സ്വന്തം വരുമാനവും അതുവഴിയുള്ള ആത്മവിശ്വാസവും വര്‍ധിച്ചതോടെ കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ സമ്മര്‍ദം ഇല്ലാതെ 'സിംഗിള്‍ ലൈഫ്' തിരഞ്ഞെടുക്കുന്നവരുടെ എണ്ണവും കൂടുന്നു.
ഒരു വ്യക്തിക്ക് നിര്‍ലോഭമായ സംരക്ഷണം നല്‍കുകയും സ്വഭാവത്തെയും സംസ്‌കാരത്തെയും രൂപീകരിക്കുകയും ജീവിതത്തെയൊന്നാകെ സ്വാധീനിക്കുകയും ചെയ്യുന്ന പ്രധാന സ്ഥാപനമാണ് കുടുംബം. പുതുതലമുറ വ്യക്തി സ്വാതന്ത്ര്യത്തിനും അതിരുകളില്ലാത്ത സ്വപ്‌നങ്ങള്‍ക്കും മുന്‍ഗണന നല്‍കുമ്പോള്‍ കുടുംബജീവിതം അതിനെ ഹനിക്കുമെന്ന ഭയം പലര്‍ക്കുമുണ്ട്.
ഡിജിറ്റല്‍ കാലഘട്ടത്തിലെ ബന്ധങ്ങള്‍, ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍, ലൈവ്-ഇന്‍, ലിവിങ് ടുഗെതര്‍ പോലുള്ള പരമ്പരാഗതമല്ലാത്ത സഹവാസ രീതികള്‍ എന്നിവയും വിവാഹം, കുടുംബം എന്ന ആശയത്തെ വലിയ തോതില്‍ ഉലച്ചുകളയുന്നുണ്ട്. സ്വന്തം വരുമാനവും അതുവഴിയുള്ള ആത്മവിശ്വാസവും വര്‍ധിച്ചതോടെ കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ സമ്മര്‍ദം ഇല്ലാതെ 'സിംഗിള്‍ ലൈഫ്' തിരഞ്ഞെടുക്കുന്നവരുടെ എണ്ണവും കൂടുകയാണ്.
ഒറ്റ ജീവിതം സ്വതന്ത്ര ജീവിതമാണെന്ന അബദ്ധ ധാരണ കൂടിവരുകയാണ്. പൊതുവെ സോളോ (ഒറ്റ) കാലഘട്ടമാണ്. സോളോ ലൈഫ്, സോളോ ട്രാവല്‍, സോളോ പെര്‍ഫോമന്‍സ്, സോളോ ഫ്‌ളൈറ്റ്, സോളോ ഗെയിം- എല്ലാം പുതുതലമുറയുടെട്രെന്‍ഡുകളാണ്.
തിരുവനന്തപുരം പട്ടം ഉത്രാടം തിരുനാള്‍ ആശുപത്രിയിലെ മനോരോഗ വിദഗ്ധന്‍ ഡോ. എ ടി ജിതിന്‍, കേരളത്തിലെ പ്രമുഖ മാട്രിമോണിയല്‍ സ്ഥാപനങ്ങള്‍, മാട്രിമോണിയല്‍ വെബ്‌സൈറ്റുകള്‍, വര്‍ഷങ്ങളായി മാട്രിമോണിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരെ കേന്ദ്രീകരിച്ചു നടത്തിയ പഠനം കേരളീയ പശ്ചാത്തലത്തില്‍ ശ്രദ്ധേയമാണ്. ആണ്‍കുട്ടികള്‍ക്ക് പെണ്ണു കിട്ടാത്ത സാഹചര്യം മുന്‍നിര്‍ത്തിയായിരുന്നു പഠനം. 30 മുതല്‍ 65 ശതമാനം പെണ്‍കുട്ടികള്‍ വിവാഹത്തിന് താല്‍പര്യപ്പെടുന്നില്ലെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
കുടുംബജീവിതത്തിന്റെ ഉത്തരവാദിത്തം വഹിക്കാനുള്ള വിമുഖത, ഗര്‍ഭം ധരിക്കുന്നതിലെ താല്‍പര്യക്കുറവ്, കുട്ടികളെ വളര്‍ത്തുന്നതിനുള്ള മടി തുടങ്ങിയവയാണ് വിവാഹപ്പേടിയുടെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. വിവാഹവും കുടുംബജീവിതവും വലിയ ദുരന്തമാണെന്ന പ്രചാരണവും പെണ്‍കുട്ടികളെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.
