സന്മാര്‍ഗം അത്യപൂര്‍വ അനുഗ്രഹം; അഹങ്കാരികളുടെ കൂടെപ്പോരില്ല


ദേഹേച്ഛകളും കാമമോഹങ്ങളും അത്യാര്‍ത്തിയും സത്യത്തിന്റെ രാജപാതയിലേക്ക് ഹൃദയത്തിന്റെ കണ്ണുകള്‍ എത്തുന്നതിനെ തടയും

ത്യത്തിന്റെ രാജപാതയിലേക്ക് ഹൃദയത്തിന്റെ കണ്ണുകള്‍ എത്തുന്നതിനെ തടയുന്നത് ദേഹേച്ഛകളും കാമമോഹങ്ങളും ഭൗതികസുഖാനുഭൂതികളിലുള്ള അത്യാര്‍ത്തിയുമാണ്. ഈ തടസ്സങ്ങള്‍ പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടും. അതിലെ ഏതാനും ചില രൂപങ്ങള്‍ ഒരു ഉദാഹരണമെന്ന നിലയില്‍ പരിചയപ്പെടാം.

ഒരാള്‍ ഒരു നിലപാട് തെരഞ്ഞെടുക്കുന്നത് എതിര്‍ നിലപാടില്‍ തനിക്ക് ശാരീരിക- മാനസിക പ്രയാസങ്ങളുണ്ടാവുമ്പോഴാവാം. നേരത്തെ ഞാന്‍ പരസ്യമായി പറഞ്ഞു പോയതാണല്ലോ, അല്ലെങ്കില്‍, ചെറുപ്പത്തിലേ ശീലിച്ചു പോയതാണല്ലോ, ഇനി എങ്ങനെ അത് തിരുത്തും എന്ന ആശങ്കയിലും ചിലപ്പോള്‍ ഒരാള്‍ സത്യാദര്‍ശത്തെ തള്ളിക്കളഞ്ഞ് തെറ്റായ നിലപാടെടുക്കാം.

തന്റെ പിതാക്കളോ ഗുരുക്കളോ പ്രസ്ഥാന നേതാക്കളോ പറഞ്ഞതും പരസ്യപ്പെടുത്തിയതുമായ ഒരു തെറ്റിനെ ന്യായീകരിക്കാനും പലപ്പോഴും മനുഷ്യന്‍ പൈശാചികമായി പ്രേരിതനാവും. തെറ്റ് പറ്റിപ്പോയത് തന്റെ പിതാമഹനാണെങ്കിലും അതിന്റെ ഒരു കുറവ് എന്നെയും ബാധിക്കും, അതിനാല്‍ ഞാന്‍ ആ തെറ്റിനെ ന്യായീകരിച്ച് ശരിയായ നിലപാടിനെ തള്ളിക്കളയുന്നു എന്ന് തീരുമാനിക്കുന്നത് മണ്ടത്തരമാണ്.

എന്റേത് തെറ്റായ വിവരമായിരുന്നുവെന്നും, അതിന്റെ ശരിയായ വശം പറഞ്ഞ് തന്നത് നിസ്സാരക്കാരനാണെന്നും കരുതി ശരിയെ അംഗീകരിക്കാത്തവരുണ്ട്. എന്റെയത്ര വിവരമില്ലാത്തവനെന്ന് ഞാന്‍ ഗണിച്ചിരുന്ന ഒരാള്‍ പറഞ്ഞുതന്ന ശരി അംഗീകരിക്കരുത് എന്ന് കരുതുന്ന മനോഭാവം അതിനീചമാണ്. പിശാചിന്റെ അതിവിചിത്രമായ ഒരു വഞ്ചനയുണ്ട്, അതില്‍ വലിയവര്‍ പോലും പെട്ട് പോയേക്കാം.

സച്ചരിതരായ പൂര്‍വികരുടെ നിലപാട് പ്രമാണബദ്ധവും സമ്പൂര്‍ണ്ണ ശരിയുമായിരുന്നിട്ട് പോലും, അതില്‍ ഉറച്ച് നില്‍ക്കുന്നതിന് പകരം അതിനെ നിഷ്‌ക്കരുണം വലിച്ചെറിഞ്ഞ്, അത് തെറ്റായിരുന്നു എന്ന് തുറന്നടിച്ച്, പുതിയ നിലപാടുകള്‍ സ്വീകരിക്കുക എന്നതാണ് ആ ദുര്യോഗം.

