രക്ഷിതാക്കളെ സംബന്ധിച്ച് അവര്‍ അനുഭവിച്ച പാരന്റിങ് രീതികളെ അതേപടിയോ അല്ലെങ്കില്‍ ഇത്തിരി എഡിറ്റ് ചെയ്‌തോ സ്വീകരിക്കുക എന്നതാണ് അവര്‍ ചെയ്തുപോരുന്നത്.
ഭാവിയിലെ സന്തോഷങ്ങളുടെ റിസര്‍വോയറാണ് ബാല്യകാലം. ഉമ്മയോ ഉപ്പയോ സഹോദരന്മാരോ അറിയാതെ പല കുട്ടികളുടെയും ഉള്ളിലെ സന്തോഷത്തുമ്പികള്‍ എങ്ങോ പറന്നുപോയിരിക്കുന്നു. കഠിനമായ മനോവ്യഥകളില്‍ അവര്‍ ജീവിച്ചുപോകുന്നു.
മാറിവരുന്ന സാമൂഹിക-തൊഴില്‍ സാഹചര്യത്തിന് അനുസരിച്ചോ വിദ്യാഭ്യാസ-സാങ്കേതിക വളര്‍ച്ചയ്ക്ക് അനുഗുണമായ രീതിയിലോ ഉള്ള പാരന്റിങ് സിസ്റ്റം രൂപപ്പെടുത്തേണ്ടത് അത്യാവശ്യമായി വന്നിരിക്കുന്നു. ഒരു കുഞ്ഞിന്റെ ജനനം മുതല്‍ മുതിര്‍ന്ന വ്യക്തിയാവുന്നതുവരെ അവരുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്നത് രണ്ടു സ്ഥാപനങ്ങളാണ്, കുടുംബവും ഔപചാരിക വിദ്യാഭ്യാസവും.
ഔപചാരിക വിദ്യാഭ്യാസവും കുടുംബവും വ്യത്യസ്തമായ രീതിയിലുള്ള പരിശീലനമാണ് കുഞ്ഞിന് നല്‍കുന്നത്. കുഞ്ഞ് ജനിച്ചതു മുതലോ അതല്ലെങ്കില്‍ ജനിക്കുന്നതിനു തൊട്ടുമുമ്പു മുതലോ തുടങ്ങി കുട്ടിയുടെ ശാരീരികവും വൈകാരികവും സാമൂഹികവും വൈജ്ഞാനികവും ആത്മീയവുമായ വികാസത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന ഒന്നാണ് പാരന്റിങ്.
മാതാപിതാക്കളോ മറ്റു പരിചാരകരോ നിത്യേനയെന്നോണം ചെയ്യുന്ന കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍ ഔപചാരിക വിദ്യാഭ്യാസം ആസൂത്രിതമായ പഠനമാണ്. ഇത് മദ്‌റസയിലോ സ്‌കൂളിലോ കോളജിലോ നടക്കുന്നു. പരിശീലനം ലഭിച്ച അധ്യാപകരുടെ മാര്‍ഗനിര്‍ദേശത്തില്‍, നിശ്ചിതമായ പാഠ്യപദ്ധതി പിന്തുടരുന്നു. ഇത് സര്‍ട്ടിഫിക്കറ്റിലോ ബിരുദത്തിലോ ആണ് അവസാനിക്കുന്നത്. ഈ രണ്ടു സ്ഥാപനങ്ങളും കടുത്ത വെല്ലുവിളികളെ നേരിടുകയാണ്.
 അതില്‍ ഏറ്റവും പ്രധാന വെല്ലുവിളി നേരിടുന്നത് രക്ഷിതാക്കളാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുമായി നടത്തിയ തുടര്‍ച്ചയായ സംഭാഷണങ്ങളില്‍ നിന്നു ബോധ്യപ്പെട്ടത് ഭൂരിഭാഗം രക്ഷിതാക്കളും കടുത്ത അസന്തുഷ്ടിയിലും ഉത്കണ്ഠയിലുമാണ് പാരന്റിങ് നടത്തുന്നത് എന്നാണ്.
പലരും നിരാശ പ്രകടിപ്പിക്കുകയും ചെയ്യുന്നു. കാരണം തിരയുമ്പോള്‍ അവരുടെ പാരന്റിങ് ടൂളുകള്‍ പഴയതുപോലെ ഫലപ്രദമാകുന്നില്ല എന്ന തിരിച്ചറിവിലേക്കാണ് എത്തിച്ചേരുന്നത്.
