ഇന്ന് മതത്തെ അംഗീകരിക്കാത്തവര്‍ സ്വയം അണിയുന്ന പേരാണ് സൂഫി. സുഹ്ദ് അഥവാ ലൗകികവിരക്തി തീരെയില്ലാത്തവരാണ് പുതിയ സൂഫീ വേഷ ധാരികള്‍.
കേരളത്തിലെ മുസ്‌ലിം സമുദായത്തിനകത്ത് ആന്തരികഛിദ്രത സജീവമാക്കാനുള്ള ശ്രമങ്ങളില്‍ ഒടുവിലത്തേതാണ് കോഴിക്കോടിന്റെ പരിസരങ്ങളില്‍ മുളച്ചുപൊങ്ങുന്ന സൂഫി പഠനപരിപാടികള്‍. കേരളത്തില്‍ സൂഫിസം അപരിചിതമായ ആശയമല്ല. ഹൈദരാബാദില്‍നിന്നുള്ള നൂരിശാ ത്വരീഖത്ത് പോലുള്ളവ കേരളത്തില്‍ ഏറെക്കാലമായി പ്രവര്‍ത്തിക്കുന്നുണ്ട്.
ലൗകികവിരക്തി പ്രകടിപ്പിച്ച് (സുഹ്ദ്) ജീവിക്കുന്ന മതപണ്ഡിതന്മാരെയും വ്യക്തികളെയും കേരളത്തില്‍ സുന്നി വിഭാഗം സൂഫികള്‍ എന്നു വിളിക്കാറുണ്ട്. ഏതെങ്കിലും ത്വരീഖത്തിന്റെ ഭാഗമാവുകയും 'ഖലീഫ' എന്ന് വിശേഷിപ്പിക്കുന്ന ആത്മീയഗുരുവിനെ പിന്തുടരുകയും ചെയ്യുന്നവരാണ് പൊതുവെ കേരളത്തിലെ ത്വരീഖത്തുകാര്‍.
കേരളത്തിലെ മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി, തബ്‌ലീഗ് ജമാഅത്ത് തുടങ്ങിയ സംഘങ്ങള്‍ ത്വരീഖത്തുകളെ അംഗീകരിക്കാറില്ല. അവ ഇസ്‌ലാമിക വിരുദ്ധമാണ് എന്നതാണ് അതിന്റെ കാരണം. അതേസമയം, സമസ്ത വിഭാഗങ്ങള്‍ ത്വരീഖത്തുകളെ അംഗീകരിക്കുമെങ്കിലും അത് ഇസ്‌ലാമിക ശരീഅത്തിന് വിരുദ്ധമാകരുതെന്നാണ് അവരുടെ നിലപാട്.
അതിനാല്‍ സമീപകാലത്ത് പൊട്ടിമുളയ്ക്കുന്ന ത്വരീഖത്തുകളില്‍ മിക്കതിനെയും സമസ്ത സുന്നി വിഭാഗങ്ങള്‍ അംഗീകരിക്കാറില്ല. സമസ്ത അംഗീകരിക്കുന്ന ത്വരീഖത്തുകള്‍ എത്രത്തോളം ശരീഅത്തിന് അനുസൃതമാണ് എന്നത് മറ്റൊരു വിഷയമാണ്.
ഇപ്പോള്‍ ഉയര്‍ന്നുവരുന്ന സൂഫിസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അത് മതത്തിന്റെ പരിസരത്തുനിന്ന് ഏറെ അകലെയാണ് എന്നതാണ്. 2005-ല്‍ അമേരിക്കയിലെ ന്യൂയോര്‍ക്കിലെ സെന്റ് ജോര്‍ജ് കത്തീഡ്രലിന്റെ സിനഡ് ഹൗസിലാണ് ആമിനാ വദൂദ് 'ജെന്‍ഡര്‍ ജുമുഅ'യ്ക്ക് നേതൃത്വം നല്‍കിയത്.
