ഒടുക്കമോ ഇല്ലാത്ത ഒരു ദൈവം ഉണ്ടാകാന്‍ വഴിയില്ല എന്നത് യുക്തിപരമായി നിരീശ്വരവാദികള്‍ പറയാന്‍ ശ്രമിക്കാറുള്ളത് ചിലപ്പോള്‍ ഈ ചോദ്യത്തിലൂടെയാണ്.

എല്ലാം സൃഷ്ടിച്ചത് ദൈവമെങ്കില്‍ ദൈവത്തെ സൃഷ്ടിച്ചത് ആരാണ് എന്നതും ഇതേ ചോദ്യത്തിന്റെ മറ്റൊരു രൂപമാണ്. ഈ ചോദ്യത്തിലൂടെ പുറത്തുവരുന്ന വാദം പരിശോധിക്കാം:

'നിലനില്‍ക്കുന്ന എല്ലാ പ്രതിഭാസങ്ങള്‍ക്കും സ്രഷ്ടാവ് വേണ്ടേ എന്നു ചോദിച്ച് ദൈവം എന്ന ഉത്തരത്തിലേക്ക് എത്തുകയും ആ ദൈവത്തിനു മാത്രം സ്രഷ്ടാവ് വേണ്ട എന്നു പറയുകയും ചെയ്യുന്നത് ഇരട്ടത്താപ്പല്ലേ?

എല്ലാത്തിനും സ്രഷ്ടാവ് വേണമെന്നാണെങ്കില്‍ ദൈവത്തിനും സ്രഷ്ടാവ് വേണമല്ലോ. അങ്ങനെയെങ്കില്‍ നിങ്ങള്‍ പറയുന്നതുപോലെ, സ്വയം നിലനില്‍ക്കുന്ന, പിന്നില്‍ മറ്റൊന്നും ഇല്ലാത്ത, മറ്റൊന്നിനെയും ആശ്രയിക്കാത്ത, തുടക്കമോ ഒടുക്കമോ ഇല്ലാത്ത ദൈവം എന്ന ആശയമേ സാധ്യമല്ലെന്നു വരും.'

ഈ വാദത്തിനുള്ള മറുപടിയിലേക്ക് കടക്കാന്‍, 'എ'യും 'ബി'യും തമ്മിലുള്ള സംഭാഷണം ശ്രദ്ധിക്കുക:
എ: എല്ലാം സൃഷ്ടിച്ചത് ദൈവമെങ്കില്‍ ദൈവത്തെ സൃഷ്ടിച്ചത് ആരാണ്...?
ബി: ആരാണ് മൊണാലിസ (വിഖ്യാത പെയിന്റിങ്) വരച്ചത്?
എ: ഡാവിഞ്ചി.
ബി: അങ്ങനെയെങ്കില്‍ ഡാവിഞ്ചിയെ വരച്ചത് ആരാണ്?
എ: വരയ്ക്കാന്‍ ഡാവിഞ്ചി ഒരു ചിത്രമല്ലല്ലോ, ഒരു മനുഷ്യനല്ലേ? മൊണാലിസ ഒരു ചിത്രം (പെയിന്റിങ്) ആയതുകൊണ്ടല്ലേ അത് വരച്ചത് ആരാണെന്ന് ചോദിച്ചത്?

ബി: അതുപോലെ സൃഷ്ടിക്കപ്പെട്ടതിനാണ് സ്രഷ്ടാവ് വേണ്ടത്. ദൈവം അടിസ്ഥാന നിര്‍വചനം കൊണ്ടുതന്നെ സൃഷ്ടിക്കപ്പെട്ടവനല്ലല്ലോ? പിന്നെ അവനെ സൃഷ്ടിച്ചത് ആരാണ് എന്ന ചോദ്യം എങ്ങനെ പ്രസക്തമാകും?

