ദുര്‍മോഹങ്ങളും അതിമോഹങ്ങളും തിന്മയിലേക്ക് നയിക്കും. മനുഷ്യന്റെ ഹൃദയം മോഹങ്ങളുടെ കളിപ്പാട്ടമാണ് എന്ന ചൊല്ല് പച്ചയായ യാഥാര്‍ഥ്യമാണ്.
മനസ്സിന്റെ കുതിരയെ നയിക്കുന്നത് മോഹങ്ങളാണ് എന്ന് പറയാറുണ്ട്. മോഹങ്ങളാണ് മനുഷ്യനെ നയിക്കുന്നത് എന്നര്‍ഥം. കാമനകളാണ് മനുഷ്യന്റെ കപ്പിത്താന്‍ എന്ന പ്രയോഗവും ഈ വസ്തുതയ്ക്കാണ് അടിവരയിടുന്നത്.
മോഹങ്ങളില്‍ നല്ലതും ചീത്തയുമുണ്ട്. നല്ല മോഹങ്ങള്‍ നന്മയിലേക്കും ചീത്ത മോഹങ്ങള്‍ തിന്മയിക്കും നയിക്കും. ദുര്‍മോഹങ്ങളും അതിമോഹങ്ങളും തിന്മയിലേക്കാണ് നയിക്കുക. 'മനുഷ്യന്റെ ഹൃദയം മോഹങ്ങളുടെ കളിപ്പാട്ടമാണ്' എന്ന ചൊല്ല് പച്ചയായ യാഥാര്‍ഥ്യമാണ്.
അതുകൊണ്ടു തന്നെ ജീവിതത്തെ നന്നാക്കാന്‍, ദുര്‍മോഹങ്ങളെ വര്‍ജിക്കലും അതിമോഹങ്ങളെ നിയന്ത്രിക്കലും നിര്‍ബന്ധമായി വരും. ദുര്‍മോഹം ദുഷ്‌കര്‍മിയെ സൃഷ്ടിക്കുന്നു; അതിമോഹം അത്യാഗ്രഹിയെയും.
ദുര്‍മോഹി ദുഷ്ടനാവുക സ്വാഭാവികം. കാരണം, ദുര്‍മാര്‍ഗത്തിലേക്കാണ് ദുര്‍മോഹി ചെന്നെത്തുക. ദുഷ്ടന്റെ പാഥേയമാണ് ദുര്‍മോഹങ്ങള്‍. അത്യാഗ്രഹം ആപത്ത് എന്ന ചൊല്ല് പൂര്‍വികരുടെ അനുഭവ നിരീക്ഷണമാണ്.
'അത്യാഗ്രഹം എപ്പോഴും യൗവന ദശയിലായിരിക്കും' എന്ന് പ്രവാചകന്‍ (സ) പറയുന്നുണ്ട്. എങ്ങനെയും വെട്ടിപ്പിടിക്കാനുള്ള ആര്‍ത്തിയാണ് അത്യാഗ്രഹിയെ നയിക്കുക. മനുഷ്യന്റെ ഉളളിലുള്ള ഒരു പൊതു പ്രവണതയാണിതെന്ന് വിശുദ്ധ ഖുര്‍ആനും പ്രവാചകനും സൂചിപ്പിക്കുന്നുണ്ട്.
വിശുദ്ധ ഖുര്‍ആന്‍ നൂറ്റിരണ്ടാം അധ്യായം ഒന്ന്, രണ്ട് വാക്യങ്ങളില്‍ പറയുന്നു: ''ദുര നിങ്ങളെ അശ്രദ്ധരാക്കിയിരിക്കുന്നു. നിങ്ങള്‍ ശവക്കുഴികള്‍ സന്ദര്‍ശിക്കും വരെ''.