കുടുംബപ്രശ്‌നങ്ങളും കൊലപാതകങ്ങളും ആത്മഹത്യകളും സാമാന്യവത്കരിക്കുന്ന വാര്‍ത്തകളും സിനിമകളും സമൂഹമാധ്യമങ്ങളും പെണ്‍കുട്ടികളെ സ്വാധീനിക്കുന്നു. നല്ല ബന്ധങ്ങള്‍ക്കായുള്ള കാത്തിരിപ്പും വിവാഹം വൈകിപ്പിക്കുന്നു. സാമ്പത്തിക സുരക്ഷിതത്വം നേടുന്നതിനും തനിച്ചുള്ള ജീവിതത്തിന്റെ സ്വാതന്ത്ര്യം കണക്കിലെടുത്തുമാണിത് എന്നും രണ്ടു വര്‍ഷം മുമ്പുള്ള പഠനത്തില്‍ സൂചിപ്പിച്ചിരുന്നു. ഈ അവസ്ഥാവിശേഷം കൂടുതല്‍ രൂക്ഷമാവുകയാണ്ചെയ്തത്.
വിവാഹമെന്ന പ്രതിബദ്ധതയെക്കുറിച്ചുള്ള ഭയത്തെ ഗാമോഫോബിയ എന്നാണ് സൈക്കോളജിസ്റ്റുകള്‍ നിര്‍വചിക്കുന്നത്. അരക്ഷിതമായ ബാല്യ-കൗമാരകാലം, വിഷാദം, മാതാപിതാക്കളുമായുള്ള അനാരോഗ്യ ബന്ധം എന്നിവയാണ് ഈ ഫോബിയക്കു കാരണമായി പറയുന്നത്. ഇവരില്‍ ഉത്കണ്ഠ, വൈകാരിക പ്രശ്‌നങ്ങള്‍, ജീവിതത്തിലെ മറ്റു കാര്യങ്ങളോടുള്ള വിമുഖത, നിയന്ത്രണം വിട്ട പെരുമാറ്റം എന്നിവ കാണപ്പെടുന്നുവെന്നും വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഗര്‍ഭധാരണത്തെയും പ്രസവത്തെയും കുറിച്ചുള്ള തീവ്രമായ ഉത്കണ്ഠയോ ഭയമോ ആണ് മറ്റൊരു കാരണം. ഇത്തരം അവസ്ഥയെ സൂചിപ്പിക്കുന്ന പദാവലിയാണ് ടോകോഫോബിയ. ഇതുമൂലം ചില സ്ത്രീകള്‍ ഗര്‍ഭധാരണവും പ്രസവവും പൂര്‍ണമായും ഒഴിവാക്കാന്‍ തയ്യാറാവുന്നുവെന്നും നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനിന്റെ പഠന റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചിരുന്നു. ഗര്‍ഭാവസ്ഥയില്‍ അഭിമുഖീകരിക്കേണ്ട പല തരം വേദനകളെ കുറിച്ചുള്ള ഭയമാണ് പ്രധാനമായും ഈ ഫോബിയയുടെ കാരണം.