13 വര്‍ഷങ്ങള്‍ക്കുശേഷം മലപ്പുറം ജില്ലയിലെ ചെറുകോട് വെച്ചു ചേകന്നൂര്‍ മൗലവിയുടെ അനുയായികളുടെ പള്ളിയില്‍ ജാമിദ ടീച്ചര്‍ ജുമുഅയ്ക്ക് നേതൃത്വം നല്‍കിയപ്പോള്‍ അത് ചരിത്രപരമായ സംഭവമായി പലരും വിലയിരുത്തി.
കേരളത്തിലെ യുക്തിവാദി സംഘത്തിന്റെ അജണ്ട അനുസരിച്ചാണ് ജാമിദ ടീച്ചര്‍ ചേകന്നൂര്‍ പള്ളിയില്‍ ജുമുഅയ്ക്ക് നേതൃത്വം നല്‍കിയത്. യുക്തിവാദി സംഘടനകളിലേക്ക് പോകുന്നതിന് മുമ്പുള്ള ശ്രദ്ധക്ഷണിക്കല്‍ നടപടിയായിരുന്നു അത്.
യുക്തിവാദി സംഘടനകള്‍ ഇപ്പോള്‍ സൂഫിസത്തെ സ്‌പോണ്‍സര്‍ ചെയ്യുന്ന തിരക്കിലാണ്. ഇസ്‌ലാം മതത്തിന്റെ അകംപൊരുള്‍ നഷ്ടപ്പെട്ട സി എച്ച് മുസ്തഫ, യുക്തിവാദി രവിചന്ദ്രന്റെ അനുയായി ലിയാഖത്തലി തുടങ്ങിയവര്‍ സൂഫി പരിപാടിയെ പിന്തുണയ്ക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്.
ഇസ്‌ലാമിന്റെ അടിസ്ഥാനശിലയായ കലിമത്തു തൗഹീദ്, നമസ്‌കാരം, നോമ്പ്, സകാത്ത് എന്നിവ അനുഷ്ഠിക്കാത്തവര്‍ 'സൂഫി'യെന്ന ലേബലില്‍ മതവിരുദ്ധത പ്രചരിപ്പിക്കുകയാണ്. ഇസ്‌ലാം വിശ്വാസവും അനുഷ്ഠാനവും സാമൂഹികബാധ്യതകളും ചേര്‍ന്നതാണ്.
വിശ്വാസത്തിനോ അനുഷ്ഠാനങ്ങള്‍ക്കോ സാമൂഹികബാധ്യതകള്‍ക്കോ പ്രാധാന്യം നല്‍കാതെ സംഗീതവും നൃത്തവും മാത്രമായ ആത്മീയരാഹിത്യത്തെ സൂഫിസമെന്ന പേര് നല്‍കി ആഘോഷിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. തസ്വവ്വുഫിനെ അംഗീകരിക്കുന്നവരെയാണ് മുന്‍കാലങ്ങളില്‍ മലയാളികള്‍ സൂഫിയെന്ന് വിശേഷിപ്പിച്ചിരുന്നത്.
ഇന്ന് മതത്തെ അംഗീകരിക്കാത്തവര്‍ സ്വയം എടുത്തണിയുന്ന പേരാണ് സൂഫി. സൂഫികളുടെ അടിസ്ഥാനമായി മുന്‍കാലങ്ങളില്‍ വിശദീകരിക്കപ്പെട്ടിരുന്ന സുഹ്ദ് അഥവാ ലൗകികവിരക്തി തീരെയില്ലാത്തവരാണ് പുതിയ സൂഫീ വേഷം അണിയുന്നവര്‍.
അവര്‍ രാവൊന്നിന് കാല്‍ലക്ഷം രൂപ പ്രതിഫലം വാങ്ങി റൂമി നൈറ്റുകള്‍ സംഘടിപ്പിക്കുന്നു. വലിയ ഫീസ് വാങ്ങി വ്യക്തിത്വവികസന പരിപാടികള്‍ സംഘടിപ്പിക്കുന്നു. സൂഫിസത്തെ വില്‍ക്കുന്ന പല സംഘങ്ങളും ഇന്ന് നമ്മുടെ നാട്ടിലുണ്ട്.