മാറ്റത്തിന്റെ വേഗം കൂടുന്നു
ടെക്‌നോളജിയിലും കമ്യൂണിക്കേഷനിലും മാത്രമല്ല മാറ്റങ്ങള്‍ ഉണ്ടാവുന്നത്. നമ്മുടെ വ്യവഹാരരീതികളിലും ഭക്ഷണരീതികളിലും തൊഴില്‍ സംസ്‌കാരത്തിലും മാറ്റമുണ്ടാകുന്നു. പുറം സംസ്‌കാരങ്ങളുടെ അഴുക്കുഭാണ്ഡങ്ങള്‍ നമ്മുടെ അലങ്കാരവസ്തുക്കളായി മാറ്റപ്പെട്ടിരിക്കുന്നു.
ധാര്‍മിക മൂല്യങ്ങളെ കുറിച്ചും സദാചാരത്തെക്കുറിച്ചും സംസാരിക്കുന്നതുപോലും പഴഞ്ചനായി ചിത്രീകരിക്കപ്പെടുന്നു. കുടുംബസംവിധാനത്തെ തന്നെ പിടിച്ചുകുലുക്കുന്ന തലത്തിലേക്കത് വളര്‍ന്നിരിക്കുന്നു. രക്ഷിതാക്കളെ സംബന്ധിച്ച് അവര്‍ അനുഭവിച്ച പാരന്റിങ് രീതികളെ അതേപടിയോ അല്ലെങ്കില്‍ ഇത്തിരി എഡിറ്റ് ചെയ്‌തോ സ്വീകരിക്കുക എന്നുള്ളതാണ് അവര്‍ ചെയ്തുപോരുന്നത്.
എന്നാല്‍ വളരെ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ മികച്ച പാരന്റിങ് ടൂളുകള്‍ നിര്‍മിക്കേണ്ടത് വളരെ അത്യാവശ്യമായി വരുന്നു. എന്നോട് സംവദിച്ച പല രക്ഷിതാക്കളും മക്കളുമായി 'ബ്രേക്ക് അപ്' ആയവരാണ്. ഞാന്‍ ഒരു പരാജയപ്പെട്ട അമ്മയാണ് എന്നു പറഞ്ഞു സങ്കടപ്പെടുകയാണ് അവരില്‍ ചിലര്‍.
അവരുടെ ആത്മവിശ്വാസം ചോര്‍ന്നുപോയിരിക്കുന്നു. ഇങ്ങനെയുള്ള രക്ഷിതാക്കളില്‍ പലരും സോളോ പാരന്റിങ് നിര്‍വഹിക്കുന്നവരുമാണ്. നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന പാരന്റിങും ഔപചാരികമായ വിദ്യാഭ്യാസവും അവരുടെ വര്‍ത്തമാനകാല പ്രശ്‌നങ്ങളെ നിര്‍ധാരണം ചെയ്യാന്‍ പ്രാപ്തമാകുന്നില്ല.
മാത്രവുമല്ല, ആഹ്ലാദകരമായ ഒരു കുട്ടിക്കാലം എന്നൊക്കെ പറയുന്നത് വിദൂര സ്വപ്‌നമായി അവശേഷിക്കുകയാണ്. പുതിയ കാലത്തിന് അനുയോജ്യമായ പ്രശ്‌നപരിഹാരത്തിന് ഉതകുന്ന പാരന്റിങ് രീതി ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. പാരന്റിങിനെയും ഔപചാരിക വിദ്യാഭ്യാസത്തെയും മറികടക്കുന്ന ഒരു മൂന്നാം സിസ്റ്റം സമൂഹത്തിലുണ്ട്.
മൂല്യബോധമുള്ള സമൂഹം രൂപപ്പെടുത്തുന്നതില്‍ പാരന്റിങും കുടുംബ സംവിധാനങ്ങളും വലിയ പങ്കുവഹിക്കുന്നുണ്ട്.
