പിങ്ക് കണ്‍ട്രി


ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞില്ല. 'അല്ലെങ്കില്‍ ആരുടെ ശബ്ദമാണ് തിരിച്ചറിയുക? ശബ്ദമില്ലാത്തവരായില്ലേ നിങ്ങള്‍? വെറും എലികളെപ്പോലെയായില്ലേ?

രി നീളുകയാണ്, കിലോമീറ്ററുകളോളം. പുറത്തുള്ളവര്‍ക്ക് വരിയിലുള്ളവരെ കാണണമെങ്കില്‍ ഹീലിയം ബലൂണോ ഹെലികോപ്റ്ററോ വേണം. വളഞ്ഞു പുളഞ്ഞ തുരങ്കപാതയിലാണ് വരി. മുകള്‍ ഭാഗം തുറന്ന തുരങ്കപാതയായതിനാല്‍ സൂര്യന്റെ ചൂട് അസഹനീയം തന്നെ. ഒരു ചാണ്‍ ഉയരത്തിലാണ് സൂര്യന്‍!

ഇടയ്ക്ക് സൂര്യന്‍ ഡിം ചെയ്യുന്നുണ്ട്, അപ്പോള്‍ ഒരാശ്വാസമാണ്. വെറും സെക്കന്‍ഡുകള്‍ക്കുള്ളില്‍ സൂര്യന്‍ പൂര്‍വാധികം ശക്തിയോടെ ആളിക്കത്തും.
വരിയിലെത്തിയാല്‍ പുറത്തു കടക്കാന്‍ മണിക്കൂറുകളെടുക്കും. തിരിച്ചുവരാന്‍ പറ്റില്ല.

'കടന്നാല്‍ കുടുങ്ങി' എന്നാരോ പതിഞ്ഞ സ്വരത്തില്‍ പറയുന്നതു കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി. ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞില്ല. 'അല്ലെങ്കില്‍ ആരുടെ ശബ്ദമാണ് തിരിച്ചറിയുക? ശബ്ദമില്ലാത്തവരായില്ലേ നിങ്ങള്‍?
വെറും എലികളെപ്പോലെയായില്ലേ നിങ്ങള്‍?
ഹാംലിന്‍ പട്ടണത്തിലെ കുഴലൂത്തുകാരന്‍ എലികളെ തെളിച്ചുകൊണ്ടുപോയപോലെ നിങ്ങളും ഏതോ ഒരു കുഴലൂത്തുകാരന്റെ പിന്നില്‍ പോകുന്നു'- ഞാന്‍ പറഞ്ഞത് ഞാന്‍ മാത്രമേ കേട്ടുള്ളൂ.

ആര്‍ക്കും മറ്റുള്ളവരെ കാണാനോ കേള്‍ക്കാനോ കഴിയാത്തവിധം കെണിയില്‍ അകപ്പെട്ടിരിക്കുന്നു.
''വല്ലാത്ത നിയമം തന്നെ! വരിയില്‍ നില്‍ക്കണമെങ്കില്‍ വെള്ളം പോലും കൊണ്ടുവരാന്‍ പാടില്ലത്രേ! അതെന്തിനാണാവോ?''

പൊരിവെയിലത്ത് കോട്ടും സ്യൂട്ടുമണിഞ്ഞ് പ്രതിഷേധിക്കുന്ന ആ മധ്യവയസ്‌കനെ ഞാന്‍ ഒന്നു നോക്കി ചിരിച്ചു.

''ഇല്ല്യാ... ഞാനൊന്നും പറഞ്ഞിട്ടില്ല്യാട്ടോ... അപ്പൂപ്പന് തോന്നിയോ ഞാന്‍ വല്ലതും പറയുന്നതായിട്ട്? ഇല്ല്യാട്ടോ, ഞാനൊന്നും പറഞ്ഞിട്ടില്ലാട്ടോ...''

ഭസ്മക്കുറി വിയര്‍പ്പില്‍ കുതിര്‍ന്ന് അദ്ദേഹത്തിന്റെ കോട്ടില്‍ ഇറ്റിവീണുകൊണ്ടിരുന്നു. എന്നെ പേടിയോടെയാണ് നോക്കുന്നത്. അല്ല, എല്ലാവരും മറ്റുള്ളവരെ പേടിയോടെയാണ് കാണുന്നത്. ബോറടി മാറ്റാനെങ്കിലും പരസ്പരം മിണ്ടുന്നില്ല. കഷ്ടം തന്നെ!

എല്ലാവരുടെയും കൈയിലുള്ള കടലാസു കെട്ടുകള്‍ വിയര്‍പ്പില്‍ കുതിരുന്നുണ്ട്. ഞാന്‍ മാത്രം വിയര്‍ത്തില്ല; എനിക്കൊട്ടും ദാഹവുമില്ല! ഞാന്‍ നിരീക്ഷകന്‍ മാത്രമല്ലേ?