'സമകാലിക മലയാളം' വാരികയുടെ ഒക്ടോബര്‍-5 ലക്കത്തില്‍ 'മതയാഥാസ്ഥിതികരെ പ്രകോപിപ്പിക്കുന്നത് ഇസ്‌ലാമിന്റെ സ്‌നേഹദര്‍ശനം' എന്ന തലക്കെട്ടില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇസ്‌ലാം സമം ഇഷ്ഖ് എന്നൊരു വാദം ഇതിലൂടെ ഉന്നയിക്കാന്‍ ശ്രമിക്കുന്നു.
മലയാളികളുടെ ഇസ്‌ലാം വരണ്ടതാണ്, ഞങ്ങളിവിടെ തണുപ്പും നനവുമുള്ള ഇസ്‌ലാം വളര്‍ത്താന്‍ ശ്രമിക്കുന്നു എന്നാണ് ന്യായം. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന് കലയും സാഹിത്യവുമില്ല എന്ന പെരുംനുണയും അതിനിടയില്‍ ലേഖകന്‍ ഉന്നയിക്കുന്നുണ്ട്.
മാത്രമല്ല, ഈജിപ്തിലെ വിശ്വപ്രസിദ്ധനായ പരിഷ്‌കര്‍ത്താവ് മുഹമ്മദ് അബ്ദുവിന്റെ ശിഷ്യനായ മൗലാനാ അബുസ്സബാഹ് മൗലവി സൂഫിയായിരുന്നു എന്ന തരത്തില്‍ ചരിത്രവിരുദ്ധമായ നിലപാടും ഇതിനിടയില്‍ പ്രചരിപ്പിക്കുന്നു.
അബുസ്സബാഹ്; ഇസ്‌ലാഹി മുന്നേറ്റത്തിന്റെ ഗുരുനാഥന്‍
1971 സപ്തംബര്‍ 9ന് മൗലാനാ അബുസ്സബാഹ് അഹ്മദ് അലി വിടവാങ്ങി. ആശുപത്രിയിലേക്കുള്ള അവസാന യാത്രയിലും അബുസ്സബാഹ് തുര്‍ക്കിത്തൊപ്പി തലയില്‍ ധരിച്ചിരുന്നു. തുര്‍ക്കിത്തൊപ്പി മതപരം എന്നതിലുപരി രാഷ്ട്രീയ ചിഹ്നമായിരുന്നു.
മൗലാനാ ഷൗക്കത്തലി, മൗലാനാ മുഹമ്മദലി ജൗഹര്‍, ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് എന്നിവരെല്ലാം തുര്‍ക്കിത്തൊപ്പി ധരിച്ചു. മൗലാനാ അബുസ്സബാഹിന്റെ ക്ലാസിലിരിക്കുന്ന ശിഷ്യന്മാരും തുര്‍ക്കിത്തൊപ്പി ധരിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ആ തൊപ്പി ഖിലാഫത്തിന്റെ ചരിത്രപരമായ അടയാളമാണ്.
ഈജിപ്തില്‍ നിന്നാണ് ഇസ്‌ലാഹി നവോത്ഥാന ആശയങ്ങള്‍ കേരളത്തിലെത്തുന്നത്. മൗലാനാ അബുസ്സബാഹ് കേരളത്തില്‍ നിന്ന് ഈജിപ്തിലെത്തി നവോത്ഥാനത്തെ നേര്‍ക്കുനേര്‍ സ്വാംശീകരിച്ച വ്യക്തിത്വമാണ്. റശീദ് രിദ, മുഹമ്മദ് അബ്ദു എന്നീ പരിഷ്‌കര്‍ത്താക്കളോടും മൗലാനാ മുഹമ്മദലി, അല്ലാമാ ഇഖ്ബാല്‍ എന്നീ നേതാക്കളോടും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ മഹാനാണ് അബുസ്സബാഹ്.
