പാത്രം

ഷബാന ബീഗം

കണ്ണുകള്‍ അടഞ്ഞുപോകുന്നു. ഓര്‍മയുടെ അടരുകളില്‍ ബാക്കിയുള്ള മുത്തുകള്‍ കോര്‍ത്തെടുക്കാന്‍ മറിയം ഒരു വിഫലശ്രമം നടത്തി നോക്കി.

തീവ ലോലമായ, മൃദുമൃദുവായ ഒരു പാട്ടാണല്ലോ ആ കേള്‍ക്കുന്നത്. മറിയം ചെവിയോര്‍ത്തു. ഒരു താരാട്ടാണത്. നേര്‍ത്തൊരു കുറിഞ്ചി രാഗം പോലെ മസൃണം, ചുരുട്ടിപ്പിടിച്ച കുഞ്ഞുമുഷ്ടി പോലെ പേലവം.

കണ്ണുകള്‍ അടഞ്ഞുപോകുന്നു. ഓര്‍മയുടെ അടരുകളില്‍ ബാക്കിയുള്ള മുത്തുകള്‍ കോര്‍ത്തെടുക്കാന്‍ മറിയം ഒരു വിഫലശ്രമം നടത്തി നോക്കി. ഇല്ല, ഒരു പാട്ടിന്റെ ഈണമല്ലാതെ മറ്റൊന്നും മസ്തിഷ്‌കത്തില്‍ തെളിയുന്നേയില്ലല്ലോ.

അവള്‍ കണ്ണുകള്‍ മെല്ലെ തുറന്നു. മുകളില്‍ കറങ്ങുന്ന ഫാന്‍. ചുറ്റും കാറ്റില്‍ ഇളകുന്ന പച്ച യവനികകള്‍. അതെ, ഇതൊരു ആശുപത്രി മുറിയാണ്.

അവള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.

'മറിയം കിടന്നോളൂ' എന്ന് ചുറ്റിനും ആരൊക്കെയോ നിരന്നുനിന്നു. അവരുടെ കൈകളില്‍ കത്രികയും സിറിഞ്ചും. അല്ല സ്പൂണും ഫോര്‍ക്കും!
നാവുകള്‍ നുണഞ്ഞുകൊണ്ട് അവര്‍ തന്നെ ആഹരിക്കാനാണ് വരുന്നത്. കൈകാലുകള്‍ അനക്കാനാവാതെ ടേബിളില്‍ മറിയം ഒരു വിശിഷ്ട ഭോജ്യം പോലെ നീണ്ടു നിവര്‍ന്നു കിടന്നു.

കുറ്റിക്കാട്ടൂരിലേക്കുള്ള ബസ് എപ്പോഴാണ്, അവിടെ തനിക്ക് ആരാണുള്ളത്? ഓര്‍മ കിട്ടുന്നില്ല, ചോലക്കുളത്തു നിന്നു കുറ്റിക്കാട്ടൂരിലേക്ക് എത്ര ദൂരമുണ്ട്?

കുറ്റിക്കാട്ടൂരേക്കുള്ള ബസില്‍ ഇരിക്കുകയാണിപ്പോള്‍ മറിയം. ബസ്സിനുള്ളിലേക്ക് ഒരു വരണ്ട കാറ്റ് വീശി. അവള്‍ ജനലോരം ഇരുന്നു.

പാട്ട് നേര്‍ത്തു നേര്‍ത്തു വന്നു. 'ഹസ്ബീ റബ്ബീ'യല്ല, അത് ഒരു കല്യാണപ്പാട്ടിലേക്ക് വഴിമാറിയിരിക്കുന്നു, 'അനര്‍ഘ മുത്തുമാലയെടുത്തു കെട്ടീ...'

ഈന്തോല കൊണ്ട് അലങ്കരിച്ച പന്തലില്‍ മറിയം ഇരിക്കുകയാണ്. കാന്തവിളക്കുകള്‍ തൂക്കിയ കമാനത്തിലൂടെ റഷീദ് വരുന്നു.