അത് തികച്ചും അനൗപചാരികമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളോ വീടോ നല്‍കാത്ത ഒരു വിദ്യാഭ്യാസം വലിയ തോതില്‍ ലഭ്യമാവുകയും അത് അവരെ ആഴത്തില്‍ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്. എത്രയൊക്കെ നന്മയുടെ ചിറ കെട്ടി മക്കളെ ചേര്‍ത്തുപിടിക്കണമെന്ന് ആഗ്രഹിച്ചാലും അവരെ സ്വാധീനിക്കാന്‍ കഴിയാത്ത വിധം ഒരു മേഖല ഓണ്‍ലൈനിലും പുറത്തുമുണ്ട്. അത് പരിഗണിക്കാതെ നമുക്കിനി മുന്നോട്ടുപോകാന്‍ കഴിയില്ല.
 നവമാധ്യമങ്ങളുടെ (യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, സ്‌നാപ് ചാറ്റ് തുടങ്ങിയവ) മുമ്പിലുള്ള ലക്ഷ്യം മാര്‍ക്കറ്റും ലാഭവും മാത്രമാണ്. അതിനു വേണ്ടി എത്ര ആഭാസകരമായ കണ്ടന്റും പ്രചരിപ്പിക്കാന്‍ ഒരു മടിയും കാണിക്കില്ല. സമൂഹം എങ്ങോട്ട് പോകുന്നു എന്നതോ രക്ഷിതാക്കളുടെ ആശങ്കകളോ അവരെ സംബന്ധിച്ച് പ്രസക്തമല്ല. രാസലഹരികള്‍ കൂടി വ്യാപകമായതോടെ പ്രശ്‌നങ്ങള്‍ പരിധി വിട്ടു പോയിത്തുടങ്ങിയിരിക്കുന്നു.
കുട്ടികളുടെ അറിവിന്റെയും അവസരങ്ങളുടെയും ലോകം വലുതായിരിക്കുന്നു. അവരുടെ സ്വപ്‌നങ്ങള്‍ ഭൂഖണ്ഡങ്ങളെ മറികടക്കുന്നു. അവരുടെ ലോകത്തേക്ക് സുഹൃത്തുക്കള്‍, ആശയങ്ങള്‍ എത്രയോ ദൂരത്തു നിന്നുപോലും തേടിയെത്തുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ വേണം പാരന്റിങിനെ കുറേക്കൂടി ആഴത്തില്‍ അറിയാനും (Learning) പരിശീലിക്കാനും (Training) നിലവിലുള്ള കാലഹരണപ്പെട്ട ടൂളുകളെ പൊളിച്ചെഴുതാനും (Unlearning) ഉള്ള വ്യാപകമായ ഗവേഷണാത്മകമായ ചര്‍ച്ചകള്‍ രൂപപ്പെട്ടു വരേണ്ടത്.
മൂല്യബോധമുള്ള സമൂഹം രൂപപ്പെടുത്തുന്നതില്‍ പാരന്റിങും കുടുംബ സംവിധാനങ്ങളും വലിയ പങ്കുവഹിക്കുന്നുണ്ട്. ആഹ്ലാദകരമായ ഒരു കുടുംബ സംവിധാനവും ആസൂത്രിതമായ പാരന്റിങ് വ്യവസ്ഥയും സംവിധാനിക്കുന്നതില്‍ സമൂഹത്തിനു കൂടി പങ്കുണ്ട്. അതിന് ആവശ്യമായ കരിക്കുലം പദ്ധതിയും രൂപപ്പെടുത്തി നിരന്തരമായ പരിശീലനങ്ങള്‍ നല്‍കി പ്രശ്‌നപരിഹാരങ്ങള്‍ക്കുള്ള നിലമൊരുക്കണം.
പുതിയ തലമുറയുടെ കരുത്തും പ്രത്യേകതകളും മനസ്സിലാക്കിക്കൊണ്ടുള്ള, അവരുടെ തൊട്ടുമുകളിലുള്ള യുവാക്കളെ കൂടി ഉത്തരവാദിത്തം ഏല്‍പിച്ചുകൊണ്ടുള്ള സമീപനം സ്വീകരിക്കണം. മഹല്ലുകളും സംഘടനകളും ഇക്കാര്യത്തില്‍ ഇടപെടണം. അതീവ ജാഗ്രതയോടെ നീങ്ങേണ്ട സമയം എന്നോ കഴിഞ്ഞിരിക്കുന്നു. ഇനിയും നമുക്ക് കാത്തിരിക്കാന്‍ കരുത്തില്ല. It's easier to bring strong children than to prepareabrokenman.
