മനുഷ്യന് പുരോഗതിയുടെ കൊടുമുടികള്‍ കീഴടക്കിയപ്പോഴും ഭൗതികതയില്‍ പുരോഗതിയിലും മാനുഷികതയില്‍ അധോഗതിയിലും ആണോ?
മനുഷ്യന് ബുദ്ധികൊണ്ട് പല വിദ്യകളും കണ്ടെത്തി. പുരോഗതിയുടെ കൊടുമുടികള്‍ കീഴടക്കി. നാട്ടില്‍ മാത്രമല്ല, കാട്ടിലും കടലിലും ആധിപത്യം സ്ഥാപിച്ചു.
ആകാശത്ത് 'കാല് കുത്തി' ഭൂമിയെ അളക്കാന്‍ മാത്രം വളര്‍ന്നു. വിവര വിപ്ലവത്തിലൂടെ ലോകത്തെ വിരല്‍ത്തുമ്പിലേക്കൊതുക്കുന്നു. വേഗം കൂടി; ദൂരം കുറഞ്ഞു. അങ്ങനെ, ആകാശവും ഭൂമിയും തമ്മിലുള്ള അകലം കുറഞ്ഞു; വന്‍കരകളും രാജ്യങ്ങളും തമ്മിലും. പട്ടണങ്ങളും ഗ്രാമങ്ങളും തമ്മിലും ദൂരങ്ങളില്ലാതായി. അതേസമയം, മനുഷ്യനും മനുഷ്യനും തമ്മിലുള്ള അന്തരം കൂടുകയാണോ കുറയുകയാണോ ചെയ്തത്?
കൂടുകയാണ് ചെയ്തത് എന്നുത്തരം. അതിനര്‍ഥം, മനുഷ്യന്‍ ഭൗതികതയില്‍ പുരോഗതിയിലും മാനുഷികതയില്‍ അധോഗതിയിലും ആണ് എന്നാണ്. മനുഷ്യ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ഈ അധോഗതിയുടെ അടയാളങ്ങള്‍ പ്രകടനം നടത്തുന്നുണ്ട്. ഭൗതിക വളര്‍ച്ചയുടെ ഓരോ കുതിപ്പും ധാര്‍മികത്തളര്‍ച്ചയുടെ കിതപ്പായിട്ടാണിന്ന് മാറിയിട്ടുള്ളത്.
എന്താണ് പരിഹാരം, എവിടെയാണ് പിഴക്കുന്നത്?
ഖോജാ കഥയിലെ പാഠം
നസറുദ്ദീന്‍ ഖോജയുമായി ബന്ധപ്പെട്ട ഒരു നാടോടിക്കഥയുണ്ട്. ഒരു രാത്രിയില്‍ നസറുദ്ദീന്‍ ഖോജയുടെ താക്കോല്‍ നഷ്ടപ്പെട്ടു. ഖോജ തന്റെ വീടിന് പുറത്തിറങ്ങി, നഷ്ടപ്പെട്ട താക്കോല്‍ തെരയുകയാണ്. ഇത് കണ്ട അയല്‍ക്കാരന്‍ ചോദിച്ചു: നസറുദ്ദീന്‍, നിന്റെ താക്കോല്‍ എവിടെയാണ് നഷ്ടപ്പെട്ടത്?
നസറുദ്ദീന്‍: വീടിനുള്ളില്‍. അയല്‍ക്കാരന്‍ ആശ്ചര്യത്തോടെ: പിന്നെ നീ എന്തിനാണ് ഇവിടെ പുറത്ത് തെരയുന്നത്? നസറുദ്ദീന്‍: കാരണം, ഇവിടെ തെരുവു വിളക്കിന്റെ വെളിച്ചമുണ്ട്. വീടിനുള്ളില്‍ ഇരുട്ടാണ്, അവിടെ ഒന്നും കാണാന്‍ കഴിയില്ല.
