തന്നേക്കാള്‍ ഉന്നതന്മാരുമായി സഹവസിക്കാനുള്ള അടങ്ങാത്ത മോഹമാകുന്നു നാശത്തിന്റെ ചതിക്കുഴികള്‍ സൃഷ്ടിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത്.
കേന്ദ്ര ഗവണ്‍മെന്റ് ചരക്ക് സേവന നികുതി നിരക്കുകള്‍ വെട്ടിക്കുറച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ നെടുനിശ്വാസം വിട്ടവരാണ് മലയാളി സമൂഹം. കമ്പോളത്തിന്റെ നീരാളി പിടുത്തത്തില്‍ അമര്‍ന്ന മലയാളികള്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന നിത്യജീവിത നിലവാര സൂചികയുടെ ഉടമകളാണ്.
കേരളത്തില്‍ ഗ്രാമങ്ങള്‍ക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയും നാടാകെ പട്ടണവത്കരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇടനാഴികളില്‍ പോലും മാളുകളും സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും പെരുകിക്കൊണ്ടിരിക്കുന്നു. അതിന്റെ ഫലമായി ജീവിതനിലവാരത്തിന്റെ കാര്യത്തില്‍ കേരളത്തിലെ കുഗ്രാമങ്ങളെ പോലും നഗരവല്‍ക്കരണം ബാധിച്ചു കഴിഞ്ഞു.
വിപണിയിലേക്കിറങ്ങിയാല്‍ ആകാശത്തിനു താഴെയുള്ളതെല്ലാം ലഭ്യമാവുമെന്ന ചിന്ത സമൂഹത്തില്‍ തഴച്ചുവളര്‍ന്നിരിക്കുന്നു. സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി കണ്ടതെല്ലാം വാരിവലിച്ച് ട്രോളികള്‍ നിറച്ച് മുന്നോട്ടു തള്ളുന്നവര്‍ ബില്ലിംഗ് സെഷനില്‍ എത്തുമ്പോഴാണ് കണ്ണു തുറക്കാറുള്ളത്. എന്നാല്‍ അഭിമാനബോധം തിരിഞ്ഞു നടക്കുന്നതിനെ തടയുകയും കടം വാങ്ങിയാണെങ്കിലും ബില്ലടയ്ക്കുകയും ചെയ്യുന്നു.
കമ്പോളം വളര്‍ത്തിയെടുക്കുന്ന മാത്സര്യബോധത്തിനനുസരിച്ച് ആവശ്യങ്ങള്‍ നിര്‍വചിക്കപ്പെടുന്നു. മറ്റുള്ളവരുമായുള്ള താരതമ്യമാണ് പലപ്പോഴും ആവശ്യങ്ങളുടെ മാനദണ്ഡമായി വര്‍ത്തിക്കുന്നത്. ഒരാള്‍ ഒരു സാധനം വാങ്ങണമോ എന്ന് തീരുമാനിക്കുന്നത് അതേ സാധനം അയാളുടെ അയല്‍പക്കക്കാര്‍ക്കുണ്ടോ അല്ലെങ്കില്‍ കൂടെയുള്ളവര്‍ക്കുണ്ടോ എന്നതിനെ ആശ്രയിച്ചായിരിക്കും.
വരുമാനത്തിനനുസരിച്ച ജീവിത സാഹചര്യങ്ങളൊരുക്കുന്നതിനു പകരം നാശത്തിന്റെ ചതിക്കുഴികള്‍ സൃഷ്ടിക്കുന്നതിന് മനുഷ്യനെ പ്രേരിപ്പിക്കുന്നതാകട്ടെ, തന്നേക്കാള്‍ ഉന്നതന്മാരുമായി സഹവസിക്കാനുള്ള അടങ്ങാത്ത മോഹമാകുന്നു. അവരുടെ കൂട്ടത്തില്‍ നില്‍ക്കണമെങ്കില്‍ അവര്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കണം. സ്വീകാര്യത കിട്ടണമെങ്കില്‍ അവരുമായി സാദൃശ്യം വേണം.