ഐതിഹാസികമായ ആ ജീവിതത്തെക്കുറിച്ച് അബുസ്സബാഹിന്റെ ശിഷ്യനും ജീവചരിത്രകാരനും പതിനാല് വര്‍ഷം അബുസ്സബാഹിനെ അടുത്തുനിന്നറിഞ്ഞ വ്യക്തിയുമായ പി മുഹമ്മദ് കുട്ടശ്ശേരി മൗലവി എഴുതുന്നു:
'പത്ത് വര്‍ഷത്തെ സംഭവബഹുലമായ അല്‍ അസ്ഹര്‍ ജീവിതം അവസാനിക്കുകയാണ്. മുസ്‌ലിം നവോത്ഥാന ചിന്തയുടെ പ്രഭവകേന്ദ്രമായിരുന്നു അന്ന് അല്‍ അസ്ഹര്‍. വിപ്ലവാശയങ്ങളുടെ വക്താവും മുഫ്തിയുമായിരുന്ന മുഹമ്മദ് അബ്ദു അല്‍അസ്ഹറില്‍ അധ്യാപകനായിരിക്കെ നൂതന ചിന്തയുടെ സ്ഫുരണങ്ങള്‍ വിദ്യാര്‍ഥികളിലും അധ്യാപകരിലും ഭരണാധികാരികളിലുമെല്ലാം പുത്തനുണര്‍വ് സൃഷ്ടിച്ചിരുന്നു.
അനുദിനം വളരുന്ന കാലത്തിന്റെ തുടിപ്പുകള്‍ ഉള്‍ക്കൊണ്ട് മതതത്വങ്ങള്‍ക്ക് പുനര്‍വായന നടത്തുന്ന ആധുനിക പണ്ഡിതന്‍ അബുസ്സബാഹില്‍ വളര്‍ത്തപ്പെട്ടു കഴിഞ്ഞിരുന്നു. അല്‍ അസ്ഹറിലെ കോഴ്‌സ് അവസാനിച്ചു. ഇനിയെന്ത്? ഈജിപ്തില്‍ വക്കീല്‍ ജോലിയാണ് മനസ്സില്‍ ആദ്യമായി ഉദിച്ചുവന്ന ആശയം.
അപ്പോഴേക്കും മൗലാന മുഹമ്മദലി നല്‍കിയ ഉപദേശം ഓര്‍മയില്‍ വന്നു. ഇവിടെ എത്രയോ പണ്ഡിതന്മാരുണ്ട്. പഠനം കഴിഞ്ഞാല്‍ ഇന്ത്യയിലേക്ക് തിരിച്ചുപോകണം. നിങ്ങളെ പോലുള്ളവരുടെ സേവനമാണ് ഇന്ത്യയ്ക്ക് ആവശ്യം.
തന്റെ ദൗത്യം ജോലിയല്ല, സേവനമാണ് എന്ന ചിന്ത അദ്ദേഹത്തില്‍ ശക്തിപ്പെട്ടു. അല്‍ അസ്ഹറിലെ പണ്ഡിതന്മാരും സഹപാഠികളും അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കി. ഫലസ്തീനും ഇറാഖും ഇറാനും സന്ദര്‍ശിച്ച ശേഷം 1935ല്‍ ബസറയില്‍നിന്ന് അദ്ദേഹം കറാച്ചിയിലേക്ക് കപ്പല്‍ കയറി' (മൗലാനാ അബുസ്സബാഹ് അഹ്മദ് അലി, പി മുഹമ്മദ് കുട്ടശ്ശേരി, ഗ്രെയ്‌സ് ബുക്‌സ്).
വിഖ്യാത പണ്ഡിതന്‍ റശീദ് രിദയുമായി മൗലാനാ മുഹമ്മദലിക്കുള്ള വിയോജിപ്പ് സഊദി അറേബ്യയില്‍ ജനാധിപത്യം വേണമോ എന്നതിലായിരുന്നു. ആ തര്‍ക്കത്തില്‍ ജനാധിപത്യം വേണമെന്ന മൗലാനാ മുഹമ്മദലിയുടെ അഭിപ്രായത്തിലായിരുന്നു അബുസ്സബാഹ് മൗലവി.
