ജില്ല മലപ്പുറമാകുമ്പോള്‍ വികസന പദ്ധതികള്‍ ഇഴയും


ഓരോ വര്‍ഷവും 25 കോടിയോളം രൂപ വരുമാനം നല്‍കുന്ന എ ക്ലാസ് പദവിയുള്ള തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഉണ്ടായിട്ടും ജില്ലയില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്യണമെങ്കില്‍ കോഴിക്കോട്ടോ ഷൊര്‍ണൂരോ പാലക്കാടോ പോകേണ്ട അവസ്ഥയാണിപ്പോഴും.

കേരളത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ആദ്യമായി റെയില്‍വേ നിര്‍മിച്ചത് ബേപ്പൂര്‍ മുതല്‍ തിരൂര്‍ വരെയായിരുന്നു. കേരളത്തില്‍ ആദ്യമായി ഉണ്ടായ റെയില്‍വേ ലൈന്‍ മലപ്പുറം ജില്ലയെ കൂടി ഉള്‍ക്കൊള്ളുന്നതാണ്. ഈ ലൈനാണ് പിന്നീട് പാലക്കാട് വഴി ചെന്നൈ വരെ ദീര്‍ഘിപ്പിച്ചത്.

1921ലാണ് 66 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഷൊര്‍ണൂര്‍ മുതല്‍ നിലമ്പൂര്‍ വരെയുള്ള റെയില്‍വേ ലൈന്‍ നിര്‍മാണം ആരംഭിച്ചത്. ഏകദേശം അഞ്ചു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കി 1927ല്‍ ഗതാഗതം തുടങ്ങി. പിന്നീട് ബ്രിട്ടീഷ് സര്‍ക്കാരോ ഇന്ത്യന്‍ സര്‍ക്കാരോ ഒരു കിലോമീറ്റര്‍ പോലും പുതിയ റെയില്‍വേ ലൈന്‍ മലപ്പുറത്തോ മലബാറിലോ നിര്‍മിച്ചിട്ടില്ല.

എന്നാല്‍ തിരുവിതാംകൂര്‍ ഭാഗത്ത് എറണാകുളം-ആലപ്പുഴ ലൈനും തൃശൂര്‍-ഗുരുവായൂര്‍ ലൈനും ഒക്കെ പുതുതായി വന്നതാണ്. കൊങ്കണ്‍ റെയില്‍വേ പ്രവര്‍ത്തനം തുടങ്ങിയതു കാരണം കുറേ ട്രെയിനുകള്‍ തിരൂര്‍ സ്റ്റേഷന്‍ സ്പര്‍ശിച്ച് ദിവസവും പോകുന്നുണ്ടെങ്കിലും അതില്‍ പലതിനും മലപ്പുറം ജില്ലയില്‍ സ്റ്റോപ്പില്ല.

ഓരോ വര്‍ഷവും 25 കോടിയോളം രൂപ വരുമാനം നല്‍കുന്ന എ ക്ലാസ് പദവിയുള്ള തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഉണ്ടായിട്ടും ജില്ലയില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്യണമെങ്കില്‍ കോഴിക്കോട്ടോ ഷൊര്‍ണൂരോ പാലക്കാടോ പോകേണ്ട അവസ്ഥയാണുള്ളത്. മറ്റിടങ്ങളിലേക്ക് പോകുന്ന ദീര്‍ഘദൂര ട്രെയിനുകളുടെയും കഥ ഇതുതന്നെ.

തിരൂര്‍ റെയില്‍വേ സ്‌റ്റേഷന്‍

മലപ്പുറം ജില്ലയെ കൂടി ഉള്‍ക്കൊള്ളുന്ന രണ്ട് പുതിയ പാതകള്‍ റെയില്‍വേ പലതവണ ചര്‍ച്ച ചെയ്തിരുന്നു. അങ്ങാടിപ്പുറം-ഫറോക്ക് തീവണ്ടിപ്പാതയാണ് ഇതിലൊന്ന്. 72 വര്‍ഷം പഴക്കമുണ്ട് ഈ പാതയുടെ ചര്‍ച്ചയ്ക്ക്. അങ്ങാടിപ്പുറത്തുനിന്ന് തുടങ്ങി മലപ്പുറം - കൊണ്ടോട്ടി - കരിപ്പൂര്‍ വഴി ഫറോക്കില്‍ എത്തുന്ന 55 കിലോമീറ്റര്‍ ദൂരമുള്ള പദ്ധതിയാണിത്.

