മനുഷ്യബുദ്ധിയെ തളച്ചിടരുത്; തഖ്‌ലീദുമരുത്


പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെ അത് ശരിയോ തെറ്റോ എന്ന് ആലോചിക്കാതെ ഏതെങ്കിലും ഒരു പണ്ഡിതന്റെ വാക്ക് കണ്ണടച്ചു വിശ്വസിക്കലാണ് തഖ്‌ലീദ്.

ശുദ്ധമായ വെള്ളം കെട്ടിനിറുത്തിയാല്‍ കാലപ്പഴക്കം കൂടുംതോറും അതില്‍ നിന്ന് ദുര്‍ഗന്ധം വര്‍ധിച്ചുകൊണ്ടിരിക്കും. ആ വെള്ളം കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്നവര്‍ രോഗികളായി മാറും. രോഗാണുക്കളെ മാത്രമേ ആ വെള്ളം സംഭാവന ചെയ്യൂ. ഇത് പ്രകൃതിനിയമമാണ്.

മനുഷ്യബുദ്ധിയെ തളച്ചിടുന്നതും ഇതുപോലെ തന്നെയാണ്. ബുദ്ധി തളച്ചിടപ്പെട്ട സമൂഹം ദുഷിച്ചുനാറും. പല രോഗങ്ങള്‍ക്കും കാരണമാവും. പരിസരവാസികള്‍ക്കു പോലും അസഹ്യതയുണ്ടാക്കും. ഇതാണ് തഖ്‌ലീദില്‍ അകപ്പെട്ടുപോയ സമൂഹത്തിന്റെ ഉദാഹരണം.

ഒരു കവി ഇങ്ങനെ പാടി:
കെട്ടിനില്‍ക്കുന്ന വെള്ളം
ദുഷിച്ചു നാറുന്നതായി
ഞാന്‍ കാണുന്നു
ആ വെള്ളം ഒഴുകിയിരുന്നു
വെങ്കില്‍ നന്നായേനെ
ഒഴുകാത്ത വെള്ളം
ഒരിക്കലും നന്നാവുകയില്ല.

ഇമാം ഗസ്സാലി 'മുസ്തസ്ഫാ' എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെയാണ് തഖ്‌ലീദിനെ നിര്‍വചിച്ചത്: 'തെളിവു കൂടാതെ ഒരാളുടെ അഭിപ്രായം അനുകരിക്കലാണ് തഖ്‌ലീദ്.' ഇതേ ആശയം തന്നെയാണ് 'ജംഉല്‍ ജവാമിഇ'ല്‍ ഇമാം സുബുകിയും പറഞ്ഞത്: 'തെളിവ് മനസ്സിലാക്കാതെ മറ്റൊരാളുടെ വാക്ക് സ്വീകരിക്കലാണ് തഖ്‌ലീദ്.'

ഇതേ ആശയം തന്നെയാണ് തഖ്‌ലീദിനെ നിര്‍വചിച്ച മറ്റു പണ്ഡിതന്മാരും പറഞ്ഞത്. പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെ അത് ശരിയോ തെറ്റോ എന്ന് ആലോചിക്കാതെ ഏതെങ്കിലും ഒരു പണ്ഡിതന്റെ വാക്ക് കണ്ണടച്ചു വിശ്വസിക്കലാണ് തഖ്‌ലീദ്. എന്നാല്‍ റസൂലി(സ)ന്റെ വാക്കും പ്രവൃത്തിയും ഇസ്‌ലാമില്‍ പ്രമാണമാണ്.

അതുപോലെ ഇജ്മാഉം സാക്ഷിമൊഴിയും സ്വീകരിക്കല്‍ തഖ്‌ലീദാവുകയില്ല. അവ സ്വീകരിക്കാന്‍ അല്ലാഹുവും റസൂലും കല്‍പിച്ചതാണ്.

ഇമാം ആമുദി പറയുന്നു: ''നബി(സ)യുടെ വാക്കിലേക്കും ഇജ്മാഇലേക്കും തിരിച്ചുവരുന്നത് തഖ്‌ലീദില്‍ പെട്ടതല്ല. അത് രണ്ടും ശറഇയ്യായ പ്രമാണവും ശരീഅത്തിന്റെ ഉറവിടവുമാണ്. അതുപോലെ സാധാരണക്കാരന്‍ മുഫ്തിയുടെ ഫത്‌വ അനുസരിച്ച് പ്രവര്‍ത്തിക്കുന്നതും ഖാദി നീതിമാന്‍മാരായ സാക്ഷികളുടെ മൊഴി അനുസരിച്ചു വിധിക്കുന്നതും തഖ്‌ലീദല്ല.