ഉത്തരം വിശദമായി: പ്രപഞ്ചത്തിലെ ഓരോ വസ്തുക്കളെയും ചൂണ്ടി, അവയുടെ പ്രകൃതങ്ങളിലെ കൃത്യതയും ചേര്‍ച്ചയും മനോഹാരിതയും കാണിച്ച് 'ഇവ താനേ ഉണ്ടാവുക സാധ്യമാണോ' എന്ന് ദൈവവിശ്വാസികള്‍ ചോദിക്കാറുണ്ട്. അതിസങ്കീര്‍ണമായ മനുഷ്യനും ചെടികളും മറ്റു പ്രാപഞ്ചിക പ്രതിഭാസങ്ങളുമെല്ലാം താനേ, ആരുടെയും ബൗദ്ധികമായ നേതൃത്വം ഇല്ലാതെ ഉണ്ടായെന്ന് അംഗീകരിക്കാന്‍ മനുഷ്യയുക്തിക്ക് കഴിയില്ല.

കുറേ ലോഹക്കഷണങ്ങളില്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കാറ്റടിച്ചാല്‍ അതൊരു മനോഹരമായ കാറാവില്ല എന്നത് കേവല യുക്തിയാണ്. അതിനൊരു പക്ഷേ ഭംഗിയുള്ള ഒരു രൂപത്തെ നിര്‍മിക്കാന്‍ കഴിഞ്ഞേക്കും.

പക്ഷേ, ടയറും എന്‍ജിനും ഗിയറും സ്റ്റിയറിങും സീറ്റുകളും യഥാവിധി കൃത്യസ്ഥാനത്ത് വരുന്ന, പ്രവര്‍ത്തനക്ഷമമായ, മനുഷ്യന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും വിധമുള്ള ഒരു കാര്‍ അതിലൂടെ ഉണ്ടായിവരല്‍ അസംഭവ്യമാണ്. അപ്പോള്‍ അതിനേക്കാള്‍ സങ്കീര്‍ണമായ മനുഷ്യന്‍ യാദൃച്ഛികമായി ഉണ്ടാകലോ? തീരെ സാധ്യമല്ലല്ലോ.

ഇവ ഉന്നയിച്ചാണ് ഡിസൈന്‍ ചെയ്യപ്പെട്ടവയ്ക്ക് ഒരു ഡിസൈനര്‍ വേണം എന്ന് നാം പറയുന്നത്. സമാനമായി തുടക്കമുള്ളവയ്‌ക്കെല്ലാം ഒരു തുടക്കക്കാരനും, ഉണ്ടായവയ്‌ക്കെല്ലാം ഒരു 'ഉണ്ടാക്കിയവനും', അത്യന്തികമായി സൃഷ്ടിക്കപ്പെട്ടവയ്‌ക്കെല്ലാം ഒരു സ്രഷ്ടാവും വേണമെന്നും നാം പറയാറുണ്ട്.

മനുഷ്യന്റെ യുക്തിയോട് സംവദിക്കുന്ന, അതിലൂടെ അവന്റെ മനസ്സിനെ ദൈവത്തെപ്പറ്റിയുള്ള തീര്‍പ്പിലേക്ക് എത്തിക്കുന്ന ഈ ചോദ്യത്തിന് പ്രസക്തമായ മറുപടികള്‍ ഒന്നും ഇല്ലാത്തതുകൊണ്ടാവണം, ഇവിടെ വിഷയമായി നാം പരിഗണിച്ച ഒരു മറുചോദ്യം ഉന്നയിച്ച് അതിനെ നേരിടാന്‍ ഈശ്വരനിഷേധികള്‍ ശ്രമിക്കാറുള്ളത്.

ഈ ചോദ്യം ഉന്നയിക്കുന്നവര്‍ പറയാന്‍ ശ്രമിക്കുന്നതെന്താണ്? മുകളില്‍ പറഞ്ഞതുപോലെ ഒരു കാറോ അതിനേക്കാള്‍ സങ്കീര്‍ണമായ മനുഷ്യനോ യാദൃച്ഛികമായി ഉണ്ടാകുമെന്നോ? ഇത്രയും മനോഹരവും സങ്കീര്‍ണവും പ്രവര്‍ത്തനക്ഷമവുമായ വസ്തുക്കള്‍ക്കു പിന്നില്‍ ഒരു ഡിസൈനറും സ്രഷ്ടാവും വേണ്ടെന്നോ?