അവരോടൊപ്പം എത്തണമെങ്കില്‍ അവര്‍ ചെയ്യുന്നതുപോലെ ചെയ്യുകയും അവര്‍ സ്വായത്തമാക്കിയ ഭൗതിക സൗകര്യങ്ങള്‍ നേടുകയും വേണം. ഈ ഉപഭോഗസംസ്‌കാരം ഒരുതരം ആസക്തി വളര്‍ത്തിയെടുക്കുന്നതായി കാണാന്‍ കഴിയും. കുടുംബ ബജറ്റുതന്നെ തകര്‍ക്കുന്ന ഈ ദുഷ്ടചിന്തയ്ക്കു പിന്നില്‍ കുടുംബമോ സുഹൃത്തുക്കളോ പ്രേരകമായുണ്ടായേക്കാം.
എന്തുതന്നെയായായാലും സമൂഹത്തിലെ ഒറ്റപ്പെടലിനും കുടുംബത്തകര്‍ച്ചയ്ക്കും അത് നിമിത്തമായിത്തീരുന്നു. പരസഹായമാവശ്യമുള്ള സമൂഹജീവിയാകുന്നു മനുഷ്യന്‍. പ്രശ്നങ്ങളും പ്രയാസങ്ങളും ഇതരരുമായി പങ്കുവെക്കുമ്പോള്‍ മാത്രമേ പരിഹരിക്കപ്പെടുകയുള്ളൂ. മേലേക്കിടയിലുള്ളവരുടെ നേട്ടങ്ങള്‍ കൊക്കിലൊതുക്കുവാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ അവരുടെ പ്രയാസങ്ങളും ദുഃഖങ്ങളും ഉള്ളിലൊതുക്കാന്‍ നിര്‍ബന്ധിതരാകുന്നു.
ഭാര്യയെയും മക്കളെയും സുഹൃത്തുക്കളെയും തൃപ്തിപ്പെടുത്താന്‍ അയാള്‍ വരുമാനത്തില്‍ കവിഞ്ഞ സമ്പാദ്യത്തിനും പ്രേരിതനാവുന്നു. ബാങ്ക് ലോണുകളും ബ്ലെയ്ഡ് മാഫിയകളും അയാളെ കാര്‍ന്നുതിന്നുമ്പോള്‍ ആ ദുഃഖം സമൂഹവുമായി പങ്കുവെക്കാന്‍ അയാള്‍ക്കാവുകയില്ല. കാരണം അനാവശ്യ ചെലവുകള്‍ അവരറിഞ്ഞാല്‍ പ്രശ്നപരിഹാരത്തിനുപകരം പഴി കേള്‍ക്കേണ്ടിവരും.
അവസാനം കയറിന്‍തുമ്പില്‍ തൂങ്ങിക്കിടക്കുമ്പോള്‍ മാത്രമേ അയാളണിഞ്ഞ ആഢ്യതയുടെ കമ്പളത്തിനകത്ത് ഒറ്റപ്പെടലിന്റെ ദുഃഖം സുഷുപ്തിയിലായിരുന്നുവെന്ന് പുറംലോകമറിയുകയുള്ളൂ. ആത്മഹത്യാ നിരക്കില്‍ മുന്‍നിരയിലാണ് സാംസ്‌കാരിക കേരളം. സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്കുകള്‍ ഞെട്ടിക്കുന്നതാണ്.
2012 മുതല്‍ 2023 വരെയുള്ള സ്ഥിതിവിവരക്കണക്കുകള്‍ വിശകലനം ചെയ്യുന്ന റിപ്പോര്‍ട്ട് ഈ കാലയളവില്‍ ആത്മഹത്യാ നിരക്കില്‍ ഗണ്യമായ വര്‍ധനവ് കണ്ടെത്തിയിട്ടുണ്ട്, ഏറ്റവും ഉയര്‍ന്നത് 2023ലാണ്. 2012 ല്‍ സംസ്ഥാനത്ത് 8,490 ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍, 2023ല്‍ അത് 10,972 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ ആത്മാഹുതിക്ക് കാരണമായത് കുടുംബ പ്രശ്‌നങ്ങളും ബാങ്ക് ജപ്തിയുമായിരുന്നു.
 ബാങ്കുകളില്‍ നിന്നു കാര്‍ഷികകടത്തിന്റെ മറവിലാണ് പലരും ലോണെടുത്തത്. അവര്‍ ലോണെടുത്തതാകട്ടെ കൃഷിചെയ്യാന്‍ വേണ്ടിയായിരുന്നില്ല. മറ്റാവശ്യങ്ങള്‍ക്കുവേണ്ടിയായിരുന്നു. വീടിന്റെ മോടി വര്‍ധിപ്പിക്കുവാനും, ടി വി വാങ്ങുവാനും, കമ്പ്യൂട്ടര്‍ വാങ്ങുവാനും, സ്ഥലം സ്വന്തമാക്കാനും കാര്‍ഷിക കടമെടുത്തവര്‍ അവരിലുണ്ട്. കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന വ്യാമോഹമായിരുന്നു അവരെ നയിച്ചത്.
