തണലേകുന്ന കുടുംബം; പ്രവാചക മാതൃകകള്‍


ഭൂമിയില്‍ മനുഷ്യവാസം തുടങ്ങിയത് മുതല്‍ കുടുംബ സംവിധാനവും ആരംഭിച്ചിട്ടുണ്ട്. ആദിമ മനുഷ്യരായ ആദമും ഹവ്വയും കുടുംബമായാണ് ഭൂമിയില്‍ ജീവിച്ചത്.

ഭൂമിയില്‍ മനുഷ്യര്‍ക്കായി സംവിധാനിച്ച പവിത്രമായ ദൈവിക സ്ഥാപനമായാണ് ഇസ്ലാം കുടുംബത്തെ കാണുന്നത്. മനുഷ്യനില്‍ സംസ്‌കാരവും നാഗരികതയും പിറവിയെടുക്കുന്നതില്‍ കുടുംബ സംവിധാനത്തിന് അനല്പമായ പങ്കുണ്ട്. മനുഷ്യജീവിതത്തിന് സമാധാനവും സന്തോഷവും നല്‍കുന്ന വലിയ സാമൂഹിക ഘടനയാണ് കുടുംബം.

സമൂഹത്തിന്റെ വളര്‍ച്ചക്കും പുരോഗതിക്കും സുരക്ഷിതത്വത്തിനും കെട്ടുറപ്പുള്ള കുടുംബം അനിവാര്യമാണ്. സ്ത്രീക്കും പുരുഷനും കൂട്ടുത്തരവാദിത്തമുള്ള സമൂഹത്തിന്റെ അടിസ്ഥാന ഘടകമാണ് കുടുംബം. സാമൂഹിക ജീവിയായ മനുഷ്യന് ഒറ്റയ്ക്ക് ജീവിക്കുക സാധ്യമല്ല. മാതാപിതാക്കള്‍, ഇണകള്‍, മക്കള്‍, സഹോദരി -സഹോദരങ്ങള്‍ തുടങ്ങി വിപുലമായ ബന്ധങ്ങളുടെ കണ്ണികളാണ് ഓരോ മനുഷ്യന് ചുറ്റിലുമുള്ളത്. ഈ ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുവാന്‍ നിരവധി നിര്‍ദേശങ്ങള്‍ മതം മനുഷ്യന് നല്‍കുന്നുണ്ട്.

മനപ്പൊരുത്തമുള്ള ഇണകള്‍

വൈവാഹിക ജീവിതത്തിലൂടെയാണ് ഒരു കുടുംബം രൂപപ്പെടുന്നത്. സംതൃപ്തവും മാതൃകായോഗ്യവുമായ കുടുംബ ജീവിതത്തിനായി വൈവാഹിക വേളയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നബി(സ) നല്‍കുന്ന നിര്‍ദേശങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. ഇണകളെ തെരഞ്ഞെടുക്കുമ്പോള്‍ പണം, തറവാടിത്തം, സൗന്ദര്യം എന്നീ കാര്യങ്ങളെക്കാള്‍ പരിഗണന നല്‍കേണ്ടത് മതബോധത്തിനാണ്.

ദൈവിക ദൃഷ്ടാന്തത്തിന്റെ അടയാളമായി ഖുര്‍ആന്‍ സൂചിപ്പിച്ച വിവാഹം, മനുഷ്യര്‍ക്ക് പരസ്പരം സംതൃപ്തിയടയാനുള്ള മാര്‍ഗമായാണ് പടച്ചവന്‍ പരിചയപ്പെടുത്തുന്നത്. ഇണകള്‍ തമ്മിലുള്ള സ്‌നേഹത്തിനും ബന്ധത്തിനും പാരസ്പര്യത്തിനും സഹകരണത്തിനും ആഴമേറുമ്പോഴാണ് ദാമ്പത്യ ജീവിതം ഹൃദ്യമാകുന്നത്.