12 വര്‍ഷം മുമ്പ് റെയില്‍വേ ഇതിനായി സര്‍വേ നടത്തിയിരുന്നു. പ്രായോഗികവും ലാഭകരവുമാണെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. 1990-91 റെയില്‍വേ ബജറ്റ് ചര്‍ച്ചയില്‍ അങ്ങാടിപ്പുറം - ഫറോക്ക് പാത കടന്നുവന്നു. 2004ല്‍ കേരള സര്‍ക്കാര്‍ പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചു. 2008-09ല്‍ റെയില്‍വേ ബജറ്റില്‍ പാതയുടെ സര്‍വേക്ക് തുക വിലയിരുത്തി.

ഫറോക്കില്‍ നിന്നും വെസ്റ്റ്ഹില്ലില്‍ നിന്നുമായി രണ്ട് സര്‍വേ നടത്തി. ഈ സര്‍വേയിലാണ് അങ്ങാടിപ്പുറം - ഫറോക്ക് പാത ലാഭകരമെന്ന് കണ്ടെത്തി റെയില്‍വേ പ്ലാനിങ് കമ്മീഷന്റെ അനുമതിക്ക് അയച്ചത്. 2009ല്‍ റെയില്‍വേയുടെ 'വിഷന്‍ 2020' പദ്ധതിയില്‍ അങ്ങാടിപ്പുറം-ഫറോക്ക് പാതയും ഇങ്ങനെ ഇടം നേടി. പക്ഷേ, പിന്നീടൊന്നും സംഭവിച്ചില്ല.

രണ്ടാമത്തേത് നിലമ്പൂര്‍ - നഞ്ചന്‍കോട് പാതയാണ്. കര്‍ണാടകയിലെ നഞ്ചന്‍കോട്ടു നിന്നു തുടങ്ങി അമ്പൂര്‍ വഴി സുല്‍ത്താന്‍ബത്തേരിയിലും പിന്നീട് മീനങ്ങാടി- കല്‍പറ്റ- മേപ്പാടി ചൂരല്‍മല- പോത്തുകല്ല്- അകമ്പാടം- നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരുന്ന വിധം വിഭാവന ചെയ്ത പദ്ധതിയാണിത്. ഈ പാത യാഥാര്‍ഥ്യമായാല്‍ ബംഗളൂരുവില്‍ നിന്ന് അഞ്ച് മണിക്കൂര്‍ കൊണ്ട് ഷൊര്‍ണൂരില്‍ എത്താന്‍ സാധിക്കും. ഇപ്പോള്‍ എടുക്കുന്ന സമയത്തിന്റെ നേര്‍പകുതി.

ബ്രിട്ടീഷുകാര്‍ ഷൊര്‍ണൂര്‍- നിലമ്പൂര്‍ പാത പൂര്‍ത്തീകരിച്ച 1927ല്‍ തന്നെ അതിന്റെ രണ്ടാം ഘട്ടമായി ഉണ്ടായിരുന്ന പദ്ധതിയാണ് നിലമ്പൂരില്‍ നിന്ന് വയനാട് വഴി മൈസൂരിലേക്കോ നഞ്ചന്‍കോടേക്കോ ഉള്ള പാത. പക്ഷേ, രണ്ടാം ലോകയുദ്ധകാലത്ത് ഇരുമ്പുക്ഷാമം വന്നപ്പോള്‍, ഉള്ള പാതയിലെ തന്നെ കമ്പികള്‍ പൊളിച്ചുകൊണ്ടുപോവുകയാണ് ബ്രിട്ടീഷുകാര്‍ ചെയ്തത്.

2016 ജനുവരിയിലാണ് മലപ്പുറം കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സിന്റെ പണി ആരംഭിച്ചത്. ഒന്നര വര്‍ഷത്തിനകം പണി പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. പണി ഇപ്പോഴും തീര്‍ന്നിട്ടില്ല.

1990ല്‍ വീണ്ടുമീ പാതയുടെ ചര്‍ച്ച ഉയര്‍ന്നുവന്നെങ്കിലും അന്നത് അംഗീകരിക്കപ്പെട്ടില്ല. പിന്നീട് 2002ല്‍ വീണ്ടും നിലമ്പൂര്‍- നഞ്ചന്‍കോട് പാത ചര്‍ച്ചയായി. 2013ല്‍ സര്‍വേ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. പദ്ധതിയുടെ സാധ്യതാപഠനത്തിനായി ഇ ശ്രീധരനെ നിയമിച്ചു. 2016-17 കേന്ദ്ര ബജറ്റില്‍ നിലമ്പൂര്‍ - നഞ്ചന്‍കോട് പാത അനുവദിച്ചുകൊണ്ടുള്ള ഉത്തരവും വന്നു.