തന്റെ ഇണയും തുണയും ആകേണ്ടവന്‍, തന്റെ ജീവിതവഴിയില്‍ സ്‌നേഹവും കരുതലുമാകേണ്ടവന്‍, ജീവന്റെ പാതിയാകേണ്ടവന്‍, പ്രപഞ്ചത്തിലെ മുഴുവന്‍ പ്രണയവും നിറച്ച് അവള്‍ കണ്ണുകള്‍ ഉയര്‍ത്തി നോക്കി. അവന്‍ പുഞ്ചിരിച്ചു.

മരുമകളായല്ല മകളായാണ് മറിയത്തെ റഷീദിന്റെ ഉമ്മ നോക്കിയത്. അനസ് മോനെ വയറ്റില്‍ ഉരുവം കൊണ്ട് ഒരു മാസമായപ്പോഴേക്കും റഷീദ് ഖത്തറിലേക്ക് പറന്നു.

പിന്നീട് വിരഹത്തിന്റെ വേദനാപര്‍വം, കണ്ണീരിന്റെ പാരാവാരം... അതായി പിന്നീടുള്ള മറിയത്തിന്റെ ദിനരാത്രങ്ങള്‍.

ദൂരെയേതോ അജ്ഞാതമായ വിളക്കുമാടത്തില്‍ നിന്നുള്ള ഒരു കിരണവും കാത്തു മറിയം ആറ്റുനോറ്റിരുന്നു.

അനസ് മോന് ഒരു വയസ്സായപ്പോഴാണ് ആ കിരണം ജീവിതത്തില്‍ വീണ്ടും പ്രകാശം പരത്തിയത്. റഷീദ് വന്നു. സ്‌നേഹം കൊണ്ടും പ്രണയം കൊണ്ടും ഭൂമിയില്‍ പറുദീസ ഒരുക്കാമെന്ന് മറിയം അറിയുകയായിരുന്നു.

കൊല്ലങ്ങള്‍ മുറിയക്കണ്ണിപ്പുഴ പോലെ പാഞ്ഞൊഴുകി. മറിയത്തിന്റെ ജീവിതം എത്ര പെട്ടെന്നാണ് മാറിമറിഞ്ഞത്! അതിവിദഗ്ധനായ ഒരു ചതുരംഗക്കാരന്റെ കൈയിലെ കരു പോലെ അവള്‍ കളങ്ങളില്‍ നിന്നു കളങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരുന്നു.

അനസ് മോന് 15 വയസ്സുള്ളപ്പോഴാണ് അവള്‍ കൊടും കയ്പുള്ള മഞ്ഞനിറത്തിലുള്ള പിത്ത വെള്ളം ഛര്‍ദിച്ചത്.

റഷീദ് പോയിട്ട് മൂന്നുവര്‍ഷമായി. മറിയത്തിനു മാസമുറ തെറ്റിയിട്ട് ഇത് മൂന്നു മാസം! ആര്‍ത്തവം നിലക്കാറായതുകൊണ്ടാണ് ഇങ്ങനെയുണ്ടാവുന്നത് എന്നാണ് മറിയം ചിന്തിച്ചത്. പക്ഷേ അവളുടെ വയര്‍ വീര്‍ത്തു വീര്‍ത്തു വന്നു.

ഖത്തറിലേക്ക് നാനാ ദിക്കില്‍ നിന്നും കത്തുകള്‍ പറന്നു. അനസ് മോനും റഷീദിന്റെ ഉമ്മയും മറിയത്തിനോട് മിണ്ടാതായി.

''തനിക്കെന്താണ് സംഭവിച്ചത്?''

മറിയം പേര്‍ത്തും പേര്‍ത്തും ആലോചിച്ചു. ഒന്നും ഓര്‍മ കിട്ടുന്നില്ല. ഓര്‍മയുടെ അറകള്‍ക്ക് താഴ് വീണുകഴിഞ്ഞു.

'അല്ലയോ ഹാറൂന്റെ സഹോദരീ, നിന്റെ പിതാവ് ഒരു വഴിപിഴച്ചവനായിരുന്നില്ല, മാതാവ് ഒരു ദുര്‍നടപടിക്കാരിയുമല്ല...' അവള്‍ക്ക് സൂറത്ത് മര്‍യമിലെ ആയത്ത് ഓര്‍മ വന്നു. അതിപ്പോള്‍ ഓര്‍മ വരാന്‍ കാരണമെന്താണെന്നു പോലും അവള്‍ക്ക് മനസ്സിലായില്ല.

