ഇസ്‌ലാമോഫോബിയ, മതേതരത്വം, ലിബറലിസം: മുസ്‌ലിം യൗവനം ഏത് മൂഡില്‍?

വെബ് ഡെസ്ക്

യുവത്വം എങ്ങനെ സഞ്ചരിക്കുന്നു, ചിന്തിക്കുന്നു എന്നത് സമൂഹത്തിന്റെ ഗതി മനസ്സിലാക്കുവാന്‍ പര്യാപ്തമായ ഘടകങ്ങളാണ്.

യുവാക്കളുടെ ചോദ്യങ്ങള്‍ക്കും അവരുടെ ലോകവീക്ഷണങ്ങള്‍ക്കും എക്കാലത്തും പ്രസക്തിയുണ്ട്. ചോര തിളയ്ക്കുന്ന പ്രായമെന്നാണ് യൗവനത്തെ വിശേഷിപ്പിക്കാറുള്ളത്. സമൂഹത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ അവരുടെ പങ്ക് അനിഷേധ്യമാണ്.

യുവത്വം എങ്ങനെ സഞ്ചരിക്കുന്നു, ചിന്തിക്കുന്നു എന്നത് സമൂഹത്തിന്റെ ഗതി മനസ്സിലാക്കുവാന്‍ പര്യാപ്തമായ ഘടകങ്ങളാണ്. യുവത സക്രിയമാണെങ്കില്‍ ആ സമൂഹം ക്രിയാത്മകവും നിശ്ചലമാണെങ്കില്‍ സമൂഹം നിഷ്‌ക്രിയവുമായി മാറും എന്നര്‍ഥം.

പ്രക്ഷുബ്ധമായ സാമൂഹിക അന്തരീക്ഷത്തില്‍ ജീവിക്കുന്നവര്‍ എന്ന നിലയില്‍ ന്യൂനപക്ഷ സമൂഹങ്ങള്‍ അരക്ഷിതാവസ്ഥ പേറുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. ഭീതി ഉള്ളില്‍ സൂക്ഷിക്കുന്ന ഒരു സ്ഥിതിവിശേഷമുണ്ടീ സമൂഹത്തിന്. മുസ്‌ലിം സമൂഹം വിശേഷിച്ചും വലിയ സംഘട്ടനങ്ങള്‍ക്കു നടുവിലാണുള്ളത്.

ഇസ്‌ലാമോഫോബിയ, ഹിന്ദുത്വ, സമുദായത്തിനുള്ളിലെ വിഭാഗീയ ചിന്തകള്‍, ലിബറലിസത്തിന്റെ നീരാളിപ്പിടുത്തം, മതനിരാസ സംഘങ്ങളുടെ ആക്രമണം തുടങ്ങിയവക്കുള്ളില്‍ നിന്നു വേണം മുസ്‌ലിം സമൂഹത്തിന് തങ്ങളുടെ അജണ്ട നിര്‍ണയിക്കാനും ദിശ തീരുമാനിക്കാനും.

ഇസ്‌ലാമോഫോബിയ ഇപ്പോള്‍ അകലെയുള്ള ഒരു പ്രതിഭാസമല്ല. അതൊരു നിത്യാനുഭവമായി മാറിയിട്ടുണ്ട്. പാരമ്പര്യം, ആധുനികത, പരിഷ്‌കരണം, യാഥാസ്ഥിതികത, സാംസ്‌കാരിക സ്വത്വം, രാഷ്ട്രീയ നിലപാടുകള്‍ തുടങ്ങിയ നിരവധി സംവാദങ്ങള്‍ മുസ്‌ലിം യുവതയുടെ ഉള്ളിലുണ്ട്.

വര്‍ധിച്ചുവരുന്ന ഇസ്‌ലാമോഫോബിയയും പൊതുജീവിതത്തിലെ അരികുവത്കരണവും മാധ്യമങ്ങളിലെയും അക്കാദമിക് മേഖലയിലെയും വികലമായ പ്രാതിനിധ്യങ്ങളും തുടങ്ങിയ മുസ്‌ലിം യൗവനത്തിന്റെ ചിന്താമണ്ഡലത്തെ അസ്വസ്ഥപ്പെടുത്തുന്ന ഘടകങ്ങള്‍ നിരവധി ചൂണ്ടിക്കാണിക്കാനാവും.

ഇസ്‌ലാമോഫോബിയയും പൊതുജീവിതത്തിലെ അരികുവത്കരണവും മാധ്യമങ്ങളിലെയും അക്കാദമിക് മേഖലയിലെയും ശുഷ്‌കമായ പ്രാതിനിധ്യവും മുസ്‌ലിം യൗവനത്തിന്റെ ചിന്താമണ്ഡലത്തെ അസ്വസ്ഥപ്പെടുത്തുന്നു.

അതിനു പുറമെ, ലിബറലിസവും മതനിരാസ നാസ്തിക സംഘങ്ങളും മുസ്‌ലിം ജീവിതത്തെ നിരന്തരമായി വേട്ടയാടുന്നുണ്ട്. കാമ്പസുകളിലും പ്രഫഷണല്‍ രംഗത്തുമാണ് ഇത് കൂടുതല്‍ പ്രകടമാവുന്നത്. ഈ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഇവയോടെല്ലാം പൊരുതിക്കൊണ്ടു വേണം സമുദായത്തിനു മുന്നോട്ടുനീങ്ങാന്‍.

അതിന്റെ ചാലകശക്തിയാവേണ്ട യുവത അതിന് ഒരുക്കമാണോ എന്നറിയേണ്ടതുണ്ട്. മുസ്‌ലിം യുവത എങ്ങനെ ചിന്തിക്കുന്നു എന്നു പരിശോധിക്കുകയാണ് ശബാബ് ഇക്കുറി. യുവത്വം തേടുന്നതെന്ത്, ഇസ്‌ലാമോഫോബിയയെ എതിരിടേണ്ടതെങ്ങനെ, ജനാധിപത്യവും മതേതരത്വവും വെല്ലുവിളിക്കപ്പെടുമ്പോള്‍ മുസ്‌ലിം യൗവനത്തിന്റെ ദൗത്യമെന്താണ്, ലിബറലിസത്തിന്റെ കാലത്തെ മുസ്‌ലിം ജീവിതം എങ്ങനെയാവണം എന്നീ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്.

വിവിധ മേഖലകളില്‍ നിന്നുള്ള മിസ്ഹബ് കീഴരിയൂര്‍, തൗഫീഖ് മമ്പാട്, ഡോ. സി എം സാബിര്‍ നവാസ്, ഡോ. കെ ടി അന്‍വര്‍ സാദത്ത് എന്നിവരുടെ പ്രതികരണം തുടര്‍ന്ന് വായിക്കാം.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്