പാതയ്ക്കായി 600 കോടി രൂപയാണ് റെയില്‍വേ ബജറ്റില്‍ കണക്കാക്കിയത്. കേന്ദ്രവും സംസ്ഥാനവും സംയുക്തമായി പാത നടപ്പാക്കണമെന്നും ഇതിനു വേണ്ട പകുതി തുക കേന്ദ്ര സര്‍ക്കാര്‍ നല്‍കാമെന്നും ധാരണയായി.

അതോടെ ഭാവിയില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ രേഖപ്പെടുത്തുന്ന റെയില്‍വേയുടെ പിങ്ക് ബുക്കില്‍ ഈ പദ്ധതിയും ഉള്‍പ്പെട്ടു. 2016ല്‍ യുഡിഎഫ് സര്‍ക്കാര്‍ സര്‍വേക്കായി 6 കോടി രൂപ അനുവദിച്ചു. റെയില്‍വേ സര്‍വേയുടെ പ്രാരംഭ ഘട്ടം തുടങ്ങി. പിന്നീട് ഇടതുപക്ഷം അധികാരത്തില്‍ വന്നു.

പദ്ധതിയുമായി ബന്ധപ്പെട്ട മറ്റു ചില ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നു. തലശ്ശേരി - മൈസൂര്‍ പാത എന്ന മറ്റൊരു കണ്‍സെപ്റ്റ് ചര്‍ച്ചയായി. രണ്ടു പാതകള്‍ക്കും ശ്രമം തുടങ്ങി. അതോടെ ഇതുമായി ബന്ധപ്പെട്ട ചില നിലപാട് പ്രശ്‌നങ്ങള്‍ ഉയര്‍ന്നു. പ്രയോഗത്തില്‍ രണ്ടു പാതയും തീരുമാനമാവാതെ നില്‍ക്കുകയാണിപ്പോള്‍.

കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസി മലപ്പുറം ഡിപ്പോ നില്‍ക്കുന്നത് ജില്ലാ ആസ്ഥാനത്തിന്റെ ഹൃദയഭാഗത്തുള്ള മൂന്ന് ഏക്കര്‍ സ്ഥലത്താണ്. പ്രസ്തുത സ്ഥലം ഉപയോഗിച്ച് വികസനവും വരുമാനം ലക്ഷ്യമിട്ടുള്ള ഷോപ്പിങ് സമുച്ചയവും ബസ് സ്റ്റാന്റ് നിര്‍മാണവും എന്ന ആലോചന 2008 മുതലുള്ളതാണ്. 2016 ജനുവരിയിലാണ് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സിന്റെ പണി ആരംഭിച്ചത്.

മലപ്പുറം കെഎസ്ആർടിസി ഡിപ്പോ പഴയതും പുതിയതും

ഒന്നര വര്‍ഷത്തിനകം പണി പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതേ സമയത്താണ് കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലും പണി തുടങ്ങിയത്. ആദ്യഘട്ടമായി സര്‍ക്കാര്‍ അനുവദിച്ച എട്ടു കോടി രൂപ ചെലവഴിച്ച് ഗ്രൗണ്ട് ഫ്‌ളോറുകള്‍ ഉള്‍പ്പെടെ നാലുനില കെട്ടിടത്തിന്റെയും ബസ് വേയുടെയും ഫ്രെയിം വര്‍ക്ക് പൂര്‍ത്തീകരിച്ചു. പിന്നീട് പണി നിലച്ചു.

മലപ്പുറത്ത് നവീകരിച്ച കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍വഹിച്ചപ്പോള്‍.

തുടര്‍പ്രവൃത്തികള്‍ക്ക് സര്‍ക്കാരോ കെഎസ്ആര്‍ടിസിയോ ഫണ്ട് അനുവദിച്ചില്ല. വര്‍ഷങ്ങള്‍ കടന്നുപോയി. ഇതിനിടെ കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനല്‍ ഉദ്ഘാടനമൊക്കെ കഴിഞ്ഞു. ആദ്യഘട്ടമായി ടെര്‍മിനല്‍ ഉദ്ഘാടനം കഴിഞ്ഞ ദിവസമാണ് നടന്നത്. എന്നാല്‍ മലപ്പുറം കെഎസ്ആര്‍ടിസി ടെര്‍മിനല്‍ പണി ഇപ്പോഴും തീര്‍ന്നിട്ടില്ല.

ഇവിടെ വായിക്കാം:

വികസന വിവേചനത്തിന്റെ മലപ്പുറം സ്‌റ്റോറി അല്പം ഭീകരമാണ്