അവസാനം ബാങ്ക് ജപ്തിനോട്ടീസ് പതിക്കുമ്പോഴാണ് കുടുംബസമേതം ജീവനൊടുക്കാന്‍ അവര്‍ തീരുമാനിക്കുന്നത്. കടമെഴുതിത്തള്ളുന്നതിനുമുമ്പ് സ്വന്തം ജീവിതമെഴുതിത്തള്ളേണ്ടിവരുന്നു. ചെകുത്താനെപ്പോലും ലജ്ജിപ്പിക്കുന്ന അതിദാരുണമായ കടുംകൈകള്‍ അവസാന നിമിഷത്തില്‍ അവര്‍ ചെയ്യുകയും ചെയ്യും.
കുഞ്ഞുങ്ങള്‍ക്കെല്ലാം വിഷംനല്‍കി ഭാര്യയെ വെട്ടിക്കൊന്നശേഷം സ്വയം കഠാര കുത്തിയിറക്കുക, ഉറങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങളെയെല്ലാം കിണറ്റിലെറിഞ്ഞശേഷം ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് മരിക്കുക, സ്വയം ജീവിതമവസാനിപ്പിക്കുന്നതിലൂടെ പറക്കമുറ്റാത്ത പിഞ്ചുകുഞ്ഞുങ്ങളെ അനാഥത്വത്തിന്റെ പടുകുഴിയിലേക്ക് വലിച്ചെറിയുക... ഉപഭോഗാസക്തിയാവുന്നു ഈ ഒറ്റപ്പെടലിന്റെയും ദുരന്തത്തിന്റെയും ആത്മാവ്.
അരി അളന്നെടുക്കാം
സമ്പത്ത് ഒരു പരിധിവരെ ഉടമയ്ക്ക് ആസ്വദിക്കാനുള്ളതു തന്നെയാകുന്നു. ആസ്വാദനം ആസക്തിയിലേക്ക് വഴിമാറുന്നതും ആസ്വാദനത്തിന് വരവില്‍ കവിഞ്ഞ മാനം നല്‍കുന്നതുമാകുന്നു ആപത്ത്. അതുകൊണ്ടുതന്നെ ഇസ്ലാം അത് വിലക്കുന്നു. എന്നു മാത്രമല്ല, സമ്പത്ത് തികഞ്ഞ ആസൂത്രണത്തോടുകൂടി ചെലവഴിച്ചാല്‍ മാത്രമേ സാമ്പത്തികാഭിവൃദ്ധിയുണ്ടാവുകയുള്ളൂവെന്ന് മതം മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.
പ്രവാചകന്‍ അരുളി: 'ഭക്ഷണസാധനങ്ങള്‍ നിങ്ങള്‍ അളന്നെടുക്കുവിന്‍, എന്നാല്‍ അതില്‍ നിങ്ങള്‍ക്കഭിവൃദ്ധിയുണ്ടാവും' (ബുഖാരി). പിശുക്കിനെ പ്രോത്സാഹിപ്പിക്കുകയല്ല പ്രവാചകന്‍ (സ). നിയന്ത്രണ സ്വഭാവം കൈവരിക്കാനുള്ള അദ്ദേഹത്തിന്റെ ആഹ്വാനമാണിത്. ഭക്ഷണ സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ വിശിഷ്യാ ഗൃഹനായകനും ഗൃഹനായികയും നിയന്ത്രണസ്വഭാവമുള്ളവരാണെങ്കില്‍ അത് സാമ്പത്തികാഭിവൃദ്ധിക്ക് നിമിത്തമായിത്തീരുകയും, തദ്ഫലമായി സന്തുഷ്ട കുടുംബം നിലവില്‍ വരികയും ചെയ്യും.
