വ്യക്തിയുടെ സ്വാതന്ത്ര്യത്തില്‍ മതം കലര്‍ത്തരുത് എന്ന, പുറമെ കാണുമ്പോള്‍ ഏറെ ആകര്‍ഷകമായ ഡയലോഗ് മുഴക്കിയാണ് ലിബറലിസം മെല്ലെ നമ്മുടെ പടിവാതില്‍ക്കല്‍ വന്നു കയറുന്നത്.
പ്രകൃതി മതമായ ഇസ്ലാമിന്റെ ചരിത്രം ഏറെ അത്ഭുതകരമാണ്. ആവിര്‍ഭാവ കാലം മുതല്‍ ചരിത്രത്തിന്റെ പല ദശകളിലും പരിശുദ്ധ മതത്തിന്റെ വളര്‍ച്ച തടയാന്‍ ശത്രുക്കള്‍ നടത്തിയ വൃഥാ വ്യായാമങ്ങളുടെ നീണ്ട പട്ടിക കാണാന്‍ സാധിക്കും. നേരിട്ട് മുഖാമുഖം വന്ന് ആശയപരമായ ഏറ്റുമുട്ടലിനുള്ള ത്രാണിയില്ലാത്ത പ്രതിയോഗികള്‍ തങ്ങളുടെ മാളങ്ങളില്‍ പതിയിരുന്ന് ഒളിയാക്രമണം നടത്തുകയാണ് പതിവ്.
ശുദ്ധമായ ഏകദൈവാരാധനയില്‍ അധിഷ്ഠിതമായ ഇസ്ലാമിക ആദര്‍ശധാരയിലേക്ക് പശ്ചാത്യ പൗരസ്ത്യ ദേശങ്ങളില്‍ നിന്ന് നൂറുകണക്കിന് ആളുകള്‍ കൂട്ടംകൂട്ടമായി ഒഴുകിയെത്തുന്നത് കണ്ട് കണ്ണ് മഞ്ഞളിക്കുമ്പോഴാണ് ഇത്തരം വൈകൃതങ്ങളുമായി ശത്രുക്കള്‍ രംഗത്ത് വരാറുള്ളത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വ്യക്തി സ്വാതന്ത്ര്യം എന്ന വര്‍ണ കടലാസില്‍ പൊതിഞ്ഞ് വിപണിയില്‍ എത്തുന്ന ലിബറലിസം എന്ന കാളകൂട വിഷം.
വ്യക്തിയുടെ സ്വാതന്ത്ര്യത്തില്‍ മതം കലര്‍ത്തരുത് എന്ന, പുറമെ കാണുമ്പോള്‍ ഏറെ ആകര്‍ഷകമായ മുദ്രാവാക്യം മുഴക്കിയാണ് ലിബറലിസം മെല്ലെ നമ്മുടെ പടിവാതില്‍ക്കല്‍ വന്നു കയറുന്നത്. മൂല്യങ്ങളും ധാര്‍മികതയും അസ്ഥാനത്താകുന്ന അരക്ഷിത സമൂഹത്തെ പരികല്പന ചെയ്തു കൊണ്ടാണ് അണിയറ ശില്പികള്‍ തങ്ങളുടെ ഒളിയജണ്ട തയ്യാറാക്കുന്നത്.
വിശ്വാസത്തിലും ആദര്‍ശത്തിലും അധിഷ്ഠിതമായി മുന്നോട്ടുപോകുന്ന കുടുംബങ്ങളില്‍ നിന്ന് ചിതറി നില്‍ക്കുന്ന വ്യക്തികളെ ചൂണ്ടയിട്ട് പിടിക്കാനാണ് ഇവര്‍ പലപ്പോഴും ശ്രമിക്കാറുള്ളത്. അല്പവിശ്വാസികളും അര്‍ധ വിശ്വാസികളുമായ ചെറുപ്പക്കാരെ മനഃശാസ്ത്രപരമായി സമീപിച്ചാല്‍ പെട്ടെന്ന് വരുതിയിലാക്കാന്‍ കഴിയുമെന്ന് ലിബറലിസത്തിന്റെ പരീക്ഷണശാലയില്‍ ഫോര്‍മുല തയ്യാറാക്കുന്ന വക്രബുദ്ധികള്‍ക്കറിയാം.