പരസ്പരപൂരകത്വവും ചേര്‍ച്ചയുമടക്കം അവയിലെ ഓരോ കണികകളിലെയും കൃത്യതകള്‍ താനേ സംഭവിച്ചതാണെന്നോ? ഈ മുടന്തന്‍ ചോദ്യം കൊണ്ട് നിഷേധിക്കാവുന്നതാണോ ആ വലിയ ഉത്തരം? ഒരിക്കലുമല്ല. ഇവിടെ അവര്‍ ചെയ്യുന്നത്, തങ്ങള്‍ക്ക് തങ്ങളുടെ ജീവിതവീക്ഷണ പ്രകാരം ഒരു ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിയുന്നില്ല.

ഈ ലോകത്തുള്ള സങ്കീര്‍ണമായ ഡിസൈനുകളും ജീവികളും എങ്ങനെ ഉണ്ടായി എന്ന പ്രശ്‌നം പരിഹരിക്കാന്‍ അതിനേക്കാള്‍ വലിയ ഒരു പ്രശ്‌നം കൃത്രിമമായി നിര്‍മിച്ച് തടിതപ്പലാണ്. ഒരു വലിയ ചോദ്യം കൊണ്ടുവന്നു എന്നതുകൊണ്ട് നേരത്തേ പറഞ്ഞ ചോദ്യം ഇല്ലാതാകുന്നില്ലല്ലോ!
ദൈവം ഉെണ്ടന്നു പറയാന്‍ ഉപയോഗിച്ച വാദത്തിന് കൃത്യമായ മറുവാദം ഉന്നയിക്കാനോ, ഈ ചോദ്യത്തിലൂടെ ദൈവമില്ല എന്ന് ഖണ്ഡിതമായി പറയാനോ സാധ്യമല്ല.

ഇനി ഈ വാദത്തിലേക്ക് വന്നാല്‍ അത് അയുക്തികമാണ് എന്ന് എളുപ്പം ബോധ്യപ്പെടും. വാദത്തിന്റെ ഘടന ഇങ്ങനെയാണ്: 'എല്ലാത്തിനും ഒരു സ്രഷ്ടാവ് വേണമെങ്കില്‍, ദൈവ(ത്തിന്റെ സ്രഷ്ടാവ്)ത്തെ സൃഷ്ടിച്ചത് ആരാണ്?'

If everything requires a creator, who is the creator of God? 'എങ്കില്‍' (if) എന്നതിനോട് ചേര്‍ന്നതാണല്ലോ ഇത്തരം വാദങ്ങളുടെയെല്ലാം ഹൃദയഭാഗം. അതിന്റെ ശരിയിലാണ് ആ വാദത്തിന്റെ നിലനില്പ്.

ഇവിടെയും അങ്ങനെത്തന്നെ. 'എല്ലാത്തിനും ഒരു സ്രഷ്ടാവ് വേണമെങ്കില്‍' എന്ന പ്രയോഗമാണ് ഇതിലെ ഏറ്റവും പ്രാധാന്യമുള്ള ഭാഗം. അത് സര്‍വാംഗീകൃത സത്യവും, തങ്ങളുടെ വാദത്തെ എതിര്‍ക്കുന്നവര്‍ (ദൈവവിശ്വാസികള്‍) സവിശേഷമായും ഏറ്റെടുക്കുന്ന വാദവുമാണ് എന്ന ധാരണയാണ് ഈ വാദത്തെ ബാലപ്പെടുത്തുന്നത്.

പക്ഷേ, അത് അങ്ങനെയല്ല എന്നതാണ് വസ്തുത. എല്ലാത്തിനും ഒരു സ്രഷ്ടാവ് വേണമെന്ന് ദൈവവിശ്വാസികള്‍ പറയുന്നില്ല. മുകളില്‍ നാം വിശദീകരിച്ചതുപോലെ ഡിസൈന്‍ ചെയ്യപ്പെട്ടവയ്ക്ക് ഒരു ഡിസൈനര്‍ വേണം. തുടക്കമുള്ളവയ്‌ക്കെല്ലാം ഒരു തുടക്കക്കാരനും, ഉണ്ടായവയ്‌ക്കെല്ലാം ഒരു ഉണ്ടാക്കിയവനും സൃഷ്ടിക്കപ്പെട്ടവയ്‌ക്കെല്ലാം ഒരു സ്രഷ്ടാവും വേണം.