ആഢ്യ ഭാവം നിലനിര്‍ത്താന്‍ ഭക്ഷണമേളകള്‍ നടത്തുന്നവരാണ് സമൂഹത്തിലധികവും. വിവിധയിനം ഭക്ഷണങ്ങളൊരുക്കി അതിഥികളെ വിസ്മയിപ്പിച്ചാല്‍ മാത്രമേ അതിഥി സല്‍ക്കാരമാവുകയുള്ളൂവെന്ന് കരുതുന്നവര്‍, ധുര്‍ത്തോടുകൂടിയ തീറ്റസല്‍ക്കാരം വിവാഹത്തിന്റെ അനിവാര്യ ഘടകമാണെന്നു കരുതുന്നവര്‍, വിശുദ്ധ നോമ്പുതുറപോലും ഭക്ഷ്യമേളയുടെ പ്രദര്‍ശനമാക്കി മാറ്റുന്നവര്‍.
മനുഷ്യര്‍ വ്യത്യസ്ത ജീവിതനിലവാരം പുലര്‍ത്തുന്നവരാണെങ്കിലും എല്ലാവരും പകിട്ടാര്‍ന്ന പാത്രങ്ങളോട് ആസക്തരാവുന്നു.
ഇക്കൂട്ടരെല്ലാവരും, ഉപരിസൂചിത പ്രവാചകവചനം വീണ്ടുവായനയ്ക്ക് വിധേയമാക്കുമ്പോള്‍ നിയന്ത്രണമേതുമില്ലാത്ത കുത്തഴിഞ്ഞ ജീവിതമുഖങ്ങള്‍ പ്രകടിപ്പിക്കുന്നവരാണെന്ന് വ്യക്തമാവും. മാനസിക ഐശ്വര്യമാണ് സന്തുഷ്ടകുടുംബത്തിന്റെ ആധാരശില. വീട് സമാധാനഗേഹമാവണമെങ്കില്‍ കുടുംബാംഗങ്ങള്‍ക്കിടയില്‍ പരസ്പര സംതൃപ്തിയുണ്ടായിരിക്കണം.
സംതൃപ്തിയിലൂടെ മാത്രമേ ഐശ്വര്യം സമ്പൂര്‍ണമാവുകയുള്ളൂ. ഉപഭോഗാസക്തി കുടുംബങ്ങളില്‍ നിലനിന്നിരുന്ന സംതൃപ്തിയുടെ മാനങ്ങളെല്ലാം പിച്ചിച്ചീന്തിയിരിക്കുന്നു. മനുഷ്യര്‍ കൂടിയിരുന്ന് വര്‍ത്തമാനം പറയുന്ന രീതി അന്യമായിക്കഴിഞ്ഞു. ഉച്ചയൂണു കഴിഞ്ഞ് കുശലംപറഞ്ഞിരിക്കുന്ന അയല്‍വാസികളിന്നില്ല. ഭക്ഷണം കഴിക്കാന്‍ പിതാവിനെക്കാത്തിരിക്കുന്ന ഉമ്മയും മക്കളും പഴങ്കഥയായി മാറി.
ഇന്ന് സംതൃപ്തി ലഭിക്കാന്‍ മൊബൈല്‍ ഫോണും ടി വിയുമുണ്ട്. അല്ലെങ്കില്‍ ഇന്റര്‍നെറ്റ് കഫേയില്‍ പോയിരിക്കാം. അതുമല്ലെങ്കില്‍ ഷോപ്പിംഗ് കോംപ്ലക്സുകളില്‍ കറങ്ങിനടക്കാം. മൊബൈലും ഫ്രിഡ്ജും വാഷിംഗ്മെഷീനും കമ്പ്യൂട്ടറും കാറും കുടുംബത്തിലുണ്ടെങ്കിലേ ഐശ്വര്യം ലഭിക്കുകയുള്ളൂ. പളപളപ്പുള്ള വസ്ത്രങ്ങളും കനകവര്‍ണമുള്ള സ്ഫടിക പാത്രങ്ങളുമാണ് സംതൃപ്തിയും ഐശ്വര്യവും പ്രദാനം ചെയ്യുന്നത്?!
ഇങ്ങനെ ഭൗതിക വസ്തുക്കളില്‍ അഭിരമിക്കുന്നത് മനുഷ്യന്റെ സാമൂഹികബന്ധത്തെ അനുദിനം വഷളാക്കിക്കൊണ്ടിരിക്കുമെന്നത്രെ മനശ്ശാസ്ത്രപക്ഷം. ഈ അഭിരാമം മസ്തിഷ്‌കത്തിലെ ലിംബിക് ദളങ്ങളെ ഉത്തേജിപ്പിക്കുകയും ഈ ഉത്തേജനം അതേ കാര്യങ്ങള്‍ കൂടുതല്‍ തീവ്രതയില്‍ ചെയ്യാന്‍ കാരണമാവുകയും ചെയ്യുന്നു.