സ്‌നേഹ ശൂന്യമായ ദാമ്പത്യം വിരസമായ ജീവിതമാണ് സമ്മാനിക്കുക. ഇണകള്‍ തമ്മിലുണ്ടാകേണ്ട സ്‌നേഹത്തിന്റെ ആഴവും പരപ്പും പ്രവാചക ജീവിതത്തില്‍ നമുക്ക് ദര്‍ശിക്കാം. ഇണകളോടുള്ള സംസാരങ്ങളിലും ഇടപെടലുകളിലും പ്രവൃത്തികളിലും സ്‌നേഹ പ്രകടനങ്ങളുണ്ടാകുമ്പോഴാണ് ദാമ്പത്യ ജീവിതം കൂടുതല്‍ മനോഹരമാകുന്നത്. ദമ്പതികള്‍ പരസ്പരം ആദരിക്കുകയും പരിഗണിക്കുകയും ഉള്ളറിഞ്ഞ് സ്‌നേഹിക്കുകയും പരസ്പരം സഹകരിക്കുകയും ചെയ്യുമ്പോഴാണ് കുടുംബ ജീവിതം ഇമ്പമുള്ളതാകുന്നത്.

ഭാര്യമാരോട് ഏറ്റവും നല്ല രീതിയില്‍ പെരുമാറുന്നവനാണ് നല്ല ഭര്‍ത്താവെന്നും, ഭര്‍ത്താവിനോടുള്ള കടമകള്‍ യഥാവിധി നിര്‍വഹിക്കുന്നവളാണ് നല്ല ഭാര്യയെന്നും പ്രവാചകന്‍(സ) ഉണര്‍ത്തുന്നുണ്ട്. വീട്ടുകാര്യങ്ങളില്‍ ഭാര്യമാരെ സഹായിക്കുക, വസ്ത്രം അലക്കുക, ആടിനെ കറക്കുക തുടങ്ങിയ ജോലികളൊക്കെ പ്രവാചകന്‍(സ) ചെയ്തതായി ഹദീസുകളില്‍ കാണാം.

കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിക്കുകയും, എല്ലാ കാര്യങ്ങളിലും ഗുണകാംക്ഷയോടെയുള്ള ഇടപെടലുകളും ആരോഗ്യകരമായ തിരുത്തലുകളും ഉണ്ടാവുന്നത് ഇണകള്‍ക്കിടയിലെ ബന്ധം സുദൃഢമാക്കും. പരസ്പരം അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും വിട്ടുവീഴ്ച ചെയ്യാനും ഇണകള്‍ വൈമനസ്യം കാണിക്കുമ്പോഴാണ് ദാമ്പത്യ ജീവിതത്തില്‍ അസ്വാരസ്യങ്ങളും പ്രശ്നങ്ങളും ഉടലെടുക്കുന്നത്.

അവിഹിത ബന്ധങ്ങള്‍, അധാര്‍മിക പ്രവര്‍ത്തനങ്ങള്‍, ഏകാധിപത്യ പ്രവണതകള്‍ എന്നിവ ദമ്പതികള്‍ക്കിടയിലെ വിശ്വാസം തകര്‍ക്കുന്ന ഘടകങ്ങളില്‍ പെട്ടതാണ്. സദാചാര നിഷ്ഠയില്‍ അധിഷ്ഠിതമായ ജീവിതം നയിക്കാനും അതിലൂടെ സംതൃപ്തിയും സമാധാനവും കൈവരിക്കുവാനുമാണ് മതം വിശ്വാസികളോട് ആവശ്യപ്പെടുന്നത്. മൂല്യങ്ങളിലൂടെ ദമ്പതികള്‍ ആര്‍ജിച്ചെടുക്കുന്ന മനപ്പൊരുത്തവും ഉപാധികളില്ലാത്ത സ്‌നേഹവുമാണ് സംതൃപ്തമായ കുടുംബ ജീവിതത്തിനുള്ള ഇന്ധനം.

മാതൃകാ രക്ഷിതാക്കള്‍

പടച്ചവന്‍ കനിഞ്ഞേകുന്ന അനുഗ്രഹങ്ങളില്‍ പ്രധാനമാണ് മക്കള്‍. മക്കളുടെ വളര്‍ച്ചയിലും സ്വഭാവ രൂപീകരണത്തിലും പരലോക വിജയത്തിലും ഒക്കെ പങ്കുവഹിക്കേണ്ടവരാണ് മാതാപിതാക്കള്‍. മക്കളെക്കുറിച്ച് മൂന്ന് പ്രയോഗങ്ങള്‍ ഖുര്‍ആനില്‍ കാണാവുന്നതാണ്.

ഹിബത് (സമ്മാനം), സീനത്ത് (അലങ്കാരം), ഫിത്‌നത് (പരീക്ഷണം) എന്നിവയാണവ. പടച്ചവന്‍ നമുക്ക് നല്‍കിയ അമൂല്യമായ സമ്മാനമാണ് നമ്മുടെ മക്കളെന്നും, ഈ ലോകത്തും പരലോകത്തും നമ്മുടെ ജീവിതം സന്തോഷകരമാക്കേണ്ട അലങ്കാരമാണ് അവരെന്നും, അല്ലാഹു നല്‍കിയ അനുഗ്രഹത്തോടൊപ്പം പരീക്ഷണം കൂടിയാണ് മക്കളെന്നും ഈ പ്രയോഗങ്ങള്‍ ബോധ്യപ്പെടുത്തുന്നു.

ദുനിയാവിലും ബര്‍സഖീ ജീവിതത്തിലും പരലോകത്തും നമ്മുടെ മക്കള്‍ ഉപകാരപ്പെടണമെങ്കില്‍ നല്ല ശിക്ഷണവും സംസ്‌കാരവും നല്‍കി വളര്‍ത്തേണ്ടതുണ്ട്. ഒരു പിതാവ് മകന് നല്‍കുന്ന ഏറ്റവും വിലയേറിയ സമ്മാനം നല്ല ശിക്ഷണമാണെന്നാണ് പ്രവാചകന്‍ (സ) പറഞ്ഞത്. മക്കളെ സ്‌നേഹിക്കാനും അവരുടെ ജീവിതത്തിന്റെ സര്‍വതലങ്ങളിലും മാതൃകയാവാനും രക്ഷിതാക്കള്‍ക്ക് സാധിക്കേണ്ടതുണ്ട്. ചെറുപ്രായത്തിലേ നമ്മുടെ സംസ്‌കാരവും നല്ല ശീലങ്ങളും രക്ഷിതാക്കളില്‍ നിന്ന് അനുഭവിക്കാന്‍ കഴിയുന്ന സാഹചര്യം വീടിനകത്ത് ഉണ്ടാകണം.

മക്കള്‍ മദ്റസകളിലും പാഠപുസ്തകങ്ങളിലും പഠിക്കുന്ന നന്മകളും മൂല്യങ്ങളും മാതാപിതാക്കളുടെ ജീവിതത്തില്‍ ഇല്ലെങ്കില്‍ പഠിക്കുന്ന കാര്യങ്ങള്‍ മക്കളുടെ ജീവിതത്തിലും ഉണ്ടാവില്ല. ആരാധനാ കാര്യങ്ങള്‍, നല്ല ശീലങ്ങള്‍, ബന്ധങ്ങളുടെ പവിത്രത, ഖുര്‍ആന്‍ പഠനത്തിന്റെ പ്രസക്തി തുടങ്ങിയവ മക്കള്‍ക്ക് പ്രായോഗികമായി നല്‍കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കണം.

മക്കളിലെ നല്ല ഗുണങ്ങളെ പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും, തെറ്റുകള്‍ സ്‌നേഹപൂര്‍വം ബോധ്യപ്പെടുത്തി തിരുത്തുകയും ചെയ്ത് അവരുടെ വ്യക്തിത്വത്തെ വളര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മാറിയ സാമൂഹിക സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്.

ചിന്തകളും അഭിരുചികളും ജീവിത രീതികളുമെല്ലാം ഏറെ വ്യത്യസ്തമായ പുതിയ തലമുറയെ മനസ്സിലാക്കാനും അവരുടെ ലോകത്തെ അറിയാനും രക്ഷിതാക്കള്‍ക്ക് ആവേണ്ടതുണ്ട്. അപ്പോഴാണ് നന്മയുടെ മാര്‍ഗത്തിലേക്ക് മക്കളെ വഴി തിരിച്ചുവിടാന്‍ നമുക്കാവുക.

സ്‌നേഹം, കാരുണ്യം, ആദരവ്, അംഗീകാരം, സത്യസന്ധത, പരസ്പര വിശ്വാസം, ധര്‍മ ജീവിതം, സാമ്പത്തിക അച്ചടക്കം, സദാചാര നിഷ്ഠ തുടങ്ങിയ മൂല്യങ്ങള്‍ മക്കള്‍ കണ്ടുപഠിക്കേണ്ടത് മാതാപിതാക്കളുടെ ജീവിതത്തില്‍ നിന്നാണ്. മാതാപിതാക്കളെ പറ്റി ചോദിക്കപ്പെട്ടപ്പോള്‍ പ്രവാചകന്‍ നല്‍കിയ മറുപടി, അവര്‍ നിന്റെ സ്വര്‍ഗവും നരകവും ആണ് എന്നാണ്.

രണ്ട് സന്ദേശങ്ങള്‍ പ്രവാചകന്റെ ഈ മറുപടിയില്‍ ഉള്‍ക്കൊള്ളുന്നുണ്ട്. മാതാപിതാക്കളോടുള്ള ബാധ്യതകള്‍ കൃത്യമായി നിര്‍വഹിക്കുന്നവന് സ്വര്‍ഗമുണ്ടെന്നും, അവ വിസ്മരിക്കുന്നവന് നരകമുണ്ടെന്നുമാണ് ഒന്നാമത്തേത്. തികഞ്ഞ മാതൃകാ ജീവിതം നയിച്ച് മക്കളെ സ്വര്‍ഗത്തില്‍ എത്തിക്കുവാനും, യാതൊരു മാതൃകയും ഇല്ലാത്ത ജീവിതം നയിച്ച് മക്കളെ നരകത്തില്‍ എത്തിക്കാനും മാതാപിതാക്കള്‍ക്ക് കഴിയുമെന്ന സന്ദേശം കൂടി പ്രവാചകന്റെ ഈ മറുപടിയില്‍ അടങ്ങിയിട്ടുണ്ട്.

അധ്വാനത്തിന്റെ മഹത്വവും പണത്തിന്റെ മൂല്യവും മാതാപിതാക്കളുടെ ജീവിതത്തില്‍ നിന്ന് മക്കള്‍ക്ക് നല്‍കണം. എങ്ങനെയാണ് പണം ലഭിക്കുന്നത്, ഏതു മാര്‍ഗത്തില്‍ ആയിരിക്കണം പണം സമ്പാദിക്കേണ്ടത്, എങ്ങനെയാണ് പണം വിനിയോഗിക്കേണ്ടത്, വരുമാനത്തിന്റെ എത്രത്തോളം ചെലവഴിക്കാം, എങ്ങനെ പണം മിച്ചം വെക്കാം എന്ന കാര്യങ്ങളൊക്കെ നമ്മുടെ ജീവിതത്തില്‍ നിന്ന് നമ്മുടെ മക്കള്‍ കണ്ടുപഠിക്കണം.

ജീവിതത്തിലെ ആവശ്യങ്ങളും അത്യാവശ്യങ്ങളും, ആഡംബരങ്ങളും ആഗ്രഹങ്ങളും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചും മക്കളെ ബോധ്യപ്പെടുത്താന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കണം. കൂടുതല്‍ വരുമാനവും ധൂര്‍ത്തും അടിച്ചുപൊളിയുമല്ല, സാമ്പത്തിക അച്ചടക്കവും മിതത്വവും ആണ് ജീവിത സംതൃപ്തിയും സന്തോഷവും നല്‍കുക എന്ന യാഥാര്‍ഥ്യം മക്കളെ ബോധ്യപ്പെടുത്താനാവണം.

ജീവിതത്തിലെ എല്ലാ സന്ദര്‍ഭങ്ങളിലും മതത്തിന്റെ കല്‍പ്പനകള്‍ക്കാണ് മറ്റേത് ഘടകങ്ങളെക്കാളും പരിഗണന നല്‍കേണ്ടതെന്ന തിരിച്ചറിവും കുട്ടികള്‍ക്ക് നല്‍കേണ്ടതുണ്ട്. വീട്ടില്‍ നടക്കുന്ന ആഘോഷങ്ങള്‍ പലപ്പോഴും ആഭാസങ്ങളിലേക്കും ആര്‍ഭാടങ്ങളിലേക്കും നീങ്ങാനുള്ള കാരണങ്ങളിലൊന്ന് മതത്തിന്റെ കല്‍പ്പനകള്‍ക്കപ്പുറത്ത് മറ്റു പല താല്‍പര്യങ്ങള്‍ക്കും പ്രാമുഖ്യം നല്‍കുന്നതുകൊണ്ടാണ്. കുട്ടികളുടെ ജീവിതത്തിന്റെ സര്‍വതലങ്ങളിലും റോള്‍ മോഡല്‍ ആവാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കണം.

സ്വര്‍ഗത്തിന്റെ താക്കോലുകള്‍

അല്ലാഹുവും റസൂലും കഴിഞ്ഞാല്‍ പിന്നെ സത്യവിശ്വാസിക്ക് ഏറ്റവും കൂടുതല്‍ കടപ്പാടുകളും ബാധ്യതകളും ഉള്ളത് അവന്റെ മാതാപിതാക്കളോടാണ്. അല്ലാഹുവിന് ഇബാദത്ത് ചെയ്യണമെന്ന് പറഞ്ഞ ഉടനെത്തന്നെ മാതാപിതാക്കളോട് നന്മ ചെയ്യണമെന്നും വിശുദ്ധ ഖുര്‍ആന്‍ ചിലയിടങ്ങളില്‍ കല്പിക്കുന്നുണ്ട്. നമ്മുടെ ജീവിതത്തിന്റെ ഉയര്‍ച്ചക്കും ഉന്നതിക്കും വേണ്ടി അഹോരാത്രം പരിശ്രമിച്ച മാതാപിതാക്കളോട് നിര്‍വഹിക്കേണ്ട ബാധ്യതകളെക്കുറിച്ച് അല്ലാഹുവും റസൂലും പറയുന്നുണ്ട്.

ദൈവപ്രീതി നേടിയെടുക്കണമെങ്കില്‍ മാതാപിതാക്കളുടെ ഇഷ്ടം സമ്പാദിക്കണമെന്നും, മാതാപിതാക്കളുടെ അനിഷ്ടം ദൈവിക കോപം ക്ഷണിച്ചുവരുത്തുന്ന ഗുരുതരമായ പാതകമാണെന്നും റസൂല്‍(സ) ഉണര്‍ത്തുന്നുണ്ട്. സ്‌നേഹമസൃണമായ പെരുമാറ്റത്തിലൂടെയും ഹൃദ്യമായ ഇടപെടലുകളിലൂടെയും മാതാപിതാക്കള്‍ക്ക് കണ്‍കുളിര്‍മ പകരാന്‍ മക്കള്‍ക്ക് സാധിക്കണം.

കുടുംബ ബന്ധം മുറിക്കുന്നവന്റെ പ്രാര്‍ഥനകളും പ്രവര്‍ത്തനങ്ങളും പടച്ചവന്‍ സ്വീകരിക്കില്ലെന്നും, അത്തരക്കാര്‍ക്ക് റബ്ബിന്റെ കാരുണ്യം ലഭിക്കില്ലെന്നും പ്രവാചകന്‍ ഓര്‍മപ്പെടുത്തി.

മാതാപിതാക്കള്‍ക്ക് നന്മ ചെയ്യലാണ് ഏറ്റവും വലിയ ജിഹാദെന്ന് ഒരിക്കല്‍ നബി(സ) പറഞ്ഞിട്ടുണ്ട്. മാതാപിതാക്കളെ നിന്ദിക്കുന്നത് വന്‍ പാപങ്ങളില്‍ പെട്ടതാണെന്നും മതം ഉണര്‍ത്തുന്നുണ്ട്. മാതാപിതാക്കളെ ബാധ്യതയായി കാണുകയും അവരോട് ക്രൂരമായി പെരുമാറുകയും ചെയ്യുന്ന വാര്‍ത്തകള്‍ നാം കേള്‍ക്കാറുണ്ട്.

മാതാപിതാക്കളുടെ മനസിന് മുറിവേല്‍ക്കുന്ന, നിസാരമായി നാം കാണുന്ന വാക്കുകള്‍ പോലും സത്യവിശ്വാസികളില്‍ നിന്ന് ഉണ്ടായിക്കൂടാ. അവര്‍ക്ക് കാരുണ്യത്തിന്റെ ചിറകുകള്‍ താഴ്ത്തിക്കൊടുക്കാനാണ് വിശ്വാസികള്‍ ശ്രമിക്കേണ്ടത്. വാര്‍ധക്യ സമയത്താണ് മാതാപിതാക്കള്‍ക്ക് സ്‌നേഹവും പരിചരണവും പരിഗണനയും വൈകാരിക പിന്തുണയും കൂടുതലായി നല്‍കേണ്ടത്. മാതാപിതാക്കളെ സ്‌നേഹിച്ചും അവരോടുള്ള ബാധ്യകള്‍ നിറവേറ്റിയും സ്വര്‍ഗം നേടാനാകണം.