വിവാഹം, കുടുംബജീവിതം തുടങ്ങി മനുഷ്യന്‍ സ്വീകരിക്കേണ്ട അടിസ്ഥാന ജീവിതരീതികളില്‍ നിന്നു പുതിയ തലമുറയെ പിറകോട്ടു വലിക്കുന്ന മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ട്. മനുഷ്യന്‍ ശരീരകേന്ദ്രിതമായ വെറുമൊരു ജന്തു മാത്രമാണെന്നും തിന്നുക, കുടിക്കുക, ഭോഗിക്കുക, സുഖിക്കുക, ഉല്ലസിക്കുക തുടങ്ങിയ ശാരീരിക ആവശ്യങ്ങളുടെ പൂര്‍ത്തീകരണമാണ് ജീവിതലക്ഷ്യമെന്നും നിരീക്ഷിക്കുന്ന ഭൗതികവാദമാണത്.
ഭൗതികവാദ സങ്കല്പമനുസരിച്ച് സ്വാഭാവികമായും ജീവിതലക്ഷ്യം ശാരീരിക താല്പര്യങ്ങളുടെ പൂര്‍ത്തീകരണം മാത്രമായി ചുരുങ്ങുന്നു. മനസ്സിന്റെയും ആത്മാവിന്റെയും ആവശ്യങ്ങള്‍ അപ്പോള്‍ പൂര്‍ണമായും അവഗണിക്കപ്പെടുന്നു.
''ഇന്ന് ആസ്വദിക്കാനും അനുഭവിക്കാനും കഴിയുന്ന ഒരു ആനന്ദവും ഒരു കാരണവശാലും നാളേക്കു മാറ്റിവെക്കരുത്''- ഭൗതിക, നാസ്തിക ദാര്‍ശനികനായ ആള്‍ഡസ് ഹക്‌സലിയുടെ നിരീക്ഷണം. ജീവിതപാതയില്‍ സ്ഥായിത്വം നല്‍കുന്ന ഒന്നേയുള്ളൂ എന്നും അത് അത്യന്താനുഭൂതിയാണെന്നുമാണ് ഈ വീക്ഷണം.
ജീവിതത്തിന്റെ പരമമായ ലക്ഷ്യം പരമാവധി ആസ്വദിക്കലാണെന്നു വരുമ്പോള്‍ അതിനു തടസ്സമായി നില്‍ക്കുന്ന എല്ലാറ്റിനെയും നിരാകരിക്കുക അനിവാര്യമാകും. അതുകൊണ്ടുതന്നെ ഭൗതിക ദര്‍ശനങ്ങള്‍ മനുഷ്യരാശി തലമുറ തലമുറകളായി പിന്തുടര്‍ന്നുവരുന്ന എല്ലാ മൂല്യങ്ങളെയും ധാര്‍മിക-സദാചാര നിയമങ്ങളെയും നിരാകരിക്കുന്നു. ആധുനിക മനഃശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന സിഗ്മണ്ട് ഫ്രോയ്ഡിന്റെ അഭിപ്രായത്തില്‍ 'മനുഷ്യന്റെ ജന്മവാസനകള്‍ക്ക് തഴച്ചുവളരാന്‍ വിഘാതം വരുത്തുന്ന മൂല്യസങ്കല്പങ്ങളും സാമൂഹിക സമ്മര്‍ദങ്ങളുമാണ് എല്ലാ ദുരിതങ്ങളുടെയും മൂലകാരണം.'
പ്രശസ്ത ഭൗതിക ദാര്‍ശനികന്‍ ഇമ്മാനുവല്‍ കാന്റ്, 'മനുഷ്യരെ നിയമങ്ങളും ചട്ടങ്ങളും ചിട്ടകളും വ്യവസ്ഥകളും പഠിപ്പിക്കുന്ന ഗുരുവര്യന്മാരും മാതാപിതാക്കളുമാണ് അവരുടെ ഏറ്റവും വലിയ ശത്രുക്കള്‍' എന്നുവരെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭൗതികവാദികളുടെ വീക്ഷണത്തില്‍ കുടുംബം അനാവശ്യവും അപകടകരവുമായ ഒരു അസംബന്ധമാണ്. ഇത്തരം മാനവിക മൂല്യ-സദാചാര-ധാര്‍മിക നിരാസം സാമൂഹിക മാധ്യമങ്ങളില്‍ കുത്തിയൊഴുകുന്ന ചരക്കായി മാറിയിട്ടുണ്ട്.