അറിവും സൂക്ഷ്മതയും നീതിബോധവുമുള്ള ഏതു പണ്ഡിതനോടും ചോദിക്കാനുള്ള അവകാശം സാധാരണ ജനങ്ങള്‍ക്കുണ്ട്.

കാരണം സാധാരണക്കാരന്‍ മുഫ്തിയുടെ വാക്ക് സ്വീകരിക്കുന്നതും ഖാദി നീതിമാനായ സാക്ഷിയുടെ മൊഴി സ്വീകരിക്കുന്നതും പ്രമാണങ്ങള്‍ കൊണ്ട് സ്ഥിരപ്പെട്ടതാണ്. അതിനാല്‍ ഇവരാരും അടിസ്ഥാനപരമായ വിഷയങ്ങളിലോ ശാഖാപരമായ വിഷയങ്ങളിലോ ആരെയും തഖ്‌ലീദ് ചെയ്യുന്നവരല്ല'' (അല്‍ഇഹ്കാം ഫീ ഉസൂലില്‍ അഹ്കാം 4:298).

ഇമാം ഗസ്സാലി പറയുന്നു: ''തെളിവു കൂടാതെ ഒരാളുടെ വാക്ക് സ്വീകരിക്കലാണ് തഖ്‌ലീദ്. ഭരണാധികാരിക്ക് സാക്ഷിമൊഴി സ്വീകരിക്കല്‍ നിര്‍ബന്ധമായതുപോലെ, ജനങ്ങള്‍ മുഫ്തിയുടെ ഫത്‌വ സ്വീകരിക്കല്‍ ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണ്. ഏക റാവി റിപ്പോര്‍ട്ട് അതു സത്യമാണെന്ന ധാരണയില്‍ അതനുസരിച്ചു വിധി പ്രസ്താവിക്കല്‍ നിര്‍ബന്ധമാണെന്ന് ഖണ്ഡിതമായ പ്രമാണങ്ങള്‍ കൊണ്ട് അറിയപ്പെട്ടതാണ്. അപ്പോള്‍ മേല്‍പറഞ്ഞ വിധത്തിലുള്ള വിധികള്‍ ഖണ്ഡിതമായ സത്യമാണ്. തഖ്‌ലീദ് അജ്ഞതയാണ്'' (അല്‍മുസ്തസ്ഫാ 2:289).

ഇമാം ആമുദിയുടെയും ഗസ്സാലിയുടെയും പ്രസ്താവനകളില്‍ കാര്യങ്ങള്‍ വ്യക്തമാണ്. സാധാരണക്കാര്‍ പണ്ഡിതന്മാരുടെ വാക്ക് സ്വീകരിക്കുന്നത് തഖ്‌ലീദല്ലെന്ന് അവര്‍ സമര്‍ഥിക്കുന്നു. അറിവില്ലാത്തവര്‍ അറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കണമെന്നത് ഖുര്‍ആന്‍ കല്‍പിച്ച കാര്യമാണ്.

പിന്നെ അത് എങ്ങനെ തഖ്‌ലീദാകും? തഖ്‌ലീദ് അല്ലാഹു വിരോധിച്ച കാര്യമാണ്. അല്ലാഹു പറയുന്നു: ''നിങ്ങള്‍ അറിയാത്തവരാണെങ്കില്‍ അറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കുക'' (16:43).

അപ്പോള്‍ ഇജ്തിഹാദിന് കഴിവില്ലാത്തവര്‍ തഖ്‌ലീദ് ചെയ്യുകയല്ല, അറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കുകയാണ് വേണ്ടത്. ഒരു പ്രത്യേക മദ്ഹബില്‍ ഒതുങ്ങിനില്‍ക്കുന്ന പണ്ഡിതനോട് ചോദിക്കാനല്ല, വിജ്ഞാനമുള്ളവരോട് ചോദിക്കാനാണ് അല്ലാഹു കല്പിച്ചത്.