അകത്ത് നഷ്ടപ്പെട്ട താക്കോല്‍ പുറത്ത് തെരയുന്നു! മനുഷ്യന് പിഴയ്ക്കുന്നത് ഇവിടെയാണ്. ഈ അബദ്ധമാണ് പൊതുവില്‍ മനുഷ്യന്‍ ചെയ്തുവരുന്നത്. അകത്ത് വെളിച്ചം കത്തിച്ചാണ് നഷ്ടപ്പെട്ട താക്കോല്‍ തെരയേണ്ടത്; പുറത്തെ വെളിച്ചത്തിലല്ല.
വിശുദ്ധ ഖുര്‍ആന്‍ 22ാം അധ്യായം 46ാം വാക്യത്തില്‍ ഇങ്ങനെ പറയുന്നു: 'സത്യത്തില്‍ അന്ധത ബാധിക്കുന്നത് കണ്ണുകളെയല്ല, നെഞ്ചകങ്ങളിലെ മനസ്സുകളെയാണ്.''
മനുഷ്യന് അന്ധത ബാധിച്ചിരിക്കുന്നത് പുറത്തുള്ള കണ്ണുകള്‍ക്കല്ല; അകത്തുള്ള ഹൃദയങ്ങള്‍ക്കാണ്. മനുഷ്യന്‍ യഥാര്‍ഥ മനുഷ്യനാവാന്‍ കാഴ്ച്ച വേണ്ടത് ഹൃദയത്തിനാണ്. അതിനായി ഹൃദയത്തിനകത്താണ് വെളിച്ചം കത്തിക്കേണ്ടത്.
നഷ്ടപ്പെട്ട മൂല്യങ്ങളെ തിരയേണ്ടതും ഹൃദയത്തിനകത്താണ്; പുറത്തല്ല. അതിനാല്‍ ആരാണ് മനുഷ്യന്‍ എന്നറിയണം. പുറം മാത്രം അറിഞ്ഞാല്‍ പോര; ഉള്ളും അറിയണം.
ആരാണ് മനുഷ്യന്‍?
മനുഷ്യന്‍ മനുഷ്യനെ നോക്കിക്കാണുന്നത് പലവിധത്തിലാണ്. മനുഷ്യന്‍ ആരാണെന്ന്, പിഴച്ച് പഠിച്ചാല്‍, പഠിപ്പിക്കുന്നത് പിഴയ്ക്കും. പഠിപ്പിക്കുന്നത് പിഴച്ചാല്‍, പഠിക്കുന്നത് പിഴയ്ക്കും.
പഠിക്കുന്നത് പിഴച്ചാല്‍, പയറ്റുന്നത് പിഴയ്ക്കും. പയറ്റുന്നത് പിഴച്ചാല്‍ ജീവിതം തന്നെ പിഴയ്ക്കും. കാരണം, പഠിച്ചത് പയറ്റുന്നവനാണ് മനുഷ്യന്‍. 'ജ്ഞാനത്തെ ജീവിതത്തിന്റെ താളത്തില്‍ ചേര്‍ക്കുന്നവനാണ് മനുഷ്യന്‍' എന്ന ആപ്തവാക്യം പറഞ്ഞുതരുന്നതും അതാണ്.
പുരോഗമിച്ച ജന്തു?
'വാല് പോയ ജന്തുവാണ് മനുഷ്യന്‍' എന്നത് ഭൗതികവാദ പ്രകാരം മനുഷ്യനെക്കുറിച്ചുള്ള കാഴ്ച്ചപ്പാടാണ്. ആ വീക്ഷണമനുസരിച്ച് പുരോഗമിച്ച ജന്തു മാത്രമാണ് മനുഷ്യന്‍. ജന്തുക്കള്‍ക്കിടയില്‍ പ്രവാചകന്മാരോ വേദങ്ങളോ ഇല്ല. ആ ഗണത്തില്‍പ്പെട്ട മനുഷ്യര്‍ക്കും അതിന്റെയൊന്നും ആവശ്യമില്ല.
ആത്മാവ്, ആത്മ സംസ്‌കരണം പോലെയുള്ളവക്കൊന്നും മനുഷ്യജീവിതത്തില്‍ ഒരു പ്രസക്തിയുമില്ല. ഇതാണ് നവ-ലിബറല്‍ യുക്തിവാദവും വ്യക്തിവാദവുമൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത്.