മനുഷ്യ പ്രകൃതിയുടെ തട്ടകമായ സ്വാഭാവികമായ ജീവിതത്തില്‍ (Heteronormativism) നിന്നു Queernormativismലേക്കും LGBTQIA+ ആക്ടിവിസത്തിലേക്കും സമൂഹത്തെ നയിക്കുന്ന വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും കരിക്കുലം കമ്മിറ്റികളും ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രമുഖരും നവനാസ്തികരും ലിബറലിസ്റ്റുകളും കുടുംബജീവിതത്തിന് പവിത്രതയൊന്നും കല്‍പിക്കാറില്ല എന്നു മാത്രമല്ല, സുരക്ഷിതമായ കുടുംബ സംവിധാനങ്ങളുടെ അടിവേരറുക്കാനുള്ള ഗവേഷണത്തില്‍ ശിരസ്സു കുത്തിനില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്.
കൊച്ചുകുട്ടികള്‍ക്കു മുതല്‍ വയോവൃദ്ധര്‍ക്കു വരെ സോഷ്യല്‍ മീഡിയാ ലോകം അനായാസം പ്രാപ്യമാക്കി പോസ്റ്റ് കോവിഡ് കാലം ഇത്തരം തല തിരിഞ്ഞ ആശയങ്ങളുടെ പ്രചാരണം ത്വരിതപ്പെടുത്തുന്നതില്‍ ഗണ്യമായ പങ്കുവഹിച്ചു. പുതിയ കേരളപ്പിറവിക്ക് Heteronormativism അവസാനിപ്പിക്കണമെന്ന സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ട്വീറ്റ് ഉദാഹരണമാണ്. ലെസ്ബിയന്‍ കപ്പിള്‍സ് ആയ രണ്ടു പെണ്‍കുട്ടികള്‍ക്ക് മാധ്യമങ്ങളും നവമാധ്യമങ്ങളും പൊതുസമൂഹവും നല്‍കിവരുന്ന ഹീറോ പരിവേഷം ഈ തലതിരിഞ്ഞ വ്യവസ്ഥിതിയുടെ ഏറ്റവും പുതിയ നേര്‍ക്കാഴ്ചയാണ്. മനുഷ്യനെയും ജീവിതത്തെയും സംബന്ധിച്ച ഇസ്‌ലാമിക വീക്ഷണം ഭൗതികതയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. മനുഷ്യന്‍ കേവലം ഒരു ജന്തുവല്ലെന്നും ദൈവത്തിന്റെ സവിശേഷമായ സൃഷ്ടിയാണെന്നും മതം കൃത്യമായി വിശദീകരിക്കുന്നു.
വിവാഹബാഹ്യ ലൈംഗികബന്ധങ്ങള്‍ കുറ്റകൃത്യമായി കാണാത്ത സ്‌പെയിന്‍, കാനഡ, ഡെന്മാര്‍ക്ക്, ഫ്രാന്‍സ്, മെക്‌സിക്കോ, പോളണ്ട്, ന്യൂസിലന്റ്, നോര്‍വേ, ആഫ്രിക്ക, സ്വീഡന്‍, ഉറുഗ്വേ, അമേരിക്കയിലെ ചില സ്റ്റേറ്റുകള്‍, ബ്രിട്ടനിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ സ്വവര്‍ഗരതിയും സ്വവര്‍ഗ വിവാഹവും നിയമപരമായി അനുവദിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ രാജ്യത്തെ കോടതിയില്‍ ഇടക്കാലത്ത് ഇത്തരം വിഷയങ്ങളില്‍ അനുകൂല വിധികള്‍ പുറപ്പെടുവിച്ചുവെന്നതുംഖേദകരമാണ്.
