ശൈഖ് മുഹമ്മദിന്റെ പുതിയ പുസ്തകം ആത്മാംശത്തിന്റെ ആര്‍ദ്രഭാവം


ആറ് പതിറ്റാണ്ട് കാലത്തെ ജീവിതം അടയാളപ്പെടുത്തിയ പ്രചോദനത്തിന്റെ അക്ഷയഖനിയായ ഗ്രന്ഥത്തിനു ജീവിതം എന്നെ പഠിപ്പിച്ചത് എന്നാണ് പേര്.

'എവിടെ പതിച്ചാലും എല്ലാവര്‍ക്കും പ്രയോജനപ്രദമാകുന്ന മഴ പോലെയാകണം നിങ്ങള്‍', യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പുതിയ പുസ്തകം മക്കള്‍ക്ക് സമ്മാനിച്ചപ്പോള്‍ ഉള്‍പ്പേജില്‍ കൈപ്പടയില്‍ കുറിച്ച വരികളിലെ ശകലമാണിത്. മനുഷ്യരുടെ സര്‍വതോമുഖ പുരോഗതിയെ കുറിച്ചുള്ള ചിന്തകളുടെ സഞ്ചയമാണ് സപ്തംബറില്‍ പുറത്തിറങ്ങിയ പുസ്തകം.

ആറ് പതിറ്റാണ്ട് കാലത്തെ ജീവിത സഞ്ചാരം അടയാളപ്പെടുത്തിയ പ്രചോദനത്തിന്റെ അക്ഷയഖനിയായ ഗ്രന്ഥത്തിനു 'അല്ലംതനീ അല്‍ഹയാത്' (ജീവിതം എന്നെ പഠിപ്പിച്ചത്) എന്നാണ് പേരിട്ടത്. 35 അധ്യായങ്ങളിലൂടെ ജീവിതാനുഭവങ്ങളും തത്വജ്ഞാനവും സര്‍ഗാത്മകതയും പങ്കുവയ്ക്കുന്നതാണ് പുതിയ പുസ്തകം. മക്കളും ഭരണസാരഥികളുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദിനും ശൈഖ് മക്തൂം ബിന്‍ മുഹമ്മദിനും ജീവിതപാഠങ്ങളുടെ ആദ്യഭാഗം സമ്മാനിച്ചപ്പോള്‍ പുസ്തകത്താളില്‍ പച്ച നിറത്തില്‍ ഇങ്ങനെ കുറിച്ചിരുന്നു.

ശൈഖ് ഹംദാനുള്ള പുസ്തത്തിന്റെ അകപ്പേജില്‍ ഗ്രന്ഥകാരനായ ശൈഖ് മുഹമ്മദ് രേഖപ്പെടുത്തിയത് ഇങ്ങനെ: 'തത്വജ്ഞാനം തങ്കത്തെക്കാള്‍ വിലമതിക്കുന്നതാണ്. ജനങ്ങളെയും രാജ്യത്തെയും സേവനം ചെയ്യുന്ന പ്രയാണപഥത്തില്‍ 'ജീവിതം പഠിപ്പിച്ചതിന്റെ സംക്ഷിപ്തം' നിനക്ക് സമ്മാനിക്കുന്നു'.

ശൈഖ് മക്തൂമിന്റെ കയ്യൊപ്പ് പതിച്ച പുസ്തകക്കുറിപ്പ് ഇങ്ങനെ ആയിരുന്നു: 'നമ്മള്‍ ജീവിതകാലത്ത് കൈവരിച്ചതല്ല യഥാര്‍ഥത്തില്‍ സമഗ്രത, നമുക്ക് ശേഷം വരുന്നവര്‍ക്ക് നാം ബാക്കി വച്ചതാണ് മികച്ച സമ്പൂര്‍ണത, എന്റെ ജീവിതപാഠങ്ങളിലെ ചില ധിഷണകള്‍ ഇതാ നിനക്ക് ഞാന്‍ സമ്മാനിക്കുന്നു'.

ജനം ഉണരും മുന്‍പ് ഉണരുക: പൂര്‍വകാലത്ത് പിതാവ് ശൈഖ് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂം ദിശാബോധം നല്‍കിയ കാര്യങ്ങള്‍ സ്മരിക്കുന്ന പ്രത്യേക അധ്യായം പുസ്തകത്തിലുണ്ട്. 'ചില്ലറ കാര്യങ്ങള്‍ വലിയ വിജയം നേടുന്നതിലേക്ക് നയിക്കും. അതിലൊന്നാണ് നേരത്തെ ഉറക്കില്‍ നിന്നും ഉണരുക എന്നത്.'

പ്രഭാതം പിടിച്ചെടുത്തവന് ഒരു ദിവസത്തെ കീഴടക്കാനും ഒരു ദിവസം ഉടമപ്പെടുത്തിയവന് അവന്റെ ജീവിതം വീണ്ടെടുക്കാനുമാകുമെന്നും അനുബന്ധമായി വായനക്കാരെ ഓര്‍മിപ്പിക്കുന്നു. സമൂഹം ഉണരുന്നതിന് മുന്‍പ് ഉണരുക എന്നാണ് ഈ അധ്യായത്തിന്റെ തലക്കെട്ട്.

അഴിമതി നിശ്ശബ്ദ കൊലയാളി: രാജ്യങ്ങളെ പിടികൂടുന്ന അഴിമതി നിശ്ശബ്ദ കൊലയാളിയാണ്. സമ്മാനങ്ങളില്‍ തുടങ്ങുന്ന അത് പിന്നീട് പൊതുസംസ്‌കാരമായി പരിണമിക്കും. അഴിമതി ദേശങ്ങളുടെ കെട്ടുറപ്പ് തകര്‍ക്കുമെന്ന താക്കീത് പുസ്തകത്തില്‍ പലയിടത്തും പ്രതിധ്വനിക്കുന്നുണ്ട്.

ഹൃദയങ്ങളില്‍ നിന്ന് ഹൃദയങ്ങളിലേക്ക്: ഹൃദയത്തില്‍ നിന്ന് ഹൃദയങ്ങളിലേക്കു പ്രസരിക്കുന്ന പുസ്തകം എന്നു വിശേഷിപ്പിക്കപ്പെട്ട ശൈഖ് മുഹമ്മദിന്റെ കൃതി കഴിഞ്ഞ ആറ് ദശകങ്ങളിലെ പൊതുഭരണം, നയം, ജീവിതം എന്നിവയെല്ലാം സ്പര്‍ശിക്കുന്നു. ഭാവി ഏറ്റവും ഭംഗിയുള്ളതായിരിക്കും എന്ന വാക്യം എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണെന്ന് ശൈഖ് തുറന്നു പറയുന്നു. ശുഭപ്രതീക്ഷയെ പുണരാന്‍ പ്രേരിപ്പിക്കുന്ന വചനോത്സവമാണ് പുതിയ പുസ്തത്തിന്റെ മറ്റൊരു സവിശേഷത.

പ്രത്യാശ ശക്തി, നിരാശ നിഷേധം: പ്രത്യാശ ശക്തിയും നിരാശ നിഷേധവുമാണ്. പ്രതീക്ഷകള്‍ ആകാശ വാതിലുകള്‍ തുറക്കും. നിരാശയുടെ വാതിലുകള്‍ കൊട്ടിയടക്കുകയും ചെയ്യും. സ്വന്തത്തിലുള്ള ആത്മവിശ്വാസം ശക്തിയുടെ താക്കോലാണ് എന്നിങ്ങനെ മനുഷ്യരെ ജീവിതത്തിന്റെ പുതിയ ചക്രവാളങ്ങളിലേക്ക് കൂട്ടികൊണ്ടു പോകുന്ന സത്വചനങ്ങള്‍ കൊണ്ട് സമ്പന്നമാണീ അധ്യായം. ദൈവകൃപയാല്‍ നമ്മള്‍ മെച്ചപ്പെട്ട നിലയിലാണ്. കൂടുതല്‍ മികച്ചതിലേക്കല്ലാതെ നമ്മള്‍ ചുവടുവയ്ക്കില്ല.

പൂര്‍വികര്‍ക്ക് കരഗതമാക്കാന്‍ സാധിക്കാത്തതാണ് ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടായ കുതിപ്പ്. എല്ലാം നഷ്ടപ്പെട്ടവനും ശുഭപ്രതീക്ഷയും മനക്കരുത്തും ഉദ്ദേശ്യശുദ്ധിയും കരുത്തു പകരും. ആത്മവിശ്വാസവും ദൈവവിശ്വാസവും ചുറ്റുപാടുകളിലെ വെല്ലുവിളി അതിജയിക്കാനുള്ള ആയുധങ്ങളാണ്. ശുഭപ്രതീക്ഷ രക്ഷാകവചമാക്കിയ ഒരാളും നിര്‍ജീവമായിട്ടില്ല. യു എ ഇയുടെ പ്രഥമ ഉപഗ്രഹത്തിന് 'അമല്‍' (പ്രത്യാശ) എന്നു നാമകരണം ചെയ്തതിലൂടെ അറബ്, ഇസ്ലാമിക് രാജ്യങ്ങള്‍ക്ക് നമ്മുടെ നാഗരികതയിലേക്കു മടങ്ങാന്‍ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസം കൈമാറ്റം ചെയ്യുകയായിരുന്നു.

ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പുസ്തകത്തിന്റെ കവർ

തിടുക്കവും സമയബോധവും: എന്താണ് താങ്കള്‍ എപ്പോഴും ധൃതികാണിക്കുന്നതെന്ന ചോദ്യം പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ട്. അവര്‍ക്കുള്ള മറുപടി ദീര്‍ഘദൃഷ്ടിയുടെയും ഉള്‍ക്കാഴ്ചയുടെയും മിഴിവുള്ളതായി വായനക്കാരനു ബോധ്യപ്പെടും.

'ഞാന്‍ തിടുക്കം കൂട്ടുന്നവനല്ലെന്നാണ് ആദ്യത്തെ ഉത്തരം. എന്നാല്‍ സമയത്തെ മുഖവിലക്കെടുക്കുന്നതില്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാണ്. വിജയവും പരാജയവും നിശ്ചയിക്കുന്നത് സമയത്തെ കുറിച്ചുള്ള കണക്ക് കൂട്ടലുകളാണ്. നഷ്ടപ്പെട്ടാല്‍ തിരിച്ചു കിട്ടാത്തതാണ് സമയം. ഒരു പതിറ്റാണ്ട് കാലത്തെ നിര്‍മാണ ജോലികള്‍ ആവശ്യമുള്ളത് മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ഒരു മണിക്കൂര്‍ നീളുന്ന യോഗം പത്ത് മിനിറ്റുകൊണ്ട് മുഴുവനാക്കാന്‍ കഴിയും. ഒരു വര്‍ഷം വേണ്ട പദ്ധതി മാസങ്ങള്‍ കൊണ്ട് ലക്ഷ്യത്തിലെത്തിക്കാം. സമയത്തോട് നമ്മള്‍ സ്വീകരിക്കുന്ന മനോഘടനയും മതിപ്പും അനുസരിച്ചാണ് ഇതെല്ലാം സാധ്യമാകുന്നത്.

ഒരു നിമിഷത്തിന്റെ മൂല്യം എത്രയാണെന്ന് ഞാന്‍ പ്രിയം വയ്ക്കുന്ന കുതിരയോട്ട മത്സരം എന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. നമ്മള്‍ താണ്ടിയ കുറെ സംവത്സരങ്ങളുടെ കണക്കല്ല ജീവിതം, ജീവിച്ചതായി തോന്നുന്ന ദിവസങ്ങളാണ് യഥാര്‍ഥ ജീവിതം.

തിടുക്കം ദു:ഖമാണെന്ന് ചിലര്‍ പറയും. എന്നാല്‍ പുരോഗതിയുടെ കാര്യത്തില്‍ സമയനിഷ്ഠ വിജയവും സുരക്ഷിതവുമാണെന്ന് ഞാനവരോട് പറയുന്നു. ജപ്പാനിലെ മെട്രോ ഒരു നിമിഷം വൈകുന്നത് ആ സമൂഹത്തിന് ആകമാനം മാനഹാനിയാകുന്ന പോലെയാണ്.

ദക്ഷിണ കൊറിയ, ചൈന, ജര്‍മനി ഈ രാജ്യങ്ങളെല്ലാം സമയത്തിനു നല്‍കുന്ന നിലയും വിലയും അറബ് ലോകങ്ങള്‍ നല്‍കുന്നുവോ എന്ന ചോദ്യവും ശൈഖ് മുഹമ്മദ് ഉന്നയിക്കുന്നു. കറന്‍സി വിനിമയത്തിന് മാര്‍ക്കറ്റ് ഉള്ളത് പോലെ നമുക്ക് സമയത്തിന്റെ കൈമാറ്റത്തിനായി ഒരു മാര്‍ക്കറ്റ് ഉണ്ടായിരുന്നെങ്കില്‍ എത്രയായിരിക്കും ജപ്പാനുമായി താരതമ്യം ചെയ്യുമ്പോള്‍ അറബ് ലോകത്തിന്റെ സമയത്തിനുള്ള മൂല്യം?

പതിനാറാം വയസ്സില്‍ അബ്ബാസിയ ഖിലാഫത്തിന്റെ സൈനിക നേതൃത്വം ഏറ്റെടുത്ത അബ്ബാസി ഖലീഫ ഹാറൂന്‍ റഷീദ് 20ാം വയസ്സില്‍ ഭരണാധികാരിയായി. ഇന്ന് നമ്മള്‍ ഉള്‍പ്പുളകം കൊള്ളുന്ന പുരോഗതിയുടെയും നാഗരികതയുടെയും ശില്പി. സമയത്തെ നിഗ്രഹിക്കുന്ന അറബ് രാജ്യങ്ങളിലെ യുവചേതന നിഷ്‌കരുണം കൊല ചെയ്യുന്നത് അവരുടെ രാജ്യത്തെയും ഭാവിയെയുമാണ്.

ആത്മവിശ്വാസത്തോടെ വഴിവെട്ടി വരുന്നവനാണ് നേതാവ്: പുറപ്പെടും മുന്‍പ് റോഡ് മാപ്പ് കൈപ്പിടിച്ചിരിക്കുന്നവനല്ല നേതാവ്. മറ്റുള്ളവരില്‍ നിന്ന് ആത്മവിശ്വാസത്തോടെ വ്യത്യസ്ത വഴിവെട്ടി വരുന്നവനാണ് നേതാവ്. നിസ്സംഗനാകരുത് എന്നും ജീവിതം എന്നെ പഠിപ്പിച്ചു. ഘടികാരം നിലയ്ക്കുന്നില്ല, സൂര്യന്‍ ചലനം നിര്‍ത്തുന്നില്ല, അതുകൊണ്ട് ഗമിക്കുക, ചടുലചലനം നിനക്ക് വാതായനങ്ങള്‍ തുറന്നു തരും. പുറപ്പെടാന്‍ വഴിയുടെ അറ്റം വരെ കാണണമെന്നില്ല.

വഴി മനസ്സിലാകണമെന്നില്ല, തുടങ്ങാനുള്ള കരളുറപ്പും ചങ്കുറപ്പുമാണ് വേണ്ടത്. പ്രഭാതത്തില്‍ പുറപ്പെടുന്ന തേനീച്ചയ്ക്ക് റൂട്ട് മാപ്പുണ്ടോ? രാവിലെ ഭക്ഷണം തേടിപ്പോകുന്ന പറവകള്‍ വൈകുന്നേരം വരെ സ്പര്‍ശിക്കുന്ന ഇടങ്ങള്‍ നിങ്ങള്‍ക്കറിയുമോ? നീ താണ്ടുന്ന പര്‍വതങ്ങള്‍ക്കപ്പുറം പുതിയ ഉച്ചികള്‍ ഉയിരെടുക്കുന്നതു കാണാം.

പുത്തന്‍ പാതകള്‍ നിനക്ക് മുന്നില്‍ പ്രത്യക്ഷപ്പെടും. പ്രകൃതിയുടെ കാതലും ജീവിതത്തിന്റെ പ്രത്യയശാസ്ത്രവും പ്രയാണമാണ്. വിശാലമായ പ്രപഞ്ചത്തില്‍ 5 കോടി കിലോമീറ്റര്‍ ഭൂമി സഞ്ചരിക്കുന്നു. പേടിച്ചും ശങ്കിച്ചും നില്‍ക്കുന്നവനു ജീവിതമില്ല. അതുകൊണ്ട് പുറപ്പെടാന്‍ പൂര്‍ണ ചിത്രം കിട്ടും വരെ എന്തിനാണ് നീ കാത്തിരിക്കുന്നത്?

അറച്ചും മടിച്ചും നില്‍ക്കാതെ പുറപ്പെടുക, വിശ്രമത്തിനും വിജയത്തിനും ശുഭഭാവിക്കും കുതിപ്പ് അത്യന്താപേക്ഷിതമാണ്. നിരൂപണത്തിന് വിധേയരാകാത്ത പ്രവാചകരില്ല. ഒരു ദൗത്യവും പാതിവഴിയില്‍ ഉപേക്ഷിക്കരുത്. രാജ്യപുരോഗതിക്ക് അനുഗുണമായ കാര്യങ്ങള്‍ ചെയ്തതിനു ശരവ്യമായ കാര്യങ്ങള്‍ എടുത്തുകാട്ടിയാണ് പുറകോട്ടടിക്കരുതെന്ന് ഉണര്‍ത്തുന്നത്. ദുര്‍ഘട വഴികള്‍ താണ്ടി വിജയം കൊയ്തവരെയാണ് ചരിത്രം എന്നും സ്മരിക്കുക.

ബഹുസ്വരതയില്‍ ഗാന്ധിയും കടന്നു വരുന്നു: ബഹുവിധ സംസ്‌കാരങ്ങളെ ഉള്‍ക്കൊള്ളുന്നതിന്റെ പ്രാധാന്യം പങ്കുവയ്ക്കുമ്പോള്‍ ശൈഖ് മുഹമ്മദ് മഹാത്മാഗാന്ധിയുടെ മഹത് വചനം കടമെടുക്കുന്നുണ്ട്. വ്യത്യസ്ത മതം, സംസ്‌കാരം, വംശീയ പശ്ചാത്തലം എല്ലാമുള്ളവര്‍ക്ക് യു എ ഇ ഒരു വിദേശ രാജ്യമായി അനുഭവപ്പെടാത്തത് എന്തുകൊണ്ട് എന്നും പുസ്തകം ചര്‍ച്ച ചെയ്യുന്നു. സമാധാനം പരാമര്‍ശിക്കുന്ന ഭാഗത്ത് 'സമൂഹത്തിന്റെ സമാധാനം അതിലെ വ്യക്തിയുടെ സമാധാനത്തിന്റെ പ്രതിഫലനമാണ്' എന്ന ഗാന്ധിവാക്യം പുസ്തകത്തില്‍ ഇടം പിടിക്കുന്നുണ്ട്.

ആത്മാംശവും ആത്മവിമര്‍ശനവും ഉള്‍ക്കൊള്ളിച്ച ഗ്രന്ഥം ഹൃദയാലുവായ ഒരു ഭരണാധികാരിയുടെ ഉള്‍ക്കാഴ്ചയുടെ പ്രതിഫലനമാണ്.

സ്നേഹം നിറച്ച് ഒരു അധ്യായം: പ്രണയിനികള്‍ പ്രകടിപ്പിക്കുന്നത് മാത്രമല്ല സ്നേഹം. സ്നേഹത്തിന് അതിലും മികവേറിയതും മനോഹരവുമായ അര്‍ഥ തലങ്ങളുണ്ട്. സ്നേഹം നിനക്ക് ഊര്‍ജവും ഉന്നതിയും ഉള്‍പ്പുളകവും സമ്മാനിക്കും. നമ്മളെ സര്‍വവുമായി സംയോജിപ്പിക്കുന്ന പാലമാണ് സ്നേഹം.

കുടുംബവുമായി ബന്ധിപ്പിക്കുന്നതും മക്കളെ പരിരക്ഷിക്കുന്നതും പിതാമഹന്മാരെ ആദരിക്കുന്നതും പങ്കാളിയെ പ്രണയിക്കുന്നതുമെല്ലാം സ്നേഹത്തിന്റെ പാലം വഴിയാണ്. നമ്മുടെ സ്വപ്നങ്ങളും സ്നേഹവുമായി ഉള്‍ചേര്‍ന്നിരിക്കുന്നു. നമ്മുടെ സമൂഹവുമായും ഇഴചേര്‍ത്തുന്നതും സ്നേഹം തന്നെ.

സ്വന്തത്തിലേക്കും സ്നേഹത്തിന്റെ പാലമിടണം. നമ്മുടെ സ്വത്വവും പ്രതിഭയും മൂല്യവും സ്നേഹത്താല്‍ ബന്ധിതമാണ്. നമ്മുടെ ബാഹ്യ, ആന്തരിക സൗന്ദര്യം സ്നേഹത്തിലധിഷ്ഠിതമാക്കി മനസ്സിലാക്കണം. പടച്ചവനിലേക്കും വിശാല പ്രപഞ്ചത്തിലേക്കും പടരുന്നതാകണം പ്രണയം. ദൈവിക കാരുണ്യം അവന്റെ സൃഷ്ടിജാലങ്ങളെ മുച്ചൂടും മൂടിയത് കാണാനാകണം.