താനൊരു ധീരനും സ്വതന്ത്രചിന്തകനുമാണെന്ന് വരുത്തിത്തീര്‍ക്കലാണ് ഉദ്ദേശ്യം. താന്‍ ദുരഭിമാനത്തിന്റെ തടവറയിലല്ലെന്നും, വിമര്‍ശനഭയത്തിന്റെ പേരില്‍ തെറ്റ് തിരുത്താന്‍ കൂട്ടാക്കാത്തവനല്ലെന്നും, നിലപാടുകളുടെ സുല്‍ത്താനാണെന്നും ആളുകളെ അറിയിക്കലാണ് അവന്റെ ലക്ഷ്യം. പക്ഷേ, അതിനായി അവന്‍ കയ്യൊഴിഞ്ഞതും ബലികഴിച്ചതും സത്യാദര്‍ശത്തെ ആയതിനാല്‍ അവനേക്കാള്‍ വലിയ ദുരഭിമാനിയും ഭീരുവും ദേഹേച്ഛയുടെ അടിമയും വേറെയില്ല എന്നതാണ് വാസ്തവം!

കേളിയും പ്രശസ്തിയുമുള്ള വലിയ പണ്ഡിതന്മാരോട് ഏറ്റുമുട്ടിയാല്‍ തങ്ങളെ മറ്റുള്ളവര്‍ ശ്രദ്ധിക്കുമെന്ന് വിചാരിക്കുന്ന അല്പന്മാരുണ്ട്. വലിയവരോട് കളിക്കുന്നവരൊക്കെ വലിയവരായിരിക്കും എന്നൊരു മൂഢധാരണ വ്യാപകമാണല്ലൊ. അതിനാല്‍, വലിയവര്‍ പറഞ്ഞ സത്യമായ കാര്യങ്ങളെ വിമര്‍ശിച്ചും കളവാക്കിയും വഴിപിഴച്ചു പോകുക എന്നതും വഴിമുടക്കിയുടെ ഒരുദാഹരണമാണ്.

അസൂയയും ദുരഭിമാനവുമാണ് പിശാചിനെ ഉന്നതങ്ങളില്‍ നിന്ന് പാതാളത്തിലേക്ക് വീഴ്ത്തിയത്; ജൂതരെ ഈസാ നബിയുടെ ശത്രുവാക്കിയത്. ജൂതര്‍ ഉയര്‍ന്ന അറിവുള്ളവരായിരുന്നു, മിശിഹയുടെ പ്രവാചകത്വത്തില്‍ ഉറച്ച ബോധ്യമുള്ളവരായിരുന്നു. തൗറാത്തിലെ നിയമങ്ങളുമായി തന്നെയാണ് മിശിഹയും വന്നത്, അതിന് വിരുദ്ധമായ ഒരു നിയമവ്യവസ്ഥയുമായിട്ടല്ല.

മാത്രമല്ല, ജൂതര്‍ക്ക് നിഷിദ്ധമായിരുന്ന ചില വസ്തുക്കളെ എളുപ്പമുണ്ടാക്കാനായി മിശിഹ അനുവദനീയമാക്കി കൊടുക്കയാണ് ചെയ്തത്. അദ്ദേഹം ജൂതരോട് യുദ്ധപ്രഖ്യാപനവും നടത്തിയില്ല. എന്നിട്ടും, അസൂയ മൂത്ത ജൂതര്‍ ഒന്നടങ്കം സത്യത്തിന് പുറംതിരിഞ്ഞ് നിന്നു!

എങ്കില്‍പിന്നെ, പൂര്‍വ ശരീഅത്തുകളെ മുഴുവന്‍ നസ്ഖ് (റദ്ദ്) ചെയ്തു കൊണ്ട്, ഏറെ പുതുമയുള്ള ശരീഅത്തുമായും, ശത്രുക്കളോടുള്ള ജിഹാദുമായും നിയോഗിതനായ മുഹമ്മദ് നബിയോടും ഇസ്ലാമിനോടും ജൂതരുടെ നിലപാട് ഊഹിക്കാവുന്നതേ ഉള്ളൂ.

സത്യത്തെ ധിക്കരിക്കുന്നതിന്റെ സ്വാഭാവിക പരിണിതിയാണ് കളവില്‍ സംതൃപ്തനാവുകയെന്നത്. ഹൃദയത്തില്‍ ശൂന്യത എന്ന ഒന്നില്ല, ഒന്നുകില്‍ ഈമാന്‍ അല്ലെങ്കില്‍ കുഫ്ര്‍.

ഇങ്ങനെ, മനുഷ്യമനശ്ശാസ്ത്രത്തിന്റെ വൈവിധ്യമാര്‍ന്ന ആഴങ്ങളിലേക്കും ഉള്ളറകളിലേക്കും ഇറങ്ങിച്ചെന്നാല്‍ ഇനിയും ധാരാളം ഉദാഹരണങ്ങള്‍ കാണാന്‍ സാധിച്ചേക്കും. വെളിച്ചം സ്വീകരിക്കാത്തവന്‍ ഇരുളടഞ്ഞ വീഥികളില്‍ വീണുപോവുക തന്നെ ചെയ്യും.