അബുസ്സബാഹ് മൗലവി രാഷ്ട്രീയമായി മുസ്‌ലിം ലീഗുകാരനായിരുന്നു എന്ന് ജീവചരിത്രത്തില്‍ മുഹമ്മദ് കുട്ടശ്ശേരി വിശദീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഇന്ത്യയിലെ കറാച്ചിയില്‍ മടങ്ങിയെത്തിയ അബുസ്സബാഹ് മൗലവി 1941-ലാണ് മലബാറിലെ ആനക്കയത്ത് താമസമാക്കുന്നത്.
1942-ലാണ് റൗദത്തുല്‍ ഉലൂം അറബിക് കോളെജിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. 1935-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയശേഷം ലാഹോര്‍ ഹിമായത്തുല്‍ ഇസ്‌ലാം കോളജില്‍ അധ്യാപകനായി. മദ്രാസ് ജമാലിയ കോളജ്, ബിഹാറിലെ അറബിക് കോളജ് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു.
ആനക്കയത്തേക്ക് വരുന്നതിനുമുമ്പ് ഏതാനും നാളുകള്‍ അബുസ്സബാഹ് ഗൂഡല്ലൂര്‍, ഗുണ്ടല്‍പേട്ട് ഭാഗത്തെ ഗുഹയില്‍ ഏകാന്തവാസം നടത്തിയിട്ടുണ്ട്. അവിടെനിന്നാണ് കുഞ്ഞാലിക്കുട്ടി ഹാജി അബുസ്സബാഹിനെ കണ്ടുമുട്ടുന്നത്. അതൊരു യാഥാര്‍ഥ്യമാണ്. അതിനര്‍ഥം അബുസ്സബാഹ് സൂഫിയായിരുന്നു എന്നല്ല.
തുടര്‍ന്ന് 30 വര്‍ഷം അദ്ദേഹം വിദ്യാഭ്യാസ പ്രവര്‍ത്തനവുമായി ജീവിച്ചിട്ടുണ്ട്. അന്നും അദ്ദേഹത്തില്‍ ഇസ്‌ലാഹി ആദര്‍ശമാണ് ഉണ്ടായിരുന്നത്. മഞ്ചേരിയില്‍ റൗദത്തുല്‍ ഉലൂം അസോസിയേഷന്‍ രൂപം നല്‍കുമ്പോള്‍ കെ എം സീതി സാഹിബ്, കെ എം മൗലവി തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
കെ എം സീതി സാഹിബും മൗലവിയും മൗലാനാ മുഹമ്മദലിയുടെ അനുയായികളായിരുന്നു; അബുസ്സബാഹും അദ്ദേഹത്തെ പിന്തുടര്‍ന്നു. അവരെല്ലാം മുഹമ്മദ് അബ്ദുവില്‍ ആകൃഷ്ടരായവരായിരുന്നു. ചരിത്രം അങ്ങനെയായിരിക്കെ അബുസ്സബാഹിനെ സൂഫിയായി ചിത്രീകരിക്കുന്നത് ആശയപരമായ സത്യസന്ധതയില്ലായ്മയാണ്.
ആനക്കയത്ത് താമസമാക്കിയ അബുസ്സബാഹ് മൗലവി എഴുതിയ 'നമസ്‌കാരം' എന്ന പുസ്തകം അച്ചടിച്ച് വിതരണം ചെയ്യാനുള്ള അനുമതി ചോദിച്ച് കോഴിക്കോട്ടുനിന്ന് എം കുഞ്ഞോയി വൈദ്യര്‍ ആനക്കയത്തെത്തിയ ചരിത്രമുണ്ട്. മുജാഹിദ് പ്രവര്‍ത്തകനായ കുഞ്ഞോയി വൈദ്യര്‍ക്ക് അച്ചടിച്ച് വിതരണം ചെയ്യാന്‍ പാകത്തിലുള്ള പുസ്തകമായിരുന്നു അബുസ്സബാഹ് എഴുതിയിരുന്നത്.