ആരാണ് തന്റെ പരിശുദ്ധിയെ കളങ്കപ്പെടുത്തിയത്? മറിയത്തിന് എത്രയായിട്ടും ഓര്‍മ കിട്ടുന്നില്ല. നിരന്തരമായ സ്‌നേഹനിരാസത്തിന്റെ നെരിപ്പോടില്‍ അവള്‍ ഉരുകി. ഓര്‍മയുടെ അറകളില്‍ വെളിച്ചം മങ്ങിക്കൊണ്ടിരിക്കുന്നു.

അനസ് മോന്‍ മറിയം വിളമ്പിവെച്ച ആഹാരം കഴിക്കാതെ എഴുന്നേറ്റുപോയി. തന്റെ മകന്റെ സ്‌നേഹത്തെയും വിശ്വാസത്തെയും അവമതിച്ച മറിയത്തിന്റെ നേര്‍ക്ക് റഷീദിന്റെ ഉമ്മ ശാപവാക്കുകള്‍ ചൊരിഞ്ഞു.

ഖത്തറിലെ കത്തുകള്‍ നിലച്ചു! ഓര്‍മയുടെ തപോവനങ്ങളില്‍ മറിയം ഏകയായി അലഞ്ഞു. ഒരു സൂചനയും അവള്‍ക്ക് കിട്ടിയില്ല.

അഞ്ചു മാസമായി. ഛര്‍ദി കൊണ്ട് മറിയം അവശയായി. കാലുകളില്‍ നീര് വന്നു.

പ്രപഞ്ചത്തിലെ ഒരു ജീവജാലത്തോടും മിണ്ടാനാവാതെ തിരസ്‌കൃതയായി അവള്‍ കഴിഞ്ഞുകൂടി. കഞ്ഞി വെച്ചു, അലക്കി, വിറക് കൊത്തി, മുറ്റമടിച്ചു, പിന്നെ വുദു എടുത്ത് മലക്കുകള്‍ കര്‍ത്തവ്യ കൈമാറ്റം നടത്തുന്ന സന്ധ്യയിലേക്ക് അവള്‍ വേദഗ്രന്ഥം തുറന്നുവെച്ചു.

ഓട്ടോറിക്ഷയില്‍ നിന്നു സാധനങ്ങള്‍ പെറുക്കി മുറ്റത്തേക്ക് വെച്ച് കദീശുമ്മ മുകളിലേക്ക് നോക്കി.

ആകാശം സ്വച്ഛനീലം. മേഘങ്ങള്‍ സൂക്തങ്ങളാവുന്നതായി ഉമ്മാക്ക് തോന്നി.

ആനക്കോട്ട മലയില്‍ നിന്ന് അസ്തമിക്കുന്ന സൂര്യന്‍ അവളിലേക്ക് ചെങ്കനലുകള്‍ എയ്തു. അവയൊരോന്നും അവളിലേക്ക് ഒരു കൊള്ളിയാന്‍ പോലെ ചെന്ന് തറച്ചു.

'അവര്‍ കുട്ടിയിലേക്ക് വിരല്‍ചൂണ്ടി. കുഞ്ഞിനോട് ഞങ്ങള്‍ എങ്ങനെ സംസാരിക്കാനാണ്? തൊട്ടിലില്‍ നിന്നും കുഞ്ഞ് സംസാരിച്ചു: ദൈവം എന്നെ പ്രവാചകനാക്കിയിരിക്കുന്നു. എവിടെയായിരുന്നാലും ഞാന്‍ അനുഗ്രഹിക്കപ്പെട്ടവനാകുന്നു...' ദൈവഗ്രന്ഥത്തിലേക്ക് മുഖം ചേര്‍ത്ത് അവള്‍ തേങ്ങിത്തേങ്ങി കരഞ്ഞു. അനസ് മോന് മുഖം കൊടുക്കാതെ അവള്‍ കഴിഞ്ഞുകൂടി.