ഇതിന്റെ വിശദീകരണമെന്നോണം പ്രവാചകന്‍ പറഞ്ഞു: ''ആദമിന്റെ പുത്രന് ഒരു സ്വര്‍ണത്തിന്റെ താഴ്വര നല്‍കിയാല്‍ അവന്‍ രണ്ടാമത്തേതും മോഹിക്കും. അതും നല്‍കിയാല്‍ മൂന്നാമത്തേതും. മണ്ണല്ലാതെ മറ്റൊന്നും അവന്റെ വയറിനെ നിറയ്ക്കുകയില്ല''.
മോഹം മൂലം മൂഢന്‍ നശിക്കും എന്ന പഴമൊഴി ഒരു മുന്നറിയിപ്പാണ്. മോഹങ്ങളുടെ പിറകെ പായുന്നത് മൂഢത്തമാണ് എന്ന സന്ദേശം ഈ പഴമൊഴിയിലുണ്ട്. മനുഷ്യന്‍ തന്റെ ദേഹേച്ഛകളുടെ അഥവാ മോഹങ്ങളുടെ ഉടമയാകണം; അടിമയാകരുത്. ദേഹേച്ഛകളെ ദൈവേച്ഛക്ക് വിധേയപ്പെടുത്തലാണ് അതിനുള്ള വഴി.
മോഹങ്ങളുടെ അടിമക്ക് മോചനമില്ല. മോഹങ്ങള്‍ അട്ടിപ്പേറായി അത്യാഗ്രഹിയുടെ പിരടിയെ ബന്ധിക്കുന്നു. 'ഭാരം ചുമക്കുന്ന കഴുത'യെ പോലെയായിരിക്കും അയാളുടെ ജീവിതം. കഴുത ചുമക്കുന്ന ഭാരം കഴുതയ്ക്കുള്ളതല്ല; കഴുതക്കാരനുള്ളതാണ്.
എന്നതുപോലെ, മോഹങ്ങളുടെ 'അട്ടിപ്പേറ്' അത്യാഗ്രിക്ക് ഒരു ഭാരം മാത്രമായിരിക്കും. ജീവിതം ആസ്വദിക്കാന്‍ അത്യാഗ്രഹിക്ക് കഴിയില്ല. അതിനുള്ള സമയം കിട്ടില്ല എന്നതാണ് നേര്. അതുകൊണ്ടുതന്നെ, അത്യാഗ്രഹി ജീവിക്കുന്നില്ല; മരിക്കുന്നുമില്ല.
ടാങ്കിലുള്ളതേ ടാപ്പില്‍ വരൂ
നല്ലതും ചീത്തയുമായ എല്ലാ ഇച്ഛകളുടെയും ഇരിപ്പിടം ആത്മാവാണ്. ആത്മാവിന്റെ പ്രകാശനമാണ് ജീവിതം. ആത്മാവിന്റെ അവസ്ഥയാണ് കര്‍മങ്ങളിലൂടെ പ്രകാശിതമാവുക. 'ടാങ്കിലുള്ളതേ ടാപ്പില്‍ വരൂ.' അകത്ത് എന്താണോ അതാണ് പുറത്ത് വരിക എന്നര്‍ഥം.
ആത്മാവിന്റെ പ്രതിബിംബമാണ് കര്‍മങ്ങള്‍. ആത്മാവിന്റെ ഭാഷയും ശബ്ദവുമാണവ. കര്‍മങ്ങളാണ് ആത്മാവിന്റെ 'കണ്ണാടി' എന്ന് ചുരുക്കം. കാണാത്ത ആത്മാവിനാല്‍ നയിക്കപ്പെടുന്നതാണ് കാണുന്ന ജീവിതം.
നല്ല ജീവിതവും ചീത്ത ജീവിതവും മനുഷ്യരില്‍ കാണാം. നല്ല ജീവിതം നല്ല ആത്മാവിനെയും ചീത്ത ജീവിതം ചീത്ത ആത്മാവിനെയുമാണ് അടയാളപ്പെടുത്തുന്നത്. കര്‍മങ്ങളിലൂടെയാണ് നല്ല മനുഷ്യനെയും ചീത്ത മനുഷ്യനെയും തിരിച്ചറിയുക. ആത്മാവിന്റെ അവസ്ഥയാണ് കര്‍മങ്ങളിലൂടെ പ്രതിഫലിക്കുന്നത്. നല്ല കര്‍മങ്ങള്‍ നല്ല ആത്മാവിനെയും ചീത്ത കര്‍മങ്ങള്‍ ചീത്ത ആത്മാവിനെയും പ്രതിഫലിപ്പിക്കുന്നു.