മസ്തിഷ്‌കത്തിന്റെ ഫ്രണ്ടല്‍ ദളങ്ങളിലാണ് സാമൂഹിക ബന്ധങ്ങളോടുള്ള പ്രവണത കിടക്കുന്നത്. ലിംബിക് ദളങ്ങള്‍ ആര്‍ത്തലയ്ക്കുമ്പോള്‍ ഫ്രണ്ടല്‍ ദളങ്ങള്‍ക്ക് ഒരുപരിധിയ്ക്കപ്പുറം അവയെ നിയന്ത്രിക്കാനാവുകയില്ല. ഇങ്ങനെയാണ് ഭൗതിക വസ്തുക്കളില്‍ ആസക്തരായവര്‍ സാമൂഹികബന്ധങ്ങളില്‍ നിന്നുമകലുന്നതെന്ന് മനശ്ശാസ്ത്രം വിശദമാക്കുന്നു.
പ്രവാചകന്റെ (സ) പ്രസ്താവനകൂടി നമുക്ക് വായിക്കാം. അദ്ദേഹം പറഞ്ഞു: 'ഭൗതിക വിഭവങ്ങളുടെ ആധിക്യത്തിലല്ല ഐശ്വര്യം കുടികൊള്ളുന്നത്. മറിച്ച്, മാനസികൈശ്വര്യമാണ് യഥാര്‍ഥത്തില്‍ ഐശ്വര്യം'' (ബുഖാരി, മുസ്ലിം). ആസക്തി ജനിപ്പിക്കുന്ന ഭൗതിക വസ്തുക്കള്‍ വര്‍ജിക്കുവാന്‍ പ്രവാചകന്‍ ആഹ്വാനം ചെയ്യുന്നുണ്ട്.
'നിങ്ങള്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പാത്രത്തില്‍ കുടിക്കുകയോ അവയുടെ തളികയില്‍ ഭക്ഷിക്കുകയോ ചെയ്യരുത്' (ബുഖാരി). പാത്രങ്ങളുടെ മതവിധിയെന്നതിലുപരി വന്‍തുക ഭൗതിക വിഭവങ്ങള്‍ക്കുവേണ്ടി ചെലവുചെയ്യുന്നതിനെ മൊത്തത്തില്‍ നിരുത്സാഹപ്പെടുത്തുക കൂടിയാവുന്നു ഈ വചനം. പാത്രങ്ങളിലെ ആഡംബരം എടുത്തുപറഞ്ഞതിലെ യുക്തി ചിന്തനീയമാകുന്നു.
മനുഷ്യര്‍ വ്യത്യസ്ത ജീവിതനിലവാരം പുലര്‍ത്തുന്നവരാണെങ്കിലും എല്ലാവരും പകിട്ടാര്‍ന്ന പാത്രങ്ങളോട് ആസക്തരാവുന്നു. അവ സ്വന്തമാക്കാന്‍ വെമ്പല്‍ കൊള്ളുകയും ചെയ്യുന്നു. ആഡംബര ഇനത്തിന്റെ പ്രഥമ മേഖലയും ഇതുതന്നെയാകുന്നു എന്നതുകൊണ്ടാവാം പാത്രങ്ങളിലെ ആഡംബരം തന്നെ അദ്ദേഹം എടുത്തുപറഞ്ഞതും.
ഭൗതിക വസ്തുക്കള്‍ സ്വന്തമാക്കുന്നതിന് 'അത്യാവശ്യ'ത്തെ മതം മാനദണ്ഡമായി കണക്കാക്കുന്നു. പ്രവാചകന്‍(സ) പറഞ്ഞു. അവന് ഒരു വിരിപ്പ്. ഭാര്യയ്ക്കും മക്കള്‍ക്കും ഓരോന്ന്, അതിഥിക്ക് ഒന്ന് വീതം അവന്‍ ഒരുക്കുക. നാലാമതൊന്ന് ആവശ്യമില്ലാത്തതും പിശാചിനുള്ളതുമാകുന്നു'' (മുസ്ലിം).
വേണ്ടതിലേറെ വാങ്ങിക്കൂട്ടുവാനുള്ള ആസക്തി നിറഞ്ഞ മനസ്സുകള്‍ക്ക് പ്രവാചകവചനം ദിശാബോധം നല്‍കുക തന്നെ ചെയ്യും.