അതും ഈ വിഷയത്തില്‍ അയാളുടെ അഭിപ്രായമല്ല ചോദിക്കേണ്ടത്. അതിനാല്‍ അറിവും സൂക്ഷ്മതയും നീതിബോധവുമുള്ള ഏതു പണ്ഡിതനോടും ചോദിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ഒരാളുടെ മറുപടിയില്‍ വല്ല സംശയവും തോന്നിയാല്‍ ആ വിഷയം മറ്റു നീതിമാന്മാരായ പണ്ഡിതന്മാരോട് ചോദിക്കാവുന്നതാണ്.

ദീന്‍ വിറ്റു കാശാക്കാന്‍ നടക്കുന്നവരോട് ഒരിക്കലും ചോദിക്കരുത്. ഇത്തരത്തിലുള്ള സത്യാന്വേഷണ മനോഭാവം ഏതു സത്യവിശ്വാസിയിലും എപ്പോഴും ഉണ്ടായിരിക്കണം.

മുന്‍കാല പണ്ഡിതന്മാര്‍ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും സഹാബികളുടെ പ്രവര്‍ത്തനരീതിയുടെയും മറ്റ് അംഗീകൃത പ്രമാണങ്ങളുടെയും അടിസ്ഥാനത്തില്‍ വിധി പറയുമായിരുന്നു. തഖ്‌ലീദിന്റെ കാലഘട്ടം ആരംഭിച്ചതോടെ എന്തെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടായാലും പ്രമാണങ്ങള്‍ മാറ്റിനിര്‍ത്തി ഏതെങ്കിലും മദ്ഹബിലെ പണ്ഡിതന്‍ എഴുതിയ ഗ്രന്ഥത്തെയും അയാളുടെ വീക്ഷണത്തെയും അടിസ്ഥാനമാക്കി വിധി പറയുന്ന സമ്പ്രദായം വളര്‍ന്നുവന്നു.

മനുഷ്യബുദ്ധിയെ തളച്ചിടുന്നതു കെട്ടിക്കിടക്കുന്ന വെള്ളം പോലെയാണ്. ബുദ്ധി തളച്ചിടപ്പെട്ട സമൂഹം ദുഷിച്ചുനാറും. പരിസരവാസികള്‍ക്കു പോലും അസഹ്യതയുണ്ടാക്കും.

ഹി. നാലാം നൂറ്റാണ്ടിനു ശേഷം ഇജ്തിഹാദിന്റെ കവാടം പൂര്‍ണമായും അടയ്ക്കപ്പെട്ടു. ഇനി ബുദ്ധിക്കും ഗവേഷണത്തിനും ഇസ്‌ലാമില്‍ യാതൊരു പ്രസക്തിയും ഇല്ലെന്നും നാലു മദ്ഹബ് ഇമാമുമാരില്‍ ഒരാളെ തഖ്‌ലീദ് ചെയ്ത് അയാളുടെ അഭിപ്രായങ്ങളെ കണ്ണടച്ചു സ്വീകരിക്കണമെന്നും, പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ശറഈ വിധികള്‍ മനസ്സിലാക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അതെല്ലാം മദ്ഹബിന്റെ ഇമാമുമാര്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും മദ്ഹബ് തഖ്‌ലീദ് ചെയ്യുന്നവര്‍ പ്രചരിപ്പിച്ചു.

എന്നാല്‍ മദ്ഹബിന്റെ ഇമാമുമാര്‍ ഇത്തരം തഖ്‌ലീദിനെ ശക്തമായി വിരോധിച്ചിട്ടുണ്ട്. കേവലം ബുദ്ധിയുടെ അടിസ്ഥാനത്തില്‍ അഭിപ്രായങ്ങള്‍ പറയുന്നത് ഖുര്‍ആനും സുന്നത്തും വിരോധിച്ച കാര്യമാണ്. എന്നാല്‍ ശരീഅത്തിന്റെ ഉസൂലും ഫുറൂഉം ഒന്നും വേര്‍തിരിച്ചറിയാത്തവര്‍ അഭിപ്രായങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ അത് ഇസ്‌ലാമിന്റെ നിലനില്‍പ് തന്നെ അപകടത്തിലാക്കുന്നതാണ്.

(അവസാനിക്കുന്നില്ല.)