ഇന്‍സ്റ്റഗ്രാം പോലെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് ടീനേജ് പ്രായത്തിലുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും മതനിരാസത്തിലേക്കും അപകര്‍ഷ ബോധത്തിലേക്കും നയിക്കുന്ന തരത്തിലുള്ള സൈലന്റ് ക്യാമ്പയിനുകള്‍ ഇടതടവില്ലാതെ സംഘടിപ്പിക്കുക എന്നത് ഇവരുടെ പതിവ് രീതിയാണ്.
സോഷ്യല്‍ മീഡിയ എന്ന വിപണി
ഉപ്പു തൊട്ട് കര്‍പ്പൂരം വരെ പണം കൊടുത്തു വാങ്ങുന്ന ഒരു നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്. പച്ചവെള്ളത്തിനു പോലും തീപിടിച്ച വിലയാണ്. എന്നിട്ടുമെന്തേ ബഹുരാഷ്ട്ര ഭീമന്മാര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സൗജന്യമായി ലഭ്യമാക്കുന്നു എന്നത് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
 അതിലുമേറെ രസം, ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും ട്വിറ്ററും അടക്കമുള്ള സാമൂഹിക മാധ്യമങ്ങളുടെ മുതലാളിമാരാണ് ലോകത്തെ ഏറ്റവും വലിയ ധനികരുടെ പട്ടികയില്‍ സ്ഥിരമായി ഇടം പിടിക്കുന്നത്. സൗജന്യ സേവനമെന്ന് പൊതുജനങ്ങളെ ധരിപ്പിച്ച് തങ്ങളുടെ കച്ചവട താല്‍പര്യങ്ങള്‍ ചുളുവില്‍ നേടിയെടുക്കുന്ന ആധുനിക മുതലാളിത്തത്തിന്റെ കയ്യിലെ ഏറ്റവും വലിയ ഉല്പന്നമാണ് ലിബറലിസവും മതനിരാസവും. സൂര്യനസ്തമിച്ചുപോയി എന്ന് നമ്മള്‍ കരുതുന്ന സാമ്രാജ്യത്വം അതിന്റെ എല്ലാ സ്വരൂപങ്ങളും ആവാഹിച്ച് നിശബ്ദമായി നമ്മെ അടക്കി ഭരിക്കുകയാണ്.
നാടുകളും നഗരങ്ങളും നിയന്ത്രിക്കുന്നതിനു പകരം വീടുകളും മനസ്സുകളും അടിമത്തത്തിന്റെ ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുകയാണ്. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഇല്ലാതെ ഒരു നിമിഷനേരം പോലും ജീവിച്ചിരിക്കാന്‍ സാധിക്കാത്ത വിധേയത്വത്തിലേക്ക് അറിയാതെ നമ്മള്‍ കഴുത്ത് വെച്ച് കൊടുത്തിരിക്കുകയാണ്. സൗന്ദര്യവര്‍ധക വസ്തുക്കളും ഉപഭോഗ സംസ്‌കാരവും വ്യാപിക്കുന്നത് മാത്രം നിരീക്ഷിച്ചാല്‍ മതി ഇതിന് പിന്നിലെ കമ്പോള താല്‍പര്യത്തിന്റെ ആഗോള വലയം കണ്ടെത്താന്‍ കഴിയും.
ആഘോഷത്തിന്റെ ഏത് മൂഡ്?