തൗഹീദ് സ്വീകരിക്കാത്തവന്‍ ശിര്‍ക്കിനെ പുണര്‍ന്നിരിക്കും. സത്യത്തെ ധിക്കരിക്കുന്നതിന്റെ സ്വാഭാവിക പരിണിതിയാണ് കളവില്‍ സംതൃപ്തനാവുകയെന്നത്. ഹൃദയത്തില്‍ ശൂന്യത എന്ന ഒന്നില്ല, ഒന്നുകില്‍ ഈമാന്‍ അല്ലെങ്കില്‍ കുഫ്ര്‍ എന്നതാണ് വാസ്തവം.

ഒരാള്‍ ആദ്യം നോക്കേണ്ടത് തന്നിലേക്ക് തന്നെയാണ്, തന്റെ മനസ്സകത്തേക്കാണ്; മതത്തിലേക്കും മസ്അലയിലേക്കും നിലപാടിലേക്കുമല്ല. മനസ്സ് ചീത്തയാണെങ്കില്‍ പിന്നെ മസ്അല നന്നായിട്ടെന്ത് കാര്യം. സത്യമതം ഇരുണ്ട മനസ്സിലേക്ക് കയറില്ല.

ഹൃദയത്തില്‍ അഹങ്കാരവും അസൂയയും ഭൗതിക സുഖാഢംബര തല്പരതയും അള്ളിപ്പിടിച്ചിട്ടുണ്ടെങ്കില്‍ അല്ലാഹുവിന്റെ മഹത്വവും അവന്റെ പരലോകശിക്ഷയെയും വേണ്ടവിധം മനസ്സില്‍ കൊണ്ടു വന്ന് അവിടെ അള്ളിപ്പിടിച്ചിരിക്കുന്ന വഴിമുടക്കികളെയെല്ലാം തുരത്തിയോടിക്കണം. എങ്കില്‍ മാത്രമേ ആ വഴിയിലേക്ക് വെളിച്ചം കടക്കൂ.

സത്യം അറിയണമെന്നും, അറിഞ്ഞാല്‍ അതുള്‍ക്കൊള്ളണമെന്നും ചിന്തിക്കുന്ന നിര്‍മല, വിശാല ഹൃദയത്തിലേക്ക് വെളിച്ചം കടന്നുവരും; അത് ഏത് ഇരുണ്ട കാലത്തും സ്ഥലത്തുമാണെങ്കിലും. ഇസ്ലാം പൂര്‍വ ജാഹിലിയ്യാ കാലത്ത് പോലും സല്‍മാനുല്‍ ഫാരിസിയും സൈദ് ബിന്‍ അംറു ബിന്‍ നുഫൈലുമൊക്കെ വെളിച്ചം കണ്ടവരാണ്.

എന്നാല്‍, പ്രകാശത്തിന്റെ പ്രളയം തന്നെ സംഭവിച്ചാല്‍ പോലും ഇടുങ്ങിയ ഹൃദയത്തിലേക്ക് വെളിച്ചം കടക്കില്ല. പുണ്യപ്രവാചകന്‍ കണ്‍മുമ്പിലുണ്ടായിരിക്കെ നശിച്ചുപോയ എത്രപേര്‍ മക്കയിലും മദീനയിലുമുണ്ടായിരുന്നു. സത്യം അമൂല്യമാണ്, അത്യപൂര്‍വമായ അനുഗ്രഹമാണ്. അതിനോട് താല്പര്യമില്ലാത്തവന്റെ കൂടെ അതൊരിക്കലും വരില്ല.


ഡോ. അബ്ദുന്നസ്വീര്‍ അല്‍മലൈബാരി ആറ് വര്‍ഷം കേരളത്തിലെ പള്ളി ദര്‍സിലും രണ്ട് വര്‍ഷം കാരന്തൂര്‍ മര്‍കസിലും പഠിച്ച ശേഷം ഈജിപ്തിലെ കെയ്‌റോ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് ഡിഗ്രിയും പിജിയും എം.ഫിലും പി.എച്.ഡി.യും കരസ്ഥമാക്കി. 2014 മുതല്‍ 2019 വരെ ഇന്തോനേഷ്യയിലെ ചിയാഞ്ചൂര്‍ ഇമാം ശാഫിഈ യൂണിവേഴ്‌സിറ്റിയില്‍ ലക്ചറര്‍. നിലവില്‍ ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ്യയില്‍ ഗസ്റ്റ് ലക്ചറര്‍. ആറ് രാജ്യങ്ങളില്‍ നിന്നായി അമ്പതോളം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു.