ഓട്ടക്കുടകള്‍

സുല്‍ഫിയ

ഇടിയുടെ മുഴക്കം ആ രണ്ട് മനുഷ്യരുടെ ഹൃദയങ്ങള്‍ക്കിടയില്‍ ഒന്നുമല്ലാതായി. കണ്ണ് മറയുന്നതുവരെയും അയാളങ്ങനെ ഉറഞ്ഞുതുള്ളി.

പൊള്ളുന്ന വേനലിലും ഇടവപ്പാതിയിലെ ഇടവിട്ട മഴയത്തും കര്‍ക്കടകത്തിലെ തോരാത്ത മഴയത്തും അയാള്‍ ഇവിടെയുണ്ടാവും. പിന്നാമ്പുറത്ത്, കേടുവന്ന കുടകള്‍ നിരത്തിയിട്ട പാതി ചുവരുകള്‍ മാത്രമുള്ള ആ ചായ്പില്‍.

ശീല കീറിയ, കമ്പൊടിഞ്ഞ, പിടി മുറിഞ്ഞ കുടകള്‍ കൊണ്ട് നാട്ടിലെ കുഞ്ഞി ചെക്കന്മാര് 'കൊട നന്നാക്കി തര്വോ ശിവദാസന്‍ മാഷേ'ന്ന് ചോദിക്കുമ്പോള്‍ ഉന്തിയ പല്ലുകള്‍ കാട്ടി അയാള്‍ സ്നേഹത്തോടെയത് വാങ്ങിവെക്കും. ആ കുടകള്‍ നന്നാക്കാന്‍ പറ്റില്ലാന്ന് വികൃതിപ്പയ്യന്മാര്‍ക്ക് അറിയാമെങ്കിലും വേഗം തരണട്ടോന്ന് പറഞ്ഞവര്‍ ഓടിപ്പോവും.

രാവും പകലും മാഷാ കുടയില്‍ പല പരീക്ഷണങ്ങളും നടത്തും. വല്ലാത്തൊരു വട്ടെന്ന് പറഞ്ഞ് നാട്ടാര് മുഴുവന്‍ അയാളെ ഒച്ചയില്ലാണ്ട് പരിഹസിക്കും. മാഷ് അന്ന് സാമൂഹിക പാഠം പഠിപ്പിച്ചവര്‍ സഹതാപത്തോടെ അടക്കം പറയും: ''അന്ന് സ്‌കൂള്‍ ഭരിച്ച രാജാവാ.''

ക്ലാസില്‍ കേറിയാല്‍ ഏത് വില്ലന്‍മാരും മാഷിന്റെ മാത്രം കുട്ട്യോളാവുന്ന സാമൂഹികപാഠം ക്ലാസിലെ കഷണ്ടിത്തലയുള്ള, നിഷ്‌കളങ്കമായി പുഞ്ചിരിക്കുന്ന ശിവദാസന്‍ മാഷെ അവര്‍ സ്നേഹത്തോടെ ഓര്‍ത്തെടുക്കും. പ്ലാസി യുദ്ധവും മൈസൂര്‍ സിംഹത്തെയും ഭഗത് സിംഗിനേയുമൊക്കെ പറയുന്ന ക്ലാസ് മുറി അവര്‍ക്ക് മുന്നിലങ്ങനെ തെളിഞ്ഞുവരും.

ആ മാഷിനെന്ത് പറ്റീന്ന് ചോദിക്കുന്നവര്‍ക്ക് ഊറിച്ചിരിച്ച് മറുപടി പറയാന്‍ കവലയിലെ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഇപ്പോള്‍ നൂറ് നാവാണ്:

''വഴിയറിയാതെ വന്നൊരുത്തി കൂടെക്കൂടി സമ്മതം ചോയിക്കാണ്ട് പോയപ്പോ മാഷിന് ബുദ്ധി മറഞ്ഞതാ മക്കളേ...''

പെരുമഴയത്ത് കുടയില്ലാതെ വന്ന ആ പെണ്ണൊരുത്തിക്ക് പിന്നെ കൂടും കുടയും തണലുമൊക്കെ അയാളായി. കറുത്ത, ഉന്തിയ പല്ലുകളുള്ള, കഷണ്ടിത്തലയുള്ള നിഷ്‌കളങ്കമായി പുഞ്ചിരിക്കുന്ന അയാളുടെ സാമ്രാജ്യം പതിയെ അവളിലൊതുങ്ങി.