ധാര്‍മികത സഹജമോ?
മനുഷ്യന്‍ ജന്തുവായതിനാല്‍ മനുഷ്യനിലെ ധാര്‍മികത സഹജമാണ്. ജന്തുക്കളിലും അങ്ങനെയാണ്. അതിനാല്‍, പ്രകൃത്യാതീതമായ വഴിക്കുള്ള അറിവ് മനുഷ്യന് ആവശ്യമില്ല; പക്ഷിമൃഗാദികള്‍ക്ക് ആവശ്യമില്ലാത്തത് പോലെ. പ്രവാചകന്മാര്‍, വേദങ്ങള്‍ പോലെയുള്ളതെല്ലാം അന്ധവിശ്വാസങ്ങള്‍ മാത്രമാണ്. നവനാസ്തി - ഭൗതികവാദ വീക്ഷണമാണിത്.
എങ്കില്‍ എന്തിന് സംവാദങ്ങള്‍?
മനുഷ്യനിലെ ധാര്‍മികത പക്ഷിമൃഗാദികളിലേതു പോലെ സഹജമാണെങ്കില്‍ പിന്നെന്തിനാണ് സംവാദങ്ങള്‍? ജനിച്ച പ്രകാരം ജീവിച്ചാല്‍ പോരേ? പക്ഷിമൃഗാദികള്‍ അങ്ങനെയാണല്ലോ. കാരണം, അവയുടെ ധര്‍മം പ്രകൃതിപരമാണ്. അതുകൊണ്ടുതന്നെ, ശരി തെറ്റുകളും ധര്‍മാധര്‍മങ്ങളുമറിയാന്‍ കോഴികളോ കഴുതകളോ സംവാദങ്ങള്‍ നടത്താറില്ല. അവയെല്ലാം ജനിച്ചപടി ജീവിക്കുകയാണ്.
ഒരു കോഴിയെ കോഴിയായി ജീവിക്കേണ്ടത് എങ്ങനെ എന്ന് ആരും പഠിപ്പിക്കേണ്ടതില്ല. ഏത് കഴുതക്കുമറിയാം കഴുതയായി എങ്ങനെ ജീവിക്കണമെന്ന്. എന്നാല്‍, മനുഷ്യന്റെ കാര്യം അങ്ങനെയല്ല. മനുഷ്യനെ യഥാര്‍ഥ മനുഷ്യനായി ജീവിക്കാന്‍ പഠിപ്പിക്കണം. അതിനുള്ള 'ശരിയായ അറിവ്' നല്‍കണം. കാരണം, അറിവാണ് മനുഷ്യനെ നയിക്കുന്നത്.
അറിവില്‍ പക്ഷേ ശരി തെറ്റുകളുണ്ട്. ശരിയിലേക്ക് നയിക്കുന്നതാണ് ശരിയായ അറിവ്; തെറ്റിലേക്ക് നയിക്കുന്നത് തെറ്റായ അറിവാണ്. അത് മനസ്സിലാവുക തിരിച്ചറിവിലൂടെയാണ്. അതാണ് മനുഷ്യനെ യഥാര്‍ഥ മനുഷ്യനാക്കുന്നത്.
വിശുദ്ധ ഖുര്‍ആന്‍ 39ാം അധ്യായം ഒമ്പതാം വാക്യത്തില്‍ ഇങ്ങനെ ചോദിക്കുന്നുണ്ട്: 'അറിവുള്ളവരും ഇല്ലാത്തവരും ഒരുപോലെയാണോ? വിചാരശീലര്‍ മാത്രമേ ആലോചിച്ചറിയുന്നുള്ളൂ.''
കാഴ്ചയിലൂടെ ഉണ്ടാവുന്ന അറിവും ഉള്‍ക്കാഴ്ച്ചയിലൂടെ ഉണ്ടാവുന്ന അറിവും ഒരുപോലെയല്ല. ആലോചിച്ചറിയുന്നത് തിരിച്ചറിവാണ്. അതാണ് ഉള്‍ക്കാഴ്ചക്കടിസ്ഥാനം. വിചാരശേഷിയാണ് മനുഷ്യനെ അതിലേക്ക് നയിക്കുന്നത്. ആ കാര്യമാണ് ഖുര്‍ആന്‍ ഇവിടെ സൂചിപ്പിക്കുന്നത്. മനുഷ്യനെ പക്ഷിമൃഗാദികളില്‍ നിന്ന് വേര്‍ത്തിരിക്കുന്ന മുഖ്യ ഘടകം കൂടിയാണിത്.