ഏത് മൂഡ് എന്ന് ചോദിച്ച് ജനനം മുതല്‍ മരണം വരെയുള്ള ജീവിതത്തിന്റെ ഓരോ ചെറുതും വലുതുമായ ചലനങ്ങളും ആഘോഷിച്ചു തുലയ്ക്കണമെന്നാണ് ലിബറലിസം നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നത്. പാതാളത്തിലേക്ക് താഴ്ന്നുപോയ മാവേലിയെ ആകാശത്തുനിന്ന് ഹെലികോപ്റ്ററില്‍ ഇറക്കി കൊണ്ടുവരാന്‍ തയ്യാറാവുന്ന ഒരു കാലഘട്ടം!
പ്രവാസ ലോകത്ത് ആട് ജീവിതം നയിക്കുകയോ നാട്ടില്‍ ജീവിതം ബലി കൊടുത്ത് കൂലിപ്പണിക്ക് പോവുകയോ ചെയ്ത് നിത്യവൃത്തിക്ക് വകുപ്പ് കണ്ടെത്താന്‍ കഴിയാതെ കഴുത്തറ്റം കടം വാങ്ങി അഭിമാനം ബലി കഴിച്ചാണ് പല രക്ഷിതാക്കളും കുട്ടികളുടെ വിദ്യാഭ്യാസം എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നത്. അധ്വാനത്തിന്റെ വിലയും വേദനയും മക്കളെ അറിയിക്കാതെ വളര്‍ത്തുന്ന മാതാപിതാക്കളും ഈ വിഷയത്തില്‍ പ്രതിപ്പട്ടികയിലാണ്.
പ്രത്യാക്രമണമല്ല പരിഹാരം
വിവേക രഹിതമായ പ്രതികരണങ്ങളോ പക്വതയില്ലാത്ത പ്രതിരോധ പ്രവര്‍ത്തനങ്ങളോ കൊണ്ട് ആഗോളവ്യാപകമായി യുവാക്കളെ ഗ്രസിച്ച് കൊണ്ടിരിക്കുന്ന ഇത്തരം ഭീഷണികളെ ഇല്ലായ്മ ചെയ്യാന്‍ കഴിയില്ല. കൃത്യമായ അവധാനതയോടെയും പഴുതടച്ച ആസൂത്രണത്തോടും കൂടിയുള്ള ചുവടുവെപ്പുകള്‍ ഈ വിഷയത്തില്‍ അനിവാര്യമാണ്. പുതുതലമുറയെ മൊത്തത്തില്‍ വഴി പിഴച്ചവരായി മുദ്രകുത്തുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക.
ചെറുപ്പക്കാരൊക്കെ മയക്കുമരുന്ന് ഉപയോക്താക്കളും മൊബൈല്‍ ഫോണ്‍ അടിമകളുമാണെന്ന് ചാപ്പ കുത്തുന്നതിന് പകരം ടീനേജ് പ്രായത്തിലുള്ളവരെ വിശ്വാസത്തിലെടുക്കുവാന്‍ നമുക്ക് സാധിക്കണം. മാറിയ കാലത്തിനും ലോകത്തിനും അനുസൃതമായി നമ്മുടെ സ്ട്രാറ്റജിയും സമീപന രീതികളും പുതുക്കിപ്പണിയണം.
കാലാതിവര്‍ത്തിയായ ദര്‍ശനം
മനുഷ്യാരംഭം മുതല്‍ ലോകാവസാനം വരെ ജീവിക്കുന്ന മനുഷ്യര്‍ക്ക് വെളിച്ചം നല്‍കുന്ന കാലാതിവര്‍ത്തിയായ ദര്‍ശനം എന്ന നിലക്ക് ഇസ്ലാമിന്റെ പ്രഭക്ക് ഗ്ലാനി വരുത്തുവാന്‍ നിര്‍മിതമായ ഒരു പ്രത്യയശാസ്ത്രത്തിനും സാധ്യമല്ല. പേരും രൂപവും മാറിമാറി വരുന്നുണ്ടെങ്കിലും സമാനമായ പലതരം സമാന്തര തത്വസംഹിതകള്‍ ചമച്ച് പരിശുദ്ധ മതത്തെ കൊച്ചാക്കി കാണിക്കാന്‍ ശ്രമിച്ച വ്യക്തികളും പ്രസ്ഥാനങ്ങളും ഒക്കെ ഇന്ന് കാലത്തിന്റെ കല്ലറയില്‍ അന്ത്യവിശ്രമം കൊള്ളുകയാണ്.
പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഭീകരമായ സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കിയതിനാല്‍ അവര്‍ ചവച്ചു തുപ്പിയ ലിബറല്‍ ഭീകരവാദം മൂന്നാം ലോക രാജ്യങ്ങളിലെ ടീനേജുകാരെ ലക്ഷ്യമിട്ട് കരുക്കള്‍ നീക്കുകയാണ്.
ഏകദൈവ വിശ്വാസത്തില്‍ അധിഷ്ഠിതമായ ശരിയായ ഇസ്ലാമിന്റെ പ്രതിനിധാനം നിര്‍വഹിക്കാന്‍ ഓരോരുത്തരും കഴിവിന്റെ പരമാവധി തയ്യാറാവുകയും സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റായി വര്‍ത്തിക്കുന്ന കുടുംബങ്ങളുടെ അകത്തളം മതകീയമായ പശ്ചാത്തലത്തില്‍ പുനരാവിഷ്‌കരിക്കാന്‍ തയ്യാറാവുകയും ചെയ്താല്‍ നിഷ്പ്രയാസം ഇത്തരം വെല്ലുവിളികളെ നമുക്ക് ഒറ്റക്കെട്ടായി നേരിടാന്‍ കഴിയും.
പടിഞ്ഞാറിന്റെ വിഴുപ്പ്
കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വ്യവസായ വിപ്ലവത്തിന്റെ ഭാഗമായി യൂറോപ്പില്‍ വലിയ താളമേളങ്ങളോടെ ആനയിക്കപ്പെടുകയും ചുരുങ്ങിയ കാലയളവുകൊണ്ട് കാലഗതി പ്രാപിക്കുകയും ചെയ്ത ഹ്യൂമനിസവും സ്വാതന്ത്ര്യവാദവും മുന്നോട്ടുവെച്ച ലൈംഗിക അരാജകത്വവും പ്രകൃതിവിരുദ്ധ നിലപാടുകളും തന്നെയാണ് പുതിയ കുപ്പിയില്‍ അവതരിപ്പിക്കപ്പെടുന്ന ലിബറലിസം എന്ന പുത്തന്‍ വാദവുമെന്ന് ചരിത്രബോധമുള്ളവര്‍ക്ക് സംശയലേശമെന്യേ ബോധ്യപ്പെടും.
പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഭീകരമായ സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കിയതിനാല്‍ അവര്‍ ചവച്ച് തുപ്പിയ ലിബറല്‍ ഭീകരവാദം ഇപ്പോള്‍ മൂന്നാം ലോക രാജ്യങ്ങളിലെ ടീനേജ് പ്രായക്കാരെ ലക്ഷ്യമിട്ട് കരുക്കള്‍ നീക്കി കൊണ്ടിരിക്കുകയാണ്. പുതുതലമുറയെ വിശ്വാസത്തിലെടുത്ത് കൃത്യമായ ബോധവത്കരണവും അടിസ്ഥാനപരമായ അവബോധവും സാധ്യമാക്കിയാല്‍ ഇത്തരം ചതിക്കുഴികളില്‍ നിന്ന് നമ്മുടെ നാടിനും സമുദായത്തിനും നിഷ്പ്രയാസം രക്ഷപ്പെടാന്‍ കഴിയും.
തട്ടം പിടിച്ച് വലിക്കല്ലേ...