വ്യക്തിയുടെയും സമൂഹത്തിന്റെയും ഇടയിലുള്ള ഏറ്റവും പ്രധാനപ്പെട്ട കളരിയാണ് കുടുംബം. കുടുംബത്തിനകത്തെ സംസ്‌കരണവും സംസ്‌കാരവും സുഭദ്രമായ സമൂഹസൃഷ്ടിക്ക് അനിവാര്യമാണ്.
സാമൂഹിക-മതസ്ഥാപനങ്ങള്‍ വിവാഹത്തെയും കുടുംബത്തെയും സംബന്ധിച്ചുള്ള യുവതയുടെ ആശങ്കകള്‍ കേട്ടറിയാനും, മാന്യവും ചെലവു കുറഞ്ഞതുമായ ചടങ്ങുകള്‍ പ്രോത്സാഹിപ്പിക്കാനും ശ്രദ്ധിക്കണം. വിവാഹരംഗത്തെ ലളിതവും മാന്യവുമായ മാതൃകകള്‍ പ്രചരിപ്പിക്കല്‍, യുവതീയുവാക്കള്‍ക്കു പ്രീ, പോസ്റ്റ് മാരിറ്റല്‍ കൗണ്‍സലിങുകള്‍, പൊതു-ധാര്‍മിക ബോധവത്കരണം എന്നിവയ്ക്ക് കൃത്യവും ശാസ്ത്രീയവുമായ പദ്ധതികള്‍ വേണം. അതിലൂടെ വിവാഹത്തെയും കുടുംബജീവിതത്തെയും കുറിച്ച് പുതുതലമുറയില്‍ അനുകൂല സമീപനം വളര്‍ത്തിയെടുക്കാന്‍ കഴിയും.
മലയാളി സമൂഹത്തിന്റെ പുരോഗതി വിവാഹ-കുടുംബ സ്ഥാപനത്തെ പ്രതിസന്ധിയിലാക്കിയിട്ടില്ലെങ്കിലും, യുവാക്കളുടെ മുന്‍ഗണനകളും ആശങ്കകളും മാറിയിരിക്കുന്നു. വിവാഹം ഈ തലമുറയ്ക്ക് നിര്‍ബന്ധമല്ലാത്ത വ്യക്തിപരമായൊരു തിരഞ്ഞെടുപ്പാണ്. സമൂഹവും കുടുംബവും മതസ്ഥാപനങ്ങളും പുതുതലമുറയുടെ ജീവിതരീതികള്‍ മനസ്സിലാക്കി, ആരോഗ്യകരമായ ബന്ധങ്ങള്‍ വളര്‍ത്താനുള്ള അന്തരീക്ഷം ഒരുക്കണം.
വ്യക്തിയുടെയും സമൂഹത്തിന്റെയും ഇടയിലുള്ള ഏറ്റവും പ്രധാനപ്പെട്ട കളരിയാണ് കുടുംബം. അതിനാല്‍ കുടുംബത്തിനകത്തെ സംസ്‌കരണവും സംസ്‌കാരവും സുഭദ്രമായ സമൂഹസൃഷ്ടിക്ക് അനിവാര്യമാണ്. സ്രഷ്ടാവിന്റെ നിയമങ്ങള്‍ സൂക്ഷിക്കുന്നതിലാണ് ജീവിതത്തില്‍ സമാധാനവും വിജയവുമുള്ളത് എന്നതുപോലെ കുടുംബബന്ധം സൂക്ഷിക്കുന്നതിലാണ് ഇഹപര വിജയമുള്ളത്.
''മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും അതില്‍ നിന്നുതന്നെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക). തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു''(4:1).