ഇപ്പോള്‍ 'കടന്നാ കുടുങ്ങി' റോഡില്‍ കയറിയ പോലെയായി. വരിയുടെ മറ്റേയറ്റം ഒരു പൊട്ടുപോലെ കാണുന്നുണ്ട്. കാരണം ഇപ്പോള്‍ തുരങ്കപാത നേരെയാണ്. എത്ര കിലോമീറ്ററുകള്‍ സഞ്ചരിച്ചു എന്നറിയില്ല. രാവിലെ 6 മണിക്ക് വരിയില്‍ കയറിയതാണെന്നും ഇപ്പോള്‍ ഊണു കാലമായെന്നും അറിയാം.

''നോക്കൂ, വെള്ളക്കുപ്പികള്‍ വിതരണം ചെയ്യുന്നുണ്ട്, ഭാഗ്യം!'' ഒരു പടുവൃദ്ധന്‍ അട്ടഹസിച്ചു.
''ശരിയാ, ശരിയാ, ഭാഗ്യവാന്മാര്‍ നമ്മള്‍...''
''ശരിയാ, ശരിയാ, സന്തോഷവാന്മാര്‍ നമ്മള്‍...''
മറുപടികള്‍ താളമില്ലാ പാട്ടായി. എനിക്ക് ചിരിയടക്കാനായില്ല.

എത്ര പെട്ടെന്നാണ് മനുഷ്യന്‍ ദുരന്തങ്ങള്‍ മറക്കുന്നത്? മണിക്കൂറുകളോളം പരസ്പരം മിണ്ടാതെ, നോക്കാതെ, കേള്‍ക്കാതെ നിന്ന ഇരുകാലികള്‍ക്ക് എത്ര പെട്ടെന്നാണ് ഭാവമാറ്റമുണ്ടായത്!

വെള്ളക്കുപ്പികള്‍ എന്റെയടുക്കലും എത്തി. വിതരണക്കാരന്റെ ഷര്‍ട്ടിലേക്കൊന്നു നോക്കി.
''വെള്ളം കുടിക്കാനുള്ളതും വില കൊടുത്തു വാങ്ങാനുമുള്ളതും, സൗജന്യമല്ല. മനസ്സിലായോ? മനസ്സിലായോ?''

ഈ നെടുങ്കണ്ടന്‍ വാക്യം വായിച്ചപ്പോള്‍ പാട്ടുകാരുടെ മുഖത്ത് ശശികള്‍ മിന്നിമറയുന്നുണ്ടായിരുന്നു.
''എത്രയാ വില?'' കോട്ടിട്ട ഒരു വെള്ളത്തൊപ്പിക്കാരന്‍ തലയുയര്‍ത്തി ചോദിച്ചു. തൊപ്പിക്കാരന്റെ കൈയിലുള്ള ഇളം മഞ്ഞയും ചുവപ്പും കലര്‍ന്ന കടലാസുകള്‍ പൊട്ടിച്ചിരിച്ചു, തെല്ലഭിമാനത്തോടെ.

''ഒരു ബോട്ടിലിന് ആയിരം, മൂന്നെടുത്താല്‍ രണ്ടായിരം. മനസ്സിലായോ? മനസ്സിലായോ?'' മറുപടി കേട്ട് കടലാസുകള്‍ നാണിച്ചു തലതാഴ്ത്തി.

''പുറത്ത് നൂറു രൂപയേ ഉള്ളല്ലോ? ഇവിടെ ആയിരമോ?'' ഒരു കന്യാസ്ത്രീയാണ് ചോദിച്ചത്, വളരെ മാന്യമായി.
''വേണമെങ്കീ വാങ്ങിയാ മതി. മനസ്സിലായോ? മനസ്സിലായോ...?'' ബാര്‍കോഡുകള്‍ കലിതുള്ളി കോമരങ്ങളായി.

കൈയിലുള്ള കടലാസുകള്‍ മാറ്റിയെടുത്ത് പിങ്ക് കടലാസ് വാങ്ങാന്‍ വന്നവരാണ് വരിയില്‍. ഒരു നേരം ഒരു കടലാസ് മാത്രമേ ലഭിക്കുകയുള്ളു. അതിന് തന്നെ പല കടലാസുകള്‍ പൂരിപ്പിച്ചു നല്‍കുകയും വേണം.
കല്യാണാഘോഷങ്ങളും ആശുപത്രിവാസങ്ങളും വളരെ കുറഞ്ഞു. വസ്ത്രശാലകള്‍ ജനങ്ങളെ വിഷണ്ണരായി നോക്കി.