റൗദത്തില്‍ അബുസ്സബാഹ് പഠിപ്പിച്ചിരുന്നത് ഖുര്‍ആനായിരുന്നു. സൂഫി കവിതകളോ അവരുടെ സാഹിത്യമോ അബുസ്സബാഹ് പഠിപ്പിച്ചതായി ചരിത്രത്തിലില്ല. അതിനാല്‍ തങ്ങളുടെ ആശയദാരിദ്ര്യം അബുസ്സബാഹിന് ഉണ്ടായിരുന്നുവെന്ന് ചാര്‍ത്തിക്കൊടുക്കാന്‍ ലെഫ്റ്റ് ലിബറല്‍ നവസൂഫി മുന്നണികള്‍ ശ്രമിക്കേണ്ടതില്ല.
അല്‍ കാതിബ് കെ എം മൗലവിയുടെ മരണശേഷം അബുസ്സബാഹ് അഹ്മദ് അലി മൗലവി എഴുതിയ അനുസ്മരണക്കുറിപ്പ് നിലപാടുകളെ കൃത്യമായി വിശദീകരിക്കുന്നുണ്ട്: 'മഹാനായ പണ്ഡിതനും നിഷ്‌കളങ്കഹൃദയനും ദൈവഭക്തനും സേവകനുമായ കെ എം മൗലവി സാഹിബിന്റെ വേര്‍പാടില്‍ ദുഃഖിക്കാത്തവരും അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിക്കാത്തവരുമായി ആരും ഉണ്ടാവുകയില്ല.
ഏകാന്തയാമങ്ങളില്‍ സുജൂദില്‍ വീണു വിതുമ്പിയ റസൂലിനെ അനുചരന്മാര്‍ കണ്ടു. ആ ഹിക്മത്ത് അറിഞ്ഞവര്‍ ചാണിനു ചാണായി ഒപ്പം നിന്നു.
എനിക്ക് അദ്ദേഹവുമായി 1942-ന് ശേഷമാണ് പരിചയപ്പെടാന്‍ ഭാഗ്യം ലഭിച്ചത്. മറ്റു പലരെയും പോലെ അദ്ദേഹവും ആദ്യം എന്നെപ്പറ്റി തെറ്റിദ്ധരിച്ചിരുന്നു. അദ്ദേഹത്തിന്റെ ശുദ്ധഗതിയും വിശാലഹൃദയവും കാരണം അത് അധികനാള്‍ നീണ്ടുനിന്നില്ല.
അതിനാല്‍ പിന്നീട് ഞങ്ങള്‍ വളരെ സ്‌നേഹത്തിലും അടുപ്പത്തിലുമായി. പരേതനും ഞാനും പലപ്പോഴും ഒത്തുചേര്‍ന്ന് ആശയവിനിമയം നടത്തുകയും പലരംഗങ്ങളിലും സഹകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം റൗദത്തുല്‍ ഉലൂം അസോസിയേഷനില്‍ അംഗമായിരുന്നു.' (കെ എം മൗലവി സ്മാരക ഗ്രന്ഥം).
കെ എം മൗലവിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നയാള്‍ ആണെന്ന് മൗലാനാ അബുസ്സബാഹ് അഹ്മദ് അലി എഴുതിവെച്ചിരിക്കെ, മൗലാനാ അബുസ്സബാഹ് ഇസ്‌ലാഹി വിരുദ്ധ പക്ഷത്തായിരുന്നു എന്നും സൂഫി ആയിരുന്നു എന്നും പുതിയ ഗവേഷണം നടത്തുന്നവര്‍ക്ക് സത്യത്തോട് അല്പം പോലും കൂറില്ല എന്ന കാര്യം വ്യക്തമാണ്.
സൂഫിസം സര്‍ഗാത്മകമോ?
കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ പാരമ്പര്യം മലയാളത്തിലെ മുസ്‌ലിം പ്രതിനിധാനത്തിന്റെ ചരിത്രമാണ്. വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയാണ് മലയാള പത്രപ്രവര്‍ത്തനത്തിന് ആക്ടിവിസത്തിന്റെയും ആധുനികതയുടെയും ഭാവുകത്വം സമ്മാനിച്ചത്.
മതബോധനരീതികളെ നവീകരിച്ചതും വികസിപ്പിച്ചതും മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയാണ്. ഇന്ത്യയില്‍ ആദ്യമായി ജനാധിപത്യ വ്യവസ്ഥയില്‍ മുസ്‌ലിംകള്‍ മത്സരിച്ചത് 1922-ലാണ്. കോട്ടാല്‍ ഉപ്പി സാഹിബ്, ടി എം മൊയ്തു സാഹിബ് എന്നീ ഐക്യസംഘം പ്രവര്‍ത്തകരായിരുന്നു ജനാധിപത്യപ്രക്രിയയില്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്.
മാപ്പിളകലകളുടെ പ്രചാരണത്തില്‍ സജീവ പങ്കുവഹിച്ച പുലിക്കോട്ടില്‍ ഹൈദര്‍, മഹാകവി ടി ഉബൈദ്, കെ കെ മുഹമ്മദ് അബ്ദുല്‍ കരീം തുടങ്ങി ഇസ്‌ലാഹി പ്രസ്ഥാന പ്രവര്‍ത്തകര്‍ നിരവധിയാണ്. ഇസ്‌ലാഹി പ്രസ്ഥാനം സാഹിത്യപ്രവര്‍ത്തക സഹകരണസംഘമോ പുരോഗമന കലാപ്രസ്ഥാനമോ ആയിരുന്നില്ല.
അതിന്റെ ലക്ഷ്യം മുസ്‌ലിം സമുദായത്തിന്റെ മതപരവും സാമൂഹികവുമായ വളര്‍ച്ചയായിരുന്നു. അതിന്റെ മുന്‍ഗണനാക്രമങ്ങള്‍ നിശ്ചയിച്ചത് സമുദായത്തിന്റെ ആവശ്യങ്ങളായിരുന്നു. റൂമിനൈറ്റുകളും സൂഫി ഖാന്‍ഖാഹുകളും സമുദായത്തെ മുന്നോട്ടു നയിക്കില്ലെന്ന അറിവ് ഇസ്‌ലാഹി പ്രസ്ഥാനത്തിന് ഉണ്ടായിരുന്നു.
അതിനാല്‍ കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ഭൂമിക വരണ്ടതായി ചിലര്‍ക്ക് തോന്നും. എസ്സെന്‍സ് വിലാസം യുക്തിവാദികളുടെയും ഇടതു ലിബറലുകളുടെയും സംഘ്പരിവാര്‍ മാധ്യമപ്രവര്‍ത്തകരുടെയും പിന്‍ബലത്തില്‍ സൂഫി സംഗീതപരിപാടികളും ക്യാമ്പുകളും സംഘടിപ്പിക്കുന്നവര്‍ക്ക് വെള്ളവും വേദിയും നല്‍കാനുള്ള 'സര്‍ഗാത്മകത' ഇസ്‌ലാഹി പ്രസ്ഥാനം ഒരു കാലത്തും കാണിക്കുകയില്ല.
സമുദായവിരുദ്ധരുടെയും അരാജകവാദികളുടെയും കൈയടികള്‍ക്ക് വേണ്ടിയല്ല ഇസ്‌ലാഹി പ്രസ്ഥാനം അതിന്റെ നിലപാട് രൂപീകരിക്കുന്നത്. മാധ്യമങ്ങളുടെ ലാളനയോ പുറത്തുനിന്നുള്ള ഏജന്‍സികളുടെ അംഗീകാരമോ ഇസ്‌ലാഹി പ്രസ്ഥാനത്തിന് ആവശ്യമില്ല.