ഉദ്ദേശ്യം
ആത്മാവിന്റെ അവസ്ഥ അറിയാനുള്ള ബാഹ്യമായ അളവുകോലാണ് കര്‍മങ്ങള്‍. കര്‍മങ്ങളുടെ പിന്നിലെ ഉദ്ദേശ്യമാണ് ശരിയായ അളവുകോല്‍. ആത്മാര്‍ഥതയുമായിട്ടാണ് അതിന്റെ ഹൃദയബന്ധം. ചീത്ത ഉദ്ദേശ്യത്തോടെ നല്ല കര്‍മം ചെയ്യാന്‍ കഴിയുന്ന സവിശേഷ ജീവിയാണ് മനുഷ്യന്‍!
 'കര്‍മങ്ങള്‍ ഉദ്ദേശ്യമനുസരിച്ചാണ്' എന്ന് പ്രവാചകന്‍ (സ) പറഞ്ഞത് അതുകൊണ്ടു കൂടിയാണ്. ഉദ്ദേശ്യശുദ്ധിയാണ് കര്‍മങ്ങളുടെ വില നിശ്ചയിക്കുന്നത്. 'ഉദ്ദേശ്യ ശുദ്ധി' ഒരു ആത്മീയ മൂല്യമാണ്; ബുദ്ധിയുടെ കഴിവല്ല. 'ബുദ്ധിരാക്ഷസന്‍'മാരിലും 'ദുഷ്ട ശക്തി'കള്‍ ഉണ്ടാവുന്നത് അതുകൊണ്ടാണ്.
ജനങ്ങളെ കാണിക്കാന്‍ ജനസേവനം ചെയ്യുന്ന രാഷ്ട്രീയ പ്രവര്‍ത്തനം ഉദാഹരണമാണ്. ലക്ഷ്യം അധികാരവും പിടിച്ചടക്കലുമാണ്; ജനക്ഷേമമോ ദൈവ പ്രീതിയോ അല്ല. 'നാലാള്‍ അറിയട്ടെ' എന്ന ഉദ്ദേശ്യത്തോടെ 'നല്ല കാര്യങ്ങള്‍' ചെയ്യുന്നവരുണ്ട്. ചെയ്ത കാര്യങ്ങള്‍ നാലാളറിയാന്‍ പല വഴികളും അവര്‍ അവലംബിക്കും.
സോഷ്യല്‍ മീഡിയ ധാരാളമായി ഉപയോഗിക്കും. കൂടുതല്‍ ആളുകളില്‍ നിന്നുള്ള പ്രശംസയാവും ലക്ഷ്യം. ഉദ്ദേശ്യത്തിലെ ഈ കളങ്കമാണ് കര്‍മത്തിന്റെ വില കുറയ്ക്കുന്നത്. എന്ത് ചെയ്യുന്നു എന്നതിനേക്കാള്‍ പ്രധാനമാണ് എന്തിന് ചെയ്യുന്നു എന്നത്.
വിനയാവുന്ന അഹങ്കാരം
പ്രവാചക ശിഷ്യനും നാലാം ഖലീഫയുമായിരുന്നു അലി. അദ്ദേഹത്തിന്റെ ഒരു മൊഴി ഇങ്ങനെ കാണാം: 'ആത്മനിര്‍വൃതി സമ്മാനിക്കുന്ന സല്‍കര്‍മങ്ങളെക്കാള്‍ നല്ലത് ആത്മവേദന സമ്മാനിക്കുന്ന ദുഷ്‌കര്‍മങ്ങളാണ്.'
ഈ പറഞ്ഞതിനര്‍ഥം സല്‍കര്‍മങ്ങളേക്കാള്‍ നല്ലത് ദുഷ്‌കര്‍മങ്ങളാണ് എന്നല്ല. ഇതൊരു സൂക്ഷ്മതാ നിര്‍ദ്ദേശമാണ്. 'സാധു ദുഷ്ടന്റെ ഫലം ചെയ്യും' എന്നാണല്ലോ ചൊല്ല്. സല്‍ക്കര്‍മങ്ങളിലും ദുഷ്‌കര്‍മങ്ങളുടെ ഫലം ഒളിഞ്ഞിരിപ്പുണ്ട്; ഉദ്ദേശ്യവുമായിട്ടാണതിന്റെ ബന്ധം. അതിനാല്‍, നല്ല ജാഗ്രത വേണം എന്ന ഉണര്‍ത്തലാണിത്.
ആത്മനിര്‍വൃതി ചിലപ്പോള്‍ ആത്മപ്രശംസാ മോഹത്തെ ജനിപ്പിക്കും. സ്വന്തത്തെ മഹത്വപ്പെടുത്തലിലേക്കാണത് നയിക്കുക. സ്വന്തത്തെ മഹത്വപ്പെടുത്തല്‍ അഹങ്കാരത്തില്‍ കൊണ്ടെത്തിക്കും. സന്മാര്‍ഗത്തില്‍ നിന്ന് മനുഷ്യനെ തടയുന്ന ഒന്നാണ് അഹങ്കാരം. 'അഹങ്കാരത്തിന്റെ അംശം ഉള്ളിലുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കില്ല' എന്ന് പ്രവാചകന്‍ (സ) താക്കീത് നല്‍കിയിട്ടുണ്ട്.
അഹങ്കാരത്തെ സൂക്ഷിക്കാനുള്ള ദൈവികമായ മുന്നറിയിപ്പ് ഖുര്‍ആനില്‍ പല ഭാഗത്തായി കിടപ്പുണ്ട്. പതിനാറാം അധ്യായം ഇരുപത്തിമൂന്നാം വാക്യത്തില്‍ വാക്യത്തില്‍ ഇങ്ങനെയുണ്ട്: ''അവര്‍ ഒളിപ്പിച്ചുവെക്കുന്നതും തെളിയിച്ചുകാണിക്കുന്നതും ദൈവം അറിയുന്നു. അഹങ്കാരികളെ അവന്‍ ഇഷ്ടപ്പെടുന്നില്ല; തീര്‍ച്ച.''
അതേസമയം, ആത്മവേദന സമ്മാനിക്കുന്ന ദുഷ്‌കര്‍മം മനസ്സില്‍ പശ്ചാത്താപം സൃഷ്ടിക്കും. പശ്ചാത്താപം ഒരു മാനുഷിക ഗുണമാണ്. മാപ്പപേക്ഷയാണ് അതിന്റെ അനന്തരഫലം. അഹങ്കാരത്തില്‍ നിന്ന് വിനയത്തിലേക്കുള്ള ചവിട്ടുപടി കൂടിയാണ് മാപ്പപേക്ഷ. പശ്ചാത്താപം മനുഷ്യനെ വിനയമുള്ളവനാക്കും. വിനയവും ഒരു മാനുഷിക ഗുണമാണ്.
മനുഷ്യന്‍ ദൈവത്തിന്റെ വിധിവിലക്കുകള്‍ പാലിച്ച്, വിനയത്തോടെ ജീവിക്കുന്നതാണ് ദൈവത്തിന്റെ ഇഷ്ടം; പരിധികള്‍ ലംഘിച്ച് അഹങ്കാരത്തോടെ ജീവിക്കുന്നതല്ല. അഹങ്കാരം പൈശാചികവും വിനയം മാനുഷികവുമാണ്.