കഥകളിലും ചിത്രങ്ങളിലും മാത്രം കേട്ടുകേള്‍വിയുള്ള ആകാരഭംഗിയും വടിവൊത്ത ശരീരവുമുള്ള ആ സ്ത്രീയെ നാട്ടിലെ ആണുങ്ങള്‍ നോക്കുന്നുണ്ടോ എന്ന് മാഷ് വല്ലാതെ സംശയിച്ചു. പെണ്ണുങ്ങളുടെ കണ്ണുതട്ടാതിരിക്കാന്‍ പകല്‍ സമയം പുറത്തിറങ്ങല്ലേ എന്ന് അയാളാ സാധു സ്ത്രീയോട് പറഞ്ഞു.

താടിയും മുടിയും നരച്ചുതുടങ്ങിയ മാഷിന്റെ തുടുതുടുത്ത മോനെ കണ്ട് പരിചയക്കാര് പേരക്കുട്ടിയാണോന്ന് ചോദിക്കുമ്പോഴൊക്കെ അയാളിലെ അപകര്‍ഷബോധം കൂടിക്കൂടി വന്നു.
അപ്പോഴൊക്കെ വിദ്യാഭ്യാസമുള്ള, വിവേകമില്ലാത്തൊരു മനുഷ്യനായി അയാള്‍ മാറി.

''ന്റെ ശിവേട്ടാ... ങ്ങള് സ്‌കൂളില്‍ പിള്ളേരെ നാലക്ഷരം പഠിപ്പിക്കുന്നൊരു മാഷല്ലേ. ങ്ങളിതെന്ത്ന്നാ മൂപ്പെത്താത്ത ചെക്കന്മാരെ പോലെ പെരുമാറണത്?''

പകല്‍ മയക്കം പോലും ആസ്വദിക്കാന്‍ അയാള്‍ക്ക് പറ്റിയില്ല. വീട്ടിലെ പെമ്പറന്നോത്തിയുടെ കൂടെ ആരൊക്കെയോ കിടന്നെണീറ്റു പോവുന്നത് സ്വപ്‌നം കണ്ടയാള്‍ ഞെട്ടിയുണരുന്നത് പതിവായി. നീ എന്റെയല്ലെന്നു പറഞ്ഞ് മകനെ കാണുമ്പോഴൊക്കെ വഴക്കു പറയാനും തല്ലാനും തുടങ്ങി.

മാഷ് മാഷല്ലാതാവുന്നതും മാഷിന്റെ ഗാംഭീര്യം നഷ്ടപ്പെടുന്നതും മനസ്സിലാക്കിയവര്‍ ഈ അവസരം മുതലാക്കി. സമയം കിട്ടുമ്പോഴൊക്കെ കിറുക്കന്‍ മാഷിന്റെ കിറുക്കത്തരത്തിന് വളംവെച്ചുകൊടുത്തു.

''അല്ലേലും ങ്ങളെന്ത് പണിയാ മാഷേ കാണിച്ചേ? ങ്ങളെ പുരോഗമന ചിന്തകളൊന്നും ജീവിതത്തില്‍ കൊണ്ടോരാന്‍ പാടില്ലായിരുന്നു. അമ്മ വേലി ചാട്യാ മക്കള്‍ മതില് ചാടുംന്നല്ലേ? അങ്ങനെയൊരു ചുറ്റുപാടുള്ള കുടുംബത്തീന്ന് ങ്ങളെപ്പോലൊരു വിവരമുള്ള മനുഷ്യന്‍ എന്തിനാ വെറുതെ തലവെച്ചുകൊടുത്തേ?

നിങ്ങളെ കെട്ട്യോള് ശാന്തേട്ത്തീടെ അമ്മ എങ്ങനെയാ ഇവറ്റകളെയൊക്കെ അച്ചനില്ലാണ്ട് നോേക്ക്യ? അങ്ങനെത്തന്നെ ഇവരെ ചെറിയമ്മയെയും നമുക്ക് അറിയാവുന്നതല്ലേ?