രോഗങ്ങളൊക്കെ എത്ര പെട്ടെന്നാണ് കുറഞ്ഞത്! വിശ്രമമില്ലാതെ കടലാസുകള്‍ വാരിക്കൂട്ടിയിരുന്ന ഡോക്ടര്‍മാര്‍ ഉറക്കം തൂങ്ങിയിരിക്കുന്നു. ഹോട്ടലുകളിലെ അടുപ്പുകള്‍ കരയാന്‍ തുടങ്ങി. ജ്വല്ലറികളിലെ സ്വര്‍ണാഭരണങ്ങളുടെ മുഖമൊക്കെ കറുത്തു കരുവാളിച്ചു. എല്ലായിടത്തും കണ്ണീര്‍ പ്രളയങ്ങള്‍ മാത്രം!

എന്റെ ശുഭ്രവസ്ത്രവും വടിയും അരയില്‍ തൂങ്ങിയാടുന്ന വാച്ചും എല്ലാം പിങ്ക് നിറമായിരിക്കുന്നു. വടി കുത്തിപ്പിടിച്ച് ഞാന്‍ ഓഡിറ്റോറിയത്തില്‍ നിന്ന് ഇറങ്ങിനടന്നു.

നോട്ടീസൊന്ന് വന്ന് ഷേക്ക്ഹാന്‍ഡ് തന്ന് ഊണുവടിയില്‍ കയറിയിരുന്നു. ഭവ്യതയോടെ നോട്ടീസെടുത്തു, കണ്ണടയും. വട്ടക്കണ്ണടയുടെ ചില്ലുകള്‍ ആരോ എറിഞ്ഞു പൊട്ടിച്ചിരിക്കുന്നു. നോട്ടീസിനെ സ്‌നേഹത്തോടെ ഒന്നു തടവി, വായിക്കാന്‍ കണ്ണടയില്ലാത്ത സങ്കടത്തോടെ.

സ്‌നേഹത്തലോടലേറ്റ് നോട്ടീസ് സംസാരം തുടങ്ങി:
''ഡിജിറ്റല്‍ കണ്‍ട്രി
കറന്‍സിലെസ് കണ്‍ട്രി
ഓപണ്‍ സെമിനാര്‍
2029 സെപ്തംബര്‍ 13
വൈകു. 4.00
ഹോപ്ലസ് ഓഡിറ്റോറിയം, പിങ്ക് സിറ്റി
ഏവര്‍ക്കും സ്വാഗതം, സുസ്വാഗതം.''

ഓഡിറ്റോറിയത്തിലേക്ക് ഉറച്ച കാല്‍വെപ്പോടെ ഞാന്‍ നടന്നു. എന്തു പറയണം, എന്തു പറയരുത് എന്നു മനസ്സിലുറച്ച്...
മുന്നിലെ സീറ്റില്‍ ഇരിപ്പുറപ്പിച്ചു. എന്റെ വേഷം കണ്ടവര്‍ ചിരിക്കുന്നുണ്ട്. അവരുടെ ഇളിഭ്യച്ചിരികള്‍ എന്നെയൊട്ടും ഏശിയതേയില്ല.

സെമിനാര്‍ തുടങ്ങി. റോസാപ്പൂ പോലെ മുഖം തുടുത്ത വിഷയാവതാരകന്‍ കത്തിക്കയറുകയായിരുന്നു. കോട്ടില്‍ എല്ലായിടവും സ്വന്തം പേര് സ്വര്‍ണനൂല്‍ കൊണ്ട് തയ്പിച്ച അദ്ദേഹം ക്ലീന്‍ഷേവ് ചെയ്ത മുഖത്ത് ഇടയ്ക്കിടെ മേക്കപ്പ് ഇടുന്നുമുണ്ട്.

''നമ്മുടെ രാജ്യമിന്ന് സാമ്പത്തിക പുരോഗതിയുടെ കൊടുമുടിയുടെ ഉച്ചിയില്‍ എത്തിയിരിക്കുകയാണ്. ഏതു നാട്ടിന്‍പുറത്തുകാരനും ഇന്ന് ബാങ്ക് അക്കൗണ്ടും ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡുമുണ്ട്. അവരുടെ പോക്കറ്റുകള്‍ക്കും ബാഗുകള്‍ക്കും കടലാസ് ഭാരം താങ്ങേണ്ടതില്ല. ഇടപാടുകള്‍ക്ക് അവര്‍ കടലാസിനെ ആശ്രയിക്കുന്നേയില്ല.''

അവതാരകന്‍ എന്റെ നേരെ പ്രതീക്ഷയോടെ നോക്കിച്ചിരിച്ചു ചോദിച്ചു: ''അല്ലേ അപ്പൂപ്പാ, അപ്പൂപ്പനും ബാങ്ക് അക്കൗണ്ടില്ലേ?''
''ഏയ്! എനിക്ക് ബാങ്ക് അക്കൗണ്ടൊന്നുമില്ല. എനിക്ക് അതിന്റെ ആവശ്യമില്ല''- ഞാന്‍ തറപ്പിച്ചു പറഞ്ഞു.