ഒരു അസ്തിത്വം ഡിസൈന്‍ ചെയ്യപ്പെടാത്തതും തുടക്കമില്ലാത്തതും ഉണ്ടാകാത്തതും സൃഷ്ടിക്കപ്പെടാത്തതും ആണെങ്കില്‍ അതിന് ഡിസൈനറോ തുടക്കക്കാരനോ ഉണ്ടാക്കിയവനോ സ്രഷ്ടാവോ ആവശ്യമില്ല. അത്തരത്തിലുള്ള ഗുണങ്ങളുള്ള ദൈവത്തെപ്പറ്റിയാണല്ലോ ഇത്തരം താത്വികമായ വാദങ്ങള്‍ സമൂഹത്തിന്റെ പൊതുമധ്യത്തില്‍ ചര്‍ച്ചയ്‌ക്കെത്തുന്നതിനു മുമ്പേതന്നെ മതം പറഞ്ഞുവെക്കുന്നത്.

തുടക്കമുള്ള, പരിമിതമായ ഗുണങ്ങളുള്ള, പ്രത്യേകം ഡിസൈനുകളുള്ള, മറ്റുള്ളവയെ ആശ്രയിച്ചു നിലനില്‍ക്കുന്ന കാര്യങ്ങള്‍ മാത്രമാണ് നമുക്ക് ഈ ലോകത്ത് ഇന്ദ്രിയങ്ങളിലൂടെ അറിയാന്‍ കഴിയുന്നത്. അത്തരം വസ്തുക്കള്‍ മാത്രമായി നിലനില്‍ക്കല്‍ സാധ്യമല്ല.

അവ നിലനില്‍ക്കണമെങ്കില്‍ സ്വയം മറ്റൊന്നിനെയും ആശ്രയിക്കാതെ നിലനില്‍ക്കുന്ന ഒരു അറ്റം/ സര്‍വാശ്രയം നിര്‍ബന്ധമാണ് എന്ന് യുക്തിപരമായി നമുക്ക് ബോധ്യപ്പെടുന്നതാണ്. അടിസ്ഥാന നിര്‍വചനത്തില്‍ തന്നെ എന്നെന്നും നിലനില്‍ക്കുന്നവനായ, ഉണ്ടായതല്ലാത്ത, തുടക്കമില്ലാത്ത ഒരസ്തിത്വത്തെ 'സൃഷ്ടിച്ചതാരാണ്' എന്നത് അപ്രസക്തമായ ചോദ്യമാണ്.

അത് അവസാന ബസിനു ശേഷമുള്ള ബസിനെയും അവിവാഹിതന്റെ വധുവിനെയുമെല്ലാം പറ്റി ചോദിക്കുന്നതുപോലെ അസംബന്ധമാണ്. അതിനു ശേഷം മറ്റു ബസുകള്‍ ഇല്ല എന്നതുകൊണ്ടാണ് ആ ബസ് അവസാന ബസാകുന്നത്. തനിക്ക് വധുവില്ല എന്നതുകൊണ്ടാണ് അയാള്‍ അവിവാഹിതനാവുന്നത്. പിന്നെ ആ കാര്യങ്ങളെപ്പറ്റിയുള്ള ചോദ്യം അപ്രസക്തമാണല്ലോ.

ഉപചോദ്യം

ദൈവത്തില്‍ അവസാനിപ്പിക്കുന്ന ഈ ചോദ്യം നിങ്ങള്‍ക്ക് മനുഷ്യനില്‍/ ഈ പ്രപഞ്ചത്തില്‍ അവസാനിപ്പിച്ചുകൂടേ?

ദൈവത്തെ സൃഷ്ടിക്കപ്പെടാത്തതും മറ്റൊന്നിനെ ആശ്രയിക്കാത്തതും തുടക്കമില്ലാത്തതുമെല്ലാമായി കാണുന്നതുകൊണ്ടാണല്ലോ നാം ദൈവത്തിനു പിന്നില്‍ ആരും വേണ്ടതില്ല എന്നു പറയുന്നത്. അത്തരം ഒരു നിഗമനം മനുഷ്യനെപ്പറ്റിയോ പ്രപഞ്ചത്തെപ്പറ്റിയോ എടുത്താല്‍ അവയ്ക്ക് പിന്നിലും ആരും വേണ്ടതില്ല എന്നു പറഞ്ഞുകൂടേ എന്നതാണ് ആത്യന്തികമായ ചോദ്യം.