ശാന്തേട്ത്തിക്കൊരു ചേച്ചിണ്ട്. വയസ്സറിയിക്കും മുമ്പേ ആരുടെയോ കൂടെ പോയി. അനിയത്തിയാച്ചാല്‍ ഇങ്ങളെ കല്യാണത്തിന്റെയും മുന്നേ ചത്തും പോയി. ന്താ കാരണം? വസൂരിയാന്നല്ലേ പറഞ്ഞേ? വെറുതെയാ മാഷേ, അത് തന്നത്താന്‍ ചത്തതാ. ഇവരും പാരമ്പര്യം നിലനിര്‍ത്തും മാഷേ, നോക്കിക്കോ.''

കനലായി എരിഞ്ഞിങ്ങനെ ആ മനുഷ്യന്റെ ചിന്തകള്‍ ആളിക്കത്താന്‍ പാകത്തിന് പരുവമാക്കിയവരൊക്കെ പറഞ്ഞുനടന്നത് അര്‍ധസത്യങ്ങളും കള്ളങ്ങളുമായിരുന്നു. എന്നാല്‍ അതിലെ സത്യാസത്യങ്ങളെ വേര്‍തിരിച്ച് മനസ്സിലാക്കാനുള്ള വകതിരിവ് മാഷിന് നഷ്ടപ്പെട്ടിരുന്നു. ശാന്തയാകട്ടെ കൂടുതല്‍ നിസ്സഹയായി നില്‍ക്കേണ്ടിയും വന്നു.

ശാന്ത ഒരുപാട് ദുരനുഭവങ്ങളിലൂടെ കടന്നുവന്ന ഒരു സ്ത്രീയാണ്. ബാല്യവും കൗമാരവും യൗവനവുമൊക്കെ പകപ്പോടെ ജീവിച്ചൊരാള്‍. തേവിടിച്ചീടെ മോളല്ലേന്ന് പന്തീരായിരം വട്ടം കേട്ട് മടുത്തൊരാള്‍... അമ്മയെക്കണ്ട് വളര്‍ന്നപ്പോഴൊക്കെയും അമ്മയെപ്പോലെ ആവില്ലാന്ന് നിശ്ചയിച്ചൊരുവള്‍.

മാഷ് അവരുടെ ജീവിതത്തില്‍ വഴിയറിയാതെ വന്നൊരു മനുഷ്യനായിരുന്നു. അറിഞ്ഞുതുടങ്ങിയപ്പോള്‍ മാഷുണ്ടാവും കൂടെ എന്ന ഉറപ്പ് പ്രത്യാശയുടെ വെളിച്ചമായി. ഊരും പേരും ജീവിതാവസ്ഥയുമൊന്നും നിന്നെ സ്വന്തമാക്കാന്‍ തടസ്സമല്ലെന്ന് കോളനിക്കാര്‍ക്കു മുന്നില്‍ ഉറക്കെ പറഞ്ഞൊരു മനുഷ്യനായിരുന്നു മാഷ്.

മാഷില്ലായിരുന്നുവെങ്കില്‍ അനിയത്തിയെ പോലെ സ്വയം എന്നേ ഇല്ലാതാവേണ്ടിയിരുന്നവളായിരുന്നു. ജീവിതം താളം തെറ്റുമെന്ന് തോന്നുന്ന സമയത്തെല്ലാം ഊര്‍ജമായത് ആ കറുത്ത മനുഷ്യനായിരുന്നു.

ശാന്ത നന്നായി വായിക്കുമായിരുന്നു. പുസ്തകങ്ങളിലേക്കുള്ള യാത്രകളാണ് മാഷിലേക്ക് അടുപ്പിക്കുന്നത്. പുസ്തകങ്ങളെ സ്നേഹിച്ച രണ്ട് മനുഷ്യര്‍ ഒന്നായപ്പോള്‍ ശാന്തയുടെ ഉള്ളില്‍ അഭിമാനത്തിനപ്പുറം അഹങ്കാരം തന്നെ ഉണ്ടായിരുന്നു. പക്ഷേ, ഏതോ ഒരു നിമിഷത്തില്‍ ശാന്തയ്ക്ക് തന്റെ മാഷിനെ നഷ്ടമായി.