മുസ്ലിം സമുദായത്തിലെ ചെറുപ്പക്കാരെ നേരിട്ട് മതനിരാസത്തിലേക്ക് ആനയിക്കുക പ്രയാസമാണ് എന്ന് മനസ്സിലാക്കിയ ലിബറല്‍ ദുശ്ശക്തികള്‍ കുട്ടികളുടെ മനസ്സില്‍ ഇസ്ലാമിനെക്കുറിച്ച് അപകര്‍ഷ ബോധം സൃഷ്ടിച്ച് മെല്ലെ മതത്തിന്റെ പാതയില്‍ നിന്ന് വഴി തിരിച്ചുവിടാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ടെസ്റ്റ് ഡോസാണ് മിക്കപ്പോഴും ഹിജാബിനെതിരെയുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണങ്ങള്‍.
 മുസ്ലിം പെണ്‍കുട്ടികളുടെ തലയിലെ തട്ടമാണ് എല്ലാ അധോഗതിയുടെയും പിന്നോക്കാവസ്ഥയുടെയും കാരണമെന്ന് താത്വികമായി സൈദ്ധാന്തിക്കുന്നവര്‍ അല്പ വസ്ത്രധാരണത്തോടെ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും എന്ന രൂപത്തിലാണ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക. ചെറുപ്പത്തില്‍ തന്നെ കുട്ടികളുടെ മനഃശാസ്ത്രപരമായ സവിശേഷതകള്‍ പരിഗണിച്ച് ശാസ്ത്രീയമായ മതപഠനം നടപ്പിലാക്കുന്ന വിഷയത്തില്‍ മഹല്ലുകളും മതസംഘടനകളും കൂടുതല്‍ താല്‍പര്യം കാണിക്കണം.
വിമര്‍ശകരോടുള്ള സമീപനം
പ്രകോപനം സൃഷ്ടിച്ചും മതപരമായ വികാരങ്ങള്‍ വ്രണപ്പെടുത്തിക്കൊണ്ടും സാമാന്യ ജനങ്ങളെ വൈകാരികമായി ഇളക്കി വിടാനുള്ള ശ്രമങ്ങള്‍ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നുണ്ട്. മുസ്ലിംകള്‍ തങ്ങളുടെ ജീവനേക്കാള്‍ സ്‌നേഹിക്കുന്ന വിശുദ്ധ ഖുര്‍ആനിനെയും പരിശുദ്ധ പ്രവാചകനെയും തെറിയഭിഷേകങ്ങള്‍ കൊണ്ട് മൂടുക എന്നതാണ് മുഖ്യധാരാ വിമര്‍ശകരുടെ പോലും പതിവ് രീതി.
ആരെങ്കിലും വിമര്‍ശിക്കുമ്പോഴേക്കും തെറിച്ചില്ലാതായി പോകുന്ന ഒന്നല്ല ഇസ്ലാമിന്റെ അചഞ്ചലമായ ആധാരശിലകള്‍ എന്ന ഉറച്ച ധാരണ ആദ്യം നമ്മള്‍ വിശ്വാസികള്‍ ആര്‍ജിച്ചെടുക്കണം. തെറിയഭിഷേകങ്ങളെയും മാലിന്യ വിസര്‍ജനത്തെയും അര്‍ഹിക്കുന്ന അവജ്ഞയോടെ പുച്ഛിച്ചു തള്ളാനുള്ള ബോധം നാം കൈവരിക്കണം.
ശത്രുക്കള്‍ ഇട്ടു തരുന്ന ചൂണ്ടയില്‍ കൊത്താതെ ശരിയായ മതപ്രബോധനത്തിന്റെ പാതയില്‍ സംഘടിതരായി മുന്നോട്ടുപോവുക മാത്രമാണ് ലിബറലിസമടക്കമുള്ള സമകാലിക ഭീഷണികളെ ചെറുത്തു തോല്‍പ്പിക്കാനുള്ള ഏകമാര്‍ഗം.