അഥവാ ദൈവത്തിന് പകരം മനുഷ്യനെയോ പ്രപഞ്ചത്തെയോ സൃഷ്ടിക്കപ്പെടാത്തതും മറ്റൊന്നിനെ ആശ്രയിക്കാത്തതും തുടക്കമില്ലാത്തതുമായി കാണുക. ഈ ചോദ്യത്തിന്റെ ഉത്തരം മുകളിലെ വിശദീകരണത്തില്‍ നിന്നു വ്യക്തമാണ്. നമുക്ക് അറിയുന്ന പ്രപഞ്ചത്തെപ്പറ്റിയും മനുഷ്യനെപ്പറ്റിയുമുള്ള അറിവുകളോട് കണ്ണടച്ചാല്‍ മാത്രമേ ഇത്തരമൊരു നിലപാട് അവയെപ്പറ്റി എടുക്കാന്‍ കഴിയൂ.

എല്ലാറ്റിനും ഒരു സ്രഷ്ടാവ് വേണമെന്ന് ദൈവവിശ്വാസികള്‍ പറയുന്നില്ല. ഡിസൈന്‍ ചെയ്യപ്പെട്ടവയ്ക്ക് ഒരു ഡിസൈനര്‍ വേണം. തുടക്കമുള്ളവയ്‌ക്കെല്ലാം ഒരു തുടക്കക്കാരനും, ഉണ്ടായവയ്‌ക്കെല്ലാം ഒരു ഉണ്ടാക്കിയവനും സൃഷ്ടിക്കപ്പെട്ടവയ്‌ക്കെല്ലാം ഒരു സ്രഷ്ടാവും വേണം.

കാരണം അവയെപ്പറ്റിയുള്ള അടിസ്ഥാന അറിവുകളില്‍ നിന്നും അവയ്ക്ക് തുടക്കമുണ്ടെന്നും, എന്നെന്നും നിലനില്‍ക്കുന്ന പ്രകൃതമുള്ളതല്ല എന്നും നമുക്ക് വ്യക്തമാവും. തുടക്കമുണ്ടെങ്കില്‍ തുടങ്ങാനുള്ള കാരണക്കാരനെപ്പറ്റിയുള്ള ചോദ്യം ഉടലെടുക്കുമല്ലോ. മാത്രമല്ല, മുഴുപ്രപഞ്ചമടക്കമുള്ള എല്ലാ ദൈവേതര അസ്തിത്വങ്ങള്‍ക്കുമുള്ള പ്രത്യേകതകളെല്ലാം പരിമിതവും പരിധിയുള്ളതുമാണ്.

ഒരു അസ്തിത്വത്തിന് എന്തെങ്കിലും ഒരു ഗുണത്തില്‍ പരിധിയുണ്ടെങ്കില്‍ ആ പരിധിയില്‍ പ്രസ്തുത ഗുണത്തെ നിലനിര്‍ത്താന്‍ മറ്റ് ചില കാര്യങ്ങളെ ആശ്രയിച്ചേ തീരൂ. ഉദാഹരണത്തിന് ഒരു മനുഷ്യന്റെ ഭാരം 70 കിലോഗ്രാമാണ് എന്നു കരുതുക. അത് 71ഓ 69ഓ ആകാതെ എന്തുകൊണ്ട് 70 എന്നുതന്നെ കാണിക്കുന്നുവെന്ന ചോദ്യം പ്രസക്തമാണ്.