ലോകത്തിലേറ്റവും സന്തോഷിക്കേണ്ട രണ്ട് മനുഷ്യര്‍ ലോകത്തിലേറ്റവും സങ്കടമുള്ളവരാവാന്‍ നിസ്സാരപ്പെട്ട കാര്യം മതിയെന്ന യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ അല്ലെങ്കിലും മനുഷ്യനധികം സമയം വേണ്ടെന്നവര്‍ തിരിച്ചറിഞ്ഞു.

അപവാദവും കുറ്റപ്പെടുത്തലും അസഹനീയമായപ്പോള്‍ ശാന്തയ്ക്ക് തന്നെത്തന്നെ നഷ്ടമായി. എത്ര പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടും മാഷ് നിന്നുകൊടുത്തില്ല. അയാള്‍ വല്ലാത്തൊരു വിഭ്രാന്തിയിലായിരുന്നു.

ചെയ്യാത്ത കാര്യങ്ങള്‍ക്ക് നിരന്തരം പഴിയും അടിയും പതിവായപ്പോള്‍ പ്രതികാരമെന്നോണം അവരമ്മയെപ്പോലെ ഒരു നേരമെങ്കിലുമാവാന്‍ കൊതിച്ചു.

ബുദ്ധിവളര്‍ച്ച കുറഞ്ഞ, വിറക് കീറിയും തൊടി കിളച്ചും നടക്കുന്ന കുക്കൂടൂസിനെ അവര്‍ കൂട്ടുപിടിച്ചു. പിന്നാമ്പുറത്തെ ഒഴിഞ്ഞ ചായ്പില്‍ മാഷ് കാണാന്‍ വേണ്ടി ശാന്ത കുക്കുടൂസിനെ വിളിച്ചുവരുത്തി.

ഉറഞ്ഞുതുള്ളിയ മാഷിനു മുന്നിലൂടെ കോരിച്ചൊരിയുന്ന മഴയത്ത് തന്റെ മോനെയും എടുത്ത് അവരിറങ്ങി. ഇടിയുടെ മുഴക്കം ആ രണ്ട് മനുഷ്യരുടെ ഹൃദയങ്ങള്‍ക്കിടയില്‍ ഒന്നുമല്ലാതായി. കണ്ണ് മറയുന്നതുവരെയും അയാളങ്ങനെ ഉറഞ്ഞുതുള്ളി.

മഴ ശക്തമായപ്പോള്‍ അയാള്‍ക്ക് അകത്ത് നിക്കപ്പൊറുതി ഇല്ലാതായി. ഒരു കുടയെടുക്കാനായി അയാള്‍ അകത്തേക്ക് കയറി. കാലൊടിഞ്ഞ, കമ്പി വളഞ്ഞ കുട അയാളെടുത്ത് എറിഞ്ഞു. ചായ്പില്‍ ശീല കീറിയ ഒരു കുടയുണ്ടായിരുന്നു. അതെടുത്ത് അയാള്‍ ശാന്തയുടെ പിന്നാലെ പാഞ്ഞു. 'ന്റെ ശാന്തക്കും കുട്ടിക്കും മഴ നനയും. അവര്‍ക്ക് പനി പിടിക്കും.''

അയാള്‍ വീട്ടിലേക്കു തന്നെ ഓടിക്കിതച്ചെത്തി. വലിച്ചെറിഞ്ഞ, കേടുവന്ന കുടകളെടുത്ത് നന്നാക്കാനിരുന്നു.
''ശാന്തേ, ദാ ഞാനിപ്പം വരാം. രണ്ടാളും മഴ നനയല്ലേ. അസുഖം വരും...''
അയാളുടെ അലര്‍ച്ച വലിയ ഒരു ഇടിശബ്ദത്തില്‍ ലയിച്ചു.
ജീവിതത്തിന്റെ വഴിയറിയാതെ, ഗതിയറിയാതെ മാഷ് ഇപ്പോഴും കുട നന്നാക്കിക്കൊണ്ടേയിരിക്കുന്നു.

(എംജിഎം സംസ്ഥാന കമ്മിറ്റി നടത്തിയ കഥാരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ രചന.)