വിനയാവുന്ന വിനയം
വിനയം പോലും ഒടുവില്‍ അഹങ്കാരമായി മാറുന്നതിനെ സൂക്ഷിക്കണം. 'ഞാന്‍ നിങ്ങളെപ്പോലെയല്ല, ഞാനൊരു വിനയാന്വിതനാണ്.' ഇത് തന്നെ ഒരു അഹങ്കാരമാണ്. കാരണം, ഈ തോന്നല്‍ വിനയത്തെ പ്രകടനാത്മകതയിലേക്ക് നയിക്കും. വിനയം എന്ന മൂല്യം വിനയായി മാറുന്ന ഈ വൈരുധ്യത്തെ സൂക്ഷിക്കണം എന്ന് ചുരുക്കം.
'മറ്റുള്ളവര്‍ കാണുമ്പോള്‍ നമസ്‌കാരം നന്നാക്കുന്നത് ദൈവത്തില്‍ പങ്ക് ചേര്‍ക്കലാണ്' എന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. പുണ്യകര്‍മമാകുന്ന നമസ്‌കാരം പോലും ഉദ്ദേശ്യം തെറ്റിയാല്‍ പാപമായിമാറുമെന്നര്‍ഥം.
ഒരാള്‍ക്ക് വെളിച്ചമാകേണ്ടത് സ്വന്തം ഭാവനകളല്ല; ദിവ്യ വെളിപാടുകളാണ്. ദൈവത്തിന് ഹൃദയത്തില്‍ എത്ര ഇടം നല്‍കിയിട്ടുണ്ടോ അതനുസരിച്ചാണ് ഉദ്ദേശ്യവും കര്‍മവും നന്നാവുക. ദൈവം ഹൃദയത്തിന് വെളിച്ചമാകണം. അത് സാധ്യമാകും വിധം ദൈവത്തെ അറിയാനും ദൈവത്തോട് അടുക്കാനും ശ്രമിക്കണം. അങ്ങനെ ദൈവം ഹൃദയത്തിന് വെളിച്ചമാകണം. സ്രഷ്ടാവായ ദൈവമാകണം ഹൃദയ വെളിച്ചം.
ഇഹലോകത്ത് നന്മയാണെങ്കിലും തിന്മയാണെങ്കിലും തേടിപ്പോകണം. സൈബര്‍ ലോകത്ത് പക്ഷേ അങ്ങനെയല്ല. നന്മയാണെങ്കിലും തിന്മയാണെങ്കിലും തേടി വരും.
അങ്ങനെയുള്ള ഒരു വിശ്വാസി എങ്ങനെയാവും? വിശുദ്ധ ഖുര്‍ആനിലെ എട്ടാം അധ്യായം രണ്ട്, മൂന്ന് വാക്യങ്ങളില്‍ അക്കാര്യം ഇങ്ങനെ പറയുന്നുണ്ട്: ''ദൈവത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ ഹൃദയം ഭയചകിതമാകുന്നവര്‍ മാത്രമാണ് യഥാര്‍ഥ വിശ്വാസികള്‍. അവന്റെ വചനങ്ങള്‍ വായിച്ചുകേട്ടാല്‍ അവരുടെ വിശ്വാസം വര്‍ധിക്കും. അവര്‍ എല്ലാം തങ്ങളുടെ നാഥനില്‍ സമര്‍പ്പിക്കും. അവര്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരാണ്. നാം നല്‍കിയതില്‍നിന്ന് ചെലവഴിക്കുന്നവരും.''
നമസ്‌കാരവും ദാനധര്‍മങ്ങളുമൊക്കെ സ്വയം പുണ്യകര്‍മങ്ങല്ല;. ഉദ്ദേശ്യശുദ്ധിക്കനുസരിച്ചാണ് പുണ്യകര്‍മങ്ങളാവുക. ഒരാളുടെ ഉദ്ദേശ്യശുദ്ധി അറിയാനുള്ള അളവുകോല്‍ അയാളുടെ സ്വകാര്യ ജീവിതമാണ്; പരസ്യ ജീവിതമല്ല.