സ്വര്‍ഗം പൂക്കുന്ന വീട്

പുതു തലമുറയില്‍ വിവാഹത്തോടും കുടുംബ ജീവിതത്തോടും വിമുഖത കാണിക്കുന്ന പ്രവണത വര്‍ധിച്ച് വരുന്നതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. കുടുംബ ജീവിതത്തിന്റെ നനവും മാധുര്യവും വീടിന്റെ അകത്തളങ്ങളില്‍ നിന്ന് അനുഭവിക്കാന്‍ നമ്മുടെ മക്കള്‍ക്കാകണം. മനുഷ്യന്റെ വൈകാരികവും മാനസികവുമായ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന ഒരു സുരക്ഷിത താവളമാണ് കുടുംബമെന്ന് മക്കള്‍ക്ക് ബോധ്യപ്പെടണം. മാതാപിതാക്കള്‍ തങ്ങളുടെ ദാമ്പത്യം സന്തോഷകരമാണെന്ന് മക്കള്‍ക്ക് മുമ്പില്‍ തെളിയിക്കണം.

വിട്ടുവീഴ്ചയുടെയും പരസ്പര സ്‌നേഹത്തിന്റെയും മാതൃകകള്‍ കണ്ടുവളരുന്ന കുട്ടികള്‍ക്ക് കുടുംബ ജീവിതത്തോട് വിരക്തിയുണ്ടാവില്ല. വിശുദ്ധ ഖുര്‍ആന്‍ വീടിനെ കുറിക്കാന്‍ ഉപയോഗിച്ച പദം മസ്‌കന്‍ എന്നാണ്. സമാധാനത്തിന്റെ ഗേഹം എന്നാണ് ഈ പദത്തിന്റെ അര്‍ഥം. വീടിനെ സമാധാനപൂര്‍ണമാക്കുന്നതും സ്വര്‍ഗതുല്യമാക്കുന്നതും അതിലെ അംഗങ്ങള്‍ തമ്മിലുള്ള നിരുപാധികമായ സ്‌നേഹമാണ്. മാതാപിതാക്കള്‍, മക്കള്‍, സഹോദരങ്ങള്‍ എന്നിവര്‍ പരസ്പരം വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോള്‍ വീടിന്റെ അന്തരീക്ഷം സന്തുഷ്ടമാകും.

ഉള്ളു തുറന്ന സംസാരങ്ങളും കൂടിയാലോചനകളും വീടിനകത്ത് നടക്കണം. ഒരുമിച്ചിരുന്നുള്ള ഖുര്‍ആന്‍ പഠനവും ഭക്ഷണം കഴിക്കലും കൂടുതല്‍ ഹൃദ്യത പകരും. അംഗങ്ങളുടെ പരാജയങ്ങളിലും വിഷമഘട്ടത്തിലും ഞങ്ങള്‍ കൂടെയുണ്ട് എന്ന വൈകാരിക പിന്തുണ നല്‍കാന്‍ കഴിയണം. വീടിനെ സ്വര്‍ഗതുല്യമാക്കാന്‍ വലിയ ധനമോ കൊട്ടാരതുല്യമായ സൗകര്യങ്ങളോ വേണ്ട. അവിടെ സ്‌നേഹവും പരിഗണനയും നല്ല മൂല്യങ്ങളും ഉണ്ടായാല്‍ മതി.

മനുഷ്യ ജീവിതത്തിന് ആനന്ദവും അഴകും നല്‍കുന്ന കുടുംബ ബന്ധം കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥനാണ് വിശ്വാസി. കുടുംബ ബന്ധം മുറിക്കുന്നവന്റെ പ്രാര്‍ഥനകളും പ്രവര്‍ത്തനങ്ങളും പടച്ചവന്‍ സ്വീകരിക്കുകയില്ലെന്നും, അത്തരക്കാര്‍ക്ക് റബ്ബിന്റെ കാരുണ്യം ലഭിക്കില്ലെന്നും, സര്‍വോപരി സ്വര്‍ഗം നിഷിദ്ധമാകുമെന്നും നബി(സ) ഓര്‍മപ്പെടുത്തുന്നുണ്ട്.