അയാള്‍ കഴിക്കുന്ന ഭക്ഷണവും ജീവിക്കുന്ന കാലാവസ്ഥയും ജനിതക പ്രത്യേകതകളും അടക്കം ഒത്തിരി കാര്യങ്ങളെ ആ തൂക്കം ആശ്രയിക്കുന്നു എന്ന ഉത്തരത്തിലേക്ക് നാം എത്തും. അത്തരം ആശ്രയങ്ങളാണ് അതിന്റെ കൃത്യമായ പരിധിക്ക് കാരണം. ഇത്തരത്തില്‍ തന്നെയാണ് ഓരോ അസ്തിത്വങ്ങളുടെയും എല്ലാ ഗുണങ്ങളും നിലനില്‍ക്കുന്നത്. അവയെല്ലാം പരിമിതമായ ഗുണങ്ങളുള്ളവയും പരിമിതപ്പെടലിന് മറ്റു പലതിനെയും ആശ്രയിക്കുന്നവയുമാണ്.

ഇങ്ങനെ മറ്റൊന്നിനെ ആശ്രയിക്കുന്ന ഏതെങ്കിലും അസ്തിത്വത്തില്‍ നമുക്ക് ചോദ്യങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുമോ? ഇവ ആശ്രയിക്കുന്ന മറ്റു പലതും ഉണ്ടാവാം എന്നു മനസ്സിലാക്കിയിരിക്കെ ഒരു സത്യാന്വേഷിക്ക് എങ്ങനെയാണ് ആ അസ്തിത്വത്തെ മറ്റൊന്നിനെ ആശ്രയിക്കാതെ സ്വയം നിലനില്‍ക്കുന്ന ഒന്നായി കാണാന്‍ കഴിയുക?

പ്രപഞ്ചം എന്ന വലിയ അസ്തിത്വത്തെ എടുത്താല്‍ പോലും അതിന്റെ വലുപ്പം, മാസ്സ് പോലെയുള്ള എല്ലാ ഗുണങ്ങളും നിശ്ചിതവും ഒരു പ്രത്യേക പരിധിക്കകത്തുള്ളതുമാണ് എന്നു മനസ്സിലാക്കാം. സ്വാഭാവികമായും ഗുണങ്ങളുടെ ആ പരിമിതപ്പെടലിന് പ്രപഞ്ചം ആശ്രയിക്കുന്നത് എന്തിനെയാണെന്ന ചോദ്യവും ഉടലെടുക്കും.

പിന്നിലുള്ള കാരണങ്ങളും തുടക്കവും ആശ്രയവും ഒന്നും ചോദിക്കേണ്ടതില്ലാതെ, ഒരറ്റത്ത് ഈ ചോദ്യങ്ങളെല്ലാം അവസാനിപ്പിക്കണമെങ്കില്‍ ആ അസ്തിത്വ(അറ്റ)ത്തിനുള്ള ഗുണങ്ങളെല്ലാം അനന്തമായിരിക്കണം. അങ്ങനെയല്ലാത്ത ഒന്നിലും ആ ചോദ്യം അവസാനിപ്പിക്കല്‍ സാധ്യമല്ല. അതുകൊണ്ടാണ് എല്ലാം കാണുന്നവന്‍, എല്ലാം കേള്‍ക്കുന്നവന്‍, എല്ലാം അറിയുന്നവന്‍ എന്നിങ്ങനെ ഉള്ള ഗുണങ്ങളെല്ലാം പരിധിയില്ലാത്ത വിധം അനന്തമായി നിലനില്ക്കുന്ന ദൈവത്തെ എല്ലാത്തിന്റെയും തുടക്കക്കാരനോ സ്രഷ്ടാവോ ആയി കാണുന്നതാണ് യുക്തിപരം എന്നു പറയുന്നത്.

ലളിതമായി പറഞ്ഞാല്‍ മറ്റൊന്നിനെയും ആശ്രയിക്കാത്തതിന്റെ ഗുണങ്ങളെല്ലാം അനന്തമായിരിക്കും. ഒരസ്തിത്വത്തിന്റെ ഏതെങ്കിലും ഗുണത്തിന് ഒരു പരിധിയുണ്ടെങ്കില്‍ ആ അസ്തിത്വം മറ്റൊന്നിനെ ആശ്രയിക്കുന്നുണ്ട്. അതിനാല്‍ ദൈവേതരമായ ഒന്നിലും കാരണങ്ങളുടെയോ ആശ്രയങ്ങളുടെയോ അന്വേഷണം/ചോദ്യം അവസാനിപ്പിക്കാന്‍ കഴിയില്ല.