അവന്റെ എണ്ണമറ്റ അനുഗ്രഹത്തിന്റെ ആവരണത്തിലാണ് നമ്മളുള്ളത്. എല്ലാ മാനവ സംസ്‌കാര, നാഗരികതയുടെയും ആശയങ്ങളുടെയും ആധാരം സ്നേഹമാണെന്ന് മനസ്സിലാകും. കൂടുതല്‍ പുരോഗതിയും നന്മയും ലോകത്ത് നിലനിന്ന് കാണാന്‍ അഭിലഷിക്കുന്നവരെല്ലാം നമ്മുടെ മക്കളെ സ്നേഹിക്കാന്‍ പഠിപ്പിക്കണം. വെറുപ്പ് ഉത്പാദിപ്പിച്ച്, പ്രചരിപ്പിച്ചതു മൂലമുണ്ടായ ആഭ്യന്തര കലാപങ്ങളും യുദ്ധവും പരാമര്‍ശിച്ചാണ് ശൈഖ് മുഹമ്മദ് സ്നേഹത്തിന്റെ പ്രാധാന്യം ലളിത ഭാഷയില്‍ വിവരിക്കുന്നത്.

ഞാന്‍ പരിപൂര്‍ണനല്ല, നിരന്തരം പരിവര്‍ത്തനത്തിനു വിധേയമാക്കുന്ന സ്വയം പുതുക്കിപ്പണിയുന്ന പച്ച മനുഷ്യനെന്ന സത്യവും ശൈഖ് തുറന്നെഴുതുന്നു. തനിക്ക് ദൈവം കനിഞ്ഞ് നല്‍കിയ അനുഗ്രഹങ്ങളെ എണ്ണിപ്പറഞ്ഞാണ് പുസ്തകത്തിന്റെ താളുകള്‍ക്ക് തിരശ്ശീലയിടുന്നത്. ആത്മാംശവും ആത്മവിമര്‍ശനവും ഉള്‍ക്കൊള്ളിച്ച ഗ്രന്ഥം ഹൃദയാലുവായ ഒരു ഭരണാധികാരിയുടെ ഉള്‍ക്കാഴ്ചയുടെ പ്രതിഫലനമാണ്.

കൃതാര്‍ഥതയുള്ള ജനതയും നന്മയുടെ ഭൂതലമായ രാജ്യവും ദൈവാനുഗ്രഹത്തിലാക്കിയതിന് ദുബൈ ഭരണാധികാരി സ്തുതി അര്‍പ്പിക്കുന്നു. മനുഷ്യജീവിതത്തെ ഉത്സാഹഭരിതമാക്കുന്ന ജീവിതപാഠങ്ങളുടെ ആദ്യഭാഗത്തിന്റെ അവസാന പേജും വായിച്ചു തീരുമ്പോള്‍ നിസ്സഹയാനായ മനുഷ്യന്റെ വിജയത്തിന്റെ ശക്തി സ്രോതസ്സ് പ്രപഞ്ചനാഥനാണെന്ന അചഞ്ചല സത്യം വായനക്കാരന്റെ ഉള്ളില്‍ അലയടിക്കും. ഒപ്പം, ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലും വകവയ്ക്കാതെ ജീവിത വഞ്ചി തുഴയാന്‍ ഓരോ വായനക്കാരെയും പുസ്തകം പ്രാപ്തമാക്കുന്നു.

(2025 സപ്തംബറില്‍ പുസ്തകത്തിന്റെ അറബി പതിപ്പും ഒക്ടോബറില്‍ ഇംഗ്ലീഷ് പതിപ്പും പുറത്തിറങ്ങി)


മുജീബ് എടവണ്ണ ആനുകാലികങ്ങളിലും ദിനപ്പത്രങ്ങളിലും എഴുതുന്നു. ' അറബിക് മാഫീ മുശ്‌കിൽ എന്ന പേരിൽ ഡി സി ബുക്ക്‌സ് പുസ്‌തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 27 വർഷമായി ദുബായിലാണ്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻറെ സഅബീൽ ഓഫീസിൽ ഉദ്യോഗസ്ഥൻ