കേരളത്തിലെ മുസ്‌ലിംകളുടെ വിശ്വാസാനുഷ്ഠാനങ്ങളുടെ സ്രോതസ്സ് വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയുമാണ്. മസ്‌നവിയോ റുബായിയാത്തോ മുസ്‌ലിംകളുടെ പ്രമാണങ്ങളല്ല. സൂഫി ചിന്ത പ്രവാചകന്‍ മുഹമ്മദ് നബിയില്‍നിന്ന് പുറപ്പെട്ടതല്ല.
ദേഹേച്ഛയില്‍ ഇലാഹിനെ തേടുന്ന ആത്മരതിയോ ഇഷ്ഖിന്റെ മിസ്മാര്‍ സിഹ്‌റില്‍ അഭിരമിക്കുന്ന 'അനല്‍ഹഖി'ന്റെ വായ്ത്താരിയോ ഇസ്‌ലാം ദീനല്ല. ഒരു സൂഫി ഗുരുവിനും മുഹമ്മദ് നബി നിഗൂഢ ജ്ഞാനം പകര്‍ന്നുനല്‍കിയിട്ടില്ല.
റൂമിയെ പ്രണയിക്കുന്നവര്‍ക്ക്, ദര്‍വേഷുകളെ ചുമക്കുന്നവര്‍ക്ക് അതാവാം. അതിന്റെ മേല്‍വിലാസം മുഹമ്മദ് നബിയുടെ പ്രകാശത്തിലേക്ക് ചേര്‍ത്തുവെക്കരുത്.
വിശ്വാസികളുടെ പ്രവാചകന്‍ നുബുവ്വത്തിനുശേഷം ഇരുപത്തിമൂന്ന് വര്‍ഷത്തെ ജീവിതത്തില്‍ പലായനമധ്യേ ഒളിച്ചുകഴിയാനല്ലാതെ ഗുഹാമുഖങ്ങള്‍ തേടിപ്പോയിട്ടില്ല. മസ്ജിദുന്നബവിയില്‍ വിര്‍ദുകള്‍ക്കൊത്ത് ആനന്ദനൃത്തമാടിയ പ്രവാചകനെ സ്വഹാബത്ത് കണ്ടിട്ടില്ല. സ്വഹാബത്ത് ആത്മീയാനന്ദത്തില്‍ നൃത്തം വെച്ചിട്ടില്ല.
നിശയുടെ ഏകാന്തയാമങ്ങളില്‍ സുജൂദില്‍ വീണു വിതുമ്പിയ റസൂലിനെ അനുചരന്മാര്‍ കണ്ടു. ആ ഹിക്മത്ത് അറിഞ്ഞവര്‍ ചാണിനു ചാണായി ഒപ്പം നിന്നു. അവരിലാണ് അഹ്‌ലുസ്സുഫ്ഫ ഉള്‍പ്പെടുന്നത്. ഒട്ടിയ വയറും നഗ്‌നപാദങ്ങളും കീറിയ ഉടയാടകളും ആത്മീയദാഹവും സ്വഹാബത്തിനെ മദീനാപള്ളിയുടെ ചായ്പ്പിലെത്തിച്ചു.
മജ്‌ലിസുകളില്‍ ദിക്‌റ് ചൊല്ലി ആടിയുലഞ്ഞു ആനന്ദിച്ച പ്രവാചകനെ ചരിത്രത്തിന് അറിയില്ല. അഹ്‌ലുസ്സുഫ്ഫയില്‍ സൂഫിയില്ലെന്ന് മുസ്‌ലിംകള്‍ക്കറിയാം. അതില്‍ അരാഷ്ട്രീയമായ ആട്ടങ്ങളില്ല. സൂഫിസം ഇസ്‌ലാമിക പരിസരത്തേക്ക് കടന്നുവന്ന അധിനിവേശമാണെന്ന് മുസ്‌ലിംകള്‍ക്കറിയാം.
ലിബറലിസത്തോട് സ്വീകരിച്ച അതേ വിട്ടുവീഴ്ചയില്ലാത്ത സമീപനം തന്നെയാണ് ഇസ്‌ലാഹി പ്രസ്ഥാനം സൂഫി കള്‍ട്ടുകളോടും സ്വീകരിക്കുന്നത്.