ഹൃദയ വിചാരണ
ഹൃദയ വിശുദ്ധിയാണ് ഉദ്ദേശ്യ ശുദ്ധിയുടെ അടിസ്ഥാനം. ഒരാളുടെ ഹൃദയം പറിച്ചെടുത്ത് പരിശോധിക്കാന്‍ മറ്റൊരാള്‍ക്ക് കഴിയില്ല; ദൈവത്തിനല്ലാതെ. എന്നാല്‍, ഇന്ന് ഒരാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് അത് പരിശോധിക്കാനാവും; ഏറെക്കുറെയെങ്കിലും. കാരണം, ഒരാളുടെ ഹൃദയത്തിന്റെ പ്രവണതകള്‍ പ്രകാശിതമാവുന്ന ഇടമാണ് സ്മാര്‍ട്ട് ഫോണുകള്‍. അവനവന് തന്നെ അവനവനെ വിചാരണ നടത്താന്‍ സ്വന്തം സ്മാര്‍ട് ഫോണുകള്‍ മതിയാവും.
സ്മാര്‍ട് ഫോണുകള്‍ ഇന്ന് ഒരാളുടെ ആശയവിനിമയ ഉപകരണം മാത്രമല്ല; ആദര്‍ശ പ്രതിനിധീകരണ ഇടം കൂടിയാണ്. ഉള്ളിലെ പ്രവണതകളെ അടയാളപ്പെടുത്തുന്ന ഇടമാണത്. 'സൈബര്‍ലോക'ത്തേക്കുള്ള കിളിവാതിലും ഒളിവാതിലുമാണത്. സൈബര്‍ ലോകം പരലോകമല്ല; ഇഹലോകത്തിന്റെ തന്നെ 'പുതിയ പതിപ്പാ'ണത്. പരലോകത്തേക്കുള്ള 'പുതിയ കൃഷിയിടം.' നല്ലതും ചീത്തയും എല്ലാം ഉണ്ടവിടെ.
ഇഹലോകത്ത് നന്മയാണെങ്കിലും തിന്മയാണെങ്കിലും തേടിപ്പോകണം. സൈബര്‍ ലോകത്ത് പക്ഷേ അങ്ങനെയല്ല. നന്മയാണെങ്കിലും തിന്മയാണെങ്കിലും തേടിപ്പോകേണ്ടതില്ല; തേടി വരും. അവിടെവച്ച്, ആരോരുമില്ലാത്ത സ്വകാര്യ സന്ദര്‍ഭങ്ങളില്‍, എന്തൊക്കെയാണ് കണ്ടത്? എന്തൊക്കെയാണ് കേട്ടത്? എന്തൊക്കെയാണ് ചെയ്തത്?
അത്തരം സന്ദര്‍ഭങ്ങളില്‍, ദൈവത്തിന്റെ വിധിവിലക്കുകള്‍ പാലിക്കാന്‍ മാത്രം ഹൃദയത്തില്‍ അവന് സ്ഥാനമുണ്ടായിരുന്നോ? വിശുദ്ധ ഖുര്‍ആനിലെ ഇരുപത്തിമൂന്നാം അധ്യായം അറുപത്തിമൂന്നാം വാക്യത്തില്‍ ഇങ്ങനെ ഒരു വെളിപ്പെടുത്തലുണ്ട്: ''എന്നാല്‍, അവരുടെ ഹൃദയങ്ങള്‍ ഇക്കാര്യത്തെപ്പറ്റി തീരെ അശ്രദ്ധമാണ്. അവര്‍ക്ക് അതല്ലാത്ത മറ്റു ചില പണികളാണുള്ളത്. അവരതു ചെയ്തുകൊണ്ടേയിരിക്കുന്നു.''
ഇങ്ങനെയാണോ സ്വകാര്യ ജീവിതത്തില്‍? എങ്കില്‍, തൊട്ടുടനെ വിശുദ്ധ ഖുര്‍ആനിലൂടെ ദൈവം നല്‍കുന്ന താക്കീത് ഇങ്ങനെ: ''അങ്ങനെ, അവരിലെ സുഖലോലുപരെ ശിക്ഷയാല്‍ നാം പിടികൂടും. അപ്പോഴവര്‍ വിലപിക്കാന്‍ തുടങ്ങും.''