കൗതുകകരം
ധാര്‍മികത സഹജമാണെന്ന് പറയുന്നവരാണ്, മനുഷ്യരെ 'ശരി' പഠിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ സംവാദങ്ങള്‍ നടത്തുന്നത്. ഇതൊരു കൗതുകം മാത്രമല്ല, വൈരുധ്യം കൂടിയാണ്.
എന്തുകൊണ്ടാണ് മനുഷ്യര്‍ക്കിടയില്‍ സംവാദങ്ങള്‍ വേണ്ടിവരുന്നത്? മനുഷ്യന്‍ ധാര്‍മികന്‍ മാത്രമല്ല, അധാര്‍മികന്‍ കൂടിയാണ് എന്നതാണതിനു കാരണം. ശരി മാത്രമല്ല തെറ്റും ചെയ്യാന്‍ കഴിയുന്നവനാണ് മനുഷ്യന്‍. മനുഷ്യനിലെ ധര്‍മാധര്‍മബോധമാണ് അതിലേക്ക് നയിക്കുന്നത്.
മനുഷ്യനിലെ ധാര്‍മികത പക്ഷിമൃഗാദികളിലേതു പോലെ സഹജമാണെങ്കില്‍ പിന്നെന്തിനാണ് സംവാദങ്ങള്‍? ജനിച്ച പ്രകാരം ജീവിച്ചാല്‍ പോരേ?
മനുഷ്യന്റെ ഈ പ്രകൃതത്തെ അവതരിപ്പിക്കുന്ന ഒരു ഉദാഹരണം: 'സ്വാതന്ത്ര്യം' പ്രഖ്യാപിച്ച് വീട് വിട്ടിറങ്ങി ഇരുപതുകാരി. കാമുകനെത്തേടി ഇറങ്ങിയതാണ്. വഴിക്ക് വച്ച് ഒരു തെരുവ് പട്ടി അവളെ അക്രമിച്ചു. ഏതോ ഒരു മനുഷ്യന്‍ ഇത് കണ്ടു. അയാള്‍ പട്ടിയെ എതിരിട്ട് കീഴ്‌പ്പെടുത്തി അവളെ രക്ഷപ്പെടുത്തി.
കൊണ്ടുപോകുന്ന വഴിക്കുവച്ച്, അയാള്‍ ആ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നുകളഞ്ഞു! ആ മനുഷ്യന് ആ പെണ്‍കുട്ടിയെ രക്ഷപ്പെടുത്താതിരിക്കാം, എന്നിട്ടും രക്ഷപ്പെടുത്തി. കൊല്ലാതിരിക്കാം, എന്നിട്ടും കൊന്നു. ഇതാണ് മനുഷ്യന്‍.
അതുകൊണ്ടുതന്നെ ശരിയും തെറ്റും, നന്മയും തിന്മയും, ധര്‍മവും അധര്‍മവുമെല്ലാം ചെയ്യാന്‍ മനുഷ്യന് സാധ്യമാണ്. മനുഷ്യനെ സൃഷ്ടിച്ച ദൈവം വിശുദ്ധ ഖുര്‍ആനിലൂടെ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ യാഥാര്‍ഥ്യത്തെ നിരാകരിച്ചു കൊണ്ട് മനുഷ്യനെ പഠിപ്പിച്ചാല്‍ അബദ്ധങ്ങള്‍ സംഭവിക്കും.
പഠിച്ചത് തെറ്റിയാല്‍, പയറ്റുന്നതും തെറ്റും. അങ്ങനെ, ജീവിതം താളം തെറ്റും. മനുഷ്യ നാഗരികത തകര്‍ന്നടിയും. മനുഷ്യന്‍ മനുഷ്യനല്ലാതായി മാറും. അതാണ് ഭൗതിക-നാസ്തിക കാഴ്ച്ചപ്പാടുകള്‍ ഇന്നു ചെയ്തുകൊണ്ടിരിക്കുന്നത്.