കുറ്റിക്കാട്ടൂരിലേക്ക് ഇനി എപ്പോഴാണ് ബസ്?

ഉച്ചയാവുമ്പോഴേക്കും ഇറങ്ങിയാല്‍ 'എയ്ഞ്ചല്‍' കിട്ടും.ആരോടും ഒന്നും പറയാനില്ല, ഒന്നും എടുക്കാനുമില്ല.

ലോകത്തെ മുഴുവന്‍ പരിത്യക്തരുടെയും പ്രതിനിധിയായി അവള്‍ ഇറങ്ങി. താനും റഷീദും ഒരുമിച്ച് സ്വപ്‌നം കണ്ട മുറി, സ്‌നേഹപരിലാളനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ചുവരുകള്‍, താന്‍ അടിച്ചു തുടച്ച കാവി തേച്ച നിലം, താന്‍ നട്ട് നനച്ച ഇലഞ്ഞിയും മണിമരുതും മധുമാലതിയും സര്‍വസുഗന്ധിയും പൂത്തുനില്‍ക്കുന്ന തോട്ടം. താനും റഷീദും തണലേറ്റിരുന്ന മൂവാണ്ടന്റെ പടര്‍പ്പുകള്‍...

മറിയം തിരിഞ്ഞുനോക്കിയില്ല. കടയുന്ന കാലുകള്‍ വലിച്ചുവെച്ച് കത്തിയെരിയുന്ന സൂര്യനു കീഴില്‍ അവള്‍ ആഞ്ഞു നടന്നു.

കണ്ണുകള്‍ മങ്ങുകയാണ്. മുറ്റത്തെ പയര്‍വള്ളികള്‍ക്ക് നെടി വെച്ചുകൊണ്ട് നില്‍ക്കുന്ന കദീശുമ്മാക്ക് തളര്‍ച്ച അനുഭവപ്പെട്ടു. പയര്‍തടത്തിലെ നനഞ്ഞ മണ്ണില്‍ അവര്‍ കുഴഞ്ഞിരുന്നു. തന്റെ നേര്‍ക്ക് ആമ്പലിന്റെ നേര്‍ത്തൊരു തണ്ട് നീണ്ടുവന്ന് തന്നെ ചുറ്റിപ്പിണയുന്നത് കദീശുമ്മ യറിഞ്ഞു.

തണുപ്പാര്‍ന്ന ഒന്ന്. അതീവ ലോലമായ ഒന്ന്.ചോലക്കുളത്തു നിന്നാണ് അത് പുറപ്പെട്ടു വരുന്നത്.

അതിശക്തമായി കദീശു മ്മക്ക് തന്റെ അടിവയര്‍ നൊന്തു. അത് വളഞ്ഞുപുളഞ്ഞു വരുന്നത് എവിടെ നിന്നാണ്?

{
  "type": "horizontalRule"
}

ബസ് അതിവേഗം ഓടി, കാഴ്ചകള്‍ പിറകോട്ടും.

മറിയം ബസ്സിറങ്ങി. മുറ്റത്ത് മുഴുവന്‍ അസര്‍മുല്ലകള്‍ പൂത്തുനില്‍ക്കുന്ന, മാവിന്‍ കൊമ്പില്‍ കുയിലുകള്‍ പാടുന്ന, അണ്ണാറക്കണ്ണന്മാര്‍ വാലും കുലുക്കിയോടുന്ന ഓടിട്ട തന്റെ കൊച്ചു വീട്.

മങ്ങിയ തിമിരക്കണ്ണുകളുമായി ഉമ്മ അവളിലേക്ക് പ്രാഞ്ചി പ്രാഞ്ചി വന്നു. കട്ടിലിലിരുന്ന് ഉമ്മാന്റെ എക്കറ്റ വയറിലൂടെ ചുറ്റിപ്പിടിച്ച് മറിയം വാവിട്ട് കരഞ്ഞു. എണ്ണമയം പുരളാത്ത അവളുടെ ചെമ്പിച്ച തലമുടിയില്‍ ഉമ്മ വിറയാര്‍ന്ന കൈകളോടെ വെറുതെ പരതിക്കൊണ്ടിരുന്നു.

താന്‍ പത്ത് മാസം കിടന്ന ആ വയറ്റിലേക്ക്, ചുളിഞ്ഞുപോയ ആ തൊലിയിലേക്ക്, അവള്‍ ശക്തമായി മുഖം ചേര്‍ത്തു. ഗര്‍ഭപാത്രത്തിലേക്ക് തിരിച്ചുപോകാന്‍ എന്നവണ്ണം!

ഉമ്മ മറിയമിനോട് ഒന്നും ചോദിച്ചില്ല, അവള്‍ ഒന്നും പറയുകയും ചെയ്തില്ല. ഗഹനമായ ഏതോ ചിന്തയില്‍ എന്നവണ്ണം അവള്‍ ദൂരേക്ക് നോക്കിയിരുന്നു.

'ഹേ മറിയം, നീ ഈന്തപ്പനയുടെ അടുത്തേക്ക് ചെല്ലുക, ചില്ലകള്‍ താഴ്ത്തി കനികള്‍ ഭക്ഷിക്കുകയും കണ്‍കുളിര്‍ത്തിരിക്കുകയും നിര്‍ഭയയായിരിക്കുകയും ചെയ്യുക.'

ഉമ്മയോടൊപ്പം ആശുപത്രിയിലേക്ക് ചെല്ലുമ്പോള്‍ മറിയം ചുറ്റും പതറിപ്പതറി നോക്കി. പരിശോധനക്കായി മേശകള്‍ തോറും കിടന്നു, സൂചി കുത്താനായി കൈത്തണ്ടകള്‍ നീട്ടിക്കൊടുത്തു. ഒടുവില്‍ ആ പരിശോധനാഫലം ഉമ്മാന്റെ കൈകളില്‍ ഇരുന്ന് വിറകൊണ്ടു.

അതീവ ഭാരമേറിയ അര്‍ബുദത്തിന്റെ മുന്തിരിക്കുലകള്‍ അള്ളിപ്പിടിച്ചു വളരുന്നതിന്റെയും പൊട്ടിവിരിഞ്ഞതിന്റെയും വ്യാസവും വ്യാപ്തിയും രേഖപ്പെടുത്തിയ ഫലം! അവ വിശദീകരിച്ചു തരുന്ന ഡോക്ടറുടെ മുഖത്തെ അനുകമ്പയിലേക്ക് കദീശുമ്മ അവളുടെ സ്മൃതിനാശത്തെ ക്കുറിച്ചും ചോദ്യമെറിഞ്ഞു.

അവള്‍ പതിച്ച മറവിയുടെ ആഴക്കിണറില്‍ നിന്ന് കരകയറാനുള്ള സാധ്യത വളരെ കുറവാണെന്ന് ഡോക്ടര്‍ കനിവോടെ പറഞ്ഞു.

ഉമ്മയുടെ ദുര്‍ബലമായ മേനി വിറച്ചു. നിഷ്‌കളങ്കയായ ഒരു നഴ്സറിക്കുട്ടിയെപ്പോലെ തിരശ്ശീലകള്‍ കാറ്റിലാടുന്നത് നോക്കി മറിയം കിടന്നു.

ഉമ്മാന്റെ അലിക്കത്തും കാതില്‍മിന്നിയും സഹകരണ ബാങ്കിലെത്തി.

ഒടുവില്‍ അവരാ മുന്തിരിക്കുലകള്‍ വിളവെടുത്തു. തരിശോടെ വെട്ടി കൃഷിഭൂമി അടക്കം ചവറ്റുകൊട്ടയിലേക്ക്. മാസാമാസം തന്റെ പെണ്‍മ വിളിച്ചറിയിച്ച, തന്റെ ചോദനകള്‍ക്ക് എണ്ണ പകര്‍ന്ന വിളനിലം. അനസ് മോന്‍ എന്ന മുത്തിനെ സൂക്ഷിച്ച ചിപ്പി!

അലങ്കോലമായ ഒരു തീന്‍മേശപ്പുറത്ത് ബാക്കിയായ ഒരു തീന്‍പണ്ടമായി, അല്ലെങ്കില്‍ വലിയൊരു മത്സ്യത്തിന്റെ മുള്ള് പോലെ അവള്‍ ഓപ്പറേഷന്‍ ടേബിളില്‍ കിടന്നു.

മുതുകില്‍ മെടഞ്ഞിട്ട കരിനാഗങ്ങളായ, സമൃദ്ധമായ തലമുടി കീമോയുടെ പ്രഹരശേഷിയില്‍ നിലത്തുവീണിഴഞ്ഞു. അകിലും സുഗന്ധചൂര്‍ണങ്ങളും പുകച്ചിരുന്ന നിബിഡമായ തലമുടി.

വിവരമറിഞ്ഞ് ഖത്തറില്‍ നിന്നും അനസ് മോനും റഷീദും എത്തി. അവര്‍ പുറത്ത് കാത്തുനില്‍ക്കുകയാണ്.

അവള്‍ അവരെ തല ചരിച്ചു നോക്കി. വരണ്ടുപോയ ചുണ്ടുകള്‍ നനച്ച്, പിന്നെ ചോദിച്ചു: 'ആരാ?'

ഡിസ്ചാര്‍ജ് ആയി തന്റെ കാറുമായി വന്ന റഷീദിനെ കദീശുമ്മ കൈയുയര്‍ത്തി തടഞ്ഞു. മറിയത്തിന്റെ കൈ പിടിക്കാനൊരുങ്ങിയ റഷീദ് കദീശുമ്മാന്റെ നോട്ടത്തിന്റെ തീച്ചൂടേറ്റ് പിന്നാക്കം മാറി.

പിന്നെ സ്റ്റാന്റില്‍ വരി വരിയായി നിര്‍ത്തിയിട്ട ഓട്ടോകളിലൊന്നിനെ കൈകാട്ടി വിളിച്ചു. അനുസരണയുള്ളൊരു വളര്‍ത്തുമൃഗത്തെപ്പോലെ ഓട്ടോ അരികില്‍ വന്നു നിന്നു.

മടങ്ങുമ്പോള്‍ ഓട്ടോറിക്ഷയില്‍ ഇരുന്ന് അവള്‍ ഒരു കുംഭാരക്കടയിലേക്ക് വിരല്‍ ചൂണ്ടി.

'എനിക്കൊരു പാത്രം വേണം ഉമ്മാ കഞ്ഞി കുടിക്കാന്‍.' അവള്‍ ഉമ്മാന്റെ ചെവിയില്‍ മന്ത്രിച്ചു. ഉമ്മ അവളെയും കൊണ്ട് കടയിലേക്ക് കയറി.

'എന്ത് പാത്രമാണ് വേണ്ടത്?' കടക്കാരന്‍ ചോദിച്ചു.

'ഗര്‍ഭപാത്രം!' അവള്‍ മറുപടി പറഞ്ഞു.

തിരക്കുള്ള റോഡിലൂടെ അവളുടെ കൈയും പിടിച്ച് ഓട്ടോറിക്ഷയുടെ അടുത്തേക്ക് നടക്കുമ്പോള്‍ ആ പാത്രം അവള്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്നു.

ഒരു കുഞ്ഞിനെപ്പോലെ ഉമ്മാന്റെ കൈയും പിടിച്ച് തന്റെ പ്രിയപ്പെട്ടവള്‍ നടന്നുനീങ്ങുന്നത് കണ്ട് റഷീദ് കാറിലിരുന്ന് കണ്ണുകള്‍ തുടച്ചു. അനസ് മോന്‍ വിങ്ങിപ്പൊട്ടി.

ഓട്ടോറിക്ഷയില്‍ നിന്നു സാധനങ്ങള്‍ പെറുക്കി മുറ്റത്തേക്ക് വെച്ച് കദീശുമ്മ മുകളിലേക്ക് നോക്കി.

ആകാശം സ്വച്ഛനീലം. മേഘങ്ങള്‍ സൂക്തങ്ങളാവുന്നതായി ഉമ്മാക്ക് തോന്നി.

'ലാ തഹ്‌സന്‍, ഇന്നല്ലാഹ മഅനാ...' ഭയപ്പെടേണ്ട, ദൈവം നമ്മോടു കൂടെയുണ്ട്.