എന്റെ കടുത്ത ശബ്ദം കേട്ട് ഒരു ചെറുപ്പക്കാരന്‍ എണീറ്റുനിന്നു ഗര്‍ജിച്ചു:
''ഹും! വികസനം തന്നെ! ഇപ്പോളെന്റെ കടയിലേക്ക് ഒരു ഈച്ച പോലും വരുന്നില്ല. ആരുടെ കൈയിലും കടലാസില്ല, അതേ പുതിയ കടലാസുകള്‍... നിങ്ങള്‍ പറയുന്ന കാര്‍ഡുകളൊന്നും എന്റെ നാട്ടുകാര്‍ കേട്ടിട്ടേയില്ല...''

ഈച്ചകള്‍ കൂട്ടം കൂട്ടമായി ഓഡിറ്റോറിയത്തിലെത്തി സെമിനാര്‍ തടസ്സപ്പെടുത്തി. ഈച്ചകളെക്കുറിച്ചുള്ള പരാമര്‍ശം പിന്‍വലിക്കാതെ പിന്‍വാങ്ങില്ല എന്നവര്‍ മൂളിപ്പറഞ്ഞു. കോട്ടിലും സ്യൂട്ടിലും അവ കയറിക്കൂടി മുദ്രാവാക്യം വിളിച്ചു.

ഈച്ചപ്പരാമര്‍ശം നടത്തിയവനെ എല്ലാവരും കൂടി തല്ലി പപ്പടമാക്കി. ഈച്ചകള്‍ ആര്‍പ്പുവിളിച്ച് ഓഡിറ്റോറിയം വിട്ടു പറന്നകന്നു.
വിഷയാവതരണത്തിനു ശേഷം മോഡറേറ്റര്‍ അഭിപ്രായ പ്രകടനത്തിനായി സദസ്യരെ ക്ഷണിച്ചു.

ഞാനെണീറ്റു; പക്ഷേ, എഴുന്നേല്‍ക്കാനാവുന്നില്ല. എന്റെ വടിയിലും ഒറ്റ വസ്ത്രത്തിലും കോട്ടിട്ടവര്‍ പിടിച്ചുതൂങ്ങിയിരിക്കുന്നു. അവരെന്റെ ചുക്കിച്ചുളിഞ്ഞ തൊലി പിടിച്ചുവലിച്ചു, കൈകളില്‍ പിങ്ക് ഗ്ലൗസുകള്‍ അണിഞ്ഞുകൊണ്ട്.

ഒരു ചെറുപ്പക്കാരന്‍ തോക്കെടുത്ത് എന്റെ നെഞ്ചിനു നേരെ ചൂണ്ടി അലറി:
''കിഴവാ... ജീവന്‍ വേണമെങ്കില്‍ കടക്ക് പുറത്ത്. ഫൈവ്... ഫോര്‍... ത്രീ...''

''ഇല്ല, ഒരിക്കലെന്നെ നീ വെടിവെച്ചുകൊന്നതാണ്. ഇനി നിനക്കാവില്ല എന്നെ കൊല്ലാന്‍... വെക്ക് വെടി... എന്റെ ഹൃദയം പിളരട്ടെ... വെക്കാന്‍...''
അവന്‍ തോക്ക് താഴെയിട്ട് എന്റെ കാല്‍ക്കല്‍ വീണു കരഞ്ഞു.
''മഹാത്മാവേ, മാപ്പ്... മാപ്പ്... മാ...''

അവന്റെ നെഞ്ചു പിളര്‍ന്ന് തുളച്ചുപറന്ന വെടിയുണ്ട പിങ്ക് നിറം പൂണ്ടു. ചുറ്റും കൂടിയിരുന്നവര്‍ പിങ്ക് നിറത്തിലുള്ള പല്ലുകള്‍ കാട്ടി പൊട്ടിച്ചിരിച്ചു. തുപ്പലുകള്‍ എന്റെ മുഖത്ത് തെറിച്ചുവീണു. തുപ്പലിനും പിങ്ക് നിറം!

എന്റെ ശുഭ്രവസ്ത്രവും വടിയും അരയില്‍ തൂങ്ങിയാടുന്ന വാച്ചും എല്ലാം പിങ്ക് നിറമായിരിക്കുന്നു. വടി കുത്തിപ്പിടിച്ച് ഞാന്‍ ഓഡിറ്റോറിയത്തില്‍ നിന്ന് ഇറങ്ങിനടന്നു. ഒരുപാട് പറയാനുണ്ടായിട്ടും ഒന്നും പറയാനാകാതെ...