വിളയും കളയും
കൃഷിഭൂമിയില്‍ വിള മാത്രമല്ല കളയും വളരും. ആത്മാവാകുന്ന കൃഷിഭൂമിയിലും അങ്ങനെത്തന്നെ. ധര്‍മമാകുന്ന വിളയും അധര്‍മമാകുന്ന കളയും വളരും. എന്നിരിക്കെ, വിള മാത്രമാണ് കൃഷിഭൂമിയില്‍ വളരുക എന്ന് ധരിച്ച് കള പറിക്കാതിരുന്നാലോ? കള വളരും, വിള തളരും. ഇതാണ് പ്രകൃതി തരുന്ന പാഠം.
മനുഷ്യാത്മാവില്‍ ധാരാളം മോഹങ്ങളുമുണ്ട്. മോഹങ്ങളില്‍ വിളയും കളയുമുണ്ട്; നല്ലതും ചീത്തയുമുണ്ട്. ധര്‍മബോധം നല്ല മോഹങ്ങളെ തേടിയാണ് പോവുക. എന്നാല്‍, അധര്‍മബോധം ചീത്ത മോഹങ്ങളെ തേടിപ്പോകും. സ്വാഭാവികമായും ധര്‍മബോധം മനുഷ്യനെ നന്മയിലേക്ക് നയിക്കും. അധര്‍മബോധം തിന്മയിലേക്കും നയിക്കും.
ഇങ്ങനെയുള്ള മനുഷ്യനിലെ നന്മയിലേക്ക് നയിക്കുന്ന ധര്‍മബോധത്തെ വളര്‍ത്തണം. തിന്മയിലേക്ക് നയിക്കുന്ന അധര്‍മബോധത്തെ തളര്‍ത്തുകയും വേണം. ധര്‍മബോധത്തില്‍ നിന്നുണ്ടാകുന്ന ധാര്‍മികത ദൈവികവും, അധര്‍മബോധത്തില്‍ നിന്നുണ്ടാകുന്ന അധാര്‍മികത പൈശാചികവുമാണ്.
ദൈവിക ബോധത്തെ വളര്‍ത്തി പൈശാചിക ബോധത്തെ തളര്‍ത്താനുള്ളതാണ് വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും. ഉപദേശങ്ങളും ഉത്‌ബോധനങ്ങളുമെല്ലാം അതിന്റെ ഭാഗമാണ്. മനുഷ്യ പ്രകൃതം യഥാര്‍ഥ മനുഷ്യനാവാന്‍ തേടുന്ന കാര്യങ്ങളാണിതെല്ലാം. മനുഷ്യന് ശരീരം മാത്രമല്ല, ബുദ്ധിയും ആത്മാവുമുണ്ട്.
ശരീരത്തിന് ശരിയായ ഭക്ഷണവും വ്യായാമവും വേണം എന്നപോലെ, ബുദ്ധിക്ക് ശരിയായ പഠനവും ചിന്തയും വേണം. അത് തലച്ചോറുമായി ബന്ധപ്പെട്ട കാര്യമാണ്. അത് മനുഷ്യന്റെ ഭൗതിക വളര്‍ച്ചക്കാവശ്യമാണ്. എന്നാല്‍, ആത്മാവിനാവശ്യം ശരിയായ വിശ്വാസവും അനുഷ്ഠാനങ്ങളുമാണ്.
അതിന്റെ ബന്ധം ഹൃദയവുമായിട്ടാണ്. അത് മനുഷ്യന്റെ ധാര്‍മിക വളര്‍ച്ചക്കുള്ളതാണ്. അതുകൊണ്ടു തന്നെ, നഷ്ടപ്പെട്ട മാനുഷിക മൂല്യങ്ങളുടെ വീണ്ടെടുപ്പ് ഹൃദയ സംസ്‌കരണത്തിലൂടെയാണ് സാധ്യമാവുക; ബുദ്ധി വളര്‍ച്ചയിലൂടെയല്ല.
